രോഗിയിലേക്കുള്ള അനുഭാവദൂരം

എന്റെ കുടുംബത്തില്‍ത്തന്നെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ കാന്‍സര്‍ ബാധിതരായിരുന്നു. അതുകൊണ്ട് ഈ രോഗത്തേയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളേയും പറ്റി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ധാരണയുണ്ടായിരുന്നു
രോഗിയിലേക്കുള്ള അനുഭാവദൂരം

കോട്ടയം സ്വദേശിയായ ബോബന്‍ തോമസ് അര്‍ബ്ബുദ ചികിത്സകനാകുന്നത് തീര്‍ത്തും യാദൃച്ഛികമാണ്. 20 വര്‍ഷം മുന്‍പ് എം.ബി.ബി.എസ് പാസ്സാകുന്ന മിടുക്കനായ മറ്റേതൊരു വിദ്യാര്‍ത്ഥിയേയുംപോലെ ഹൃദ്രോഗ ചികിത്സകന്‍ ആകണമെന്നായിരുന്നു ബോബന്റേയും ആഗ്രഹം. ''കൂടുതല്‍ അറിഞ്ഞു വന്നപ്പോഴാണ് അത് നമുക്കു ചേര്‍ന്ന മേഖല ആവില്ലെന്ന് മനസ്സിലാകുന്നത്. നമ്മുടെ സ്വഭാവത്തിനൊക്കെ യോജിച്ച സ്പെഷ്യാലിറ്റി ഏതെന്നു ചിന്തിച്ചു. എന്റെ കുടുംബത്തില്‍ത്തന്നെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ കാന്‍സര്‍ ബാധിതരായിരുന്നു. അതുകൊണ്ട് ഈ രോഗത്തേയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളേയും പറ്റി വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ധാരണയുണ്ടായിരുന്നു. അങ്ങനെ ഓങ്കോളജി സ്‌പെഷലൈസ് ചെയ്യാന്‍ തീരുമാനിച്ചു'' -കോട്ടയത്ത് കാരിത്താസ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവനായ ഡോ. ബോബന്‍ തോമസ് പറഞ്ഞു. 

കഴിഞ്ഞ ഒന്നര ദശാബ്ദംകൊണ്ട് കേരളത്തിലെ പുതു തലമുറ അര്‍ബ്ബുദ ചികിത്സകരുടെ മുന്‍ നിരയിലെത്താന്‍ ബോബന്‍ തോമസിനു കഴിഞ്ഞിട്ടുണ്ട്. നിരന്തരം നവീകരിക്കുന്ന ജ്ഞാനവും രോഗികളോടുള്ള ഹൃദ്യമായ പെരുമാറ്റവും അര്‍ഹരായ രോഗികള്‍ക്ക് ചികിത്സാസഹായം എത്തിക്കാനുള്ള നിശബ്ദ ശ്രമങ്ങളും ഒക്കെയായി കാന്‍സര്‍ ചികിത്സയെ നവീകരിക്കാനുള്ള ശ്രമത്തിലാണ് ഈ ഡോക്ടര്‍. അദ്ദേഹം എഴുതിയ പുസ്തകം, 'അര്‍ബ്ബുദം അറിഞ്ഞതിനുമപ്പുറം' കഴിഞ്ഞ മാസം പുറത്തിറങ്ങി. ഡോക്ടറുടെ ചികിത്സയിലുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശശി തരൂര്‍ എം.പിയില്‍നിന്ന് ആദ്യ കോപ്പി സ്വീകരിച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. കാന്‍സറിനേയും ചികിത്സാരീതികളേയും പറ്റി ലളിതമായ ഭാഷയില്‍ വിവരിക്കുന്ന പുസ്തകത്തില്‍ ഡോക്ടറുടെ ചികിത്സാ അനുഭവങ്ങളുടെ കണ്ണ് നനയിക്കുന്ന ഏടുകളും ഉണ്ട്. ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഈ രോഗത്തെ നേരിടാന്‍ എത്രമാത്രം ആവശ്യമാണെന്നത് തന്റെ രോഗികളുടെ അനുഭവങ്ങളിലൂടെ ഡോക്ടര്‍ വിവരിക്കുന്നു. 

തന്റെ ചികിത്സാ അനുഭവങ്ങളേയും കാന്‍സര്‍ ചികിത്സയിലെ പുതിയ പ്രവണതകളേയും പറ്റി ഡോ. ബോബന്‍ തോമസ് സമകാലിക മലയാളം വാരികയോട് സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍ : 
----

16 വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഓങ്കോളജി സ്‌പെഷലൈസ് ചെയ്യാന്‍ എടുത്ത തീരുമാനത്തെ എങ്ങനെ വിലയിരുത്തുന്നു?  

ഞാന്‍ ഓങ്കോളജി പഠിക്കാന്‍ ചേര്‍ന്ന കാലത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് ന്യൂറോളജി എടുത്തില്ല, അല്ലെങ്കില്‍ കാര്‍ഡിയോളജി എടുത്തില്ല എന്നായിരുന്നു. ഇന്ന് ആ ചോദ്യം നേരെ തിരിഞ്ഞു; എന്തുകൊണ്ട് ഓങ്കോളജി എടുക്കുന്നില്ലെന്ന് പുതിയ വിദ്യാര്‍ത്ഥികളോട് ആള്‍ക്കാര്‍ ചോദിക്കാന്‍ തുടങ്ങി. അനുദിനം പുതിയ അറിവുകളും കണ്ടുപിടിത്തങ്ങളും ഉണ്ടാകുന്ന വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചികിത്സാശാഖയാണ് ഓങ്കോളജി. അവിടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ആ പരിണാമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ സന്തോഷവും സംതൃപ്തിയും നല്‍കുന്നുണ്ട്. 

ഡോക്ടര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ആണ്. അതുപോലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഒക്കെയുണ്ട്. ഇവരൊക്കെ തമ്മിലുള്ള വ്യത്യാസമെന്താണ്? 

അനുദിനം ഗവേഷണങ്ങള്‍ നടക്കുന്ന ഒരു മേഖലയാണിത്. പുതിയ അറിവുകളോട് ഒപ്പം പുതിയ സ്പെഷ്യലൈസേഷനും വരുന്നു. കീമോ തെറാപ്പി ഉപയോഗിച്ച് ചികിത്സിക്കുന്ന ആള്‍ക്കാരെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് എന്നും റേഡിയേഷന്‍ വഴി ചികിത്സിക്കുന്നവരെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് എന്നും ശസ്ത്രക്രിയ വഴി കാന്‍സര്‍ ബാധിച്ച അവയവ ഭാഗം നീക്കം ചെയ്യുന്നവരെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് എന്നും പൊതുവെ പറയാം. ഇപ്പോള്‍ ഇതില്‍ത്തന്നെ ഉപ വിഭാഗങ്ങളായി; പീഡിയാട്രിക് ഓങ്കോളജി, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി എന്നിങ്ങനെ. നേരത്തെ ഒരു മെഡിക്കല്‍ ഓങ്കോളജിസ്റ്റ് തന്നെയാണ് ബ്രെസ്റ്റ് കാന്‍സറും ലംഗ് കാന്‍സറും കുടലിലെ കാന്‍സറും എല്ലാം ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സിക്കാനും ലംഗ് കാന്‍സര്‍ ചികിത്സിക്കാനുമൊക്കെ പ്രത്യേക സ്പെഷ്യലിസ്റ്റുകള്‍ ഉണ്ട്. വളരെയധികം പുതിയ അറിവുകളാണ് വരുന്നത്. ഒരു വ്യക്തിക്കു മാത്രം എല്ലാം പഠിച്ചുതീര്‍ക്കാന്‍ പറ്റാറില്ല. 

ഫലപ്രദമായ ചികിത്സ വേഗത്തില്‍ ലഭിക്കാന്‍ ഒരു കാന്‍സര്‍ രോഗി എന്താണ് ചെയ്യേണ്ടത്?  
  
കാന്‍സറിനു മാത്രമായി പ്രത്യേക ലക്ഷണം ഒന്നുമില്ല. അതുകൊണ്ട് തന്നെ രോഗികള്‍ ആരും നേരിട്ട് സ്പെഷ്യലിസ്റ്റുകളുടെ അടുത്ത് എത്തുന്നുമില്ല. ഉദാഹരണത്തിന് ശ്വാസകോശ അര്‍ബ്ബുദം നോക്കാം. സാധാരണ ലക്ഷണങ്ങള്‍ വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം എന്നിവയൊക്കെയാണ്. ഇത് മറ്റു പല അസുഖങ്ങള്‍ കൊണ്ടുമാകാം. ആദ്യം രോഗി കാണുന്ന ജനറല്‍ ഫിസിഷ്യന്‍ അല്ലെങ്കില്‍ ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഇത് കാന്‍സര്‍ ആണെന്നു കണ്ടെത്തുകയും അര്‍ബ്ബുദ ചികിത്സയ്ക്കുവേണ്ടി റഫര്‍ ചെയ്യുകയുമാണ് പതിവ്. ആ ഘട്ടത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രാവീണ്യമുള്ള ഡോക്ടറുടെ അടുത്ത് എത്തുകയെന്നതാണ് പ്രധാനം. 

അര്‍ബ്ബുദ ചികിത്സയ്ക്കായി പ്രമുഖരും ധനികരും ഇപ്പോഴും അമേരിക്കയില്‍ പോകുന്നതെന്തിനാണ്? കേരളത്തില്‍ ലഭ്യമല്ലാത്ത ചികിത്സകള്‍ ഉണ്ടോ? 

ലോകത്ത് എവിടെയും ലഭ്യമായ മിക്കവാറും എല്ലാ ചികിത്സയും കേരളത്തിലും ഇന്ത്യയിലും ലഭ്യമാണ്. പ്രോട്ടോണ്‍ തെറാപ്പി എന്ന റേഡിയേഷന്‍ ചികിത്സാരംഗത്തെ ഏറ്റവും ആധുനികമായ രീതിപോലും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ലഭ്യമാണ്. സര്‍ജിക്കല്‍ ഓങ്കോളജിയിലെ ആധുനിക സങ്കേതമായ റോബോട്ടിക് സര്‍ജറി കൊച്ചിയിലും കോഴിക്കോട്ടും ഉണ്ട്. കീമോ ചെയ്യാനുള്ള ഏറ്റവും പുതിയ മരുന്നുകള്‍പോലും ലോകമെങ്ങും നിന്ന് ഇവിടെ വേഗത്തില്‍ എത്തിക്കാനും കഴിയും. പ്രമുഖര്‍ വിദേശത്ത് ചികിത്സ തേടുന്നതിനു പിന്നില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള കരുതലാണ് കൂടുതല്‍. നമ്മുടെ നാട്ടില്‍ ഒരു വി.ഐ.പി ചികിത്സയ്ക്ക് എത്തിയാല്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാമല്ലോ. ലോകത്ത് ലഭ്യമായ 95 ശതമാനം കാന്‍സര്‍ ചികിത്സാരീതികളും ഇന്ന് കേരളത്തില്‍ ലഭ്യമാണ്. 

ഡ‍ോ. ശശി തരൂർ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം ബോബൻ തോമസ്
ഡ‍ോ. ശശി തരൂർ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം ബോബൻ തോമസ്

അടുത്തിടെ ലാന്‍സെറ്റ് ജേര്‍ണലില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത് ഒരു കാന്‍സര്‍ രോഗിയുള്ള 50 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടേയും സാമ്പത്തിക ഭദ്രത ചികിത്സയുടെ ഫലമായി തകര്‍ന്നു എന്നാണ്. ചികിത്സാച്ചെലവ് കുറക്കാന്‍ നമുക്കു കഴിയില്ലേ?  

ഇതിനെ രണ്ടു രീതിയില്‍ കാണണം. ഏര്‍ലി സ്റ്റേജില്‍ നമുക്ക് ചെലവ് കൃത്യമായി കണക്കു കൂട്ടാം. നമ്മുടെ രാജ്യത്ത് മരുന്ന് വില നിയന്ത്രണ സംവിധാനം വളരെ ശക്തമാണ്. സ്തനാര്‍ബ്ബുദത്തിനും മറ്റും ഉപയോഗിക്കുന്ന പല സാധാരണ മരുന്നുകളുടേയും വില നന്നായി കുറഞ്ഞിട്ടുണ്ട്. 90 ശതമാനം വരെ വിലകുറഞ്ഞ മരുന്നുകളുണ്ട്. ഈ വിലയ്ക്ക് കൊടുക്കാന്‍ പറ്റാതെ പല ആഗോള കമ്പനികളും ഉല്പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിയുന്ന രോഗങ്ങള്‍ക്ക് എത്ര സൈക്കിള്‍ കീമോ ചെയ്യണം എന്നും എത്ര തുക ആകുമെന്നുമൊക്കെ നമുക്ക് ആദ്യം തന്നെ പറയാന്‍ കഴിയും. അത് അനുസരിച്ചു രോഗിക്കും ബന്ധുക്കള്‍ക്കും ചികിത്സ പ്ലാന്‍ ചെയ്യാന്‍ പറ്റും. പക്ഷേ, അഡ്വാന്‍സ്ഡ് സ്റ്റേജ് ആകുമ്പോള്‍ അത്തരം കണക്കുകൂട്ടലുകള്‍ സാധ്യമല്ലാതെ വരും. ചെലവ് കുത്തനെ കൂടുന്ന അവസ്ഥ ഉണ്ടാകും. അവസാനം ആളും നഷ്ടപ്പെടും. 

ഏറ്റവും അഡ്വാന്‍സ്ഡ് ആയ ഘട്ടത്തില്‍, രോഗം മാറില്ലെന്നറിഞ്ഞുകൊണ്ട് ഒരു രോഗിയെ ചികിത്സിക്കുകയാണോ വേണ്ടത് അതോ പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയാണോ ചെയ്യേണ്ടത്?  

രോഗി, ഡോക്ടര്‍, കുടുംബം എന്നിവര്‍ ചേര്‍ന്നുള്ള ഒരു ചികിത്സാപദ്ധതിയാണ് ഇത്തരം ഘട്ടങ്ങളില്‍ ഉചിതം. പക്ഷേ, നമ്മുടെ നാട്ടില്‍ പലപ്പോഴും രോഗിയെ അവസ്ഥയുടെ കാഠിന്യം അറിയിക്കാന്‍ ബന്ധുക്കള്‍ക്ക് താല്പര്യം ഉണ്ടാവില്ല. അവര്‍ പണം കൂടുതലായാലും ചികിത്സ തുടരാന്‍ നിര്‍ബ്ബന്ധിക്കും. വിദേശ രാജ്യങ്ങളില്‍ രോഗിയെ ഡോക്ടര്‍ തന്നെ രോഗവിവരം കൃത്യമായി അറിയിക്കണം എന്നു നിയമമുണ്ട്. അവിടങ്ങളില്‍ രോഗവിവരം പങ്കാളിയെ അറിയിക്കണം എങ്കില്‍ രോഗിയുടെ സമ്മതം വേണം. 

ക്യൂറേറ്റീവ് ആണോ പാലിയേറ്റിവ് ആണോ എന്ന തീരുമാനം രോഗാവസ്ഥ കണ്ടുപിടിക്കുമ്പോള്‍ത്തന്നെ അറിയാന്‍ പറ്റുന്ന കാര്യമാണ്. പാലിയേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് ക്വാളിറ്റി ഓഫ് ലൈഫ് കൂട്ടി വേദനയില്ലാതെ ജീവിക്കാന്‍ സഹായിക്കുക എന്നതാണ്. മോര്‍ഫിന്‍ നല്‍കുക മാത്രമല്ല പാലിയേറ്റീവ് കെയര്‍. ചില കേസുകളില്‍ കീമോ കൊടുത്ത് രോഗലക്ഷണം നിയന്ത്രിച്ചു നിര്‍ത്തുന്നതും പാലിയേഷന്‍ ആണ്. 

ചികിത്സ ഫലപ്രദമല്ലെങ്കില്‍ വ്യക്തമായ വിവരം രോഗിക്കും ബന്ധുക്കള്‍ക്കും നല്‍കുകയും ഡോക്ടര്‍ കൂടെ ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചയിലൂടെ മുന്നോട്ടുള്ള വഴി തീരുമാനിക്കുകയുമാണ് വേണ്ടത്. നമ്മള്‍ എല്ലാരും ഒരു ദിവസം മരിക്കണം. പക്ഷേ, നമുക്ക് ആര്‍ക്കും മരിക്കാന്‍ ഇഷ്ടമല്ല. ഇതൊരു വസ്തുതയാണ്. 

ഡോക്ടറുടെ ഒരു പ്രത്യേകത രോഗികളോടുള്ള അനുഭാവപൂര്‍ണ്ണമായ ഇടപെടല്‍ ആണ്. പകുതി ചികിത്സ അതുവഴി തന്നെ നടക്കുമെന്നു പറയുന്നവരുണ്ട്? 

ഞാന്‍ ഇരിക്കുന്ന കസേരയില്‍നിന്നു രോഗി ഇരിക്കുന്ന കസേരയിലേക്കുള്ള ദൂരം വളരെ കുറവാണെന്നുള്ള തിരിച്ചറിവാണ് പ്രധാനം. കുടുംബത്തില്‍ ഉണ്ടായിരുന്ന രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകള്‍ അനുഭാവപൂര്‍ണ്ണമായ സമീപനം ചികിത്സയില്‍ എത്ര പ്രധാനമാണെന്ന് എന്നെ നേരത്തെ തന്നെ പഠിപ്പിച്ചിട്ടുണ്ട്. കാന്‍സറിനെപ്പറ്റി നമുക്കെല്ലാം അറിയാം. പക്ഷേ, സ്വന്തം വീട്ടില്‍ ആര്‍ക്കും ആ രോഗം വരില്ലെന്നാണ് നമ്മുടെ വിശ്വാസം. പെട്ടെന്ന് രോഗവിവരം അറിയുമ്പോള്‍ ഉണ്ടാകുന്ന ആഘാതം മറികടക്കാന്‍ രോഗിയേയും കുടുംബത്തേയും സഹായിക്കേണ്ട കടമ ഡോക്ടര്‍ക്കുമുണ്ട്. രോഗത്തെപ്പറ്റിയുള്ള ധാരാളം തെറ്റിദ്ധാരണകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. രോഗിയോട് എമ്പതിയും സിമ്പതിയും ചേര്‍ന്നുള്ള ഒരു സമീപനം ഒരു നല്ല ഓങ്കോളജിസ്റ്റ് എപ്പോഴും പുലര്‍ത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതോടൊപ്പം പ്രൊഫഷണല്‍ ആകുകയും വേണം. 

കേരളത്തില്‍ കണ്ടുവരുന്ന പ്രധാന കാന്‍സര്‍ രോഗങ്ങളെപ്പറ്റി വിശദീകരിക്കാമോ?  

ലോകത്ത് മറ്റിടങ്ങളിലുള്ളപോലുള്ള പാറ്റേണ്‍ തന്നെയാണ് കേരളത്തിലും. സ്ത്രീകളില്‍ സ്തനാര്‍ബ്ബുദമാണ് ഏറ്റവും കൂടുതല്‍. ഏതാണ്ട് മൂന്നിലൊന്ന് കേസുകളും സ്തനാര്‍ബ്ബുദമാണ്. കാന്‍സറിന്റെ സ്വഭാവത്തിലും ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ട്. മുന്‍പൊക്കെ അറുപതും എഴുപതും വയസ്സായവരില്‍ കണ്ടുവന്നിരുന്ന രീതിയിലുള്ള രോഗം ഇപ്പോള്‍ ഇരുപതുകളിലും മുപ്പതുകളിലും ഉള്ള സ്ത്രീകളില്‍ കാണുന്നുന്നുണ്ട്. കേരളം ബ്രെസ്റ്റ് കാന്‍സര്‍ കാപ്പിറ്റല്‍ ഓഫ് ദി വേള്‍ഡ് ആവുന്ന മട്ടിലാണ് കാര്യങ്ങള്‍. സ്ത്രീകളില്‍ കണ്ടുവരുന്ന അര്‍ബ്ബുദത്തില്‍ രണ്ടാം സ്ഥാനം തൈറോയ്ഡ് മാലിഗ്നന്‍സി ആണ്; മൂന്നാമത് ഓവറി കാന്‍സര്‍ വരും. 

ആണുങ്ങള്‍ക്ക് കൂടുതല്‍ ലംഗ് കാന്‍സര്‍ ആണ്. പിന്നെ വായിലുണ്ടാകുന്ന ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍. മൂന്നാമത് കുടലില്‍ ഉണ്ടാകുന്ന കാന്‍സര്‍. പുകയില ഉല്പന്നങ്ങളുടെ ഉപയോഗം തന്നെയാണ് ആദ്യ രണ്ടു വിഭാഗത്തിലേയും ഭൂരിഭാഗം കേസുകള്‍ക്കും കാരണം. 

ശ്രദ്ധേയമായി കണ്ട ഒരു പ്രവണത ഇപ്പോള്‍ സ്ത്രീകള്‍ക്കിടയിലും ലംഗ് കാന്‍സര്‍ കൂടിവരുന്നു എന്നതാണ്. ഞാന്‍ തുടങ്ങുന്ന സമയത്ത് സ്ത്രീ രോഗികള്‍ കുറവായിരുന്നു. പുകവലി മാത്രമല്ല കാരണം. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പള്‍മനറി മെഡിസിനില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു പഠനമുണ്ട്. അതിനായി സ്ത്രീകളിലെ ലംഗ് കാന്‍സര്‍ ഓരോ കേസും പ്രത്യേകം പരിശോധിച്ചപ്പോള്‍ ജനിതക വ്യതിയാനമാണ് കാരണമെന്ന് കണ്ടു.

കേരളത്തില്‍ രോഗം വര്‍ദ്ധിച്ചുവരുന്നതായി ധാരാളം നിരീക്ഷണങ്ങള്‍ ഉണ്ട്. ആധികാരികമായി ഇതേപ്പറ്റി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 

അവസാനം തിരുവനന്തപുരത്ത് നടത്തിയ പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി അനുസരിച്ച് ഒരു ലക്ഷം സ്ത്രീകളില്‍ ഓരോ വര്‍ഷവും 150 പേര്‍ക്കാണ് പുതുതായി സ്തനാര്‍ബ്ബുദം കണ്ടെത്തുന്നത്. ഇത് വികസിത, പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുവരുന്ന അനുപാതമാണ്. ആരോഗ്യ കാര്യങ്ങളിലും ജീവിതരീതിയിലും നമ്മള്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ പാശ്ചാത്യ രാജ്യങ്ങളുമായാണല്ലോ. കേരളത്തില്‍ തിരുവനന്തപുരം ഞഇഇ മാത്രമാണ് കൃത്യമായി കാന്‍സര്‍ രജിസ്ട്രി സൂക്ഷിക്കുന്നത്. ഇപ്പോള്‍ മലബാറില്‍ കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. മദ്ധ്യതിരുവിതാംകൂറില്‍ ഇപ്പോഴും നല്ല ഡാറ്റ ഇല്ല. രോഗത്തെ ഫലപ്രദമായി നേരിടാനും നിയന്ത്രിക്കാനും വിശദമായ എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം പഠനങ്ങളില്‍നിന്നു മാത്രമേ രോഗത്തിന്റെ സ്വഭാവവും ആരെയാണ് ബാധിക്കുന്നതെന്നും അതിനു പ്രത്യേക കാരണങ്ങള്‍ ഉണ്ടോ എന്നുമൊക്കെ കണ്ടെത്താന്‍ കഴിയൂ. അത്തരം പഠനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. 

5 ജി ഒക്കെ പടിവാതില്‍ക്കല്‍ എത്തിയ കാലമാണ്. അതുകൊണ്ട് ചോദിക്കുകയാണ്, മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കാന്‍സറിന് ഇടയാക്കുമോ?
 
അത്തരം സിദ്ധാന്തങ്ങള്‍ വ്യാപകമായി പലരും പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി നമ്മുടെയൊക്കെ ഇടയില്‍ എത്തുന്നുമുണ്ട്. എന്നാല്‍, ഇതുവരെ ഇങ്ങനെ ഒരു വസ്തുത തെളിയിക്കുന്ന ആധികാരികമായ പഠനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മൊബൈല്‍ ഫോണിന്റെ നിത്യോപയോഗം നമ്മുടെ മാറിയ ജീവിതശൈലിയുടെ ഭാഗമായില്ലേ? അപകടം ആണെന്ന് നാളെ തെളിഞ്ഞാല്‍പ്പോലും എത്ര പേര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ കഴിയുമെന്നാണ് എന്റെ സംശയം. 

ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ കാന്‍സര്‍ വരാതെ മുന്‍കരുതല്‍ എടുക്കാന്‍ കഴിയുമോ? 

ജീവിതശൈലി ക്രമീകരിക്കുന്നത് ഒരു പരിധിവരെ ഗുണമാണ്. എന്നാല്‍, അതുകൊണ്ട് മാത്രം രോഗം വരില്ലെന്ന ഉറപ്പൊന്നും ഇല്ല. പുകവലി ഒഴിവാക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും. അതേസമയം പുകവലിക്കുന്ന എല്ലാപേര്‍ക്കും കാന്‍സര്‍ വരുന്നുമില്ല. സ്ത്രീകളിലെ ലംഗ് കാന്‍സറിനെപ്പറ്റി നമ്മള്‍ നേരത്തെ പറഞ്ഞു. അവരൊന്നും പുകവലിച്ചിട്ടല്ല. സത്യത്തില്‍ കാന്‍സര്‍ ഒരു ജനറ്റിക് രോഗമായി വേണം കാണാന്‍. അതായത് പാരമ്പര്യമായി വരുന്നുവെന്ന അര്‍ത്ഥത്തിലല്ല. പാരമ്പര്യഘടകമുള്ള കാന്‍സര്‍ പത്തോ പതിനഞ്ചോ ശതമാനം കാണും. കാന്‍സര്‍ വരുന്ന ഒരു രോഗിക്ക് ഒരു ജനറ്റിക് അബ്നോര്‍മാലിറ്റി ഉണ്ടാകുന്നു. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വ്യക്തിയില്‍ സൊമാറ്റിക് മ്യൂറ്റേഷന്‍ (somatic mutation) സംഭവിക്കുകയും അത് കാന്‍സറിന് ഇടയാക്കുകയും ചെയ്യുന്നു. 20 വയസ്സില്‍ ഹ്യാുവീാമ വരുന്ന ആള്‍ക്കാരുണ്ട്. അവര്‍ക്ക് ലൈഫ്സ്‌റ്റൈല്‍ വഴി ദോഷമൊന്നും ഉണ്ടാവാനുള്ള പ്രായം ആയിട്ടില്ല. എന്നിട്ടും രോഗം വരുന്നുണ്ട്. എന്നിരുന്നാലും ജീവിതരീതി ക്രമീകരിക്കുന്നതിലൂടെ കാന്‍സര്‍ വരാനുള്ള സാധ്യത നമുക്കു കുറയ്ക്കാന്‍ കഴിയും. പുകവലി പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഭക്ഷണത്തിലെ കെമിക്കല്‍ ഘടകങ്ങളും റിസ്‌ക് കൂട്ടുന്ന വസ്തുതയാണ്; അതും കുറയ്ക്കുന്നത് നല്ലതാണ്. 

ഇടയ്ക്ക് ഹോളിവുഡ് നടി ആഞ്ജലീന ജോളി കാന്‍സര്‍ സാധ്യത ഉണ്ടെന്നു കണ്ട് സ്തനങ്ങള്‍ നീക്കം ചെയ്ത വാര്‍ത്ത വായിച്ചിരുന്നു. ജീന്‍ പരിശോധനകള്‍ വഴി രോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയുമോ? 

അമ്മയ്ക്കും സഹോദരിക്കും രോഗം വന്നപ്പോഴാണ് ആഞ്ജലീന ജോളി പരിശോധന നടത്തിയത്. സ്തനവും അണ്ഡാശയവും നീക്കം ചെയ്യുകയും ചെയ്തു. അപ്പോഴും പെരിട്ടോണിയല്‍ (peritoneal) കാന്‍സര്‍ വരാനുള്ള അഞ്ച് മുതല്‍ പത്ത് ശതമാനം വരെ സാധ്യത നിലനില്‍ക്കുന്നു. 

കാന്‍സര്‍ സാധ്യതയുണ്ടോ എന്നറിയാന്‍ ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ചെലവുള്ള ജെനെറ്റിക് പരിശോധനകള്‍ ഇന്ന് ലഭ്യമാണ്. നൂറു മുതല്‍ അഞ്ഞൂറ് വരെ ജീനുകള്‍ പരിശോധിച്ച് കാന്‍സര്‍ സാധ്യത വിലയിരുത്തുന്ന പരിശോധനകള്‍ ആണ്. പരിശോധനയ്ക്ക് മുതിരുന്നവര്‍ ഈ റിസള്‍ട്ട്‌കൊണ്ട് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ആദ്യം തീരുമാനിക്കണം. രക്തം പരിശോധിക്കുന്ന ലാഘവത്തോടെ ചെയ്യണ്ട പരിശോധനയല്ല ഇത്. എവിടെയെങ്കിലും പോസിറ്റീവ് ആണെങ്കില്‍, എന്നോ വന്നേക്കാവുന്ന കാന്‍സറിനെ ഓര്‍ത്ത് ഒരു ടൈം ബോംബിന്റെ പുറത്താവും നമ്മുടെ ജീവിതം. അത് നമ്മുടെ ക്വാളിറ്റി ഓഫ് ലൈഫിനെയാണ് ബാധിക്കുന്നത്. അത്തരം കാര്യങ്ങളും കണക്കിലെടുക്കണം. 

അർബുദം അറിഞ്ഞതിനപ്പുറം:
പാഠം, അറിവ്, അനുഭവം.

ഡോ. ബോബൻ തോമസ്
പ്രസാധകർ: 
സൈൻ ബുക്സ്
വില: 200 രൂപ

ഡോക്ടറുടെ പുസ്തകത്തില്‍ രോഗികളുമായുള്ള വ്യക്തിപരമായ ബന്ധം ഹൃദ്യമായി വിവരിക്കുന്ന ഭാഗങ്ങളുണ്ട്. മറ്റു ഡോക്ടര്‍മാരെ പോലെയല്ല, ഒരുപാട് രോഗികളുടെ മരണങ്ങളും കാണേണ്ടിവരുന്ന വിഭാഗമാണ് ഓങ്കോളജിസ്റ്റുകള്‍. വ്യക്തിപരമായി ഇതൊക്കെ ബാധിക്കാറുണ്ടോ? 

ഓങ്കോളജിസ്റ്റുകളെ വ്യത്യസ്തമാക്കുന്നത് തന്നെ ഒന്നോ രണ്ടോ തവണ കണ്ടു മരുന്നു വാങ്ങി പോകുന്ന രോഗികള്‍ അല്ലെന്നതാണ്. രോഗം സ്ഥിരീകരിച്ചാല്‍ പൂര്‍ണ്ണമായും സുഖം ആകുന്നതുവരെയോ മരണം വരെയോ അവര്‍ ഡോക്ടറോട് നിരന്തരം ബന്ധപ്പെടുന്നു. നമ്മള്‍ വളരെ വേഗം അവരുടെ കുടുംബത്തിന്റെ ഭാഗമായി മാറും.

എല്ലാവരേയും ചികിത്സിച്ചു സുഖമാക്കണം എന്നാണ് എല്ലാ ഡോക്ടര്‍മാരും ആഗ്രഹിക്കുന്നത്. ചില കേസുകള്‍ വളരെ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ഉള്ളവ എങ്ങനെ ആവുമെന്ന് നമുക്ക് ആദ്യമേ അറിയാം. പക്ഷേ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന മരണങ്ങള്‍ വല്ലാതെ ഉലയ്ക്കാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ കുട്ടികളുടെ ഒക്കെ പ്രായത്തിലുള്ള കുട്ടികള്‍. അത്തരം മരണങ്ങള്‍ വല്ലാത്ത ട്രോമ ആണ് നല്‍കുന്നത്. ആശുപത്രിയിലെ സംഭവങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകരുതെന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. പലപ്പോഴും അത് സാധിക്കാറില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com