പഴയൊരു ഗൂഢാലോചന ഓര്‍ക്കുമ്പോള്‍
By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.) | Published: 01st February 2022 02:17 PM |
Last Updated: 01st February 2022 02:17 PM | A+A A- |

പരാജയപ്പെട്ട ഒരു കൊലപാതക കേസന്വേഷണത്തിന്റെ ശേഷിപ്പുകളാണിത്. ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് എവിടെയും എപ്പോഴും നല്ല മാര്‍ക്കറ്റാണ്. ഇംഗ്ലണ്ടിലെ ഡയാന രാജകുമാരിയുടെ വാഹനാപകട മരണം മുതല്‍ കേരളത്തില്‍ സുകുമാരക്കുറുപ്പിന്റെ തിരോധാനം വരെ പലവിധ ഗൂഢാലോചനകളില്‍ കുരുങ്ങിക്കിടപ്പുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ വളര്‍ച്ച ഗൂഢാലോചനാ സൈദ്ധാന്തികരുടെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. കേസന്വേഷണ ഘട്ടത്തിലാണ് ഈ സിദ്ധാന്തം കൂടുതല്‍ ജന്മമെടുക്കുന്നത്. തൃശൂരില്‍ എസ്.പി. ആയിരിക്കെ ഗൂഢാലോചന ഞങ്ങള്‍ക്ക് വലിയ തലവേദനയായി മാറി. പുതുക്കാടിനടുത്തായിരുന്നു സംഭവം. അവിവാഹിതയായ ഒരു യുവതി പെട്ടെന്ന് അപ്രത്യക്ഷയായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ആ ഇരുപതുകാരി. കുറച്ചുകാലമായി ആ പെണ്‍കുട്ടി അവിടെ ഒരു ജ്വല്ലറിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഒരു ദിവസം പതിവുപോലെ ജോലിക്കെത്തിയ യുവതി വൈകുന്നേരം വീട്ടില്‍ തിരികെയെത്തിയില്ല. വീട്ടുകാരുടേതായ രീതിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഉടന്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണുകള്‍ അന്ന് രംഗപ്രവേശം ചെയ്തിരുന്നില്ല. സി.സി.റ്റി.വി ക്യാമറകളും അപൂര്‍വ്വമായിരുന്നു. ഇതുപോലുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് ഇന്ന് ഏറ്റവും ഉപകരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായം അന്നില്ല. കേസന്വേഷണത്തിന്റെ പ്രധാന ജോലി കാണാതായ പെണ്‍കുട്ടിയുടെ വീടും പരിസരവും ജോലിസ്ഥലവും മുതലായ ഇടങ്ങളിലുള്ള ആളുകളില്‍നിന്നും വിവരം തേടിയാണ്. സൗഹൃദം, പ്രണയം, തട്ടിപ്പ്, ഒളിച്ചോട്ടം തുടങ്ങിയ സാധ്യതകള്‍ തേടി പൊലീസ് പരക്കം പാഞ്ഞു. പക്ഷേ, പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ ജില്ലാ പൊലീസ് സൂപ്രണ്ടായ എനിക്കും പരാതി കിട്ടി. കുട്ടിയുടെ രക്ഷകര്‍ത്താക്കളാണ് നല്‍കിയത്. ചെറുപ്പക്കാരിയായ മകള്‍ക്ക് എന്തു സംഭവിച്ചു എന്നതില്‍ സ്വാഭാവികമായും അവര്‍ വലിയ വിഷമത്തിലായിരുന്നു. പുതുക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ പരിശ്രമിച്ച് കാണാതായ പെണ്‍കുട്ടിയെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കാണാതായതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ആ കുട്ടിയുടെ പ്രവൃത്തികളെക്കുറിച്ച് എല്ലാം സാക്ഷികളിലൂടെ കൃത്യമായ വിവരം ശേഖരിക്കാന്‍ കഴിഞ്ഞു. അതിലൊന്നും സംശയകരമായതോ അപകടകരമായതോ ആയ ബന്ധങ്ങളൊന്നും കണ്ടില്ല. ജ്വല്ലറിയില്‍ ജോലിക്കു പോകുന്ന എല്ലാ ദിവസവും സന്ധ്യയ്ക്കു മുന്‍പേ വീട്ടില്‍ എത്താറുണ്ടായിരുന്നു. മെയിന്‍ റോഡ് വിട്ട് വിജനമായ സ്ഥലത്തുകൂടി കുറെ ദൂരം നടന്നുവേണം വീട്ടിലെത്തേണ്ടത്. പെണ്‍കുട്ടിയെ അവസാനം കണ്ടത് ജ്വല്ലറിയില്‍ വച്ചായിരുന്നു. പതിവുപോലെ വൈകുന്നേരം അവിടെനിന്നും തിരിച്ചശേഷം അവള്‍ അപ്രത്യക്ഷയായി.
വസ്തുതകളുമായി ബന്ധമില്ലാത്ത സംശയങ്ങള്‍
ദിവസങ്ങള്‍ കഴിയുന്തോറും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിച്ചുവന്നു. പലപ്പോഴും കണ്ടിട്ടുള്ളതുപോലെ കാമുകനുമായി സ്ഥലംവിട്ട് പോയി രഹസ്യമായി വിവാഹിതരായി പിന്നീട് പുറത്തുവരുന്നതുപോലുള്ള സാദ്ധ്യതകള്‍ മങ്ങി. കുട്ടി ജീവിച്ചിരുപ്പുണ്ടോ എന്നതില്‍ത്തന്നെ സംശയം തോന്നി. ആത്മഹത്യയ്ക്കുള്ള സാഹചര്യം ഒന്നും കണ്ടില്ല. കൊലപാതക സാധ്യത തള്ളിക്കളഞ്ഞില്ല. അങ്ങനെയിരിക്കെ സംഭവത്തിനു പുതിയൊരു മാനം കൈവന്നു. ഒരു ബെന്‍സ് കാറിലാണ് തുടക്കം. പെണ്‍കുട്ടി അപ്രത്യക്ഷമായ ദിവസം, മെയിന്‍ റോഡില്‍നിന്നും വീട്ടിലേയ്ക്കു് തിരിയുന്ന സ്ഥലത്ത് ഒരു ബെന്‍സ് കാര്‍ കണ്ടുവത്രെ. ആരാണ് കണ്ടതെന്നു ചോദിച്ചാല്‍ അങ്ങനെ ഒരാളില്ല. എന്നാല്‍, കണ്ടതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ''അതു നാട്ടുകാരുടെ പൊതു ബോദ്ധ്യമാണ്'' എന്നൊരു ഡയലോഗ് ചാനല്‍ ചര്‍ച്ചകളില്‍ കേട്ടിട്ടുണ്ട്. ഗുരുതരമായ ആരോപണങ്ങളുമായി പാര്‍ട്ടി വക്താവ് കത്തിക്കയറുമ്പോള്‍ ''ഇതിനൊക്കെ തെളിവുണ്ടോ'' എന്ന ചോദ്യത്തിന്, ഉത്തരംമുട്ടുമ്പോള്‍ ആശ്രയിക്കുന്ന തെളിവാണ് ഈ 'പൊതുബോദ്ധ്യം.' ജനാധിപത്യത്തില്‍ വോട്ട് നേടാനും നഷ്ടപ്പെടുത്താനുമൊക്കെ ഈ 'പൊതുബോദ്ധ്യം' ഉതകുമായിരിക്കാം. പക്ഷേ, തെളിവുനിയമത്തിന്റെ കര്‍ത്താക്കള്‍ ഈ 'ഭയങ്കര തെളിവിനെ' പൂര്‍ണ്ണമായും അവഗണിച്ചുകളഞ്ഞു. കേസന്വേഷണത്തില്‍ 'പൊതുബോദ്ധ്യം' ഒട്ടും സഹായകമല്ല. പലപ്പോഴും അന്വേഷണത്തെ വഴിതെറ്റിക്കുകയും ചെയ്യും. അങ്ങനെ ഏതാണ്ടൊരു 'പൊതുബോദ്ധ്യം' പോലെ പെണ്‍കുട്ടി അപ്രത്യക്ഷമായ വഴിയില്‍ ഒരു ബെന്‍സ് കാര്‍ പ്രത്യക്ഷപ്പെട്ടു. കാണാതായ പെണ്‍കുട്ടിയും ബെന്‍സും തമ്മിലെന്തു ബന്ധം? ആ യുവതിക്ക് ആഡംബര കാര്‍ പോയിട്ട് സൈക്കിള്‍ പോലുമില്ലായിരുന്നു. പക്ഷേ, ജ്വല്ലറി ഉടമയ്ക്കുണ്ടൊരു ബെന്‍സ് കാര്‍. ബെന്‍സ് കാറിന്റെ സാന്നിദ്ധ്യം എന്ന പൊതുബോദ്ധ്യത്തില്‍നിന്നും ആയിരുന്നു കേസില്‍ ഗൂഢാലോചനയുടെ തുടക്കം. ബെന്‍സ് കാറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കണം എന്നായി രണ്ടാം ഘട്ടം. ജ്വല്ലറിയുടമയും മറ്റുചില ധനാഢ്യരുമായി ഉള്ള കൂട്ടായ്മയുടെ ഫലമാണ് ഈ പെണ്‍കുട്ടിയുടെ തിരോധാനം. അതിലൊരു വ്യക്തിക്ക് ഓടും ചുടുകട്ടയും നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നു. ഗൂഢാലോചനാ സിദ്ധാന്തം വളര്‍ന്ന് വികസിച്ചപ്പോള്‍ അതൊരു ഉന്നതതല സ്ത്രീപീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിങ്ങനെ കത്തിക്കയറി. കൊലയ്ക്ക് ശേഷം ശവശരീരം ഓട്ടു ഫാക്ടറിയില്‍ കത്തിച്ച് ചാരമാക്കിയത്രെ. ഉന്നതരുള്‍പ്പെട്ട സ്ത്രീപീഡനം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. അത്തരമൊരു പശ്ചാത്തലത്തില്‍ മകള്‍ അപ്രത്യക്ഷമായ ദുരന്തത്തിന്റെ വേദനയില്‍ ആ കുട്ടിയുടെ വേണ്ടപ്പെട്ടവര്‍ നാട്ടില്‍ പ്രചരിക്കുന്ന കിംവദന്തികളില്‍ വിശ്വസിച്ചു. അത്രയേറെ സ്വാധീനവും സമ്പത്തുമുള്ള വ്യക്തികളായിരിക്കും പിന്നണിയില്‍ എന്നവര്‍ കരുതുന്നതില്‍ അവരെ കുറ്റപ്പെടുത്താനാകില്ലല്ലോ. അല്ലെങ്കില്‍ മകളെവിടെ? മകളെ കണ്ടുപിടിക്കാന്‍ പൊലീസ് എന്തിനിത്ര വൈകുന്നു?
സ്വാഭാവികമായും നാട്ടില്‍ പ്രചരിച്ച എല്ലാ കിംവദന്തികളുടേയും നെല്ലും പതിരും വേര്‍തിരിക്കുന്നതിന് അന്വേഷണസംഘം ശ്രമിച്ചു. ജ്വല്ലറിയുടമയ്ക്ക് പഴയൊരു ബെന്‍സ് കാര്‍ ഉണ്ടായിരുന്നുവെന്നത് വസ്തുതയായിരുന്നു. പക്ഷേ, പെണ്‍കുട്ടിയെ കാണാതായ ദിവസം അത് മെയിന്‍ റോഡില്‍നിന്നും അവരുടെ വീട്ടിലേയ്ക്ക് തിരിയുന്നിടത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നത് കേട്ടുകേള്‍വി മാത്രമായിരുന്നു. ഒരാളും അത് കൃത്യമായി പറയുന്നുണ്ടായിരുന്നില്ല. സംശയകരം എന്നു പ്രചരിച്ച തെളിവുകളുടെ അവസ്ഥ ഏതാണ്ട് ഈ രീതിയിലുള്ളതായിരുന്നു. കാണാതായ പെണ്‍കുട്ടിയോടോ ജ്വല്ലറിയിലെ മറ്റേതെങ്കിലും വനിതാ ജീവനക്കാരോടോ വഴിവിട്ട പെരുമാറ്റം ഉടമയുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഒരാളും പറഞ്ഞില്ല. എങ്കിലും 'ആള്‍ ശരിയല്ല' എന്ന പ്രചരണം ഉണ്ടായിരുന്നു. പക്ഷേ, അന്വേഷണത്തില്‍ നമ്മുടെ കേസിനെ സംബന്ധിച്ചിടത്തോളം അയാളുടെ ഭാഗത്ത് 'ശരിയല്ലാത്തതൊന്നും' തെളിവില്‍ വന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ അയാളെ ചോദ്യം ചെയ്തു. അയാളുമായി അടുപ്പമുണ്ടായിരുന്ന ടൈല്‍ ഫാക്ടറി ഉടമയേയും ചോദ്യം ചെയ്യുകയുണ്ടായി. വളരെ ആത്മാര്‍ത്ഥതയോടെയും പരാതിക്കാരുടെ അവസ്ഥയോട് സഹാനുഭൂതിയോടെയും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു ആ സി.ഐ. ചോദ്യം ചെയ്യലിനു ശേഷം അവര്‍ക്കൊന്നും കേസുമായി ബന്ധമില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ അപ്പോഴത്തെ ധാരണ. ഏതായാലും അന്വേഷണം തുറന്ന മനസ്സോടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമവുമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. ബെന്‍സ് കാറിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ ശക്തമായിത്തന്നെ നിലനിന്നു. അതെന്തായാലും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ചുമതല പൊലീസിനുണ്ടല്ലോ.
അക്കാലത്ത് തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മികച്ച പരസ്പരബന്ധവും സഹകരണവും നിലനിന്നിരുന്നു. അതിന്റെ പ്രയോജനം കൂടുതല്‍ പ്രതിഫലിച്ചത് വെല്ലുവിളികള്‍ നിറഞ്ഞ കേസുകളുടെ അന്വേഷണത്തിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ ചോദ്യം ചെയ്തിരുന്ന ജ്വല്ലറിയുടമയേയും അയാളുടെ സുഹൃത്തിനേയും വീണ്ടും ചോദ്യം ചെയ്തു. ഇക്കുറി കുറ്റാന്വേഷണത്തില്‍ മികവ് പ്രകടിപ്പിച്ച മറ്റൊരു സി.ഐയെ കൂടി അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും പുതിയ വിവരങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, ചില വസ്തുതകളില്‍ ചോദ്യം ചെയ്യപ്പെട്ട വ്യക്തികളുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമാണോ എന്നതില്‍ പുതിയ സി.ഐ സംശയം പ്രകടിപ്പിച്ചു.
അതിനിടെ ഈ വിഷയം ഹേബിയസ് കോര്‍പ്പസ് പെറ്റീഷനായി ഹൈക്കോടതി മുന്‍പാകെ എത്തി. കാണാതായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ അസാധാരണമല്ല. ആ പെറ്റീഷനില്‍ ബെന്‍സ് കാറിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ അവതരിപ്പിച്ചിട്ട് ഉന്നതരുടെ പങ്കാളിത്തമുള്ള കേസാണെന്നും പൊലീസ് അവരെ സഹായിക്കുന്നുവെന്നും മറ്റും ആരോപണം ഉന്നയിച്ചിരുന്നു. ഹൈക്കോടതിയില്‍നിന്നും നോട്ടീസ് ലഭിച്ചതനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കേസിന്റെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സഹിതം ഗവണ്‍മെന്റ് പ്ലീഡറെ കാണുന്നതിന് അയച്ചു. അതാണ് സാധാരണ രീതി. കോടതിയില്‍ വരുന്ന കേസുകളില്‍ പൊലീസ് നടപടികള്‍ ഏറ്റവും കൃത്യമായി അറിയിക്കണം എന്നായിരുന്നു എല്ലാക്കാലത്തും എന്റെ രീതി. അതുപോലെ കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഒഴിവാക്കണം എന്നുതന്നെയായിരുന്നു എന്റെ ബോദ്ധ്യവും. പൊതുവേ ഹൈക്കോടതി ഇടപെടലുകള്‍ ഗുണകരമായിരുന്നു എന്നായിരുന്നു അനുഭവം. ഏതെങ്കിലും വിഷയം കോടതിയുടെ പരിഗണനയില്‍ വരുകയും കോടതി ഉത്തരവിടും മുന്‍പേ, ജഡ്ജിയുടെ സമീപനം എന്താണെന്ന നിലയില്‍ അമിതാവേശത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് അധികവും. ഇതില്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്നത് താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. പൊലീസ് നടപടിയില്‍ തെറ്റുപറ്റിയോ എന്ന് കോടതി സംശയിക്കുന്നുവോ എന്ന ധാരണയില്‍ സസ്പെന്‍ഷന്‍ പോലുള്ള നടപടിക്കങ്ങ് മുതിര്‍ന്നേക്കും. അതുപോലൊരനുഭവം ആദ്യമുണ്ടായത് ആലപ്പുഴയില്‍വെച്ചാണ്. തര്‍ക്കത്തിലുണ്ടായിരുന്ന ഒരു വസ്തുവില്‍നിന്നും മരം മുറിച്ചതുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ പരാതി വന്നപ്പോള്‍ അവിടുത്തെ എസ്.ഐ അതില്‍ എഫ്.ഐ.ആര്‍ എടുക്കുകയും മുറിച്ചിട്ട മരം മഹസ്സറില്‍ വിവരിച്ച് പിടിച്ചെടുക്കുകയും ചെയ്തു. ആരേയും അറസ്റ്റു ചെയ്തില്ല. ഈ ഘട്ടത്തില്‍ എതിര്‍കക്ഷി പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എസ്.ഐ സ്വീകരിച്ച നടപടികള്‍ ശരിയാണോ എന്നതില്‍ കോടതി സംശയം രേഖപ്പെടുത്തി. അക്കാര്യം എസ്.പി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രവൃത്തികളുടെ ശരിതെറ്റുകള്‍ ആണ് ഞാന്‍ പരിശോധിക്കേണ്ടിയിരുന്നത്. വിരമിക്കാറായിരുന്ന ആ എസ്.ഐ ചെയ്ത പ്രധാന കാര്യം തര്‍ക്കത്തിലുണ്ടായിരുന്ന വസ്തുവില്‍നിന്നും മുറിച്ചിട്ട മരത്തിന്റെ ഭാഗങ്ങള്‍ ഏറ്റെടുത്ത നടപടിയായിരുന്നു. ക്രിമിനല്‍ കേസിലെ വാദിയും പ്രതിയും തങ്ങളുടേതാണെന്ന് അവകാശം ഉന്നയിച്ച വസ്തുവിലുണ്ടായിരുന്ന മരമായിരുന്നു മുറിച്ചിട്ടത്. ആ അവകാശത്തര്‍ക്കമാകട്ടെ, സിവില്‍ കോടതിയില്‍ കേസായി കഴിഞ്ഞിരുന്നു. അത് തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണ്. അത് കോടതി വിധി, അപ്പീല്‍, പിന്നെയും കോടതി അങ്ങനെ അന്തിമവിധി ആയി വരുമ്പോള്‍ ചിലപ്പോള്‍ മനുഷ്യായുസ് കഴിഞ്ഞെന്നു വരാം. പക്ഷേ, സിവില്‍ തര്‍ക്കത്തിലെ കക്ഷി, തന്റേതാണെന്ന നിലയില്‍ ചെയ്യുന്ന മരംവെട്ടലില്‍ ക്രിമിനല്‍ കേസ് എന്ന നിലയില്‍ പൊലീസിന് ഇടപെടാന്‍ പരിമിതിയുണ്ട്. തര്‍ക്കം അക്രമത്തിലേയ്ക്കും ക്രമസമാധാന പ്രശ്‌നത്തിലേയ്ക്കും പോകാതിരിക്കാനുള്ള ഇടപെടല്‍ മാത്രമേ പൊലീസിനു സാദ്ധ്യമാകൂ. നിയമത്തിന്റെ ഇത്തരം സാങ്കേതികത്വങ്ങളൊന്നും മനസ്സിലാക്കാതെയാണ് എസ്.ഐ നടപടി സ്വീകരിച്ചത്. ഭാഗ്യത്തിന്, അറസ്റ്റു പോലുള്ള നടപടിയിലേയ്ക്ക് കടന്നില്ല. പക്ഷേ, തടിക്കഷണങ്ങള്‍ പിടിച്ചെടുത്ത നടപടി ശരിയായിരുന്നില്ല. ആ നിലയ്ക്ക് എങ്ങനെ ആ തെറ്റ് സംഭവിച്ചു എന്ന് അന്വേഷിച്ചു. അവിഹിത സ്വാധീനമോ അഴിമതിയോ ഒന്നും അതിലില്ലായിരുന്നു. സിവില്‍ തര്‍ക്കവും ക്രിമിനല്‍ കേസും കൂടി കുഴഞ്ഞപ്പോള്‍ നിയമത്തിന്റെ സങ്കീര്‍ണ്ണത മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ എസ്.ഐയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി. ആ സന്ദര്‍ഭത്തില്‍, സബ്ബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യാം എന്നായിരുന്നു പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഉപദേശം. പരിചയക്കുറവുകൊണ്ടാകാം എനിക്കത് ശരിയാണെന്നു തോന്നിയില്ല. പൊലീസുകാരനായി സര്‍വ്വീസില്‍ കയറി സര്‍വ്വീസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്ന ആ ഉദ്യോഗസ്ഥന്റേത് മികച്ച സേവനമായിരുന്നു. പൊലീസ് സ്റ്റേഷന്‍ പരിശീലനകാലത്ത് എനിക്കിതുപോലെ പറ്റിയ അബദ്ധങ്ങള്‍ ഓര്‍ത്തു. അധികകാലം രഹസ്യാന്വേഷണ ജോലിയിലായിരുന്ന എസ്.ഐയ്ക്ക് തെറ്റുപറ്റി. എന്നാല്‍, അത് മനപ്പൂര്‍വ്വമായ അധികാരദുര്‍വിനിയോഗമായിരുന്നില്ല. മാനുഷികമായ വീഴ്ച എന്ന നിലയില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹൈക്കോടതിയും അത് അംഗീകരിച്ചു. 'To err is human and to forgive divine' (തെറ്റുപറ്റുക മനുഷ്യസഹജമാണ്, മാപ്പ് നല്‍കുക ദൈവികവും) എന്ന മഹദ്വചനം പൊലീസിനും ബാധകമാണ് എന്ന് കോടതി കണ്ടു. പൊലീസ് നടപടികളുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ലെങ്കില്‍ പൊതുവേ, കോടതികള്‍ പൊലീസിനെതിരെ വലിയ വിമര്‍ശനമുയര്‍ത്തില്ല. ഉദ്ദേശ്യശുദ്ധിയില്‍ ബോദ്ധ്യം വന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാ കോടതിക്ക് കഴിയണം. കഴിയുന്നില്ലെങ്കില്‍ പിന്നെന്തിന് കോടതി?
പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഉന്നതരെ പൊലീസ് സഹായിക്കുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. തെളിയിക്കപ്പെടാത്ത കേസുകളില്‍ ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പൊലീസിനു വളരെ പ്രയാസമാണ്. അക്കാലത്ത് തൃശൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന പി.എം. സുബ്രഹ്മണ്യന്‍ സത്യസന്ധതയ്ക്കും അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനത്തിനും സര്‍വ്വസമ്മതനായിരുന്നു. കേസില്‍ സംശയദൃഷ്ടിയിലായിരുന്ന ഉന്നതരെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ചോദ്യം ചെയ്ത ശേഷം സംശയത്തിന് അടിസ്ഥാനമുണ്ടെന്നു തോന്നുന്നില്ല എന്നാണ് ഡി.വൈ.എസ്.പി എന്നോടു പറഞ്ഞത്. പ്രധാന കേസായതുകൊണ്ട് ഈ ഉന്നതരെക്കുറിച്ച് പല സ്രോതസ്സുകളില്‍ നിന്നും വിവരം ശേഖരിക്കാന്‍ ഞാനും ശ്രമിച്ചിരുന്നു. അതിലൊരാളെക്കുറിച്ച് എന്റെ ഓഫീസിലെ അഡ്മിനിസ്ട്രേഷന്‍ ഡി.വൈ.എസ്.പി വി.വി. മോഹനന് അറിയാമായിരുന്നു. അദ്ദേഹം എന്നോട് തറപ്പിച്ചു പറഞ്ഞു: ''ഇതൊക്കെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന്.'' വസ്തുതകള്‍ സ്വയം ബോദ്ധ്യപ്പെടുന്നതിനുവേണ്ടി അവസാനം ഞാന്‍ നേരിട്ട് ആ വ്യക്തികളെ ചോദ്യം ചെയ്തു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍വെച്ചായിരുന്നു അത്. അവരെക്കുറിച്ച് പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കപ്പുറം പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധിപ്പിക്കുന്ന ഒരു വസ്തുതയും കണ്ടെത്തിയിരുന്നില്ല. അവരുടെ മുന്‍കാല പ്രവൃത്തികളില്‍ സദാചാരത്തിന്റെ അതിരുകള്‍ ലംഘിച്ച് സുഖലോലുപതയില്‍ ആറാടിയ ചരിത്രമുണ്ടത്രെ. പക്ഷേ, അതു ജന്മം വേറെ ആയിരുന്നുവെന്ന് നാട്ടുകാര്‍ സമ്മതിക്കില്ലല്ലോ. അല്ലെങ്കില്‍ വീണ്ടും വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാകേണ്ട ഒരു പ്രവൃത്തിയും ഇപ്പോഴത്തെ കേസില്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. കര്‍മ്മഫലം എന്നതിന് ഇങ്ങനേയും ഒരു വകഭേദം ഉണ്ടെന്ന് ഒരുപക്ഷേ, അവര്‍ക്ക് തോന്നിയേക്കാം.
ഒരുവശത്ത് ഹേബിയസ് കോര്‍പ്പസും മറുവശത്ത് അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ ഒരു അപ്രതീക്ഷിത ഉത്തരവ് ഹൈക്കോടതിയില്‍നിന്നും എനിക്ക് ലഭിച്ചു. അടുത്ത ആഴ്ച കേസ് വരുമ്പോള്‍ ഹൈക്കോടതിയില്‍ ഞാന്‍ നേരിട്ട് ഹാജരാകണമത്രെ. അത് അസാധാരണമായിരുന്നു. പെട്ടെന്ന് അതിന്റെ കാരണം മനസ്സിലായില്ല. കേസ് സംബന്ധമായ റിപ്പോര്‍ട്ടുകളും വിവരങ്ങളും കോടതിയില്‍നിന്നും ആവശ്യപ്പെട്ടതെല്ലാം ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേന കൃത്യമായി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി നേരിട്ട് എസ്.പിയോട് വിവരം ചോദിക്കുന്നത് സാധാരണ നടപടിക്രമമല്ല. ഏതായാലും നിശ്ചിത ദിവസം രാവിലെ ഹൈക്കോടതിയിലെത്തി. ആദ്യം അഡ്വക്കേറ്റ് ജനറലിനെ സന്ദര്‍ശിച്ചു. എം.കെ. ദാമോദരന്‍ ആയിരുന്നു അന്ന് എ.ജി. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം വിഷയം കേട്ടു. ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ഒരു അഫിഡവിറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തൊട്ടുമുന്‍പ് കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ അവിടെ പൊലീസിനെ പ്രതിനിധീകരിച്ച് വിവരങ്ങള്‍ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കോടതി പ്രകോപിതമായതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പൊലീസിന് കേസ് സംബന്ധിച്ച് വിവരം നല്‍കുന്നത് ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസില്‍ നിന്നാണെന്നും വിവരം കിട്ടിയപ്പോഴെല്ലാം ഒരു ഉദ്യോഗസ്ഥന്‍ കേസ് സംബന്ധിച്ച വിവരങ്ങളുമായി വന്നിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം കുറെ കഴിഞ്ഞപ്പോള്‍ എനിക്കുവേണ്ടി ഒരു അഫിഡവിറ്റ് തയ്യാറാക്കി നല്‍കി. കോടതിയില്‍ കഴിഞ്ഞ തവണ ആരും ഹാജരാകാതിരുന്നത് പൊലീസിന്റെ വീഴ്ചയാണെന്നും അതില്‍ അഗാധമായ ഖേദം രേഖപ്പെടുത്തി ഞാന്‍ മാപ്പ് അപേക്ഷിക്കുന്നു എന്നുമൊക്കെയാണ് എഴുതിയിരുന്നത്. അത് ഫയല്‍ ചെയ്താല്‍ പ്രശ്‌നം തീരും എന്നാണ് പ്ലീഡര്‍ പറയുന്നത്. പക്ഷേ, അതെനിക്ക് മനസ്സിലായില്ല. തെറ്റൊന്നും ചെയ്യാതെ ഞാനെന്തിനാണ് മാപ്പ് അപേക്ഷിക്കുന്നത്? ഏത് സ്ഥാപനത്തോടായാലും വ്യക്തിയോടായാലും തെറ്റുപറ്റിയാല്‍ അത് അംഗീകരിക്കുന്നതിനും മാപ്പ് അപേക്ഷിക്കുന്നതിലും മടിക്കേണ്ടതില്ല. എന്നാല്‍ തെറ്റെന്തെങ്കിലും ചെയ്തു എന്ന ബോദ്ധ്യം അശേഷം ഇല്ലാതെ വെറുതെ ഒരു മാപ്പ് എന്ന ആശയത്തോട് എനിക്ക് യോജിപ്പില്ലായിരുന്നു. ഞാന്‍ പുറത്തുകടന്ന് സ്വന്തമായി വസ്തുതകള്‍ വിശദീകരിച്ച് പുതിയ അഫിഡവിറ്റ് തയ്യാറാക്കി. ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്ന കേസുകളില്‍ ജില്ലാ പൊലീസ് വിവരം നല്‍കുന്ന രീതി സംക്ഷിപ്തമായി പ്രതിപാദിച്ചു. അതിനുശേഷം ഇപ്പോഴത്തെ ഹേബിയസ് കോര്‍പ്പസ് റിട്ട് പെറ്റീഷനില്‍ ഹൈക്കോടതിയില്‍ ഓരോ അവസരത്തിലും പ്ലീഡര്‍ മുഖേന റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യം വിശദീകരിച്ചു. തൊട്ടുമുന്‍പ് കേസ് കോടതിയില്‍ വന്ന വിവരം പൊലീസിനു ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ട് മാത്രമാണ് വിവരം നല്‍കാന്‍ കഴിയാതിരുന്നതെന്നും വ്യക്തമാക്കി. ഭാവിയില്‍ കോടതിയില്‍ യഥാസമയം വിവരം നല്‍കാമെന്ന ഉറപ്പും രേഖപ്പെടുത്തി. മാപ്പൊന്നും പറഞ്ഞില്ല. അഫിഡവിറ്റ് പ്ലീഡര്‍ക്കു നല്‍കി.
കേസ് കോടതിയില്‍ വരുമ്പോള്‍ ഞാനും അവിടെ ഹാജരുണ്ടായിരുന്നു. എന്നെ വിളിപ്പിച്ചിരിക്കുകയാണല്ലോ. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചായിരുന്നു അത് പരിഗണിച്ചത്. കേസ് വിളിച്ചപ്പോള്‍ യൂണിഫോമിലായിരുന്ന ഞാന്‍ എഴുന്നേറ്റ് നിന്നു; പ്ലീഡറുടെ നിര്‍ദ്ദേശപ്രകാരം. വലിയൊരു നാടകത്തിന്റെ സ്റ്റേജില്‍ നില്‍ക്കുന്നതുപോലെ തോന്നി. വക്കീലന്മാരെല്ലാം ഒരപൂര്‍വ്വ ജീവിയെ കണ്ടപോലെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. സംഭാഷണം മറന്നുപോയ കഥാപാത്രത്തെപ്പോലെ ഞാന്‍ അനങ്ങാതെ നിന്നു. സംഭാഷണം അരുതെന്ന് വക്കീല്‍ എന്നെ വിലക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യക്കാരനായ ചീഫ് ജസ്റ്റിസ് എന്തോ വായനയില്‍ മുഴുകിയിരിക്കുന്നതുപോലെ തോന്നി. അടുത്തിരുന്ന ജഡ്ജി എന്നെ നോക്കി, ''നിങ്ങള്‍ ജ്വല്ലറിക്കാരനേയും മറ്റും ഡിഫന്റ് ചെയ്യുകയാണെന്നു തോന്നുമല്ലോ'' എന്ന രീതിയില്‍ എന്തോ പറഞ്ഞു. ശ്രദ്ധയോടെ കേള്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണ്ണമായും മനസ്സിലായില്ല. എങ്കിലും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലേയ്ക്ക് കടന്ന് അതിനെ വിമര്‍ശിക്കാനുള്ള പുറപ്പാടാണ് എന്നെനിക്കു തോന്നി. നാടകം അങ്ങനെ മുന്നോട്ടു പോയപ്പോള്‍ എനിക്കും സംഭാഷണം വേണ്ടിവരും എന്ന് മനസ്സില്‍ തോന്നി. ''പരാതിക്കാര്‍ പറയുന്നത് കേട്ട് മാത്രം ആരേയും പ്രതിയാക്കാനാകില്ല; ആരോപണവിധേയനായ ഒരാള്‍ നിരപരാധി ആണെങ്കില്‍ അത് കണ്ടെത്തുന്നതും അന്വേഷണത്തിന്റെ ധര്‍മ്മം തന്നെ. ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്'' ഇങ്ങനെ ചില ഡയലോഗുകള്‍ മനസ്സില്‍ രൂപപ്പെട്ട് വരുന്നുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് തല ഉയര്‍ത്തി. അദ്ദേഹം തന്റെ സഹ ജഡ്ജിയുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല. എന്നെ വിളിച്ചുവരുത്തേണ്ടിവന്ന സാഹചര്യം മൂലമുള്ള സമയനഷ്ടം, ധനനഷ്ടം ഇവയെപ്പറ്റി അദ്ദേഹം വാചാലനായി. അതെനിക്കും തോന്നിയതാണ്. അവസാനം 'Case, you investigate' (കേസ്, നിങ്ങള്‍ അന്വേഷിച്ചുകൊള്ളു) എന്നും അതിന്റെ ഉള്ളിലേയ്ക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും സൂചിപ്പിച്ചു. അങ്ങനെ ആ നാടകത്തില്‍ എന്റെ ഭാഗം അവസാനിച്ചു, സംഭാഷണം കൂടാതെ.
പരാതിക്കാരും നാട്ടുകാരും പൊലീസും ഉന്നതരെ തപ്പിനടന്നപ്പോള്‍ കേസ് അന്വേഷണം വഴിതെറ്റി. അതൊരു കൊലപാതകം തന്നെ ആയിരുന്നു. കുറ്റവാളിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ തൃശൂരിനോട് വിടപറഞ്ഞിരുന്നു. അയാള്‍ക്ക് ബെന്‍സ് കാര്‍ ഉണ്ടായിരുന്നില്ല; അയാള്‍ ഫാക്ടറി ഉടമയും ആയിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വിജയിച്ചില്ലെങ്കിലും നിരപരാധികളെ അറസ്റ്റ് ചെയ്തില്ലല്ലോ എന്നതില്‍ ആശ്വാസം തോന്നി.
(തുടരും)