ചരിത്രം പ്രമുദ്യയിലൂടെ കഥപറയുമ്പോള്‍

തീവ്രവികാരങ്ങളുള്ള ദേശീയവാദിയായി ഇന്‍ഡൊനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ പ്രമുദ്യ എഴുതിയ നോവലുകളില്‍ ഏറിയ പങ്കും ആ മഹായത്‌നത്തിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്നവയാണ്
ചരിത്രം പ്രമുദ്യയിലൂടെ കഥപറയുമ്പോള്‍

ത് അളവുകോല്‍ വെച്ചു നോക്കിയാലും ഗാംഭീര്യത്തിന്റെ പ്രതീകമായി അനുവാചക ഹൃദയങ്ങളില്‍ തിങ്ങിനില്‍ക്കുന്ന സര്‍ഗ്ഗപ്രതിഭയാണ് പ്രമുദ്യ അനന്ത തുര്‍. തെക്കുകിഴക്കേ ഏഷ്യയില്‍ പ്രശസ്തരില്‍ പ്രശസ്തനായ ഈ എഴുത്തുകാരന്‍ വിശ്വസാഹിത്യത്തിലെ പ്രമുഖ ധിഷണാശാലിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാത്തമായ ദാര്‍ശനിക ശോഭയുടെ ഊര്‍ജ്ജപ്രസരമുണ്ട് ഇതിനു പിന്നില്‍. ഒപ്പം, ഭാവനാസുന്ദരമായ നിര്‍മ്മാണ പ്രവാഹവും. മെനഞ്ഞെടുക്കുന്ന കഥകളുടെ മിഴിവും കൊഴുപ്പും പ്രമുദ്യയുടെ ഔന്നത്യത്തിന്റെ മുഖമുദ്രയാണ്. ഇന്‍ഡൊനേഷ്യയുടേയും മര്‍ദ്ദിതരായ മനുഷ്യസമൂഹങ്ങളുടെ ആകേയും അന്ത:സത്ത ഉള്‍ക്കൊള്ളുന്ന ഉജ്ജ്വല കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിക്കുന്നു. ഭൂരിപക്ഷം ഇന്‍ഡൊനേഷ്യന്‍ സാഹിത്യകാരന്മാര്‍ സ്വന്തം അനുഭവങ്ങളുടെ പരിമിതമായ ചട്ടക്കൂടുകളില്‍ അവരുടെ സൃഷ്ടിപരതയെ ഒതുക്കുമ്പോള്‍, പ്രമുദ്യ ചരിത്രം പഠിച്ച് പുതിയ ചക്രവാളങ്ങള്‍ വെട്ടിപ്പിടിക്കുകയും സാര്‍വ്വലൗകിക പ്രസക്തിയുള്ള ജീവിതസത്യങ്ങള്‍ പ്രതിപാദിക്കയും ചെയ്യുന്നു. ശോകാത്മകമായ ഒരുതരം ആനുകാലിക വശ്യതയും അദ്ദേഹത്തില്‍ സ്ഫുരിക്കുന്നുണ്ട്; രാഷ്ട്രീയം കാരണം. ഇളം പ്രായത്തില്‍ത്തന്നെ തീവ്രവികാരങ്ങളുള്ള ദേശീയവാദിയായി ഇന്‍ഡൊനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ പ്രമുദ്യ എഴുതിയ നോവലുകളില്‍ ഏറിയ പങ്കും ആ മഹായത്‌നത്തിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്നവയാണ്. ദേശീയതയുടെ തീക്ഷ്ണതയും കല നിശ്ചയമായും ലക്ഷ്യോന്മുഖമായിരിക്കണമെന്ന വിശ്വാസവും കാലക്രമേണ അദ്ദേഹത്തെ കമ്യൂണിസത്തിന്റെ വക്കുവരെ എത്തിച്ചു. 1965-ല്‍ ഇന്‍ഡൊനേഷ്യയില്‍ അധികാരമേറ്റ കമ്യൂണിസ്റ്റ് വിരുദ്ധ സര്‍ക്കാര്‍ രണ്ടു ലക്ഷത്തോളം പൗരന്മാരെ ജയിലിലടച്ചപ്പോള്‍ അതില്‍ പ്രമുഖനായിരുന്നു പ്രമുദ്യ. ഏറ്റവും നീണ്ട ജയില്‍വാസമനുഭവിച്ച ഏഷ്യന്‍ സാഹിത്യസേവകന്‍ എന്ന് അദ്ദേഹത്തിന് ഇന്നഭിമാനിക്കാം. ഒറ്റയടിക്ക് പതിന്നാലു സംവത്സരങ്ങള്‍. 1979-ല്‍ മോചിതനായെങ്കിലും ഇന്നും പൊലീസിന്റെ കണ്‍മുന്‍പില്‍നിന്ന് മാറിക്കൂടാ; എഴുതിയതെല്ലാം സ്വന്തം നാട്ടില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. 

എന്നിട്ടും പ്രമുദ്യയുടെ കൃതികളിലെ സ്ഥായീഭാവം നിരാശയല്ല, കയ്പല്ല, സ്പഷ്ടമായ ശുഭാപ്തി വിശ്വാസമാണ്. മനുഷ്യന്റെ മനുഷ്യത്വം ഒടുവില്‍ ജയിക്കുമെന്ന ഉറപ്പ് ആ കൃതികള്‍ക്ക് സുവര്‍ണ്ണപ്രഭ നല്‍കുന്നു. പൊലീസിന്റെ അടിച്ചമര്‍ത്തല്‍ അനുഭവിക്കേണ്ടിവരുമ്പോഴും പ്രമുദ്യ താന്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസങ്ങള്‍ അടിയറവയ്ക്കുന്നില്ല. കുഴപ്പങ്ങള്‍ സൃഷ്ടിക്കാതെ ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ജയില്‍ വിമുക്തനായ പ്രമുദ്യ നിവൃത്തിയുള്ളിടത്തോളം ശ്രമിക്കുന്നുണ്ട്. സാഹസിക ധീരത കാട്ടി താല്‍ക്കാലിക പ്രസിദ്ധി നേടാനൊന്നും അദ്ദേഹം തുനിയുന്നില്ല. പക്ഷേ, ജയിലില്‍നിന്നു പുറത്തുവന്ന ശേഷം പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളും നിരോധനത്തിനു വിധേയമായി എന്ന വാസ്തവം അദ്ദേഹത്തിന്റെ ബുദ്ധിപരമായ നിശ്ചയദാര്‍ഢ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. വളരെക്കാലം സഹിച്ച യാതനകളും പിന്നീടുണ്ടായ ഭീഷണികളും പ്രലോഭനങ്ങളും സര്‍ഗ്ഗപ്രക്രിയകളില്‍നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിച്ചിട്ടില്ല. മഹത്തായ സംഭാവനകള്‍ ഇനിയും ആ തൂലികയില്‍നിന്ന് ഒഴുകുമെന്ന പ്രതീക്ഷ പ്രമുദ്യയുടെ സാഹിതീയോല്‍ക്കര്‍ഷത്തിനു സ്ഥൈര്യം ചേര്‍ക്കുന്നു.

സാഹിത്യനിര്‍മ്മാണത്തില്‍ പ്രമുദ്യ പ്രദര്‍ശിപ്പിക്കുന്ന സമൃദ്ധി ഒരു അദ്ഭുതമായി കരുതപ്പെടുന്നു. ഡച്ചുകാരുടെ ജയിലിലാണ് പ്രമുദ്യ ആദ്യമായി വീണത്. ആ നരകക്കുണ്ടില്‍ കിടക്കവേ എങ്ങനെയോ ദിവ്യപ്രചോദനം കണ്ടെത്തിയതുപോലെയാണ് എഴുതാന്‍ തുടങ്ങിയത്. രണ്ടു കൊല്ലം കഴിഞ്ഞ് സ്വതന്ത്രനായപ്പോള്‍ പത്തു നോവലുകളും കൂടെ കുറെ ചെറുകഥകളുമായി ഒരു പേമാരിപോലെ അദ്ദേഹം സാഹിത്യരംഗത്ത് അരങ്ങേറി. പിന്നീടു വിശ്വവിഖ്യാതങ്ങളായ നാലു ചരിത്രനോവലുകള്‍ വേറൊരു ജയിലില്‍ വച്ച് രണ്ടു കൊല്ലം കൊണ്ടാണ് എഴുതിത്തീര്‍ത്തത്. അതോടുകൂടി വേറെ നാലു നോവലുകളും ഒരു ജീവചരിത്രവും പൂര്‍ത്തിയാക്കിയശേഷമാണ് ജയിലില്‍നിന്നിറങ്ങിയത്. ഇന്നും ഇന്‍ഡൊനേഷ്യയില്‍ ഏറ്റവും ഫലസമൃദ്ധമായ തൂലിക പ്രമുദ്യയുടേതുതന്നെ.

പ്രമുദ്യ അനന്ത തുർ: ഒരു പോട്രെയ്റ്റ് പെയിന്റിങ്
പ്രമുദ്യ അനന്ത തുർ: ഒരു പോട്രെയ്റ്റ് പെയിന്റിങ്

ഇന്തോനേഷ്യന്‍ ദാരുണയാഥാര്‍ത്ഥ്യങ്ങള്‍

സൃഷ്ടികളുടെ മേന്മയിലും പ്രമുദ്യയെ കവച്ചുവയ്ക്കാന്‍ ഇന്‍ഡൊനേഷ്യയിലോ അയല്‍ രാജ്യങ്ങളിലോ ആരുമില്ല. ചിന്തകന്‍, രാഷ്ട്രീയ താര്‍ക്കികന്‍, തത്ത്വജ്ഞാനി എന്നെല്ലാം വിളിക്കാവുന്ന പ്രമുദ്യ സര്‍വ്വോപരി ഒരു കാഥികനാണ്. കഥ പറയാന്‍ അദ്ദേഹത്തിനുള്ള മിടുക്ക് അസാധാരണമാണ്. എഴുതിയ ഉടന്‍ ചരിത്രനോവലുകള്‍ നാലും ആദ്യം സഹതടവുകാര്‍ക്ക് വാചികാഭിനയ രീതിയില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ആഴമേറിയ വികാരങ്ങളുടെ പൊരിഞ്ഞ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നതിലും അദ്ദേഹം അളവറ്റ കഴിവ് പ്രകടിപ്പിക്കുന്നു. അനുവാചക ഹൃദയങ്ങളില്‍ അള്ളിപ്പിടിക്കുവാന്‍ പോരുന്ന രീതിയില്‍, ജാവാദ്വീപിലെ പൗരാണിക നാടന്‍ കഥകളില്‍നിന്നും ആത്മീയ സംജ്ഞകളില്‍നിന്നും പ്രചോദനം കണ്ടെത്താന്‍ അദ്ദേഹത്തിന് സഹജ വാസനയുണ്ട്. കൂട്ടത്തില്‍, യഥാതഥമായ അനുഭവങ്ങളും സാധാരണ മനുഷ്യരുടെ ചിരിയും കണ്ണീരും അത്രതന്നെ അനായാസമായി ആവാഹിക്കുകയും ചെയ്യുന്നു.

ഇനെം എന്ന ഹൃദയസ്പൃക്കായ ചെറുകഥ തന്നെ ഒരു ഉദാഹരണം. എട്ടേ എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കഥ. അവളെ വിവാഹം ചെയ്തയക്കാന്‍ അവളുടെ അമ്മ പെട്ടെന്ന് നിശ്ചയിക്കുന്നു. വരന്റെ കൂട്ടര്‍ നല്‍കുന്ന പണവും സമ്മാനങ്ങളും ആ ദരിദ്ര കുടുംബത്തിന് ആവശ്യമാണ്. പതിനേഴ് വയസ്സുകാരനായ ഭര്‍ത്താവിന്റെ അടിയും തൊഴിയുമേറ്റ് ഇനെം ഒരു കൊല്ലം തള്ളിവിടുന്നു. പിന്നെ, ഭര്‍ത്താവ് അവളെ ഉപേക്ഷിക്കുന്നു. ഒന്‍പതാം വയസ്സില്‍ ഭര്‍ത്താവ് ഇറക്കിവിട്ട ഇനെം അമ്മയ്‌ക്കൊരു ഭാരമായിത്തീരുന്നു. മുന്‍പ് പണിയെടുത്തിരുന്ന സമ്പന്ന കുടുംബത്തില്‍ വേലയ്ക്കായി അവള്‍ വീണ്ടും ചെല്ലുന്നു. പക്ഷേ, അവിടുത്തെ കൊച്ചമ്മ, ദയാലുവെങ്കിലും, മനുഷ്യരെന്തു പറയുമെന്ന് ശങ്കിച്ച് ജോലി നിരസിക്കുകയാണ്. തല്ലണമെന്നു തോന്നുന്ന ആര്‍ക്കും തല്ലാന്‍ അവകാശമുള്ള മനുഷ്യക്കോലമായി ആ ഒന്‍പതുകാരി സ്വന്തം കുടിലിലേയ്ക്ക് മടങ്ങുന്നു. അടിയേറ്റു കരയുന്ന അവളുടെ ദീനരോദനം ചില രാത്രികളില്‍ സമ്പന്ന വീട്ടുകാര്‍ക്ക് കേള്‍ക്കാം.

കഥകള്‍ക്ക് ആഴവും ശക്തിയും നല്‍കാന്‍ തക്ക മിഴിവുറ്റ കഥാപാത്രങ്ങള്‍ പ്രമുദ്യയുടെ പ്രത്യേകതയാണ്. ജനിച്ചുവളര്‍ന്ന് ജാവയുടെ ചൂടും ചങ്കിടിപ്പും മാലിന്യങ്ങളും തേങ്ങലുകളും സംസ്‌കാരസമ്പത്തും മനോഹാരിതയും ഇണങ്ങിച്ചേര്‍ന്ന് മരണമില്ലാതായവരാണ് അദ്ദേഹത്തിന്റെ പേരുകേട്ട നോവലിലെ പ്രധാന പാത്രങ്ങള്‍. ആദ്യ നോവലുകളില്‍ത്തന്നെ തല ഉയര്‍ത്തിനിന്ന ഈ പ്രൗഢതാരങ്ങളെ ദെയ്തോവ്‌സ്‌കിയുടെ കലാസൃഷ്ടികളോടാണ് സഹൃദയര്‍ തട്ടിച്ചു നോക്കിയത്. ജീവിതത്തിന്റേയും മരണത്തിന്റേയും ഭീമമായ പ്രശ്‌നങ്ങളെ പ്രതിനിധീകരിച്ചും അന്നന്നത്തെ സാമൂഹ്യസത്യങ്ങളുമായി പൊക്കിള്‍ക്കൊടി ബന്ധം പുലര്‍ത്തിയും ഈ തേജസ്സുകള്‍ അവരുടെ സ്രഷ്ടാവിനെ ആനുകാലിക പ്രസക്തിയുള്ള വിശ്വസാഹിത്യകാരന്മാരുടെ മുന്‍പന്തിയിലേക്ക് ഉയര്‍ത്തുന്നു.

ഏറ്റവും പ്രഗത്ഭരായ കഥാപാത്രങ്ങള്‍ ഉള്ളത് ഏറ്റവും പ്രശസ്തങ്ങളായ നോവലുകളിലാണ്. പക്ഷേ, പാത്രസൃഷ്ടിയില്‍ പ്രമുദ്യയ്ക്കുള്ള സാമര്‍ത്ഥ്യം കൊച്ചു കഥകളില്‍പ്പോലും കാണാം.

വിധിക്കു വഴങ്ങുകയേ ചില സന്ദര്‍ഭങ്ങളില്‍ രക്ഷയുള്ളൂ എന്ന സന്ദേശമാണ് 'കീഴടങ്ങിയവള്‍' എന്ന കഥയില്‍. ജപ്പാന്‍കാരുടെ വരവോടെ ശ്രീ എന്ന യുവതിയുടെ ജീവിതം തകിടംമറിയുന്നു. ജോലിയെടുക്കാന്‍ നിവൃത്തിയില്ല; വീട്ടില്‍ ദാരിദ്ര്യം. അമ്മ മരിച്ചു. അമ്മയുടെ തുച്ഛമായ വസ്തുവകകള്‍ കൈക്കലാക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട് ശ്രീക്കും അനിയത്തിമാര്‍ക്കും എതിര്‍ത്തൊന്നും പറയാന്‍ വയ്യ. ജപ്പാന്‍കാരുടെ തോല്‍വിയോടെ സംഗതികള്‍ ശരിയാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അങ്ങനെയല്ല നടന്നത്. കമ്യൂണിസ്റ്റ് പട ഗ്രാമം കയ്യേറി. ശ്രീയുടെ അനിയത്തിമാരിലൊരാള്‍ പാര്‍ട്ടിയില്‍ അംഗമായി. പക്ഷേ, അച്ഛനെ അവര്‍ പിടികൂടുകയും എതിരാളിയെന്നു പറഞ്ഞ് വധിക്കുകയും ചെയ്തു. ഒടുവില്‍ സര്‍ക്കാര്‍ സൈന്യം കമ്യൂണിസ്റ്റുകാരെ തുരത്തി. കമ്യൂണിസ്റ്റെന്നു തോന്നിയവരെയെല്ലാം ചുട്ടെരിച്ചു. അപ്പോഴാണ് ഡച്ചുകാര്‍ സാമ്രാജ്യം വീണ്ടെടുക്കാന്‍ വരുന്നത്. യുദ്ധത്തില്‍ മരിച്ചെന്നു കരുതപ്പെട്ട സഹോദരന്‍ തിരിച്ചു വരുന്നു. അയാളുടെ ഡച്ചു യൂണിഫോറം കണ്ട് തെറ്റിദ്ധരിച്ച ദേശീയവാദികള്‍ അയാളെ തോക്കിനിരയാക്കുന്നു. ദുരിതങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കേ, ഡച്ചുകാര്‍ അവസാനമായി പിന്‍വലിയുകയും ഇന്‍ഡൊനേഷ്യ സ്വതന്ത്രമാവുകയും ചെയ്യുന്നു. പക്ഷേ, ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവള്‍ പോകുന്നില്ല. അവളുടെ കാഴ്ചപ്പാട് മാറിക്കഴിഞ്ഞിരുന്നു: ''എന്തുവേണമെങ്കിലും സംഭവിക്കട്ടെ,'' അവള്‍ പറയുന്നു. ''എല്ലാം അവഗണിക്കുക. നമ്മുടെ വ്യക്തിത്വം മന്ത്രം ജപിച്ച് ഇല്ലാതാക്കാന്‍ നമുക്കു കഴിവുണ്ടാകണം. തനതായ ആത്മാവ് എന്നൊന്ന് മനുഷ്യനില്ല എന്നു നമുക്കു ബോദ്ധ്യമാവണം. എന്നാല്‍, ഈ സംഭവവികാസങ്ങളെല്ലാം അവയുടെ വഴികളിലൂടെ അങ്ങ് പൊയ്‌ക്കൊള്ളും.'' ഒരു കാലയളവില്‍ ഇന്‍ഡൊനേഷ്യയിലെ ജനത അനുഭവിച്ചറിഞ്ഞ ദാരുണ യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ത്തരൂപമായ ശ്രീ അസഹ്യ വേദനകളെ നേരിടുവാന്‍ പഠിക്കുന്നതോടെ ഉള്‍വളര്‍ച്ച പൂര്‍ത്തിയായ ഒരു ഉജ്ജ്വല കഥാപാത്രമായിത്തീരുന്നു.

പ്രമുദ്യ അനന്ത തുർ
പ്രമുദ്യ അനന്ത തുർ

ചരിത്രസ്പര്‍ശമുള്ള ആശയങ്ങളും കഥാപാത്രങ്ങളും

യുവാവായ പ്രമുദ്യ കണ്ടതും അനുഭവിച്ചതുമായ വാസ്തവങ്ങളാണ് ഡച്ചുകാരുടെ സാമ്രാജ്യവാദവും ജപ്പാന്‍കാരുടെ പട്ടാളഭരണവും ഇന്‍ഡൊനേഷ്യയുടെ വിമോചനസമരവുമെല്ലാം. ഈ അനുഭവങ്ങളും സ്വന്തം കുടുംബത്തില്‍ കണ്ടു മനസ്സിലാക്കിയ മനുഷ്യബന്ധങ്ങളുമാണ് ആദ്യത്തെ ചെറുകഥകളിലും നോവലുകളിലും പ്രതിപാദിക്കപ്പെട്ടത്. തന്റെ മാത്രം അനുഭവങ്ങളെ ആസ്പദമാക്കി കൃതികള്‍ ചമച്ചതുകൊണ്ട് പ്രമുദ്യയുടെ ചിന്താമണ്ഡലം പരിമിതമാണെന്നു ചില വിദേശ നിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്‍ഡൊനേഷ്യയിലെ എഴുത്തുകാരില്‍ പലരും ഇമ്മാതിരി പരിമിതികളില്‍പ്പെട്ട് എഴുത്തിന്റെ ഉറവ വറ്റി പൊലിഞ്ഞിട്ടുണ്ട്. എന്നാല്‍, ഉപരിപഠനത്തിലൂടെ ഇതൊഴിവാക്കാമെന്ന് പ്രമുദ്യ കണ്ടു. അങ്ങനെ ചരിത്രത്തിന്റെ താളുകളില്‍നിന്ന് പുതിയ ആശയങ്ങളും കഥാപാത്രങ്ങളും ഉയര്‍ന്നുവന്നു. ഈ സമ്പത്ത് ഊടും പാവുമാക്കി സന്ദേശവാഹികളായ കഥകള്‍ അദ്ദേഹം രൂപപ്പെടുത്തി.

പ്രമുദ്യയുടെ സന്ദേശങ്ങള്‍ക്ക് രാഷ്ട്രീയച്ചുവയുണ്ടെന്ന് അധികൃതര്‍ ആക്ഷേപിക്കുന്നു. ഇല്ല, അവ സനാതനമായ ജൈവസത്യങ്ങള്‍ മാത്രമാണെന്ന് പ്രമുദ്യ പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതു ശരിയുമാണ്. ഒരു കഥയില്‍ ജ്യേഷ്ഠന്‍ അനുജനോട് പറയുന്നു: ''ഇതെല്ലാം നമ്മള്‍ തേടിപ്പിടിക്കാതെയാണ് നമുക്കു വന്നുപെട്ടിരിക്കുന്നത്. നമുക്കിതു സ്വീകരിക്കാനേ നിവൃത്തിയുള്ളൂ. മനസ്സിലാക്കാന്‍ വയ്യാത്ത ശക്തികളുടെ മുന്‍പില്‍ മനുഷ്യന്‍ നിസ്സഹായനാണ്.''

''യുദ്ധമെന്തിനാണുണ്ടാകുന്നത്, ചേട്ടാ?''

''നമുക്കറിഞ്ഞുകൂടാത്തതുകൊണ്ട്. നമുക്കു മനസ്സിലാക്കാന്‍ കഴിവില്ലാത്തതുകൊണ്ട്.''

ഉവ്വ്, ഇവിടെ വ്യക്തമായ ഒരു സന്ദേശമുണ്ട്. വേണമെങ്കില്‍ അതില്‍ രാഷ്ട്രീയം കാണാം. വേറൊരു കഥയില്‍ ഒരു പാത്രം പറയുന്നു: ''നിന്റെ അച്ഛന്റെ സുഖക്കേട് നിരാശ കാരണമാണുണ്ടായത്. സ്വാതന്ത്ര്യത്തിന്റെ ചാലില്‍ വന്ന സാമൂഹ്യാധഃപതനം ഉണ്ടാക്കിയ നിരാശ. വിമോചനസമരത്തില്‍ നായകസ്ഥാനം വഹിച്ചിരുന്നവര്‍ അധികാരത്തിന്റേയും പദവിയുടേയും പുറകെ ഓടി. ഒന്നും കിട്ടാതെ പോയവര്‍ ജനായത്ത ഭരണത്തെ പുറംതള്ളി.'' ഇവിടെ എരിയുന്ന രാഷ്ട്രീയമുണ്ട്; മറയ്ക്കാനാവാത്ത സത്യവും.

ചില സന്ദേശങ്ങള്‍ രക്തത്തില്‍ കുളിച്ചവയാണ്. വിമോചനസമരകാലത്തെക്കുറിച്ചെഴുതിയ പുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുദ്യയുടെ രചനയില്‍ ഫലിതം തൊട്ടുതീണ്ടിയിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എങ്ങും വീരരസം മാത്രമായിരുന്നു ആ കഥകളില്‍. അന്നത്തെ ജീവിതം അമ്മാതിരി ആയിരുന്നു എന്നതാണ് ന്യായീകരണം. 'ബ്ലോറ' എന്ന ചെറുകഥയിലെ നായകന്‍ യുദ്ധത്തടവുകാരനാണ്. ഒരു രാത്രിയില്‍ അയാള്‍ ഒരു പേടിസ്വപ്നം കാണുന്നു. താന്‍ വിമോചിതനായി വീട്ടില്‍ മടങ്ങിയെത്തുന്നു. നാടിനുവേണ്ടിയുള്ള ഒളിയുദ്ധത്തില്‍ വീണ്ടും ഏര്‍പ്പെടുന്നു. ആയുധം കടത്തുന്ന രംഗം കൊച്ചനിയന്‍ കാണാനിടവരുന്നു. കണ്ടതു പരമരഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് അറിയുവാനുള്ള പ്രായമായിട്ടില്ല ആ കുട്ടിക്ക്. അതേസമയം ആയുധക്കടത്ത് യാതൊരു കാരണവശാലും ഇരുചെവി അറിയാനും പാടില്ല. കഥാനായകന്‍ കത്തിയെടുത്ത് സ്വന്തം കൊച്ചനിയനെ വെട്ടിക്കൊല്ലുന്നു. രാഷ്ട്രീയ സന്ദേശത്തോടൊപ്പം മൃഗീയത നടമാടുന്ന ചോരക്കഥ. രാജ്യത്തിനെതിരായ വിധ്വംസക സിദ്ധാന്തങ്ങള്‍ പ്രമുദ്യയുടെ കൃതികളില്‍ ഇല്ലെന്ന് തീര്‍ച്ചയാണ്. സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള, ഉണ്ടാകേണ്ട ബന്ധങ്ങളെപ്പറ്റി പ്രമുദ്യയുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവര്‍പോലും കല വെറും പ്രചാരണത്തിനുപരിയായി പരിരക്ഷിക്കപ്പെടേണ്ടതാണെന്ന അദ്ദേഹത്തിന്റെ ശാഠ്യത്തെ ശ്ലാഘിക്കുന്നു.

ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഇന്‍ഡൊനേഷ്യയില്‍ സാഹിത്യവും രാഷ്ട്രീയവും തമ്മില്‍ ചരിത്രപരമായ ഗാഢബന്ധമുണ്ട്. ഇന്നു കാണുന്ന ഇന്‍ഡൊനേഷ്യന്‍ സാഹിത്യത്തിന് പഴക്കം വളരെ കുറവാണ്. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പല്പതുകളിലെ ആധുനിക സാഹിത്യത്തിന് ഇന്‍ഡൊനേഷ്യയില്‍ സ്വന്തമായ ശബ്ദവും പക്വതയും ഉണ്ടായിത്തുടങ്ങിയുള്ളൂ. ആ തുടക്കവും പിന്നീടുണ്ടായ വളര്‍ച്ചയും രാഷ്ട്രപുരോഗതിയുടെ അവിഭാജ്യഘടകങ്ങളായിരുന്നു. മാതൃരാജ്യത്തിന്റെ ചരിത്രവുമായി ഇത്ര ദൃഢമായ സമാന്തരത്വം പാലിച്ച ദേശീയ സാഹിത്യം വിരളമാണ്. ആ ചരിത്രത്തിന്റേയും സമാന്തര സാഹിത്യത്തിന്റേയും സുപ്രധാന കണ്ണിയായിട്ടാണ് പ്രമുദ്യ എന്ന എഴുത്തുകാരന്റെ വളര്‍ച്ച. ഇന്‍ഡൊനേഷ്യ എന്ന അസാധാരണ പ്രതിഭാസത്തിന്റെ സാരസര്‍വ്വസ്വമായ പ്രതിച്ഛായയാണ് പ്രമുദ്യ.

എന്താണ് ഇന്‍ഡൊനേഷ്യയുടെ അസാധാരണത്വം? ഭൂപടത്തിലൊന്നു കണ്ണോടിച്ചാല്‍ അത് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ആന്‍ഡമാന്‍ ദ്വീപുകളുടെ തെക്കേ അറ്റം മുതല്‍ ആസ്‌ട്രേലിയയുടെ കിഴക്കെ പകുതിവരെ നീണ്ടുകിടക്കുന്ന ഈ രാജ്യം ഭൂഗോള പരിധിയുടെ എട്ടിലൊന്നു ദൂരം ആവരണം ചെയ്യുന്നു. ഒരു കേന്ദ്രീകൃത ഭരണത്തിന്റേയും പിടിയിലൊതുങ്ങുന്നതല്ല പതിന്നാലായിരം ദ്വീപുകളുടെ ഈ സമൂഹം. സുമാത്ര, ജാവ, കലിമന്താന്‍, സുലവേസി, മൊലുക്ക, ഇറിയന്‍ എന്നീ പ്രധാന ദ്വീപുകളില്‍ താമസിക്കുന്നവരുടെ സാമൂഹ്യസാംസ്‌കാരിക പാരമ്പര്യങ്ങള്‍ വിഭിന്നങ്ങളാണ്. മൊത്തം മുന്നൂറോളം വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഇന്‍ഡൊനേഷ്യയിലുണ്ട്. ഇരുന്നൂറ്റി അന്‍പതില്‍ കുറയാത്ത വിവിധ ഭാഷകള്‍ അവര്‍ സംസാരിക്കുന്നു. അങ്ങനെയുള്ള ഒരു ദ്വീപ്‌ശേഖരം ഒരു സംഘടിത രാഷ്ട്രമായി പരിണമിക്കാനുള്ള പ്രധാന കാരണം പാശ്ചാത്യ മേധാവിത്വത്തിനെതിരായി വളര്‍ന്ന ദേശീയതയാണ്. സുക്കാര്‍ണോയുടേയും ഹട്ടയുടേയും പ്രചോദനത്തില്‍ നാല്‍പ്പതുകളില്‍ ആളിക്കത്തിയ വിമോനപ്രസ്ഥാനം ആ പരിണാമത്തിനു പൂര്‍ണ്ണത നല്‍കി. വര്‍ഗ്ഗവൈവിദ്ധ്യവും അതില്‍ക്കൂടെയുള്ള വൈരാഗ്യങ്ങളും ഇന്നും പാടേ മാറിയിട്ടില്ല; ഒരിക്കലും അപ്പാടേ മാറുകയുമില്ല. പക്ഷേ, അരഡസന്‍ പ്രധാനമന്ത്രിമാര്‍ ശ്രമിച്ചിട്ടും ഇന്നുവരെ ഇന്ത്യയ്ക്കു കൈവരാത്ത വൈകാരികോല്‍ഗ്രഥനം ഒരു പരിധിവരെയെങ്കിലും ഇന്‍ഡൊനേഷ്യ വെറുമൊരു ദശകത്തിനുള്ളില്‍ സാധിച്ചു.

പ്രമുദ്യ അനന്ത തുർ ആരാധകർക്കൊപ്പം
പ്രമുദ്യ അനന്ത തുർ ആരാധകർക്കൊപ്പം

ബഹസ ഭാഷയുടെ തുടക്കം

ഭാഷ ഈ നേട്ടത്തിന്റെ അടിസ്ഥാന ഘടകമായിരുന്നു. ഇരുന്നൂറ്റി അന്‍പത് ഭാഷകള്‍ പരസ്പര സ്പര്‍ദ്ധയോടെ മത്സരിക്കുവാനോ അവയിലേതെങ്കിലുമൊന്ന് ഇതര ഭാഷക്കാരുടെമേല്‍ ആധിപത്യം ഉറപ്പിക്കാനോ ആരും സൗകര്യപ്പെടുത്തിയില്ല. മറിച്ച്, പൊതുവായ അധഃപതനത്തില്‍നിന്ന് യോജിച്ച് ഉയര്‍ച്ച പ്രാപിക്കുക എന്ന വിചിത്രമായ പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്. ചില പ്രാദേശിക ഭാഷകള്‍ക്ക് ലിപി പോലും ഇല്ലായിരുന്നു. സ്വന്തം ലിപിയും സാഹിത്യവുമുണ്ടായിരുന്ന ചില ഭാഷകള്‍ പതിന്നാലാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ വരവോടെ വാടിത്തുടങ്ങി. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ രാജ്യം കീഴടക്കിയതോടെ പല ഭാഷകളും മിക്കവാറും അപ്രത്യക്ഷമായി. സാമ്പ്രദായിക സാഹിത്യം വെറും ഓര്‍മ്മയായി മാറി. മുന്നൂറിലധികം വര്‍ഷങ്ങള്‍ ഡച്ചുകോളനിയായി കഴിഞ്ഞ ഇന്‍ഡൊനേഷ്യയില്‍ എഴുത്തുകാര്‍ ഡച്ചു ഭാഷയിലേയ്ക്ക് കടന്നു. സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുന്ന പ്രവണതകള്‍ പൊന്തിവന്നപ്പോള്‍ ഡച്ചിലുള്ള സാഹിത്യ നിര്‍മ്മാണം അധികാരികള്‍ നിരുത്സാഹപ്പെടുത്തി. അമര്‍ത്തപ്പെട്ട സൃഷ്ടിവീര്യം സ്വാതന്ത്രേ്യച്ഛയോടൊത്ത് വീണ്ടും തിളച്ചുപൊങ്ങി.

ഭാഷകള്‍ക്കുണ്ടായ ക്ഷയം ചരിത്രത്തിലെ ക്രൂരമായ ഒരു അപചയമായി അന്നത്തെ ആളുകള്‍ കണ്ടിരിക്കാം. വാസ്തവത്തില്‍ രാജ്യത്തിന് ഒരു അനുഗൃഹമായിത്തീരുകയായിരുന്നു ഈ അപചയം. സങ്കുചിതമായ പ്രാദേശിക വാദങ്ങള്‍ പിഴുതുമാറ്റി രാഷ്ട്രബോധം നട്ടുവളര്‍ത്താന്‍ ഈ ചരിത്രബോധം അവസരം നല്‍കി. ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി 1920-ലും സുക്കാര്‍ണൊയുടെ ദേശീയ പാര്‍ട്ടി 1927-ലും രൂപം കൊണ്ടപ്പോള്‍ ഭാഷാവികസനം ദേശീയത്വത്തിന്റെ പര്യായമായി. രാഷ്ട്രീയരംഗത്തു പ്രവേശിച്ചവര്‍ എല്ലാവരും തന്നെ ഇന്‍ഡൊനേഷ്യയ്ക്കു മൊത്തമായ ഒരു എഴുത്തുഭാഷ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധവെച്ചു.

തികഞ്ഞ പ്രായോഗിക ബുദ്ധിയോടെയാണ് അവര്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചത്. മെലയു എന്നറിയപ്പെട്ടിരുന്ന മലയ ഭാഷ പുതിയ ദേശീയ ഭാഷയുടെ അടിസ്ഥാനമായി അവര്‍ സ്വീകരിച്ചു. അവരതിന് ഇന്‍ഡൊനേഷ്യ ഭാഷ (ബഹസ ഇന്‍ഡൊനേഷ്യ) എന്ന് പേരിട്ടു. (മലയേഷ്യയില്‍ ബഹസ മലയേഷ്യ എന്നായി പേര്‍. പേരുകള്‍ രണ്ടെന്നാലും സംഗതികള്‍ ഒന്നുതന്നെ.) നാവികരിലൂടെ പ്രചരിച്ച ഒരു കലര്‍പ്പു ഭാഷയായി ഇന്‍ഡൊനേഷ്യന്‍ ദ്വീപുകളില്‍ വളരെക്കാലമായി ഉപയോഗത്തിലിരുന്ന മെലയു ഒരു വര്‍ഗ്ഗക്കാരുടേയും കുത്തകയല്ലായിരുന്നു. അതുകൊണ്ട് ബഹസയുടെ മുന്നേറ്റം ഒരു കൂട്ടര്‍ക്കും പ്രത്യേക പുരോഗതിയോ പ്രത്യേകമായ പിന്‍നിലയോ വരുത്തിയില്ല. 

ദേശീയവാദികളുടെ രണ്ടാമത്തെ നിശ്ചയം ഇതിലേറെ മര്‍മ്മപ്രധാനമായിരുന്നു. നിലവിലിരുന്ന ലിപികളെല്ലാം ഉപേക്ഷിച്ച് റോമന്‍ ലിപിയില്‍ അവര്‍ ബഹസ സംവിധാനം ചെയ്തു. ധൈര്യവും ദൂരവീക്ഷണവും ഒന്നുപോലെ പ്രകടിപ്പിച്ച ഈ നിശ്ചയമാണ് ഇന്‍ഡൊനേഷ്യയെ ഒറ്റക്കെട്ടായി നിര്‍ത്തുവാനുതകിയ ഏറ്റവും വലിയ സൂത്രം. സംസ്‌കൃത തുല്യമായ സാഹിതീയ പുരോഗതി കൈവന്നു കഴിഞ്ഞിരുന്ന ജാവി ഭാഷപോലും, അതിന്റെ അറബി ലിപിയും ജാവ ദ്വീപിന്റെ രാഷ്ട്രീയ-സാംസ്‌കാരിക പ്രാധാന്യത്തിലൂടെ കൈവന്ന പ്രാബല്യവും ബഹസയ്ക്കുവേണ്ടി കൈയൊഴിച്ചു.

അത്യാവശ്യത്തിനു വാക്കുകള്‍ മാത്രമുള്ള ഒരു ലളിത ഭാഷയായിരുന്നു മെലയു. ജാവിയില്‍ ഉണ്ടായിരുന്ന അസംഖ്യം സംസ്‌കൃതപദങ്ങളും ഇംഗ്ലീഷ് വാക്കുകള്‍ തന്നെയും ബഹസീകരിച്ച് സ്വീകരിച്ച് അവര്‍ മെലയുവെ പുഷ്ടിപ്പെടുത്തി. ഭാഷയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കുള്ള പ്രോത്സാഹനം വിമോചനസമരത്തിലൂടെ അനുസ്യൂതം വന്നുകൊണ്ടിരുന്നു. 1928-ല്‍ കൂടിയ ഇന്‍ഡൊനേഷ്യയുടെ ജനകോണ്‍ഗ്രസ്സ് ബഹസയെ രാഷ്ട്രഭാഷയായി പ്രഖ്യാപിച്ചു. 1938-ല്‍ ഒരുകൂട്ടം എഴുത്തുകാര്‍ ഇന്‍ഡൊനേഷ്യന്‍ ഭാഷാ കോണ്‍ഗ്രസ്സ് എന്ന സമ്മേളനം സംഘടിപ്പിച്ചു. ക്രമാനുഗതമായി ഭാഷയെ പോഷിപ്പിക്കാനുള്ള ദേശീയ പരിപാടികളുടെ ഭാഗമായിരുന്നു ഈ സമ്മേളനങ്ങളും ചര്‍ച്ചകളും. 1942 മുതല്‍ മൂന്നുകൊല്ലം നീണ്ടുനിന്ന ജപ്പാന്‍ പട്ടാളഭരണവും അപ്രതീക്ഷിതമായ ആനുകൂല്യം ഈ ഭാഷയ്ക്കു ചെയ്തു. ഡച്ചു ഭാഷയുടെ ഉപയോഗം നിരോധിക്കപ്പെട്ടു. യുദ്ധകാലമായതുകൊണ്ട് ജപ്പാന്‍ ഭാഷ പഠിക്കാനുള്ള സൗകര്യങ്ങളുമില്ലായിരുന്നു. അങ്ങനെ നാടാകെ 'ബഹസ ഇന്‍ഡൊനേഷ്യ' നിര്‍ബ്ബന്ധിതമായി ഉപയോഗിച്ചു തുടങ്ങി.

സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷമായ 1945 ആധുനിക ഇന്‍ഡൊനേഷ്യന്‍ സാഹിത്യത്തിന്റെ ആദ്യത്തെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അന്നു പൊട്ടിവിരിഞ്ഞ സ്വാതന്ത്ര്യാനുഭൂതിയുടെ പിന്നില്‍ രാഷ്ട്രീയ നേതാക്കന്മാരോടൊപ്പം എഴുത്തുകാരും അണിനിരന്നു. ഇരുകൂട്ടരും ഒന്നായി പൊരുതി ജയിച്ചുവെന്നത് ഇന്‍ഡൊനേഷ്യയിലെ ചരിത്രയാഥാര്‍ത്ഥ്യമായി. തോക്കുകളേന്തി ശത്രുവിനെ നേരിട്ട സ്വാതന്ത്ര്യ ഭടന്മാരോട് തോളുരുമ്മിത്തന്നെ സാഹിത്യകാരന്മാര്‍ അതേ വീറോടെ സമരം ചെയ്തു. ആ അനുഭവത്തിലൂടെ സാഹിത്യവും കലയും ദേശീയ വിപ്ലവത്തിന്റെ ദൃഢബദ്ധമായ ഭാഗങ്ങളായി. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇന്‍ഡൊനേഷ്യക്കാര്‍ സാഹിത്യവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടിച്ചേര്‍ക്കല്‍ കൂടുതല്‍ സ്വാഭാവികവും നീതിയുക്തവുമായി കണ്ടു.

ഉള്ളുണര്‍വ്വോടെ സൃഷ്ടിയിലേര്‍പ്പെട്ട സാഹിത്യകാരന്മാരെ അവരവരുടെ കാലയളവിന്റെ, അഥവാ തലമുറയുടെ പ്രതിനിധികളായി വിശേഷിപ്പിക്കുന്ന പതിവ് ഇന്‍ഡൊനേഷ്യയിലെ പ്രത്യേകതയാണ്. സാഹിത്യചരിത്രത്തില്‍ അങ്ങനെ ആദ്യമായി വിശേഷിപ്പിക്കപ്പെട്ട തലമുറ വിമോചനസമരത്തിന്റെ അഗ്‌നിപരീക്ഷയിലൂടെ കടന്നുവന്നവരാണ് അങ്ഘത്തന്‍ 45 (45ലെ തലമുറ, ജനറേഷന്‍ ഒഫ് 45). താമസിയാതെ അങ്ഘത്തന്‍ 50-ഉം അങ്ഘത്തന്‍ 65-ഉം ക്ലിപ്തമായി ഗണംതിരിക്കപ്പെട്ടു.

ജപ്പാൻ ഇന്തോനേഷ്യ കീഴടക്കിയപ്പോൾ
ജപ്പാൻ ഇന്തോനേഷ്യ കീഴടക്കിയപ്പോൾ

അച്ഛനെക്കുറിച്ചുള്ള കഥ

45-ലെ തലമുറയില്‍ക്കൂടെയാണ് പ്രമുദ്യയുടെ രംഗപ്രവേശം. തങ്ങളൊരു തലമുറയാണെന്ന വിചാരം അദ്ദേഹത്തിനോ മറ്റംഗങ്ങള്‍ക്കോ അന്നുണ്ടായിരുന്നില്ല. ഓരോ കവിയും കഥാകൃത്തും കലാകാരനും അവരുടേതായ സമരപരിപാടികളിലും എഴുത്തിലും ഏര്‍പ്പെട്ടിരുന്നു. പില്‍ക്കാലത്താണ് അവര്‍ക്ക് പൊതുവായ ചില പ്രത്യേകതകളുണ്ടെന്ന് അവര്‍ തന്നെ അറിഞ്ഞത്. ശാരീരികമായും മാനസികമായും പൂര്‍ണ്ണമായി യുദ്ധത്തില്‍ മുഴുകിയിരുന്ന ഘട്ടങ്ങളില്‍പ്പോലും കലാസൃഷ്ടി നടത്തിക്കൊണ്ടിരുന്നുവെന്നതാണ് പൊതുവായ ഒരു സവിശേഷത. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉന്നത നിലവാരത്തിലുള്ള സാഹിത്യനിര്‍മ്മാണത്തിനു തടസ്സമല്ലെന്നും അവര്‍ എടുത്തുകാട്ടി.

നാട് സ്വതന്ത്രമായതോടെ അവരുടെ ഭാവനകള്‍ പൂവണിഞ്ഞു. മാര്‍ഗ്ഗതടസ്സമില്ലാതെ, ബന്ധനങ്ങളില്‍ കിടന്നു ഞെരുങ്ങാതെ, സ്വന്തം സര്‍ഗ്ഗശക്തിയെ ആധാരമാക്കി കലോപാസനം നടത്താനുള്ള സാഹചര്യത്തില്‍ ചിന്തകര്‍ വ്യക്തികളായി. പ്രാചീന ജാവയിലും സുമാത്രയിലും നിലവിലിരുന്ന പാരമ്പര്യങ്ങള്‍ പുതിയ കവികളും കഥാകൃത്തുക്കളും മറന്നില്ല എന്നത് അവരുടെ സാഹിത്യത്തിന് മാറ്റുകൂട്ടി. സാമൂഹ്യപ്രശ്‌നങ്ങളെ കാലാനുസൃതം വിശകലനം ചെയ്യുന്നത് പഴയ പാരമ്പര്യത്തിന്റെ സവിശേഷതയായിരുന്നു. പുതിയ സാഹിത്യത്തിലും ഇത് പ്രതിബിംബിച്ചു. ഇന്ന് ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍വെച്ച് ഏറ്റവും വീര്യമുള്ളതും സാമൂഹ്യബോധം മുറ്റി നില്‍ക്കുന്നതുമായ സാഹിത്യം ഇന്‍ഡൊനേഷ്യയില്‍ത്തന്നെ. ഈ പാരമ്പര്യങ്ങളും അവബോധങ്ങളും വീര്യവും നിറപ്പകിട്ടും ഇണങ്ങിച്ചേര്‍ന്ന് മഴവില്ലുപോലെ മാനം നിറഞ്ഞു നില്‍ക്കുന്ന സാഹിത്യസാമ്രാട്ടാണ് പ്രമുദ്യ.

പ്രമുദ്യയുടെ ജീവിതകഥയും ഇന്‍ഡൊനേഷ്യയുടെ ആധുനിക ചരിത്രവും ഇഴപിരിക്കാനാവാത്തവിധം ഊടും പാവും ചേര്‍ന്നു കിടക്കുന്നു. 1925-ല്‍ ഇന്‍ഡൊനേഷ്യയുടെ ഹൃദയമായ ജാവയിലാണ് അദ്ദേഹം ജനിച്ചത്. ഡച്ചുഭരണത്തിനെതിരായി സുക്കാര്‍ണോ രാഷ്ട്രീയ പരിപാടികള്‍ ആസൂത്രണം ചെയ്ത് പാര്‍ട്ടി സംഘടിപ്പിക്കുന്ന കാലം. ബ്ലോറ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു വീട്. അവിടെ ഒരു സാധാരണ കുടുംബത്തില്‍ സാധാരണയിലധികം പ്രാരബ്ധങ്ങളിലൂടെ വളര്‍ന്നു. പതിനഞ്ചാം വയസ്സു മുതല്‍ തന്നെ കാലയാപനത്തിനുള്ള വഴികളില്‍ ഏര്‍പ്പെടേണ്ടിവരികയും ഇരുപത്തിരണ്ടാം വയസ്സില്‍ ജയിലറകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു. ആത്മാഭിമാനത്തിന്റെ ബീജം ജന്മനാ ലഭിച്ചിരിക്കണം. അതു പുഷ്ടിപ്പെടുത്താന്‍ പോന്നതായിരുന്നു കുടുംബത്തിലെ അന്തരീക്ഷം.

സര്‍ക്കാര്‍ വക ഗ്രാമ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നു അച്ഛന്‍. മറ്റു കോളനികളിലെന്നപോലെ ഇന്‍ഡൊനേഷ്യയിലും സര്‍ക്കാര്‍ ഉദ്യോഗം സ്വര്‍ഗ്ഗതുല്യമെന്ന് പ്രജകള്‍ കരുതിയിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ പ്രമുദ്യയുടെ അച്ഛന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കയാണുണ്ടായത്. കിളിര്‍ത്തു തുടങ്ങിയിരുന്ന ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നവീനരീതിയിലുള്ള ദേശീയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളെ വെല്ലുവിളിച്ചുകൊണ്ട് അങ്ങിങ്ങായി പൊട്ടിമുളച്ചു. ബുദി ഉത്തൊമൊ എന്ന പേരില്‍ ആരംഭിച്ച ഈ സംരംഭം ദേശീയ ബോധത്തിന്റെ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു. ഈ പദ്ധതിയനുസരിച്ചുള്ള ഒരു വിദ്യാലയം സ്വന്തമായി സ്ഥാപിക്കാനായിരുന്നു അച്ഛന്‍ ധൈര്യസമേതം സര്‍ക്കാരുദ്യോഗം രാജിവെച്ചത്.

വിദ്യാലയം സ്ഥാപിച്ചു. പ്രമുദ്യ കുറേക്കാലം അവിടെ പഠിക്കുകയും ചെയ്തു. പക്ഷേ, അച്ഛന് മാനേജര്‍ പണിയില്‍ വലിയ വൈദഗ്ദ്ധ്യമില്ലായിരുന്നു. കുറേയൊക്കെ ചിന്തിക്കുകയും അതിലേറെ സ്വപ്നം കാണുകയും ചെയ്തിരുന്ന സാര്‍ വളരെ വിഷമിച്ചാണ് സ്‌കൂള്‍ നടത്തിയത്. 1942-ല്‍ ജപ്പാന്‍ പട ഭരണം തുടങ്ങിയപ്പോള്‍ സ്‌കൂള്‍ അടച്ചുപൂട്ടി അദ്ദേഹം വിദ്യാഭ്യാസരംഗത്തുനിന്നുതന്നെ വിരമിച്ചു. ജപ്പാന്‍കാരുടെ തോക്കിനടിയില്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളൊന്നും സാദ്ധ്യമല്ലെന്നു മനസ്സിലാക്കിയ ആ അദ്ധ്യാപകന്‍ ബാക്കി ജീവിതം ചൂതുകളിക്കു സമര്‍പ്പിക്കുകയായിരുന്നു.

കെമുദിയന്‍ ലഹിര്‍ലാ ദിയ (പിന്നെ അവന്‍ ജനിച്ചു) എന്ന കഥയില്‍ പ്രമുദ്യ ആദര്‍ശവാദിയായ ഒരദ്ധ്യാപകനു വന്ന ദുരന്തത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. കഥ പറയുന്ന യുവാവിന്റെ അച്ഛന്‍ മുപ്പതുകളില്‍ തളിരിട്ട സ്വദേശി പ്രസ്ഥാനത്തില്‍ ആവേശത്തോടെ പങ്കെടുത്തു. കുടില്‍ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാനും സഹകരണസംഘങ്ങളും ഗ്രാമീണ ബാങ്കുകളും സ്ഥാപിക്കുവാനും നിരക്ഷരത്വം തുടച്ചുമാറ്റാന്‍ ക്ലാസ്സുകള്‍ തുടങ്ങുവാനും മറ്റും പ്രായോഗികമായ പദ്ധതികള്‍ ഉണ്ടായപ്പോള്‍ ഒരു പുതിയ ലോകം കെട്ടിപ്പൊക്കുവാന്‍ സാധിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ പടര്‍ന്നു. പക്ഷേ, പൊടുന്നനെ ഡച്ചു മേലധികൃതര്‍ പ്രസ്ഥാനത്തിന്റെ വേരില്‍ കത്തിവെച്ചു. റെസിഡന്റ് സായ്പില്‍നിന്നും ഒരു താക്കീതു കത്ത് കഥയിലെ അച്ഛന് കിട്ടി. ക്ലാസ്സുകള്‍ നടത്താന്‍ പണിപ്പെട്ടു. സ്റ്റെന്‍സില്‍ ചെയ്തുണ്ടാക്കിയ പാഠങ്ങളെല്ലാം ഗവണ്‍മെന്റ് കണ്ടു കെട്ടി. സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. സ്വദേശി പരിപാടികള്‍ നിലംപതിച്ചു. ഇച്ഛാഭംഗവും നിരാശയും കാരണം അധഃപതിച്ച് അച്ഛന്‍ ചൂതുകളിയെ ശരണം പ്രാപിച്ചു.

സ്വന്തം അച്ഛനുണ്ടായ അനുഭവം അല്പം നാടകീകരിച്ചാണ് പ്രമുദ്യ കഥയെഴുതിയതെന്നു തോന്നുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്‌കൂള്‍ പൂട്ടിയ അച്ഛന്‍ പത്തംഗങ്ങളുള്ള കുടുംബത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണ് ചെയ്തത്. രാപകലില്ലാതെ അദ്ദേഹം പന്തയക്കളരികളില്‍ സമയം കഴിച്ചുകൂട്ടി. കുടുംബം നിരാലംബമായി.

അച്ഛന്റെ ഉത്തമ വിദ്യാഭ്യാസവും ചേര്‍ത്ത് പ്രൈമറി സ്‌കൂള്‍ പൂര്‍ത്തിയാക്കാന്‍ പ്രമുദ്യയ്ക്ക് കഷ്ടിച്ചു സാധിച്ചു. പഠിക്കാന്‍ വളരെ മോശമായിരുന്നു. ആദ്യത്തെ മൂന്ന് ക്ലാസ്സുകള്‍ കടന്നുകിട്ടാന്‍ ആറു വര്‍ഷമെടുത്തു. അദ്ധ്യാപകനായ അച്ഛന് മനഃക്ലേശവും ദേഷ്യവും ഒന്നുപോലെ പകര്‍ന്ന വര്‍ഷങ്ങള്‍. മകന്‍ ഗുണപ്പെടുകയില്ല എന്ന ചിന്തയും അദ്ദേഹത്തില്‍ നിരാശ വളര്‍ത്തിയിരിക്കാം. ഉള്ളില്‍ ഒതുങ്ങിക്കിടന്ന ആദര്‍ശങ്ങളുടെ ചൂടു തട്ടുമ്പോള്‍ ആ പിതൃഹൃദയം മൃദുലമാകും. അപ്പോഴൊക്കെ അദ്ദേഹം മകനേയും കൂട്ടി പാടങ്ങളും പറമ്പുകളും കയറിയിറങ്ങും. അങ്ങനെയുള്ള യാത്രകള്‍ മകന് യഥാര്‍ത്ഥ വിദ്യാഭ്യാസമായി; കാല്‍നട സമയത്താണ് അച്ഛന്‍ നാടന്‍ പാട്ടുകളും പഴങ്കഥകളും പറഞ്ഞുകൊടുത്തതും മകന്‍ അതിന്റെയൊക്കെ പൊരുള്‍ അഭിവാഞ്ഛയോടെ ഹൃദിസ്ഥമാക്കിയതും. ക്ലാസ്സില്‍ 'മലയ'നെങ്കിലും ജന്മസിദ്ധമായ വാസനാശക്തിയിലൂടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാനും ആവിഷ്‌കരിക്കാനുമുള്ള കഴിവ് പ്രമുദ്യയുടെ ഭാവനയില്‍ ഇളംപ്രായത്തില്‍ത്തന്നെ സ്ഥലം പിടിച്ചിരിക്കണം. അച്ഛന്‍ ചൊല്ലിക്കൊടുത്ത പ്രാചീന സാഹിത്യ ശകലങ്ങള്‍ ആ കഴിവിനെ തട്ടിയുണര്‍ത്തി. ക്ലാസ്സിലും വീട്ടിലും വെച്ച് കോപാക്രാന്തനായി തട്ടിക്കയറിയിരുന്ന അച്ഛനില്‍ ഒരു കലാസ്വാദകന്റെ മികച്ച കഴിവുകള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന് കുട്ടിക്കു മനസ്സിലായി. പില്‍ക്കാലത്ത് രചിച്ച നോവലുകളില്‍ എല്ലാം തന്നെ അച്ഛനും മകനും തമ്മിലുള്ള സ്‌നേഹ-ദ്വേഷ ഭാവങ്ങള്‍ ആവര്‍ത്തിച്ചു പ്രതിപാദിച്ചു കാണുന്നുണ്ട്.

പതിന്നാലു വയസ്സായപ്പോള്‍ ഒരുവിധത്തില്‍ പ്രൈമറി കഴിഞ്ഞുകിട്ടി. തുടര്‍ന്നുള്ള വിദ്യാഭ്യാസത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി എന്തെങ്കിലും ജോലിയാകട്ടെ എന്നായി തീരുമാനം. എവിടെക്കിട്ടും ജോലി? ലോകത്തില്‍ ഏറ്റവുമേറെ ജനപ്പെരുപ്പമുള്ള സ്ഥലങ്ങളിലൊന്നാണ് ജാവ. പതിനായിരക്കണക്കിനു ചെറുപ്പക്കാര്‍ പലതരം യോഗ്യതകളുമായി വാതിലുകളില്‍ മുട്ടുന്നതിനിടയില്‍ പ്രൈമറി പാസ്സായ ഒരു പതിന്നാലുകാരന് ആരാണ് പണി കൊടുക്കുക? ആരോ പറഞ്ഞു, കമ്പിത്തപാലും റേഡിയോയും വികസിപ്പിക്കാന്‍ വമ്പിച്ച പദ്ധതികള്‍ തുടങ്ങുന്നുണ്ടെന്നും അല്പസ്വല്പം സാങ്കേതിക കാര്യങ്ങള്‍ കൈവശമാക്കിയാല്‍ ഭേദപ്പെട്ട സര്‍ക്കാര്‍ ജോലികള്‍ കിട്ടുമെന്നും. റേഡിയോയും ടെലഗ്രാഫിയും പഠിക്കാന്‍ പ്രമുദ്യ സുരബായ എന്ന സ്ഥലത്തേക്കു പോയി. രണ്ടു വര്‍ഷത്തോളം എന്തൊക്കെയോ പഠിച്ച ശേഷം ഡച്ചുകാര്‍ സംഘടിപ്പിച്ച ഹോം ഗാര്‍ഡില്‍ ടെലിഗ്രാഫിസ്റ്റായി കടന്നുകിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചു. യോഗ്യതകള്‍ പോരെന്നു കണ്ട അധികൃതര്‍ അപേക്ഷ തള്ളി.

പ്രമുദ്യ അനന്ത തുർ
പ്രമുദ്യ അനന്ത തുർ

ജയിലില്‍ ഉണര്‍ന്ന തൂലിക

ആ നിരാശയുടെ പൊള്ളല്‍ അടങ്ങും മുന്‍പേ ജപ്പാന്‍ കൊടി ഉയരുകയും സ്‌കൂളടച്ച് അച്ഛന്‍ പന്തയക്കുഴിയിലേക്കു ചായുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ പ്രമുദ്യ വട്ടം തിരിഞ്ഞു. എങ്ങനെയെങ്കിലും നാലു കാശുണ്ടാക്കേണ്ട ആവശ്യം മറ്റാവശ്യങ്ങളെ അപ്രസക്തങ്ങളാക്കി. ജാവയിലെ തിങ്ങി ഞെരുങ്ങിയ പട്ടണങ്ങളില്‍ പണിയില്ലാതെ വലയുന്ന അങ്ങാടിപ്പിള്ളേരുടെ സ്ഥിരം വേലകളിലൊന്ന് സിഗരറ്റു വില്‍പ്പനയാണ്. അതായിരുന്നു പ്രമുദ്യയുടെ അടുത്ത പരിപാടി. ചില സ്‌നേഹിതന്മാരുടെ സഹായത്തോടെ ബ്ലോറയില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ ദൂരെയുള്ള ചെപ്പു എന്ന സ്ഥലത്ത് ചെറുതരം സിഗരറ്റു കച്ചവടത്തില്‍ക്കൂടെ കുടുംബം പുലര്‍ത്താനുള്ള ശ്രമം നടന്നു.

പക്ഷേ, ആ ചുമതലാബോധം നശിപ്പിക്കാന്‍ ചില്ലറ പ്രലോഭനം മതിയായിരുന്നു. അമ്മ കിടപ്പായി. രോഗം ഗുരുതരമായതോടെ വല്യമ്മ അവരുടെ സ്ഥലത്തുനിന്ന് ബ്ലോറയിലെ വീട്ടിലേയ്ക്കു താമസം മാറ്റി. അമ്മയെ നോക്കാന്‍ ഒരാളുണ്ടായത് ആശ്വാസമായെങ്കിലും പ്രമുദ്യയും വല്യമ്മയും തമ്മില്‍ തീരെ സ്വരച്ചേര്‍ച്ചയില്ലായിരുന്നു. സിഗരറ്റു വില്‍പ്പന കഴിഞ്ഞ് അല്പസ്വല്പം കാശുമായി വീട്ടില്‍ വന്നാല്‍ വഴക്കിനും തര്‍ക്കത്തിനും മാത്രമേ സമയമുള്ളെന്നായി. ഒരു നാള്‍ സഹികെട്ട്, രൂക്ഷമായ ഒരു വാക്കുതര്‍ക്കത്തിനുശേഷം, പ്രമുദ്യ വീടുവിട്ടിറങ്ങി. സിഗരറ്റു മാടത്തിലും തെരുവിലുമായി ജീവിതം. ദിവസങ്ങള്‍ക്കകം അമ്മ മരിച്ചു. പിന്നെ വീട്ടിലേയ്ക്കു മടങ്ങണമെന്ന ചിന്തപോലും പതിനേഴു വയസ്സായ പ്രമുദ്യയുടെ മനസ്സില്‍ അവശേഷിച്ചില്ല.

അമ്മ മരിച്ചപ്പോള്‍ സിഗരറ്റു കടയും നിര്‍ത്തി നേരെ തലസ്ഥാന നഗരിയിലേയ്ക്ക് യാത്രയായി. കഴമ്പുള്ള എന്തെങ്കിലും ജോലി കൈവശപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തോടെയാണ് ജക്കാര്‍ത്തയിലെത്തിയത്. വിജയശ്രീലാളിതരായ ജപ്പാന്‍ പട്ടാളം അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുകിട്ടുവാന്‍ പോന്ന ഒരു ഭരണയന്ത്രം സ്വരൂപിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ഒരു പ്രധാന ഘടകം ദോ-മേ എന്ന പേരില്‍ നടത്തിയ ജപ്പാന്‍ വാര്‍ത്താവിനിമയ കേന്ദ്രമായിരുന്നു. ഇന്‍ഡൊനേഷ്യന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ചെറുപ്പക്കാരെ ദോ-മേയ്ക്കാവശ്യമായിരുന്നു. 1942 ജൂലായില്‍ പ്രമുദ്യ ദോ-മേ ആഫീസില്‍ എഴുത്തുകാരനായി കയറിക്കൂടി. 1945 ജൂലായ് വരെ ആ ഉദ്യോഗത്തില്‍ തുടര്‍ന്നു.

പതിനേഴാം വയസ്സു മുതല്‍ ഇരുപതുവരെ കൃത്യമായി നടന്ന ജപ്പാന്‍ വാര്‍ത്തയെഴുത്തായിരുന്നു പ്രമുദ്യയുടെ ജീവിതചര്യ ആദ്യമായി ക്രമവല്‍ക്കരിച്ചത്. റേഡിയോ പണിയും സിഗററ്റു വില്‍പ്പനയുമല്ലാതെ തനിക്കെന്തൊക്കെയോ ചെയ്യാന്‍ കഴിയുമെന്നുള്ള ധാരണ ആ കാലയളവിലാണുണ്ടായത്. ജപ്പാന്‍ സൈന്യത്തിന്റെ പ്രചാരണമായിരുന്നു വിഷയമെങ്കിലും എഴുതാനുള്ള സന്ദര്‍ഭം ആദ്യമായി ദോ-മേ വേല സൗകര്യപ്പെടുത്തി. ശരിയായ വിദ്യാഭ്യാസമില്ലാതെ വളര്‍ന്ന ചെറുപ്പക്കാരന് അങ്ങനെയൊരു സന്ദര്‍ഭം ഒരു പുതിയ ലോകത്തിന്റെ നേര്‍ക്കുള്ള കണ്ണു തുറക്കലായിരുന്നു. വാക്കുകള്‍ തനിക്കു വശമാണെന്നതുതന്നെ ആ 'പ്രൈമറി സ്‌കൂള്‍ ബിരുദധാരി'ക്ക് ഒരു വെളിപാടായിരുന്നിരിക്കണം. അവ ശരിക്കു പ്രയോഗിക്കാനുള്ള ത്രാണി ജന്മസിദ്ധമായി തന്നില്‍ കുടിയിരിക്കുന്നുവെന്നു കൂടി ജപ്പാനുവേണ്ടിയുള്ള ജേര്‍ണലിസത്തിനിടയില്‍ മനസ്സിലായി. ആ കണ്ടറിയല്‍ ഉളവാക്കിയ സുഖം ഉള്ളില്‍ ഉറഞ്ഞുകൂടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ജപ്പാന്‍ അടിയറവു പറയുകയും ദോ-മേ അപ്രത്യക്ഷമാവുകയും ചെയ്തു. പ്രമുദ്യ വീണ്ടും തൊഴില്‍രഹിതനായെങ്കിലും മൂന്നു കൊല്ലത്തെ എഴുത്തു പരിചയം എന്ന അമൂല്യസമ്പാദ്യം കൈമുതലായിക്കിട്ടി.

തിളച്ചുമറിയുന്ന രാഷ്ട്രീയസന്ധി അതിന്റേതായ അവസരങ്ങളും സൃഷ്ടിച്ചു. ജപ്പാന്‍ പിന്മാറിയ തക്കം നോക്കി സുക്കാര്‍ണോ സ്വാതന്ത്ര്യം വിളംബരം ചെയ്തു. ഡച്ചു സാമ്രാജ്യവാദികള്‍ (പഴയ) കൊളനിയിന്മേല്‍ അധികാരവും പറഞ്ഞ് വീണ്ടും രംഗത്തു വന്നു. അരാജകത്വവും വിപ്ലവവും കൊള്ളയും കൊലയും കൊണ്ട് നാട് പൊട്ടിത്തെറിച്ചു. അഭിമാനവും അഭിലാഷങ്ങളും ഉള്ള ഓരോ ഇന്‍ഡൊനേഷ്യക്കാരനും സമരത്തിലേര്‍പ്പെട്ടു. അനിയന്ത്രിതമായ കലാപത്തിന്റെ കെടുതികള്‍ കൊണ്ട് മനം കലങ്ങിയ പ്രമുദ്യ ഒരു പൗര രക്ഷാസമിതിയിലാണ് അംഗമായി ചേര്‍ന്നത്. പ്രതിരോധ പരിപാടികളിലും ഒളിയുദ്ധത്തിലും പ്രഥമശുശ്രൂഷകളിലും സമിതിയംഗങ്ങള്‍ വ്യാപൃതരായി. താമസിയാതെ സമിതി ഇന്‍ഡൊനേഷ്യയില്‍ പുതുതായി സംഘടിതമായിക്കൊണ്ടിരുന്ന ദേശീയ സൈന്യത്തിന്റെ ഭാഗമായി. ജപ്പാന്‍ പട്ടാളത്തിനുവേണ്ടി വാര്‍ത്താവിനിമയത്തില്‍ പരിചയം സമ്പാദിച്ചിരുന്ന പ്രമുദ്യ ഇപ്പോള്‍ ഇന്‍ഡൊനേഷ്യന്‍ സേനയുടെ വൃത്താന്ത വിഭാഗത്തിലെ എണ്ണപ്പെട്ട ഉദ്യോഗസ്ഥനായി; സെക്കന്‍ഡ് ലെഫ്റ്റനന്റ് നിലവരെ ഉയര്‍ന്നു. ചില സംഘട്ടനങ്ങളില്‍ നേരിട്ടു പങ്കെടുക്കാനും അങ്ങനെ യുദ്ധത്തിന്റെ രുചി അനുഭവിച്ചറിയാനും തരപ്പെട്ടു.

സുക്കാർണോ
സുക്കാർണോ

വിപ്ലവത്തിന്റെ അവസാനം വരെ പോര്‍ക്കളത്തില്‍ കഴിച്ചുകൂട്ടുവാന്‍ പ്രമുദ്യയ്ക്കു സാധിച്ചില്ല. ഇന്‍ഡൊനേഷ്യന്‍ സൈന്യം പുനഃസംഘടിപ്പിച്ചപ്പോള്‍ സിവിലയന്മാരെ മറ്റു പണികളിലേയ്ക്കു മാറ്റി. സ്വതന്ത്ര ഇന്‍ഡൊനേഷ്യയുടെ വാനൊലി (വോയ്‌സ് ഒഫ് ഫ്രീ ഇന്‍ഡൊനേഷ്യ) എന്ന പ്രചരണ വിഭാഗത്തിലായി പ്രമുദ്യ. അപ്പോഴാണ് 1947-ല്‍ ഒരു ഏറ്റുമുട്ടലില്‍ ഡച്ചു ഭടന്മാരുടെ പിടിയില്‍ വീഴാനുള്ള ഭാഗ്യദോഷം അദ്ദേഹത്തിനുണ്ടായത്. ഡച്ചുകാര്‍ക്കെതിരായ ലഘുലേഖകളും മറ്റു പ്രചാരണ സാമഗ്രികളും കൈവശമുണ്ടായിരുന്ന പ്രമുദ്യയെ അവര്‍ വേണ്ടുവോളം മര്‍ദ്ദിച്ചു. മൃഗീയമായ ആ ജയില്‍വാസം രണ്ടരക്കൊല്ലം നീണ്ടുനിന്നു. വിപ്ലവം വിജയിച്ച 1949 ഡിസംബറിലാണ് പ്രമുദ്യ മോചിതനായത്.

പക്ഷേ, അതിനിടയില്‍ അധികമാരും അറിയാതെ ദോ-മേ കാലത്തു തട്ടിയുണര്‍ത്തപ്പെട്ട ഭാവന പുഷ്പിക്കാന്‍ തുടങ്ങിയിരുന്നു. ഡച്ചു ജയിലില്‍ വീണ പ്രമുദ്യ, ദേഹോപദ്രവങ്ങള്‍ക്കിടയില്‍, അന്നാദ്യമായി സാഹിത്യത്തിലേക്കു തിരിഞ്ഞു. കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹത്തിന്റെ തൂലിക പെറുക്കിയെടുത്ത് കലാസൃഷ്ടികളാക്കിയത്. ജപ്പാന്‍ ഭരണകാലത്ത് നാട്ടുകാരുമായി നടന്ന വടംവലികള്‍, പട്ടാളവാഴ്ചയെ എതിര്‍ത്തവര്‍ക്കും സഹായിച്ചവര്‍ക്കും ഉണ്ടായ വിവിധ അനുഭവങ്ങള്‍, അവയിലൂടെ മുന്നേറുകയും ചിലപ്പോള്‍ പതറിപ്പോവുകയും ചെയ്ത ജീവിതങ്ങള്‍, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍, സ്വന്തം അച്ഛന്റെ വൈചിത്ര്യമാര്‍ന്ന സ്വഭാവം മുതല്‍ വിദേശീയര്‍ക്കെതിരായ ഗറില്ലാ യുദ്ധത്തിന്റെ നാനാവശങ്ങള്‍ വരെ എഴുതാനുള്ള വിഷയങ്ങള്‍ ആ ഭാവനയില്‍ കുന്നുകൂടിയിരുന്നു. ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ കേവലം ഇരുപത്തിരണ്ടു വയസ്സുമാത്രമായിരുന്നു പ്രായമെങ്കിലും അതില്‍ വളരെക്കവിഞ്ഞ അനുഭവസമ്പത്തിന്റെ ഉടമയായിരുന്നു പ്രമുദ്യ. അനുഗൃഹീതമായ സര്‍ഗ്ഗശക്തിക്ക് പിന്നെയൊന്നും ആവശ്യമായിരുന്നില്ല. ഇരുപത്തിനാലാം വയസ്സില്‍ തടവില്‍നിന്നു പുറത്തിറങ്ങിയ പ്രമുദ്യ ഒരു പറ്റം ചെറുകഥകളുടേയും രണ്ട് ശ്രദ്ധേയമായ നോവലുകളുടേയും കര്‍ത്താവായി കഴിഞ്ഞിരുന്നു. പുതിയ രാഷ്ട്രത്തോടൊപ്പം ഒരു പുതിയ സാഹിത്യയുഗവും ഉദിച്ചു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com