നൊബേല്‍ ഫലകത്തില്‍ രക്തക്കറ

എത്യോ പ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നിപ്പോള്‍ എരിത്രിയയിലെ പാവങ്ങള്‍ക്കുനേരെ വീണ്ടും പട്ടാള ടാങ്കുകള്‍ ഉരുണ്ടിരിക്കുന്നു
നൊബേല്‍ ഫലകത്തില്‍ രക്തക്കറ

സൗദി അറേബ്യയുടെ കവാടനഗരമെന്നറിയപ്പെടുന്ന ജിദ്ദയിലെ തുറമുഖത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ പണ്ട് ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ കോളനിപോലെ അടുത്തടുത്ത കൊച്ചുവീടുകളില്‍ താമസിച്ചിരുന്നു. കഠിനമായി കൂലിവേല ചെയ്ത് ജീവിക്കുന്ന അധ്വാനികളായ പുരുഷന്മാര്‍. ചിലര്‍ക്കൊപ്പം നിഷ്‌കളങ്കരായ അവരുടെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. പൊതുവെ 'തക്കറോണികള്‍' എന്നാണ് ഏഷ്യക്കാരും മറ്റുള്ളവരും അവരെ വിളിച്ചുപോന്നിരുന്നത്. പിന്നീടാണ് തക്കറോണികള്‍ എന്ന സംജ്ഞ, എരിത്രിയ എന്ന രാജ്യക്കാരുടെ ഭാഷയായ 'തക്രീഞ്ഞി'യില്‍നിന്നുണ്ടായതെന്നു മനസ്സിലായത്. തക്രീഞ്ഞി സംസാരിക്കുന്നവര്‍ തക്കറോണികള്‍. എരിത്രിയക്കാരും അയല്‍നാടായ എത്യോപ്യക്കാരുമായിരുന്നു ഈ കോളനിജീവിതം നയിച്ചവരില്‍ ഭൂരിപക്ഷവും. എത്യോപക്കാരോടും എരിത്രിയക്കാരോടുമൊപ്പം ഇടപഴകാനും പിന്നീട് അവരില്‍ ചിലരെ അടുത്ത സുഹൃത്തുക്കളാക്കാനും എനിക്കു കഴിഞ്ഞു.

പിന്നീടൊരിക്കല്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ പോയപ്പോള്‍ എരിത്രിയന്‍ തലസ്ഥാനമായ അസ്മാറയില്‍നിന്നുള്ള ത്വല്‍ഹത്ത് എന്നയാളായിരുന്നു എന്റെ ഗൈഡ്. ഇതൊക്കെ പഴയ കഥ. 

ഏറെക്കാലം നീണ്ടുനിന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചുവെന്ന ഖ്യാതി നേടിയ എത്യോ പ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നിപ്പോള്‍ എരിത്രിയയിലെ പാവങ്ങള്‍ക്കുനേരെ വീണ്ടും പട്ടാള ടാങ്കുകള്‍ ഉരുണ്ടിരിക്കുന്നു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ആളാണ് അബി അഹമ്മദലി.

കലാപകലുഷിതമായ എരിത്രിയ
കലാപകലുഷിതമായ എരിത്രിയ

നിരവധി എരിത്രിയന്‍ പൗരന്മാര്‍ എത്യോ പ്യന്‍ ആക്രമണത്തില്‍, ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം ടിഗ്രേയ് മേഖലയില്‍ (ടിഗ്രേയ് പ്രവിശ്യയിലുള്ളവരാണ് തക്രീഞ്ഞി സംസാരിക്കുന്നത്) മരിച്ചുവീണിരിക്കുന്നു. ഏറെയും സ്ത്രീകളും കുട്ടികളും. നോര്‍വീജിയന്‍ നൊബേല്‍ സമിതി അദ്ധ്യക്ഷന്‍ ബെറിറ്റ് റെയ്‌സ് ആന്റേഴ്‌സന്റെ ഏറ്റവും പുതിയ പ്രസ്താവന: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അബി അഹമ്മദലിക്ക് എരിത്രിയയിലെ മനുഷ്യരുടെ ഈ രക്തത്തില്‍ പങ്കുണ്ട്. 2020 നവംബറില്‍ ടിഗ്രേയ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രന്റിന്റെ (ടി.പി.എല്‍.എഫ്) പോരാളികള്‍ ഫെഡറല്‍ സൈനിക ക്യാമ്പില്‍ കയ്യേറ്റം നടത്തിയതിനു പ്രതികാരമായാണ് സിവിലിയന്മാര്‍ക്കു നേരെ അബി അഹമ്മദലിയുടെ എത്യോപ്യന്‍ പട്ടാളം, ഡ്രോണ്‍ ആക്രമണമുള്‍പ്പെടെയുള്ള അപ്രതീക്ഷിത തിരിച്ചടി നടത്തിയത്. ഐക്യരാഷ്ട്രസഭയുടേയും ലോകരാജ്യങ്ങളുടേയും അഭ്യര്‍ത്ഥന അവഗണിച്ച് ഇപ്പോഴും തുടരുന്ന പ്രതികാരത്തിലൂടെ കുഞ്ഞുങ്ങളുള്‍പ്പെടെ നൂറുകണക്കിനു മനുഷ്യരെ കൊന്നൊടുക്കുന്ന കശാപ്പുകാരനായി മാറിയിരിക്കുന്നു, അബി അഹമ്മദലി. 

അശാന്തിയുടെ നഗരം

ചെങ്കടലോരത്തെ ശാന്തനഗരമായിരുന്ന എരിത്രിയയുടെ അതിരുകള്‍ കൊടിയ സംഘര്‍ഷത്തില്‍ എരിപൊരികൊള്ളുന്നു. പതിനായിരങ്ങള്‍ക്കാണ് വീടില്ലാതായത്. അനാഥകളേയും വിധവകളേയും കൊണ്ട് ആ മേഖലയിലെ ജനങ്ങളത്രയും അയല്‍രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്തു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിശന്നുപൊരിയുന്ന കുട്ടികള്‍, യു.എന്‍ സേനയുടെ ഭക്ഷണപ്പൊതികള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കുന്ന കാഴ്ച. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ക്കുമേല്‍ ആഫ്രിക്കന്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങള്‍. സമാധാനത്തിന്റെ ചിഹ്നം കൊത്തിവെച്ച അബി അഹമ്മദലിയുടെ മെമന്റോയില്‍ രക്തത്തുള്ളികള്‍ വീണിരിക്കുന്നു. അതെ, ആ കൈകളില്‍ പാപക്കറ പുരണ്ടിരിക്കുന്നു.

***** 

അബി അഹമ്മദലി
അബി അഹമ്മദലി

2018 ഏപ്രില്‍ രണ്ടിന് എത്യോപ്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കവെ, ഇടം കയ്യില്‍ ബൈബിളും വലംകയ്യില്‍ ഖുര്‍ആനുമേന്തി, അബി അഹമ്മദ് അലി അഭ്യര്‍ത്ഥിച്ചു: തിരുവചനങ്ങള്‍ സാക്ഷി, മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാനുള്ള എന്റെ പരിശ്രമങ്ങള്‍ക്ക് ആഫ്രിക്കയുടെ മുഴുവന്‍ പിന്തുണയുമുണ്ടാകണം.

പൊള്ളയായ വാക്കുകള്‍. അതത്രയും ജലരേഖയായിരിക്കുന്നു, ഇപ്പോള്‍. 

എരിത്രിയയുമായി വര്‍ഷങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷത്തിന്റെ വെടിയൊച്ചകള്‍ക്ക് വിരാമം കുറിക്കാന്‍ എത്യോപ്യയുടെ പുതിയ പ്രധാനമന്ത്രിക്കു സാധിക്കാതെ പോയി.

മുസ്ലിം പിതാവിന്റേയും ക്രിസ്ത്യന്‍ മാതാവിന്റേയും മകനായിപ്പിറന്ന, സൈന്യത്തില്‍ സൈബര്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന അബി അഹമ്മദ് കലാപകലുഷിതമായ എത്യോപ്യന്‍ ജീവിതത്തെ സമാധാനത്തിലേക്ക് നയിക്കുകയെന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടിയിരിക്കുന്നുവെന്നു മാത്രമല്ല, കുരുതിയില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്തിരിക്കുന്നു. 

അബി അഹമ്മദലിയുടെ മുന്‍ഗാമി ഹെയ്ലി മരിയം ദേസാലേന്റെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സതേണ്‍ എത്യോപ്യന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് മൂവ്മെന്റിന്റേയോ പേര് ഉച്ചത്തില്‍ ഉരിയാടാന്‍പോലും സാധാരണ ജനങ്ങള്‍ ധൈര്യപ്പെടാതിരുന്ന ആ ദിവസം, എത്യോപ്യന്‍ യാത്രയ്ക്കുശേഷം അഡിസ് അബാബയിലെ ബോലെ എയര്‍പോര്‍ട്ടിലേക്ക് തിരികെ വരികയായിരുന്ന ഞാന്‍ എരിത്രിയക്കാരനായ ക്യാബ് ഡ്രൈവറോട് ചോദിച്ചു: എരിത്രിയയുമായുള്ള യുദ്ധം എന്നെങ്കിലും തീരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ?
തീരും, ഹെയ്ലി മരിയം പുറത്തു പോകണം...

പൊടുന്നനെ, താന്‍ പറഞ്ഞത് അബദ്ധമായോ എന്നു കരുതിയാവണം, പിന്നീടുള്ള ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ, കാറിനകത്ത് മുഴങ്ങിയ അറബിപ്പാട്ടിന്റെ ശബ്ദം അല്പം കൂട്ടി, അയാള്‍ നിശബ്ദമായി ചിരിച്ചു.

ഞാന്‍ സൗദിയില്‍നിന്ന് എത്യോപ്യ കാണാന്‍ വന്നതാണെന്നതുകൊണ്ടായിരിക്കണം, അറബിപ്പാട്ട് വെച്ചതെന്നു തോന്നി.

ആമിര്‍ എന്നു പേരുള്ള ഈ ഡ്രൈവറെപ്പോലെ നിരവധി എത്യോപ്യന്‍ - എരിത്രിയന്‍ മുഖങ്ങള്‍, സൗദി ജീവിതത്തില്‍ പരിചിതരും ചിലരൊക്കെ സുഹൃത്തുക്കളുമായി എനിക്കുണ്ട്. ജിദ്ദാ നഗരത്തിലെ പല കേന്ദ്രങ്ങളിലും എത്യോപ്യക്കാരും എരിത്രിയക്കാരും സമാധാനത്തോടെ ഒറ്റയായും കൂട്ടമായും ജീവിക്കുന്ന ഇടങ്ങളുമുണ്ട്. ഹബ്ഷി എന്നാണ് അറബിയില്‍ എത്യോപ്യക്കാരും എരിത്രിയക്കാരും അറിയപ്പെടുക. പ്രജ്ഞയുടെ അദൃശ്യപാളികളിലേക്ക് ബാങ്ക് വിളിയിലൂടെ ആദ്യമായി ആത്മീയ ഉണര്‍വ്വിന്റെ സ്വരസ്‌നാനം നിര്‍വ്വഹിച്ച ഹസ്രത്ത് ബിലാല്‍ എത്യോപ്യക്കാരനായിരുന്നു. ഓരോ എത്യോപ്യക്കാരനും പിന്നീട് എത്യോപ്യയില്‍നിന്നു വിഭജിച്ചുപോയ എരിത്രിയക്കാരനും ബിലാലിന്റെ പേര് പറയുന്നത് ഏറെ അഭിമാനത്തോടെയാണ്. മക്കയില്‍ ജീവിച്ചു മരിച്ച ബിലാല്‍ ബിന്‍ റബാഹിന്റെ പിന്തുടര്‍ച്ചക്കാരായി ഏറെപ്പേരുണ്ട്, മക്കയിലും മദീനയിലും.

ഹെയ്ലി സലാസി
ഹെയ്ലി സലാസി

ഹെയ്ലി സലാസിയുടെ നാട്ടിലേക്ക് നൊബേല്‍

ഹബ്ഷി എന്ന അറബിനാമത്തില്‍ നിന്നാകണം, അബ്സീനിയ എന്ന പദമുണ്ടായത്. എത്യോപ്യക്കാരെ അബ്സീനിയക്കാര്‍ എന്നും വിളിക്കാറുണ്ട്. ഇറ്റാലിയന്‍ കോളനിയായിരുന്ന, ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന എത്യോപ്യയുടെ എതിരില്ലാത്ത നേതാവ് എന്നറിയപ്പെടുന്ന ചക്രവര്‍ത്തി ഹെയ്ലി സലാസിയുടെ നാട്ടിലേക്കാണ് 2019-ലെ സമാധാന നൊബേല്‍ എത്തിയത് എന്നതും ചരിത്രത്തിന്റെ ചമല്‍ക്കാരമില്ലാത്തൊരു കൗതുകമാവണം. 1930-ല്‍ അഡിസ് അബാബയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ രാജ്യാധികാരത്തിന്റെ കിരീടം ചൂടിയ ഹെയ്ലി സലാസി കിംഗ് ഓഫ് കിംഗ്സ് (രാജാധിരാജന്‍) എന്നാണ് അറിയപ്പെട്ടത്. രാഷ്ട്രനേതാക്കളേറെയും പങ്കെടുത്ത ചടങ്ങില്‍ ഹെയ്ലി സലാസിക്കു ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന പാരിതോഷികങ്ങളായിരുന്നുവത്രേ. അന്ന് പങ്കെടുക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പിന് പൂര്‍ണ്ണമായും സ്വര്‍ണ്ണത്തകിടില്‍ നിര്‍മ്മിച്ച ബൈബിളാണ് ഹെയ്ലി സലാസി സമ്മാനമായി കൊടുത്തയച്ചതെന്നതും ചരിത്രം. പക്ഷേ, അഞ്ചു വര്‍ഷമായപ്പോഴേക്കും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. മുസ്സോളിനിയും ഫാസിസവുമൊക്കെ ആഫ്രിക്കന്‍ ചരിത്രത്തിന്റെ പദസംഘാതങ്ങളിലേക്ക് പിച്ച വച്ചെത്തുകയായിരുന്നു. ഇറ്റാലോ - അബിസീനിയ യുദ്ധമെന്ന് രേഖപ്പെടുത്തപ്പെട്ട സംഘര്‍ഷം. 1935-ല്‍ ഇറ്റാലിയന്‍ ഇംപീരിയലിസത്തിന്റെ നുകം എത്യോപ്യയുടെ കഴുത്തില്‍ വീണു. (ജിദ്ദയിലെ എന്റെ സുഹൃത്ത് സൗദി കോള്‍ഡ് സ്റ്റോറേജ് മാനേജരായ എത്യോ പ്യക്കാരന്‍ ഇബ്രാഹിം നന്നായി ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നതു കണ്ട് ആദ്യകാലങ്ങളില്‍ എനിക്ക് അത്ഭുതമായിരുന്നു. ഇന്ത്യക്കാരനാണ് ഇബ്രാഹിമിനെ അഡിസ് അബാബയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചത്. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകനായ എന്റെ മറ്റൊരു സുഹൃത്ത് എറണാകുളത്തുകാരനായ മരിയാദാസാകട്ടെ, മനോഹരമായി എത്യോപ്യയുടെ മാതൃഭാഷ- അംഹാറിക് സംസാരിക്കുന്നു! ഏറെക്കാലം മരിയാദാസ് എത്യോപ്യയില്‍ അദ്ധ്യാപകനായിരുന്നു).

പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും നന്നായി അംഹാറിക് ഭാഷ കൈകാര്യം ചെയ്തിരുന്നയാളാണ്. ഏറെക്കാലം എത്യോപ്യയില്‍ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഹെയ്ലി സലാസിക്ക് ഏറെ വാത്സല്യമായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസിനെ. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശമനുസരിച്ച് തിരുമേനി എത്യോപ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായി ഏറെനാള്‍ സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍, ഒക്കല്‍ഹോമ എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തെ തുടര്‍പഠനത്തിനയച്ചത് ഹെയ്ലി സലാസിയായിരുന്നു. ഡെന്‍വര്‍ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസ്. ഇറ്റലി-എത്യോപ്യന്‍ യുദ്ധത്തില്‍ ഇറ്റലിയുടെ രാസായുധപ്രയോഗത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധിച്ചു. ഇറ്റലി വിട്ടുപോയെങ്കിലും ദാരിദ്ര്യവും ക്ലേശവും ആ രാജ്യത്തെ ചൂഴ്ന്നു നിന്നു. ഹെയ്ലി സലാസിയുടെ ക്രൂരത പത്തിവിടര്‍ത്തി. വിമതശബ്ദമുയര്‍ത്തിയവരെ അദ്ദേഹം അതിനിഷ്ഠുരമായി അടിച്ചമര്‍ത്തി. ഹരാരി വിഭാഗക്കാരായ എത്യോപ്യന്‍ ജനങ്ങളെ സൈന്യം കൂട്ടക്കൊല ചെയ്തു. പത്ത് ലക്ഷം അനുയായികളുടെ - റസ്റ്റഫാരി പ്രസ്ഥാനം - നേതാവ് എന്നു സ്വയം വാഴ്ത്തിയ ഹെയ്ലി സലാസി, സ്വയം മിശിഹയായി കൊണ്ടാടപ്പെടുകയായിരുന്നു. മുപ്പതുകളില്‍ ജമൈക്കയില്‍നിന്നായിരുന്നു റസ്റ്റഫാരി മൂവ്മെന്റ് ഉരുള്‍പൊട്ടി എത്യോപ്യയിലേക്കെത്തിയത്. ലോകസമാധാനമെന്നത് ഏട്ടിലെ പശുവായി. 1973 ആയപ്പോഴേക്ക് എത്യോപ്യ കൊടുംപട്ടിണിയിലായി. നൈജീരിയയില്‍നിന്നു വേറിട്ടുപോയ ബയാഫ്ര കഴിഞ്ഞാല്‍ വിശപ്പുകൊണ്ട് മനുഷ്യര്‍ മരിച്ചുവീഴുന്ന രാജ്യമായി മാറി എത്യോപ്യ. ഹെയ്ലി സലാസിയുടെ രാജാധിപത്യത്തിന്റെ ഹംസഗാനം മുഴങ്ങുകയായിരുന്നു. വിശന്നു പൊരിഞ്ഞ മനുഷ്യരുടെ പോരാട്ടത്തിനു മുന്നില്‍ ഹെയ്ലി സലാസിക്കു പിടിച്ചുനില്‍ക്കാനായില്ല. ചരിത്രത്തിലെ എല്ലാ ഏകാധിപതികളേയും പോലെ സലാസിയും ദുരന്തപൂര്‍ണ്ണമായി അവസാനിക്കുകയായിരുന്നു.

പട്ടാളം ഭരിക്കുന്ന നാട്
പട്ടാളം ഭരിക്കുന്ന നാട്

ജനരോഷത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്ന ഈ രാജാധിരാജന്‍, തെരുവ് യാചകനേക്കാള്‍ ദൈന്യമായി 1975 ഓഗസ്റ്റ് 27-ന് 83-ാം വയസ്സില്‍ സ്വയംഹത്യയുടെ കുരുക്ക് മുറുകി ഒടുങ്ങിപ്പോയി. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തിന്റെ മുടിചൂടാമന്നന്‍, അയാളുടെ നൃശംസതയ്‌ക്കൊപ്പം മണ്ണടിയുകയായിരുന്നു.

സോവ്യറ്റ് യൂണിയന്റെ ആശ്രിതരാജ്യമായി എത്യോപ്യ കഴിയുന്നതിനിടെ വംശീയ കലാപങ്ങളുടെ കുരുതിക്കാറ്റടിച്ച് രാജ്യം വീണ്ടും ഛിന്നഭിന്നമായി. സൈനികനായിരുന്ന മെംഗിസ്റ്റു ഹെയ്ലി മരിയം അധികാരമേറ്റതോടെ അയല്‍രാജ്യമായ എരിത്രിയയുമായുള്ള സംഘട്ടനം അതിന്റെ പരകോടിയിലെത്തി.

അബി അഹമ്മദലിയുടെ മുന്‍ഗാമികളുടെ കാലത്തെ വംശീയ ലഹളയുടെ ബാക്കിപത്രമായി ഏകദേശം 80,000 മനുഷ്യര്‍ക്ക് ജീവഹാനി നേരിട്ടു. 29 ലക്ഷം പേര്‍ വീടില്ലാത്തവരായി മാറി. അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നതിനിടെ അഭയാര്‍ത്ഥികളൊഴുകിപ്പോയി. ചെങ്കടലില്‍ വീണ് കുഞ്ഞുങ്ങളുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു.

ബിഷപ് പൗലോസ് മാർ ​ഗ്രി​ഗോറിയോസ്
ബിഷപ് പൗലോസ് മാർ ​ഗ്രി​ഗോറിയോസ്

പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങ്. കലയ്ക്കും കവിതയ്ക്കും കൊലയറയൊരുക്കി. നൂറുകണക്കിനു സ്വദേശികളും വിദേശികളുമായ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ചു. എണ്‍പതോളം വംശീയ ഗ്രൂപ്പുകളുടെ ചേരിപ്പോരില്‍ രാജ്യം അതിദയനീയമായി ആടിയുലഞ്ഞു. പ്രധാന ഗ്രൂപ്പുകളായ ഒറോമിയ, അംഹാറ സംഘട്ടനമാണ് വന്‍തോതിലുള്ള വംശഹത്യയുടെ വക്കിലെത്തിച്ചത്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പക്ഷേ, ജനം പകവീട്ടി.

എത്യോപ്യന്‍ പീപ്പിള്‍സ് റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രന്റ് (ഇ.പി.ആര്‍.ഡി.എഫ്) എന്ന മുന്നണിക്കു വന്‍ ഭൂരിപക്ഷം. സ്ഥിരമായി ജിംനേഷ്യത്തില്‍ പോകാറുള്ള, ശരീരസൗന്ദര്യത്തില്‍ ശ്രദ്ധാലുവായ അബി അഹമ്മദലി എത്യോപ്യന്‍ രഹസ്യപ്പൊലീസിലെ സുന്ദരനായ സൈബര്‍ വിദഗ്ദ്ധനുമായിരുന്നു. പക്ഷേ, അധികാരം കിട്ടിയപ്പോള്‍, ഒറോമ വിഭാഗക്കാരനായ അബി അഹമ്മദലിയുടെ പാര്‍ട്ടിയുള്‍പ്പെടുന്ന ഈ മുന്നണി 180-ല്‍ 108 സീറ്റ് കരസ്ഥമാക്കി. ഹെയ്ലി മരിയത്തിനെതിരെ ആള്‍ക്കൂട്ടം ആര്‍ത്തിരമ്പി. പാര്‍ട്ടി ചെയര്‍മാനും പ്രധാനമന്ത്രിയുമായി അബി അഹമ്മദലി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു.

2018 ജൂണില്‍ നടന്ന റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍നിന്ന് പ്രധാനമന്ത്രി അബി അഹമ്മദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ തലേ വര്‍ഷവും വധശ്രമത്തില്‍നിന്നു ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടുകയായിരുന്നു അബി.

ഹെയ്ലി മരിയം 
ഹെയ്ലി മരിയം 

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് എന്നു സ്വയം അവകാശവാദമുന്നയിക്കുന്ന മുന്‍ പ്രധാനമന്ത്രി മെംഗിസ്റ്റു ഹെയ്ലെ മരിയത്തെ നേരിടാന്‍ എരിത്രിയക്കാരുടെ മാതൃഭാഷയായ തക്രീഞ്ഞി പഠിച്ചുകൊണ്ടാണ് അബി അഹമ്മദലി, അവിടത്തെ ജനങ്ങളോട് സംവദിച്ചത്. അധികാരമേറ്റ ഉടന്‍ ചെങ്കടല്‍ത്തീരത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തിലുള്ള ആയിരം കിലോമീറ്റര്‍ തര്‍ക്ക സ്ഥലം സംബന്ധിച്ച് എരിത്രിയയുമായി ഉടമ്പടി ഒപ്പുവെച്ചതിന്റെ മഷിയുണങ്ങും മുന്‍പാണ് ടിഗ്രേയ് മേഖലയിലേക്ക് അബി അഹമ്മദലിയുടെ പട്ടാളം അഗ്‌നി വര്‍ഷിക്കുന്ന ടാങ്കുകള്‍ പായിച്ചതെന്നത്, ആഫ്രിക്കന്‍ ഭൂപടത്തില്‍ വീണ കണ്ണീര്‍ത്തുള്ളിപോലെയുള്ള ഈ കൊച്ചുരാജ്യത്തിന്റെ ദുര്‍വ്വിധിയാകണം. സമാധാനം എത്ര അകലെയെന്ന് സമാധാന നൊബേലിനെ അസംബന്ധത്തിലാക്കിയവര്‍ക്കൊരു അടയാളവുമാകാമിത്.

മിസൈലുകളുടെ തീമഴയേറ്റ് അര്‍ദ്ധപ്രാണരായവര്‍ക്കൊപ്പം, പൂക്കുറ്റിപോലെ പൊട്ടിച്ചിതറിയ ഷെല്ലുകള്‍ ശിരസ്സില്‍ പതിച്ച് മരണത്തിലേക്ക് കൂപ്പുകുത്തിയ പാവം മനുഷ്യരുടെ അസ്ഥികൂടങ്ങളും മണ്ണിലും മണലിലും കിടന്ന് പ്രധാനമന്ത്രി അബി അഹമ്മദലിയുടെ നേര്‍ക്ക് അദൃശ്യമായി, കൊടിയ ശാപവാക്കുകള്‍ ഉതിര്‍ക്കുന്നുണ്ടാകും, ഉറപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com