രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍

കലാവതി മുതല്‍ മോദിയെ ആലിംഗനം ചെയ്തതുവരെയുള്ള സംഭവങ്ങള്‍  ഒട്ടനവധി മീമുകള്‍ക്ക് പാത്രമായെങ്കിലും 'രണ്ട് ഇന്ത്യ' പരാമര്‍ശം അത്തരത്തിലൊന്നായിരുന്നില്ല 
രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍

മാസങ്ങള്‍ക്കു മുന്‍പ് രണ്ടുതരം ഇന്ത്യയുണ്ടെന്ന പരാമര്‍ശം നടത്തിയത് ചലച്ചിത്രതാരമായ വീര്‍ദാസായിരുന്നു. വാഷിങ്ടണിലെ കെന്നഡി സെന്ററില്‍ നടത്തിയ ഹാസ്യപരിപാടിയില്‍ കര്‍ഷകസമരം മുതല്‍ മാലിന്യപ്രശ്നം വരെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും വിവാദമായത് രണ്ടുതരം ഇന്ത്യ എന്ന പരാമര്‍ശമായിരുന്നു. വീര്‍ദാസിനെതിരെ കങ്കണ റണൗട്ട് അടക്കമുള്ള ബി.ജെ.പി അനുകൂലികള്‍ സൈബര്‍ ആക്രമണവും തുടങ്ങി. ഇതേ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിയും നടത്തിയത്. വേദി പാര്‍ലമെന്റും കാണികള്‍ എം.പിമാരുമായെന്ന വ്യത്യാസം മാത്രം. ധനികരുടെ ഇന്ത്യയും ദരിദ്രരുടെ ഇന്ത്യയും തുടങ്ങി അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. മോദിയെപ്പോലെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളല്ല രാഹുല്‍ ഗാന്ധി. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് അദ്ദേഹം പരാമര്‍ശങ്ങളാല്‍ ശ്രദ്ധിക്കപ്പെടുക. ബി.ജെ.പി മുതല്‍ ഡി.എം.കെ വരെയുള്ള പാര്‍ട്ടികള്‍, യു.എസും ചൈനയും പാകിസ്താനും തുടങ്ങി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന പരാമര്‍ശങ്ങളുള്ള പ്രസംഗമായിരുന്നു ഇത്തവണത്തേത്. കലാവതി മുതല്‍ മോദിയെ ആലിംഗനം ചെയ്തതു വരെയുള്ള വിഷയങ്ങള്‍ ഒട്ടനവധി മീമുകള്‍ക്ക് പാത്രമായെങ്കിലും അത്തരത്തിലൊന്നായിരുന്നില്ല 'രണ്ട് ഇന്ത്യ' പരാമര്‍ശം. തെരഞ്ഞെടുപ്പ് വേളയില്‍ വളരെ ഗൗരവമുള്ള വസ്തുതകളാണ് അദ്ദേഹം ഉന്നയിച്ചത്. മറുപടി അര്‍ഹിക്കുന്ന ചോദ്യങ്ങളും. 

ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെതിരേയുള്ള ആക്രമണമായി ചിത്രീകരിക്കപ്പെടുകയാണ് പതിവ്. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലും ഈ വീക്ഷണവും വ്യാഖ്യാനവും ആവര്‍ത്തിക്കുന്ന കാഴ്ച ഇന്ന് വിചിത്രമല്ലാതായി മാറിയിട്ടുണ്ട്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഉന്നയിക്കപ്പെടുന്ന വസ്തുതകള്‍ എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിനോ ഭരണപക്ഷ പാര്‍ട്ടിക്കോ മറുപടി പറയേണ്ട ആവശ്യമുണ്ടാകുന്നുമില്ല. ഭരണത്തിനും അധികാരത്തിനും കോട്ടം തട്ടുന്ന ഏതു രാഷ്ട്രീയ ചലനത്തേയും പരിഹാസത്തോടെ, വെറുപ്പോടെ നേരിടുന്നത് ജനാധിപത്യവിരുദ്ധതയാണ്. ആത്മബോധ്യത്തോടെയുള്ള രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ: ''പതിവുപോലെ നിങ്ങളെന്നെ പരിഹസിക്കുമെന്ന് എനിക്കറിയാം. ഭരണത്തിലിരിക്കുന്നവര്‍ അത് മാത്രം ചെയ്യാനാണ് നിങ്ങളോട് പറഞ്ഞിരിക്കുന്നത്. എനിക്ക് അതില്‍ പ്രശ്നമില്ല. പക്ഷേ, ഞാന്‍ പറയുന്നത് നിങ്ങള്‍ ഓര്‍ത്തോളൂ. ഈ മനോഹരമായ രാജ്യത്തെ നിങ്ങള്‍ അപകടത്തിലാക്കുകയാണ്.'' ഫെബ്രുവരി രണ്ടിന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ മിക്കതും സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. അദ്ദേഹം ഉന്നയിച്ചതില്‍ മൂന്നു കാര്യങ്ങളെങ്കിലും ഏറെ ഗൗരവമുള്ളതാണെന്നു പറയുന്നു ദി വയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ അജോയ് ആശിര്‍വാദ് മഹാപ്രസ്ഥ.

തൊഴിലില്ലായ്മയിലെ വന്‍വര്‍ദ്ധന, ചൈന-പാകിസ്താന്‍ വിഷയങ്ങളിലെ വിദേശനയപരാജയം, ഭരണഘടനാവ്യവസ്ഥയ്ക്ക് നേരെയുള്ള ആക്രമണം എന്നീ മൂന്നു കാര്യങ്ങളാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഈ ആശങ്കകള്‍ പല തവണയായി പ്രതിപക്ഷ പാര്‍ട്ടികളും പൊതുസമൂഹവും ചൂണ്ടിക്കാട്ടിയതാണ്. ആ അര്‍ത്ഥത്തില്‍ അദ്ദേഹം ഉന്നയിച്ച വസ്തുതകള്‍ പുതുതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം വിവിധ പ്ലാറ്റ്‌ഫോമുകളില്‍, രാഷ്ട്രീയ വേദികളിലും സാമൂഹ്യമാധ്യമങ്ങളിലുമടക്കം തുടര്‍ച്ചയായി ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നു. അത് ഉന്നയിക്കുമ്പോഴൊക്കെ അദ്ദേഹം ആക്രമിക്കപ്പെടുന്നു. ബി.ജെ.പി മന്ത്രിമാരും നേതാക്കളും മാധ്യമങ്ങളും ഈ ആക്രമണങ്ങളിലേക്ക് ചര്‍ച്ച വഴിതിരിച്ചുവിടുന്നതാണ് കണ്ടത്. ഈ പതിവ് ഇത്തവണയും തെറ്റിയില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററിലടക്കം ട്രെന്‍ഡിങ് ആയ ഹാഷ് ടാഗുകള്‍ പപ്പു എന്ന് പരിഹസിച്ചായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പരാജയവും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള പതിവു ഗിമ്മിക്ക് തന്നെയായിരുന്നു ഇതും. വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക-സാമ്പത്തിക പ്രശ്‌നമെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, അതു സംബന്ധിച്ച മറുപടിയോ പ്രായോഗിക പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളോ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായില്ല. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

തൊഴില്‍രഹിതരുടെ രാജ്യം

രാജ്യം ഉറ്റുനോക്കുന്ന യു.പി. തെരഞ്ഞെടുപ്പിലെ പ്രചാരണവേളകളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിനെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ പോലും വാചാലരാകുമ്പോള്‍ രാജ്യത്തെ സ്ഥിതി മറ്റൊന്നാണ്. നിലവില്‍ യു.പിയിലെ തൊഴിലില്ലായ്മ 4.9 ശതമാനമായി ഉയര്‍ന്നുകഴിഞ്ഞു. മുന്‍പ് രണ്ടു ശതമാനം മാത്രമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നിരക്ക്. കണക്കുകളില്‍ ഇരട്ടിയിലധികം വര്‍ദ്ധനയാണ് കാണിക്കുന്നതെങ്കിലും അതിന്റെ പതിന്മടങ്ങ് വര്‍ദ്ധനയുണ്ടാകാനാണ് സാധ്യതയെന്ന് സാമ്പത്തിക-സാമൂഹ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞ വസ്തുതകളില്‍ ചിലത് ഇതാണ്:

1. 2021-ല്‍ മൂന്നു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 

2. കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍. 

3. 2014-നു ശേഷം ഉല്പാദനമേഖലയിലെ തൊഴിലവസരങ്ങള്‍ 46 ശതമാനം കുറഞ്ഞു.

4. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അസംഘടിത മേഖല തകര്‍ന്നു. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്നങ്ങളും കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പിന്തുണ കിട്ടാത്തതും പ്രതിസന്ധി സങ്കീര്‍ണ്ണമാക്കി.

5. ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ മേഖലകളെല്ലാം അംബാനിക്കും അദാനിക്കും നല്‍കി. രണ്ട് കമ്പനികള്‍ മാത്രം നിലനില്‍ക്കുന്ന കുത്തകവല്‍ക്കരണത്തിലേക്കാണ് ഇത് നയിച്ചത്.

6. സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങിയതോടെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ ഇടത്തരം ചെറുകിട സംരംഭങ്ങള്‍ (എം.എസ്.എം.ഇ)  തകര്‍ച്ചയുടെ വക്കിലാണ്.

ഇത്രയും വസ്തുതകള്‍ നിലനില്‍ക്കവേ, എന്തുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ ഇത്തവണത്തെ ബജറ്റിലില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. സര്‍ക്കാരോ ബി.ജെ.പി നേതാക്കളോ ഇതിന് ഉത്തരം നല്‍കിയിട്ടില്ല. 

രണ്ട് ഇന്ത്യ പരാമര്‍ശം

ഇന്നുള്ളത് രണ്ട് ഇന്ത്യയാണ്. ഒന്ന് ധനികര്‍ക്കും മറ്റൊന്ന് ദരിദ്രര്‍ക്കും. അധികാരം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും. രാജ്യത്ത് വളരെ വലിയ അസമത്വം നിലനില്‍ക്കുന്നു. രാജ്യത്തുള്ള 100 ധനികരുടെ വരുമാനം 55 കോടി വരുന്ന സാധാരണ പൗരന്മാരുടെ വരുമാനത്തേക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ സമ്പത്തിന്റെ 40 ശതമാനം ധനികരുടെ കൈവശമാണ്. ന്യൂ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിങ്ങനെ പ്രധാനമന്ത്രിയുടെ പൊള്ളയായ പരാമര്‍ശങ്ങള്‍ മാത്രമാണുള്ളത്. ബീഹാറില്‍ നടന്നത് നിങ്ങള്‍ പരാമര്‍ശിച്ചതേയില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വാചകം പോലും ഇല്ല. യുവതലമുറയൊന്നാകെ തൊഴില്‍ ചോദിക്കുന്നു. എന്നാല്‍, നിങ്ങളുടെ സര്‍ക്കാരിന് ജോലി നല്‍കാന്‍ പറ്റുന്നില്ല. മെയ്ഡ് ഇന്‍ ഇന്ത്യ എന്നൊക്കെ നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ ഇനി സാധ്യമല്ല. 'മെയ്ഡ് ഇന്‍ ഇന്ത്യ'യെ നിങ്ങള്‍  നശിപ്പിച്ചതാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെയായിരുന്നു പിന്തുണയ്‌ക്കേണ്ടത്. അങ്ങനെയല്ലാതെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഒരിക്കലും സാധ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കു മാത്രമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.''- ഇതായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ ചുരുക്കം.

സോണിയയും രാഹുലും
സോണിയയും രാഹുലും

ഫെഡറല്‍ അധികാരവും സംസ്ഥാനങ്ങളും

അതിദേശീയതയുടെ ആഘോഷക്കാലത്ത് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ അവതരിപ്പിച്ചത് ഇന്ത്യയെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടാണ്. ഓരോ സംസ്ഥാനത്തിനും പ്രാമുഖ്യവും സ്വത്വവും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നു എന്നതില്‍ ഊന്നിയായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഭരണഘടനയില്‍പ്പോലും യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് ആണെന്ന് ആ പ്രസംഗം ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കുന്നു. സ്റ്റാലിനെപ്പോലെയുള്ള നേതാക്കള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എന്ന് പറയാതെ യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന് നേരത്തേ പരാമര്‍ശിച്ചിരുന്നു. ഇതുള്‍ക്കൊണ്ടുകൊണ്ടാണ് രാഹുലിന്റെ പരാമര്‍ശം.

സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തിനു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗുരുതരമായ പ്രശ്നം. യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന ആശയത്തെ ആക്രമിക്കുകയും ഫെഡറല്‍ തത്ത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിനെ രാഹുല്‍ നിശിതമായി വിമര്‍ശിച്ചു. ''സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കു നേരേ പ്രധാനമന്ത്രി കണ്ണടയ്ക്കുന്നുവെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.'' ഇന്ത്യയെ സംബന്ധിച്ച് രണ്ട് കാഴ്ചപ്പാടുണ്ട്. ഒന്ന്, ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്; അതായത് ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍ ഒക്കെ നടക്കേണ്ട ഒരു യൂണിയന്‍. അതൊന്നും ഇപ്പോള്‍ ഉണ്ടാവുന്നില്ല. ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും, ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കിഭരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലായ്പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താല്‍ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. രണ്ട്, നിങ്ങള്‍ കരുതുന്നത് നിങ്ങള്‍ക്ക് എല്ലാവരേയും അടിച്ചമര്‍ത്താം എന്നാണ്. നോക്കൂ, തമിഴ്നാടിന് ഒരു സംസ്‌കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കല്പം ഉണ്ട്. ഒരു സംസ്ഥാനം എന്ന നിലയില്‍ അവരുടെ ആ വ്യത്യസ്തമായ സ്വത്വവും സംസ്‌കാരവും ഉള്‍ക്കൊണ്ടുതന്നെ അവര്‍ക്ക് ഇന്ത്യയെപ്പറ്റിയും ഈ രാജ്യത്തെപ്പറ്റിയും കൃത്യമായ ബോധ്യമുണ്ട്. അതുപോലെതന്നെ കേരളവും, ഞാന്‍ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്‌കാരം ഉണ്ട്, ഒരു അന്തസ്സ് ഉണ്ട്; ചരിത്രം ഉണ്ട്; ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്‌കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ സൗന്ദര്യവും കരുത്തും.'' ഇന്ത്യയെന്നത് ഒരു ഏകസാമ്രാജ്യമല്ലെന്നും സഹകരണത്തിലൂടെയാണ് രാജ്യഘടനയെന്നും ഓര്‍മ്മിപ്പിച്ചു. 

ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടാണുള്ളത്. കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇന്ത്യയെ ഭരിക്കാമെന്നാണ് അത്. ഈ കേന്ദ്രീകൃത കാഴ്ചപ്പാടാണ്, രാജാധികാരത്തിന്റേയും രാജാവിന്റേയും ഭരണകാഴ്ചപ്പാടാണ് 1947-ല്‍ കോണ്‍ഗ്രസ് മാറ്റിയത്. അധികാരത്തോടുള്ള ദാഹത്തിനുവേണ്ടി ഇന്ത്യയുടെ എല്ലാ ജനാധിപത്യ വ്യവസ്ഥകളേയും മോദി സര്‍ക്കാര്‍ തകര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്‍, നീതിന്യായവ്യവസ്ഥ, സുരക്ഷാ ഏജന്‍സികള്‍ എന്നിവ ദുരുപയോഗം ചെയ്തു. വിമര്‍ശകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരേ ഈ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഏകാധിപത്യ സംവിധാനം അടിച്ചേല്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇസ്രയേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വഴി ഇന്ത്യക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിച്ചു. ഇന്ത്യ പെഗാസസ് സോഫ്റ്റ്വെയര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ വിമര്‍ശനം. പെഗാസസ് വിഷയം ചര്‍ച്ചചെയ്യാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാരും രംഗത്തുവന്നിരുന്നു. ഇസ്രയേലില്‍ വ്യക്തിഗത സന്ദര്‍ശനം നടത്തിയതിനേയും ചാരസോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരേയും നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയങ്ങളിലൊക്കെ പാര്‍ലമെന്റിന്റെ ഇടപെടലാണ് രാഹുല്‍ ആവശ്യപ്പെട്ടത്.

വിദേശനയം ചൈനയും പാകിസ്താനും

വിദേശനയത്തില്‍ നരേന്ദ്ര മോദിക്ക് സംഭവിച്ച ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് കാട്ടിക്കൂട്ടിയതെന്ന് തുറന്നുപറഞ്ഞു. പാകിസ്താനേയും ചൈനയേയും വേര്‍പെടുത്തി നിര്‍ത്തുന്നതായിരുന്നു ഇന്ത്യയുടെ വിദേശനയം. എന്നാല്‍, മോദി ഈ രണ്ടു രാജ്യങ്ങളേയും ഒരുമിപ്പിച്ചു. ബര്‍മ, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങി നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം നാം ഒറ്റപ്പെട്ടെന്ന് വിളിച്ചുപറഞ്ഞു. മുന്നില്‍ നില്‍ക്കുന്ന ശത്രുവിനെ കുറച്ചു കാണരുത്. ചൈനയ്ക്ക് അവരുടേതായ വ്യക്തമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ അടിത്തറയാണ് ഡോക്ലാമിലും ലഡാക്കിലും കണ്ടത്. ഇന്ത്യ എന്ന രാഷ്ട്രത്തിനു തന്നെ ഈ ഒറ്റപ്പെടല്‍ ഗുരുതരമായ ഭീഷണിയാണ്. ജമ്മു-കശ്മീരില്‍ തന്ത്രപരമായ വലിയ പിഴവുകളാണുണ്ടായത്. നമ്മുടെ വിദേശനയത്തില്‍ നമ്മള്‍ വലിയ തന്ത്രപരമായ തെറ്റുകള്‍ വരുത്തി, ആ തെറ്റുകള്‍ നാം തിരുത്തിയില്ലെങ്കില്‍ വളരെ വലിയ അപകടത്തിലാണ് നാം അകപ്പെടാന്‍ പോകുന്നത്. ചൈനയും പാകിസ്താനികളും നമുക്കെതിരെ ഓരോന്നും ആസൂത്രണം ചെയ്യുകയാണെന്നു വളരെ വ്യക്തമാണ്. അവര്‍ വാങ്ങുന്ന ആയുധങ്ങള്‍ നോക്കൂ.  അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കൂ. അവര്‍ സംസാരിക്കുന്ന രീതി നോക്കൂ.  അവര്‍ ആരോടാണ് സംസാരിക്കുന്നതെന്നു നോക്കൂ. നമ്മള്‍ ഒരു വലിയ അബദ്ധം ചെയ്തുവെന്ന് പാര്‍ലമെന്റിന്റെ ഈ സഭയില്‍ ഞാന്‍ വ്യക്തമായി പറയുന്നു. ചൈനയ്‌ക്കെതിരെ നമുക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത്. രാഹുലിന്റെ ചോദ്യങ്ങളോട് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരണത്തിലെ ചില സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഹുലിന്റെ വാക്കുകള്‍

* ഇവിടെ രണ്ട് രാജ്യമുണ്ട്. ഒന്ന്, അധികാരവും സമ്പത്തുമുള്ള ജോലി ആവശ്യമില്ലാത്ത ധനികര്‍ക്കുവേണ്ടി മാത്രമുള്ളത്. അവര്‍ക്ക് വൈദ്യുതി കണക്ഷനും വെള്ള കണക്ഷനുമൊന്നും വേണ്ട. പക്ഷേ, അവരാണ് രാജ്യത്തെ നിയന്ത്രിക്കുക. മറ്റൊരു ഇന്ത്യ പാവപ്പെട്ടവരുടേതാണ്. ഈ രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലുതാകുന്നു.

* 55 കോടി ജനതയുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്ത് ഇന്ത്യയിലെ 100 ധനികരുടെ കൈവശമാണ്. ടി.വിയിലൂടെ വാട്സാപ്പിലൂടെയും മാത്രമാണ് പ്രധാനമന്ത്രി എല്ലാം നല്‍കുന്നത്.

* എന്റെ രാജ്യത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഈ രാജ്യത്തേയും ജനങ്ങളേയും നിങ്ങള്‍ അപകടത്തിലാക്കുന്നു. ചൈനയേയും പാകിസ്താനേയും നിങ്ങള്‍ ഒരുമിപ്പിക്കുന്നു. ജമ്മു-കശ്മീരില്‍ തന്ത്രപരമായ വിഡ്ഢിത്തമാണ് ചെയ്തത്.

* ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്തിന്റെ അടിത്തറവച്ചാണ് കളിക്കുന്നത്. ആര്‍ക്കെങ്കിലും ജോലി കിട്ടുന്നുണ്ടോ എന്നത് അവരുടെ പരിഗണനയിലില്ല.

* റിപ്പബ്ലിക് ദിനത്തില്‍ ഒരു അതിഥിയെപ്പോലും കിട്ടാത്തതിന്റെ കാരണമെന്തെന്ന് നിങ്ങള്‍ സ്വയം ചോദിക്കൂ. ഇന്ത്യ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

* മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ വാചാലരാകുന്നു. എന്നാല്‍, മെയ്ക്ക് ഇന്‍ ഇന്ത്യ യാഥാര്‍ത്ഥ്യമായില്ല.

* 27 കോടി ജനങ്ങളെ യു.പി.എ ദാരിദ്ര്യമുക്തരാക്കിയപ്പോള്‍ മോദി സര്‍ക്കാര്‍ 23 കോടി പേരെ ദരിദ്രരാക്കി. 

* എന്റെ മുതുമുത്തച്ഛന്‍ ഈ രാജ്യത്തിനുവേണ്ടി 15 വര്‍ഷം ജയിലില്‍ കിടന്നയാളാണ്. എന്റെ മുത്തശ്ശി 32 വെടിയുണ്ടകള്‍ ഏറ്റാണ് കൊല്ലപ്പെട്ടത്. എന്റെ പ്രിയപ്പെട്ട അച്ഛന്‍ ചിതറി തെറിച്ചാണ് പോയത്. എല്ലാം ഈ രാജ്യത്തിനുവേണ്ടിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com