മതവും ദൈവവും ആരുടേയും സ്വകാര്യസ്വത്തല്ല

മതനിന്ദകര്‍ എന്ന മുദ്ര ചാര്‍ത്തി ആക്രമണമഴിച്ചുവിടുന്നവര്‍ തങ്ങള്‍ വിശ്വസിക്കുന്ന മതവും ആരാധിക്കുന്ന ദൈവവും പിന്തുടരുന്ന വേദപുസ്തകവും തങ്ങളുടെ തറവാട്ടു സ്വത്താണെന്ന മൂഢധാരണ വെച്ചുപുലര്‍ത്തുന്നവരാണ്
മതവും ദൈവവും ആരുടേയും സ്വകാര്യസ്വത്തല്ല

'അവന്‍ അയല്‍ക്കാരന്റെ ഭൂമി കയ്യേറി'' എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് അവന്‍ അയല്‍ക്കാരന്റെ സ്വകാര്യസ്വത്തായ സ്ഥലം കയ്യേറി എന്നാണ്. അവള്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നതാകട്ടെ, അവള്‍ വീട്ടമ്മയുടെ സ്വകാര്യസ്വത്തായ സ്വര്‍ണ്ണമാല മോഷ്ടിച്ചു എന്നും. എന്നാല്‍, വല്ലവനും മതത്തെ നിന്ദിച്ചു എന്നു പറയുമ്പോള്‍ അയാള്‍ മറ്റവന്റെ സ്വകാര്യസ്വത്തായ മതത്തെ നിന്ദിച്ചു എന്നാണോ അര്‍ത്ഥമാക്കേണ്ടത്? അതുപോലെ, ഏതെങ്കിലുമൊരാള്‍ ദൈവത്തേയോ അവതാരപുരുഷനേയോ പ്രവാചകനേയോ നിന്ദിച്ചു എന്നു പറയുമ്പോള്‍ അയാള്‍ മറ്റൊരാളുടെ സ്വകാര്യസ്വത്തായ ദൈവത്തേയോ അവതാരപുരുഷനേയോ പ്രവാചകനേയോ നിന്ദിച്ചു എന്നാണോ കണക്കാക്കേണ്ടത്?

ഈ ചോദ്യങ്ങള്‍ക്ക് എന്റെ അസന്ദിഗ്ദ്ധ മറുപടി 'അല്ല' എന്നാണ്. കാരണം, മാനവചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഒരു മതത്തിനും ദൈവത്തിനും പ്രവാചകനും അവതാരപുരുഷനും സ്വകാര്യ ഉടമസ്ഥരില്ല. വായുപോലെ എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതുസ്വത്താണ് എല്ലാ മതങ്ങളും ദൈവങ്ങളും അവതാരങ്ങളും പ്രവാചകന്മാരും. രാമന്റെ ആവിര്‍ഭാവ പശ്ചാത്തലം ഭാരതീയമാണ്. എന്നുവെച്ച് രാമന്‍ ഭാരതത്തിനോ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കോ മാത്രം അവകാശപ്പെട്ട പ്രതിഭാസമല്ല. അതേപോലെ, റോമന്‍-യരുശലേം പശ്ചാത്തലത്തില്‍നിന്നു വന്ന ക്രിസ്തുവും അറേബ്യന്‍ ആവിര്‍ഭാവ പശ്ചാത്തലമുള്ള മുഹമ്മദും അതത് പ്രദേശങ്ങളുടേയോ പ്രത്യേക മതവിഭാഗങ്ങളുടേയോ മാത്രം തറവാട്ട് സ്വത്താവുന്നില്ല. അവരും അവര്‍ പ്രതിനിധാനം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്ത മതങ്ങളും സ്ഥലകാലസീമകളെ അതിവര്‍ത്തിക്കുകയും പൊതുസ്വത്തായി പരിണമിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ, ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും വ്യത്യസ്ത മതങ്ങളുടെ അനുയായികള്‍ പൊതുവെ സന്നദ്ധരല്ല. അവര്‍ തങ്ങളുടേതെന്നു വൈകാരികമായി കരുതുന്ന മതത്തേയും ദൈവത്തേയും പ്രവാചകനേയും അവതാരത്തേയും ഭ്രാന്തമാംവിധം പാശ്ചാത്യവല്‍ക്കരിക്കുന്നു. അല്ലാഹു എന്നു തങ്ങള്‍ വിളിക്കുന്ന ദൈവത്തേയും അല്ലാഹുവിന്റെ പ്രവാചകന്‍ എന്നു തങ്ങള്‍ കരുതുന്ന മുഹമ്മദിനേയും അദ്ദേഹം വഴി കൈവന്ന ഖുര്‍ആനേയും ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ സ്വകാര്യസ്വത്തായാണ് കാണുന്നത്. അതുപോലെ തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടേയും ഹിന്ദുമത വിശ്വാസികളുടേയും സ്ഥിതി.

മതങ്ങളുടേയും ദൈവങ്ങളുടേയും പ്രവാചകന്മാരുടേയും അവതാരങ്ങളുടേയും വേദഗ്രന്ഥങ്ങളുടേയും സ്വകാര്യവല്‍ക്കരണം നടന്നതിനുശേഷം ഭാഷയില്‍ സ്ഥാനം പിടിച്ച ഒരു പദമുണ്ട്. ഇംഗ്ലീഷില്‍ അത് 'യഹമുെവലാ്യ'യാണ്; മലയാളത്തില്‍ 'മതനിന്ദ'യും. ഓരോ മതക്കാരും തങ്ങളുടെ മതത്തിന്റേയും തങ്ങളുടെ ദൈവത്തിന്റേയും കാവല്‍ഭടന്മാരായി രൂപാന്തരപ്പെട്ടതിന്റെ അനന്തരഫലമായിരുന്നു മതനിന്ദ എന്ന ആശയം. തങ്ങളുടെ മതത്തേയും അതുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും തങ്ങള്‍ എങ്ങനെ വീക്ഷിക്കുന്നുവോ (ആദരിക്കുന്നുവോ) അങ്ങനെത്തന്നെ മറ്റുള്ളവരും വീക്ഷിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ദുര്‍വാശി ആ മതത്തിന്റെ അനുയായികളില്‍ വളര്‍ന്നപ്പോഴത്രേ അവര്‍ മതനിന്ദകരെ തേടിപ്പോകാനും നിഗ്രഹിക്കാനും തുടങ്ങിയത്.

മതത്തിന്റെ പേരില്‍ ദുര്‍വാശി

പഴയകാലം തൊട്ട് തുടങ്ങിയ ആ ദുര്‍വാശി മിക്ക മതക്കാരും ഇപ്പോഴും മുറുകെ പിടിക്കുന്ന പല രാഷ്ട്രങ്ങളും മതനിന്ദയെ കൊടും കുറ്റമായി കാണുകയും വധശിക്ഷക്കു നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃതത്വം തുടരുന്നുണ്ട്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, ലൗദി അറേബ്യ, നൈജീരിയ, സൊമാലിയ, മൗറിറ്റാനിയ, ബ്രൂണെ എന്നീ രാജ്യങ്ങളില്‍ വധശിക്ഷാര്‍ഹമത്രേ മതനിന്ദയും ദൈവദൂഷണവും. ഭരണകൂടം മതനിന്ദ വധശിക്ഷാര്‍ഹമാക്കിയിട്ടില്ലാത്ത രാഷ്ട്രങ്ങളിലാവട്ടെ, മതോന്മാദികള്‍ നിയമം കയ്യിലെടുക്കുകയും മതനിന്ദ നടത്തിയതായി തങ്ങള്‍ വിലയിരുത്തുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

ആധുനിക കാലഘട്ടത്തില്‍ ആഗോള ശ്രദ്ധ നേടിയ മതനിന്ദാരോപണങ്ങളില്‍ ഒന്നു വന്നത് ബ്രിട്ടീഷ്-ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിക്കു നേരെയാണ്. 1988-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'സാത്താനിക വചനങ്ങള്‍' എന്ന അദ്ദേഹത്തിന്റെ നോവലിനെതിരെ ഇസ്ലാമിക മൗലികവാദികള്‍ ഉറഞ്ഞുതുള്ളി. ഇസ്ലാം മതത്തേയും മുഹമ്മദ് നബിയേയും അവഹേളിക്കുന്നതാണ് ആ കൃതി എന്നായിരുന്നു അവരുടെ ആരോപണം. ഇറാനിലെ ആത്മീയ നേതാവായിരുന്ന ആയത്തുള്ള ഖൊമെയ്നി അതേറ്റെടുത്തു. റുഷ്ദിയെ കണ്ടേടത്തുവെച്ച് കൊല്ലാന്‍ മുസ്ലിങ്ങളോടാവശ്യപ്പെടുന്ന ഫത്വ (മതവിധി) 1989 ഫെബ്രുവരി 14-ന് ഖൊമെയ്നിയില്‍ നിന്നു പുറപ്പെട്ടു. ബ്രിട്ടീഷ് ഭരണകൂടം നല്‍കിയ സമ്പൂര്‍ണ്ണ സംരക്ഷണം കാരണം നോവലിസ്റ്റിനെ വധിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ലെങ്കിലും, വിവാദ നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഹിതോഷി ഇഗാരഷി ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. സാത്താനിക വചനങ്ങള്‍ ഇറാനിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ എറ്റോറി കാപ്രിയാലോയ്ക്ക് നേരെയും നോര്‍വീജിയന്‍ പ്രസാധകനായ വില്യം നൈഗാഡിന് നേരെയും ആക്രമണങ്ങളുണ്ടായി. ഇരുവരും ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

മതനിന്ദാരോപിതരായി ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് പാകിസ്താനിലാണ്. 1947 തൊട്ട് ആ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മതനിന്ദാ കേസുകള്‍ 1415 വരും. അവയില്‍ ഇരുന്നൂറോളം പേര്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടു. മതത്തിന്റെ സാമ്പ്രാദായിക വ്യാഖ്യാനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നവര്‍ പോലും മതദൂഷണമാരോപിക്കപ്പെട്ട് വേട്ടയാടപ്പെടുന്ന അവസ്ഥയുണ്ട് പാകിസ്താനില്‍. ഇസ്ലാമിലെത്തന്നെ ഒരു അവാന്തര വിഭാഗമായ അഹമ്മദിയ്യ ഇസ്ലാം പിന്തുടരുന്ന പലരും ആ നാട്ടില്‍ മതനിന്ദാരോപിതരായി ഭരണകൂടത്താലും ഭരണകൂടേതര ശക്തികളാലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പാകിസ്താനില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയുടെ വധമാണ്. സിയാല്‍കോട്ട് ജില്ലയില്‍ ഒരു വസ്ത്രഫാക്ടറിയുടെ ജനറല്‍ മാനേജരായിരുന്ന കുമാരയില്‍ ആരോപിക്കപ്പെട്ട കുറ്റം തന്റെ ഓഫീസിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ പതിച്ചതും ഖുര്‍ആനിക വചനങ്ങള്‍ അടങ്ങിയതുമായ ഒരു പോസ്റ്റര്‍ അദ്ദേഹം കീറിയെറിഞ്ഞു എന്നതാണ്. തെഹ്രീകെ ലബ്ബെയ്ക് പാകിസ്താന്‍ (റ്റി.എല്‍.പി) എന്ന തീവ്രവാദി സംഘത്തില്‍പ്പെട്ടവര്‍ ചേര്‍ന്നു തല്ലിക്കൊന്ന ശേഷം കുമാരയുടെ ജഡം കത്തിക്കുകയായിരുന്നു. നിയമവ്യവസ്ഥാബാഹ്യമായ ഇത്തരം ഒട്ടേറെ ആള്‍ക്കൂട്ടക്കൊലകള്‍ മതനിന്ദയുടെ പേരില്‍ നടന്നിട്ടുള്ള രാജ്യം എന്ന ദുര്യശസ്സ് പാകിസ്താനവകാശപ്പെട്ടതാണ്.

ഇന്ത്യയിലേക്ക് വരുമ്പോഴും മതദൂഷണത്തിന്റെ പേരില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഉന്മാദികള്‍ നിയമം കയ്യിലെടുക്കുന്നത് നാം കാണുന്നു. 2021 ജൂലായ് നാലിന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ ആള്‍ക്കൂട്ടക്കൊലയും ഹിംസയും 'ഹിന്ദുത്വ'യ്‌ക്കെതിരാണെന്നു പ്രസംഗിച്ചിരുന്നുവെങ്കിലും, മതവിശ്വാസത്തിന്റെ പേരില്‍ (ഗോമാതാവിന്റെ പേരില്‍) കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ടക്കൊലകളും ആക്രമണങ്ങളും പലവുരു നടന്നിട്ടുണ്ടെന്നത് വസ്തുതയായി അവശേഷിക്കുന്നു. മുഹമ്മദ് അഖ്ലാഖ് തൊട്ട് പെഹലുഖാന്‍ വരെയുള്ളവര്‍ ഗോരക്ഷകരാല്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തവരുടെ പട്ടികയില്‍പ്പെടും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിച്ച നരേന്ദ്ര ധബോല്‍ക്കറും എം.എം. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും വെടിയുണ്ടയ്ക്കിരയായതും മതനിന്ദയുടെ പേരില്‍ തന്നെയാണ്.

ഹൈന്ദവ തീവ്രവാദികള്‍ മാത്രമല്ല നമ്മുടെ രാജ്യത്ത് ദൈവനിന്ദയുടേയും മതദൂഷണത്തിന്റേയും പേരില്‍ കൊലക്കത്തിയെടുക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 25-ന് അഹമ്മദാബാദില്‍ കിഷന്‍ ഭര്‍വാദ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാം മതനിന്ദയാരോപിച്ച് വെടിവെച്ചു കൊന്നത് മുസ്ലിം മതോന്മാദികളാണ്. കേരളത്തിലെ ചേകന്നൂര്‍ മൗലവിയേയും തമിഴ്നാട്ടിലെ എച്ച്. ഫാറൂഖിനേയും കൊല ചെയ്തവരും തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയവരും തങ്ങളുടെ പൈശാചിക കൃത്യങ്ങള്‍ക്ക് ന്യായം ചമച്ചതും മതനിന്ദ എന്ന ഉപകരണമുപയോഗിച്ചു തന്നെ.

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചുമുള്ള പരമ്പരാഗത ധാരണകളെ നിശിത വിചാരണയ്ക്ക് വിധേയമാക്കാന്‍ മുന്നിട്ടിറങ്ങുന്നവരുടെ മേല്‍ മതനിന്ദകര്‍ എന്ന മുദ്ര ചാര്‍ത്തി ആക്രമണമഴിച്ചുവിടുന്നവര്‍ തങ്ങള്‍ വിശ്വസിക്കുന്ന മതവും ആരാധിക്കുന്ന ദൈവവും പിന്തുടരുന്ന വേദപുസ്തകവും തങ്ങളുടെ തറവാട്ടു സ്വത്താണെന്ന മൂഢധാരണ വെച്ചുപുലര്‍ത്തുന്നവരാണ്. ഇസ്ലാം മതവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉള്‍പ്പെടെ സര്‍വ്വതും മുസ്ലിങ്ങള്‍ക്കെന്നപോലെ അമുസ്ലിങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നു ഇസ്ലാംമത വിശ്വാസികള്‍ അംഗീകരിച്ചാല്‍ റുഷ്ദിയുടെ നോവലോ പ്രവാചക കാര്‍ട്ടൂണുകളോ അവരെ പ്രകോപിപ്പിക്കില്ല. കാരണം തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടത് നിന്ദിക്കപ്പെടുന്നു എന്ന തോന്നല്‍ അവരില്‍ ജനിക്കില്ല. 

ക്രിസ്തുമതക്കാര്‍ക്കും ഹിന്ദുമതക്കാര്‍ക്കുമെല്ലാം ഇത് ബാധകമാണ്. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ബൈബിള്‍ ഉള്‍പ്പെടെയെല്ലാം മാനവരാശിയുടെ പൊതുസ്വത്താണെന്ന ബോധത്തിലേക്ക് ക്രിസ്ത്യാനികള്‍ വളര്‍ന്നാല്‍ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' അവരില്‍ പ്രകോപനം സൃഷ്ടിക്കില്ല. ഹൈന്ദവ ചിഹ്നങ്ങളൊന്നും തങ്ങളുടെ തറവാട്ടുസ്വത്തല്ലെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ഹിന്ദുമതക്കാര്‍ക്ക് സാധിച്ചാല്‍ രാമനിന്ദയോ കൃഷ്ണനിന്ദയോ അവരെ ക്ഷുഭിതരാക്കില്ല. പ്രശ്‌നത്തിലെ വില്ലന്‍ മതത്തേയും ദൈവത്തേയും മുന്‍നിര്‍ത്തിയുള്ള സ്വകാര്യ ഉടമസ്ഥതാ കോംപ്ലക്‌സാണ്. മതവും ദൈവവും വേദങ്ങളും പൊതുസ്വത്ത് എന്നതാവണം മതവിശ്വാസികളുടെ അടിസ്ഥാന പ്രമാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com