നിലാവില്‍ മുങ്ങിയ നാദഗംഗ

പ്രകൃതിയോടും അതിന്റെ നിശ്ശബ്ദ സൗന്ദര്യഭാവങ്ങളോടും ഏറ്റവും ഇണങ്ങിനില്‍ക്കുന്ന നാദചാരുത ആ ആലാപനത്തിനുണ്ടായിരുന്നു
നിലാവില്‍ മുങ്ങിയ നാദഗംഗ

ര്‍മ്മവെച്ച കാലത്ത് ആദ്യമായി മനസ്സില്‍ കൂടുകൂട്ടിയ രണ്ട് ഗായികമാര്‍ എം.എസ്. സുബ്ബലക്ഷ്മിയും ലതാമങ്കേഷ്‌കറുമാണ്. ഒരാള്‍ ശാസ്ത്രീയസംഗീതത്തിലും മറ്റേയാള്‍ സിനിമാസംഗീതത്തിലും എന്ന വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. എന്‍.സി. വസന്തകോകിലവും ഡി.കെ. പട്ടമ്മാളും എം.എല്‍. വസന്തകുമാരിയും കര്‍ണാടകസംഗീതരംഗത്ത് ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങളായിരുന്നപ്പോഴും എന്തുകൊണ്ടാണ് എം.എസ്. സുബ്ബലക്ഷ്മി പ്രശസ്തിയില്‍ അവരെയെല്ലാം ബഹുദൂരം പിന്‍തള്ളിക്കൊണ്ട് ഏറെ മുന്നില്‍ സംഗീതപ്രയാണം നടത്തിയിരുന്നത് എന്നതിനുള്ള ഉത്തരങ്ങള്‍ പലതുണ്ടാകാം. അതുപോലെ സൊഹ്റാബായിയും അമീര്‍ബായിയും കാനന്‍ദേവിയും രാജ്കുമാരി ദുബെയും മൊഹന്ദര തല്‍പാഡേയും ലളിത ദിയോല്‍ക്കറും സുരീന്ദര്‍ കൗറും നൂര്‍ജഹാനും സുരയ്യയും ഷംഷദ് ബീഗവും ഗീതാദത്തും ഹിന്ദി ചലച്ചിത്രഗാന ലോകത്ത് തലയുയര്‍ത്തി നിന്നപ്പോഴും ലതാമങ്കേഷ്‌കറുടെ പ്രശസ്തിയാണ് വാനോളം ഉയര്‍ന്നത്. എന്തുകൊണ്ടാണ് ഈ പറഞ്ഞ ഗായികമാരെക്കാള്‍ ലതാമങ്കേഷ്‌കര്‍ ഇത്രമേല്‍ ഉയരത്തിലുള്ള ഒരു അനശ്വരപ്രതിഷ്ഠ ഹിന്ദി ചലച്ചിത്രസംഗീതത്തില്‍ നേടിയത് എന്നതിനുള്ള കാരണമായി പല ഉത്തരങ്ങളും ലഭിച്ചേക്കാം. എന്നാല്‍, ഇവിടെ അത്തരം ബഹുമുഖമായ ഉത്തരങ്ങളിലേക്ക് കടക്കാതെ സംഗീതം എന്ന പൊതുഘടകത്തെ മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് ചിന്തിക്കുമ്പോള്‍ നമുക്ക് തറപ്പിച്ചു പറയാന്‍ കഴിയുന്ന ഒന്നുണ്ട്. എം.എസ്. സുബ്ബലക്ഷ്മിയെപ്പോലെയും ലതാമങ്കേഷ്‌കറെപ്പോലെയും ആവിഷ്‌കാരപൂര്‍ണ്ണതയും ആലാപനശുദ്ധിയും ഈ പറഞ്ഞ സംഗീതജ്ഞകള്‍ക്കോ ഗായികമാര്‍ക്കോ ഉണ്ടായിരുന്നില്ല എന്നതാണത്. എം.എസിന്റെ ഓരോ സ്വരവും ആവിഷ്‌കാരത്തില്‍ പൂര്‍ണ്ണമാണെങ്കില്‍ ലതയുടെ ഓരോ ഗാനവും ആലാപനത്തിലെ മൂര്‍ത്തമായ സൗന്ദര്യബോധത്താല്‍ പ്രകാശിക്കുന്ന രത്‌നങ്ങളാണ്. കാലം പിന്നിട്ടപ്പോള്‍, ഇന്ത്യന്‍ സംഗീതലോകത്ത് സമാന്തരമായി സഞ്ചരിച്ചുകൊണ്ട് ഭാരതരത്‌നം എന്ന അപൂര്‍വ്വ ബഹുമതിക്കു അര്‍ഹരായി എം.എസ്. സുബ്ബലക്ഷ്മിയും ലതാമങ്കേഷ്‌കറും ഒരുമയുടെ പ്രതിഭാസമന്വയപാതയില്‍ എത്തിപ്പെടുകയും ചെയ്തുവെന്നത് ചരിത്രം. 

ലതാ മങ്കേഷ്കർ/ ഫോട്ടോ: രാജേഷ് നിർ​ഗുഡെ/ എപി
ലതാ മങ്കേഷ്കർ/ ഫോട്ടോ: രാജേഷ് നിർ​ഗുഡെ/ എപി

യേശുദാസ് ജനിച്ചപ്പോള്‍ ദൈവം ആ കണ്ഠത്തില്‍ ഒന്നു തൊട്ടു എന്നു പറഞ്ഞത് മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിയാണ്. എന്നാല്‍, ലതാമങ്കേഷ്‌കര്‍ ജനിച്ചപ്പോള്‍ ദൈവം ആ തൊണ്ടയില്‍ അഗാധമായ താഴ്വരയില്‍ പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി പരന്നുപ്രകാശിക്കുന്ന നിലാവിനെയാണ് വിതറിയത്. ലതയുടെ ശബ്ദത്തിന്റെ ഗരിമയും സൗന്ദര്യവും മാത്രമല്ല ഈ പറഞ്ഞതിന്നാധാരം. പ്രകൃതിയോടും അതിന്റെ നിശ്ശബ്ദ സൗന്ദര്യഭാവങ്ങളോടും ഏറ്റവും ഇണങ്ങിനില്‍ക്കുന്ന നാദചാരുത ആ ആലാപനത്തിനുണ്ടായിരുന്നു എന്നതുകൊണ്ടുമാണത്. ലത പാടുമ്പോള്‍ അഗാധമായ ഒരു താഴ്വരയില്‍നിന്നു മാറ്റൊലി കൊള്ളുംവിധമാണ് ഗാനം നമ്മുടെ കര്‍ണ്ണങ്ങളില്‍ പതിയുന്നത്; സംഗീതത്തില്‍ നമ്മുടെ ഹൃദയം മദിക്കുന്നത്. ലതയുടെ ശബ്ദവും സംഗീതവും വിശാലമായ ഒരു ഭൂപ്രകൃതിയിലൂടെ തീരശ്ചീനമായി സഞ്ചരിച്ചുകൊണ്ടാണ് നമ്മുടെ സമീപമെത്തുന്നത്. ഇടത്തെ/സ്ഥലത്തെ (Space) തിരശ്ചീനതലത്തില്‍ (Horizontal plane) ഉള്‍ക്കൊള്ളുന്നുവെന്നതാണ് ലതാമങ്കേഷ്‌കര്‍ എന്ന ഗായികയുടെ ഏറ്റവും സവിശേഷമായ ശബ്ദസിദ്ധി. ഈ ഗാനാനുഭവത്തിനു വിപരീതമാണ് ഗായകന്‍മാരില്‍ മുഹമ്മദ് റഫി  പകരുന്ന സംഗീതാനുഭവം. റഫി പാടുമ്പോള്‍ ആ കണ്ഠത്തില്‍നിന്ന് ശബ്ദം/സ്വരം സ്ഥലത്തിലൂടെ ഉയര്‍ന്നും താഴ്ന്നും ലംബതലത്തില്‍ (Vertical Plane) സഞ്ചരിച്ച് സംഗീതമായി പ്രവഹിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ''ഭഗ്വാന്‍...'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ (ബൈജു ബാവ്ര  1952 നൗഷാദ് അലി) അന്ത്യത്തില്‍ ''ഒ ദുനിയാ കേ രഖ്വാലേ രഖ്വാലേ രഖ്വാലേ'' എന്ന് മധ്യസ്ഥായീമധ്യമത്തില്‍നിന്ന് തുടങ്ങിക്കൊണ്ട് താരസ്ഥായീ മധ്യമം വരെ, ഒരു ഗായകന് അത്ര എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവാത്ത തരത്തില്‍, ശബ്ദത്തിന്റെ ഗാംഭീര്യത്തിനോ മുഴക്കത്തിനോ ഒട്ടുംതന്നെ കോട്ടം തട്ടാതെ പാടി ഫലിപ്പിക്കാന്‍ ആവുന്നത്. മുഹമ്മദ് റഫിയുടെ ശബ്ദത്തിനും നാദത്തിനും സ്ഥലത്തിലൂടെ ലംബമായി സഞ്ചരിച്ചുകൊണ്ട് അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതിനുള്ള ഉദാത്തോദാഹരണമാണ് ഈ ഗാനം. 

കൗമാരകാലം
കൗമാരകാലം

അതേസമയം ലത പാടിയ ഒരു ഗാനം, നൈനോം മേം ബദ്ര ഛായേ (മേരാ സായ 1966 മദന്‍മോഹന്‍) കേള്‍ക്കുക. നിലാവ് പരന്നൊഴുകുന്നതുപോലെ ശബ്ദം അഗാധമായ ഒരു താഴ്വരയില്‍നിന്നു മാറ്റൊലിയായി നമ്മിലേക്ക് അണയുന്നതായി അനുഭവിക്കാം. ശബ്ദരൂപത്തില്‍ സ്ഥലം ചുരുള്‍നിവര്‍ന്നു തിരശ്ചീനമായി പട്ടുപരവതാനി പോലെ നമുക്കു മുന്നില്‍ വിതീര്‍ണ്ണമാകുകയാണ്. കര്‍ണാടകസംഗീതത്തില്‍ പാടിവരുന്ന ആഭേരി രാഗത്തിലാണ് (ഹിന്ദുസ്ഥാനിയിലെ ബീംപ്ലാസി) ഈ ഗാനം മദന്‍മോഹന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആഭേരിരാഗത്തിന്റെ സ്വരസഞ്ചാരങ്ങളും വിശാലമായ ഒരു സ്ഥലദര്‍ശനത്തെയാണ് കേള്‍വിയില്‍ നമുക്ക് പ്രദാനം ചെയ്യുന്നത്. ലത ഈ ഗാനം പാടുമ്പോള്‍ അതേ അനുഭൂതിതന്നെ നമ്മിലേക്ക് കൃത്യമായി സംവേദനം ചെയ്യപ്പെടുകയുമാണ്. വാസ്തവികതലത്തില്‍ (Real Plane) കാലത്തേയും/സമയത്തേയും (Time) അവാസ്തവികതലത്തില്‍ (Virtual Plane) അഥവാ സാങ്കല്പികതലത്തില്‍ (Imaginary Plane) സ്ഥലത്തേയും (Space) സംഗീതം ഏതു വിധേനയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നറിയണമെങ്കില്‍ നാം ശ്രവിക്കേണ്ടത്/ആസ്വദിക്കേണ്ടത് ഗായകന്‍മാരില്‍ മുഹമ്മദ് റഫിയേയും ഗായികമാരില്‍ ലതാമങ്കേഷ്‌കറേയുമാണ്. ഇവിടെ ഇരുവരുടേയും സംഗീതസ്വഭാവങ്ങളുടെ സവിശേഷതകളില്‍ ഒന്ന് (റഫി) ലംബമായതും മറ്റൊന്ന് (ലത) തിരശ്ചീനവുമായ സ്ഥലദര്‍ശനങ്ങളുടെ വിപരീതരൂപമുള്ള അഭിരാമഭാവങ്ങളാണ് എന്നുമാത്രം. 

ഉള്ളിലുള്ള ഒരു ആന്തരികലോകത്തിന്റെ പ്രേരണയാലെന്നവണ്ണം ലതയെ എപ്പോഴും ഒരു നിശ്ശബ്ദരൂപിയായിട്ടാണ്  നാം കാണുന്നത്. അവരുടെ വദനവും പ്രകൃതിയും അങ്ങനെയുള്ള ഒരു പ്രതീതി നമ്മിലുളവാക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആ ഗായിക സദാ സംഗീതത്തെ, സംഗീതത്തെ മാത്രം ചിത്തത്തിലുപാസിക്കുന്നു  എന്നതുകൊണ്ടാണത്. ലതയുടെ മൗനസ്വഭാവം അതുതന്നെയാണ് നമ്മോട് പറയുന്നത്. 

യൗവ്വനകാലത്ത്
യൗവ്വനകാലത്ത്

മൗനത്തിലെ നാദചാരുത

ലത 'വാചാലയാകുന്നത്' പാടുമ്പോള്‍ മാത്രമാണ്. അല്ലാതെ വേളകളിലെ അവരുടെ ഈ മൗനരൂപം (അതോ, മൗനഭാവമോ!) നമ്മളെ മാത്രമേ അലട്ടുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ലത മൗനത്തെ സംഗീതമായി ആസ്വദിക്കുകയാണ് ചെയ്യുന്നത്. അവര്‍ മൗനത്തെ സംഗീതമായി പ്രണയിക്കുന്നു. അവരുടെ ഓരോ ശ്വാസനിശ്വാസത്തിലും വായുരൂപത്തില്‍ സപ്തസ്വരങ്ങളാണ് അകത്തേക്കും പുറത്തേക്കും ഗമനാഗമനം നടത്തുന്നത്. ലതയ്ക്ക് സംഗീതം ജീവവായുവാണ്. സ്വയമേവ നിയന്ത്രണബോധവും തികഞ്ഞ അച്ചടക്കവും ധ്യാനാത്മകമായ ശാന്തപ്രകൃതിയുമായിട്ടാണ് ലത എപ്പോഴും കാണപ്പെടുകയെന്ന് അവരെ അടുത്തറിയുന്ന ഏവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വസിദ്ധിയെ സദാ ഉപാസിച്ചുകൊണ്ടിരിക്കുന്ന ഒരാത്മാവിനു മാത്രമേ ഈ വിധത്തില്‍, ഈ രൂപത്തില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ആവുകയുള്ളൂ. ഇതേ സ്വഭാവഗുണങ്ങളാണ് എം.എസ്. സുബ്ബലക്ഷ്മിയെന്ന സംഗീതജ്ഞയിലും ലോകം ദര്‍ശിച്ചിരുന്നതെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. സംഗീതത്തെയല്ലാതെ മറ്റൊന്നിനേയും എം.എസ്. ജീവിതത്തില്‍ ഉപാസിക്കുകയോ ശാശ്വതമായി പ്രണയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവരുടെ ജീവിതകഥ നമ്മോട് പറയുന്നത്. എം.എസിന് സ്വരപൂര്‍ണ്ണതയും ലതയ്ക്ക് ഗാനപൂര്‍ണ്ണതയും ഒരേ തരത്തില്‍ കൈവന്നതില്‍ അവരിരുവരുടേയും വ്യക്തിത്വ സവിശേഷതകളുടെ ഈ സമാനതകളും കാരണമായി കണ്ടെത്താം.
 
ഇന്ത്യ എന്ന മഹാരാജ്യത്തിന്  ലതാമങ്കേഷ്‌കര്‍ എന്ന പേര് എന്തെല്ലാമാണ്? പിന്നണി ഗായിക, സംഗീത സംവിധായിക, അഭിനേത്രി, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം ലതാമങ്കേഷ്‌കര്‍ സിനിമ എന്ന കലാരൂപത്തിനും അതുവഴി ഈ രാഷ്ട്രത്തിനും സേവനം ചെയ്തിട്ടുണ്ട്. എഴുപത്തിയഞ്ചില്‍പ്പരം ആണ്ടുകളായി നീണ്ടുകിടക്കുന്ന സംഗീതജീവിതത്തില്‍ മുപ്പത്തിയാറിലധികം ഭാഷകളില്‍ ആയിരക്കണക്കിനു ഗാനങ്ങള്‍ ലത ആലപിച്ചു. ആയിരത്തിലധികം സിനിമകള്‍ക്കുവേണ്ടി അവര്‍ പിന്നണി പാടി എന്നതും ചരിത്രം. അതുകൊണ്ടുതന്നെ ഒരു ചലച്ചിത്ര പിന്നണിഗായിക എന്ന നിലയില്‍ത്തന്നെയാണ് ലതാമങ്കേഷ്‌കര്‍ ആദ്യമായും അവസാനമായും ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടുന്നത്. ഈ കാലയളവിനിടയില്‍ ചില മറാത്തി സിനിമകള്‍ക്കുവേണ്ടി ലതാമങ്കേഷ്‌കര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചു. രാം രാം പഹുനെ (1950), മോഹിത് യാഞ്ചി മഞ്ജുള (1963), മറാത്ത തിടുക മെല്‍വാവ (1964), സധി മാന്‍സെന്‍ (1965), തംബ്ടിമാതി (1969) എന്നിവയാണ് ആ ചിത്രങ്ങള്‍. ഇവയില്‍ ആദ്യ ചിത്രമായ രാം രാം പഹുനെ ഒഴികെ ബാക്കി നാല് ചിത്രങ്ങളുടേയും സംഗീതസംവിധാനം ലതാമങ്കേഷ്‌കര്‍ നിര്‍വ്വഹിച്ചിട്ടുള്ളത് ആനന്ദ്ഘന്‍ എന്ന പേരിലാണ്. അതിനു മുന്‍പ്, 1942-'48 കാലഘട്ടത്തില്‍, ലതാമങ്കേഷ്‌കര്‍ നാല് മറാത്തി സിനിമകളിലും നാല് ഹിന്ദി സിനിമകളിലും അഭിനയിക്കുകയും ചെയ്തിരുന്നു. പഹിലി മംഗളഗൗര്‍ (1942), ചിമുക്ല സന്‍സാര്‍ (1943), മാസെബാല്‍ (1943), ഗജഭൗ (1944) എന്നീ മറാത്തി ചിത്രങ്ങളിലും ബഡി മാ (1945), ജീവന്‍യാത്ര (1946), സുഭദ്ര (1946), മന്ദിര്‍ (1948) എന്നീ ഹിന്ദി ചിത്രങ്ങളിലുമാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. വാദല്‍ (മറാത്തി - 1953), കാഞ്ചന്‍ (ഹിന്ദി - 1955), ലേകിന്‍ (ഹിന്ദി - 1990) എന്നിവ ലതാമങ്കേഷ്‌കര്‍ നിര്‍മ്മിച്ച സിനിമകളാണ്. 

അപൂർവ ചിത്രം
അപൂർവ ചിത്രം

ഈ വിധത്തില്‍ ബഹുമുഖമായ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മാതൃരാജ്യമായ ഇന്ത്യയോടുള്ള ലതാമങ്കേഷ്‌കറിന്റെ വൈകാരികബന്ധം ഇതിനെല്ലാം മുകളിലാണ്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടയില്‍ ചോദ്യകര്‍ത്താവ് ലതയോട് ഏറ്റവും ക്രോധം തോന്നുന്ന സന്ദര്‍ഭത്തെപ്പറ്റി ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിന് ആ സംഗീതകാരി നല്‍കിയ മറുപടി ഏറ്റവും വിചിത്രവും അതേസമയം ഇന്ത്യയോടുള്ള അവരുടെ അകമഴിഞ്ഞ ഭക്തിയും സ്‌നേഹവും വെളിപ്പെടുന്നതുമായിരുന്നു. വിദേശങ്ങളില്‍ താമസിക്കുന്ന പല ഇന്ത്യക്കാരും പല സന്ദര്‍ഭങ്ങളിലും തന്നോട് വിദേശ രാജ്യങ്ങളെ പുകഴ്ത്തിക്കൊണ്ടും ഇന്ത്യയെ ഇകഴ്ത്തിക്കൊണ്ടും സംസാരിക്കാറുണ്ടെന്നും ആ സമയങ്ങളിലാണ് തനിക്ക് നിയന്ത്രിക്കാനാവാത്ത ദേഷ്യവും ക്രോധവും തോന്നാറുള്ളതെന്നുമാണ് ലത അതിനു പറഞ്ഞ മറുപടി. തങ്ങള്‍ മുകള്‍ത്തട്ടിലാണെന്ന അത്തരം മനുഷ്യരുടെ വ്യാജമായ മനോഭാവമാണ് തന്നെ ഏറ്റവും കോപാകുലയാക്കുന്നതെന്നും ലത ആ സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. സ്വന്തം രക്തത്തെ അവഹേളിക്കുകയും സ്വന്തം മണ്ണിനെ വെറുക്കുകയും ചെയ്യുന്ന അത്തരക്കാര്‍ വിദേശങ്ങളില്‍ താമസിക്കുന്നതാണ് തനിക്ക് സന്തോഷം പകരുന്നതെന്നും അവരെക്കൂടാതെതന്നെ ഇന്ത്യ നല്ല നിലയിലാണ് പോകുന്നതെന്നും സൂചിപ്പിച്ചുകൊണ്ടാണ് ലത തന്റെ മറുപടി അവസാനിപ്പിച്ചത്. ഇന്ത്യയ്ക്ക് ലത ആരായിരുന്നു എന്ന ചോദ്യത്തിന് ഇന്ത്യ ലതയ്ക്ക് സ്വന്തം മാതാവ് തന്നെയായിരുന്നു എന്ന ജൈവിക സത്യമാണ് നമുക്കിവിടെ ഉത്തരമായി കണ്ടെത്താന്‍ കഴിയുന്നത്. 

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് സംഗീതജ്ഞയായിരുന്ന എം.എസ്. സുബ്ബലക്ഷ്മിയോട് ഉണ്ടായിരുന്നതുപോലുള്ള ഒരു ആത്മബന്ധം ലതാമങ്കേഷ്‌കറോടും ഉണ്ടായിരുന്നു. ഒരിക്കല്‍ ഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ ലതാമങ്കേഷ്‌കര്‍, ''ഐ മേരേ വതന്‍ കെ ലോഗോ'' എന്ന പ്രശസ്തമായ ദേശഭക്തിഗാനം ആലപിച്ചത് ശ്രവിച്ചതിനുശേഷമാണ് നെഹ്‌റുവിന് ലതയോടുള്ള ആത്മബന്ധത്തിനു ആക്കം കൂടിയത്. ''നിങ്ങള്‍ എന്നെ കരയിച്ചു'' എന്നാണ് ഗാനം കേട്ടതിനുശേഷം നെഹ്‌റു ലതയോട് പറഞ്ഞത്. മാത്രമല്ല, മറ്റൊരു സന്ദര്‍ഭത്തില്‍, മുംബൈയിലെ ഒരു പരിപാടിക്കിടയില്‍ നെഹ്‌റു ഇതേ ഗാനം തന്നെ ലതയോട് ആലപിക്കാന്‍ ആവശ്യപ്പെട്ടു. ലതാമങ്കേഷ്‌കര്‍ എന്ന കലാകാരിയുടെ ഹൃദയത്തിലുള്ള ദേശഭക്തി കറകളഞ്ഞതും പരിശുദ്ധവുമായിരുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്. ഇന്ത്യ അവര്‍ക്ക് ഒരു വികാരമായിരുന്നു. 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929 സെപ്റ്റംബര്‍ 28-ാം തീയതിയാണ് ലതാമങ്കേഷ്‌കര്‍ ജനിച്ചത്. ഹിന്ദുസ്ഥാനി സംഗീതജ്ഞനും മറാത്തി നാടകാഭിനേതാവും നാട്യസംഗീതകാരനുമായിരുന്ന ദീനാനാഥ് മങ്കേഷ്‌കര്‍ക്കും ശ്രീമതിക്കും ജനിച്ച ഈ പുത്രിയാണ് പിന്നീട് മങ്കേഷ്‌കര്‍ കുടുംബത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിച്ചത്. മൂന്ന് സഹോദരിമാരും ഒരു സഹോദരനുംകൂടി അടങ്ങുന്നതായിരുന്നു ലതാമങ്കേഷ്‌കറിന്റെ കുടുംബം. ദീനാനാഥ് -ശ്രീമതി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്ത സന്തതിയായിരുന്നു ലത. ലതയുടെ സഹോദരങ്ങളേയും കലാദേവത നല്ലവണ്ണം അനുഗ്രഹിച്ചിരുന്നു. സഹോദരിമാരില്‍ മീന, പിന്നണിഗായികയും സംഗീതസംവിധായികയുമായിരുന്നു. രണ്ടാമത്തെ സഹോദരി ആശാ ഭോസ്ലെ, പ്രശസ്തയായ പിന്നണിഗായികയായിത്തീര്‍ന്നു. ഏറ്റവും ഇളയവള്‍ ഉഷ, പിന്നണിഗായികയും സംഗീതസംവിധായികയും എന്ന നിലയില്‍ കലാസേവനം അനുഷ്ഠിക്കുമ്പോള്‍ത്തന്നെ മങ്കേഷ് വിതരണ്‍ എന്ന പേരില്‍ ഒരു ചലച്ചിത്രവിതരണക്കമ്പനിയും നടത്തിപ്പോന്നു. സഹോദരനായ ഹൃദയനാഥ് മങ്കേഷ്‌കര്‍ പിന്നണിഗായകനും സംഗീതസംവിധായകനുമായി കലാദേവതയെ ഉപാസിച്ചിരുന്നു. ലതയ്ക്ക് അച്ഛന്‍ എന്നും നല്ലൊരു സുഹൃത്തും ഗുരുനാഥനും വഴികാട്ടിയുമായിരുന്നു. ലത ജനിക്കുന്ന വേളയില്‍ ദീനാനാഥിന്റെ കലാജീവിതം ഉച്ചസ്ഥായിയിലായിരുന്നു. സമ്പത്തിലും ജനസമ്മതിയിലും അക്കാലത്തെ കലാകാരന്‍മാരേക്കാള്‍ ദീനാനാഥ് ഏറെ ഉയരത്തിലായിരുന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ വലിയൊരു ബംഗ്ലാവിലാണ് ദീനാനാഥ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പതിമൂന്ന് മുറികളുണ്ടായിരുന്ന ആ ഇരുനിലക്കെട്ടിടം അദ്ദേഹംതന്നെ പണികഴിപ്പിച്ചതായിരുന്നു. നാടകാഭിനയത്തിലൂടെയും നാട്യസംഗീതത്തിലൂടെയും ദീനാനാഥ് വലിയ അളവില്‍ സ്വത്ത് സമ്പാദിച്ചിരുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആലാപനശബ്ദമായിരുന്നതിനാല്‍ ദീനാനാഥിന്റെ അത്തരം കഥാപാത്രങ്ങള്‍ ആസ്വാദകരെ ഏറെ രസിപ്പിച്ചിരുന്നു. ഒരു നാടകക്കമ്പനിയുടെ നടത്തിപ്പില്‍ പങ്കാളിയായതോടെ ദീനാനാഥ് മങ്കേഷ്‌കറുടെ സമ്പാദ്യം ഇരട്ടിച്ചു. അതിലൂടെ അദ്ദേഹം പല സ്ഥലങ്ങളിലും ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയിരുന്നു. ഈ വിധത്തില്‍ ഔന്നത്യമുള്ള ഒരു ജീവിതം നയിക്കുമ്പോഴും ദീനാനാഥിന്റെ വ്യക്തിത്വം എളിമകൊണ്ടും ഉയര്‍ന്ന ചിന്തകളാലും സമ്പന്നമായിരുന്നു. ശുദ്ധസംഗീതത്തോട് അദ്ദേഹം എന്നും ആദരവാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. അദ്ദേഹം പല ശിഷ്യരേയും സംഗീതം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് വയസ്സുള്ളപ്പോള്‍ത്തന്നെ ലത അച്ഛന്റെ സംഗീതക്ലാസ്സുകള്‍ സശ്രദ്ധം കേട്ടുപഠിക്കാന്‍ ആരംഭിച്ചിരുന്നു. ആ സമയത്ത് ഒരുനാള്‍ ദീനാനാഥിന്റെ ശിഷ്യരിലൊരാള്‍ സംഗീതാഭ്യസനത്തിനിടയില്‍ ഒരു സ്വരം തെറ്റായി പാടുന്നതു കേട്ട് ലത തിരുത്തിക്കൊടുത്തു. ഈ വിവരം അറിഞ്ഞ ദീനാനാഥ് അടുത്ത ദിവസം തന്നെ മകളെ സംഗീതം പഠിപ്പിക്കാന്‍ ആരംഭിച്ചു. കുഞ്ഞായിരുന്ന ലതയുടെ മടിയില്‍ ദീനാനാഥ് തംബുരു വെച്ചുകൊടുക്കുകയും പൂരിയ ധനശ്രീ രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ പഠിപ്പിച്ചുകൊണ്ട് അവളുടെ സംഗീതാഭ്യസനത്തിന് ഹരിശ്രീ കുറിക്കുകയും ചെയ്തു. ഇത്രയും ചെറുപ്രായത്തില്‍ത്തന്നെ സംഗീതത്തെ അഗാധമായി പ്രണയിക്കാന്‍ തുടങ്ങിയ ലതയ്ക്ക് അക്കാരണം കൊണ്ടുതന്നെ ഔപചാരിക വിദ്യാഭ്യാസത്തില്‍ താല്പര്യം നഷ്ടപ്പെട്ടു. ഒരു വിദ്യാലയത്തില്‍ ചേര്‍ന്നെങ്കിലും അവള്‍ സ്‌കൂള്‍പഠനത്തോട് വിമുഖത കാണിക്കുകയും താമസിയാതെ അതിനോട് വിടപറയുകയും ചെയ്തു. 

എന്നാല്‍ ലതയ്ക്ക് പത്ത് വയസ്സ് ആയപ്പോഴേയ്ക്കും ആ കുടുംബത്തെ വിധി വേട്ടയാടാന്‍ ആരംഭിച്ചു. ദീനാനാഥിന്റെ നാടകക്കമ്പനി നഷ്ടത്തിലായി. പല ബാധ്യതകളും വന്നുചേര്‍ന്ന അദ്ദേഹം അതില്‍നിന്നു കരകയറാന്‍ ഒരു സിനിമാക്കമ്പനി തുടങ്ങി. പക്ഷേ, അവിടേയും അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹം നിര്‍മ്മിച്ച ആദ്യ ചിത്രം തന്നെ വലിയൊരു പരാജയമായിത്തീര്‍ന്നു. വീണ്ടും അദ്ദേഹം നാടകക്കമ്പനിയിലേക്കുതന്നെ തിരിഞ്ഞെങ്കിലും പരാജയമായിരുന്നു ഫലം. 

ഇതിനിടയില്‍ സംഗീതരംഗത്ത് സജീവമാകാനും ആ വിധത്തില്‍ കുടുംബത്തിന് ഒരു താങ്ങായിത്തീരാനുമുള്ള ചിന്ത ലതയെ അലട്ടാനും ആരംഭിച്ചിരുന്നു. ആ പ്രായത്തില്‍ത്തന്നെ അതിനുവേണ്ടിയുള്ള പല വഴികളും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലത ആരംഭിച്ചു. അതിന്റെ ഫലമായി 1942-ല്‍ വസന്ത് ജോഗ്ലേക്കര്‍ സംവിധാനം ചെയ്ത കിതിഹസല്‍ എന്ന മറാത്തി സിനിമയില്‍ ഒരു ഗാനം പാടി അഭിനയിക്കാനുള്ള അവസരം ലതയ്ക്ക് കൈവന്നു. ലത പാടിയ ആ ഗാനം റെക്കോര്‍ഡ് ചെയ്‌തെങ്കിലും ആ ചിത്രത്തില്‍ അവര്‍ക്ക് അഭിനയിക്കാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായി ഒരു ദിവസം ദീനാനാഥ് മങ്കേഷ്‌കര്‍ അസുഖബാധിതനാവുകയും അതിനടുത്ത നാള്‍ തന്നെ മരണത്തെ പുല്‍കുകയും ചെയ്തതോടെയാണ് ലതയ്ക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയത്. അതിനാല്‍ ലത പാടിയ ആദ്യത്തെ ആ സിനിമാഗാനം പുറത്തുവന്നതുമില്ല. എന്നാല്‍, ലത പാടിയ ആദ്യത്തെ സിനിമാഗാനം വസന്ത് ജോഗ്ലേക്കര്‍ തന്നെ സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിലേതാണെന്നതും ആശ്ചര്യജനകമായ വസ്തുതയാണ്. 1947-ല്‍ പുറത്തിറങ്ങിയ ആപ് കി സേവാ മേം എന്ന ഹിന്ദി ചിത്രമാണത്. ഈ സിനിമയ്ക്കുവേണ്ടി ''പാ ലാഗു കര്‍ ജോരി രേ'' എന്ന തുമ്രി ലത പാടിയതാണ് അവരുടെ ആദ്യത്തെ സിനിമാഗാനമായി കണക്കാക്കപ്പെടുന്നത്. ദീനാനാഥ് മങ്കേഷ്‌കര്‍ മരണപ്പെടുന്നതിനു മുന്‍പേ തന്നെ കുടുംബത്തോടൊപ്പം അദ്ദേഹം പൂനെയിലേക്ക് താമസം മാറ്റിയിരുന്നു. ഹിന്ദി സിനിമാരംഗത്ത് അവസരങ്ങള്‍ തേടാനും അവിടെ വേരുറയ്ക്കാനുമുള്ള ലതയുടെ പരിശ്രമങ്ങള്‍ക്ക് ഈ താമസമാറ്റം ഗുണം ചെയ്തു. 

ലതാമങ്കേഷ്‌കറുടെ കലാജീവിതത്തിന്റെ പ്രാരംഭത്തില്‍ ഏറെ സഹായങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് പ്രശസ്ത സിനിമാനടനും സംവിധായകനുമായിരുന്ന വിനായക് ദാമോദര്‍ കര്‍ണാടകി. കലാലോകത്ത് മാസ്റ്റര്‍ വിനായക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം മങ്കേഷ്‌കര്‍ കുടുംബത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. ദീനാനാഥിന്റെ മരണശേഷം ലതയെ നൃത്തവും സംഗീതവും പഠിപ്പിക്കാന്‍ മാസ്റ്റര്‍ വിനായക് മുന്‍കയ്യെടുത്തു. ലത ആദ്യകാലത്ത് അഭിനയിച്ച രണ്ട് മറാത്തി സിനിമകളുടേയും (മാസെബാല്‍, ഗജഭൗ) നാല് ഹിന്ദി ചിത്രങ്ങളുടേയും (ബഡി മാ, ജീവന്‍ യാത്ര, സുഭദ്ര, മന്ദിര്‍) സംവിധായകന്‍ മാസ്റ്റര്‍ വിനായക് ആയിരുന്നു. എന്നാല്‍, നാല്‍പ്പത്തിയൊന്നാം വയസ്സില്‍, 1947-ല്‍ മാസ്റ്റര്‍ വിനായക് മരണമടഞ്ഞു. ലതയെ സംബന്ധിച്ച് വ്യക്തിപരമായി വലിയൊരു നഷ്ടം തന്നെയായിരുന്നു ആ മരണം. എന്നാലും ഒരു പിന്നണിഗായികയായിത്തീരാനുള്ള ആഗ്രഹസാഫല്യത്തിനുവേണ്ടി ലത പല വാതിലുകളും മുട്ടിക്കൊണ്ടിരുന്നു. അവസാനം സംഗീതസംവിധായകനായ ഗുലാം ഹൈദറാണ് ലതയുടെ സഹായത്തിനെത്തിയത്. 

ഗുലാം ഹൈദറിന്റെ വിശ്വാസം

ലതയെ മുന്‍പേ തന്നെ അറിയാമായിരുന്ന ഗുലാം ഹൈദര്‍ അവരുടെ സിദ്ധിയും കഴിവുകളും അന്നേ തിരിച്ചറിഞ്ഞിരുന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ച അദ്ദേഹം ആ സമയത്ത് സംഗീതസംവിധാനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഷഹീദ് എന്ന ചിത്രത്തില്‍ ലതയ്ക്ക് പാടാന്‍ അവസരം നല്‍കണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ശശധര്‍ മുഖര്‍ജിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ലത പാടുന്നതു കേട്ട് ആ ശബ്ദം ഇഷ്ടപ്പെടാതെ മുഖര്‍ജി അവര്‍ക്ക് അവസരം നിഷേധിക്കുകയായിരുന്നു. പക്ഷേ, ഇക്കാരണംകൊണ്ട് ലതയോടുള്ള ഗുലാം ഹൈദറിന്റെ വിശ്വാസത്തിന് ഒട്ടും തന്നെ കോട്ടം തട്ടിയില്ലെന്നു മാത്രമല്ല, താമസിയാതെ തന്റെ മറ്റൊരു ചിത്രത്തില്‍ അവരെ തനിക്കു പാടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം ആ സന്ദര്‍ഭത്തില്‍ പ്രകടമാക്കി. ഇപ്പോള്‍ അവസരം നിഷേധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ കാല്‍ക്കീഴില്‍ സകല നിര്‍മ്മാതാക്കളും സംവിധായകരും ഇഴയുന്ന ഒരുകാലം വരുമെന്ന മുന്നറിയിപ്പും ഗുലാം ഹൈദര്‍ ആ സന്ദര്‍ഭത്തില്‍ ശശധര്‍ മുഖര്‍ജിക്ക് നല്‍കുകയുണ്ടായി. 1948-ലായിരുന്നു ഈ സംഭവം. അതേത്തുടര്‍ന്ന് ആ വര്‍ഷം തന്നെ ഗുലാം ഹൈദര്‍ മജ്ബൂര്‍ എന്ന ചിത്രത്തില്‍ ലതയെക്കൊണ്ട് പാടിക്കുകയും ചെയ്തു. മജ്ബൂറിലെ ഗാനങ്ങളും സംഗീതവും ശ്രദ്ധിക്കപ്പെടുകയും അതോടെ ലത ഹിന്ദിസിനിമാരംഗത്തെ ശ്രദ്ധാകേന്ദ്രമായി മാറിത്തുടങ്ങുകയും ചെയ്തു. 1950 കഴിഞ്ഞപ്പോഴേക്കും ലത ഹിന്ദിയിലെ പല പ്രമുഖരായ സംഗീതസംവിധായകരുടേയും കീഴില്‍ പാടിക്കഴിഞ്ഞിരുന്നു. 1949-ല്‍ മഹല്‍ എന്ന സിനിമയ്ക്കുവേണ്ടി ഖേംചന്ദ് പ്രകാശിന്റെ സംഗീതത്തില്‍ ലത പാടിയ 'ആയേഗാ ആയേഗാ ആയേഗാ ആനേവാലാ'' എന്ന ഗാനം ഇന്ത്യയൊട്ടുക്ക് കൊണ്ടാടപ്പെടുകയും ഹിന്ദി സിനിമാലോകത്തെ എക്കാലത്തേയും ഹിറ്റുകളിലൊന്നായി വാഴ്ത്തപ്പെടുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ഹിന്ദി സിനിമാവേദിയിലെ നിര്‍മ്മാതാക്കളും സംവിധായകരും ലതയെക്കൊണ്ട് തങ്ങളുടെ ചിത്രങ്ങളില്‍ പാടിക്കാനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ടു. ഗുലാം ഹൈദര്‍ എന്ന സംഗീതസംവിധായകന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി. സംഗീതാസ്വാദകര്‍ക്ക് ലതയുടെ കണ്ഠം നിലാവ് പൊഴിയുന്ന താഴ്വരയായിരുന്നെങ്കില്‍ സിനിമാനിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അതൊരു സ്വര്‍ണ്ണഖനി ഒളിഞ്ഞിരിക്കുന്ന നിധിയിടമായിരുന്നു. ഹവാ മേം ഉട്താ ജായേ (ശങ്കര്‍ ജയ്കിഷന്‍), സാജന്‍ കി ഗലിയാന്‍ (ശ്യാം സുന്ദര്‍), മില്‍ മില്‍ കേ ബിഛഡ് ഗയേ (അനില്‍ ബിശ്വാസ്), നൈന്‍ മിലേ നൈന്‍ ഹുവേ (തലത്ത് മെഹ്മൂദിനൊപ്പം- അനില്‍ ബിശ്വാസ്), ഹം പ്യാര്‍ തുംഹീ സേ കര്‍തേ ഹേം (ഗുലാം മുഹമ്മദ്), യേ സിന്ദഗി ഉസീ കി ഹേ (സി. രാമചന്ദ്ര), ദില്‍ ജലേ തോ ജലേ (എസ്.ഡി. ബര്‍മ്മന്‍), മന്‍ ദോലെ മേരാ തന്‍ ദോലെ (ഹേമന്ത് കുമാര്‍), ജോ തും തോഡോ പിയാ (വസന്ത് ദേശായ്), ആജാ സനം മധുര്‍ ചാന്ദ്‌നി (മന്നാഡേയ്‌ക്കൊപ്പം - ശങ്കര്‍ ജയ്കിഷന്‍), ഹായേരേ വഹ്ദിന്‍ (പണ്ഡിറ്റ് രവിശങ്കര്‍), പ്യാര്‍ കിയാതോ ഡര്‍നാക്യാ (നൗഷാദ് അലി), ഓ സജ്‌നാ (സലില്‍ ചൗധരി), അള്ളാ തേരോ നാം (ജയ്‌ദേവ്), ഐ ദില്‍ രൂബാ (സജ്ജദ് ഹുസൈന്‍), ജൊവാദാകിയാ(മുഹമ്മദ് റഫിക്കൊപ്പം - റോഷന്‍), ലഗ്ജാഗലേ (മദന്‍ മോഹന്‍), ജീവന്‍ ഡോര്‍ തും ഹീ സംഗ് ബാന്ദി (ലക്ഷ്മീകാന്ത് - പ്യാരേലാല്‍), ബഹാരോ മേരാ ജീവന്‍ ഭീ സവാരോ (ഖയ്യാം), സാവന്‍ കാ മഹീന പവന്‍ കരേ ശോര്‍ (മുകേഷിനൊപ്പം - ലക്ഷ്മീകാന്ത് - പ്യാരേലാല്‍), ചന്ദാ ഹേ തൂ മേരാ സൂരജ് ഹേ തൂ (എസ്.ഡി. ബര്‍മ്മന്‍), കാഞ്ചീരേ കാഞ്ചീരേ (കിഷോര്‍കുമാറിനൊപ്പം - ആര്‍.ഡി. ബര്‍മ്മന്‍), ദില്‍ ഹൂം ഹൂം കരേ (ഭൂപെന്‍ ഹസാരിക) എന്നിവയൊക്കെ ഹിന്ദിയിലെ പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ലതാമങ്കേഷ്‌കര്‍ ആലപിച്ച് അനശ്വരമായി ദീര്‍ഘായുസ്സ് നല്‍കിയ ഗാനങ്ങളാണ്. എന്നിരുന്നാലും, ഒരിക്കല്‍പ്പോലും ലതാമങ്കേഷ്‌കര്‍ ഒത്തുചേരാത്ത ഒരു പ്രമുഖ സംഗീതസംവിധായകന്‍ ഹിന്ദി സിനിമാരംഗത്തുണ്ടായിരുന്നു. ഒ.പി. നയ്യാര്‍ എന്ന സംഗീതസംവിധായകനാണത്. 1951 മുതല്‍ 1995 വരെ ഒരു നീണ്ട കാലയളവ് ഒ.പി. നയ്യാര്‍ ഹിന്ദി സിനിമാലോകത്ത് പ്രവര്‍ത്തിച്ചെങ്കിലും എന്തുകൊണ്ടോ അദ്ദേഹം ഒരൊറ്റ ഗാനം പോലും ലതയെക്കൊണ്ട് പാടിച്ചില്ല. പകരം അദ്ദേഹം ലതയുടെ സഹോദരി ആശാ ഭോസ്ലെയെക്കൊണ്ടാണ് തന്റെ ഒട്ടേറെ ഗാനങ്ങള്‍ പാടിപ്പിച്ചത്. എങ്കിലും 1974 വരെ മാത്രമേ ആ സംഗീതസൗഹൃദം നിലനിന്നുള്ളൂ. അതിനുശേഷം നയ്യാറും ആശാ ഭോസ്ലെയും വേര്‍പിരിഞ്ഞു. അതിനുള്ള കാരണം എന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടുമില്ല. 

അന്ത്യ യാത്ര
അന്ത്യ യാത്ര

ഒരു ഗായിക എന്ന നിലയില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ കലാജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ലതാമങ്കേഷ്‌കര്‍ക്ക് എച്ച്.എം.വി. സമ്മാനിച്ചത് ഒരു സില്‍വര്‍ ഡിസ്‌കായിരുന്നു. ഹിന്ദി സിനിമയുടെ വ്യാവസായിക ലോകത്ത് ലതാമങ്കേഷ്‌കര്‍ എന്ന ഗായിക ചെലുത്തിയിട്ടുള്ള സ്വാധീനത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സിനിമാസംഗീതലോകത്ത് ഒരേസമയം കലാപരമായ ഔന്നത്യവും വ്യവസായികമായി വൈപുല്യവും സൃഷ്ടിക്കാന്‍ ലതാമങ്കേഷ്‌കര്‍ എന്ന ഗായികയ്ക്ക് സാധിച്ചുവെന്നതാണ് ആ ജീവിതത്തെ ധന്യമാക്കുന്നത്. 

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ല്‍ പുറത്തിറങ്ങിയ 'നെല്ല്' എന്ന മലയാള സിനിമയ്ക്കുവേണ്ടി സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ ലതാമങ്കേഷ്‌കര്‍ ആലപിച്ച കദളി കണ്‍കദളി ചെങ്കദളി... എന്നു തുടങ്ങുന്ന ഗാനം നമ്മള്‍ മലയാളികള്‍ക്ക് ആ ഗായിക സമ്മാനിച്ച അനുപമ സംഗീതാനുഭൂതിയാണ്. സലില്‍ദായുടെ സംഗീതവും ഒപ്പം ലതാജിയുടെ ആലാപനവും ഈ ഗാനത്തിന് മലയാള ചലച്ചിത്രസംഗീതത്തില്‍ ഒരു ശ്രദ്ധേയ സാന്നിധ്യമാണ് നല്‍കിയിട്ടുള്ളത്. 

ദൈവം ഈ ഭൂമിയില്‍ മനോഹരമായ ഒരു പൂന്തോട്ടത്തിലാണ് ലതയെ ജീവിക്കാന്‍ വിട്ടത്. ആ ഗായികയാകട്ടെ, ആ പൂന്തോട്ടത്തെ ഒരു കാവല്‍മാലാഖയെപ്പോലെയാണ് കാത്തത്. പൂന്തോട്ടത്തിലെ പൂക്കളെയല്ലാതെ മറ്റൊന്നിനേയും ഗായിക സ്‌നേഹിച്ചില്ല, പ്രണയിച്ചില്ല; ഒരു വിവാഹത്തെപ്പോലും. ലതാമങ്കേഷ്‌കര്‍ അവിവാഹിതയായിത്തന്നെ ജീവിതം നയിച്ചു. അവര്‍ തന്റെ  ഗാനപുഷ്പങ്ങളാല്‍ പൂന്തോട്ടത്തിന്റെ സൗന്ദര്യവും സൗരഭ്യവും നുകരാന്‍ ലോകത്തെ അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com