ജോളി എബ്രഹാം ഇതാ ഇവിടെ...

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ സിനിമാജീവിതമായിരുന്നു തന്റേതെന്നു പറയും ജോളി. പാടാന്‍ വെച്ച പാട്ടുകള്‍ പലതും അവസാന നിമിഷം കൈവിട്ടുപോയിട്ടുണ്ട്
ജോളി എബ്രഹാം ഇതാ ഇവിടെ...

യിക്കാനാണ് വന്നത്; ജയിക്കുകയും ചെയ്തു. ജയാപരാജയങ്ങള്‍ക്കെല്ലാം അപ്പുറത്താണ് പരമമായ ജീവിതസത്യമെന്ന തിരിച്ചറിവുണ്ടായത് പിന്നീടാണ്. വിലപ്പെട്ട ആ തിരിച്ചറിവില്‍നിന്നു തുടങ്ങുന്നു ജോളി എബ്രഹാമിന്റെ സംഗീതയാത്രയുടെ രണ്ടാം ഘട്ടം. 

'ചട്ടമ്പിക്കല്യാണി' 1975-ലെ ''ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍, എതിര്‍ക്കാനായ് വളര്‍ന്നവന്‍ ഞാന്‍'' എന്ന ഒരൊറ്റ പാട്ടിലൂടെ ആസ്വാദക മനസ്സുകളില്‍ ഇടം കണ്ടെത്തിയ ഗായകന് സംഗീതം ഇന്നൊരു ഉപജീവനമാര്‍ഗ്ഗമല്ല; നിലയ്ക്കാത്ത പ്രാര്‍ത്ഥനയാണ്. 1990-കളുടെ മധ്യത്തിലായിരുന്നു സിനിമയോടുള്ള നിശബ്ദമായ വിടവാങ്ങല്‍; അതും മലയാളികള്‍ ഒന്നടങ്കം ഏറ്റുപാടിയ ഒരു പാട്ട് പാടി റെക്കോര്‍ഡ് ചെയ്ത ശേഷം. 'ചമയ'ത്തിലെ 'അന്തിക്കടപ്പുറത്ത്' എന്ന സൂപ്പര്‍ഹിറ്റ് ഗാനം എം.ജി. ശ്രീകുമാറിനൊപ്പം ആസ്വദിച്ചു പാടി അവിസ്മരണീയമാക്കിയ ഗായകനു വീണ്ടും തട്ടുപൊളിപ്പന്‍ പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചേനെ. പക്ഷേ, സിനിമയല്ല, ആത്മീയതയാണ് തന്റെ വഴിയെന്ന് അതിനകം തീരുമാനിച്ചുറച്ചിരുന്നു ജോളി. 

ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനത്തോട് നീതി പുലര്‍ത്താന്‍. ''വലിയൊരു വരുമാന മാര്‍ഗ്ഗമാണ് പൊടുന്നനെ അടഞ്ഞുപോയത്. സ്വയം അടച്ചത് എന്നും പറയാം. ആദ്യമൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ധാരാളമുണ്ടായി. സിനിമാഗാനങ്ങള്‍ പാടി നിര്‍ത്തിയതോടെ എനിക്ക് മുന്നില്‍ പല വാതിലുകളും അടഞ്ഞു. എന്നിട്ടും നിരാശ തോന്നിയില്ല എന്നതാണ് സത്യം. ഒരു വഴി അടയുമ്പോള്‍ ഒന്‍പത് വഴി തുറക്കുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ തീരുമാനത്തില്‍ തെല്ലുമില്ല പശ്ചാത്താപം.'' രണ്ടു ദശകത്തിലേറെക്കാലമായി ജോളിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ മുടങ്ങാതെ അരങ്ങേറുന്ന മ്യൂസി-കെയര്‍ എന്ന സംഗീത ശുശ്രൂഷയ്ക്ക് ആയിരങ്ങളാണ് എത്തുക. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കാലത്ത് 10 മുതല്‍ വൈകീട്ട് 10 വരെയായിരുന്നു ഗാനോത്സവം. മ്യൂസി-കെയര്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ അശരണര്‍ക്കും അംഗപരിമിതര്‍ക്കുമെല്ലാമുള്ള സഹായങ്ങളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു. 

ജോളി എബ്രഹാം (പഴയ ചിത്രം)
ജോളി എബ്രഹാം (പഴയ ചിത്രം)

സിനിമാക്കാലം ജോളിയുടെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണിന്ന്. ''ബൈബിളാണ് എന്നെ മാറ്റിമറിച്ചത്. വേദപുസ്തകത്തിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്തോറും സ്വയം നവീകരിക്കപ്പെടുന്നപോലെ തോന്നി എനിക്ക്.'' പിന്നണിഗായകനെന്ന നിലയില്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഗാനമേളകള്‍ നടത്തിയിട്ടുണ്ട് ജോളി. അതേ വേദികളില്‍ ഗാനശുശ്രൂഷ നടത്തുമ്പോള്‍ മറ്റെങ്ങും കിട്ടാത്ത ആത്മസംതൃപ്തി അനുഭവിക്കുന്നു അദ്ദേഹം. ''ഇന്ന് ഞാന്‍ പാടുന്നത് മുന്നിലിരിക്കുന്ന സദസ്സിനുവേണ്ടി മാത്രമല്ല; കരുണാമയനായ കര്‍ത്താവിനു കൂടി വേണ്ടിയാണ്...''

സിനിമയിലേക്ക്

എറണാകുളം ജില്ലയിലെ കുമ്പളം സ്വദേശിയായ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ എബ്രഹാമിന്റെ മകനെ പിന്നണിഗായകനാക്കിയത് ശ്രീകുമാരന്‍ തമ്പി. മദ്രാസിലെ മ്യൂസിയം തിയേറ്ററില്‍ പി. ഭാസ്‌കരന്‍ മാഷിന്റെ സിനിമാ പ്രവേശത്തിന്റെ ജൂബിലിയോടനുബന്ധിച്ച് ഒരു ഗാനമേള നടക്കുന്നു. പാടുന്നവരില്‍ ജോളിയുമുണ്ട്. മിടുമിടുക്കിയില്‍ ശ്രീകുമാരന്‍ തമ്പി - ബാബുരാജ് സഖ്യമൊരുക്കിയ അകലെയകലെ നീലാകാശം എന്ന പാട്ടാണ് അന്ന് ജോളി വേദിയില്‍ പാടിയത്. ''ഇന്നും ആ പാട്ട് എന്റെ കാതിലുണ്ട്. എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടായിരുന്നു മുഴക്കമുള്ള ആ ശബ്ദത്തിന്'' - തമ്പിയുടെ ഓര്‍മ്മ.

പരിപാടി കഴിഞ്ഞ് ഗായകനെ കാണാനെത്തുന്നു തമ്പി. സിനിമയില്‍ പാടാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉവ്വെന്ന് മറുപടി പറയാന്‍ ഇരുവട്ടം ആലോചിക്കേണ്ടിവന്നില്ല ജോളിക്ക്. അത്തരം ഓഫറുകള്‍ നേരത്തേയും ലഭിച്ചിരുന്നതുകൊണ്ട് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല എന്നുമാത്രം. പിറ്റേന്ന് അണ്ണാനഗറില്‍ ചെന്ന് ശ്രീകുമാരന്‍ തമ്പിയെ കണ്ടപ്പോഴാണ് അതൊരു പാഴ്വാക്കായിരുന്നില്ല എന്ന് ജോളിക്കു മനസ്സിലായത്. ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായ പ്രേംനസീറിനുവേണ്ടി താന്‍ പാടാന്‍ പോകുന്നു. അവിശ്വസനീയമായിരുന്നു ആ അറിവ്. അതേ മുറിയിലിരുന്നുതന്നെ ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ എന്ന പാട്ട് സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ പുതുഗായകനെ പഠിപ്പിക്കുന്നു. രണ്ടു ദിവസത്തിനകം ഭരണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗ്.

തുടക്കം അവിടെനിന്നാണ്. സലില്‍ ചൗധരി മുതല്‍ ഇളയരാജ വരെയുള്ള സംഗീത സംവിധായകര്‍ക്കുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി ജോളി. രജനീഗന്ധി വിടര്‍ന്നു (പഞ്ചമി - എം.എസ്.വി), മാമലയിലെ പൂമരം പൂത്ത നാള്‍ (അപരാധി - സലില്‍ ചൗധരി), അള്ളാവിന്‍ തിരുസഭയില്‍ (ജയിക്കാനായ് ജനിച്ചവന്‍ - എം.കെ. അര്‍ജ്ജുനന്‍), ശാന്തരാത്രി തിരുരാത്രി (തുറമുഖം - അര്‍ജ്ജുനന്‍), ഈണം പാടിത്തളര്‍ന്നല്ലോ (സ്‌നേഹം - ജയവിജയ), എന്നെ ഞാനേ മറന്നു (നായാട്ട് - ശ്യാം), ജീവിതം ഒരു ബലപരീക്ഷണം (ബലപരീക്ഷണം - കെ.ജെ. ജോയ്), ഓമല്‍ കലാലയ വര്‍ഷങ്ങളെ (കോളിളക്കം - എം.എസ്.വി), വരിക നീ വസന്തമേ (പമ്പരം - എ.ടി. ഉമ്മര്‍) ... ഇടയ്ക്ക് അഭിനയത്തിലും ഒരു കൈ നോക്കി. 'ആക്രമണ'ത്തിലെ വില്ലന്‍ വേഷമായിരുന്നു കൂട്ടത്തില്‍ ശ്രദ്ധേയം.

യേശുദാസിനൊപ്പം
യേശുദാസിനൊപ്പം

''റെക്കോര്‍ഡിംഗ് ശരിക്കും ഒരു ആഘോഷമാണ് അന്ന്'' - ജോളിയുടെ ഓര്‍മ്മ. ''അപരാധിയിലെ പാട്ട് സാന്തോം ഓഷ്യാനിക് ഹോട്ടലിലെ മുറിയിലിരുന്ന് സലില്‍ദാ എന്നെയും വാണി ജയറാമിനേയും പഠിപ്പിച്ചത് മറക്കാനാവില്ല. പിറ്റേന്ന് കാലത്ത് ജെമിനി സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗിനു ചെന്നപ്പോള്‍ കണ്ട കാഴ്ച അതിലേറെ അത്ഭുതകരം. ചെണ്ടക്കാരും വയലിനിസ്റ്റുകളും തബലിസ്റ്റുകളും ഉള്‍പ്പെടെ അറുപതോളം പേരുണ്ടാകും ഓര്‍ക്കിസ്ട്രയില്‍. 30 പേരടങ്ങിയ കോറസ് അതിനു പുറമെ. സി.ഒ. ആന്റോ ആയിരുന്നു അവരുടെ ലീഡര്‍. അത്രയും റിച്ച് ആയ ഓര്‍ക്കിസ്ട്രേഷന്‍ അപൂര്‍വ്വമാണ് അന്നൊക്കെ മലയാളഗാനങ്ങളില്‍.''

യാദൃച്ഛികമായിരുന്നു തമിഴിലെ അരങ്ങേറ്റവും. എ.വി.എം.സി തിയേറ്ററിലേക്ക് എം.എസ്.വി ക്ഷണിക്കുമ്പോള്‍ ഏതെങ്കിലും മലയാളം പാട്ട് പാടാനായിരിക്കുമെന്നാണ് കരുതിയത്. ചെന്നപ്പോഴറിയുന്നു പാടേണ്ടത് തമിഴ് പാട്ടാണെന്ന്. വണക്കത്തിക്കുരിയ കാതലിയേ (1978) എന്ന ചിത്രത്തിലെ അടിയനൈ പാരമ്മാ എന്ന പാട്ട് ബി.എസ്. ശശിരേഖക്കൊപ്പം പാടിക്കൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ തമിഴ് ഹിറ്റ് പിറന്നത് രണ്ടു വര്‍ഷം കഴിഞ്ഞ് 'ഒരു തലൈ രാഗ'ത്തില്‍ - മീനാ റീനാ സീതാ (സംഗീതം: ടി. രാജേന്ദര്‍). തുടര്‍ന്ന് ഇളയരാജയ്ക്ക് വേണ്ടിയും ധാരാളം പാടി. ഒടുവിലത്തെ തമിഴ് ചലച്ചിത്രഗാനവും രാജയുടെ ഈണത്തില്‍ത്തന്നെ: മായാബസാറിലെ (1995) അടടാ അങ്ക് വിളയാടും പുള്ളിമാനെ. ''സിനിമാപ്പാട്ട് പാടിയാല്‍ പണം ലഭിക്കും. എന്നാല്‍, ഭക്തിഗാനങ്ങള്‍ പാടുമ്പോഴുള്ള ആത്മസംതൃപ്തി അത്തരം ഗാനങ്ങളില്‍നിന്ന് ലഭിച്ചിരുന്നില്ല എനിക്ക്'' - മാഞ്ഞുപോയ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കി ജോളി പറയുന്നു.

ജോളി എബ്രഹാം എം.എസ് വിശ്വനാഥനൊപ്പം 
ജോളി എബ്രഹാം എം.എസ് വിശ്വനാഥനൊപ്പം 

താലത്തില്‍ വെള്ളമെടുത്ത് 

മാതാപിതാക്കളായിരുന്നു സംഗീതവഴിയില്‍ ജോളിക്ക് എന്നും പ്രചോദനം. ''അപ്പച്ചന്‍ പള്ളിയില്‍ പാടിയിരുന്നു. അമ്മച്ചിക്കും സംഗീതത്തില്‍ താല്പര്യമാണ്. കുട്ടിക്കാലത്ത് ഞാന്‍ ജാനകിയുടേയും സുശീലയുടേയും പാട്ടുകളാണ് പാടുക. ജാനകിയമ്മയുടെ തളിരിട്ട കിനാക്കള്‍ പാടിയായിരുന്നു പൊതുവേദിയിലെ അരങ്ങേറ്റം. ജാനകിയോടൊപ്പം ആദ്യമായി ഒരു യുഗ്മഗാനം പാടാന്‍ സ്റ്റുഡിയോയില്‍ ചെന്നു നിന്നപ്പോള്‍ ഓര്‍മ്മവന്നത് ആ നിമിഷങ്ങളാണ്. പഴയ പാട്ടുകഥ ജോളി പങ്കുവെച്ചപ്പോള്‍ പൊട്ടിച്ചിരിച്ചു ജാനകിയമ്മ. 

തേവര കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നതോടെ സ്ത്രീശബ്ദത്തോട് വിടവാങ്ങുന്നു ജോളി. കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ ലളിതസംഗീതത്തിന് ഒന്നാംസ്ഥാനം നേടിയത് ഇക്കാലത്താണ്. എങ്കിലും പാട്ടിനേക്കാള്‍ പഠനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന കാര്യത്തില്‍ നിര്‍ബ്ബന്ധമുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്. കലാഭവനിലെ ആബേലച്ചന്‍ ജോളിയെ തേടി വീട്ടില്‍ വന്നപ്പോള്‍ മകനെ പാട്ടിനു വിട്ടുകൊടുക്കാന്‍ തെല്ലൊന്ന് മടിച്ചതും അതുകൊണ്ടുതന്നെ. പക്ഷേ, ക്ഷണിക്കുന്നത് അച്ചനാകുമ്പോള്‍ എങ്ങനെ എതിര്‍ക്കാന്‍? 1970-കളുടെ തുടക്കത്തിലാണ് കലാഭവന്‍ ഓര്‍ക്കിസ്ട്രയില്‍ ജോളി അംഗമായത്. സംഗീത സംവിധായകന്‍ കെ.കെ. ആന്റണി, എമില്‍ ഐസക്‌സ്, റെക്‌സ് ഐസക്‌സ്, ഗായിക സുജാത ഒക്കെയുണ്ട് അന്നവിടെ. ഇടക്ക് യേശുദാസും വരും പാടാന്‍.

കലാഭവന്‍ അക്കാലത്ത് പുറത്തിറക്കിയ ഭക്തിഗാന ആല്‍ബത്തില്‍ രണ്ടു നല്ല പാട്ടുകള്‍ പാടാനായതാണ് സംഗീത ജീവിതത്തില്‍ ജോളിയുടെ വഴിത്തിരിവ്. ആബേലച്ചന്‍ രചിച്ച താലത്തില്‍ വെള്ളമെടുത്ത് (സംഗീതം - റാഫി ജോസ്), സര്‍വ്വേശ പുത്രനുയിര്‍ത്തു (കെ.കെ. ആന്റണി) എന്നീ പാട്ടുകള്‍. തൊട്ടുപിന്നാലെ മാനേജര്‍ തങ്കയ്യയുടെ ക്ഷണം സ്വീകരിച്ച് എച്ച്.എം. വിയില്‍ അസിസ്റ്റന്റ് റെക്കോര്‍ഡിംഗ് ഓഫീസറായി ചുമതലയേല്‍ക്കുന്നു ജോളി. സിനിമയില്‍ പാടാനുള്ള മോഹം തന്നെയായിരുന്നു ആ തീരുമാനത്തിനു പിന്നില്‍. വിധിനിയോഗമെന്നോണം അധികം വൈകാതെ ചട്ടമ്പിക്കല്യാണിയിലൂടെ ജോളി പിന്നണിഗായകനായി മാറുകയും ചെയ്തു.

ജോളി എബ്രഹാമും മകൾ രേഷ്മയും മ്യൂസി- കെയർ വേദിയിൽ
ജോളി എബ്രഹാമും മകൾ രേഷ്മയും മ്യൂസി- കെയർ വേദിയിൽ

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ സിനിമാജീവിതമായിരുന്നു തന്റേതെന്നു പറയും ജോളി. പാടാന്‍ വെച്ച പാട്ടുകള്‍ പലതും അവസാന നിമിഷം കൈവിട്ടുപോയിട്ടുണ്ട്. പ്രതീക്ഷിക്കാത്തവ ഇങ്ങോട്ട് തേടിവന്നിട്ടുമുണ്ട്. എങ്കിലും നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടാറില്ല ഈ ഗായകന്‍. 1990-ലാണ് ജോളി ചെന്നൈയില്‍ സ്വന്തമായി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചത്. മൂന്നു പതിറ്റാണ്ടിനിടെ നൂറുകണക്കിനു ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഈ സ്റ്റുഡിയോയില്‍നിന്ന് ജോളിയുടെ ശബ്ദത്തില്‍ പുറത്തുവന്നു. മക്കളായ രോഹിത്തും രേഷ്മയുമുണ്ട് സഹഗായകരായി.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നുപോയതില്‍ എന്നെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ? ജോളിയോടൊരു ചോദ്യം. ''ഒരിക്കലുമില്ല. സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിച്ചാല്‍ ദുഃഖിക്കാന്‍ എവിടെ സമയം?'' മനസ്സിനെ ഏറ്റവുമധികം സ്പര്‍ശിച്ച ബൈബിള്‍ വചനം ഓര്‍ത്തെടുക്കുന്നു ജോളി: ''ഭയപ്പെടേണ്ട, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാന്‍ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവന്‍ തന്നെ...''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com