ആത്മബന്ധത്തിന്റെ ചുരുളുകള്‍

'ശങ്കരാചാര്യര്‍ വഴികളില്‍ തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിച്ചു. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാലത്ത് കള്ളുഷാപ്പുകളും' എന്ന് ഒരു മദ്യവര്‍ജ്ജന യോഗത്തില്‍ ഇ.എം.എസ്സിനെ വിമര്‍ശിച്ചു
ആത്മബന്ധത്തിന്റെ ചുരുളുകള്‍

ജീവിതത്തിലൂടെ ഉടനീളം കടന്നുപോകുമ്പോള്‍ വലിയവനേയും ചെറിയവനേയും വേര്‍തിരിക്കുകയും ഓരോ ഘട്ടത്തിലും തരളിതനാക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും ആര്‍ക്കും. അത്തരത്തില്‍ വൈകാരികത നിറഞ്ഞതായിരുന്നു അച്ഛന്റെ ജീവിതാനുഭവങ്ങളും.

ഉണ്ണിയായിരിക്കുമ്പോള്‍ തിരുവോണം നാളില്‍ മേഴത്തൂര്‍ കുളങ്ങര തൃക്കോവിലില്‍ ഇരമ്പിയ വാരസദ്യ പതിവുണ്ട്. രാത്രി ഊണു കഴിഞ്ഞാല്‍ ഇല്ലത്തെത്തിക്കേണ്ട ഭാരം വാലിയക്കാരന്‍ ഗോപാലന്റേതാണ്. ''തമ്പാന്‍ എത്ര കയ്യിന്‍ പായസമമൃതേത്ത് കഴിച്ചു'' എന്ന ചോദ്യം അച്ഛന്‍ ഓര്‍മ്മിച്ചിരുന്നു. കാത്തുനിന്നിരുന്ന ഗോപാലന് ഒരു തുള്ളിയും കിട്ടിയിട്ടുണ്ടാവില്ല. ഉള്ളവനേയും ഇല്ലാത്തവനേയും വേര്‍തിരിക്കുന്ന ആ ചോദ്യം സോഷ്യലിസത്തിന്റെ മണിനാദമായി അച്ഛനില്‍ അനുരണനം ചെയ്തിരുന്നു എന്നും.

ശാന്തിക്കാരനായ കാലത്ത് നങ്ങേലിക്കുട്ടി എന്ന ബാലികയെക്കൊണ്ട് സ്ലേറ്റില്‍ എഴുതി വാങ്ങിച്ച അക്ഷരമാലയിലൂടെ വിജ്ഞാനത്തിലേക്കുള്ള വാതില്‍ തുറക്കപ്പെടുകയായിരുന്നു. ഇംഗ്ലീഷു പഠിക്കലും ആവശ്യമാണെന്ന് നമ്പൂതിരിമാര്‍ക്കും കാര്യസ്ഥന്മാര്‍ക്കും തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. ജില്ല, താലൂക്ക് ബോര്‍ഡുകളില്‍ അംഗമാകാന്‍ ഇംഗ്ലീഷുണ്ടെങ്കില്‍ നന്ന്. നാളികേരം അരയ്ക്കാന്‍ പട്ടര്‍, തേച്ചുകളിപ്പിക്കാന്‍ വാലിയക്കാര്‍, ഉച്ചതിരിഞ്ഞാല്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വേറെയാളുകളും. പ്രഭുകുടുംബങ്ങളിലെ അന്നത്തെ മട്ട് അങ്ങനെയായിരുന്നു.

ശാന്തിക്കാരനായ ഈ യുവാവിനും തുടര്‍ന്നു പഠിക്കാന്‍ മോഹമുണ്ടെന്നറിയിച്ചപ്പോള്‍ അയല്‍വാസിയായ നമ്പൂതിരി പറഞ്ഞു: ''സുകൃതമുണ്ടെങ്കില്‍ നന്നാവാന്‍ അതുമതി. അറിവോണ്ട് കാര്യമൊന്നുമില്ല.''
സ്വന്തം ജ്യേഷ്ഠന്‍ പറഞ്ഞു: ''പൂമുള്ളി അപ്ഫന്‍ നമ്പൂതിരിയുടെ പിറന്നാളാണ്. പരക്കെ പശുദാനമുണ്ട്. അതിനു പൊയ്‌ക്കോളൂ.''

കാര്യസ്ഥന്‍ പറഞ്ഞു: ''തിരുമേനി അടിയന്റെ കൂടെ വന്നോളൂ. നല്ല ഒരു സംബന്ധത്തിനുള്ള സമയമായി ഇവിടുത്തേയ്ക്ക്.''

ഷൊര്‍ണ്ണൂര്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ സായ്വിന്റെ കീഴില്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഇടം കണ്ടെത്തി. നാലു വയസ്സുള്ള മദാമ്മക്കുട്ടിയോടൊപ്പം 'എബിസിഡി' കഷ്ടിച്ച് എഴുതാനും വായിക്കാനും പഠിച്ചു. നാലു മാസത്തോളം വിദേശി സുന്ദരിക്കുട്ടി ശാന്തിക്കാരന്റെ സതീര്‍ത്ഥ്യയായി. ഇംഗ്ലീഷ് ലിപി കൈകാര്യം ചെയ്യാനുള്ള കഴിവും കയ്യിലായി.

ഇനിയും പഠിക്കണം. ആ മോഹത്തില്‍ ശാന്തിപ്പണിയുപേക്ഷിച്ച് കൊല്ലങ്കോട്ടും തിരുവനന്തപുരത്തും അലഞ്ഞുനടന്നു. തൃശൂരും തിരുവനന്തപുരവും ഒരുപോലെ നമ്പൂതിരി സങ്കേതങ്ങളാണ് അന്ന്. തൃശൂര്‍ ബ്രഹ്മസ്വം മഠം, തെക്കെ സ്വാമിയാര്‍ മഠം, വടക്കുനാഥന്‍. എങ്കില്‍ തിരുവനന്തപുരത്ത് ശീവേലിപ്പുര, പത്മനാഭസ്വാമി ക്ഷേത്രം, മിത്രാനന്ദപുരം, ശ്രീ കണ്‌ഠേശ്വരം മഠങ്ങള്‍. മുറുക്കുച്ചുവപ്പിച്ച് ശീട്ടുകളിയും മൂക്കറ്റം ഘാസി വെടി പറഞ്ഞുമുള്ള നമ്പൂതിരിമാരുടെ അലസതാകേന്ദ്രങ്ങള്‍ മിക്കവയും. ഇല്ലങ്ങളിലെ അധികപ്പറ്റായ അപ്ഫന്മാരാണ് ദക്ഷിണ മോഹിച്ച് അടിഞ്ഞുകൂടിയിട്ടുള്ളത് എന്നും മനസ്സിലായി.

കോട്ടയ്ക്കകത്തെ കുമാരമംഗലസ്സു മഠത്തില്‍ വ്യത്യസ്തരായ യുവാക്കളും അന്തരീക്ഷവും. അച്ഛന്‍ അങ്ങോട്ടു കടന്നുചെന്നത് ജീവിതത്തിലെ പുതിയ ഒരദ്ധ്യായമായി. അവരെ നയിക്കുന്നത് കെ.എന്‍. കുട്ടന്‍ നമ്പൂതിരിപ്പാടാണ്. സ്ഥിതപ്രജ്ഞനും സ്‌നേഹസമ്പന്നനുമായ കുമാരമംഗലസ്സുമായി കൂടുതല്‍ അടുത്തു. അച്ഛന്‍ അവിടെ നിത്യസന്ദര്‍ശകനായി.

വിടി ഭട്ടതിരിപ്പാട് മുപ്പതുകളിലെ ഒരു ചിത്രം
വിടി ഭട്ടതിരിപ്പാട് മുപ്പതുകളിലെ ഒരു ചിത്രം

പുതിയ ഉയിരോടെ സാമുദായിക നവീകരണം

അന്നത്തെ ഒരു സംഭവം കുട്ടന്‍ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ച് അച്ഛന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടന്‍ നമ്പൂതിരിപ്പാടിനോടൊത്ത് ഒരു വൈകുന്നേരം കടല്‍പ്പുറത്ത് എല്ലാവരും കൂടി കാറ്റു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇന്ന് ഇവിടെ കൂടിയിട്ടുള്ള ഓരോ നമ്പൂതിരിയും അയാള്‍ക്കറിയാവുന്ന എന്തെങ്കിലും വിഷയത്തെപ്പറ്റി അഞ്ചു മിനിട്ടു പ്രസംഗിക്കണം.''

ഒന്നുരണ്ടു പേര്‍ അതു നിര്‍വ്വഹിച്ചു. ഗതിമുട്ടി അച്ഛനും എഴുന്നേറ്റുനിന്നു. കാലിടറി. തൊണ്ട വിറച്ചു. ഒരക്ഷരം സംസാരിക്കാന്‍ സാധിച്ചില്ല. ഈ പരാജയം വേദനിപ്പിച്ചു. സ്വയം നോക്കിക്കാണാന്‍ അതു സഹായിച്ചു. സ്വയം സമ്പൂര്‍ണ്ണനാവണമെന്നുള്ള തീവ്രശപഥം ഹൃദയത്തില്‍ കൊണ്ടുനടന്നു.

മാമൂലില്‍നിന്നു കുതറിച്ചാടി നവീന വിദ്യാഭ്യാസം നേടാന്‍ സഹായിക്കുന്ന സമുദായ സ്‌നേഹികളെ മണത്തറിയാന്‍ ശ്രമിക്കുന്ന ആ കാലത്ത് കെ.എന്‍. കുട്ടന്‍ നമ്പൂതിരിപ്പാടിനെ പരിചയപ്പെട്ടത് അച്ഛനിലും മാറ്റമുണ്ടാക്കി. സമരാസക്തിയും പുതിയ ചിന്താഗതിയും വളരാനും സാമുദായിക പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും വഴികാട്ടിയത് അദ്ദേഹമാണ്.

പിന്നീട് 'ഉണ്ണി നമ്പൂതിരി' മാസികയുടെ പത്രാധിപത്യത്തിലിരുന്ന് പുരോഗമനാത്മകമായ ആശയങ്ങള്‍ ആവിഷ്‌കരിച്ചതും പ്രായോഗിക പദ്ധതികള്‍ വെട്ടിത്തുറന്നതും അദ്ദേഹമാണ്. 'ഉണ്ണിനമ്പൂതിരി'യില്‍ അദ്ദേഹമെഴുതിയ ഓരോ മുഖപ്രസംഗവും ഓരോ ഏറ്റുമുട്ടലായി. സമുദായ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ഥാപിത താല്പര്യത്തിന് പാടുപെടുന്ന ആഢ്യത്വത്തിന്റേയും വൈദികത്വത്തിന്റേയും നേരെ കുട്ടന്‍ നമ്പൂതിരിപ്പാട് കൂരമ്പുകള്‍ കോരിച്ചൊരിഞ്ഞു. സംസ്‌കാരം എന്ന വാക്കിന്റെ മറവില്‍നിന്ന് ഒളിയമ്പയച്ചിരുന്ന മിതവാദിത്വത്തെ നമ്പൂതിരിപ്പാട് പുറത്തേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു നിര്‍ത്തി യുക്തിവാദത്താല്‍ തൊലിയുരിച്ചു കാണിച്ചു. 'സുദര്‍ശനം' പത്രാധിപര്‍ കുന്നത്ത് ജനാര്‍ദ്ദന മേനോന്‍, 'ഗോമതി' പത്രാധിപര്‍ രാഘവന്‍ നായര്‍, വടക്കുംകൂര്‍ രാജരാജവര്‍മ്മ, പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചന്‍ തുടങ്ങി യാഥാസ്ഥിതികത്വത്തിന് തുണയായി നിന്നവരെല്ലാം ആ തൂലികയുടെ തല്ലേറ്റു തളര്‍ന്നവരാണ്. മൂത്തിരിങ്ങോട്, ജി. ശങ്കരന്‍ പോറ്റി, കുറുമൂര്‍, എം.ആര്‍.ബി., എം.പി., പാണ്ടം, മോഴികുന്നം, ഐ.സി.പി., ഇ.എം.എസ് തുടങ്ങിയ യുവകേസരികളെ വളര്‍ത്തിക്കൊണ്ടുവന്നത് കുട്ടന്‍ നമ്പൂതിരിപ്പാടിന്റെ ചിന്താമണ്ഡലമാണ്. -ഇങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ അച്ഛന് നൂറു നാവാണ്.

സാമുദായിക പ്രസ്ഥാനം പുതിയ ഉയിരോടെ മുന്‍പോട്ടു കുതിക്കാന്‍ തുടങ്ങി. യുവാക്കള്‍ പഴമയോട് പരസ്യമായി പടയ്‌ക്കൊരുങ്ങി. മാസികയായിരുന്ന 'ഉണ്ണിനമ്പൂതിരി' വാരികയായി.

നാടകാവതരണത്തെത്തുടര്‍ന്നുള്ള കുടുംബവിഭജനം, സ്വജാതിയില്‍നിന്നുള്ള വിവാഹം, യാചനായാത്ര, ക്ഷേത്രപ്രവേശന പ്രക്ഷോഭം തുടങ്ങിയ തിരക്കുകളില്‍ ആണ്ടുമുഴുകിയ അച്ഛന് കുറച്ചുകാലം കുട്ടന്‍ നമ്പൂതിരിപ്പാടിനെ ചെന്നു കാണാന്‍ കഴിഞ്ഞില്ല. ''ആറു ചാണ്‍നീളം, കറുത്തു കുറുതായ ദേഹം, ചെവിക്കുറ്റിയില്‍ തേഞ്ഞ ഒരു പെന്‍സില്‍ കഷണം, ആരെക്കണ്ടാലും സാഹിത്യകാര്യവും അതിലധികം സാമുദായിക കാര്യവും സംസാരിക്കുന്ന സ്വഭാവം, നാവില്‍ എപ്പോഴും നാലപ്പാടിന്റെ കവിത - ഇങ്ങനെയുള്ള വി.ടിയെ കണ്ടവരുണ്ടോ?'' എന്ന് അന്വേഷിക്കുന്ന പോസ്റ്റ്കാര്‍ഡ് കുട്ടന്‍ നമ്പൂതിരിപ്പാടിന്റെ കയ്യക്ഷരത്തില്‍ അച്ഛനെ തേടിയെത്തുകയായിരുന്നു.

കുറുമൂർ നാരായണ ഭട്ടതിരിപ്പാട്
കുറുമൂർ നാരായണ ഭട്ടതിരിപ്പാട്

ശങ്കരാചാര്യരും ശങ്കരന്‍ നമ്പൂതിരിപ്പാടും

കുട്ടന്‍ നമ്പൂതിരിപ്പാട് കാത്തുസൂക്ഷിച്ച പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഈറ്റില്ലത്തിലാണ് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയ ജീവിതവും പിറന്നത്. കേരളത്തിലെ ബ്രാഹ്മണരില്‍ പുറത്തറിയപ്പെടുന്നവരായി രണ്ടു പേരാണുള്ളതെന്നു പറയാറുണ്ട്. ഭാരതത്തിലെ ഉന്നതനായ അദ്വൈതാചാര്യന്‍ ഒരാള്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ താത്ത്വികാചാര്യനായ മറ്റൊരാള്‍. ചരിത്രം തിരുത്താന്‍ ശ്രമിച്ച രണ്ടു താര്‍ക്കിക പ്രതിഭകള്‍. മാനവമഹത്വത്തിന്റെ നിത്യപ്രതീക്ഷകളായി വാഴ്ത്തപ്പെടുന്ന രണ്ടറ്റങ്ങള്‍ - ശങ്കരാചാര്യരും ശങ്കരന്‍ നമ്പൂതിരിപ്പാടും. ഒരാള്‍ സന്ന്യാസം സ്വീകരിച്ചു. മറ്റേയാള്‍ (ഒ.വി. വിജയന്റെ ഭാഷയില്‍) രാഷ്ട്രീയത്തിന്റെ ചുവയുള്ള സന്ന്യാസവും കൈക്കൊണ്ടു. കൊല്ലങ്ങളോളം സി.പി.എം. ജനറല്‍ സെക്രട്ടറിയും രണ്ടുതവണ കേരള മുഖ്യമന്ത്രിയുമായി ഉയര്‍ന്നു ഇ.എം.എസ്.

തൃശൂരിലെ നമ്പൂതിരി യുവജനസംഘം യോഗങ്ങളിലാണ് തന്നേക്കാള്‍ 13 വയസ്സ് സീനിയറായ അച്ഛനെ ഇ.എം.എസ്. പരിചയപ്പെടുന്നതും യോഗക്ഷേമം, ഉണ്ണിനമ്പൂതിരി എന്നിവയുടെ പത്രപ്രവര്‍ത്തന സഹായിയായി കൈചേര്‍ത്തു പിടിക്കുന്നതും. അച്ഛനായിരുന്നു കുട്ടന്‍ നമ്പൂതിരിപ്പാടിനു പകരക്കാരനായ അന്നത്തെ ഉണ്ണിനമ്പൂതിരി പത്രാധിപര്‍. ഇ.എം.എസ്. കോളേജ് വിദ്യാര്‍ത്ഥിയും. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' പ്രഹസനാവതരണത്തിന്റെ അണിയറയില്‍ നടന്മാരെ മേക്കപ്പു ചെയ്യാനും അസിസ്റ്റന്റ് സ്റ്റേജ് മാനേജരായി അരങ്ങൊരുക്കാനും പ്രോംപ്ട് ചെയ്യാനും നാടകത്തിരശ്ശീല വീഴുമ്പോള്‍ ഒരന്തര്‍ജ്ജനം കുടയും പുതപ്പും ഉപേക്ഷിക്കുന്നതു കണ്ട് ആഹ്ലാദിക്കാനും ഇ.എം.എസ്. മുന്‍പില്‍ ഉണ്ടായിരുന്നു. മാമൂലുകളോട് പൊരുതുവാനെന്നോണം നാടകത്തിലെ വൃദ്ധവരന്റെ അകമ്പടിയായി വാളും പരിചയും പിടിച്ച് അഭിനേതാവ് ആവാനും ഇ.എം.എസ്. തയ്യാറായി.

നാടകശേഷം സാമുദായിക മാറ്റങ്ങള്‍ ശക്തിപ്പെടുത്താന്‍ യുവജനസംഘത്തെത്തന്നെ പുതുക്കിവാര്‍ത്തു. മംഗളോദയത്തിലെ ജോലി രാജിവെച്ച് അച്ഛന്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി. ഇ.എം.എസ്. സെക്രട്ടറിയും. മൂത്തിരിങ്ങോടു ഭവത്രാതന്‍ നമ്പൂതിരിപ്പാട്, ചിറ്റൂര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാട്, പാണ്ടം വാസുദേവന്‍ നമ്പൂതിരി, കുറുമൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട്, വക്കീല്‍ പി.എസ്. കേശവന്‍ നമ്പൂതിരി (പിന്നീട് സെഷന്‍സ് ജഡ്ജിയായി വിരമിച്ചു. നമ്പൂതിരി വിദ്യാലയത്തില്‍ അച്ഛന്റെ സഹപാഠിയും), എം.ആര്‍.ബി., എം.പി., മോഴികുന്നം എന്നിവര്‍ അംഗങ്ങളായ നിര്‍വ്വാഹ സമിതിയുടെ ഉപദേശകര്‍ കെ.എന്‍. കുട്ടന്‍ നമ്പൂതിരിപ്പാടും സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റി എം.എയും ആയിരുന്നു.

നമ്പൂതിരി ബില്ലില്‍ ഒപ്പിടാതെ വൈകിക്കുന്ന കൊച്ചി രാജാവിന്റെ നടപടികളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഇടപ്പിറന്നാള്‍ ദിവസങ്ങളില്‍ കറുത്ത പൊട്ടുതൊട്ട് കരിദിനവും ഹര്‍ത്താലും ആചരിക്കുക, പൂണുനൂല്‍ കത്തിച്ച ചാരം അയച്ചുകൊടുത്തും മുറജപം ബഹിഷ്‌കരിച്ചും എതിര്‍പ്പ് അറിയിക്കുക, സമുദായത്തിലെ വിവാഹിതകളും അവിവാഹിതകളുമായ യുവതികളേയും ബാലികമാരേയും വിദ്യാഭ്യാസം ചെയ്യിക്കേണ്ട ആവശ്യകത പ്രചരിപ്പിക്കുക, വേഷപരിഷ്‌കാരം നടപ്പാക്കുക, അന്തഃപുരങ്ങളിലേക്ക് പ്രസംഗങ്ങളും ലഘുലേഖകളുമായി സന്ദേശം എത്തിക്കുക, അധിവേദനങ്ങളും വിജാതീയ വിവാഹങ്ങളും തടയുക തുടങ്ങിയ പ്രക്ഷോഭങ്ങളിലേക്കു പ്രവേശിച്ച ആ സംഘകാലത്തിന് അനേകം യുവാക്കള്‍ കണ്ണികളായി. എങ്കിലും പ്രധാനികള്‍ മഷിക്കുപ്പി പോലുള്ള രണ്ടുപേരായിരുന്നു. കറുത്തു കുറുകിയ വി.ടിയും വെട്ടിച്ച മുടിയും ക്രോപ്പുമുള്ള ഇ.എം.എസ്സും. എതിര്‍ക്കേണ്ടിടത്തു കീഴടങ്ങാതെ, ശങ്കിച്ചു നില്‍ക്കാതെ അനീതികളേയും അനാചാരങ്ങളേയും ഇല്ലാതാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രണ്ടുപേര്‍.

സ്വന്തം സ്വര്‍ണ്ണവാച്ച് സാമുദായിക പ്രവര്‍ത്തനച്ചെലവുകള്‍ക്ക് അഴിച്ചുകൊടുത്ത് വിശാല രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് നിയമലംഘനത്തിലൂടെ പ്രവേശിക്കാന്‍ ഇ.എം.എസ്. പുറപ്പെട്ടത് പട്ടാമ്പിയില്‍ അച്ഛനേയും മോഴികുന്നത്തേയും സന്ദര്‍ശിച്ച ശേഷമായിരുന്നു (1932). പന്തീരാണ്ടിനുശേഷം പൂര്‍ണ്ണ കമ്യൂണിസ്റ്റുകാരനായി മടങ്ങിവന്ന് നിര്‍ജ്ജീവമായിക്കഴിഞ്ഞിരുന്ന സഭയെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജാതിയും തൊഴിലും പാരമ്പര്യമായി സ്വീകരിച്ചുപോന്ന സാമൂഹ്യഘടനയുടെ ഉരുക്കുകോട്ടകളെ കടന്നാക്രമിക്കാന്‍ 'നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന മുദ്രാവാക്യവുമായി ഇ.എം.എസ്. തിരഞ്ഞെടുത്ത താവളം പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂര്‍ ഗ്രാമമായിരുന്നു. അവിടെ കാഞ്ഞിരങ്ങാട്ടുമനയുടെ നാലുകെട്ടിലും മുറ്റത്തുമായി നടന്ന സഭയുടെ 34-ാം വാര്‍ഷികം സമുദായത്തെ പിടിച്ചുകുലുക്കിയ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു (1944). സങ്കുചിതമായ സാമുദായിക ഘടന ദേശീയ താല്പര്യത്തിനു തടസ്സമായതിനാല്‍ യോഗക്ഷേമ സഭ പിരിച്ചുവിടണമെന്ന് ആദ്യ വിധവാ വിവാഹവേദിയില്‍ (1934) പ്രഖ്യാപിച്ച് 'ഉല്‍ബുദ്ധ കേരളം' കോളനിപോലുള്ള കൂട്ടുജീവിത സംരംഭങ്ങളിലേക്കു തിരിഞ്ഞ അച്ഛന്‍ ഇ.എം.എസ്സിന്റെ തിരിച്ചുവരവു കണ്ട് ആവേശഭരിതനായി രണ്ടാമൂഴത്തിന് ഓങ്ങല്ലൂരിലെത്തുകയും ചെയ്തു.

ഇ.എം.എസ്സിന്റെ ഭാഷയില്‍ ഒന്നേകാല്‍ കോടി മലയാളികളുടെ മാതൃഭൂമിയാണ് അന്നു കേരളം. ഈ ഒന്നേകാല്‍ കോടിയുടെ ഏകീകരണത്തിനുള്ള കുതിപ്പില്‍ ഭൂവുടമാ സമ്പ്രദായവും പരശുരാമ പ്രതിനിധികളായി പെന്‍ഷന്‍ പറ്റിയ വര്‍ഗ്ഗം പോലെ കഴിഞ്ഞുകൂടുന്നവര്‍ എന്ന് അച്ഛന്‍ വിശേഷിപ്പിച്ച നമ്പൂതിരിമാരുടെ നിലയും നിരപ്പാക്കപ്പെടും എന്നു മുന്‍കൂട്ടിക്കണ്ട് കൃഷിക്കാരന്‍, തൊഴിലാളി തുടങ്ങി വിവിധ അദ്ധ്വാനങ്ങളിലേര്‍പ്പെടുന്ന മനുഷ്യരായി ജീവിക്കുക എന്നതായിരുന്നു ഓങ്ങല്ലൂര്‍ സമ്മേളന സന്ദേശത്തിലെ ക്രിയാംശം.

ജന്മികളും വൈദികരുമടങ്ങുന്ന നേതൃനിര, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു ചായുകയും ചെരിയുകയും ചെയ്യുന്ന അനുചരവൃന്ദം, സമക്ഷത്തില്‍നിന്ന് എന്തെങ്കിലും സൗജന്യം കിട്ടിയേക്കും എന്ന പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന അനുഭാവി സംഘം - മനക്കലെ ആവണപ്പലകയില്‍ പെറ്റുവീണ് നമ്പൂതിരി കോണ്‍ഗ്രസ്സായി വളര്‍ന്ന യോഗക്ഷേമ സഭ നാല്‍പ്പതില്‍പരം വാര്‍ഷികങ്ങള്‍ ഗംഭീരമായി കൊണ്ടാടി. ദേവസ്വം വ്യവഹാരങ്ങള്‍, കുടുംബ വഴക്കുകള്‍, നികുതി നിര്‍ണ്ണയത്തിലെ അപാകങ്ങള്‍, കല്ലുവെട്ടാനോ തേക്കുമുറിക്കാനോ അനുവാദമില്ലാത്തതിനാല്‍ ജന്മികള്‍ക്കുള്ള പ്രയാസങ്ങള്‍ എന്നിവയിലൊതുങ്ങി ആദ്യ സമ്മേളനങ്ങള്‍. ബ്ലൗസ്സിട്ട സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ രാജാവ് വിലക്കിയതോ അന്തര്‍ജ്ജനത്തെ തീവണ്ടിയാത്ര ചെയ്യിച്ചതിന് പ്രായശ്ചിത്തം വിധിച്ചതോ പനിപിടിച്ചു കുടുമ മുറിച്ചതിനാല്‍ ക്ഷേത്രത്തില്‍ കടക്കുന്നതു തടഞ്ഞതോ അപ്ഫന്മാരുടേയും അകത്തമ്മമാരുടേയും ദുരിതങ്ങളോ ഉന്നയിക്കപ്പെട്ടില്ല. യുവജനസംഘം ഇടപെട്ടപ്പോള്‍ മാത്രമാണ് മാനുഷിക സങ്കടങ്ങളെക്കുറിച്ച് മിതവാദികളും തീവ്രവാദികളും ചേരിതിരിഞ്ഞു വാദിക്കുന്നതും ഏറ്റുമുട്ടുന്നതും.

എംആർ ഭട്ടതിരി
എംആർ ഭട്ടതിരി

നമ്പൂതിരിമാരിലെ ഇംഗ്ളീഷ് വിദ്യാഭ്യാസം

യോഗക്ഷേമ ബാങ്കിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കാനുള്ളതല്ല സഭ എന്നു വിപ്ലവകാരികള്‍ വാദിച്ചു. എന്തിനുമൊരു സംശയം, ത്യാഗത്തിനേയും കഷ്ടപ്പാടിനേയും ഭയം തുടങ്ങിയ ദൗര്‍ബ്ബല്യങ്ങളേയുമാണ് യുവജനസംഘവും ഉണ്ണി നമ്പൂതിരി മാസികയും എതിര്‍ത്തത്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നാല്‍, മനുഷ്യത്വത്തിനെതിരായ ജന്മിത്തത്തേയും ബ്രാഹ്മണ്യത്തേയും നശിപ്പിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. സാമൂഹ്യ ജീവിതത്തില്‍ മറ്റു വിഭാഗങ്ങളോടൊപ്പം മുന്നോട്ടു പോവുമ്പോഴേ നമ്പൂതിരി മനുഷ്യനാകൂ.

സമുദായത്തിലെ ആദ്യകാല യുവാക്കളധികവും അനാഘ്രാത വിദ്യാലേശന്മാരായിരുന്നു എന്നതാണ് വാസ്തവം. എങ്കിലും അവര്‍ അവകാശപ്പെട്ടത് ഉദ്ദണ്ഡനെപ്പോലും അച്ചുമൂളിച്ച ഭട്ടസ്ഥാന പാരമ്പര്യം തങ്ങള്‍ക്കുണ്ടെന്നും. 35,000 ജനസംഖ്യയുള്ള അന്നത്തെ നമ്പൂതിരി മലയാളത്തില്‍നിന്ന് 35 പേരാണ് കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ ഉത്സാഹത്തില്‍ തുടങ്ങിയ നമ്പൂതിരി വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളായി ചേര്‍ന്നത് എന്നതും കൗതുകമാണ്. 1901-ലെ സെന്‍സസ് പ്രകാരം കൊച്ചിയിലാകെയുള്ള 10,616 നമ്പൂതിരിമാരില്‍ ഇംഗ്ലീഷ് അറിയുന്നത് 44 പേര്‍ക്ക്. മ്ലേച്ഛ ഭാഷയാണ് ഇംഗ്ലീഷ്. അതു ചൊല്ലിയാല്‍ കുലുക്കുഴിയാതെ ഗായത്രിമന്ത്രം ജപിക്കരുതെന്ന് ശുകപുരം ഗ്രാമത്തിലെ ചില യാഥാസ്ഥിതികര്‍ കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിനോട് വാദിച്ചുവത്രെ. ലോകത്തില്‍ അന്നന്നുണ്ടാവുന്ന മാറ്റങ്ങള്‍ മുഴുവനും ഭാവിയില്‍ എന്തോ ആപത്തിന്റെ സൂചനകളാണെന്നായിരുന്നു പഴമക്കാരുടെ ഭയം.

സ്ത്രീകളെ കബളിപ്പിക്കലാണ് സഭ ചെയ്യുന്നതെന്ന് പാര്‍വ്വതി നെന്മിനി മംഗലം, ആര്യാപള്ളം, തളിയില്‍ ഉമാദേവി തുടങ്ങിയ അന്തര്‍ജ്ജന സമാജം നേതാക്കള്‍ ഓങ്ങല്ലൂര്‍ സമ്മേളനത്തില്‍ വാദിച്ചു. നമ്പൂതിരി സ്ത്രീകളുടെ നരകജീവിതത്തിന് അറുതിവരുത്താനുള്ള നടപടികള്‍ സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായി. പാര്‍വ്വതി നെന്മിനി മംഗലത്തിന്റെ സ്മരണയ്ക്ക് പിന്നീട് ലക്കിടിയിലാരംഭിച്ച തൊഴില്‍ പരിശീലന കേന്ദ്രവും അതിന്റെ ഫണ്ടുശേഖരണത്തിന് ഇല്ലം തോറും കയറിയിറങ്ങിയുള്ള അന്തര്‍ജ്ജനങ്ങളുടെ യാചനായാത്രയും വനിതകള്‍ മാത്രം അഭിനയിച്ച 'തൊഴില്‍ കേന്ദ്രത്തിലേക്ക്' നാടകവും ആവേശകരമായി. ഭര്‍ത്തൃപരിത്യക്തകള്‍, വിധവകള്‍, സ്‌കൂളില്‍ പോകേണ്ട പ്രായംകഴിഞ്ഞും അനഭ്യസ്തരായി കഴിഞ്ഞുകൂടുന്നവര്‍ - ഇങ്ങനെ ജീവിതാശകള്‍ മുരടിച്ച പലര്‍ക്കും തൊഴില്‍കേന്ദ്രം തെല്ലിടയ്‌ക്കെങ്കിലും രക്ഷാസ്ഥാനമായി. തുന്നല്‍, നെയ്ത്ത് തുടങ്ങിയ തൊഴിലുകള്‍ ശീലിച്ചു. പാലിയം റോഡു സത്യാഗ്രഹം പോലുള്ള പൊതുപ്രക്ഷോഭങ്ങളില്‍ പങ്കാളികളാവാനും സ്ത്രീക്കു സാധിച്ചു.

പൗരോഹിത്യത്തിന്റെ വിഴുപ്പലക്കാനുള്ളതാണ് സമുദായം എന്ന ധാരണ തിരുത്താനും മനുഷ്യരാക്കാനുമുള്ള പ്രവര്‍ത്തനം മുറുകിയപ്പോള്‍ ചില സമുദായാംഗങ്ങള്‍ ആക്ഷേപിച്ചു. ''ഇതു സാഹസമാണ്, കമ്യൂണിസമാണ്'' എന്ന് ''നമ്പൂതിരിയെ മനുഷ്യനാക്കാനല്ല, കമ്യൂണിസ്റ്റാക്കാനാണ് ഇവരുടെ ശ്രമം. യോഗക്ഷേമവും ഉണ്ണി നമ്പൂതിരിയും പാര്‍ട്ടിപ്പത്രങ്ങളായി. സഭയുടെ നേതൃത്വം തന്നെ പാര്‍ട്ടി കൈക്കലാക്കി'' എന്നാക്ഷേപിച്ച് വിട്ടുനിന്നവരോട് ഇ.എം.എസ്. പറഞ്ഞു: ''ഞങ്ങള്‍ കമ്യൂണിസം ഉപേക്ഷിക്കുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കേണ്ട. നിങ്ങള്‍ കമ്യൂണിസം സ്വീകരിക്കുമെന്നു ഞങ്ങളും വ്യാമോഹിക്കുന്നില്ല. സോഷ്യലിസ്റ്റ് ചായ്വുള്ള പുത്തന്‍ കേരളം രൂപപ്പെടുത്തുന്നതിനുള്ള പരീക്ഷണമായി ഇതിനെ കണക്കാക്കിയാല്‍ മതി.''

താര്‍ക്കികമായ രീതിയിലാണ് ഇ.എം.എസ്. നാനാവിഷയങ്ങളേയും സമീപിച്ചത്, ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധം. ''ഞങ്ങള്‍ക്കു തെറ്റുപറ്റി. ഞങ്ങളെ വിമര്‍ശിച്ചവര്‍ക്കും തെറ്റുപറ്റി'' എന്നാണ് അദ്ദേഹം പറയുക. മഹാത്മജിയുടെ ദരിദ്രനാരായണ സേവയുടെ ഉയര്‍ന്ന രൂപമാണ് തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം എന്ന് അവകാശപ്പെടുമ്പോഴും ജാതി-ജന്മി മേധാവിത്വം കൊടുമ്പിരിക്കൊണ്ട ഒരു സാമൂഹ്യവ്യവസ്ഥയുടെ തലപ്പത്തെ കുടുംബത്തിലെ സന്തതിയായാണ് താന്‍ ജനിച്ചത് എന്നു പറയാനുള്ള സത്യസന്ധതയും കാണിച്ചിരുന്നു.

ഇ.എം.എസ്. യോഗക്ഷേമ യുവജനസഭകളില്‍നിന്നും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു മാറി. കൃഷിക്കാരുടേയും തൊഴിലാളികളുടേയും സംഘടനകള്‍ സൃഷ്ടിച്ച് അവരുടെ അവകാശവാദങ്ങളെ പിന്തുണച്ച് നേതൃനിരയിലെത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിന്നെ സി.പി.എമ്മിലും നിലയുറപ്പിച്ചു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റു സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കുക, സംഘടനയെ വളര്‍ത്തുക തുടങ്ങിയ സുദീര്‍ഘ രാഷ്ട്രീയ ജീവിതത്തില്‍ ഒളിവിലും തെളിവിലുമായി അഗ്‌നിപരീക്ഷകളെ അതിജീവിച്ചു. ഒടുവില്‍ 1957-ലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ തലവനായപ്പോള്‍ അച്ഛന്‍ ഹാസ്യം പറഞ്ഞു: ''മുച്ചീട്ടുകളിയിലും മുഖ്യമന്ത്രിക്കളിയിലും നമ്പൂതിരി ഒരുപോലെ വിജയിച്ചു'' എന്ന്.

ബൂര്‍ഷ്വാ പാര്‍ട്ടികളും തൊഴിലാളിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം നിരന്തരം ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഇ.എം.എസ്. ദേശീയരാഷ്ട്രീയത്തില്‍ മുന്നേറി. രാഷ്ട്രീയാഭിപ്രായമോ ജാതിഭേദമോ ഒരുതരത്തിലും പരിശോധിക്കാത്ത അച്ഛനാകട്ടെ, കലാസമിതി, സാമൂഹ്യപരിഷ്‌കരണം തുടങ്ങിയ സ്വതന്ത്ര കൂട്ടായ്മകളിലേക്കും തിരിഞ്ഞു. ഇ.എം.എസ്. രാഷ്ട്രീയ കേരളമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കുവേണ്ടത് സാംസ്‌കാരിക കേരളമാണെന്നു വിയോജിക്കുകയും ചെയ്തു.

''കമ്യൂണിസ്റ്റാണോ അല്ലയോ എന്നതില്‍ എനിക്കു താല്പര്യമില്ല. ഏതു ഗോപുരത്തില്‍ക്കൂടിയാണ് കര്‍മ്മക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത് എന്നതല്ല ഇവിടത്തെ തര്‍ക്കം. ആ കോവിലില്‍ എത്തിച്ചേര്‍ന്നാലുണ്ടാകുന്ന നിര്‍വൃതിയെയാണ് ചിന്തിക്കേണ്ടത്'' - നമ്പൂതിരിയെ കമ്യൂണിസ്റ്റാക്കി എന്ന ആക്ഷേപത്തിനുള്ള അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു.

മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി
മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി

കൂലിപ്പണി സപ്താഹം

''നമ്പൂതിരിമാരുടേയും അന്തര്‍ജ്ജനങ്ങളുടേയും കൂലിപ്പണി സപ്താഹം'' എന്ന സചിത്ര വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ അച്ഛന്‍ നമ്പൂതിരി വെല്‍ഫയര്‍ സൊസൈറ്റിയുടെ പുത്തിലോട്ടു യൂണിറ്റിന് എഴുതി: ''ഈ കൂലി പ്രസ്ഥാനമാണ് വാസ്തവത്തില്‍ നമ്പൂതിരിയെ മനുഷ്യനാക്കാനാരംഭിച്ച പ്രക്രിയ. ഊട്ടിലുണ്ട് തോട്ടില്‍ കൈ കഴുകി ആരാന്റെ അന്തഃപുരത്തില്‍ അന്തിയുറങ്ങി അലസ ജീവിതം നയിച്ചിരുന്ന ജന്മിത്തത്തിന്റേയും ബ്രാഹ്മണ്യത്തിന്റേയും നേര്‍ക്ക് ഇതില്‍ കൂടുതല്‍ മൂര്‍ച്ചയുള്ള അസ്ത്രം പ്രയോഗിക്കാനില്ല. പാട്ടമില്ല, ഭൂമിയില്ല. ദുഃഖാത്മകമായ ഈ ഘട്ടത്തില്‍ അദ്ധ്വാനശീലരായി യഥാര്‍ത്ഥ ബ്രാഹ്മണ്യത്തെ നിലനിര്‍ത്താന്‍ ഈ പ്രസ്ഥാനം പ്രയോജനപ്പെടുമാറാകട്ടെ. ക്ഷണികമായ വിപ്ലവത്തിന്റെ പ്രസിദ്ധിയില്‍ അതിന്റെ അലകെട്ടടങ്ങരുത്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഏല്പിച്ചുതന്ന അരിവാളും ചുറ്റികയും മറ്റുള്ളവരുടെ തല കൊയ്യാനല്ല, സ്വന്തം അന്ധതയുടേയും പൊങ്ങച്ചത്തിന്റേയും നേര്‍ക്കു പ്രയോഗിക്കാനാണ് പഠിക്കേണ്ടത്.'' (14-11-1970)

വി.ടിക്കു കമ്യൂണിസം കടിച്ചാല്‍ പൊട്ടുകയില്ല. തിന്നാല്‍ ദഹിക്കില്ല. തിന്നു നോക്കണമെന്ന തോന്നല്‍ പോലുമുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അദ്ദേഹത്തിന്റെ പുരോഗമനേച്ഛയാകട്ടെ, ഉല്പതിഷ്ണുത്വത്തിനാകട്ടെ ഇന്നും കോട്ടമില്ലതാനും - മറ്റൊരു സമുന്നത കമ്യൂണിസ്റ്റ് നേതാവും ഉറ്റ സുഹൃത്തുമായ കെ.കെ. വാര്യര്‍ അച്ഛന്റെ 80-ാം പിറന്നാളവസരത്തില്‍ എഴുതിയ നിരീക്ഷണത്തിന്റെ ഭാഗമാണിത്. (നവയുഗം, 1976)

മഹാത്മജിയുടെ നേതൃത്വത്തില്‍ വളര്‍ന്നു വികസിച്ച ഒരു പ്രസ്ഥാനത്തിന്റെ ആജീവനാന്ത അനുഭാവിയായിരുന്നെങ്കിലും അതിന്റെ രാഷ്ട്രീയ വിഭാഗത്തിലായിരുന്നില്ല അച്ഛന്റെ ശ്രദ്ധ. അയിത്തോച്ചാടനവും ഘോഷാ ബഹിഷ്‌കരണവും ഒരുപോലെയാണ് അച്ഛന്‍ നോക്കിക്കണ്ടത്. 1921 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധം തുടങ്ങിയെങ്കിലും അധികാരം കാത്തുസൂക്ഷിക്കലാണ് ജനസേവനത്തേക്കാള്‍ പ്രധാനം എന്ന സ്ഥിതി വന്നപ്പോള്‍ 1950-ല്‍ രാജിവെച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനാധിപത്യ സങ്കല്പങ്ങള്‍ക്കു തന്നെ മാറ്റം വന്നു; സാര്‍വ്വദേശീയത്വത്തിന്റേയും ആര്‍ഷസംസ്‌കാരത്തിന്റേയും പേരിലുള്ള ആശയക്കുഴപ്പങ്ങള്‍ കൊണ്ടു വഴുക്കല്‍ പിടിച്ച നമ്മുടെ വഴിവരമ്പുകളില്‍ ഇടറിവീഴാന്‍ എളുപ്പമാണെന്ന് അച്ഛന്‍ കണ്ടിരുന്നു. രാഷ്ട്രീയശൈലിയുടെ അസഹിഷ്ണുത നിറഞ്ഞ മനുഷ്യമുഖം എത്ര വികൃതമെന്ന് കണ്ണാടി നോക്കാതെത്തന്നെ ഇന്ത്യക്കാരന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് അച്ഛന്‍ മുന്‍കൂട്ടി പറഞ്ഞു കൊണ്ടിരുന്നു. കക്ഷിരാഷ്ട്രീയത്തിനോട് അകലം പാലിച്ചെങ്കിലും ഇഷ്ടമില്ലാത്തതു കണ്ടാല്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം കൈവിട്ടതുമില്ല.

കാഞ്ഞങ്ങാട്ടുനിന്നു ചെമ്പഴന്തി വരെ സഞ്ചരിച്ച സാമൂഹ്യപരിഷ്‌കാര ജാഥയുടെ (1969) തലവന്‍ അച്ഛനായിരുന്നു. ജാഥ തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി ഇ.എം.എസ്സിനെ കാണണമെന്ന നിര്‍ദ്ദേശമുണ്ടായി. അധികാരത്തിന്റെ തിടമ്പു താഴെ വെച്ചശേഷം പോരേ ഇ.എം.എസ്സിനെ കാണല്‍ എന്ന് അപ്പോള്‍ അച്ഛന്‍ തിരിച്ചു ചോദിക്കുകയും ചെയ്തു.

പാർവതി നെന്മേനി മം​ഗലം
പാർവതി നെന്മേനി മം​ഗലം

അധികാര സ്ഥാനത്തിനോട് പണ്ടു മുതല്‍ വൈരാഗ്യം വെച്ചുപലുര്‍ത്തിയ ആളാണ് അച്ഛന്‍. കോണ്‍ഗ്രസ് നേതാവായിരുന്ന കോമാട്ടില്‍ രാമന്‍ മേനോന്‍ പണ്ട് മന്ത്രിയായ അവസരത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ച നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റായ അച്ഛനോട് വന്നു കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ തൃത്താല ഗസ്റ്റ് ഹൗസിലേക്കു മറുപടി കൊടുത്തയച്ചുവത്രേ. മന്ത്രിസ്ഥാനം ഒഴിഞ്ഞതിനുശേഷമേ വി.ടി. ഇനി വന്നു കാണുകയുള്ളൂ എന്ന്.

''ശങ്കരാചാര്യര്‍ വഴികളില്‍ തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിച്ചു. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാലത്ത് കള്ളുഷാപ്പുകളും'' എന്ന് ഒരു മദ്യവര്‍ജ്ജന യോഗത്തില്‍ ഇ.എം.എസ്സിനെ വിമര്‍ശിച്ചു. എന്നാല്‍, അച്ഛന്റെ പരിഭവങ്ങള്‍ ഇ.എം.എസ്സിനെ പ്രകോപിപ്പിച്ചില്ല. ''വി.ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്നെ അറിയാം. സാമൂഹ്യ പ്രവര്‍ത്തകനായ വി.ടിക്ക് എന്റെ വിചാരഗതിയും അറിയാം'' എന്ന ആത്മബന്ധം രണ്ടുവഴിയില്‍ സഞ്ചരിക്കുമ്പോഴും അവര്‍ക്കിടയില്‍ നിലനിന്നു.

സ്വന്തം അനാരോഗ്യം വകവെയ്ക്കാതെ 1996-ല്‍ മേഴത്തൂര്‍ വി.ടി. ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കാനും ജാതി നശീകരണ പ്രയത്‌നങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടി പ്രസംഗിക്കാന്‍ ഇ.എം.എസ്. മറന്നതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com