ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്‍

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍
ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്‍

വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍. വിശാലമായ പുല്‍പ്പരപ്പും അതിനോടു ചേര്‍ന്ന ചെരിവുകളും മഞ്ഞുമൂടിക്കിടക്കുന്ന കാഴ്ച. പുല്‍മേടുകള്‍ക്കു ചുറ്റി കാവലാളായി നിരന്ന കൂറ്റന്‍ മരങ്ങളും കുറ്റിച്ചെടികളും. മറിഞ്ഞുവീണ് വിശ്രമിക്കുന്ന വയസ്സന്‍ മരങ്ങളുടെ കിടപ്പിലുമുണ്ട് ഒരു തലയെടുപ്പ്. ഗൊയിയുടെ മൈതാനത്തുനിന്നും ചുറ്റും നോക്കി. അങ്ങകലെ അസ്തമയസൂര്യന്റെ കിരണത്താല്‍ സ്വര്‍ണ്ണരാശിയില്‍ കുളിച്ചുനില്‍ക്കുന്ന പര്‍വ്വതനിരകള്‍, വെള്ളിക്കിരീടമണിഞ്ഞ കൊടുമുടികള്‍, നീലപ്പുതപ്പണിഞ്ഞ മലനിരകളും പച്ചവിരിച്ച കാനനച്ചോലകളും. പ്രകൃതിയൊരുക്കിയ ഈ വര്‍ണ്ണക്കൂട്ടിനിടയിലെ ഒരു ബിന്ദുവായി മാറിയിരുന്നു അപ്പോഴേയ്ക്കും ഞാനും. 

യാത്രാക്ഷീണമുണ്ട്. ട്രെക്കിങ്ങിന്റെ ആദ്യദിനമായതിനാലാവാം. ആറേഴ് കിലോമീറ്റര്‍ ദൂരം നടന്നുകയറി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ യാത്രാക്ഷീണവും ഉറക്കച്ചടവുമുണ്ട്. പക്ഷേ, അത് കാര്യമാക്കിയാലും പ്രയാസമാണ്. ഇനിയുള്ള യാത്രയ്ക്ക് ഉത്സാഹം കുറയും. അതുകൊണ്ട് ഒന്നും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. മനോവ്യാപാരങ്ങളെ താഴിട്ട് പൂട്ടി ചുറ്റുപാടുകളിലേക്ക് ശ്രദ്ധ തിരിച്ചു. 

ഗൊയി-വിസ്തൃതമായ പുല്‍മൈതാനം. ഹിമാലയന്‍ മലനിരകള്‍ക്കിടയിലെ സുന്ദരമായ ഈ പുല്‍മേട്ടില്‍ ടെന്റുകളിലാണ് ഇന്നത്തെ താമസം. ടെന്റ് വാസത്തിന്റെ ഒന്നാം ദിവസം. സാധനങ്ങള്‍ പുല്‍പ്പരപ്പില്‍ ഒതുക്കിവച്ച് എല്ലാവരും ഗൊയിയുടെ പുല്‍പ്പരപ്പിലേക്ക് ചിതറി സ്വതന്ത്രരായി. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. എങ്കിലും അതൊന്നും ആരും വകവയ്ക്കാതെ പ്രകൃതിയിലേക്ക് ലയിച്ചു. പുല്‍മേടുകളില്‍ ഓടിക്കളിച്ചും ചെരിവുകളിലെ മഞ്ഞിന്‍കൂമ്പാരങ്ങളില്‍ ഊര്‍ന്നിറങ്ങിയും മഞ്ഞിലേക്ക് പൂണ്ടുനിവര്‍ന്നും മഞ്ഞിനെ കൈക്കുമ്പിളില്‍ വാരിയെടുത്ത് രുചിച്ചും മണത്തും നോക്കിയുമെല്ലാം ആശ്ചര്യത്തോടെ, അതിലേറെ സന്തോഷത്തോടെ മഞ്ഞിനെക്കുറിച്ച് വാചാലമായി. അപ്പോഴേയ്ക്കും ഗൊയിയുടെ മണ്ണിനെ, ഹിമസന്നാദ്ധ്യത്തെ ഞങ്ങള്‍ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. ഇതിനിടയില്‍ നിരപ്പായ ഇടങ്ങളില്‍ ടെന്റ് കെട്ടിയൊരുക്കുന്നവര്‍ ഫോട്ടോയെടുക്കുന്നവര്‍, ശൗചകര്‍മ്മങ്ങള്‍ക്കായി തല്‍ക്കാല മറപ്പുര പണിയുന്നവര്‍ ഇങ്ങനെ അവരവരാല്‍ കഴിയുന്ന ഉത്തരവാദിത്വങ്ങളില്‍ പലരും മുഴുകി. ചിലര്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്നു; ഇതുവരെ കാണാത്ത പ്രകൃതിയുടെ കാലിഡോസ്‌കോപ്പിലേക്ക്. അക്കൂട്ടത്തിലായിരുന്നു ഞാനും. അതിശയക്കാഴ്ചകളുടെ  വിസ്മൃതിയിലാണ്ടുപോയ അനിര്‍വ്വചനീയമായ നിമിഷങ്ങളായിരുന്നു അവ. മണ്ണും മനുഷ്യനും ആകാശവും ഭൂമിയും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും സൃഷ്ടികര്‍ത്താവുമെല്ലാം ഒരേ ബിന്ദുവില്‍ സമ്മേളിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. 

ഗൊയിയുടെ മുകള്‍പ്പരപ്പില്‍ തടാകക്കരയില്‍ കറുത്തപൊട്ടുകള്‍പോലെ ചില കുടിലുകള്‍ കാണാം. അടുത്തുചെന്നു. കരിങ്കല്‍ക്കഷണങ്ങളും തടിയുംകൊണ്ട് പണിത പുല്ലുമേഞ്ഞ ചെറിയ ചെറിയ വീടുകള്‍. പട്ടാളക്കാരുടെ ഇടത്താവളമാണോ എന്ന് ആദ്യം സംശയിച്ചു. പക്ഷേ, അതായിരുന്നില്ല. ഇടയഗൃഹങ്ങളായിരുന്നു അവ. കന്നുകാലികളെ മേയ്ക്കാനെത്തുന്നവരുടേയും താഴ്വാരങ്ങളിലെ കര്‍ഷകരുടേയും ഇടക്കാലവസതികള്‍. ഭക്ഷണം പാകം ചെയ്യാനുള്ള അടുപ്പുകളും തടിക്കഷണങ്ങള്‍കൊണ്ട് കെട്ടിയുയര്‍ത്തിയ ഇരിപ്പിടങ്ങളും അതിനകത്തുണ്ട്. നിരപ്പല്ലാത്ത തറയില്‍ വേണമെങ്കില്‍ വിരിച്ചുറങ്ങാം. ഞങ്ങളുടെ സംഘാടകരായ റെജുവും രജനീഷും പാചകത്തിനായി തയ്യാറെടുക്കുന്നു. ഒരു പാട്ടയില്‍ വെള്ളം നിറച്ച് ചൂടാക്കാനുള്ള ശ്രമത്തിലാണ്. വെള്ളം ചൂടായിവരാന്‍ താമസിക്കുന്നുണ്ട്. ഞങ്ങളും അടുപ്പിനോട് ചേര്‍ന്ന് ഇരിപ്പുറപ്പിച്ചു. വിറകുകള്‍ അടുപ്പിലേക്ക് നീക്കിക്കൊടുത്ത് കുറേ നേരം ചൂടേറ്റ് അവിടെയിരുന്നു. വെള്ളം ചൂടായിവരുന്നതല്ലാതെ തിളക്കുന്നില്ല. തിളക്കുകയുമില്ല. അത്രയ്ക്കുണ്ട് തണുപ്പ്. മൈനസ് പത്ത് ഡിഗ്രിയില്‍ കൂടുതലുണ്ട്. രാത്രിയായാല്‍ അത് പിന്നെയും കൂടും. മഞ്ഞുവീഴ്ചയുമുണ്ടാകും. ഒന്നുരണ്ട് ചെരുവങ്ങളും വലിയ കലവുമെടുത്ത് അടുപ്പത്ത് വച്ച് ഞങ്ങള്‍ക്ക് തിന്നാനുള്ള എന്തൊക്കെയോ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. കന്നാസും പാട്ടയും ചെറിയ ടിന്നുകളുമൊക്കെ അടുത്തിരിപ്പുണ്ട്. വെള്ളവും കടുകെണ്ണയും അരിയും പച്ചക്കറികളുമെല്ലാമുണ്ട്. അതിനടുത്തുതന്നെ ഒരു പാട്ടുപെട്ടിയും. അതില്‍നിന്നു നല്ല ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാം. ബ്ലൂടൂത്ത് ഉപയോഗിച്ചാണത്. ശ്രദ്ധയോടെ പച്ചക്കറിയരിഞ്ഞ് അതിലേക്ക് മസാലയും പൊടിയുപ്പുമൊക്കെ ചേര്‍ത്തുവയ്ക്കുന്നു. ചൂടായ വെള്ളം വാങ്ങിവച്ച് മറ്റൊരു പാത്രത്തില്‍ അരി കഴുകിയിടുന്നു. ഇതിനിടയില്‍ ചൂടുവെള്ളം ഞങ്ങള്‍ക്ക് കുടിക്കാന്‍ തന്നു. വളരെ ആശ്വാസമായി തോന്നി അതല്പം ഉള്ളില്‍ ചെന്നപ്പോള്‍. ഞങ്ങളോട് താഴേക്ക് പൊയ്‌ക്കോളാന്‍ പറയുന്നുണ്ട്. പക്ഷേ, അടുപ്പിനരികില്‍നിന്നു പോരാന്‍ തോന്നുന്നില്ല. തണുപ്പ് കൂടിക്കൂടി വരികയാണ്. എങ്കിലും മടിച്ച് മടിച്ച് അവിടുന്ന് പുറത്തിറങ്ങി. ഗൊയി ഇരുട്ടിലാണ്ടിരുന്നു. നിലാവ് പരന്നുതുടങ്ങി. ആ വെളിച്ചത്തില്‍ ഞങ്ങള്‍ താഴോട്ടിറങ്ങി. വലതുവശത്തായി തിളങ്ങിക്കിടക്കുന്ന ഒരു തടാകം- ഗോയിത്താള്‍. അതിന്റെ തീരത്ത് അല്പനേരം നിന്നു. 

ദയാറാബുഗ്‌യാല്‍
ദയാറാബുഗ്‌യാല്‍

പിന്നെ താഴോട്ടിറങ്ങി ടെന്റിനടുത്തേക്കു പോയി. നിലാവെളിച്ചം ഗൊയിയുടെ പുല്‍പ്പരപ്പില്‍ കൂടുതല്‍ പരന്നു. ഞങ്ങള്‍ ടെന്റുകളില്‍ കയറി വസ്ത്രങ്ങള്‍ മാറി. ദേഹത്ത് വാസലൈനും ക്രീമും പുരട്ടി. സ്‌നോബൈറ്റ് എന്ന മഞ്ഞിന്റെ പ്രഹരമേല്‍ക്കാതിരിക്കാന്‍. വസ്ത്രങ്ങളുടെയിടയിലും ശരീരത്തിലും പറ്റിപ്പിടിക്കുന്ന മഞ്ഞിന്‍ കണങ്ങള്‍ ശരീരത്തെ മുറിവേല്‍പ്പിച്ചു. അത് പാടുകളും മുറിവുകളുമായി വരും. പിന്നീടത് പലതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇന്‍ഫെക്ഷനും ചൊറിഞ്ഞുപൊട്ടലുമൊക്കെ. അതിനാല്‍ മുന്‍കരുതലെടുക്കണം. ചെവിയും ശരീരഭാഗങ്ങളുമെല്ലാം മൂടിപ്പുതഞ്ഞ് തണുപ്പേല്‍ക്കാതെ സംരക്ഷിക്കണം. ഇനിയുള്ള യാത്രയിലും ഇതെല്ലാം ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ മാറി അടുക്കിവച്ച്  കയ്യുറകളും കാലുറകളും മങ്കിക്യാപ്പുമിട്ട് ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി തയ്യാറെടുത്തു. മുകളില്‍നിന്ന് താഴേക്ക് എത്തുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ല. അങ്ങോട്ട് നടന്നു പുല്‍പ്പരപ്പിലൂടെ. ഭക്ഷണം തയ്യാറായിക്കഴിഞ്ഞു. ഓരോരുത്തരായി ക്യൂ നിന്ന് ചോറും കറികളും വാങ്ങിക്കഴിച്ചു. ഹിമാലയന്‍ താഴ്വാരങ്ങളിലെ കുത്തരിച്ചോറും ജൈവപച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കിയ കറികളും. കൂടെ സലാഡും പപ്പടവും പച്ചമുളകുമുണ്ട്. ഇനിയങ്ങോട്ട് മലയിറങ്ങും വരെ ഈ വിഭവങ്ങള്‍ തന്നെയാകും. നല്ല വിശപ്പുള്ളതിനാല്‍ എല്ലാവരും നന്നായി കഴിച്ചു. ചൂടുവെള്ളവും കുടിച്ച് ടെന്റുകള്‍ക്കടുത്തേക്ക് നീങ്ങി. പാട്ട് ഉച്ചത്തില്‍ തന്നെ കേള്‍ക്കുന്നുണ്ട്. പഴയ ഹിന്ദി ചലച്ചിത്രഗാനങ്ങളാണ്. ഈ പാട്ടിന്റെ ഒച്ചയല്ലാതെ മറ്റൊരനക്കവും ഗൊയിയിലില്ല. ഞങ്ങളുടെ ടെന്റുകള്‍ക്ക് കുറെയകലെയായി രണ്ട്മൂന്ന് ടെന്റുവാസക്കാരുമുണ്ട്. പരിചയപ്പെടാനൊന്നും പോയില്ല. മലകയറ്റത്തിനു വന്നവര്‍ തന്നെയാകണം അവരും. നിലാവ് കൂടുതല്‍ തെളിഞ്ഞിട്ടുണ്ട്. ഗൊയിയുടെ മൈതാനത്ത് നല്ല വെളിച്ചവുമുണ്ട്. ഇതുവരെ കാണാത്ത നിലാവെളിച്ചത്തിന്റെ ഭംഗി. അന്ന് പൗര്‍ണ്ണമി ദിനംകൂടിയായിരുന്നു. ഗൊയിയുടെ പുല്‍പ്പരപ്പും മഞ്ഞുവീണ മലകളും താഴ്വാരങ്ങളും നിലാവില്‍ കുളിച്ചുനില്‍ക്കുന്നു. മഞ്ഞിന്റെ വിശാലമായ വിരിപ്പട്ടിലേക്ക് ചന്ദ്രകിരണങ്ങള്‍ മരങ്ങളുടെ നിഴല്‍ച്ചിത്രം വരക്കുന്നു. മഞ്ഞിന്റെ വെണ്‍മയും ചന്ദ്രകിരണങ്ങളും ചേര്‍ന്ന് ദേവഭൂമിയെ മനോഹരമാക്കുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗമാണെന്നു തോന്നിപ്പോയി. 

ഗൊയിയുടെ വശ്യപ്രകൃതി

തണുപ്പ് കൂടിക്കൂടിവരുന്നു എങ്കിലും ഈ കാഴ്ചകളെ എങ്ങനെ വിട്ടുപോകും. കുറേനേരം കൂടി പുറത്തിരുന്നു. നിലാവിനെ നോക്കി. ഒരിലയനക്കം പോലുമില്ലാത്ത പ്രകൃതി ഉറങ്ങിക്കിടക്കുന്നു. മഞ്ഞ് പുലികളും ഹിമാലയക്കരടികളും മാത്രം പുറത്തിറങ്ങാന്‍ സാധ്യതയുള്ള രാവുകള്‍. പക്ഷേ, ആളനക്കമുള്ളിടത്തേക്ക് അവ വരാന്‍ വഴിയില്ല. അതോ മരങ്ങള്‍ക്കിടയിലൂടെ അവ ചാടിക്കളിച്ച് പോകുന്നുണ്ടാകുമോ എന്നൊക്കെ മനസ്സില്‍ വിചാരിച്ചു. രാത്രി കാത്തിരുന്ന് അവയുടെ ഫോട്ടോയെടുക്കാന്‍ പ്ലാന്‍ ചെയ്യുന്ന സഹയാത്രികര്‍ അലിയും ശ്രീജിത്തും പ്രതീക്ഷയില്‍ തന്നെയാണ്. ഒന്നുകൂടി ചുറ്റും നോക്കി കാഴ്ചകള്‍ക്കു മതിവരുത്തി. തണുപ്പിന്റെ പ്രഹരം വല്ലാതെയുണ്ട്. മൈനസ്  പന്ത്രണ്ട് ഡിഗ്രി എത്തിയിട്ടുണ്ട്. ടെന്റിന്റെ അകത്തു കയറണം. 

ഒന്നുകൂടി കൊതിയോടെ ഗൊയിയുടെ പ്രകൃതിയിലേക്ക് നോക്കി. ആ കാഴ്ചകള്‍ കണ്ണിലും മനസ്സിലും നിറച്ച് സ്ലീപ്പിങ്ങ് ബാഗിനുള്ളില്‍ കയറി ഉറങ്ങാന്‍ കിടന്നു. ഉറക്കം വരുന്നതേയില്ല. മനസ്സില്‍ സന്തോഷവും സങ്കടവും ഒരുമിച്ചു വന്ന് തിരയടിച്ചു. പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരത്തള്ളലില്‍  കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണുനീര്‍ പുറത്തേക്കൊഴുകാതെ ഹൃദയത്തിലേക്കൊഴുകണേ എന്ന് പ്രാര്‍ത്ഥിച്ചു. പ്രപഞ്ചസ്രഷ്ടാവിന്റെ  കരുവിരുതിനോടും സമസ്ത ജീവജാലങ്ങളോടുള്ള നാഥന്റെ കരുതലിനോടും നന്ദിപറഞ്ഞ് ലക്ഷ്യപ്രാപ്തിയിലെത്താന്‍ കരുത്തുപകരണേ എന്ന പ്രാര്‍ത്ഥനയോടെ കണ്ണുകളടച്ച് കിടന്നു. ഭൂമിദേവിയുടെ മാറിന്റെ മണം നുകര്‍ന്ന്, ആ വാത്സല്യത്തലോടലില്‍ ഹിമവാന്റെ ഹൃദയതാളങ്ങളുടെ സംഗീതം കേട്ടുറങ്ങിയ രാവുകളിലൊന്നായിരുന്നു അത്. 

കേവലം ഒരു പര്‍വ്വതാരോഹണം എന്നതിലുപരി ജീവിതത്തിന്റെ ദിനചര്യകളും നിറപ്പകര്‍ച്ചകളും വേവലാതികളും ചിന്തകളുമെല്ലാം കെട്ടഴിഞ്ഞ് തികച്ചും സ്വതന്ത്രമായ ഒരു സൈ്വരവിഹാരമായിരുന്നു ഈ ഉദ്യമം. പ്രപഞ്ചസൃഷ്ടിയുടെ പൊരുള്‍ തേടി, പ്രകൃതിയോടൊപ്പം അതില്‍ ലയിച്ച്, സ്വത്വാന്വേഷണത്തിന്റെ ഒടുങ്ങാത്ത ത്വരയുമായി മുന്നേറുന്നതിന്റെ ആനന്ദവും സംതൃപ്തിയും അനുഭവിച്ചറിഞ്ഞ ദിനങ്ങളിലൊന്ന്. 
എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. സുഖനിദ്ര എന്ന് പറഞ്ഞുകൂടാ. തണുപ്പിന്റെ ആക്രമണം ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇനിയങ്ങോട്ട് ഗാഢനിദ്ര ആകാമെന്ന് വിചാരിക്കാനും പറ്റില്ല യാത്ര തീരുംവരെ. 

വെളുപ്പാന്‍ കാലമായി. പുറത്ത് മഞ്ഞ് പെയ്യുന്നുണ്ട്. ചാറ്റല്‍മഴപോലെ. ടെന്റുകളുടെ പുറത്തേക്ക് മഞ്ഞ് പതിക്കുന്ന ശബ്ദം നിലയ്ക്കാതെ കേള്‍ക്കാം. പുറത്തിറങ്ങി കാണണമെന്നുണ്ട്. പക്ഷേ, കിടുകിടുപ്പന്‍ തണുപ്പാണ്. സ്ലീപ്പിങ്ങ് ബാഗിനുള്ളിലായിട്ടും തണുക്കുന്നു. ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റില്ല. അങ്ങനെ കുറേനേരം കൂടി വെറുതെ കിടന്നു. വെളിച്ചം പരന്നുതുടങ്ങിയപ്പോള്‍ ആളുകള്‍ ഉണര്‍ന്നു തുടങ്ങി. പുറത്ത് സംസാരം കേള്‍ക്കാം. സ്ലീപ്പിങ്ങ് ബാഗില്‍നിന്ന് പുറത്തുകടന്നു നോക്കുമ്പോള്‍ ടെന്റിനകത്ത് അടുക്കിവച്ച ബാഗും ഷൂസുമെല്ലാം നനഞ്ഞിരിക്കുന്നു. ടെന്റിനു ചുറ്റും മഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുന്നു. ടോയിലറ്റ് പേപ്പര്‍കൊണ്ട് ബാഗുകള്‍ തുടച്ച് നനവ് മാറ്റിയെടുത്തു.  ഷൂസും. പിന്നെ പുറത്തിറങ്ങി നോക്കി. മഞ്ഞ് മലഞ്ചെരിവുകളില്‍നിന്ന് താഴോട്ടിറങ്ങി പുല്‍മൈതാനത്തെ കൂടുതല്‍ പൊതിഞ്ഞിരിക്കുന്നു. ടെന്റുകള്‍ക്കു ചുറ്റും മഞ്ഞ് നിറഞ്ഞ കാഴ്ച മനോഹരമായി തോന്നി. മരങ്ങളുടെ ചുവടുകളിലും മരക്കമ്പുകളിലും മഞ്ഞ് പൂത്തുനില്‍ക്കും പോലെ. കുറ്റിച്ചെടികളുടെ ഇടയില്‍ കുമിഞ്ഞുകൂടിയ മഞ്ഞ്. കൊതിപ്പിക്കുന്ന മഞ്ഞിന്റെ കാഴ്ചവട്ടങ്ങളിലേക്ക് തിരിഞ്ഞു. ഫോട്ടോ പകര്‍ത്തിയും ചെരിവുകളില്‍ മഞ്ഞിലേക്ക് ഓടിക്കളിച്ചും എല്ലാവരും ഒന്നുകൂടെ ഉത്സാഹിതരായി. തണുപ്പിനെ വകവെക്കാതെ മഞ്ഞിലേക്കിറങ്ങി കുത്തിമറിയുന്നവര്‍. സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നവര്‍. തിരക്കിട്ട് പടമെടുക്കുന്നവര്‍. അങ്ങനെ മഞ്ഞുകാല യാത്രയുടെ രസം നുകര്‍ന്ന ഒരു പ്രഭാതമായിരുന്നു അത്. 

പ്രഭാതരശ്മികളേറ്റ് തിളങ്ങിനിന്ന മഞ്ഞുമലകളേയും കൊടുമുടികളേയും കണ്ട് പുല്‍പ്പരപ്പിന്നു ചുറ്റും കുറേനേരം ചെലവഴിച്ചു. ഉദയരാശിയില്‍ തുടുത്തുനില്‍ക്കുന്ന പ്രകൃതി. സ്വര്‍ണ്ണച്ചേലയുടുത്ത പര്‍വ്വതനിരകളും വെള്ളിത്തിളക്കമുള്ള കൊടുമുടികളും പച്ചവിരിച്ച് നീലത്തട്ടമിട്ട മലകളും ചോലവനങ്ങളും ആകാശക്കീഴില്‍ ഒരൊറ്റച്ചിത്രമായി നില്‍ക്കുന്ന അതിഗംഭീര കാഴ്ച. ദേവദാരുക്കളുടേയും അലഞ്ചികളുടേയും നടുവില്‍ ഗൊയിയുടെ പുല്‍പ്പരപ്പും കൂടുതല്‍ മനോഹരിയായി മാറി. പുല്‍പ്പരപ്പിനു മുകളില്‍ തടാകക്കരയിലേക്കു നടന്നു. കൊടുംതണുപ്പില്‍ ഉറഞ്ഞുപോയിരുന്നു 'ഗോയിത്താള്‍.' തടാകത്തിനു മുകളിലൂടെ നടന്നു. വെളുത്ത മാര്‍ബിള്‍ പാളിപോലെ അതിന്റെ ഉപരിതലം സുതാര്യമായി നിന്നു. തടാകത്തിനു മുകളില്‍നിന്ന് എല്ലാവരും ഫോട്ടോയെടുത്തു. സൂര്യന്റെ വെളിച്ചം കൂടിക്കൂടി വന്നു. തടാകത്തിന്റെ ഉപരിതലത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. ഇത് വിണ്ട്കീറി ഉറവയായി മാറും. ഇനി നിന്നാല്‍ അപകടമാണ്. തടാകത്തിന്റെ ചുറ്റും കുമിഞ്ഞുകിടന്ന മഞ്ഞിലേക്ക് നടന്നു. ഇനിയുള്ള യാത്രയില്‍ മഞ്ഞ് കൂനകളെ എങ്ങനെ തരണം ചെയ്യണം എന്നതിന്റെ പ്രാഥമിക പാഠങ്ങള്‍ കൂടിയായിരുന്നു അത്. ട്രെക്പോള്‍ കുത്തിയുറപ്പിച്ച് കാലുകള്‍ എങ്ങനെ ചവിട്ടി മുന്നോട്ടു പോകണം എന്നും കയറ്റിറക്കങ്ങളെ എങ്ങനെയെല്ലാം നേരിടണം എന്നും വിശദമാക്കിത്തന്നു. പിന്നെ മുകളിലോട്ട് കയറി മലമുകളില്‍നിന്ന് പുല്‍പ്പരപ്പിലേക്ക് ഊര്‍ന്നുകിടന്ന ഹിമക്കൂമ്പാരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി ഓടി താഴെയെത്തി. പലരും കുറേനേരം അടിമഞ്ഞിലേക്കിറങ്ങി പല പല വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അപ്പോഴേയ്ക്കും സംഘാടകരുടെ വിളിവന്നു, ഭക്ഷണം കഴിക്കാന്‍. ഞങ്ങള്‍ മൗത്ത് വാഷ് കൊണ്ട് വായവൃത്തിയാക്കി ഭക്ഷണം കഴിച്ചു. ആലുപറാത്തയും സബ്ജിയും സലാഡും പച്ചമുളകും തന്നെ. കൂടെ ചായയുമുണ്ട്. ഭക്ഷണം കഴിച്ച് വേഗത്തില്‍ ടെന്റുകളും സ്ലീപ്പിങ്ങ് ബാഗും അടുക്കി. ഷൂസിനു മുകളില്‍ ഗേറ്റേഴ്സ് ഇട്ടു. എക്സര്‍സൈസും വാമപ്പും കഴിഞ്ഞ് പ്രഷറും ടെംപറേച്ചറും നോക്കി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി. പിന്നെ ട്രെക്ക്‌പോളും ബാക്ക്അപ്പുമെടുത്ത് പുറപ്പെടാന്‍ തയ്യാറായി. എന്നിട്ട് ഗൊയിയുടെ ചുറ്റിലും ഒന്നുകൂടി കറങ്ങിനോക്കി. ദേവദാരുക്കളോടും മഞ്ഞുമലകളോടും പുല്‍മേടുകളോടും ഇടയഗൃഹങ്ങളോടും ഗോയിത്താളിനോടും വിടപറയാനാവാത്ത ഒരുതരം വൈഷമ്യം ഉള്ളില്‍ നിറഞ്ഞു. ആ ഒരൊറ്റരാത്രികൊണ്ട് ഗൊയിയുടെ പ്രകൃതിയില്‍ അത്രയ്ക്ക് അലിഞ്ഞുപോയിരുന്നു. 

ചിലപ്പാട

നിബിഡവനമേഖലയായ ചിലപ്പാടയുടെ മുകളിലെ താഴ്വര തേടിയാണ് ഇനിയുള്ള യാത്ര. ഗൊയയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട്. പടുവൃക്ഷങ്ങളും കുറ്റിച്ചെടുകളും നിറഞ്ഞ കാട്ടുപാതയാണിത്. ആദ്യം പുറപ്പെട്ടത് സാധനങ്ങളുമായി പോണികളായിരുന്നു. അവയ്ക്ക് പിന്നിലായി വരിവരിയായി ബാഗുമെടുത്ത് ഞങ്ങളും നടന്നു. തുടക്കം മുതല്‍ നല്ല കയറ്റമാണ്. വേഗത്തില്‍ നടക്കാനാവില്ല. കല്ലും ചരലും കുണ്ടും കുഴികളുമുള്ള വഴി. മരക്കുറ്റികളും കൂര്‍ത്ത പാറച്ചീളുകളുമുള്ള വഴി. വനമണ്ണും പോണി ചാണകവും നിറഞ്ഞ ഈ വഴി നിറയെ ദുര്‍ഗന്ധവുമുണ്ട്.  പോണിയുടെ ചാണകത്തിന്റെ കുത്തിക്കയറുന്ന ദുര്‍ഗന്ധം. അധികം ആളുകള്‍ നടക്കാത്ത വഴിപോലുണ്ട്. വല്ലപ്പോഴും പോണികളേയുംകൊണ്ട് പോകുന്ന ഗ്രാമവാസികളൊഴികെ ഇതുവഴി ആരും പോകാന്‍ വഴിയില്ല. കരിമ്പച്ചയിലകള്‍ നിറഞ്ഞ വന്‍മരങ്ങള്‍ വഴിക്കു ചുറ്റിലും ധാരാളമുണ്ട്. നടന്നുനടന്ന് മുകളിലേക്ക് പോകുമ്പോള്‍ ഇടയ്ക്കുമാത്രം കൊടുമുടികളും താഴ്വാരങ്ങളും കാണാം. അത്രയ്ക്ക് തിങ്ങിനിറഞ്ഞ വനഭൂമിയാണിത്. കൊടുംകാട്. ഇടയ്ക്കിടയ്ക്ക് വീണുകിടക്കുന്ന മരങ്ങളുണ്ട്; കാട്ടുചോലകളുണ്ട്; നീരുറഞ്ഞ് ഇടയ്ക്കു മാത്രം ഒഴുകുന്നവ. കൊച്ചുകൊച്ചരുവികളും അഗാധഗര്‍ത്തങ്ങളുമുണ്ട്. അതിനാല്‍ ഓരോ ചുവടും ശ്രദ്ധയോടെ വച്ച് മുന്നോട്ടു കയറണം. തലേന്നത്തേക്കാള്‍ ദുര്‍ഘടമായ കയറ്റങ്ങളാണ്. മഞ്ഞിന്റെ സാന്നിദ്ധ്യവും വഴിയില്‍ കൂടിക്കൂടിവരുന്നു. വഴിയേതെന്നു നിശ്ചയമില്ലാത്ത മഞ്ഞുപുതഞ്ഞു കിടക്കുന്ന ഇടങ്ങള്‍. ചിലയിടങ്ങളില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും കാല്‍പ്പാടുകളും കാണാം. മുന്നിലും പിന്നിലുമുള്ളവരെ ശ്രദ്ധിച്ചുകൊണ്ടുവേണം നടക്കാന്‍. ആളുകള്‍ തമ്മില്‍ ഒന്നൊന്നര മീറ്റര്‍ അകലം പാലിക്കണം. അതല്ലെങ്കില്‍ ട്രെക്‌പോള്‍ പുറകിലുള്ളവന്റെ കണ്ണിലാകും കുത്തുക. അതിനാല്‍ ജാഗ്രത ഏറെ വേണം. പഞ്ചസാരപോലെ കുമിഞ്ഞുകൂടി കിടക്കുന്ന തരിമഞ്ഞാണെങ്കില്‍ ട്രെക്‌പോള്‍ കുത്തി, കാലുകള്‍ ഉറപ്പിച്ച് ചവുട്ടിപ്പോകണം. ഉറഞ്ഞ് കരിങ്കല്ലോ മാര്‍ബിളോ പോലെ തോന്നിക്കുന്ന മഞ്ഞിന്‍പാളികളാണെങ്കില്‍ കൂടുതല്‍ അപകടമാണ്. കാല്‍വഴുതി വീണേക്കാം. അതിനാല്‍ പിന്നെയും കൂടുതല്‍ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങണം. മഞ്ഞിന്‍കൂനകള്‍ക്കിടയില്‍ ഗര്‍ത്തങ്ങളും നീര്‍ച്ചാലുകളും ഉണ്ടാകാം. കുഴികളാകാം, കൊക്കകളാകാം. ഒന്നും പ്രവചിക്കാനാവില്ല. ഹിമാലയന്‍ ഭൂപ്രദേശത്തിന്റെ പ്രത്യേക കാലാവസ്ഥയും പ്രകൃതിയും എപ്പോള്‍ മാറിവരും എന്ന് മുന്‍കൂട്ടി പറയാനാവില്ല. അതിവിശിഷ്ട സ്വഭാവമുള്ള അന്തരീക്ഷവും മാറിവരുന്ന കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും ഈ മനോഹരഭൂമിയുടെ സ്വഭാവമാണ്. അതിനാല്‍ ഏകാഗ്രതയും ശ്രദ്ധയും അനുസരണയുമുള്ള മലകയറ്റങ്ങള്‍ തന്നെയാകണം. അതിസാഹസത്തിനു മുതിരരുത്. അതപകടമാണ്. ഇതൊക്കെയറിഞ്ഞുള്ള ഒരു യാത്രയാണ് ഇതും. എന്നാലും ശ്രദ്ധിച്ചേ പറ്റൂ. ഓരോ ചുവട് വയ്ക്കുമ്പോഴും അറിയാതെ ഈശ്വരനെ വിളിച്ചുപോയി, ഹിമവാനെ നമിച്ചുപോയി, ഈ വഴി നടന്നവരെ, ഋഷീവരന്മാരെ ആദരവോടെ ഓര്‍ത്തുപോയി.
 
കിതച്ചും ശ്വാസം പതിവില്‍ക്കൂടുതല്‍ വലിച്ചുകയറ്റിയുമുള്ള ഒരു സഞ്ചാരമാണിത്. ഓരോ കാലുകളും ശ്രദ്ധാപൂര്‍വ്വം സാവധാനം എടുത്തുവച്ച് നടന്നു. ശരീരം തണുപ്പിനൊപ്പം കൂടുതല്‍ ബലക്ഷയമാവുന്നു. ഇടയ്ക്ക് ഫ്‌ലാസ്‌കില്‍ കരുതിയിരുന്ന ചൂടുവെള്ളം കുടിച്ചു. പിന്നെയും നടന്നു. ഇടയ്ക്കിടയ്ക്ക് ഒന്നു നിന്ന് വിശ്രമിക്കണം എന്ന് മനസ്സിലുണ്ട്. പക്ഷേ, അതും നന്നല്ല. ശരീരത്തിലെ രക്തയോട്ടം തടസ്സപ്പെടും. അഥവാ നില്‍ക്കണമെങ്കില്‍ കൈകാലുകള്‍ ചെറുതായി ചലിപ്പിച്ചുകൊണ്ടിരിക്കണം. ഇങ്ങനെ പലവിധ ബുദ്ധിമുട്ടുകളും ശൈത്യകാല പര്‍വ്വതാരോഹണത്തിനുണ്ട്. വലിയ പ്രയാസമില്ലാതെ തലേന്ന് ഏഴ് കിലോമീറ്റര്‍ നടന്നുകയറി. ഇന്നത് അഞ്ച് കിലോമീറ്ററാണ്. പക്ഷേ, കഠിനവും. എന്നാലും കയറുകതന്നെ ചെയ്യുമെന്ന് മനസ്സിലുറപ്പിച്ചു. ലക്ഷ്യം ചിലപ്പാടവഴി ദയാറാബുഗ്യാലാണ്. അതുമാത്രമായി പിന്നീടുള്ള ചിന്ത.
 
മുകളിലേക്ക് പോകുമ്പോള്‍ അകലെനിന്നും ഒരു മണിനാദം കേള്‍ക്കുന്നു. കൂടെക്കൂടെ കേള്‍ക്കുന്നുണ്ട്, താളത്തില്‍. എന്തായിരിക്കുമത്, കാടിനുള്ളില്‍ എവിടുന്നാണ് ഈ ശബ്ദം? അല്പം പോടിയോടേയും കൗതുകത്തോടേയും വീണ്ടും കാതോര്‍ത്തു. അടുത്തടുത്തു വരുന്ന നാദതാളങ്ങള്‍. നോക്കുമ്പോള്‍ താഴേക്കിറങ്ങിവരുന്ന രണ്ട്മൂന്ന് പോണികള്‍. അവയുടെ കഴുത്തില്‍ക്കെട്ടിയ മണികളുടെ കിലുക്കമാണത്. മനോഹരമായി അലങ്കരിച്ച, ചുവപ്പും നീലയും പച്ചയും മഞ്ഞയും അലുകുകളും തോരണങ്ങളും ചാര്‍ത്തിയലങ്കരിച്ച സുന്ദരന്‍ പോണികള്‍. അവ ഞങ്ങളെ കടന്ന് താഴോട്ട് നീങ്ങുന്നു, ചുമടുകളുമായി. കൂടെ രണ്ടാളുകളുമുണ്ട്. ഹിമാലയന്‍ ജീവിതങ്ങളുടെ കൂടെപ്പിറപ്പുകളാണ് പോണികള്‍. ഈ യാത്രയില്‍ മുന്‍പും പോണികളെ കണ്ടു. എന്തൊരു ചന്തമുള്ള കാഴ്ച!

നടന്നു നടന്ന് ഒരു കീഴ്ക്കാംതൂക്കായ ചരിവിലെത്തി. വിശപ്പ് കൂടുന്നു; ദാഹവും. കുത്തനെയുള്ള കയറ്റം കയറാന്‍ ഇനി അല്പം ഊര്‍ജ്ജം സംഭരിക്കണം. ബിസ്‌കറ്റും നാരങ്ങാമിഠായിയും ഓറഞ്ചും  പരസ്പരം പങ്കുവച്ച് എല്ലാവരും കഴിച്ചു. വെള്ളവും കുടിച്ചു. ഇടയ്ക്കിടെ ഒന്നുംരണ്ടുമൊക്കെ മരങ്ങള്‍ക്കിടയിലൂടെയിരുന്ന് സാധിക്കുന്നവരുമുണ്ട്; വളരെ ഈസിയായി. നടന്ന് മുന്നോട്ടു ചെന്ന് അല്പം വലത്തോട്ട് തിരിയുമ്പോള്‍ ചോലക്കാടുകള്‍ക്കിടയിലൂടെ നീലമലകള്‍, ആകാശക്കീറ്. കണ്ണുനിറയെ കണ്ട് ആസ്വദിച്ചു. പിന്നെയും നടത്തം തുടര്‍ന്നു. വഴിനീളെ പാറയിലേക്ക് ഉറഞ്ഞു ചേര്‍ന്ന് സുതാര്യമായ മഞ്ഞിന്‍പാളികള്‍. ഷൂസുകള്‍ ഉറപ്പിച്ചു നടന്നു. ഏതാണ്ട് ഒരന്‍പത് മീറ്റര്‍ കഴിഞ്ഞ് മുന്നോട്ടെത്തുമ്പോള്‍ ഇടയ്ക്ക് കലങ്ങി ചെളിവെള്ളമായി ഒഴുകുന്ന ഒരു നീര്‍ച്ചാല്‍. അതിനേയും മറികടന്നു. മുന്നില്‍ പോകുന്നവര്‍ പുറകെയുള്ളവരോട് സൂക്ഷിക്കണേ എന്ന് പറയുന്നുണ്ട്. കൂടുതല്‍ ജാഗരൂകരാകാന്‍ വേണ്ടിയാണത്. 

സമയമേറെക്കഴിഞ്ഞു. മരങ്ങള്‍ തിങ്ങിക്കൂടിയതുകൊണ്ടാകാം വെളിച്ചത്തിന്റെ കുറവുണ്ട്. എത്ര സമയമായെന്നും നിശ്ചയമില്ല. വാച്ചുകളൊക്കെ ഉറങ്ങിപ്പോയിട്ട് രണ്ടുമൂന്നു ദിവസമായി. അഥവാ സമയത്തെക്കുറിച്ച് വേവലാതിപ്പെട്ടുമില്ല. മൊബൈലുകള്‍ ബാഗിനുള്ളിലാണ്. തണുത്തുറഞ്ഞുപോയിരുന്നു. ചാര്‍ജുമില്ല. ഇനി ചാര്‍ജിങ്ങിനു സാധ്യതയുമില്ല രണ്ട്മൂന്ന് ദിവസത്തേക്ക്. ഒന്നു രണ്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ക്ഷീണമായിത്തുടങ്ങി. ഇനിയും മലകയറണം, കുറേക്കൂടി. ഒരു മലയുടെ മുകളിലെത്തുമ്പോള്‍ മറ്റൊന്നു കാണും. അവിടമാണ് മുകളറ്റം എന്നു വിചാരിക്കും. അതു കയറുമ്പോള്‍ മറ്റൊന്ന്. അങ്ങനെ പടിപടിയായുള്ള ഗിരിനിരകളാണ്. നമ്മുടെ നാട്ടിലേതുപോലെ വിരിഞ്ഞ് വിശാലമായ മലനിരകളല്ല ഹിമഗിരികള്‍. കൂറ്റന്‍ മുടികളും കുന്നുകളുമാണ്. ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന ഊര്‍ജ്ജദായിനികള്‍. 

ഇടക്കാരോ പറഞ്ഞു, ഇനിയൊരു മൂന്നു കുന്നുകള്‍കൂടി കഴിഞ്ഞാല്‍ 'ചിലപ്പാട' എത്തുമെന്ന്; നമ്മുടെ ലക്ഷ്യസ്ഥാനം. എന്നു കേട്ടപ്പോള്‍ അല്പം ആശ്വാസം തോന്നി. ഒന്നുകൂടി ഉത്സാഹത്തില്‍ നടന്നു. വൈകുന്നേരം ഏതാണ്ട് 5, 6 മണിയായിക്കാണും ഒരു കുന്നിന്‍മുകളിലെത്തി. അതിനു മുന്നിലായി മഞ്ഞ് പുതഞ്ഞുകിടക്കുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒരു താഴ്വര. ഇതാണ് ചിലപ്പാട. സന്തോഷംകൊണ്ട് ഏവരും ഓളിയിട്ടു. കൂവിയാര്‍ത്തു, പിന്നെ പതുക്കെപ്പതുക്കെ താഴോട്ടിറങ്ങി. ഒലിച്ചിറങ്ങുന്ന ഒരു ഉറവയുടെ അടുത്ത് ഞങ്ങള്‍ തമ്പടിച്ചു. തലങ്ങും വിലങ്ങും വീണുകിടക്കുന്ന മരങ്ങളുടെയിടയില്‍. നിരപ്പുള്ളയിടം നോക്കി ടെന്റുകെട്ടാനുള്ള സൗകര്യം നോക്കി സാധനങ്ങള്‍ ഇറക്കിവച്ചു. 

ദയാറാബുഗ്‌യാല്‍
ദയാറാബുഗ്‌യാല്‍

ടെന്റുകള്‍ക്കുകീഴെ വിശ്രാന്തി

വൈകുന്നേരമായി. തണുപ്പ് കൂടിക്കൂടി വരുന്നു. ഇതുവരെയുള്ളതിനേക്കാള്‍ കൂടിയ തണുപ്പ്. തിന്നാന്‍ എന്തെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. നാട്ടിലാണെങ്കില്‍ നാലുപ്രാവശ്യം കഴിക്കേണ്ട സമയമായി. രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങിയതിനുശേഷം പിന്നീട് കാര്യമായൊന്നും കഴിച്ചിട്ടില്ല. ഇങ്ങനെയുള്ള പല ചിന്തകളും മനസ്സില്‍ ഉരുണ്ടുകൂടി. പക്ഷേ, അതിനെ കാര്യമാക്കിയില്ല. കഴിഞ്ഞ രണ്ട് ദിവസമായി വിശപ്പിനെ കടിഞ്ഞാണിടാനും ഞങ്ങള്‍ പഠിച്ചുതുടങ്ങിയിരുന്നു. കലര്‍പ്പില്ലാത്ത പ്രാണവായുവും ശുദ്ധജലവും ലഘുഭക്ഷണവുംകൊണ്ട് ജീവിക്കാമെന്നും വിശപ്പ് ഒരു വികാരം മാത്രമാണെന്നും തിരിച്ചറിഞ്ഞ നാളുകള്‍. 

പതിവുപോലെ ടെന്റുകള്‍ കെട്ടിയൊരുക്കി. കുറച്ചകലെയായി ഒരു താല്‍ക്കാലിക കക്കൂസും നിര്‍മ്മിച്ചു. അതിനകം ഞങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ കഴിച്ചിരുന്നു. അതും ഒരു ശീലമായിക്കഴിഞ്ഞിരുന്നു. ശുദ്ധവായു ശ്വസിച്ചുള്ള വെളിക്കിരിക്കല്‍. ടോയ്ലറ്റ് പേപ്പര്‍കൊണ്ട് ശുദ്ധിവരുത്താനും വെള്ളമില്ലാതെ ജീവിക്കാനും പഠിച്ചുകഴിഞ്ഞു. എന്തൊരു മാറ്റമെന്ന് മനസ്സ് പലവട്ടം പറഞ്ഞു. ജീവിതത്തിലെ ശീലങ്ങളേയും പതിവുകളേയും മെരുക്കിയെടുത്ത് സ്വതന്ത്രമായി മുന്നോട്ടു പോകാനുള്ള ഒരു ഉള്‍പ്രേരണ, അതാണ് ഈ യാത്രയിലെ മറ്റൊരു പാഠം. തണുപ്പില്‍ ചിലപ്പാട മൂകമായിരുന്നു. നീരുറവയുടെ ശബ്ദമൊഴികെ മറ്റൊന്നും കേള്‍ക്കാനില്ല. ചീവീടുകളുടേയോ പക്ഷികളുടേയോ കരച്ചിലോ ഇപ്പോഴില്ല. മഞ്ഞിന്‍തണുപ്പില്‍ അവ ഉറങ്ങുകയാകാം. ശാഖകളിലും ചുവടുകളിലും മഞ്ഞുറഞ്ഞുകൂടിയ കാട്ടുമരങ്ങള്‍. ദേവദാരുക്കളും അലഞ്ചിയും വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ച. ഇടതൂര്‍ന്ന മഞ്ഞുമലകള്‍ക്കടിയിലെ ഈ താഴ്വരയില്‍ മൈനസ് പതിനാറു ഡിഗ്രി തണുപ്പില്‍ ഈ രാത്രി കഴിച്ചുകൂട്ടണം. ക്യാംപ് ഫയര്‍ ഇല്ലാതെ പറ്റില്ല. ഇത് പുതുവര്‍ഷത്തിന്റെ രാത്രികൂടിയാണ്. പുലരുംവരെ ഉണര്‍ന്നിരിക്കാനും മോഹമുണ്ട്. നടക്കുമോ എന്നറിയില്ല. അടുത്തുകണ്ട ചുള്ളിക്കമ്പുകളും അറ്റുപോയ വേരുകളും പെറുക്കിക്കൂട്ടി തീയിട്ടു. തണുത്തുറഞ്ഞുപോയ കമ്പുകള്‍ കത്തിക്കനലായി വരാന്‍ ഏറെ നേരം ക്ഷമയോടെ കാത്തിരുന്നു. ഷൂസും സോക്സും മാറ്റി കാലുകള്‍ കാച്ചിയെടുത്തു. നനഞ്ഞുപോയ വസ്ത്രങ്ങള്‍ ഉണക്കാനുള്ള ശ്രമം നടത്തി. കൈവെള്ളയും കാല്‍വെള്ളയും തീയില്‍ കാണിച്ച് ചൂടാക്കിയെടുക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ആശ്വാസം. കഥകള്‍ പറഞ്ഞും പാട്ടുപാടിയും അങ്ങനെ നേരം പോയതറിഞ്ഞില്ല. നെരിപ്പോടിനു ചുറ്റുമിരുന്ന് എല്ലാവരും സന്തോഷങ്ങള്‍ പങ്കിട്ടു. മഞ്ഞയും ഓറഞ്ചും ചുവപ്പും വയലറ്റും നിറത്തില്‍ അന്തരീക്ഷത്തിലേക്കുയരുന്ന  ജ്വാലകള്‍, ഒരു പൂവിന്റെ ഭംഗിയോടെ അതിനെ ആസ്വദിച്ചു. നാട്ടില്‍ വൃശ്ചികത്തണുപ്പിലും മകരമഞ്ഞിന്‍കാലങ്ങളിലും കരിയിലകൂട്ടി തീകായുന്നതിനെക്കുറിച്ചോര്‍ത്തു. കപ്പയും കിഴങ്ങുവര്‍ഗ്ഗങ്ങളും ഏത്തക്കായും കനലില്‍ ചുട്ടെടുത്ത് തിന്ന രുചി നാവില്‍ ഊറിവന്നു. ഗൃഹാതുരതയുടെ ഓര്‍മ്മകള്‍. സത്യത്തില്‍ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും ഓര്‍മ്മിച്ചത് ഈ നെരിപ്പോടിന്റെ മുന്നിലാണ്. മറ്റെല്ലാം മറന്നിരുന്നു, മഞ്ഞുമലകളുടെ സൗന്ദര്യം അത്രത്തോളം മനസ്സിനെ മത്തുപിടിപ്പിച്ചിരുന്നു. രാത്രി വീണ്ടും കനത്തു. തണുപ്പിന്റെ പ്രഹരം കൂടുന്നുണ്ട്. ആകാശം കൂടുതല്‍ തെളിയുന്നുണ്ട്. മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രകിരണങ്ങള്‍ മണ്ണില്‍ പതിക്കുന്നുണ്ട്. നിഴലും നിലാവും മഞ്ഞുപുരണ്ട താഴ്വരയില്‍ മത്സരിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നു. അല്പം മാറി ചെരിവിനോട് ചേര്‍ന്ന് കെട്ടിയിട്ടിരിക്കുന്ന പോണികള്‍, നിലാവില്‍ തിളങ്ങുന്ന ടെന്റുകള്‍. മഞ്ഞിന്റെ വെണ്‍മയും പ്രകാശപൂരണങ്ങളും ചേര്‍ന്ന് ചിലപ്പാടയിലെ രാവുകളെ കൂടുതല്‍ സുന്ദരമാക്കുന്നു. 

ഭക്ഷണം റെഡിയായിക്കഴിഞ്ഞു. അതിന്റെ വിളി വന്നു. ക്യാംപ് ഫയറിനു ചുറ്റുമിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ചോറും പപ്പടവും വെജിറ്റബിള്‍ കറിയും സലാഡും പച്ചമുളകും. കൂടെ മധുരമൂറുന്ന ഒരു പാനീയം. പായസത്തിന്റെ ഒരു വകഭേദം. ഒരു കുറുക്കുപായസമെന്ന് വേണമെങ്കില്‍ പറയാം. ഭക്ഷണശേഷം വീണ്ടും നെരിപ്പോടിന്റെ മുന്നില്‍ത്തന്നെയിരുന്നു. റേഞ്ച് കിട്ടിയതിനാല്‍ ചിലര്‍ നാട്ടിലേക്ക് വിളിക്കുന്നുണ്ട്. മറ്റുള്ളവര്‍ അവിടെത്തന്നെയിരുന്നു. എല്ലാവരും ചേര്‍ന്ന് പാട്ട് പാടി, കഥകള്‍ പറഞ്ഞു. നെരിപ്പോടിലേക്ക് വീണ്ടും വിറകുകള്‍ ഇട്ടുകൊണ്ടിരുന്നു. ജ്വാലയുടെ ഉയരവും ഭംഗിയും കൂടുന്നുണ്ട്. ചുറ്റും നിറയുന്ന പുകയും. പാട്ടുപാടലിന്റെ ഒന്നുരണ്ട് റൗണ്ടുകള്‍ കഴിഞ്ഞു. പിന്നെ നല്ലൊന്നാന്തരമൊരു കച്ചേരി. കൂട്ടത്തില്‍ മുതിര്‍ന്ന സംഗീതജ്ഞനായ ഡോ. ദാമുവിന്റേതായിരുന്നു അത്. കച്ചേരി കേട്ടപ്പോള്‍ ഏവരും ഒന്നുകൂടി ശാന്തരായി അതില്‍ ശ്രദ്ധിച്ചു. കനലിലേക്ക് വീണ്ടും വീണ്ടും വിറകുകള്‍ പെറുക്കിയിട്ട് ന്യൂഇയറിനെ വരവേല്‍ക്കാന്‍ കാത്തിരുന്നു. സമയം പത്ത് പത്തരയായിട്ടുണ്ടാകും. ചിലരൊക്കെ ടെന്റിലേക്ക് പോയിത്തുടങ്ങി. കുറച്ചുപേര്‍ അവിടെത്തന്നെയിരുന്നു. അകലേക്ക് നോക്കുമ്പോള്‍ ഇരുട്ടും നിലാവും ഇടകലര്‍ന്നു നില്‍ക്കുന്നു. കൂരിരുട്ടിന്റെ ഇടയില്‍, കൂറ്റന്‍ മരങ്ങള്‍ തിങ്ങിനിറഞ്ഞ ചിലപ്പാട എന്ന താഴ്വരയില്‍, നിബിഡവനത്തിനുള്ളില്‍ ഒരു പുതുവര്‍ഷദിനം. ഓര്‍ത്തപ്പോള്‍ ഏറെ സന്തോഷം തോന്നി. കാടിനുള്ളിലെ ആദ്യ പുതുവര്‍ഷം, അതും ഹിമവാന്റെ മണ്ണില്‍, മഞ്ഞുതാഴ്വരയില്‍. സൗഭാഗ്യമെന്ന് മനസ്സ് പറഞ്ഞു. പ്രകൃതിയോടും ഈശ്വരനോടും ഒരുപാട് നന്ദി പറഞ്ഞു.
 
ഉറക്കം വന്നുതുടങ്ങി. ടെന്റിലേക്ക് പോയാലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ അങ്ങകലെനിന്ന് ഒരു നീരൊഴുക്കിന്റെ ശബ്ദം. മുകളില്‍നിന്നും ഒഴുകിവരുന്ന അരുവിയുടേതാണത്. അതില്‍നിന്നും വെള്ളം ശേഖരിച്ചാണ് ഭക്ഷണമുണ്ടാക്കിയത്. അതിന്റെ കൈവഴിയായ ഒരു നീര്‍ച്ചാലിന്റെ അടുത്തായാണ് ടെന്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഒരു കുഞ്ഞ് ജലധാരയുടെ ഇറ്റിറ്റുവീഴുന്ന ജലത്തുള്ളികളുടേയും ഒഴുകുന്ന വെള്ളത്തിന്റേയും ശബ്ദം ആ രാത്രി മുഴുവന്‍ നിലയ്ക്കാത്ത ഒരു സംഗീതമായി കൂടെനിന്നു. ദേവദാരുക്കളും വനകക്കിടിയും നിറഞ്ഞ ചിലപ്പാടയില്‍നിന്ന് നോക്കുമ്പോള്‍ അകലെ ഉയര്‍ന്ന മലമുകളില്‍നിന്നും പൊട്ടുപോലെ മിന്നിത്തെളിയുന്ന ചെറുവെളിച്ചങ്ങള്‍. അവ ഹിമസാനുക്കളിലെ മനുഷ്യവാസത്തിന്റെ അടയാളമാണോ അതോ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഹിമസ്പര്‍ശമേല്‍ക്കാന്‍ പുതുവര്‍ഷരാത്രിയില്‍ വിരുന്നുവന്നതോ? ആ കാഴ്ചയില്‍ മനം തുടിച്ചു. ഒരിക്കലും മറക്കാത്ത ഒരു പുതുവര്‍ഷരാവിന്റെ അനുഭവം ഈ യാത്രയില്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. സുഖകരമായ ഒരുറക്കം കുറച്ചുനേരമെങ്കിലും കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ടെന്റിനുള്ളില്‍ കയറി. സ്ലീപ്പിംഗ് ബാഗില്‍ നൂണ്ട് കയറിക്കിടന്നു. അപ്പോഴും പുറത്ത് സംഗീതപ്പെരുമഴ, കച്ചേരിയുടെ, നീരൊഴുക്കിന്റെ. പൊടിമഴപോലെയുള്ള മഞ്ഞിന്‍കണങ്ങള്‍ ടെന്റില്‍ വീഴുന്നുണ്ട്. അതിന്റെ താളാത്മകമായ ശബ്ദവും കേള്‍ക്കാം. ഇതിനിടയില്‍ എപ്പോഴോ ഉറക്കത്തിലേക്കാണ്ടുപോയി. ഒന്നുരണ്ട് മണിക്കൂര്‍ ഉറങ്ങിക്കാണും പിന്നെ ഉണര്‍ന്നു. തണുപ്പ് ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്. 

ഗാഢനിദ്ര ഇനി ഇന്നുണ്ടാവില്ല. വെളുക്കുംവരെ വെറുതെ കിടക്കാം. നെരിപ്പോടിനു ചുറ്റുമിപ്പോള്‍ ശബ്ദങ്ങളുണ്ട്. സംഘാടകര്‍ ന്യൂഇയര്‍ ആഘോഷം നടത്തി തിമിര്‍ക്കുകയാണ്. മറ്റെല്ലാവരും ടെന്റിനുള്ളിലാണ്. വലിയ ബഹളങ്ങളോ ശബ്ദങ്ങളോ ഒന്നുമില്ലാതെ അവരുടെ പതിഞ്ഞ സംസാരം കേള്‍ക്കാം. വീണ്ടും കണ്ണുകളടച്ച് കിടന്നു. ഉറക്കം വന്നു വിളിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ച്. കുറേനേരം രാവിന്റെ മധ്യത്തില്‍ കാട്ടരുവിയുടേയും മഞ്ഞുവീഴ്ചയുടേയും  നാദതാളങ്ങള്‍ക്കിടയിലേക്ക് ഏതോ ഒരു കിളിയുടെ നീട്ടിക്കരച്ചില്‍. ഒരൊറ്റക്കിളിപ്പാട്ട്. ഹിമഗിരികളുടെ അറ്റമോളമെത്തുന്ന മുഴക്കമുണ്ടായിരുന്നു അതിന്. ആ കിളിനാദം ഉള്ളിലൊരു മന്ത്രനാദംപോലെ തോന്നി. അതിനിടയില്‍ എപ്പോഴോ വീണ്ടും ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ മഞ്ഞിനിടയിലെ ടെന്റുകളും മരങ്ങളും കാണാന്‍ നല്ല ചന്തം. പലനിറമുള്ള ടെന്റുകള്‍ വെണ്‍മയുടെ നടുവില്‍ പൂവിരിഞ്ഞപോലെ നില്‍ക്കുന്നു. അകലെ മാറി നിന്നു നോക്കുമ്പോഴാണ് ഇങ്ങനെ. ചൂടുവെള്ളം വാങ്ങി വായ കഴുകി പതിവുപോലെ പ്രാഥമിക കര്‍മ്മങ്ങള്‍ കഴിച്ച് വസ്ത്രങ്ങള്‍ മാറി. ഭക്ഷണം തയ്യാറായിവരുന്നു. അതിനിടയില്‍ ബാഗുകളും സാധനങ്ങളും അടുക്കിവച്ചു. മരങ്ങള്‍ക്കിടയിലൂടെ അല്പനേരം നടന്നു. പ്രകൃതിഭംഗി ആസ്വദിച്ചു. ഏതോ മൃഗത്തിന്റെ തലയോടും അടര്‍ന്ന അസ്ഥികളും ചിതറിക്കിടക്കുന്നു. ദേവഭൂമിയില്‍ സമാധിയടഞ്ഞ ഭാഗ്യവാന്മാര്‍. എത്രയോ മനുഷ്യരും മൃഗങ്ങളും ഈ മണ്ണില്‍ ജീവിച്ച് മരിച്ചിട്ടുണ്ടാകാം. എത്രയോ ഋഷിവലന്മാര്‍ ഇവിടെ ധ്യാനിച്ചിട്ടുണ്ടാകാം. ഹിമവാനിലേക്ക് അലിഞ്ഞുചേര്‍ന്നിട്ടുണ്ടാകാം. ഈ മണ്ണില്‍ അവരുടെ കണികകള്‍ പരിവര്‍ത്തനം ചെയ്ത് മറ്റൊരു ജീവന്റെ തുടിപ്പായി മാറിയിട്ടുണ്ടാവാം. ഇങ്ങനെയെല്ലാം ഓര്‍ത്തുനില്‍ക്കുമ്പോള്‍ ഭക്ഷണത്തിനുള്ള വിളി വന്നു. ബ്രെഡ് സാന്‍ഡ്വിച്ചും സലാഡും രണ്ട് പുഴുങ്ങിയ മുട്ടകളും ചേര്‍ന്ന പ്രഭാതഭക്ഷണം. ഓരോ മുട്ടകള്‍ ഞങ്ങള്‍ സൂക്ഷിച്ചുവച്ചു. ചായയും ഭക്ഷണവും കഴിച്ച് ചൂടുവെള്ളവും ഫ്‌ലാസ്‌കില്‍ നിറച്ച് വീണ്ടും യാത്രയ്ക്കുള്ള തയ്യാറെടുപ്പായി. ദയാറാബുഗ്യാലിന്റെ നെറുകയിലേക്ക്, ലക്ഷ്യസ്ഥാനത്തേക്കാണ് ഇന്നത്തെ യാത്ര. പോണികള്‍ ചുമടുമായി നീങ്ങിത്തുടങ്ങി. പിന്നാലെ ഞങ്ങളും. മഞ്ഞ് വീണ വഴികളിലൂടെ ചിലപ്പാടയോട്, ഈ താഴ്വരയുടെ സാന്ദ്രസംഗീതത്തോട് വിടപറഞ്ഞ് അടുത്ത ലക്ഷ്യത്തിലേക്ക്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com