ആര്‍ജ്ജവത്തിന്റെ പര്യായപദം
By വി.ടി. ബല്‍റാം | Published: 09th January 2022 05:30 PM |
Last Updated: 09th January 2022 05:30 PM | A+A A- |

കോണ്‍ഗ്രസ്സിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ല ഒരിക്കലും പി.ടി. തോമസ്. കോണ്‍ഗ്രസ്സിനോടുള്ള അനുഭാവം മനസ്സില്‍ സൂക്ഷിക്കുമ്പോഴും സംഘടനയുടെ മുഖ്യധാരയില്‍നിന്നു പല കാരണങ്ങളാല്‍ അകന്നുനില്‍ക്കുന്നവരേയും അകറ്റി നിര്‍ത്തപ്പെട്ടവരേയും പി.ടി. എല്ലായ്പോഴും ചേര്‍ത്തുപിടിച്ചു.
ആത്മാര്‍ത്ഥതയുടേയും ആര്‍ജ്ജവത്തിന്റേയും പര്യായപദം എന്ന നിലയ്ക്ക് തന്നെയാണ് പി.ടി. തോമസിന്റെ പേര് കേരളത്തിന്റെ മനസ്സില്‍ എന്നന്നേയ്ക്കും ഇടം പിടിക്കുന്നത്. ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ മരണത്തില്‍പ്പോലും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. മന്ത്രിയോ മറ്റധികാര പദവികളോ അലങ്കരിച്ചിട്ടില്ലാത്ത ഒരു പൊതുപ്രവര്‍ത്തകനായിട്ടും മരണാനന്തരം ഒരു ലെജന്‍ഡായി അദ്ദേഹം മാറുന്നത് കേരളം വിസ്മയത്തോടുകൂടിയാണ് കണ്ടുനില്‍ക്കുന്നത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഞാന്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായിരിക്കുന്ന കാലത്താണ് 1997-ലോ മറ്റോ ആയി തൃശൂരില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ വച്ച് ഞാനാദ്യമായി പി.ടി. തോമസിനെ നേരിട്ടു കാണുന്നത്. അന്ന് അദ്ദേഹം എം.എല്‍.എ അല്ലെങ്കിലും ആ വേദിയിലെ ഏറ്റവും ആകര്‍ഷണീയമായ സാന്നിധ്യമായി ഞാനടക്കമുള്ള ചെറുപ്പക്കാര്‍ക്ക് തോന്നിയത് പി.ടി. തോമസിനെയാണ്. പക്ഷേ, സദസ്സിലിരുന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുവെന്നതല്ലാതെ അദ്ദേഹത്തെ പരിചയപ്പെടാനുള്ള സാഹചര്യം അന്നുണ്ടായില്ല. പിന്നീട് 2001-ല്‍ അദ്ദേഹം വീണ്ടും ജനപ്രതിനിധിയായി വന്നതിനുശേഷം തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വച്ചാണ് അദ്ദേഹത്തെ വിശദമായി പരിചയപ്പെടാനും അദ്ദേഹത്താല്‍ ശ്രദ്ധിക്കപ്പെടാനും അവസരമുണ്ടായത്. എന്‍ജിനീയറിംഗിനു പഠിക്കുന്ന ഒരു കെ.എസ്.യുക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ പ്രത്യേക പരിഗണനയും പ്രോത്സാഹനവും ഒരു വലിയ ഊര്‍ജ്ജമായി എനിക്കന്നുതന്നെ അനുഭവപ്പെട്ടിരുന്നു.
പി.ടി. തോമസിന്റെ ഏറ്റവും വലിയ കരുത്തും ഇങ്ങനെ പരിചയപ്പെടുന്ന ഏതൊരാളുടേയും മനസ്സില്‍ അദ്ദേഹത്തിന് അനായാസം സൃഷ്ടിക്കാന്‍ കഴിഞ്ഞ ആദ്യ മതിപ്പായിരുന്നു. കലര്‍പ്പില്ലാത്ത ആത്മാര്‍ത്ഥത അദ്ദേഹത്തിന്റെ ഓരോ ഇടപെടലിലും നമുക്ക് നേരിട്ട് അനുഭവിക്കാനാകും. പരിചയപ്പെടുന്ന ഏതൊരാളുടേയും പേരും ഫോണ്‍ നമ്പറും തന്റെ പോക്കറ്റ് ഡയറിയില്‍ കുറിച്ചെടുക്കാന്‍ അദ്ദേഹമൊരിക്കലും മടിച്ചിരുന്നില്ല. പിന്നീടവരെ ഓര്‍ത്തുവച്ച് വിളിക്കുകയും പരിസരത്ത് വരുമ്പോള്‍ അറിയിക്കുകയും ചെയ്യും. കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഏറ്റവും വലിയ ടാലന്റ് ഹണ്ടര്‍ കൂടിയായി പി.ടി. മാറിയതിനു പുറകിലെ കാരണവും മറ്റൊന്നല്ല. വലുപ്പച്ചെറുപ്പമില്ലാതെ ഏവരേയും ഒരുപോലെ കാണുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റധികം നേതാക്കളെ നമുക്ക് കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്.
കോണ്‍ഗ്രസ്സിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നേതാവ് മാത്രമായിരുന്നില്ല ഒരിക്കലും പി.ടി. തോമസ്. കോണ്‍ഗ്രസ്സിനോടുള്ള അനുഭാവം മനസ്സില്‍ സൂക്ഷിക്കുമ്പോഴും സംഘടനയുടെ മുഖ്യധാരയില്‍നിന്നു പല കാരണങ്ങളാല്‍ അകന്നുനില്‍ക്കുന്നവരേയും അകറ്റി നിര്‍ത്തപ്പെട്ടവരേയും പി.ടി. എല്ലായ്പോഴും ചേര്‍ത്തുപിടിച്ചു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൊക്കെ വ്യാപൃതരായി മുന്നോട്ടുപോകുന്ന പലര്‍ക്കും കോണ്‍ഗ്രസ് പ്രസ്ഥാനവുമായുള്ള ബന്ധം നിലനിര്‍ത്തപ്പെട്ടിരുന്നത് പി.ടി. വഴിയായിരുന്നു. ഗ്രന്ഥശാലാ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ആശയപരമായി അകക്കാമ്പുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംസ്‌കൃതി എന്ന സാംസ്‌കാരിക സംഘടന വഹിച്ച പങ്ക് വളരെ വലുതാണ്.
തികഞ്ഞ മതനിരപേക്ഷ ബോധ്യങ്ങളാണ് പി.ടിയെ എന്നും മുന്നോട്ടു നയിച്ചിരുന്നത്. പൊതുജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ആ നിലപാടുകളോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനായി എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. മത പൗരോഹിത്യത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ കീഴടങ്ങാതെ ജീവിച്ച പി.ടി. തന്റെ മരണംപോലും ഒരു സര്‍ഗ്ഗാത്മകമായ പോരാട്ടമാക്കി മാറ്റി.
ഒരിടവേളയ്ക്ക് ശേഷമുള്ള പി.ടിയുടെ നിയമസഭയിലേക്കുള്ള തിരിച്ചുവരവിലാണ് അദ്ദേഹത്തോടൊപ്പം അഞ്ച് വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍, ഞാനടക്കമുള്ള പുതുതലമുറക്കാര്‍ക്ക് അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള പോരാട്ട വീര്യമായിരുന്നു ഒരു മുതിര്‍ന്ന നേതാവായിട്ടുപോലും പി.ടി. സഭാതലത്തില്‍ എപ്പോഴും പ്രകടിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ്സിന്റെ അഭിമാനം സംരക്ഷിക്കുന്ന കാര്യങ്ങളില്‍ ഒരു കെ.എസ്.യുക്കാരന്റെ വീറും വാശിയുമാണ് എപ്പോഴും പി.ടി. പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്തി പി.ടി. അത് സഭയില്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ഭരണപക്ഷം നിസ്‌തേജരായി പോകാറാണ് പതിവ്. വെട്ടിത്തുറന്നുള്ള പി.ടിയുടെ അവതരണരീതി മുഖ്യമന്ത്രിയടക്കമുള്ള ഭരണപക്ഷക്കാരെ പലപ്പോഴും പ്രകോപിതരാക്കാറുമുണ്ട്. അപ്പോഴും നിലപാടിലുറച്ച് നിന്ന് സ്വന്തം ഭാഗം കൃത്യമായി വിശദീകരിക്കുന്ന കാര്യത്തില്‍ പി.ടിയാണ് എപ്പോഴും വിജയിക്കാറുള്ളത്.
നിയമസഭയില്‍ മറ്റു തിരക്കുകള്‍ അധികമില്ലാത്ത നേരത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് സീറ്റില്‍ ചെന്നിരിക്കാറുണ്ട്. പുതിയ എന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ പഠിക്കുകയായിരിക്കും മിക്കവാറും അദ്ദേഹം. അവയുടെ കുറിപ്പുകള്‍ ഡയറിയില്‍ കുനുകുനാ എഴുതി വയ്ക്കുന്നുമുണ്ടാവും. കയ്യക്ഷരം അത്ര നല്ലതൊന്നുമല്ലെങ്കിലും അതൊക്കെ വായിക്കുന്നതുതന്നെ നല്ല രസമുള്ള അനുഭവമാണ്, അറിവുകളും കാഴ്ചപ്പാടുകളും എങ്ങനെയാണ് പി.ടി. എന്ന രാഷ്ട്രീയക്കാരനേയും ജനപ്രതിനിധിയേയും രൂപപ്പെടുത്തുന്നത് എന്നു നമുക്ക് ആ കുറിപ്പുകളിലൂടെ കാണാനാവും.
2018 അവസാനത്തില്‍ പി.ടിയോടൊത്ത് ഏതാണ്ട് രണ്ടാഴ്ചക്കാലം ആസ്ട്രേലിയയില്‍ ഒരു യാത്ര ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഒ.ഐ.സി.സിയുടെ ചില പരിപാടികളില്‍ പങ്കെടുക്കാനായിട്ടായിരുന്നു പി.ടിയും ഞാനും ക്ഷണിക്കപ്പെട്ടിരുന്നത്. മെല്‍ബണിലും അഡ്‌ലൈഡിലും സിഡ്നിയിലുമൊക്കെയായി സംഘടിപ്പിക്കപ്പെട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ പല സ്ഥലങ്ങള്‍ കാണാനും അവസരം ലഭിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ അധികം വിദേശയാത്രകള്‍ നടത്താത്ത അദ്ദേഹത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊക്കെ നിര്‍ബ്ബന്ധമുണ്ടായിരുന്നു. എന്നാലും മെല്‍ബണ്‍ മുതല്‍ അഡ്‌ലൈഡ് വരെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന റോഡ് ട്രിപ്പിന് അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. ആ യാത്രയിലുടനീളം പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തില്‍ മലയാള ഗാനങ്ങളും ചര്‍ച്ചാവിഷയമായി. പി.ടി. സംഗീതം എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങളൊക്കെ മനസ്സിലാക്കിയ സന്ദര്‍ഭം കൂടിയായിരുന്നു അത്. പഴയ മലയാള ഗാനങ്ങള്‍ കാറിലെ സ്റ്റീരിയോയില്‍ കേള്‍പ്പിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടതും പി.ടിയും ഞങ്ങളും കൂടെ മൂളിയതുമായ ഒരു പാട്ടിന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രത്തോളം സ്വാധീനമുണ്ടായിരുന്നുവെന്ന് അന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വയലാറിന്റെ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.'' ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും ആ ഗാനം പി.ടിയോടൊപ്പമുണ്ടായിരുന്നു; ഒരുപക്ഷേ, പി.ടി. തോമസ് എന്ന ഓര്‍മ്മ നിലനില്‍ക്കുന്നിടത്തോളം ആ നിത്യഹരിത പ്രണയഗാനവും അതിന്റെ യഥാര്‍ത്ഥ സ്രഷ്ടാക്കളേക്കാള്‍ ചേര്‍ന്നുനില്‍ക്കുക പി.ടിയോടൊപ്പമായിരിക്കും.