പി.ടി. തോമസ്: കേരളത്തിന്റെ ഭാവി രാഷ്ട്രീയം

By ടി.പി. രാജീവന്‍  |   Published: 09th January 2022 05:03 PM  |  

Last Updated: 09th January 2022 05:03 PM  |   A+A-   |  

pt_thomas

 

പി.ടി. തോമസ് അന്തരിച്ചു. സംസ്‌കാരവും മരണാനന്തര ചടങ്ങുകളും അദ്ദേഹം ആഗ്രഹിച്ചതുപോലെ, അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞേല്പിച്ചതുപോലെ നടന്നു. ഭൗതികശരീരം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. ചിതാഭസ്മം ഇടുക്കിയിലെ ഉപ്പുതറയിലുള്ള അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ വിതറി. മതപരമായ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ പൂവോ പുഷ്പചക്രങ്ങളോ ചാര്‍ത്തലുകളോ ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥനകള്‍ക്കു പകരം, 'കൊട്ടാരം വില്‍ക്കാനുണ്ട്' എന്ന സിനിമയില്‍, വയലാര്‍ എഴുതി ദേവരാജന്‍ ചിട്ടപ്പെടുത്തി യേശുദാസും മാധുരിയും അവരുടേതായ ആലാപന മികവില്‍ പാടി നിത്യസുന്ദരമാക്കിയ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം/ ഇന്ദ്രധനുസ്സിന്‍ തൂവല്‍പൊഴിയും തീരം/ ഈ മനോഹര തീരത്തുതരുമോ/ ഇനിയൊരു ജന്മംകൂടി'' എന്ന ഗാനം, മരണത്തിന്റേയും പ്രകൃതിയുടേയും ശാന്തതയും നിശബ്ദതയും തകര്‍ക്കാത്തവിധം പരമാവധി ശബ്ദം താഴ്ത്തി ആലപിച്ചു.

ഏത് വിഭാഗത്തില്‍പ്പെട്ട നേതാവായിരുന്നു, മനുഷ്യനായിരുന്നു പുതിയ പറമ്പില്‍ തോമസ് തോമസ് എന്ന പി.ടി. തോമസ്, അടുത്തറിയുന്നവര്‍ക്കു പി.ടി. എന്ന് ആവിഷ്‌കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരവും മരണാനന്തര ചടങ്ങുകളും. മതാചാരങ്ങള്‍ക്കപ്പുറം, മതനിബന്ധനകള്‍ പാലിക്കാതെ ജീവിച്ചു മരിച്ച ആദ്യത്തെ മലയാളി പൊതുവ്യക്തിയല്ല പി.ടി. തോമസ്. വൈക്കം മുഹമ്മദ് ബഷീറിനും മാധവിക്കുട്ടിക്കുമൊക്കെ മരണാനന്തരം തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടണമെന്ന് വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതെല്ലാം അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രിയപ്പെട്ടവരോടും ബന്ധുക്കളോടും പറയുകയും ചെയ്തിരുന്നു. പക്ഷേ, മരണാനന്തരം അതെല്ലാം വിസ്മരിക്കപ്പെട്ടു. മതാചാരപ്രകാരം തന്നെ അവരെല്ലാം സംസ്‌കരിക്കപ്പെട്ടു. ഇവിടെ പി.ടി. തോമസോ? മരണശേഷവും തന്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. അതില്‍ ഉറച്ചുനിന്ന് എരിഞ്ഞടങ്ങി. 

പി.ടി. തോമസിനെ സംബന്ധിച്ചിടത്തോളം നിലപാടുകള്‍ പ്രസംഗിക്കാനും എഴുതാനും മറ്റുള്ളവര്‍ പാലിക്കാനുമുള്ളവയായിരുന്നില്ല. സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും സ്വന്തം ചുറ്റുപാടുകള്‍ മാറ്റിയെടുക്കാനുമുള്ളവയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണാനന്തരവും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും പരേതനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. അവര്‍ ഒന്ന് വഴങ്ങിയിരുന്നെങ്കില്‍ മതപരമായ എല്ലാ ആചാരങ്ങളും ചടങ്ങുകളും കൊച്ചിയില്‍ അരങ്ങേറുമായിരുന്നു. എങ്കില്‍ പി.ടി. തോമസും നമ്മളും തമ്മിലെന്തു വ്യത്യാസം! ആദര്‍ശങ്ങള്‍ പ്രസംഗിച്ചു മരിച്ചുപോയ മറ്റൊരു നേതാവ് പി.ടിയും.

പി.ടിയുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആരും തര്‍ക്കത്തിനോ വഴക്കിനോ വന്നില്ലെങ്കിലും മരണാനന്തരം അദ്ദേഹത്തിന് ലഭിക്കുന്ന സാമൂഹ്യസ്വീകാര്യതയെ ചിലര്‍ സംശയത്തോടേയും വിമര്‍ശനാത്മകവുമായി സമീപിക്കുകയുണ്ടായി. 'മരണം ആരെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ അവര്‍ മലയാളികളെ ഓര്‍മ്മപ്പെടുത്തിയത്. 'വിശുദ്ധന്‍' എന്ന സങ്കല്പം ഈ പുരോഗമനവാദികളുടേയും വിപ്ലവതീപ്പന്തങ്ങളുടേയും അബോധമനസ്സില്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ആശ്ചര്യകരമാണ്. മതപൗരോഹിത്യവും യാഥാസ്ഥിതികതയും രൂപപ്പെടുത്തിയെടുത്ത  സങ്കല്പവും വാക്കുമാണ് 'വിശുദ്ധന്‍', വിശുദ്ധി എന്നിവ. അത് ആഗ്രഹിക്കുകയോ അതിനുവേണ്ടി ജീവിക്കുകയോ ചെയ്ത വ്യക്തിയായിരുന്നില്ല പി.ടി. തോമസ്. അതുകൊണ്ട് ''മരണം ആരെയും വിശുദ്ധനാക്കുന്നില്ല'' എന്ന  പരിഹാസ വിമര്‍ശന ശരം  അദ്ദേഹത്തിന്റെ മൃതശരീരത്തിലോ മരണാനന്തര സ്വീകാര്യതയിലോ ഏല്‍ക്കുകയില്ല. വിശുദ്ധാവിശുദ്ധ സങ്കല്പങ്ങളില്‍ തറഞ്ഞു മുരടിച്ചുപോയ മനസ്സുകളെയാണ് അതു തുറന്നുകാണിക്കുന്നത്. 'വാഴ്ത്തപ്പെട്ടവര്‍' എന്ന സ്ഥാനം അവര്‍ക്കു ലഭിക്കുമായിരിക്കും. 

സമീപകാലത്തായി ഏറ്റവും കൂടുതല്‍ അനുശോചിക്കപ്പെടുകയും അനുസ്മരിക്കപ്പെടുകയും ചെയ്ത മരണങ്ങളില്‍ ഒന്നായിരുന്നു പി.ടി. തോമസിന്റെ മരണം. രാഹുല്‍ ഗാന്ധി മുതല്‍ പ്രാദേശിക തലത്തിലുള്ളവര്‍ വരെ കോണ്‍ഗ്രസ്സില്‍ അനുസ്മരിച്ചു, ദുഃഖം രേഖപ്പെടുത്തി. മറ്റു രാഷ്ട്രീയ നേതാക്കളും വിലാപസംഘത്തില്‍ ചേര്‍ന്നു. 'ധീരന്‍', 'നിര്‍ഭയന്‍', 'തികഞ്ഞ മതേതരവാദി', 'സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവ്' എന്നിങ്ങനെയായിരുന്നു അനുസ്മരണ സന്ദേശങ്ങളില്‍ പ്രവഹിച്ച വാക്കുകള്‍. 

ഇതെല്ലാം ശരിയായിരുന്നു എന്നു പി.ടി. തോമസിനെ കുറച്ചൊക്കെ അടുത്തറിയാന്‍ കഴിഞ്ഞ ആള്‍ എന്ന നിലയില്‍ എനിക്കു ബോധ്യമുണ്ട്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇങ്ങനെ അനുസ്മരിക്കുന്നത് സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഔപചാരികതയുടെ ഭാഗമാണെന്ന് നമുക്കു മനസ്സിലാക്കാം. പക്ഷേ, തലമുറ വ്യത്യാസമില്ലാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ നേതാക്കള്‍ ഇങ്ങനെ അനുസ്മരിക്കുന്നതോ? പി.ടി. തോമസിന്റെ ജീവിതവും മരണവും തുറന്നുകാണിക്കുന്നത് കോണ്‍ഗ്രസ്സിനെ ആസകലം ബാധിച്ച നിലപാടില്ലായ്മയേയും ഇരട്ടത്താപ്പിനേയും ഭീരുത്വത്തേയും അന്തസ്സാരശൂന്യതയേയുമാണ്. 

പി.ടി. തോമസ് ധീരനും നിര്‍ഭയനുമായിരുന്നു എങ്കില്‍ അദ്ദേഹം ധീരവും നിര്‍ഭയവുമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ എന്തേ കോണ്‍ഗ്രസ്സില്‍ കെ.എസ്.യു മുതല്‍ ഹൈക്കമാന്റ് വരെ ആരും കൂടെ നിന്നില്ല? കുടിയേറ്റ വോട്ട് മോഹിച്ചും പൗരോഹിത്യത്തെ പേടിച്ചും ധീരതയുടെ പേരില്‍ ഇപ്പോള്‍ വിലപിക്കുന്ന നേതാക്കളുടെ നാവ് അന്ന് താണുപോയി? 'പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍' എന്ന് മരണശേഷം അനുസ്മരിക്കുന്നവര്‍ അന്നു പി.ടി. ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഇടുക്കിയില്‍ സീറ്റ് നിഷേധിച്ചു? ഏറെക്കാലം കോണ്‍ഗ്രസ്സിന്റെ പുറംപോക്കില്‍ പി.ടിക്കു കിടക്കേണ്ടിവന്നു?

ഈ പതിവ് അനുസ്മരണങ്ങളൊന്നുമായിരുന്നില്ല പി.ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുന്ന എത്രപേര്‍ക്ക് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അതു തിരിച്ചറിയാന്‍ കഴിഞ്ഞു; തിരിച്ചറിഞ്ഞെങ്കില്‍ത്തന്നെ അതു തുറന്നുപറയാന്‍ കഴിഞ്ഞു എന്നതാണ് വിഷയം. 

കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിലും വികസനത്തിലും നയരൂപീകരണത്തിലും പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി, ജനാധിപത്യാവകാശ സംരക്ഷണം തുടങ്ങിയ കാര്യങ്ങളുടെ നിര്‍ണ്ണായകമായ സ്ഥാനം തിരിച്ചറിഞ്ഞ, അതിനുവേണ്ടി നിലപാടെടുക്കുകയും നിലകൊള്ളുകയും ചെയ്ത ഏക മുഖ്യധാരാ രാഷ്ട്രീയ നേതാവായിരുന്നു പി.ടി. തോമസ്. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നു. പരിസ്ഥിതി വിനാശത്തിന്റെ പേരില്‍ ഗദ്ഗദചിത്തരാകുന്ന പല നേതാക്കളും ഇടതു വലതു വ്യത്യാസമില്ലാതെ വോട്ട് ചോര്‍ച്ച പേടിച്ച് നിശബ്ദരായി മഹാവിപ്ലവകാരികള്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ വരെയുണ്ടായിരുന്ന അന്നു ചൂടുള്ള ചേമ്പ് വായിലിട്ടപോലെ മിണ്ടാന്‍ കഴിയാതെയായവരില്‍. കേരളത്തിന്റെ പാരിസ്ഥിതിക നിലനില്‍പ്പിനേക്കാള്‍ അവര്‍ക്ക് പ്രധാനം അടുത്ത തെരഞ്ഞെടുപ്പില്‍ കുറച്ചു വോട്ടായിരുന്നു. സഹ്യപര്‍വ്വതനിരകളും അറബിക്കടലും തമ്മിലുള്ള ഒരു രഹസ്യധാരണയാണ് കേരളമെന്നും ആ ധാരണ തെറ്റിയാല്‍ കടല്‍ പര്‍വ്വതത്തെ ആലിംഗനം ചെയ്യുമെന്നും പര്‍വ്വതം കടലിനെ തേടി വരുമെന്നുമുള്ള യാഥാര്‍ത്ഥ്യം അവര്‍ക്ക് ഇപ്പോഴും, തുടര്‍ച്ചയായ പ്രളയത്തിനും മലയിടിച്ചിലിനും നദികളുടെ വഴിമാറിയൊഴുകലിനു ശേഷവും മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ മനസ്സിലായിട്ടും അവര്‍ അതു തുറന്നു പറയുന്നില്ല. താല്പര്യങ്ങള്‍ അവരെ വിലക്കുന്നു. 

സാധാരണ രാഷ്ട്രീയ നേതാക്കളെ അവസരവാദികളും തന്ത്രപരമായി നിശബ്ദരും അസത്യപ്രചാരകരുമാക്കുന്ന സമകാലിക രാഷ്ട്രീയ  സാമൂഹ്യ സാഹചര്യങ്ങള്‍ക്കപ്പുറം വളരാന്‍ കഴിഞ്ഞു എന്നതാണ് പി.ടിയുടെ ധീരതയുടേയും നിര്‍ഭയത്വത്തിന്റേയും അടിസ്ഥാനം. നഷ്ടപ്പെടാനും ഒറ്റപ്പെടാനും ധൈര്യമുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ. ആ കഴിവ് പി.ടി. തോമസിനുണ്ടായിരുന്നു. 

രാഷ്ട്രീയത്തിനു പുറമെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ പി.ടിയുടെ അറിവും താല്പര്യവും എനിക്കു മനസ്സിലായത് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അദ്ദേഹം ചെയര്‍മാനായുള്ള സാംസ്‌കാരിക നയരൂപീകരണസമിതിയില്‍ അംഗമായിരിക്കുകയും അദ്ദേഹവുമായി കൂടുതല്‍ അടുത്ത് സംവദിക്കാന്‍ അവസരം കിട്ടുകയും ചെയ്തപ്പോഴാണ്. 

സംസ്‌കാരം, ഭാഷ, സാഹിത്യം, നാടന്‍ കലകള്‍, സിനിമ, വിദ്യാഭ്യാസം, വികസനം മുതലായവയെല്ലാം ബന്ധപ്പെടുത്തിയുള്ള ഒരു സമഗ്ര സാംസ്‌കാരിക നയമായിരുന്നു പി.ടി. തോമസിന്റെ മനസ്സില്‍. അവയെല്ലാം ഉള്‍ക്കൊള്ളിച്ച് നയരേഖ സമഗ്രമാകുന്നതുവരെ അദ്ദേഹം തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. സര്‍ക്കാര്‍ നടപ്പിലാക്കിയില്ലെങ്കിലും, സെക്രട്ടറിയേറ്റില്‍ പൊടിപിടിച്ചു കിടക്കുകയാണെങ്കിലും ആ രേഖ നടപ്പിലാക്കപ്പെടാത്ത ആ നയം, പി.ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ സാംസ്‌കാരിക നിലപാടുകളുടെ രേഖ കൂടിയാണ്. അദ്ദേഹം ആഗ്രഹിക്കാത്ത 'വിശുദ്ധ പട്ടം' അദ്ദേഹത്തിനു നിഷേധിക്കുന്നവര്‍ അതൊന്നു വായിച്ചാല്‍ നല്ലത്.