ശാരദാ മേനോന്‍; മാനസികാരോഗ്യ ചികിത്സാരംഗത്തെ ആദ്യപഥിക

അടുത്തിടെ വിടപറഞ്ഞ ഇന്ത്യയിലെ ആദ്യ വനിതാ സൈക്ക്യാട്രിസ്റ്റും മാനസികാരോഗ്യ മേഖലയിലെ പ്രഗല്ഭയുമായിരുന്ന ഡോ. ശാരദാ മേനോനെക്കുറിച്ച്
ശാരദാ മേനോന്‍; മാനസികാരോഗ്യ ചികിത്സാരംഗത്തെ ആദ്യപഥിക

ക്കഴിഞ്ഞ ദിവസം (ഡിസംബര്‍-5) തൊണ്ണൂറ്റി എട്ടാംവയസ്സില്‍, മദ്രാസിലെ വസതിയില്‍ വച്ചു നിര്യാതയായ ഡോ. ശാരദാ മേനോന്‍, ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈക്ക്യാട്രിസ്റ്റും മാനസികരോഗ ആശുപത്രിയുടെ ഭരണച്ചുമതല ഏറ്റെടുത്ത ആദ്യത്തെ വനിതയും ആയിരുന്നു. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും (Physicist), കേന്ദ്രമന്ത്രിയുമായിരുന്ന പ്രൊഫ. എം.ജി.കെ. മേനോന്റെ സഹോദരി ആയിരുന്ന അവര്‍ സൈക്ക്യാട്രിയിലെ ഉപരിപഠനത്തിനുശേഷം മദ്രാസ് സംസ്ഥാനത്തെ ആരോഗ്യവകുപ്പില്‍ ചേര്‍ന്നു. ശാസ്ത്രീയമായ അടിത്തറയോടും മാനുഷികമായ പരിഗണനയോടും മാനസികരോഗികളെ ചികിത്സിക്കാനും രോഗത്തിന്റെ ഭാരവും കളങ്കവും പേറി തളര്‍ന്നുവീഴുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ശ്രമിച്ച അവര്‍ വളരെ വേഗം ജനസമ്മതിയും പ്രശസ്തിയും നേടി. മാനസികരോഗ ആശുപത്രികള്‍ എന്നു വിളിക്കപ്പെട്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരുളടഞ്ഞ ഭ്രാന്താലയങ്ങള്‍ ആയിരുന്നു മാനസികരോഗമുള്ളവര്‍ക്കു ചികിത്സ നല്‍കുന്ന അന്നത്തെ സ്ഥാപനങ്ങള്‍. അവഗണനയും അനാസ്ഥയും അഴിമതിയും കൊടികുത്തി വാഴുന്ന ഈ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നത് നിഷ്ഠുരരും അത്യാഗ്രഹികളുമായ ജീവനക്കാരും അവരെ നിലനിര്‍ത്തുന്ന അഴിമതിക്കാരായ ഭരണകര്‍ത്താക്കളുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മാനസികരോഗ ആശുപത്രികളില്‍ ഒന്നായ മദ്രാസിലെ കില്‍പാക് ആശുപത്രിയുടെ സൂപ്രണ്ട് ആയി നിയമിക്കപ്പെട്ട ഡോ. ശാരദാ മേനോന് അത്യന്തം ദുഷ്‌കരവും അപകടകരവുമായ നിയോഗമാണ് ഏറ്റെടുക്കേണ്ടിവന്നത്. അസാമാന്യ ധീരതയോടും അതിലേറെ അന്തസ്സോടും ഭരണനടപടികള്‍ സ്വീകരിച്ചുകൊണ്ട് അവര്‍ ആ ആശുപത്രിയെ സജീവവും ശാസ്ത്രീയവുമായ ചികിത്സാകേന്ദ്രമായി മാറ്റിയെടുത്തത് മാനവികതയുടെ പ്രകാശധാരകള്‍ കടത്തിവിട്ട് ചികിത്സയെ സചേതനമാക്കി. അവരുടെ സൗമ്യതയും അന്തസ്സും പ്രതിബദ്ധതയും സൃഷ്ടിച്ച ജനസ്സമ്മതിയില്‍, പ്രതിലോമാസക്തികളൊക്കെ ദുര്‍ബ്ബലമായി. ഉത്തരേന്ത്യയില്‍ അമൃത്സര്‍ മാനസികരോഗ ആശുപത്രിയിലെ ഡോ. വിദ്യാസാഗറും മദ്രാസിലെ കില്‍പാക് മാനസികരോഗ ആശുപത്രിയില്‍ കാരുണ്യദേവതയായ ഡോ. ശാരദാ മേനോനും തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും നടത്തിയ ഭരണപരമായ പരിഷ്‌കാരങ്ങളും കൈവരുത്തിയ മാറ്റങ്ങളും ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയിലെ തിളക്കവും പ്രസക്തിയും ഏറെയുള്ള അദ്ധ്യായമാണ്. മാനസികരോഗ ചികിത്സയിലെ ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനും പരിശീലനം സജീവമാക്കാനും ഡോ. ശാരദാ മേനോന്‍ ശ്രദ്ധിച്ചു. അസംഖ്യം സൈക്ക്യാട്രിസ്റ്റുകള്‍ക്കു പരിശീലനം നല്‍കി തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ അയച്ചു മാനസികരോഗ ചികിത്സാ സംവിധാനം വ്യാപകമാക്കി. ഔഷധ ചികിത്സയോടൊപ്പം സാമൂഹിക ചികിത്സയും രോഗികളുടെ പുനരധിവാസവും വികസിപ്പിക്കാന്‍ അവര്‍ നടപടികള്‍ എടുത്തു. മാനസികരോഗികളുടെ പുനരധിവാസത്തിന്റെ മേഖലയില്‍ അവര്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. സര്‍വ്വീസില്‍നിന്നു വിരമിച്ച ശേഷം പുനരധിവാസ പ്രവര്‍ത്തനത്തില്‍, ഏഷ്യയില്‍ തന്നെ പ്രമുഖ സ്ഥാനത്തുള്ള സ്‌കാര്‍ഫ് (SCARF) എന്ന വിശിഷ്ട സ്ഥാപനത്തിനു നേതൃത്വം നല്‍കി. അതിന്റെ മാതൃകയില്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനവും മര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി.
 
ചെന്നൈയിലെ ഓംസ് റോഡിലുള്ള (Orme's Road) അവരുടെ വസതി അസംഖ്യം രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും എന്നും സാന്ത്വന കേന്ദ്രമായിരുന്നു. അസാമാന്യമായ പ്രതിബദ്ധതയോടും അതുല്യമായ കര്‍മ്മവൈഭവത്തോടും ചികിത്സ, പുനരധിവാസം, പരിശീലനം, സംഘാടനം, സാമൂഹ്യവല്‍ക്കരണം തുടങ്ങി മാനസികാരോഗ്യത്തിന്റെ സര്‍വ്വ മേഖലകളിലും മഹത്തായ മാറ്റങ്ങള്‍ വരുത്തുകയും നേട്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ സ്ഥാനമാനങ്ങള്‍ ഒഴിവാക്കാന്‍ എന്നും ശ്രദ്ധിച്ചു. തന്റെ കേന്ദ്രീകൃതമായ (focused) പ്രവര്‍ത്തനങ്ങള്‍ക്ക് അവ തടസ്സമാകും എന്നായിരുന്നു അവരുടെ ഉത്തമ വിശ്വാസം. എന്നാല്‍, തന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ കൂടി ജനഹൃദയങ്ങളില്‍ അവര്‍ നേടിയ സ്ഥാനം, രാഷ്ട്രം നല്‍കിയ പദ്മഭൂഷന്‍ അടക്കമുള്ള എല്ലാ ഔദ്യോഗിക  ബഹുമതികളെക്കാളും അവര്‍ക്ക് വിലപ്പെട്ടതായിരുന്നു. തന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ആയിരുന്നവരോട് മാത്രസവിശേഷമായ സ്‌നേഹവാത്സല്യങ്ങള്‍ എക്കാലവും ഡോ. ശാരദാ മേനോന്‍ നല്‍കിയിരുന്നു.

രണ്ടും അല്ലാതിരുന്ന എനിക്കും അതേ പരിഗണന അവര്‍ നല്‍കി. ഇന്ത്യന്‍ സൈക്ക്യാട്രിക് സൊസൈറ്റിയിലെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ, രാജ്യത്തെ മാനസികാരോഗ്യമേഖലയെ നവീകരിക്കാനും വികസ്വരമാക്കാനുമുള്ള എന്റെ പരിശ്രമങ്ങള്‍ക്ക് അവര്‍ പ്രോത്സാഹനം നല്‍കി. സംഘടനയുടെ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ 2001-ല്‍ മാനസികരോഗികളുടെ വൈകല്യം നിര്‍ണ്ണയിക്കാനുള്ള IDEAS എന്ന മാനദണ്ഡം വികസിപ്പിക്കാനും അതിനു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം സമ്പാദിക്കാനുള്ള എന്റെ തീവ്ര ശ്രമങ്ങള്‍ക്കു അവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും പിന്തുണയും നല്‍കി.

പതിനായിരക്കണക്കിനു രോഗികള്‍ക്ക്, കാരുണ്യത്തോടെ ചികിത്സയും ആശ്വാസവും നല്‍കിയ സാന്ത്വന മാതാവായിരുന്നു ഡോ. ശാരദാ മേനോന്‍. അമ്മയെപ്പോലെ അടുത്തു ചേര്‍ത്തുനിര്‍ത്തി വാത്സല്യവും പാഠങ്ങളും പകര്‍ന്നുതന്ന അമ്മയായിരുന്നു മാനസികാരോഗ്യ പ്രവര്‍ത്തകരായ ഞങ്ങള്‍ക്കെല്ലാം ആ മഹതി.

നിസ്സംശയം പറയാം-എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയിലെ മാനസികാരോഗ്യമേഖലയുടെ മാതാവായിരുന്നു ഡോ. ശാരദാ മേനോന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com