ഒരേ സമയം ഇടതും വലതും!
By ജോണ്‍പോള്‍ | Published: 06th January 2022 04:56 PM |
Last Updated: 06th January 2022 04:56 PM | A+A A- |

മത്തായി മാഞ്ഞൂരാന് ജനിച്ചത് ചെറായിയിലാണ്. ഞാന്‍ ജനിച്ചത് എറണാകുളത്താണെങ്കിലും എന്റെ മാതാപിതാക്കള്‍ ജനിച്ചത് ചെറായിയിലാണ്. ഞാന്‍ പ്രൈമറി സ്‌കൂളില്‍ പഠിച്ചത് എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്സ് സ്‌കൂളിലാണ്. ആ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ മത്തായി മാഞ്ഞൂരാന്റെ ജ്യേഷ്ഠന്‍ ജോസഫ് മാസ്റ്ററായിരുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ എന്റെ അപ്പനേക്കാള്‍ ഒരു വയസ്സിനോ മറ്റോ ഇളയതായിരുന്നു മത്തായി മാഞ്ഞൂരാന്‍, ജോസഫ് മാഞ്ഞൂരാനുമായിട്ടായിരുന്നു അപ്പന് കൂടുതല്‍ അടുപ്പവും വേഴ്ചയും.
മത്തായി മാഞ്ഞൂരാനും അപ്പനും ചെറായി രാമവര്‍മ്മ യൂണിയന്‍ സ്‌കൂളില്‍ കെ.സി. എബ്രഹാമിന്റെ വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥിനാളുകളില്‍ കായിക കലാമേഖലകളിലും സ്‌കൗട്ട് പ്രസ്ഥാനത്തിലുമായിരുന്നു അപ്പന് ആഭിമുഖ്യം. കെ.സി. എബ്രാഹം അപ്പന് ഹെഡ്മാസ്റ്ററും സ്‌കൗട്ട് മാസ്റ്ററുമായിരുന്നു. മത്തായി മാഞ്ഞൂരാനാകട്ടെ, വിദ്യാര്‍ത്ഥി നാളുകളില്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങി, കര്‍ക്കശക്കാരനായ ഹെഡ്മാസ്റ്ററായിരുന്ന കെ.സി. എബ്രഹാമുമായി പലതവണ മുഷിയേണ്ടിവന്നു. അദ്ധ്യാപക പദവിയുടെ തുടര്‍ച്ചയിലാണ് കെ.സി. എബ്രഹാം രാഷ്ട്രീയത്തിലിറങ്ങിയത്. തിരഞ്ഞെടുപ്പ് ഗോദായിലിറങ്ങുമ്പോള്‍ അദ്ദേഹത്തിന് എതിരിടേണ്ടി വന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മത്തായി മാഞ്ഞൂരാനെയാണ്. കടുത്ത മത്സരമായിരുന്നു അത്. ജവഹര്‍ലാല്‍ നെഹ്‌റു ഒരു തവണമാത്രമേ വൈപ്പിന്‍ ദ്വീപില്‍ വന്നിട്ടുള്ളൂ. അത് ഈ പ്രസ്റ്റീജ് മത്സരത്തിന്റെ പ്രചരണത്തില്‍ കെ.സി. എബ്രഹാമിന് പിന്‍ബലം പകരുവാന്‍ വേണ്ടിയായിരുന്നു. എറണാകുളത്തെ ടാറ്റാ ഓയില്‍ മില്‍സ് കമ്പനിയില്‍ തൊഴിലാളി യൂണിയന്‍ സംഘാതതലത്തില്‍ ഉണര്‍ത്തിയെടുത്ത മത്തായി മാഞ്ഞൂരാന്‍ ദീര്‍ഘകാലം അതിന് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു; അപ്പനാവട്ടെ, അദ്ധ്യാപനത്തിന് മുന്‍പുള്ള പൂര്‍വ്വാശ്രമ നാളുകളില്‍ കുറച്ചുകാലം ടാറ്റാ ഓയില്‍ മില്‍സ് കമ്പനിയില്‍ ജോലി നോക്കിയിരുന്നു. തൊഴിലാളി നേതാവും തൊഴിലാളിയും എന്ന നിലയില്‍ അവര്‍ മുഖാമൂലം വര്‍ത്തിച്ചിരുന്നോ എന്നറിയില്ല. കെ.സി. എബ്രഹാമിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അപ്പന് വലിയ മതിപ്പില്ലായിരുന്നു. കെ.സി. എബ്രഹാമിന്റെ സഹോദരി പുത്രിയായിരുന്നു അമ്മ. അവര്‍ തമ്മില്‍ സംസാരിക്കുമ്പോഴൊക്കെ കൊച്ചച്ചന് (അങ്ങനെയാണ് അദ്ദേഹത്തെ അമ്മയും അപ്പനും സംബോധന ചെയ്തിരുന്നത്) ഇണങ്ങാത്ത കുപ്പായമാണിത്; അതില്‍ ചെന്നു കുടുങ്ങേണ്ട വല്ല കാര്യവുമുണ്ടോ? എന്നാവര്‍ത്തിച്ചു പറയുമായിരുന്നു അപ്പന്‍. കെ.സി. എബ്രഹാം പിന്നീട് കെ.പി.സി.സി. പ്രസിഡന്റായി, എ.ഐ.സി.സിയുടെ വര്‍ക്കിംഗ് കമ്മറ്റിയംഗമായി, കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിന്റെ സന്ധിയില്‍ തന്റെ പിന്‍ബലത്തിന് വിലയായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഉപപ്രധാനമന്ത്രി സ്ഥാനമടക്കം ഓഫര്‍ ചെയ്യപ്പെടുന്ന അവസ്ഥയില്‍ എത്തി... അപ്പോഴൊന്നും അപ്പന്റെ ഈ അപ്രീതി കുറഞ്ഞു കണ്ടില്ല. ഒടുവില്‍ അദ്ദേഹം ആന്ധ്രഗവര്‍ണറായി; അപ്പോഴും അപ്പന് അതിലിങ്ങനെ മതിപ്പു തോന്നി കണ്ടിട്ടുമില്ല.
എന്നാലോ മത്തായി മാഞ്ഞൂരാന്റെ വഴി രാഷ്ട്രീയത്തിലൂടെയാണെന്ന് അപ്പന്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. പൂര്‍വ്വാശ്രമ നാളുകളില്‍ ഗണ്യമായ ഒരു കാലം മത്തായി മാഞ്ഞൂരാന്‍ മാധ്യമ തേരാളിയായി നിറഞ്ഞാടുമ്പോഴും മത്തായി അവിടെ തുടരില്ല; രാഷ്ട്രീയത്തിലെ അതിസാഹസികതവിട്ട് ഏറെക്കാലം നില്‍ക്കാന്‍ അയാള്‍ക്കാവില്ല എന്നു പറയുമായിരുന്നു അപ്പന്‍. രാഷ്ട്രീയത്തില്‍ കയറ്റം മാത്രമല്ലല്ലോ ഇറക്കവും ഉണ്ട്. രാജ്യസഭാംഗവും എം.എല്‍.എയും മന്ത്രിയുമൊക്കെയായി വളര്‍ന്ന മത്തായി പിന്നീട് അതൊന്നുമല്ലാതെയായി. പകരം അധികാര കസേരയുടെ പുറകിലെ ചരടുവലികളിയിലെ മൂപ്പനായി. അപ്പോഴുള്ള അപ്പന്റെ കമന്റ് ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍: മത്തായിയുടെ അടുത്ത നീക്കം എന്താകുമെന്നു ആര്‍ക്കും പ്രവചിക്കുവാനാകില്ല; മത്തായിക്കുപോലും!
രാഷ്ട്രീയത്തിലെ തന്ത്രശാലി
രാഷ്ട്രീയ വിചാരകന്മാര്‍ക്കാര്‍ക്കും... അതിന് കഴിഞ്ഞില്ലെന്നതിന് കാലം സാക്ഷ്യം! കാഷ്വല്‍ (Casual) എന്ന വിശേഷണത്തിനപ്പുറം രാഷ്ട്രീയത്തില്‍ ശ്രദ്ധാലുവല്ലാത്ത എന്നെപ്പോലൊരാളെ സംബന്ധിച്ചിടത്തോളം 1967-'69 കാലത്തെ തൊഴില്‍മന്ത്രിയായുള്ള മത്തായി മാഞ്ഞൂരാന്റെ കാലഘട്ടവും അക്കാലത്തെ നിലപാടുകളും ഒരു പുകമറപോലെയേ തോന്നിച്ചിരുന്നുള്ളൂ. അന്നെനിക്ക് 17-19 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു എന്നതും ആ തോന്നലിനൊരു കാരണമാകാം. പിടിതരാതെ വഴുതുന്ന ഒരു തന്ത്രശാലി എന്നേ രാഷ്ട്രീയ പരിവൃത്തത്തില്‍ മത്തായി മാഞ്ഞൂരാനെ കണ്ടു കരുതിപ്പോന്നിട്ടുള്ളൂ. വഴുതി എന്ന വാക്ക് നയ കൗശല തന്ത്രത്തിന്റെ ഭാഗമായാണ് ഇവിടെ പ്രയോഗിക്കുന്നത്; ഒഴിഞ്ഞുമാറലിന്റെ ദുസ്സൂചനയോടെയല്ല.
അതിന് മുന്‍പും സമാന്തരവുമായുള്ള അദ്ദേഹത്തിന്റെ മാധ്യമ പരിവൃത്തമാണ് എന്നില്‍ കൂടുതല്‍ താല്പര്യം ഉണര്‍ത്തിയിട്ടുള്ളത്.
അദ്ദേഹം നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്ന ലൈറ്റ് ഓഫ് കേരള, കേരള പ്രകാശം, പാര്‍ട്ടി മുഖപത്രമായ സോഷ്യലിസ്റ്റ് എന്നിവയൊന്നും അവയുടെ പുഷ്‌കല സ്വാധീനത്തിന്റെ നാളുകളില്‍ കാണുവാനും തുടര്‍ച്ചയായി വായിക്കുവാനും കഴിഞ്ഞിട്ടില്ല. പക്ഷേ, ആ നാളുകളില്‍ അവഗണിക്കാനാവാത്ത ശബ്ദമായിരുന്നു അവ എന്നത് മാധ്യമ വിശാരദരായിരുന്ന നൈനാനും കെ.എം. റോയിയും പറഞ്ഞുള്ള അറിവ്. ഒരേ സമയം ഇംഗ്ലീഷിലും (Light of Kerala) മലയാളത്തിലും (കേരള പ്രകാശം) താന്‍ പത്രാധിപരായി മുന്‍നിന്ന് കേരളത്തില്‍ മത്തായി മാഞ്ഞൂരാനെപ്പോലെ എത്രപേര്‍ മാധ്യമരംഗത്ത് നിറഞ്ഞാടിയിട്ടുണ്ടെന്നറിയില്ല. പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്ന അവയിലെ എഡിറ്റോറിയലുകള്‍ക്ക് ദൈര്‍ഘ്യമേറിയിരുന്നുവെങ്കിലും നിശിതമായ നിലപാടുകളേയും പരുഷമായ വിമര്‍ശനങ്ങളേയും അവ ഉള്‍പ്പേറിയിരുന്നതായി എം.പി. കൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.
താന്‍ എന്താണെന്നതിനെക്കുറിച്ച് മത്തായി മാഞ്ഞൂരാന് സ്വന്തമായ ചില കണക്കുകളുണ്ടായിരുന്നുവെന്നും അത് ആവിധം ഞെളിഞ്ഞുനിന്ന് മറ്റുള്ളവരുടെ മുന്‍പില്‍ അവകാശബോധത്തോടെ പറയുവാന്‍ ഒരിക്കലും വൈമുഖ്യം കാണിച്ചിട്ടില്ലെന്നും സീനിയര്‍ മാധ്യമ പ്രവര്‍ത്തകനായ പി. രാജന്‍ പറയുമായിരുന്നു.
ഇ.എം.എസ് അറിയപ്പെടുന്നത് ബുദ്ധിരാക്ഷസനായിട്ടാണല്ലോ. അദ്ദേഹം മത്തായി മാഞ്ഞൂരാനെ തികഞ്ഞ കൂറോടെ ചേര്‍ത്തുനിറുത്തുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വില കൊടുക്കുകയും ചെയ്തിരുന്നത്, 1957 മുതലുള്ള പരീക്ഷണസന്ധികളിലെല്ലാം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്നുണ്ടായ സത്വര ഘട്ടത്തിലടക്കം, മത്തായി മാഞ്ഞൂരാനും ബി. വെല്ലിങ്ടണും തനിക്കും തന്റെ നില ചുവടുകള്‍ക്കും നല്‍കിയ അചഞ്ചലമായ പിന്തുണയെക്കുറിച്ചുള്ള ഓര്‍മ്മയുടെ കൂടി പേരിലാണെന്ന് പി. രാജന്‍ കരുതുന്നു. പരിപൂര്‍ണ്ണ കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തില്‍ നിന്നുമായിരുന്നു ഈ സാവകാശ നിലപാടാനന്തരമെന്നത് കാലത്തിന്റെ അനിവാര്യവും അപ്രതിരോധ്യവുമായ പ്രവാഹച്ചിട്ട!
തന്റെ 35-ാം വയസ്സിലാണ് മത്തായി മാഞ്ഞൂരാന്‍ കെ.എസ്.പി. (കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി)യ്ക്ക് രൂപം നല്‍കുന്നത്. അതിന് മുന്‍പേ സൈമണ്‍ കമ്മിഷന്റെ ബഹിഷ്‌കരണത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും അദ്ദേഹം സജീവമായി മുന്നിട്ടിറങ്ങിയിരുന്നു. 13 തവണ ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനെല്ലാം അപ്പുറത്ത് ഞങ്ങളെപ്പോലുള്ളവരുടെ ദൃഷ്ടിയില്‍ വിസ്മയമുണര്‍ത്തിയത് കാര്‍ഷിക പരിഷ്‌കരണത്തിനായി കൊച്ചി രാജാവിനു നല്‍കിയ രക്തലേഖനത്തില്‍ സ്വന്തം ചോരയില്‍ തൂലിക മുക്കിയാണ് അദ്ദേഹം ഒപ്പുചാര്‍ത്തിയതെന്ന വിവരമാണ്. 1952-'54 കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ഒളിവിലും ശത്രുവിന്റെ നിഴല്‍വൃത്തത്തിലും ഒരുപോലെ ചേര്‍ന്നുനിന്നുകൊണ്ട് സ്വയരക്ഷയുടെ കവചം തേടിയെടുക്കാന്‍ വല്ലാത്ത മിടുക്കുണ്ടായിരുന്നു കഥാപുരുഷന്. ബറോഡയില്‍ ഒളിവില്‍ താമസിക്കുന്ന നാളുകളില്‍ രാജാവിന്റെ പേഴ്സ്ണല്‍ സ്റ്റാഫില്‍ കയറിപ്പറ്റി അദ്ദേഹം എന്നതില്‍ തന്നെ അത് വ്യക്തമാണ്.
സോഷ്യലിസം വരുവാന്‍ കൊക്കില്‍ ശ്വാസമുള്ളിടത്തോളം താനനുവദിക്കില്ലെന്ന് ഉദ്‌ഘോഷിച്ച വ്യക്തി പിന്നീട് സോഷ്യലിസ്റ്റ് എന്ന വിശേഷണത്തോട് കൂടിയ പാര്‍ട്ടിയുടെ നേതാവായി മുന്നണി മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്നതും അതില്‍നിന്നും അടുത്തൂണ്‍ പറ്റി ഗവര്‍ണര്‍ പദവി മരുവുന്നതും ചരിത്രവീഥിയില്‍ കണ്ടവരാണ് നമ്മള്‍. അതിനിടയാക്കിയ രാഷ്ട്രീയ രസതന്ത്രം ഒരു സുപ്രഭാതത്തില്‍ ഇവിടെ ഒലിച്ചുണര്‍ന്നതല്ല. ബുദ്ധിയും കൗശലവും കണക്കുകൂട്ടലുകളും കൊണ്ടു തെളിച്ച തന്ത്രങ്ങളുടെ ഒരു രാസപ്രക്രിയ തന്നെ അതിനു പുറകില്‍ ഉണര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്ക് മത്തായി മാഞ്ഞൂരാന്‍ വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്കും മാധ്യമപ്രവര്‍ത്തനത്തിലേക്കും നിരവധി ചെറുപ്പക്കാരെ കൈപിടിച്ചുയര്‍ത്തി വളര്‍ത്തിയ പാരമ്പര്യവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കേരള പ്രകാശത്തിലും ശിക്ഷണം നേടിയവരാണ് പിന്നീട് മലയാള മാധ്യമരംഗത്ത് അദ്വിതീയരായി മാറിയ കെ.ആര്‍. ചുമ്മാറും ആര്‍.എം. മനയ്ക്കലാത്തും കെ. വിജയരാഘവനുമെന്നും തോമസ് ജേക്കബ്ബ് എഴുതിക്കണ്ടിട്ടുണ്ട്.
മത്തായി മാഞ്ഞൂരാന്‍ വര്‍ഷിച്ച ആയുസ്സിന്റെ 58 വര്‍ഷങ്ങളില്‍ ഏറ്റവും കുറഞ്ഞത് നാലു പതിറ്റാണ്ടിനുമേല്‍ കാലമെങ്കിലും പ്രക്ഷുബ്ധമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചിരുന്നത് അക്ഷോഭ്യനായാണ്. മനുഷ്യശരീരംകൊണ്ട് ഒളിപ്പിച്ചുവച്ച ഒരു ബോംബാണ് മത്തായി മാഞ്ഞൂരാന്‍ എന്നൊരിക്കല്‍ പറഞ്ഞത് ചെറായിക്കാരന്‍ തന്നെയായ ശങ്കരാടിയാണ്. അപ്പന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ജ്യേഷ്ഠസ്ഥാനീയനായ ഈ വലിയ കലാകാരന്‍.
ബോംബ് എപ്പോള്‍ വേണമെങ്കിലും പൊട്ടാം; എവിടെ വച്ചും പൊട്ടാം. ചിലപ്പോള്‍ പൊട്ടാതെയുമിരിക്കാം.
കെ.എം. റോയ് പറയുമായിരുന്നു, മനുഷ്യ മസ്തിഷ്‌കത്തിന് ഇടതെന്നും വലതെന്നും രണ്ടു ഭാഗങ്ങളുണ്ട്. കണക്കും അക്കാദമിക സിദ്ധാന്തങ്ങളും ശേഖരിച്ചു വച്ചിരിക്കുന്നതും അതിന്‍പടി നിയന്ത്രണങ്ങള്‍ കയ്യാളുന്നതും ഇടതു ഭാഗത്താണ്. ഭാവന, കല തുടങ്ങിയുള്ള ഘടകങ്ങള്‍. വലതു ഭാഗത്ത് ഉള്ളതെല്ലാം ലിഖിതപ്പെടുത്താം; ചിട്ടപ്പടി നിരത്താം; പരിശീലിപ്പിക്കാം. വലത് ഭാഗത്തുള്ളതൊന്നും ആവിധം സാധ്യമല്ല; എഴുതി ചിട്ടപ്പെടുത്തുവാനോ പരീശീലിപ്പിച്ചു വൈദ്യം നല്‍കുവാനോ കഴിയില്ല. ആറാമത് ഇന്ദ്രിയവുമായി Intution ബന്ധപ്പെട്ടാണ് അതിന്റെ മൂലകം.
മത്തായി മാഞ്ഞൂരാനില്‍ ഈ ഇടതും വലതും മാറിമാറി മേധാവിത്വം പുലര്‍ത്തിയിരുന്നു!
ഏതേതെപ്പോള്‍ എന്നത് പക്ഷേ, അദ്ദേഹത്തിന്റെ കണക്കിന്‍പടിയായിരുന്നില്ല, വിധിയുടെ സ്വച്ഛേഷ്ടപ്പടിയായിരുന്നു!
വാല്‍ക്കഷണം:
ശിവസേനാ മേധാവിയായിരുന്ന ബല്‍റാം താക്കറേ ടി.ജെ.എസ്. ജോര്‍ജിനോടൊപ്പം ഒരേ പത്രമോഫീസില്‍, ഒരേ ഡെസ്‌കിലിരുന്നു കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് താക്കറേ കാര്‍ട്ടൂണ്‍ ലോകം വിട്ട് ശിവസേന രാഷ്ട്രീയത്തിന്റെ ആസ്ഥാനാചാര്യനായി. മറാത്തികള്‍ക്ക് അവകാശപ്പെട്ടതാണ് ബോംബെയെന്ന വാദത്തില്‍ ബോംബെയില്‍ ജീവിതം തേടുന്ന ലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് ശിവസേന പിടിമുറുക്കിയപ്പോള്‍ ടി.ജെ.എസ്. ജോര്‍ജ് അതെത്ര ദയാരഹിതമാണെന്നു ചൂണ്ടിക്കാട്ടി. അതിന് താക്കറേ പറഞ്ഞ മറുപടി ഇങ്ങനെയൊരു തന്‍നാട്ടവകാശത്തിന്റെ സ്വരം, ശക്തമായി മുഴുക്കി തങ്ങള്‍ക്ക് മാതൃകയായത് മലയാളിയായ ഒരു രാഷ്ട്രീയ നേതാവാണെന്നു പേരെടുത്തു ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. കൊച്ചിയിലെ ദിവസവും ശതകോടികളുടെ വ്യാപാരം നടന്നുവന്ന സുഗന്ധവ്യഞ്ജന വിപണിയുടെ നിയന്ത്രണം കയ്യാളിപ്പോന്നത് ആ വിപണിയുടെ എണ്‍പത് ശതമാനവും കൈകാര്യം ചെയ്തുപോന്ന ഉത്തരേന്ത്യന്‍ വ്യാപാരികളാണ്. അത് അനുവദനീയമല്ലെന്നും വിപണിയുടെ നിയന്ത്രണം ഇന്നാട്ടുകാരില്‍ത്തന്നെ നിക്ഷിപ്തമാവണം എന്നുമായിരുന്നു ആ രാഷ്ട്രീയ നേതാവിന്റെ സമരാഹ്വാനം. ആ ചുവടുപിടിച്ചാണ് ബോംബെയില്‍ ശിവസേന മറാത്തിവാദാവകാശ ശാഠ്യവുമായി ഇറങ്ങുന്നതെന്നായിരുന്നു താക്കറേയുടെ വാദം!
ആ രാഷ്ട്രീയ നേതാവിന്റെ പേര് പറഞ്ഞില്ല.
മത്തായി മാഞ്ഞൂരാന്‍!