കലിപിടിച്ച പന്ത്രണ്ടു മനുഷ്യര്‍

By ജയശ്രീ തോട്ടയ്ക്കാട്ട്  |   Published: 06th January 2022 03:39 PM  |  

Last Updated: 06th January 2022 03:39 PM  |   A+A-   |  

jayasree

 

1954-ല്‍ ഇറങ്ങിയ 12 Angry Men എന്ന അമേരിക്കന്‍ ടെലിവിഷന്‍ ചിത്രത്തിന്റെ പ്രധാന പ്രമേയം ഒരു കോടതിഡ്രാമയായിരുന്നു. അതിനെ ആസ്പദമാക്കി 1957-ല്‍ Sidney Lumet സംവിധാനം ചെയ്ത് അതേ പേരില്‍ ഇറക്കിയ സിനിമ ഇന്ന് ഒരു ലോക ക്ലാസ്സിക്കായാണ് കണക്കാക്കിപ്പോരുന്നത്. 64 കൊല്ലങ്ങള്‍ക്കുമുന്‍പ് ഇറങ്ങിയ ഒരു സിനിമ ഇന്നും ലോകത്തിലെ ഏറ്റവും നല്ല 100 സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നത് സര്‍വ്വകാലത്തും പ്രസക്തമായ ഒരു വിഷയമായിരുന്നു അത് കൈകാര്യം ചെയ്തത് എന്നതുകൊണ്ടായിരിക്കണം.
Reginald Rose ആയിരുന്നു രചയിതാവ്. പ്രധാന നടന്‍ Henry Fonda. ആദ്യഭാഗത്തേയും അവസാന ഭാഗത്തേയും ഏതാനും നിമിഷങ്ങളൊഴിച്ചാല്‍ ഒരു മുറിക്കുള്ളിലാണ് സിനിമ മുഴുവനും സംഭവിക്കുന്നത്. 1957-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ Golden Berlin Bear അവാര്‍ഡും ബ്രിട്ടീഷ് അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഈ സിനിമ US Library of Congress-ന്റെ നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ ''സാംസ്‌കാരികമായി, ചരിത്രപരമായി അല്ലെങ്കില്‍ സൗന്ദര്യാത്മകമായി പ്രാധാന്യമുള്ള'' ചിത്രമെന്ന നിലയില്‍ പട്ടിക ചേര്‍ത്തിരിക്കുന്നു.

അമേരിക്കന്‍ നിയമസംവിധാനത്തിലെ പന്ത്രണ്ടംഗ ജൂറി പഠനത്തില്‍ നിയമവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും ക്രിയാത്മക പ്രേരണയുടെ (Positive persuasion) ഉദാഹരണമായി ബിസിനസ് സ്‌കൂളുകളിലും ഈ സിനിമ പ്രദര്‍ശിപ്പിക്കാറുണ്ട്. മാത്രമല്ല, ചലച്ചിത്ര സാങ്കേതികപഠനത്തിന്റെ ഒരു ഭാഗമായിത്തന്നെ 12 Angry Men പരിഗണിച്ചുപോരുന്നു. ഇതിനു പുറമേ, ആശയവിനിമയം, പൗരബോധം, സാമൂഹിക നീതി തുടങ്ങിയവയുള്‍ക്കൊള്ളുന്ന മാനവിക വിഷയങ്ങളുടെ പാഠ്യപദ്ധതിയിലും ഈ സിനിമയുടെ പ്രസക്തി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നീതിയുടെ പക്ഷങ്ങള്‍

കഥയിലേക്കു കടക്കുന്നതിനു മുന്‍പ് ആമുഖമായി അമേരിക്കന്‍ നിയമവ്യവസ്ഥയിലെ Jury system ഒന്നു പരിചയപ്പെടേണ്ടിയിരിക്കുന്നു. 

അമേരിക്കന്‍ കോടതികളിലെ കേസുവിസ്താരവേളയില്‍, പന്ത്രണ്ടുപേരടങ്ങുന്ന ഒരു ജൂറി ബെഞ്ച്, അവര്‍ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട പൗരന്മാരായിരിക്കും, വിസ്താരം മുഴുവന്‍ കേട്ടതിനു ശേഷം, പുറത്തുനിന്നടച്ചിടുന്ന ഒരു മുറിയിലൊത്തുകൂടുന്നു. അവിടെയിരുന്ന് അവര്‍ കേസിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ചചെയ്ത് പ്രതി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ഏകകണ്ഠമായി തീരുമാനിച്ച് ജഡ്ജിയെ അറിയിക്കണം. അതിനെ അടിസ്ഥാനമാക്കിയാകും ജഡ്ജിയുടെ വിധിപ്രസ്താവന. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്ന്, പ്രതി കുറ്റം ചെയ്തു എന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ട് എന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ ജൂറിക്ക് അവരുടെ പ്രസ്താവനയില്‍ അതെഴുതി ജഡ്ജിക്ക് സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്. എന്തെങ്കിലും കാരണവശാല്‍ തെളിവുകള്‍വച്ചു നോക്കുമ്പോള്‍ മറ്റൊരു സാധ്യത കൂടി നിലനില്‍ക്കുന്നുവെങ്കില്‍ പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി നിരപരാധി എന്ന് തീരുമാനിക്കേണ്ടിവരും എന്നര്‍ത്ഥം.

കഥയ്ക്ക് ആസ്പദമായ കേസ് വളരെ ലളിതമാണ്. ചേരിയില്‍ വളര്‍ന്ന ഒരു പതിനെട്ടുകാരന്‍ പയ്യന്‍ അവന്റെ അച്ഛനെ കുത്തിക്കൊല്ലുന്നു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും എല്ലാം അവനെതിരാണ്. തൊട്ടുമുകളില്‍ താമസിക്കുന്ന വൃദ്ധന്‍ കേള്‍ക്കുന്ന സംഭാഷണവും ശബ്ദങ്ങളും... അതിനുശേഷം ഇറങ്ങിയോടുന്ന പയ്യന്റെ ദൃശ്യം... നേരേ എതിര്‍വശത്തുള്ള വീട്ടിലെ സ്ത്രീ ജനലില്‍ക്കൂടി  കണ്ട, കുത്തുന്നതിന്റെ ദൃശ്യം...തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ അടുത്തുള്ള കടയില്‍നിന്നു വാങ്ങിയ, കൊലപാതകത്തിനുപയോഗിച്ച കത്തി (switch blade)... ചില്ലറ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള പയ്യന്റെ പൂര്‍വ്വചരിത്രം... അങ്ങനെ എല്ലാം.

ഒരു ഔപചാരികത നിറവേറ്റുന്ന വിരസതയോടെ ജഡ്ജി ജൂറി അംഗങ്ങളോട്, പിന്തുടരേണ്ട രീതികള്‍ വിശദീകരിച്ചു കൊടുക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.

12 ആങ്റിമെൻ

'Guilty beyond reasonable doubt' യുക്തിസഹമായ സംശയങ്ങളുടെ അഭാവത്തില്‍ മാത്രമേ പ്രതി കുറ്റം ചെയ്തതായി തീരുമാനിക്കാവൂ എന്നുകൂടി പറഞ്ഞുകൊണ്ട് അവരെ ചര്‍ച്ചയ്ക്കായുള്ള മുറിയിലേക്ക് പറഞ്ഞയയ്ക്കുന്നു.
ആ വേനല്‍ക്കാലത്തെ ഏറ്റവും ചൂടുള്ള ദിവസമാണന്ന്. തുടക്കം മുതലേ, മുറിയിലെ ഫാന്‍ ഓടാത്ത അസ്വസ്ഥതയിലാണ് ഒരാള്‍. മാത്രമല്ല, ഈ പണി തീര്‍ത്തിട്ടുവേണം ഇയാള്‍ക്ക് ഒരു മാച്ച് കാണാന്‍ പോകാനും. മറ്റൊരാള്‍ക്ക് ജലദോഷം; ഉടനീളം അതിന്റെ ഉത്കണ്ഠയിലാണയാള്‍. ഇനി ഒരു ബിസിനസുകാരന്‍ കൊലപാതകക്കേസില്‍ ജൂറി ആകാന്‍ വിളിച്ചതിലുള്ള സന്തോഷം മറച്ചുവയ്ക്കുന്നില്ല; ബോറടി ഇല്ലല്ലോ. ഒപ്പം തന്റെ ബിസിനസിനെക്കുറിച്ചു സംസാരിക്കാന്‍ കുറച്ചു കേള്‍വിക്കാരെ കിട്ടുകയും ചെയ്യും എന്ന ഭാവം.

വ്യക്തമായ തെളിവുകള്‍ ഉള്ള ഒരു കേസിന്റെ തീരുമാനം എത്രയും വേഗം വോട്ടിനിട്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോകാനുള്ള തിടുക്കത്തിലാണ് മിക്ക അംഗങ്ങളും.

എന്നാല്‍, എട്ടാമന്‍ മാത്രം അവരില്‍നിന്നു മാറിനില്‍ക്കുന്നു, അയാള്‍ അഗാധ ചിന്തയിലാണ്. കാരണം അയാള്‍ക്ക് ചില സംശയങ്ങളുണ്ട്! 

അതയാള്‍ ഉന്നയിച്ചതോടെ വേഗം പണിതീര്‍ത്തു പോകാന്‍ തയ്യാറായി നില്‍ക്കുന്ന  മറ്റു പതിനൊന്നു പേരും അസ്വസ്ഥരാകുന്നു. ചിലര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു. അതിലൊന്നും നിരുത്സാഹപ്പെടാതെ, എട്ടാമന്‍ തന്റെ ചിന്തകള്‍ പങ്കുവയ്ക്കുന്നു-ഒരു പതിനെട്ടുകാരന്‍ കുട്ടിക്ക് ജീവിതമോ മരണമോ എന്നു   തീരുമാനിക്കേണ്ട പ്രശ്നമാണിത്. അഞ്ചാംവയസ്സില്‍ അമ്മ മരിക്കുകയും അന്നുമുതല്‍  മദ്യപാനിയായ അച്ഛന്റെ ക്രൂരപീഡനങ്ങള്‍  ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തവനാണവന്‍! അച്ഛന്‍ ജയിലിലായ കുറച്ചുകാലം അവന്‍ അനാഥാലയത്തിലുമായിരുന്നു. ഈ ലോകം തട്ടിക്കളിച്ച ജീവിതമാണവന്റേത്. അവന്റെ ആയുസ്സ് ഒരഞ്ചുനിമിഷംകൊണ്ട് തീരുമാനിക്കാനാകുകയില്ല. അവനൊരു ന്യായമായ കേസ് വിസ്താരം അര്‍ഹിക്കുന്നുണ്ട്. അവനു വേണ്ടി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ വക്കീലാണെങ്കില്‍ ഒരു താല്പര്യവും ഇല്ലാതെയാണ് വാദിച്ചത്. സാക്ഷികളോടു ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒന്നുംതന്നെ അയാള്‍ ചോദിച്ചിട്ടില്ല. ഞാന്‍ അവന്റെ സ്ഥാനത്തായിരുന്നെങ്കില്‍ മറ്റൊരു വക്കീലിനെ ആവശ്യപ്പെട്ടേനെ.

''ഞാന്‍ അവന്റെ സ്ഥാനത്തായിരുന്നെങ്കില്‍...'' ഒരുപക്ഷേ, ഇതായിരിക്കും എട്ടാമനെ വ്യത്യസ്തനാക്കുന്നത്. അയാള്‍ക്ക് സ്വയം ആ പയ്യന്റെ സ്ഥാനത്തുനിന്ന് ആലോചിക്കുവാനുള്ള ആ empathy-സഹഭാവമുണ്ട്. അതുകൊണ്ടാണ് മറ്റാരും ചോദിക്കാത്ത ചോദ്യങ്ങള്‍ മനസ്സില്‍ തെളിയുന്നതും അവനെ പ്രതിയാക്കിയ വസ്തുതകള്‍ ഒന്നുകൂടി പരിശോധിക്കാന്‍ തയ്യാറാകുന്നതും. എങ്കില്‍പ്പോലും പയ്യന്‍ നിരപരാധിയാണെന്ന് അയാള്‍ ഒരിക്കലും പറയുന്നില്ല. അവന്‍ കുറ്റം ചെയ്തിരിക്കാം എന്നയാള്‍ പറയുന്നുമുണ്ട്. പക്ഷേ, അതുറപ്പിക്കാന്‍ ആ തെളിവുകള്‍ പര്യാപ്തമല്ല.
അയാള്‍ സംസാരിക്കുന്നത് മറ്റുചില സാദ്ധ്യതകളും കൂടി നിലനില്‍ക്കുന്നതിനെപ്പറ്റി മാത്രമാണ്. ''യുക്തിസഹമായ സംശയങ്ങളുടെ അഭാവത്തില്‍ മാത്രമേ പ്രതി കുറ്റം ചെയ്തതായി തീരുമാനിക്കാവൂ'' എന്ന ന്യായാധിപന്റെ നിര്‍ദ്ദേശമാണ് അയാളെ ആ വഴിക്കു ചിന്തിപ്പിക്കുന്നതെന്ന് വ്യക്തം. ഒടുവില്‍ അയാളുടെ വാദത്തിനു വഴങ്ങി, എന്നാല്‍ ശരി, പേരിന് ഒരു ചര്‍ച്ചയാകാം എന്ന മട്ടില്‍ ജൂറി അംഗങ്ങള്‍ ചര്‍ച്ച തുടങ്ങുമ്പോള്‍ എട്ടാമന്‍ മാത്രം ഒരു വശത്തും ബാക്കി പതിനൊന്നു പേര്‍ മറുവശത്തും നില്‍ക്കുകയാണ്. 

എട്ടാമന്‍ എന്തൊക്കെയോ ചിന്താക്കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നത് മാറ്റിയെടുത്ത് അയാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ഓരോരുത്തരും അവരവരുടെ വാദങ്ങള്‍ നിരത്തിവയ്ക്കുക എന്ന കാര്യപരിപാടിയോടെ അവരൊരു മേശയ്ക്കു ചുറ്റും ഇരിക്കുന്നു.

ഹെൻറി ഫോണ്ട

പക്ഷേ, ആദ്യം തുടങ്ങുന്ന ആള്‍ക്കുതന്നെ വ്യക്തമായ വാദങ്ങള്‍ നിരത്താനാകുന്നില്ല. അവന്‍ കുറ്റക്കാരനാണെന്ന് ആദ്യമേ തെളിഞ്ഞതല്ലേ...മറിച്ചൊന്നും ആരും സ്ഥാപിക്കാന്‍ ശ്രമിച്ചതുമില്ല... അവന്‍ കുറ്റക്കാരന്‍ എന്നുതന്നെയാണ് തന്റെ തോന്നല്‍... അതെങ്ങനെയാണ് പറയേണ്ടതെന്നറിയില്ല... എന്ന രീതിയിലാണ് അയാളുടെ വാദം. അതേസമയം മറ്റൊരാള്‍, പ്രതി കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്നതിനു സഹായകമായ ഒരു ലിസ്റ്റുതന്നെ പുറത്തെടുക്കുന്നു. വസ്തുതകള്‍ അക്കമിട്ടു പറയുന്നതാണ്  ലിസ്റ്റ്. അതാര്‍ക്കും നിഷേധിക്കാനാകില്ല എന്നുറപ്പ്.

പക്ഷേ, എട്ടാമനു കുലുക്കമില്ല. മറുവാദങ്ങള്‍ നിരത്തുന്നതിനിടയില്‍ എട്ടാമന്‍ അവരിലൊരാളോട് ചില ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുന്നു. കേസ് വിസ്താരത്തില്‍ തനിക്കു യുക്തിസഹമായി തോന്നാത്ത, ബോധ്യപ്പെടാത്ത ചില ഭാഗങ്ങളെപ്പറ്റിയാണ് അയാള്‍ സംസാരിക്കുന്നത്. ആ സംശയങ്ങള്‍ നിലനില്‍ക്കെ പ്രതി കുറ്റക്കാരനാണെന്ന് എങ്ങനെ നിസ്സംശയം തീരുമാനിക്കാന്‍ ആകും എന്നതാണ് അയാളുടെ പ്രശ്നം. അങ്ങനെയുള്ള ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടി അയാള്‍ വിശദീകരിക്കുന്നു. പിന്നീട് തീരുമാനം വോട്ടിന് ഇടുന്നു. വോട്ട് എണ്ണുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി, പ്രതി കുറ്റക്കാരനല്ല എന്ന തീരുമാനത്തിലേക്ക് ഒരാള്‍ കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു!

റെജിനാൾഡ് റോസ്

നീതിയിലേക്കെത്തുന്ന വഴികള്‍

എട്ടാമന്‍ വീണ്ടും പറഞ്ഞുതുടങ്ങുമ്പോള്‍, അലസരായിരുന്ന ജൂറി അംഗങ്ങളില്‍ ചിലര്‍ താല്പര്യത്തോടെ ശ്രദ്ധിച്ചുതുടങ്ങുന്നുണ്ട്; ചിന്തിക്കുന്നുണ്ട്; അവരുടെ മനസ്സിലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്; കേസ് വിസ്താരത്തിന്റെ വിശദാംശങ്ങളിലേക്കു തിരിച്ചുപോയി വിശകലനം ചെയ്യാന്‍ തയ്യാറാകുന്നുണ്ട്. പിന്നീട് കൊലപാതകത്തിനെ സംബന്ധിക്കുന്ന ചില രംഗങ്ങള്‍ ചിലരവിടെ പുനരാവിഷ്‌കരിക്കുമ്പോള്‍ കൂടുതല്‍ പേര്‍ ആ ചര്‍ച്ചയില്‍ ആകൃഷ്ടരായി മറ്റു സാധ്യതകളെപ്പറ്റി ആലോചിച്ചുനോക്കാന്‍ തയ്യാറാകുന്നു. പക്ഷേ, അതിനോടൊപ്പം അവര്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ പല സന്ദര്‍ഭങ്ങളിലും കത്തിക്കയറി കയ്യാങ്കളിയില്‍വരെ എത്തുന്നുണ്ട്. ചിലര്‍ വ്യക്തിപരമായ അധിക്ഷേപത്തിനുപോലും മടിക്കുന്നില്ല.

ഇത്രയും വ്യക്തമായ തെളിവുകള്‍ ഉള്ള ഒരു കേസിനെപ്പറ്റി പിന്നെയും സംശയിക്കുന്ന എട്ടാമനോട് പതിനൊന്നാമന്‍ കോപിക്കുന്നത് നിങ്ങള്‍ ഇവിടത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്. (രാജ്യത്തു നിലനില്‍ക്കുന്ന നിയമത്തിന്റെ വശത്ത് ഉറച്ചുനിന്നു സംസാരിക്കുന്നവര്‍ക്കെതിരെ ഉയരുന്ന ഈ ആരോപണം ഇന്നും നമുക്ക് പരിചിതമാണല്ലോ). പക്ഷേ പിന്നീട്, തുടക്കം മുതല്‍ നിരന്തരം വംശീയാധിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ഒരാളെ മറ്റെല്ലാവരും ചേര്‍ന്നു ബോയ്ക്കോട്ടു ചെയ്ത് എണീറ്റുമാറിനില്‍ക്കുവാനുള്ള ഒരു ധാര്‍മ്മികബോധം അവരിലുണരുന്നതു കാണാം.

എട്ടാമനടക്കം ആ പന്ത്രണ്ടുപേരും പല തരക്കാരാണ്. രണ്ടുവശവും കേള്‍ക്കുമ്പോള്‍ അതിനിടയില്‍നിന്ന് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്നവര്‍, ആകെ ആശയക്കുഴപ്പത്തിലായവര്‍, മറ്റാരെക്കാളും ശാന്തമായിരുന്ന് യുക്തിബോധത്തോടെ മാത്രം സംസാരിക്കുന്നവര്‍, എട്ടാമന്റെ നേരേ വിപരീത ധ്രുവത്തിലെന്നപോലെ, ഒരു കാര്യവും വസ്തുനിഷ്ഠമായി കാണാനാകാത്ത, എന്നാല്‍ കുറെ ശബ്ദവും ബഹളവും ഉണ്ടാക്കി എല്ലാം അറിയും  എന്നമട്ടില്‍ അഭിപ്രായങ്ങള്‍ അടിച്ചുവിടുന്ന, താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നുപോരുന്ന എല്ലാ മുന്‍വിധികളും ബാധിച്ചവര്‍, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ സാധാരണ ജനങ്ങള്‍ ഭാഗഭാക്കാകുന്ന ഈ ജൂറി സിസ്റ്റത്തിനെപ്പറ്റി അഭിമാനിക്കുകയും അത് ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുകയും വേണമെന്ന് നിര്‍ബ്ബന്ധമുള്ളവര്‍...

എന്നിരിക്കിലും, ചേരികളില്‍ വളര്‍ന്ന പയ്യന്‍ സമൂഹത്തിനുതന്നെ ഒരു ഭീഷണിയാണെന്ന ഒരേ അഭിപ്രായം പങ്കുവയ്ക്കുന്നവരാണ് അവരില്‍ മിക്കവരും എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു വസ്തുത. ഒരിക്കല്‍ ഇതു കേട്ടുകേട്ടു സഹികെട്ട അവരിലൊരാള്‍, ഞാന്‍ ചേരിയില്‍ വളര്‍ന്നവനാണ് എന്നിലിപ്പോഴും ആ മണമുണ്ട് എന്ന് പൊടുന്നനെ പറയുമ്പോഴാണ് കവിളിലൊരടികിട്ടിയതുപോലെ അവര്‍ക്കൊരു യാഥാര്‍ത്ഥ്യബോധമുണരുന്നത്.
എട്ടാമന്‍ മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുന്നതോടെ മൂന്നാമനൊഴികെയുള്ളവര്‍ പതുക്കെ ചിന്തിച്ചുതുടങ്ങുന്നതായും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നതായും നമ്മള്‍ കാണുന്നുണ്ട്. എട്ടാമന്  ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടിവരുന്നത് മൂന്നാമനില്‍ നിന്നാണ്.

സിഡ്നി ലൂമെറ്റ്

അങ്ങനെ ഓരോ റൗണ്ട് വോട്ടിനിടുമ്പോഴും കൂടുതല്‍ പേര്‍ പുതിയ ചോദ്യങ്ങളും പുതിയ വെളിപാടുകളുമായി,  പ്രതി കുറ്റക്കാരന്‍ അല്ല എന്ന ഗ്രൂപ്പിലേക്കു ചേര്‍ന്ന് അവസാനം മൂന്നാമനടക്കം ആ നിലപാട് ഏകകണ്ഠമായി സ്വീകരിക്കുന്നതാണ്  അവസാനത്തോടടുക്കുമ്പോള്‍ നമ്മള്‍ കാണുന്നത്. 

മൂന്നാംനമ്പര്‍ ജൂറി സിനിമയുടെ തുടക്കത്തില്‍ത്തന്നെ  തന്റെ താന്തോന്നി മകനുമായുള്ള സംഘര്‍ഷഭരിതമായ ബന്ധത്തിനെപ്പറ്റി ഒരു സൂചന തരുന്നുണ്ട്. അയാള്‍ പ്രതി കുറ്റം ചെയ്തു എന്ന് നിരന്തരം ആവര്‍ത്തിക്കുന്നതും  വാശിയോടെ അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. വ്യക്തിപരമായ ദുരനുഭവങ്ങളുടെ കയ്പ് ഒരാളുടെ മുന്‍വിധികളേയും തീര്‍പ്പുകളേയും എങ്ങനെ ബാധിക്കുന്നു എന്നത് വ്യക്തമാക്കുന്ന ഒരു കഥാപാത്രമാണയാള്‍. അവസാനമാകുമ്പോഴേക്കും അയാളുടെ തീര്‍പ്പുകള്‍ എത്രമാത്രം ദുര്‍ബ്ബലമാണെന്നു സ്വയം മനസ്സിലാക്കുകയും ഒരു പൊട്ടിത്തെറിയോടെയാണെങ്കിലും പ്രതി കുറ്റക്കാരനല്ല എന്നതിലേക്ക് എത്തുകയും ചെയ്യുന്ന അയാള്‍ സത്യത്തില്‍ ഒരു ദയനീയ കഥാപാത്രമാണ്.

ഒന്നാലോചിച്ചുനോക്കിയാല്‍ ഇവരെല്ലാവരും നമുക്ക് പരിചിതരല്ലേ? ഇങ്ങനെയൊക്കെയുള്ളവരെ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും കണ്ടുമുട്ടാറില്ലേ?

കഥാകൃത്ത് ആ പന്ത്രണ്ടംഗ ജൂറിയെ അവതരിപ്പിക്കുന്നത് നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ പരിച്ഛേദം തന്നെയായിട്ടാണ്. 

സത്യാനന്തരകാലത്തെ സത്യം

1957-ല്‍ അമേരിക്കയില്‍ ഇറങ്ങിയ ഈ സിനിമ 2021-ലെ ഇന്ത്യയില്‍ ഇരുന്നുകാണുമ്പോള്‍ ഇന്നും എത്രത്തോളം പ്രസക്തമാണ് അതിന്റെ ഉള്ളടക്കമെന്ന് ചിന്തിക്കാതിരിക്കാനാകില്ല.

സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആശയവിനിമയം നടക്കുന്ന ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വസ്തുതകള്‍ എന്നപേരില്‍ നമ്മുടെ മുന്‍പിലേക്കെത്തുന്ന അസംഖ്യം വിവരങ്ങളുണ്ട്. അത് അടുത്ത ആള്‍ക്ക് കൈമാറും മുന്‍പ് നമ്മള്‍ ഒരു നിമിഷമെങ്കിലും അതിലെ ശരിതെറ്റുകളെപ്പറ്റി ചിന്തിക്കാറുണ്ടോ? അതെത്രത്തോളം സാമാന്യയുക്തിക്കു നിരക്കുന്നതാണെന്ന് സ്വയം ചോദിക്കാറുണ്ടോ? അവയുടെ ആധികാരികതയെപ്പറ്റി ചിന്തിക്കാറുണ്ടോ? 

12 ആങ്റിമെൻ

മിക്കവാറും അതുണ്ടാകാറില്ല. പ്രത്യേകിച്ചും നമ്മുടെ ചായ്വുകള്‍ക്കും മുന്‍ധാരണകള്‍ക്കുമൊക്കെ ഒത്തുപോകുന്നതാണ് ആ വസ്തുതകളെങ്കില്‍ ഒരു സംശയം പോലും നമുക്കുണ്ടാകാറില്ല.

അതേസമയം കൈമാറിക്കിട്ടുന്ന സന്ദേശങ്ങള്‍ വായിച്ചുതീരുന്ന ആ നിമിഷം പ്രതിവാദമില്ലാത്ത കോടതിയിലെ ജഡ്ജിമാരായും നമ്മള്‍ മാറുന്നുണ്ട്. മറ്റൊരാള്‍ക്ക് ആ സന്ദേശം കൈമാറുന്നതോടെ അതില്‍പ്പറഞ്ഞിരിക്കുന്നത് ശരിതന്നെയാണെന്ന വിധിയും കല്പിക്കപ്പെടുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ നമ്മളിന്നു കാണുന്ന, പലപ്പോഴും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന വാദപ്രതിവാദങ്ങളില്‍ നമ്മളിവരൊക്കെത്തന്നെയായി മാറാറുണ്ട്, അല്ലെങ്കില്‍ നമ്മുടെ പരിചിതവലയത്തിലുള്ളവരില്‍ ഇവരിലോരോരുത്തരേയും തിരിച്ചറിയാന്‍ ശ്രമിക്കുന്നത് കൗതുകകരമായിരിക്കും.

 ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രതി കുറ്റക്കാരനെന്ന് വിധിക്കാന്‍ തിടുക്കപ്പെടുന്ന ആ പതിനൊന്നു പേരുണ്ടല്ലോ, അവരെപ്പോലെതന്നെ അലസരും ഉത്തരവാദിത്വബോധമില്ലാത്തവരുമാണ് നമ്മളില്‍ മിക്കവരും. ദൈനംദിന ജീവിതത്തില്‍ പ്രാഥമിക പരിഗണന മറ്റു പലതിനുമാകുമ്പോള്‍ നമുക്ക് ഇതിനൊന്നുംവേണ്ടി മാറ്റിവയ്ക്കാനുള്ള സമയമോ താല്പര്യമോ ഇല്ല എന്നതാണ് വസ്തുത.

പക്ഷേ, അല്പം മുന്‍പു കണ്ടുമുട്ടിയവരോട്, ഒരു മുന്‍പരിചയവുമില്ലാത്തവരോട്, അല്ലെങ്കില്‍ വ്യക്തിപരമായി നമുക്കൊരു ദ്രോഹവും ചെയ്യാത്ത ഒരു വിഭാഗത്തോട്  വിദ്വേഷം പ്രകടിപ്പിക്കാന്‍ നമുക്ക് ഒരു മടിയുമില്ലതാനും! കയ്യില്‍ക്കിട്ടുന്ന വിവരങ്ങള്‍ വച്ച് ഒരു വ്യക്തിയേയോ വിഭാഗത്തേയോ സമൂഹത്തേയോ ഒരു പ്രദേശത്തെത്തന്നെയോ വിധിക്കാന്‍ നമ്മള്‍ മടിക്കാറില്ല. പ്രത്യേകിച്ചും നമ്മുടെ വ്യക്തിപരമായ മുന്‍വിധികള്‍ക്കൊത്തുപോകുന്നുവെങ്കില്‍ മറ്റൊരു സാധ്യത നമ്മള്‍ സ്വപ്‌നം കാണുകപോലുമില്ല.

ഈ സ്വഭാവവിശേഷങ്ങളൊക്കെ നമ്മുടെ ജൂറി അംഗങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രകടമാകുന്ന തരത്തിലാണ്  അവരുടെ കഥാപാത്ര രൂപീകരണം. മുന്‍വിധികളും അവജ്ഞയും വൈരാഗ്യവും വംശീയവിദ്വേഷവുമൊക്കെക്കൂടി മലിനമാക്കുന്ന നമ്മുടെ മനസ്സില്‍നിന്ന് കരുണ എന്ന മാനുഷികവികാരം നമ്മളറിയാതെതന്നെ കൈമോശം വന്നുപോകുന്ന ഈ കാലത്തിനെ ആറുദശകങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ഒരു സിനിമ പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അതിനു കാരണം അടിസ്ഥാനപരമായി എല്ലാക്കാലത്തും മനുഷ്യരിങ്ങനെയൊക്കെത്തന്നെയായിരുന്നു, ഇനിയുമിങ്ങനെയൊക്കെത്തന്നെ ആയിരിക്കും എന്നതുകൊണ്ടാണ്.

ഇന്റര്‍നെറ്റ്, ജീവിതത്തിന്റെ എല്ലാ മേഖലകളും കയ്യടക്കിക്കഴിഞ്ഞ ഈ കാലത്ത് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പുരോഗമിക്കുകയാണ്. അതിനനുസരിച്ച്  കാഴ്ചപ്പാടുകളുടെ അളവും ഉയരും. എന്നാല്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴുള്ള നമ്മുടെ മനോഭാവം ഇപ്പോഴുള്ളതുപോലെതന്നെ തുടരുകയാണെങ്കില്‍ നാം ബൗദ്ധിക പിന്നാക്കാവസ്ഥയിലേക്കു നീങ്ങുമെന്നതിനൊരു  മുന്നറിയിപ്പുകൂടി തരുന്നുണ്ട് ഈ സിനിമയുണര്‍ത്തുന്ന അവബോധം.

തീര്‍ത്തും വിഭിന്നരായ ആ പന്ത്രണ്ടുപേര്‍ക്കിടയില്‍ മനുഷ്യത്വമുയര്‍ത്തിപ്പിടിക്കാനായി ഉരുത്തിരിഞ്ഞുവരുന്ന ആ ഒരു അഭിപ്രായ ഐക്യം ഒട്ടും എളുപ്പമല്ലായിരുന്നു.

വ്യക്തിതാല്പര്യങ്ങളും ഈഗോകളും മുന്‍വിധികളും വൈരാഗ്യവിദ്വേഷങ്ങളും അസന്ദിഗ്ദ്ധതകളും അലസ-നിഷ്‌ക്രിയതകളും അതികോപങ്ങളും എന്നുവേണ്ടാ ഒരുമാതിരി എല്ലാത്തരം വിഹ്വലതകളേയും അതിജീവിച്ചു വേണമായിരുന്നു ഏകകണ്ഠസ്വരത്തിലേക്കുള്ള ആ യാത്ര.

12 ആങ്റിമെൻ

അതേസമയം ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാനുള്ളതാണെന്ന് അറിയാവുന്ന ആ ഒരാളുടെ ധാര്‍മ്മികബോധവും അതിനെപ്പറ്റിയുള്ള ഉറച്ച ബോധ്യവും മറ്റുള്ളവരേയും അതേവഴിയെ പോകാന്‍ പ്രേരിപ്പിച്ച ഒട്ടും നിസ്സാരമല്ലാത്ത ആ ഒരു മാറ്റം, അവരുടെ കാഴ്ചപ്പാടിനെത്തന്നെ അടിമുടി അഴിച്ചുപണിതിരിക്കാം.

സിനിമ കണ്ടുതീരുമ്പോള്‍ Henry Fonda അവതരിപ്പിക്കുന്ന ചിന്താധീനനായ ആ എട്ടാമനും അയാളുടെ കരുണ നിറഞ്ഞുനില്‍ക്കുന്ന കണ്ണുകളും മുന്നില്‍ മായാതെ നില്‍ക്കുന്നത് അയാള്‍ പ്രേക്ഷകരേയും സ്വാധീനിച്ചുകഴിഞ്ഞു എന്നതിനാലാണ്.

മാനുഷികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അയാളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ക്രമേണ മറ്റു നിഷേധാത്മക വികാരങ്ങളൊക്കെ മാഞ്ഞുപോവുകയും മനുഷ്യസ്നേഹവും കാരുണ്യവും തെളിഞ്ഞുകത്തുകയും ചെയ്യുന്ന സിനിമയുടെ അന്ത്യം, ഏതു ചീത്തക്കാലത്തും പ്രത്യാശയുടെ കൈത്തിരി ഉയര്‍ത്താന്‍ നമുക്കാകും എന്ന വലിയ ഒരോര്‍മ്മപ്പെടുത്തല്‍കൂടിയാകുന്നു.