പരിഷ്‌കൃത കാലത്തെ കാനിബലിസം
By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.) | Published: 11th January 2022 04:48 PM |
Last Updated: 11th January 2022 04:48 PM | A+A A- |

സര്‍ക്കാര്‍ ജോലി മുഷിപ്പനാണ് എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. സത്യത്തില്‍ അങ്ങനെയല്ല. ഇത്രയേറെ ഹാസ്യാത്മകമായ ജോലി വേറൊന്നില്ല. എനിക്കത് ആദ്യമേ മനസ്സിലായി. ഐ.പി.എസ് പരിശീലനം കഴിഞ്ഞ് കേരളത്തിലെത്തി, സംസ്ഥാനത്തെ പ്രായോഗിക പരിശീലനം എന്ന വ്യാജേന തലസ്ഥാനത്ത് ചുറ്റിക്കറങ്ങുമ്പോള്‍ ഒരു ദിവസം ഐ.പി.എസ് അസ്സോസിയേഷന്റെ ജനറല്‍ബോഡി യോഗം നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കും ക്ഷണം കിട്ടി. പങ്കെടുത്തു. പൊലീസ് ട്രെയിനിങ്ങ് കോളേജിലായിരുന്നു പരിപാടി. ജയറാം പടിക്കല്‍ സാറായിരുന്നു അദ്ധ്യക്ഷസ്ഥാനത്ത്. പണ്ട് ഞാന്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള ഒരുപാട് മഹാരഥന്മാരെ അവിടെ ഒരുമിച്ചു കണ്ടു. ഒരു ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശ്രദ്ധേയമായി തോന്നി. പൊലീസ് ഭരണത്തില്‍ തൊഴില്‍പരമായ ഉള്ളടക്കം പരിശോധിച്ച് അനാവശ്യമായ തസ്തികകള്‍ ഒഴിവാക്കിക്കൂടെ എന്നതായിരുന്നു വിഷയം. ലോകത്തെവിടെയും ഏത് ഭരണവ്യവസ്ഥയിലും പ്രാധാന്യമുള്ള പദവികളും തീരെ പ്രാധാന്യമില്ലാത്ത പദവികളുമുണ്ടാകുമെന്നും അത് സ്വാഭാവികം എന്നു മാത്രമല്ല, ഒഴിച്ചുകൂടാനാകാത്ത, ഏറ്റവും അഭിലഷണീയമായ കാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ചുരുങ്ങിയ വാക്കുകളില്‍, എന്തുകൊണ്ട് കാര്യമായ ജോലിയോ ഉത്തരവാദിത്വമോ ഇല്ലാത്ത തസ്തികകള്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം സ്ഥാപിച്ചു. ആ വാഗ്വൈഭവം വലിയ മതിപ്പുളവാക്കി. ഇത്തരം പ്രതിഭകളുടെ കൂട്ടത്തിലാണല്ലോ ഞാനും എന്ന് തോന്നാതിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞിരിക്കണം, വീണ്ടും സമാനമായ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. സ്ഥലം, പൊലീസ് ട്രെയിനിങ്ങ് കോളേജ് തന്നെ. നേരത്തെ സൂചിപ്പിച്ച ഉദ്യോഗസ്ഥനും അതിലുണ്ടായിരുന്നു. അന്നും വാക്കുകള്‍ കേട്ടു. അതേ പാണ്ഡിത്യം, അതേ വാഗ്വൈഭവം; ഒറ്റ വ്യത്യാസം മാത്രം, ഇക്കുറി അദ്ദേഹം വാദിച്ചത് എന്തുകൊണ്ട് അപ്രധാനമായ തസ്തികകള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു. ഉദാഹരണം നല്‍കാന്‍ പഴയതുപോലെ ഫ്രാന്‍സിലും അമേരിക്കയിലും ഒന്നും പോയില്ല. സ്വന്തം സ്ഥാനവും ശമ്പളവും ആനുകൂല്യങ്ങളും ഉദാഹരിച്ച് ഒരു മണിക്കൂര്‍ പോലും ജോലി ചെയ്യാതെ ഇത്രയൊക്കെ പൊതുജനത്തിന്റെ വിലപ്പെട്ട പണം, ആ പദവിക്കുവേണ്ടി പാഴാക്കുന്നതിലുള്ള ധാര്‍മ്മികരോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പഴയ വാക്ക്‌ധോരണി ഒരു വാക്കുപോലും ഞാന്‍ മറന്നിരുന്നില്ല. രണ്ടിനുമിടയില്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാം ഒരു തമാശയായി തോന്നി. അതൊരു എളിയ തുടക്കം മാത്രം ആയിരുന്നു.
നിങ്ങള്‍ക്ക് വീഴ്ചപറ്റി അല്ലെങ്കില്‍ നിങ്ങള്‍ തെറ്റുകാരനാണ് എന്ന് സംസ്ഥാനത്തെ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നു; അതിന്മേല്‍ നിങ്ങളുടെ അഭിപ്രായം എന്താണ്? ഇങ്ങനെ ഒരു കത്ത് സര്‍ക്കാരില്‍നിന്നും കിട്ടിയാല്‍ എന്തായിരിക്കും സ്വീകര്‍ത്താവിന്റെ വികാരം? അത്തരമൊരു കത്ത് തൃശൂരില്‍ എസ്.പി ആയിരിക്കുമ്പോള്‍ എനിക്ക് കിട്ടി. അത് അപ്രതീക്ഷിതമായിരുന്നുവെങ്കിലും നാട്ടുനടപ്പനുസരിച്ച് ഞാന്‍ ഞെട്ടിയതൊന്നുമില്ല. എന്റെ രക്തസമ്മര്‍ദ്ദത്തിലും വലിയ വ്യതിയാനം ഉണ്ടായിരിക്കാനിടയില്ല. സമ്മിശ്രവികാരം ഉണ്ടായി എന്നു പറയാം. ആ മിശ്രിതത്തില്‍ മുക്കാല്‍പങ്ക് ഹാസ്യവും ബാക്കിഭാഗം ധാര്‍മ്മികരോഷവുമായിരിക്കണം. അതിനാധാരമായ സംഭവം ഉണ്ടായത് 1991-ലാണ്. ആലപ്പുഴയില്‍ എസ്.പി ആയി എന്റെ തുടക്കകാലം. അക്കാലത്ത് സംസ്ഥാന പൊലീസിലേയ്ക്ക് ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടി പൊലീസ് ആസ്ഥാനത്തുനിന്ന് സ്വീകരിച്ചിരുന്നു. എറണാകുളത്തെ ഒരു കമ്പനിയായിരുന്നു ബോട്ടുകള്‍ നിര്‍മ്മിച്ചത്. ബോട്ടുകള്‍ പരിശോധിക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്ന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. നാലഞ്ച് എസ്.പിമാര്‍ അടങ്ങുന്നതായിരുന്നു ആ സംഘം. ആലപ്പുഴയില്‍നിന്ന് ഞാനും കൊല്ലം എസ്.പി അരുണ്‍കുമാര്‍ സിന്‍ഹ സീനിയറും എല്ലാം അതിലുണ്ടായിരുന്നു. ബോട്ടുകള്‍ പരിശോധിക്കാന്‍ ഒരു ദിവസം ഞങ്ങളെല്ലാം എറണാകുളത്തെത്തി. ഔദ്യോഗിക ജീവിതത്തിലെ എന്റെ ആദ്യത്തെ പരിശോധനാക്കമ്മിറ്റി ആയിരുന്നു അത്. നിര്‍മ്മാണം പൂര്‍ത്തിയായിരുന്ന ചില ബോട്ടുകള്‍ കായലില്‍ ഓടിച്ചും മറ്റും പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എനിക്ക് ഒരു അടിയന്തര സന്ദേശം വന്നു. ആലപ്പുഴയില്‍ എന്തോ പ്രശ്‌നം. വയര്‍ലെസ്സ് ശ്രദ്ധിച്ചപ്പോള്‍, 'Eagle calling Mavelikkara police station' എന്ന് കേട്ടു. ഈഗിള്‍ എന്നാല്‍ സംസ്ഥാന പൊലീസ് മേധാവി എന്നര്‍ത്ഥം. വയര്‍ലെസ്സില്‍ ഞങ്ങളെല്ലാം ഹിംസ്ര ജീവികളായിരുന്നു; ഈഗിള്‍, കോബ്റ, ടൈഗര്‍ എന്നിങ്ങനെ. ഞാനും അന്നൊരു 'പുലി' ആയിരുന്നു, പേരില്‍ മാത്രം. അന്നത്തെ ഡി.ജി.പി വെങ്കടാചലം മവേലിക്കര പൊലീസ് സ്റ്റേഷനില്‍ നേരിട്ട് വിളിക്കുന്നതാണ് കേട്ടത്. അത് അത്യപൂര്‍വ്വമായിരുന്നു. അവിടെ ഒരു സ്ഫോടനത്തില്‍ നാലഞ്ച് ആളുകള്‍ മരിച്ചതായും കുറേപേര്‍ക്ക് പരിക്കേറ്റതായും കേട്ടു. ഞാനുടനെ മാവേലിക്കരയ്ക്ക് തിരിച്ചു. അതോടെ ബോട്ടിന്റെ കാര്യം മറന്നു. പിന്നീട് അതോര്‍ക്കുന്നത് തുടക്കത്തില്‍ പറഞ്ഞ സര്‍ക്കാരിന്റെ കത്ത് കിട്ടുമ്പോഴാണ്.

ഒരു കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നു. വസ്തുതകളെന്തായാലും ഒരു വിഷയം നിങ്ങള്‍ക്കെതിരെ ആരോപണമായി വരുമ്പോള്‍ അത് കൃത്യമായി പരിശോധിച്ച് വസ്തുനിഷ്ഠമായി മറുപടി നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ട്. അതുകൊണ്ട് കത്തിനോടൊപ്പം എനിക്ക് നല്‍കിയിരുന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗം സൂക്ഷ്മമായി വായിച്ചു. ഒറ്റ വായനയില്‍ റിപ്പോര്‍ട്ട് വളരെ ബാലിശമായി തോന്നി. ബോട്ട് ഇന്‍സ്പെക്ഷന്‍ നടത്തുന്നവര്‍ക്ക് മുഖ്യമായും ഒറ്റക്കാര്യത്തില്‍ മാത്രമേ ചുമതലയുണ്ടായിരുന്നുള്ളു. നിര്‍മ്മാണത്തിന് കരാര്‍ പ്രകാരം ചുമതലപ്പെടുത്തുമ്പോള്‍ എന്തായിരുന്നു ബോട്ടിന്റെ സ്പെസിഫിക്കേഷന്‍ എന്ന് നോക്കി അതനുസരിച്ചാണോ ബോട്ട് നിര്‍മ്മിച്ചത് എന്നുമാത്രം. അതിനപ്പുറമുള്ള ഉത്തരവാദിത്വമൊന്നും ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നില്ല. വിജിലന്‍സ് അന്വേഷണത്തില്‍ പൊലീസ് വകുപ്പ് വാങ്ങിയ ബോട്ട്, കരാര്‍ വ്യവസ്ഥയില്‍ പറഞ്ഞിരുന്നതില്‍നിന്നും ഏതെങ്കിലും കാര്യത്തില്‍ വ്യത്യസ്തമായിരുന്നുവെന്ന് കണ്ടെത്തിയിട്ടില്ല. അക്കാര്യം ദീര്‍ഘകാലത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുപോലുമില്ല. ബോട്ടിന്റെ പരിശോധനയ്ക്കു മാത്രം സവിശേഷമായി മാനദണ്ഡങ്ങള്‍ ഉണ്ടെന്നോ അത് ലംഘിച്ചുവെന്നോ പോലും പരിശോധിച്ചിരുന്നില്ല. എന്നിട്ടും ഇന്‍സ്പെക്ഷന്‍ ശരിയായിരുന്നില്ല എന്നായിരുന്നു അന്വേഷകന്റെ നിഗമനം. നാലഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് ഇങ്ങനെ കുറ്റപ്പെടുത്തും മുന്‍പ് അതിലാരോടെങ്കിലും ഇതേപ്പറ്റി ചോദിക്കുക എന്ന സ്വാഭാവിക നീതിയെങ്കിലും പുലര്‍ത്തേണ്ടെ? ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയയ്ക്കും മുന്‍പ് അത് സൂക്ഷ്മപരിശോധന നടത്തേണ്ട ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എങ്ങനെ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു? റിപ്പോര്‍ട്ട് സെക്രട്ടേറിയേറ്റിലെത്തിയപ്പോള്‍ അവിടെ അത് കൈകാര്യം ചെയ്തവര്‍ അത് നന്നായി പരിശോധിച്ചിരിക്കണം. നാലഞ്ച് എസ്.പിമാര്‍ വീഴ്ചവരുത്തി എന്ന നിലയിലുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ യുക്തിഭദ്രതയില്‍ സെക്രട്ടേറിയേറ്റില്‍ സംശയം തോന്നിയിരിക്കണം. അതുകൊണ്ടാകാം റിപ്പോര്‍ട്ടിന്മേല്‍ ഞങ്ങളോട് വിശദീകരണം പോലും ചോദിച്ചില്ല. ഞങ്ങളോട് അഭിപ്രായം (remarks) ആരായുക മാത്രമാണുണ്ടായത്. അഭിപ്രായം എഴുതാന്‍ പ്രയാസമൊന്നുമുണ്ടായില്ല. വസ്തുതകളുടെ പിന്‍ബലമില്ലാത്ത നിഗമനമായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥന്റേതെന്ന് അയാളുടെ റിപ്പോര്‍ട്ടിലെ പ്രകടമായ ന്യൂനതകള്‍ കൊണ്ടുതന്നെ ആര്‍ക്കും മനസ്സിലാകുംവിധം വ്യക്തമാക്കാനാണ് ശ്രമിച്ചത്. അല്പം ആക്രമണോത്സുകതയും മറുപടിയില്‍ കടന്നുവന്നു.
എനിക്ക് ലഭിച്ചതുപോലൊരു കത്ത് സര്‍വ്വീസില്‍ എന്നെക്കാള്‍ സീനിയര്‍ ആയിരുന്ന അരുണ്‍കുമാര്‍ സിന്‍ഹയ്ക്കും കിട്ടി. മിക്ക ഔദ്യോഗിക കാര്യങ്ങളിലും സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങള്‍. സി.ബി.ഐ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അദ്ദേഹമന്ന് എറണാകുളം ഡി.ഐ.ജി ആയിരുന്നു. സര്‍ക്കാര്‍ കത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ രണ്ടാളും ഒരേ ബോട്ടിലായിരുന്നുവല്ലോ. അദ്ദേഹം വിളിച്ചപ്പോള്‍ മറുപടി ഒരുമിച്ച് തയ്യാറാക്കാമെന്ന് പറഞ്ഞു. അടുത്തൊരു ദിവസം തന്നെ ഞാനദ്ദേഹത്തെ എറണാകുളത്തെ ഓഫീസില്‍ കണ്ടു. സര്‍ക്കാരിനുള്ള എന്റെ അഭിപ്രായം കാണിച്ചു. അതുവായിച്ച ഡി.ഐ.ജി പൂര്‍ണ്ണ തൃപ്തനായിരുന്നു. സര്‍ക്കാര്‍ കത്ത് വലിയ പ്രശ്‌നമായി അദ്ദേഹവും കരുതിയിരുന്നില്ല. എങ്കിലും എന്തോ ഒരു കാര്യം അദ്ദേഹത്തെ അലോസരപ്പെടുത്തുന്നപോലെ തോന്നി. അവസാനം അതെന്നോട് വെളിപ്പെടുത്തി. ഒരു പൊലീസ് മേധാവി ബോട്ടുവാങ്ങലുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍ പ്രകാരം അദ്ദേഹം നല്‍കുകയും ചെയ്തു. ആ കുറിപ്പായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് തുടക്കം കുറിക്കാന്‍ കാരണമായത്. മറ്റൊരു ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നുവത്രെ പൊലീസ് മേധാവിയുടെ ലക്ഷ്യം. മേധാവി കണക്കുകൂട്ടിയപോലെ ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അതില്‍ കുടുങ്ങിയില്ല.
ബൂമറാംഗ് ആയിത്തീര്‍ന്ന കുറിപ്പ്
കുറിപ്പെഴുതുമ്പോള്‍ അത് തനിക്കു നേരേ തിരിച്ചുവരും എന്ന് അരുണ്‍ കുമാര്‍ സിന്‍ഹ എങ്ങനെ കരുതാന്‍? ബൂമറാംഗിനെപ്പറ്റി അദ്ദേഹം ഓര്‍ത്തുവോ എന്നെനിക്കറിയില്ല. എറിയുന്ന ആളിനുനേരെ തിരികെ വരുന്ന ബൂമറാംഗ് ആസ്ട്രേലിയന്‍ ആദിവാസികളിലാണ് ആദ്യം കണ്ടതത്രെ. മറ്റൊരു വാക്ക് എന്റെ മനസ്സിലെത്തി. കാനിബലിസം (Cannibalism), അഥവാ സ്വന്തം വര്‍ഗ്ഗത്തിലെ ജീവികളെ തന്നെ ഭക്ഷിക്കുന്ന പ്രതിഭാസം. അപരിഷ്‌കൃത മനുഷ്യരില്‍ ഇതുണ്ടായിരുന്നു. ബ്യൂറോക്രാറ്റിക്ക് കാനിബലിസം (Bureaucratic Cannibalism) എന്ന പ്രയോഗം ഞാന്‍ കേട്ടത് നാഷണല്‍ പൊലീസ് അക്കാദമിയില്‍ പ്രൊബേഷണര്‍ ആയിരുന്ന കാലത്താണ്. അവിടെ വച്ച്, വിരമിച്ച വി.ആര്‍. ലക്ഷ്മിനാരായണന്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ രസകരമായ ആത്മകഥ, Appointments and Disappointments : my life in the Indian Police Service വായിക്കാനിടയായി. ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് അക്കാരണംകൊണ്ട് തന്നെ പിന്നീട് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം നഷ്ടമായത്രേ. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ സഹോദരനാണ് അദ്ദേഹം. കൃഷ്ണയ്യരുടേതിന് സമാനമായ ഇംഗ്ലീഷ് ഭാഷാശൈലിയില്‍ എഴുതിയിട്ടുള്ള ആ പുസ്തകത്തിലാണ് ഞാനാദ്യം ബ്യൂറോക്രാറ്റിക്ക് കാനിബലിസം എന്ന പ്രയോഗം കണ്ടത്. ബ്യൂറോക്രാറ്റിക്ക് കാനിബലിസം ഏറ്റവും കൂടുതല്‍ പൊലീസിലാണ് എന്നാണ് ലക്ഷ്മിനാരായണന്‍ നിരീക്ഷിച്ചിട്ടുള്ളത്. അഴിമതിയോടോ കുറ്റകരമായ പ്രവൃത്തിയോടോ ഉള്ള എതിര്‍പ്പിനപ്പുറം സ്വാര്‍ത്ഥമായ സര്‍വ്വീസ് കണക്കുകൂട്ടലുകളും കടുത്ത വ്യക്തിവിരോധവും സ്വന്തം സഹപ്രവര്‍ത്തകനെതിരായ നടപടിയില്‍ പ്രതിഫലിക്കുന്നുവെങ്കില്‍ അതിനെ മറ്റെന്ത് പേരിട്ടാണ് വിളിക്കുക? അപരിഷ്‌കൃത മനുഷ്യരിലുള്ള എല്ലാ വാസനകളും ആധുനിക 'പരിഷ്‌കൃത' മനുഷ്യനിലുമുണ്ട്. അത് പ്രകടിപ്പിക്കുന്നതിലെ സങ്കീര്‍ണ്ണത, സാമര്‍ത്ഥ്യം, സാങ്കേതികവിദ്യ ഇവയൊക്കെ മാറുന്നുവെന്ന് മാത്രം.

രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വൈരനിര്യാതനബുദ്ധി അടിസ്ഥാന സ്വഭാവമായി മാറുമ്പോള്‍ അത് നിയമപരമായ അധികാര പ്രക്രിയയെ എത്രത്തോളം സ്വാധീനിക്കുകയും അധഃപതിപ്പിക്കുകയും ചെയ്യും എന്നതിന്റെ ഒരുപാട് ഉദാഹരണം കേരളത്തിന്റെ തൊട്ടടുത്തുള്ള തമിഴ്നാട്ടില്‍ തന്നെ ധാരാളമായി കണ്ടിട്ടുണ്ട്. രാഷ്ട്രീയ അധികാരം മാറുന്നതിനനുസരിച്ച് പഴയ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും ചീഫ് സെക്രട്ടറി, ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് എന്ന ആയുധമാണ് വൈരനിര്യാതനത്തിന്റെ ലക്ഷ്യം കാണാനുള്ള മാര്‍ഗ്ഗം. പൊലീസും വിജിലന്‍സുമെല്ലാം സൗകര്യപ്രദമായ ഉപകരണങ്ങള്‍ ആയി മാറുകയാണ്. അറസ്റ്റിനു ശേഷം എന്തു സംഭവിക്കുന്നു എന്നത്, ആരും വലിയ വിഷയമാക്കാറില്ല. പില്‍ക്കാലത്ത്, അറസ്റ്റിനാധാരമായ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കപ്പെടാം. പകവീട്ടല്‍ മാത്രം ലക്ഷ്യമാകുമ്പോള്‍ അതൊന്നും പ്രശ്‌നമല്ല.
സംസ്ഥാനത്ത് അറസ്റ്റ് എന്ന ആയുധം കൈവശമുള്ളത് സാദാ പൊലീസിന്റേയും വിജിലന്‍സ് പൊലീസിന്റേയും കൈവശമാണല്ലോ. ഈ ആയുധം പ്രയോഗിക്കുന്നതില്‍ കേരളത്തിലെ അവസ്ഥ ഇതര സംസ്ഥാനങ്ങളെക്കാള്‍ മെച്ചമായിരുന്നു. വൃത്തികെട്ട, തെറ്റായ അറസ്റ്റുകള്‍ താരതമ്യേന ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരുന്നു കേരളത്തില്‍. അക്കാലത്ത് വിജിലന്‍സില്‍ വളരെ അപൂര്‍വ്വം കേസുകളില്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യാറുണ്ടായിരുന്നുള്ളു. കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയിലും ഏതാണ്ട് അതുതന്നെ ആയിരുന്നു അന്നത്തെ അവസ്ഥ.
അറസ്റ്റു ചെയ്തിരുന്നത് കൈക്കൂലി കയ്യോടെ പിടിക്കപ്പെടുന്ന ട്രാപ്പ് കേസ്(Trap Case) എന്ന് അറിയപ്പെടുന്ന ഇനം കേസുകളില്‍ മാത്രമായിരുന്നു. അത്തരം ഒരു അറസ്റ്റില്‍ തന്നെ ഞങ്ങളൊരു പുലിവാല്‍ പിടിച്ചിരുന്നു. അഴിമതിക്കേസുകള്‍ പിടിക്കാനുള്ള അല്പം മത്സരബുദ്ധി അന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു. ആവേശത്തില്‍, ഒരു സബ്ബ് ഇന്‍സ്പെക്ടറെ തൊണ്ടിസഹിതം പിടിക്കാനുള്ള അവസരം ഒത്തുവരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ഞാനതിനെ പ്രോ ത്സാഹിപ്പിച്ചു. കടയ്ക്കാവൂരിലെ അയാളുടെ ക്വാര്‍ട്ടേഴ്സില്‍ വിജിലന്‍സ് സംഘം സാക്ഷികളുമായെത്തി. നടപടിക്രമങ്ങള്‍ ആദ്യം സുഗമമായി മുന്നേറി. കൈക്കൂലി തൊണ്ടി സഹിതം പിടിക്കപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് നീങ്ങി. ആ ഘട്ടത്തില്‍ എന്തോ സംശയം തോന്നിയിരിക്കണം എസ്.ഐയ്ക്ക്. അയാളും പൊലീസാണല്ലോ. അയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്‌തെന്ന് തോന്നുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തൊണ്ടിസഹിതം പിടിക്കുന്നതില്‍ വിജയിച്ചെങ്കിലും ആ സമയം എസ്.ഐയെ സഹായിക്കാന്‍ പുറത്തുനിന്ന് ചില പൊലീസുകാരെത്തി. അതോടെ സംഭവങ്ങളുടെ ഗതിമാറി. വിജിലന്‍സ് പൊലീസും സാദാപൊലീസും തമ്മിലുള്ള കായികമത്സരമായി അത് മാറി. മത്സരത്തില്‍, വിജിലന്‍സ് പൊലീസ് തന്നെ വിജയിച്ചു. കാരണം അവര്‍ കായികശേഷിയിലും ആത്മവീര്യത്തിലും ഉയര്‍ന്നു നിന്നു. ഈ സംഭവം വിജിലന്‍സ് ആസ്ഥാനത്ത് വിശദമായ അവലോകനത്തിനിടയായി. മറുഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥനാകുമ്പോള്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകളെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ കെ.ജെ. ജോസഫ് സാര്‍ തന്നെ ചില ആശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു.
ഇങ്ങനെ മുന്നോട്ട് പോകുന്നതിനിടയില്‍ വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കേസുകളില്‍ കൂടുതല്‍ അറസ്റ്റു നടപടികളിലേയ്ക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള ചില ആശയവിനിമയങ്ങള്‍ വകുപ്പിനുള്ളിലുണ്ടായി. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ അറസ്റ്റ് എന്ന ആശയത്തോട് എനിക്ക് ആഭിമുഖ്യം തോന്നിയില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം നിയമം എന്തനുശാസിക്കുന്നു എന്നതാണല്ലോ ഇക്കാര്യത്തില്‍ അന്തിമം. പുതിയ പശ്ചാത്തലത്തില്‍ അറസ്റ്റ് സംബന്ധിച്ച നിയമങ്ങള്‍ സൂക്ഷ്മമായി വീണ്ടും വായിച്ചു. സുപ്രീംകോടതിയുടെ മനോഹരമായ ചില നിയമവ്യാഖ്യാനങ്ങളും അറസ്റ്റിന്റെ കാര്യത്തില്‍ വെളിച്ചം പകരുന്നതായിരുന്നു. കൂടുതല്‍ മനസ്സിലാകും തോറും അറസ്റ്റിനെക്കുറിച്ചുള്ള എന്റെ ബോദ്ധ്യം കൂടുതല്‍ ശക്തിപ്പെട്ടു. അറസ്റ്റിന്റെ കാര്യത്തില്‍ നിയമം ഒരുപാട് വിവേചനാധികാരം പൊലീസിന് നല്‍കുന്നുണ്ട്. വിവേചനാധികാരമെന്നാല്‍ തോന്നുംപോലെ ചെയ്യാനുള്ള അധികാരം എന്ന രീതിയിലാണ് പല പൊലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചിരുന്നത്. ഒരു ഇന്‍സ്പെക്ടര്‍ പറഞ്ഞത്, തിരുവനന്തപുരം സിറ്റിയില്‍ ഡി.സി.പി ആയിരിക്കെ എന്റെ ശ്രദ്ധയില്‍ വന്നു; ''ഞാനാണിത് അന്വേഷിക്കുന്നത്, എനിക്കിത് എങ്ങനെയും കൊണ്ടുപോകാം, 'you see, I am the king', അഴിമതിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദമായിരുന്നു 'king'-ന്റേത്. 'King'-നെ സസ്പെന്റ് ചേയ്യേണ്ടിവന്നു എന്നത് കാര്യം വേറെ. ഈ 'King' മനോഭാവം ചില ഐ.പി.എസ് ഉദ്യോഗസ്ഥരേയും ചില കാലങ്ങളില്‍ ആവേശിക്കാറുണ്ട്, ജനാധിപത്യത്തില്‍ രാജാക്കളില്ലെങ്കിലും.

കൊലപാതകം, ബലാത്സംഗം പോലുള്ള അത്യന്തം ഹീനമായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് അനിവാര്യമാണ്. എന്നാല്‍, പല ചെറിയ കേസുകളിലും ബാഹ്യപരിഗണനകള്‍ അറസ്റ്റിന്റെ കാര്യത്തില്‍ കടന്നുവരുന്ന അവസ്ഥ പൊലീസില്‍ കണ്ടിരുന്നു. പക്ഷേ, വിജിലന്‍സില്‍ അതായിരുന്നില്ല അവസ്ഥ. നീതീകരിക്കാനാവാത്ത അറസ്റ്റൊന്നും അവിടെയുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, തിരുവനന്തപുരത്ത് എന്നോടൊപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി ഒരു ദിവസം അതിരാവിലെ എന്നെ വിളിച്ച്, അന്വേഷണത്തിലിരുന്ന ഒരു വിജിലന്‍സ് കേസില്‍ ഒരുന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഡി.ഐ.ജി നിര്‍ദ്ദേശിച്ചതായി പറഞ്ഞു. എനിക്കതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഡി.വൈ.എസ്.പിക്കും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ആ കേസിനെക്കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. മുഖ്യമായും രേഖകളെ ആധാരമാക്കിയുള്ള കേസായിരുന്നു അത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പുതുതായി ഒരു തെളിവും കണ്ടെത്താനുണ്ടായിരുന്നില്ല. വസ്തുതകളും നിയമവും വിലയിരുത്തിയാല്‍ നിയമപരമായി ആ അറസ്റ്റിന് യാതൊരു നീതീകരണവും ഞാന്‍ കണ്ടില്ല. അത്തരം ഒരു അറസ്റ്റിലൂടെ ശ്രദ്ധേയമായ ഒരു വാര്‍ത്ത സംസ്ഥാന വ്യാപകമായി സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ. ഉന്നത ബന്ധം അന്വേഷിക്കണം, ഗൂഢാലോചന കണ്ടെത്തണം എന്നൊക്കെ ഒരു റിപ്പോര്‍ട്ട് കൊടുത്താല്‍ കോടതിയും തല്‍ക്കാലം തൃപ്തരാകും. അന്വേഷണ ഘട്ടത്തില്‍ കോടതി ഇടപെടല്‍ വളരെ പരിമിതമാണല്ലോ. അറസ്റ്റു ചെയ്താല്‍ അഴിമതിക്കെതിരെ ധീരോദാത്ത നടപടി എന്ന് കുറേപ്പേര്‍ ഞങ്ങളെ പ്രശംസിക്കാനും ഇടയുണ്ടായിരുന്നു. കാരണം, സിനിമാ സ്‌ക്രീനിന് വെളിയില്‍, നാട്ടില്‍ ഹീറോകള്‍ കുറവാണല്ലോ. ഏതു കേസായാലും വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി എന്നതിനപ്പുറം അധികാരത്തിന്റെ ലക്ഷ്മണരേഖകളെക്കുറിച്ചുള്ള ബോദ്ധ്യം പൊലീസ് ഉദ്യോഗസ്ഥനു വേണം എന്നായിരുന്നു എന്റെ നിലപാട്. ഓഫീസിലെത്തിയ ശേഷം ഡി.ഐ.ജിയോട് നേരിട്ട് സംസാരിക്കാമെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പോകേണ്ടെന്നും ഞാന്‍ നിര്‍ദ്ദേശിച്ചു. ഇനി ഡി.ഐ.ജി വിളിക്കുകയാണെങ്കില്‍ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞുകൊള്ളാനും അറിയിച്ചു. ഡി.വൈ.എസ്.പിക്ക് വലിയ ആശ്വാസമായപോലെ തോന്നി; തോന്നിയതല്ല, അദ്ദേഹം അത് പറയുകയും ചെയ്തു. ഇതിനിടെ അറസ്റ്റിന്റെ കാര്യത്തില്‍ മറ്റൊരു നീക്കം നടന്നിരുന്നു. വിജിലന്‍സ് കോടതിയില്‍നിന്നും അറസ്റ്റ്വാറണ്ട് രഹസ്യമായി വാങ്ങാന്‍ കഴിയുമോ എന്നൊരു ശ്രമം നടത്തിയിരുന്നു. അറസ്റ്റ്വാറണ്ടിനുള്ള അപേക്ഷയില്‍ മറുഭാഗത്തിന്റെ വാദവും കേള്‍ക്കേണ്ടിവരും എന്ന നിലപാട് കോടതി സ്വീകരിച്ചു. അങ്ങനെ ആയാല്‍ അറസ്റ്റ് നീക്കം പാളിപ്പോകും എന്നതുകൊണ്ട് ആ നീക്കവുമായി മുന്നോട്ടുപോയില്ല. കോടതിയുടെ സമീപനത്തോട് എനിക്ക് മതിപ്പുതോന്നി. വിജിലന്‍സില്‍ അറസ്റ്റിനായി എന്തിനൊരു പുതിയ രീതി എന്നത് ജഡ്ജിയുടെ മനസ്സിലും ചില സന്ദേഹങ്ങള്‍ സൃഷ്ടിച്ചിരിക്കാം. അത്തരം സന്ദേഹവും ഉല്‍ക്കണ്ഠയും കോടതിയേക്കാള്‍ കൂടുതല്‍ വേണ്ടത് പൊലീസിനാണ് എന്നാണ് എന്റെ പക്ഷം. പൊലീസ് തെറ്റായി ഒരാളെ അറസ്റ്റ് ചെയ്താല്‍ പിന്നീട് കോടതി അയാളെ മോചിപ്പിച്ചാലും ആ മനുഷ്യന്‍ അയാളര്‍ഹിക്കാത്ത വേദന അനുഭവിച്ചു കഴിഞ്ഞിരിക്കും. അതാണ് നീതിനിഷേധം. കോടതി ഉത്തരവ് തെറ്റാണെങ്കില്‍ അപ്പീലില്‍ പിന്നെയും നീതി തേടാനുള്ള മാര്‍ഗ്ഗം തുറന്നു കിടക്കുന്നുണ്ട്. അറസ്റ്റിന്റെ കാര്യത്തില്‍ എന്റെ എതിര്‍പ്പ് വകുപ്പിനുള്ളില്‍ എല്ലാതലത്തിലും സൂക്ഷ്മപരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമായി. നിയമപരമായി ഒട്ടും ആവശ്യകത ഇല്ലാത്ത അറസ്റ്റ് എന്ന നിലപാട് ഞാന്‍ ആവര്‍ത്തിച്ചു. ഒപ്പം ഒരുകാര്യം കൂടി എന്നെ ഉല്‍ക്കണ്ഠപ്പെടുത്തി. അതും കൃത്യമായി പറഞ്ഞു. തമിഴ്നാട്ടിലും ചില സംസ്ഥാനങ്ങളിലും രാഷ്ട്രീയ അധികാരമാറ്റം അനുസരിച്ച് ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും ജയിലിലാകുന്ന ഒരു വൃത്തികെട്ട 'സംസ്‌കാരം' പൊലീസ്-വിജിലന്‍സ് ഭരണത്തിലുണ്ട്. ആരും ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നതല്ല. മറിച്ച് അറസ്റ്റ് എന്ന ആയുധം പൊലീസിലൂടെ ദുരുപയോഗം ചെയ്താണ് അത്തരമൊരു അവസ്ഥ അവിടെയുണ്ടായത്. മുന്‍ തമിഴ്നാട് ഡി.ജി.പി കൂടി ആയിരുന്ന ലക്ഷ്മി നാരായണന്‍ ബ്യൂറോക്രാറ്റിക് കാനിബലിസത്തെക്കുറിച്ച് പറഞ്ഞത് ഇതൊക്കെ കണ്ടുകൊണ്ടായിരിക്കാം. ഒരു കാര്യം ഞാനല്പം കടത്തിപ്പറഞ്ഞു. ഭാവിയില്‍, മറ്റൊരു രാഷ്ട്രീയ അവസ്ഥയില്‍ വൈരനിര്യാതനബുദ്ധിയില്‍ അന്നത്തെ 'ശക്തന്മാര്‍', ഇന്നത്തെ ചീഫ് സെക്രട്ടറിയേയോ ഡി.ജി.പിയേയോ ജയിലിലാക്കണമെന്ന് മോഹിച്ചാല്‍ ''അതിന് വകുപ്പുണ്ടല്ലോ സാര്‍'' എന്നു പറയുന്ന വൃത്തികെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേരളത്തിലുമുണ്ടാകും. അത്തരമൊരു 'സംസ്‌കാരം' കേരളത്തിലോട്ട് ഇറക്കുമതി ചെയ്യുന്നതിന് വിജിലന്‍സ് കൂട്ടുനില്‍ക്കരുത് എന്നായിരുന്നു എന്റെ നിലപാട്. ശക്തിയുക്തം വാദിച്ചുവെങ്കിലും എന്റെ നിലപാട് തള്ളപ്പെട്ടു. എങ്കിലും ആ അറസ്റ്റ് നടന്നില്ല.
(തുടരും)