അഴിമതിയുടെ ജലസേചനവും ചില അന്യഗ്രഹ ജീവികളും

രണ്ടു കൊല്ലത്തിനുള്ളില്‍ വീണ്ടും വിജിലന്‍സിലെത്തുമ്പോള്‍ അവിടെ ഒരു പുതു ചൈതന്യം പ്രകടമായിരുന്നു. ആറുമാസം മുന്‍പ് ചുമതലയേറ്റ പുതിയ ഡയറക്ടര്‍ കെ.ജെ. ജോസഫ് ആയിരുന്നു അതിനു കാരണം.
അഴിമതിയുടെ ജലസേചനവും ചില അന്യഗ്രഹ ജീവികളും

ണ്ടു കൊല്ലത്തിനുള്ളില്‍ വീണ്ടും വിജിലന്‍സിലെത്തുമ്പോള്‍ അവിടെ ഒരു പുതു ചൈതന്യം പ്രകടമായിരുന്നു. ആറുമാസം മുന്‍പ് ചുമതലയേറ്റ പുതിയ ഡയറക്ടര്‍ കെ.ജെ. ജോസഫ് ആയിരുന്നു അതിനു കാരണം. സര്‍ക്കാരും തുടക്കത്തില്‍ അദ്ദേഹത്തിനു വലിയ പിന്തുണ നല്‍കി. ജനാധിപത്യ സര്‍ക്കാരുകള്‍ പൊതുവേ അങ്ങനെയാണ്. ''അഴിമതി വച്ച് പൊറുപ്പിക്കില്ല'' എന്ന് പറഞ്ഞ് ഭരണം തുടങ്ങും. അധികാരം ഇല്ലാത്തപ്പോള്‍ അതു പറയാന്‍ എളുപ്പമാണ്. അധികം കഴിയും മുന്‍പേ, അധികാരമാണ് അഴിമതിയുടെ ഉത്ഭവസ്ഥാനം എന്ന ചരിത്രത്തിന്റെ പാഠം നിര്‍ദ്ദയം മുഖാമുഖം നില്‍ക്കും. ക്രമേണ, അഴിമതിവിരുദ്ധത മിക്കവാറും ചില വായ്ത്താരികളിലൊതുങ്ങും. നഗരത്തിലെ ക്രമസമാധാനം വിട്ട് വിജിലന്‍സിലേയ്ക്ക് വരാന്‍ ജോസഫ് സാര്‍ വിളിച്ചപ്പോള്‍ പുതിയ അന്തരീക്ഷം തന്നെയാകണം എന്നെയും ആകര്‍ഷിച്ചത്. കുറ്റാന്വേഷണമാണ് സാദാ പൊലീസിന്റെ ഒരു പ്രധാന ജോലിയെങ്കില്‍ അഴിമതി എന്ന കുറ്റം മാത്രം അന്വേഷിക്കുകയാണ് വിജിലന്‍സ് പൊലീസിന്റെ ജോലി. ലളിതമായി പറഞ്ഞാല്‍ അത്രയേ   ഉള്ളൂ   ഡി.സി.പി എന്ന നിലയിലുള്ള എന്റെ പഴയ ജോലിയും വിജിലന്‍സ് എസ്.പി   എന്ന നിലയിലുള്ള ഇപ്പോഴത്തെ ജോലിയും തമ്മിലുള്ള വ്യത്യാസം. എങ്കിലും അതത്ര ലളിതവുമല്ല. തലസ്ഥാനത്ത് ഏതാനും മോഷ്ടാക്കള്‍ ഒരു ഭവനഭേദനം നടത്തി ഒന്നോ രണ്ടോ ലക്ഷം രൂപയുടെ സ്വത്ത് അപഹരിച്ചാല്‍ അത് മഹാസംഭവമാണ്. ''നഗരം കുറ്റവാളികളുടെ പിടിയില്‍'', ''പൊലീസ് നിഷ്‌ക്രിയം'' എന്നൊക്കെ മാധ്യമങ്ങള്‍ തലക്കെട്ട് നിരത്തും. അതില്‍ തെറ്റുമില്ല. അതേസമയം ഏതെങ്കിലും ഉദ്യോഗസ്ഥനോ മന്ത്രിയോ ഒറ്റയ്‌ക്കോ കൂട്ടുചേര്‍ന്നോ ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് അഞ്ചോ പത്തോ കോടി രൂപ മോഷ്ടിച്ചാലും അത് മിക്കപ്പോഴും ആരും അറിഞ്ഞുവെന്നുപോലും വരില്ല. അഥവാ അത് വാര്‍ത്ത ആയാല്‍ പോലും ആദ്യത്തെ കേസിലെപ്പോലെ മോഷ്ടാക്കള്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാകാറില്ല. ആദ്യമോഷണത്തില്‍ നഷ്ടമായത് സ്വകാര്യ സ്വത്താണെങ്കില്‍ രണ്ടാമത്തേതില്‍ നഷ്ടമാകുന്നത് പൊതുമുതലാണ് എന്ന വ്യത്യാസമേയുള്ളു. പൊതുമുതല്‍ മോഷണം കണ്ടുപിടിക്കുക ദുഷ്‌കരമാണ്. ഇക്കാര്യം സാക്ഷാല്‍ ചാണക്യന്‍ തന്നെ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്; ''വെള്ളത്തില്‍ നീന്തുന്ന മത്സ്യം എപ്പോഴാണ് വെള്ളം കുടിക്കുന്നത് എന്ന് അറിയുക എത്ര അസാദ്ധ്യമാണോ അത്രയും അസാദ്ധ്യമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതുമുതല്‍   മോഷ്ടിക്കുന്നത് കണ്ടെത്താന്‍.'' രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ക്കു   മുന്‍പ് ചാണക്യന്‍ കണ്ടെത്തിയത്, ഇന്നത്തേയും അവസ്ഥ തന്നെ. 

വിജിലന്‍സ് അന്വേഷണത്തില്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടാതേയും നിരപരാധി പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കിയും സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കണമെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റാന്വേഷണ മികവിനോടൊപ്പം ഉന്നതമായ നീതിബോധവും പുലര്‍ത്തിയേ തീരൂ എന്ന് കൂടുതല്‍ മനസ്സിലാക്കി. ഏതു കേസായാലും സംശയം തെളിവിനു പകരമാവില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കറിയാം. സംശയത്തിന്റെ പുറകെ കുറേദൂരം സഞ്ചരിച്ച് തെളിവ് കണ്ടെത്താന്‍ ശ്രമിച്ചിട്ടും കുറ്റത്തില്‍ പങ്കാളിയായി എന്നതിന് ന്യായമായ ബോദ്ധ്യം വരുന്നില്ലെങ്കില്‍ അയാളുടെ പേരില്‍ കുറ്റം ആരോപിക്കാനാകില്ല. അതാണ് നിയമം. പക്ഷേ, ഈ ഘട്ടത്തില്‍ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വയം സംശയാലുക്കളാകും. ''ഞാനെങ്ങാനും അയാളെ ഒഴിവാക്കിയാല്‍ എന്റെ സത്യസന്ധതയെ അത് ബാധിക്കുമോ?'' എന്ന് ചിന്തിക്കും. അതിലുപരി അതൊരു പ്രതിച്ഛായാ പ്രശ്‌നമായി കരുതുന്നവരുമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ വിജിലന്‍സ് ഡയറക്ടറുടേത് വളരെ കൃത്യമായ കാഴ്ചപ്പാടായിരുന്നു. ഒരു വ്യക്തിയെക്കുറിച്ച് എന്തെല്ലാം സംശയങ്ങള്‍ ഉണ്ടെങ്കിലും തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം എടുക്കുക എന്ന് അദ്ദേഹം മീറ്റിങ്ങുകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അക്കാര്യത്തില്‍ മറ്റൊരു പരിഗണനയ്ക്കും പ്രസക്തിയില്ല. 

ടിഎൻ ശേഷൻ
ടിഎൻ ശേഷൻ

അഴിമതിയുടെ കൈവഴികള്‍

ഞാന്‍ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം റേഞ്ചില്‍ ആലപ്പുഴ മുതല്‍ തെക്കോട്ടുള്ള ജില്ലകളിലെ പ്രധാനപ്പെട്ട പല കേസുകളും പല ഘട്ടങ്ങളിലായി ഉണ്ടായിരുന്നു. വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരുന്ന ഒരു കേസിലെ അനുഭവം ഓര്‍ക്കുന്നു. ഞാനവിടെ എത്തുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ എത്തിയിരുന്ന കേസായിരുന്നു അത്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട ആ കേസ് അന്വേഷണകാലത്ത് കുറേ കോളിളക്കമുണ്ടാക്കിയിരുന്നു. മുതിര്‍ന്ന ഒരു ഐ.എ.എസ്   ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അതില്‍ പ്രതിയായിരുന്നു. കേസില്‍, ഒരു നിയമപ്രശ്നത്തിന്മേല്‍ ഞാനും ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്നു. പില്‍ക്കാലത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആയ വി.ജി. ഗോവിന്ദന്‍ നായരായിരുന്നു സര്‍വ്വീസില്‍നിന്നും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനുവേണ്ടി ഹാജരായത്.   വാദപ്രതിവാദങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ഞാനും കോടതിയിലുണ്ടായിരുന്നു. വി.ജി. ഗോവിന്ദന്‍ നായര്‍ വളരെ സമര്‍ത്ഥമായി വസ്തുതകള്‍ വ്യാഖ്യാനിച്ച് കേസ് വിചാരണയ്ക്കു പോകുന്നതിനെ എതിര്‍ത്തു. എങ്കിലും ഇരുഭാഗവും സൂക്ഷ്മമായി ശ്രദ്ധിക്കുമ്പോള്‍, വസ്തുതകള്‍ പ്രോസിക്യൂഷന് അല്പം മുന്‍തൂക്കം നല്‍കുന്നതുപോലെ തോന്നി. എല്ലാം ശ്രദ്ധിച്ചുകൊണ്ട് പ്രതിക്കൂട്ടില്‍ നിന്നിരുന്ന വിരമിച്ച ആ ഉദ്യോഗസ്ഥന്റെ നെറ്റിയില്‍ വിയര്‍പ്പിന്റെ കണങ്ങള്‍ പൊടിയുന്നത് ഞാന്‍ കണ്ടു. അതെന്നെയും അസ്വസ്ഥനാക്കി. എനിക്ക് അദ്ദേഹത്തെ നേരിട്ട് മുന്‍പരിചയമില്ലായിരുന്നു. പൊതുവേ നല്ല നിലയിലാണ് അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളത്. കോടതിയിലിരുന്ന കേസില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും എനിക്ക് വലിയ ധാരണയില്ലായിരുന്നു. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാപേരും പുറത്തിറങ്ങിയപ്പോള്‍ അല്പം മടിയോടെ ആയിരുന്നെങ്കിലും വിരമിച്ച ആ ഉദ്യോഗസ്ഥന്റെ സമീപം ചെന്ന് ഞാന്‍ സ്വയം പരിചയപ്പെടുത്തി. ഇതൊന്നും   ഞാനൊട്ടും ആസ്വദിക്കുന്നില്ല എന്ന് മാത്രം പറഞ്ഞു. അദ്ദേഹവും ''എനിക്കറിയാം, Don't bother (കാര്യമാക്കേണ്ട)'' എന്നു പറഞ്ഞു. വ്യക്തിപരമായ ഒരു കാലുഷ്യവും ആ വാക്കുകളില്‍ കണ്ടില്ല. തിരികെ കാറില്‍ കയറുമ്പോഴും കേസില്‍ അദ്ദേഹം എങ്ങനെ പ്രതിയായി എന്നതിനെക്കുറിച്ച് ആയിരുന്നു എന്റെ ചിന്ത. ആ മനുഷ്യന്‍ അഴിമതിക്കാരനാണ് എന്ന് ബ്യൂറോക്രാറ്റിക്ക് ഉപശാലകളിലും പറഞ്ഞുകേട്ടിട്ടില്ല. 

അഴിമതി നിരോധന നിയമമനുസരിച്ച് ഒരു കേസില്‍ പ്രതിയാകുന്ന വ്യക്തി നേരിട്ട് കൈക്കൂലി വാങ്ങിയതിന് തെളിവ് വേണമെന്നില്ല. വന്‍കിട അഴിമതികളില്‍ അത്തരം തെളിവ് ഏതാണ്ട് അസാദ്ധ്യവുമാണല്ലോ. കാരണം അഴിമതിയിലൂടെ പ്രയോജനം കിട്ടുന്ന സ്വകാര്യവ്യക്തികളും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍, മന്ത്രി തുടങ്ങിയവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണല്ലോ വന്‍കിട അഴിമതികള്‍ അരങ്ങേറുന്നത്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രധാനമായും തെളിവു ശേഖരിക്കുന്നത് സര്‍ക്കാരുമായുള്ള   ഇടപാടില്‍ സ്വകാര്യ വ്യക്തിക്ക് അന്യായമായ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നാണ്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നത് പലപ്പോഴും ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച് അതില്‍നിന്നും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ബോധപൂര്‍വ്വം ആര്‍ക്കെങ്കിലും   സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന നിലപാട് ഉദ്യോഗസ്ഥന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തിയാണ്. ചില ഉദ്യോഗസ്ഥര്‍ സ്വയം സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെങ്കിലും രാഷ്ട്രീയ നേതാക്കളുടേയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ സമ്മര്‍ദ്ദത്തിനു വഴങ്ങി ഫയലില്‍ നിലപാട് സ്വീകരിക്കുന്നത് വിനയായി തീരാം. ഏതു രീതിയിലാണ് ആ ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്തെത്തിയതെന്ന് വ്യക്തമല്ലായിരുന്നു. 

ഫയലുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച്, ഐ.പി.എസില്‍ ചേര്‍ന്ന കാലത്ത് മസൂരിയിലെ ലാല്‍ബഹദൂര്‍ശാസ്ത്രി അക്കാദമിയില്‍ ഫൗണ്ടേഷന്‍ കോഴ്സില്‍ കേള്‍ക്കുവാനിടയായ   ഒരു വിശിഷ്ട വ്യക്തിയുടെ വാക്കുകള്‍ ഓര്‍ക്കുന്നു. അന്ന് അദ്ദേഹം കേന്ദ്രഗവണ്‍മെന്റില്‍ സെക്രട്ടറിയായിരുന്നു. പേര് ടി.എന്‍. ശേഷന്‍. പില്‍ക്കാലത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും എത്ര മഹത്തായിരുന്നുവെന്ന് രാജ്യം കണ്ടതാണ്. അതേ ശൈലി തന്നെയായിരുന്നു സെക്രട്ടറിയായിരുന്ന ശേഷനില്‍നിന്നും മസൂരിയില്‍ ഞങ്ങള്‍ കേട്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മ്മം കലര്‍ന്ന ശൈലിയില്‍ ഭരണവൈഭവവും മൂല്യബോധവും ജ്വലിച്ചുനിന്ന അനുഭവങ്ങള്‍ ആ ഹാളില്‍ മുഴങ്ങി. അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ അക്കാദമി ഡയറക്ടര്‍ ബി.എന്‍. യുഗാന്തറും വേദിയിലുണ്ട്. ടി.എന്‍. ശേഷനോടൊപ്പം വന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും സദസില്‍ ഇരുന്നു. 'Mr Yuganther, Respected wife   and dear probationers' (''ശ്രീ യുഗാന്തര്‍, ബഹുമാനപ്പെട്ട ഭാര്യ, പ്രിയ പ്രൊബേഷണര്‍മാരെ'') എന്ന സംബോധനയോടെയാണ് അദ്ദേഹം തുടങ്ങിയത്. ദീര്‍ഘമായ പ്രഭാഷണത്തില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധവും ഭരണത്തിലെ അഴിമതിയും സമ്മര്‍ദ്ദങ്ങളും എല്ലാം ഉദാഹരണസഹിതം സരസമായി പരാമര്‍ശിച്ചു. ഒരു കാര്യം മനസ്സില്‍ പതിഞ്ഞു; ഏതു വിഷയത്തിലും ഉദ്യോഗസ്ഥന്റെ നിലപാട് എന്തായിരുന്നുവെന്ന് ഫയലുകള്‍ സ്വയം സംസാരിക്കണം. അവിടെ അറച്ചുനില്‍ക്കാന്‍ പാടില്ല. പില്‍ക്കാലത്ത്, വിജിലന്‍സില്‍ കണ്ട ചില ഫയലുകള്‍ സംസാരിക്കുന്നുണ്ട്. പക്ഷേ കേള്‍ക്കുന്നത്, കേട്ടുകൂടാത്തതാണെന്നു മാത്രം. സ്വയം സംസാരിക്കുന്ന നിശബ്ദതയും ചിലേടത്ത് ഫയലുകളില്‍ കൂടിയിരുന്നു. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, അന്ന് അക്കാദമി ഡയറക്ടറായിരുന്ന ബി.എന്‍. യുഗാന്തറും സര്‍വ്വീസിലുടനീളം ഉന്നത മൂല്യബോധം പുലര്‍ത്തിയ ഉജ്ജ്വല മാതൃകയായിരുന്നു. പില്‍ക്കാലത്ത് സിവില്‍ സര്‍വ്വീസില്‍ തഴച്ചുവളര്‍ന്ന അഴിമതി കണ്ടാല്‍ യുഗാന്തറും ശേഷനുമെല്ലാം ഏതോ അന്യഗ്രഹജീവികളായിരുന്നോ എന്നു തോന്നാം. 

ബിഎൻ യു​ഗാന്തർ
ബിഎൻ യു​ഗാന്തർ

നമുക്ക് കവടിയാറിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിജിലന്‍സ് എസ്.പിയുടെ കണ്ടാല്‍ വലിയ മോടിയൊന്നും തോന്നാത്ത ഓഫീസിലേയ്ക്ക് മടങ്ങാം. ഒരു ദിവസം അവിടെ എനിക്കൊരു അപ്രതീക്ഷിത സന്ദര്‍ശകനുണ്ടായിരുന്നു. താരതമ്യേന ചെറുപ്പമായിരുന്ന ആ എന്‍ജിനീയറെ എനിക്കറിയാമായിരുന്നു. വിദ്യാഭ്യാസംകൊണ്ട് ഞാനും എന്‍ജിനീയര്‍ ആയിരുന്നല്ലോ. അന്ന് അദ്ദേഹം ഒരു പൊതുമേഖലാ   സ്ഥാപനത്തില്‍ താരതമ്യേന ഉയര്‍ന്ന പദവിയിലായിരുന്നു. വരുമാനത്തില്‍ കവിഞ്ഞ വലിയ ആര്‍ഭാടമൊന്നുമില്ലാതെ നേരെ ചൊവ്വേ ജീവിക്കുന്ന മനുഷ്യനാണ് അയാള്‍ എന്നാണെന്റെ ബോധ്യം. പൊതുമേഖലാ സ്ഥാപനത്തിലേയ്ക്ക് മാറും മുന്‍പ് അയാള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴില്‍ ജലസേചന വകുപ്പില്‍ കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ കുറേക്കാലം ജോലി ചെയ്തിരുന്നു. ജലസേചന പദ്ധതിയെന്നാല്‍ സാധാരണ മനസ്സില്‍ വരുന്നത്, അതിലൂടെ കൈവരുന്ന കാര്‍ഷികാഭിവൃദ്ധി, കുടിവെള്ളമെത്തുന്നതിന്റെ പ്രയോജനം എന്നിങ്ങനെ മനസ്സില്‍ കുളിരുകോരുന്ന കാര്യങ്ങളാണ്. പക്ഷേ, കല്ലട ജലസേചന പദ്ധതിയില്‍ 'കുളിരു കോരിയത്' അഴിമതി സാദ്ധ്യത മനസ്സിലാക്കിയ ഉദ്യോഗസ്ഥ - രാഷ്ട്രീയ വൃന്ദത്തിനും കോണ്‍ട്രാക്ടര്‍മാര്‍ക്കുമൊക്കെയാണ്. അതിന്മേലുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ മേല്‍നോട്ടം എനിക്കായിരുന്നു. അന്വേഷണം മുന്നോട്ട് പോകുന്തോറും ഡസന്‍ കണക്കിനു കേസുകളാണ്   രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അക്കാലത്ത് കൊല്ലം വിജിലന്‍സ് യൂണിറ്റിന്റെ ചുമതല വഹിച്ചിരുന്ന ഡി.വൈ.എസ്.പി പ്രഭാകരന്‍ നായര്‍ ഈ കേസുകളുടെ അന്വേഷണത്തില്‍ മികച്ച പങ്കുവഹിച്ചു. പ്രാപ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേസുകളുടെ ബാഹുല്യംകൊണ്ട് അന്വേഷണം മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. അഴിമതിയുടെ ഒരു സവിശേഷ modus operandi (പ്രവര്‍ത്തനരീതി) ഏതാണ്ട് ശാസ്ത്രീയമായ രീതിയില്‍ കല്ലട പദ്ധതിയിലൂടെ മുന്നേറിയിരുന്നു. അതിന്റെ ഒരു പ്രധാന ഘടകം extra work (അധികജോലി) എന്നാണറിയപ്പെട്ടിരുന്നത്. കനാല്‍ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ വിഭജിച്ച് വിവിധ കരാറുകള്‍ ഉണ്ടാക്കിയിരുന്നു. ചെറു പദ്ധതികള്‍ നടപ്പിലാക്കുന്ന കോണ്‍ട്രാക്ടറും പ്രോജക്ടിന്റെ ചുമതയുള്ള ഉദ്യോഗസ്ഥരും തമ്മില്‍ ആയിരിക്കും കരാര്‍. വ്യവസ്ഥ അനുസരിച്ച് നിര്‍മ്മാണം നടത്തി അതില്‍നിന്നും അര്‍ഹമായ ലാഭം നേടാം. അതാണ് ന്യായം. പക്ഷേ, കരാറിനു പുറമെയുള്ള ജോലി എന്ന വ്യാജേന 'അധികജോലി' കണ്ടെത്തും. അഴിമതിയുടെ ക്രിയാത്മക മാര്‍ഗ്ഗമായിരുന്നു പല 'അധികജോലി'കളും. ചില അധികജോലികള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന് കനാല്‍ നിര്‍മ്മിക്കുമ്പോള്‍ കുഴിച്ചെടുക്കുന്ന മണ്ണ് അകലേയ്ക്ക് മാറ്റണമല്ലോ. അതിനുള്ള വ്യവസ്ഥകളും ചെലവ് കണക്കാക്കാനുള്ള നിരക്കുകളും   എല്ലാം കരാറിലുണ്ടായിരിക്കും ഒരു 'ബുദ്ധിമാന്‍' ചെയ്തത് കനാലില്‍നിന്നും കുറെ അകലെ ഒരു വയല്‍ വിലയ്ക്ക് വാങ്ങി. കനാലില്‍നിന്ന് നീക്കം ചെയ്ത് മണ്ണ് ഉപയോഗിച്ച് വയല്‍ നികത്തി. നെല്‍പ്പാടം നികത്തല്‍ തന്നെ ലാഭകരമായ ഏര്‍പ്പാടാണല്ലോ. എന്നു മാത്രമല്ല, ഇതെല്ലാം അധികജോലിയായി വന്‍തുക അനധികൃതമായി കൈപ്പറ്റുകയും ചെയ്തു. ചുരുക്കത്തില്‍ സര്‍ക്കാര്‍ ചെലവില്‍ സ്വന്തം വയല്‍കൂടി നികത്തി അങ്ങനേയും കൂടി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഭാവനാപൂര്‍ണ്ണമായ പരിപാടി ജലസേചന പദ്ധതിയില്‍ കണ്ടു. ഈ കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിഭാഗം വാദം കൗതുകകരമായിരുന്നു. കനാലിനായി കുഴിച്ചെടുത്ത മണ്ണിടാന്‍ ഇടമില്ലാതെ പാവം കോണ്‍ട്രാക്ടര്‍, അകലെയുള്ള സ്വന്തം വയലില്‍ ആ ഭാരം താങ്ങുകയാണത്രെ. വയല്‍ നികത്തല്‍ എന്നത് 'ഭാരോദ്വഹന'മാക്കിയ ആദ്യത്തെ സംഭവമായിരിക്കണം അത്. കേസിന്റെ വിചാരണവേളയില്‍ ആ അത്യപൂര്‍വ്വ ഭാരോദ്വഹനം നേരിട്ട് കാണാന്‍ കോടതിയെക്കൂടി ക്ഷണിക്കാമെന്ന് ഞാന്‍ ഡി.വൈ.എസ്.പി പ്രഭാകരന്‍ നായരോട് പറഞ്ഞു. അതനുസരിച്ച് കോടതിക്ക് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. അങ്ങനെ വിചാരണക്കോടതി നേരിട്ട് സ്ഥലത്തുവന്ന് വഴിവിട്ട വയല്‍ നികത്തല്‍ എന്ന് വാദിഭാഗവും പാവം വയലിന്റെ ഭാരം താങ്ങല്‍ എന്ന് പ്രതിഭാഗവും പറഞ്ഞ ദൃശ്യം കണ്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച കോടതിക്കു വസ്തുതകള്‍ കൃത്യമായി ബോദ്ധ്യപ്പെട്ടുവെന്ന് അധികം വൈകാതെ വിധിവന്നപ്പോള്‍ മനസ്സിലായി. കല്ലട ജലസേചനം എന്ന അഴിമതിശൃംഖലയില്‍ ആദ്യമായി ഒരു കേസില്‍   കോണ്‍ട്രാക്ടറും എന്‍ജിനീയര്‍മാരും അടക്കമുള്ളവരെ കോടതി ശിക്ഷിച്ചു. കേസ് അന്വേഷണം, വിചാരണ എന്നങ്ങനെ അഴിമതിക്കേസുകള്‍ ദശകങ്ങളോളം നീണ്ട് നീണ്ട് എങ്ങുമെത്താതെ അവസാനിക്കും എന്ന പ്രതികളുടെ ആശ്വാസചിന്തയ്ക്ക് ഒരടിയായിരുന്നു ഈ വിധി. പിന്നീട് ഹൈക്കോടതിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ആയിരുന്നു അന്നത്തെ വിജിലന്‍സ് ജഡ്ജി. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും സമയബന്ധിതമായി വിചാരണനടപടി പൂര്‍ത്തീകരിക്കാന്‍ സഹായകമായി. വിചാരണ നടക്കുന്ന ഒരവസരത്തില്‍ ഞാനും കോടതിയിലുണ്ടായിരുന്നു. കേസില്‍ തെളിവായെടുക്കുന്ന ഒരു രേഖയെക്കുറിച്ച് വാദിഭാഗത്തിനും പ്രതിഭാഗത്തിനും ചെറിയ ആശയക്കുഴപ്പമുണ്ടായി. അതെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നത് ജഡ്ജിക്കാണെന്ന് അദ്ദേഹത്തിന്റെ ഇടപെടലില്‍നിന്നു വ്യക്തമായി. എത്ര സൂക്ഷ്മതയോടെയാണ് അദ്ദേഹം കേസിന്റെ വസ്തുതകള്‍ പഠിച്ചിരുന്നതെന്ന് അന്നെനിക്ക് മനസ്സിലായി. അനന്തമായി നീണ്ടുപൊയ്‌ക്കൊണ്ടിരുന്ന അഴിമതിക്കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും അക്കാലത്ത് ഒരു പുതിയ ഊര്‍ജ്ജം പ്രകടമായിരുന്നു.

സര്‍വ്വീസിന്റെ തുടക്കത്തില്‍ കല്ലട ഇറിഗേഷനില്‍ ജോലി ചെയ്യാനിടായായ ഹതഭാഗ്യനായ ഒരു എന്‍ജിനീയറുടെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. മുകളില്‍ വിവരിച്ചതുപോലൊരു കേസില്‍ ഉള്‍പ്പെടുമോ എന്നൊരു സന്ദേഹം അയാള്‍ക്കുണ്ടായിരുന്നു. ആ സമയത്ത് അത്തരമൊരു കേസ് എന്റെ ശ്രദ്ധയില്‍ വന്നിരുന്നില്ല. അയാളുമായുള്ള സംഭാഷണത്തില്‍നിന്നും വളരെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റെ താല്പര്യമനുസരിച്ച് വഴിവിട്ട ഒരു അധികജോലിയില്‍ അയാളും പങ്കാളിയായോ എന്നെനിക്കു തോന്നി. ഇറിഗേഷനില്‍നിന്നും മാറിപ്പോയശേഷവും വലിയ ഭയഭക്തി ബഹുമാനത്തോടെയാണയാള്‍ ആ ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കുറിച്ച് പരാമര്‍ശിച്ചത്. ആ ഉദ്യോഗസ്ഥന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടത്രെ. എല്ലാം കൂടിയായപ്പോള്‍ അവരുടെ കൈയിലെ പാവയായിരുന്നിരിക്കാം, സര്‍വ്വീസിലെ ഈ തുടക്കക്കാരന്‍ എന്നെനിക്കു തോന്നി.

ഒരു കാര്യം വ്യക്തമാണ്. ഉദ്യോഗസ്ഥരുടെ വഴിപിഴച്ച പോക്ക് കൊണ്ടുമാത്രം സംഭവിക്കുന്ന അഴിമതിയാണെങ്കില്‍ അതിനൊരു പരിധിയും നിയന്ത്രണവുമുണ്ടാകും. പക്ഷേ, കല്ലട ജലസേചനം പോലെ അഴിമതി സര്‍വ്വത്ര വ്യാപിക്കുന്നത് അതില്‍ രാഷ്ട്രീയംകൂടി കലരുമ്പോഴാണ്. ഒരു വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കില്‍, ആ വകുപ്പില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടനുഭവിക്കുക. കല്ലട അഴിമതി അന്വേഷണവുമായി മുന്നോട്ട് പോയപ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമായി. ഒരു കേസിലെ സാഹചര്യം അല്പം അസാധാരണമായി തോന്നി. ''അധികജോലി' തന്നെയായിരുന്നു അഴിമതിയുടെ മാര്‍ഗ്ഗം. പക്ഷേ, ആ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഒരു എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ താല്‍ക്കാലികമായി അവിടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു. അവിടെ സ്ഥിരം പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ മൂന്ന് മാസം അവധിക്കു പോകുമ്പോള്‍ ചുമതല വഹിച്ചിരുന്ന ഈ മനുഷ്യന് എങ്ങനെ ഇക്കാര്യത്തിന് ധൈര്യംവന്നു എന്ന് ആദ്യം മനസ്സിലായില്ല. കൂടുതല്‍ മുന്നോട്ടുപോയപ്പോഴാണ് ആ കടങ്കഥയുടെ ഉത്തരം കിട്ടിയത്. അവധിയില്‍ ആയിരുന്ന ഉദ്യോഗസ്ഥന്‍ തന്നെ അത് വ്യക്തമാക്കി. 'അധികജോലി' എന്ന അഴിമതിയുടെ ചക്കരക്കുടത്തില്‍ കയ്യിട്ടുവാരുവാനുള്ള ആദ്യ പ്രപ്പോസല്‍ വന്നത് അയാള്‍ അവധിയില്‍ പോകുന്നതിനു മുന്‍പാണ്. എന്നാല്‍ അയാള്‍ ആ പ്രലോഭനത്തില്‍ വീണില്ല. ഇത്തരം ഏര്‍പ്പാടുകള്‍ വിജയിക്കണമെങ്കില്‍ അഴിമതി ശൃംഖലയിലെ എല്ലാ പ്രധാന കണ്ണികളും ഒരുപോലെ ചേര്‍ന്നു നില്‍ക്കണം. അതിലൊരാള്‍ക്ക് 'ധാര്‍മ്മികതയുടെ അസ്‌കിത' ഉണ്ടായാല്‍ കാര്യം നടക്കില്ല. ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നത് അഴിമതിയുടെ കാര്യത്തിലും ശരിയാണ്; പൊതുമുതല്‍ മോഷണത്തിനും ഒരുമ കൂടിയേ തീരൂ. ഒരു 'വിവരം കെട്ടവനെ'ക്കൊണ്ട് കുറുക്കുവഴിയിലൂടെ പണം സമ്പാദിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടരുതല്ലോ. ആ ഘട്ടത്തില്‍ പ്രശ്‌നം പരിഹരിച്ചത് ഭരണതന്ത്രജ്ഞനായ മന്ത്രി ഇടപെട്ടാണത്രെ. ഇക്കാര്യത്തില്‍ സഹകരിക്കാനായില്ലെങ്കില്‍ തല്‍ക്കാലം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മൂന്ന് മാസം അവധിയെടുക്കട്ടെ, പകരം ചുമതല മറ്റൊരാള്‍ക്കു നല്‍കാം എന്ന 'ക്രിയാത്മക ഇടപെടല്‍' നടത്തി മന്ത്രിയുടെ ഓഫീസ്. പറ്റിയ ആളുകള്‍ അവിടെ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നിരിക്കണം. അധികജോലി' നിര്‍വ്വഹിച്ചുകഴിഞ്ഞ് മനസ്സാക്ഷി പ്രശ്‌നമുള്ളവനെ അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്യാം. അങ്ങനെയാകുമ്പോള്‍ കാര്യം നടക്കുകയും ചെയ്യും 'ധാര്‍മ്മികന്‍' ബുദ്ധിമുട്ടുകയും വേണ്ട. അഴിമതിയുടെ ജലസേചനം അങ്ങനെയൊക്കെയാണ് തഴച്ചുവളര്‍ന്നത്. 

ജസ്റ്റിസ്. പിഎൻ ​ഗോപിനാഥൻ
ജസ്റ്റിസ്. പിഎൻ ​ഗോപിനാഥൻ

ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കാലാവസ്ഥയില്‍ അഴിമതിക്കൃഷി നൂറുമേനി വിളയിച്ച് മുന്നേറുന്ന ചില 'കര്‍ഷകശ്രീ'കളെ കണ്ടിട്ടുണ്ട്. സാധാരണ ഇത്തരം 'കര്‍ഷകര്‍' പൊതുവേ സാധുക്കളും മറ്റുള്ളവരെ വെല്ലിവിളിക്കാനൊന്നും മുതിരാതെ സ്വന്തം കൃഷി സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍, കക്ഷിഭേദമെന്യേ, അനുകൂല കാലാവസ്ഥയില്‍ കൃഷിയിറക്കി ശീലിച്ചുകഴിയുമ്പോള്‍ ഈ 'കര്‍ഷകശ്രീകള്‍', അവര്‍ക്ക് തടസ്സം നില്‍ക്കുന്ന അപൂര്‍വ്വം ചില 'പിടിവാശി'ക്കാരായ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നതും കണ്ടിട്ടുണ്ട്. കേരളത്തിലും കാലക്രമേണ രാഷ്ട്രീയ-ഉദ്യോഗസ്ഥ കാലാവസ്ഥ അഴിമതിക്ക് കൂടുതല്‍ അനുകൂലമായി മാറുന്നുണ്ട്. വിജിലന്‍സില്‍ വരുന്നതിനു മുന്‍പ് പൂജപ്പുരയില്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ സ്മാരകമന്ദിരത്തിന് പ്രസിഡന്റ് ശങ്കര്‍ദയാല്‍ ശര്‍മ്മ ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ ഡി.സി.പി എന്ന നിലയില്‍ സുരക്ഷാ ചുമതലയുമായി ഞാനും ഉണ്ടായിരുന്നു. ആ ചടങ്ങില്‍ അച്യുതമേനോന് അഴിമതിയോടുണ്ടായിരുന്ന സമീപനത്തെക്കുറിച്ച് അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന   പി.കെ. വാസുദേവന്‍നായര്‍ പ്രസംഗിച്ചത് ശ്രദ്ധേയമായി തോന്നി. അദ്ദേഹം പറഞ്ഞത് കമ്യൂണിസ്റ്റ്   പാര്‍ട്ടിയില്‍ അഴിമതിയെപ്പറ്റി ഒരു ഘട്ടത്തില്‍ നടന്ന വാദപ്രതിവാദത്തെക്കുറിച്ചായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ വ്യക്തിപരമായി അഴിമതിക്ക് അതീതന്‍ ആയിരിക്കണം എന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അഴിമതിക്കറ പുരണ്ട പണം പാര്‍ട്ടി പ്രവര്‍ത്തനത്തിനുവേണ്ടി ആകാമോ എന്നതില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നുവത്രെ. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടി അത് സ്വീകരിക്കുന്നത് വ്യക്തിപരമായ അപചയത്തെക്കാള്‍ ഗുരുതരമാണ് എന്ന നിലപാടായിരുന്നു അച്യുതമേനോന്റേത്. രാഷ്ട്രീയാധികാരത്തെ അഴിമതി എങ്ങനെയെല്ലാം അധ:പതിപ്പിക്കും എന്ന ഉള്‍ക്കാഴ്ച അദ്ദേഹത്തെ ഉല്‍ക്കണ്ഠപ്പെടുത്തിയിരിക്കാം. അധികാരത്തിന്റെ ആസക്തിയില്‍ നിന്നും വിട്ടുനിന്ന അപൂര്‍വ്വം മഹാത്മാക്കള്‍ക്കു മാത്രം ഉണ്ടാകുന്ന ഉല്‍ക്കണ്ഠ. രാഷ്ട്രീയത്തില്‍, അച്യുതമേനോനും ഒരന്യഗ്രഹ ജീവിയെപ്പോലെ തോന്നിപ്പോകുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com