വിജിലന്‍സിലെ ദിശാമാറ്റം

By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)  |   Published: 18th January 2022 05:51 PM  |  

Last Updated: 18th January 2022 08:23 PM  |   A+A-   |  

hemachandran

 

തിരുവനന്തപുരത്ത്, സര്‍വ്വീസിന്റെ അവസാന കാലത്തോട് അടുത്തിരുന്ന ഒരു പൊലീസ് സൂപ്രണ്ടിന്റെ വീട്ടില്‍ നേരം പുലര്‍ന്ന ഉടന്‍ സ്ഥലം സബ്ബ് ഇന്‍സ്പെക്ടര്‍ എത്തുന്നു. ഉറക്കച്ചടവില്‍ പൊലീസ് സൂപ്രണ്ട് തന്നെ കതക് തുറന്നു. എസ്.ഐ സല്യൂട്ട് ചെയ്തു. നല്ല പരിചയമുള്ള സ്ഥലം: എസ്.ഐയെ യൂണിഫോമില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയിരിക്കണം. തികച്ചും സൗഹൃദഭാവത്തില്‍ സൂപ്രണ്ട് ചോദിച്ചു: ''എന്താണ് കുമാര്‍ജി, അതിരാവിലെ തന്നെ പ്രശ്‌നം?'' എന്തോ സങ്കീര്‍ണ്ണമായ നിയമപ്രശ്‌നത്തില്‍ സംശയനിവാരണത്തിന് എത്തിയതാകാം സബ്ബ് ഇന്‍സ്പെക്ടര്‍ എന്നാണ് അദ്ദേഹം ധരിച്ചതെന്ന് വ്യക്തം. ''അല്ല സാര്‍, വിജിലന്‍സ് ഡി.വൈ.എസ്.പിയും മറ്റും വന്നിട്ടുണ്ട്.'' അതു കേട്ട പൊലീസ് സൂപ്രണ്ട് ഞെട്ടി. അദ്ദേഹത്തിന് ഉടന്‍ കാര്യം മനസ്സിലായി. സംഭവം വിജിലന്‍സ് റെയിഡാണ്. എങ്കിലും വിശ്വാസം വരാത്തപോലെ അദ്ദേഹം പറഞ്ഞു: ''ഒരു വിജിലന്‍സ് എന്‍ക്വയറിയുണ്ടായിരുന്നത് ക്ലോസ് ചെയ്തിരുന്നല്ലോ.'' അത് ശരിയായിരുന്നു. ദീര്‍ഘമായി നടന്നിരുന്ന ഒരു വിജിലന്‍സ് എന്‍ക്വയറി അവസാനിച്ചിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന പരാതിയിന്മേലായിരുന്നു ആ അന്വേഷണം. ഇപ്പോള്‍ റെയിഡ് നടക്കണമെങ്കില്‍ തനിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കണമല്ലോ. വിജിലന്‍സ് കേസിന്റെ മുന്നോടിയാണല്ലോ വിജിലന്‍സ് അന്വേഷണം. ആ അന്വേഷണം തനിക്ക് അനുകൂലമായി അവസാനിച്ചുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പിന്നെ എങ്ങനെ കേസ്? ആ സംശയം ന്യായമായിരുന്നു. വിജിലന്‍സ് കേസുകള്‍ ജന്മമെടുക്കുന്ന രീതിയില്‍ വലിയ മാറ്റം സംഭവിച്ചത് പാവം സൂപ്രണ്ട് അറിഞ്ഞില്ല. സൂപ്രണ്ടെന്നല്ല, സാക്ഷാല്‍ സര്‍ക്കാര്‍ തന്നെ അതറിഞ്ഞോ എന്ന് സംശയമാണ്. അക്കാലത്ത് സംഭവിച്ച ആ വലിയ മാറ്റത്തിന്റെ വഴി നമുക്ക് നോക്കാം. 

അഴിമതിക്കേസ്, കൊഗ്നൈസബിള്‍ ഒഫന്‍സാണ് എന്നൊക്കെ പറഞ്ഞാല്‍ സാധാരണക്കാരന്‍ ഞെട്ടിപ്പോയേക്കാം. പക്ഷേ, കാര്യം ലളിതമാണ്. പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റം എന്നേയുള്ളു. അതായത്, പൊലീസ് സ്റ്റേഷനില്‍ നിങ്ങള്‍ വിവരം നല്‍കിയാല്‍ നിര്‍ബ്ബന്ധമായും പൊലീസ് കേസ് എടുത്തേ മതിയാകൂ എന്നര്‍ത്ഥം. ഉദാഹരണത്തിന് മോഷണം, കൊലപാതകം, സ്ത്രീപീഡനം, വഞ്ചന മുതലായവ. നിയമത്തില്‍, അഴിമതിയും ഈ ഗണത്തില്‍പ്പെടുന്ന കുറ്റം തന്നെ. എങ്കിലും അഴിമതി കേസുകളുടെ ഉത്ഭവം അല്പം വ്യത്യസ്തമാണ്. പൊലീസിന് നേരിട്ടെടുക്കാവുന്നതാണ് അഴിമതിക്കുറ്റമെങ്കിലും ഹൈക്കോടതികളുടേയും സുപ്രീംകോടതിയുടേയും വിധികള്‍ മുഖേന വര്‍ഷങ്ങള്‍ക്ക് മുന്‍പേ അതില്‍ അല്പം മാറ്റം വന്നിരുന്നു. പ്രാഥമികമായ അന്വേഷണം നടത്തിയശേഷം മാത്രമേ അഴിമതിക്കേസെടുക്കാന്‍ പാടുള്ളു എന്ന് കോടതി പറഞ്ഞു. തീര്‍ത്തും ബാലിശമായതും അടിസ്ഥാനരഹിതവുമായ പരാതി ആധാരമാക്കി ഒരു ഉദ്യോഗസ്ഥന്റെ പേരില്‍ അഴിമതിക്കേസ് എടുത്താല്‍ അത് ആ ഉദ്യോഗസ്ഥനും അയാളുടെ വകുപ്പിനും മാനഹാനി ഉണ്ടാക്കും എന്നത് തര്‍ക്കരഹിതമാണല്ലോ. ആ സാഹചര്യം ഒഴിവാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് അഴിമതിക്കേസ് എടുക്കുന്നതിന് മുന്‍പ് പ്രാഥമികമായ പരിശോധന വേണം എന്ന് കോടതി പറഞ്ഞത്. അതിന്റെ പിന്നിലെ യുക്തി തികച്ചും ന്യായമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസവുമാണ്. ഇതായിരുന്നു തത്ത്വം. ഒറ്റനോട്ടത്തില്‍ തത്ത്വം നല്ലത് തന്നെ. പക്ഷേ, തത്ത്വം പ്രയോഗത്തില്‍ വന്നപ്പോള്‍ കോടതികള്‍ ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത ഒരുപാട് പ്രശ്നങ്ങള്‍ അത് സൃഷ്ടിച്ചു. 

അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുത്തു; കോടതികള്‍ അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നുവെങ്കിലും. ഉത്തരവിടാന്‍ സര്‍ക്കാരിന് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശുപാര്‍ശ വേണമെന്ന് നിര്‍ബ്ബന്ധമൊന്നുമില്ല. സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം രാഷ്ട്രീയം തന്നെയാകുമല്ലോ. അഴിമതി അന്വേഷണ ഉത്തരവുകളിലും കാലാകാലങ്ങളില്‍ സങ്കുചിത രാഷ്ട്രീയ പരിഗണന കടന്നുകൂടിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ നോക്കിയാല്‍ അഴിമതിക്കാര്‍ക്ക് തീവ്ര രാഷ്ട്രീയമൊന്നുമില്ല. സ്വന്തം താല്പര്യം സംരക്ഷിക്കപ്പെടണം എന്ന ഏക ഇന പരിപാടിയേ അവര്‍ക്കുള്ളൂ. എല്ലാ സര്‍ക്കാരും അവര്‍ക്ക് 'വേണ്ടപ്പെട്ടത്' തന്നെ. ഓരോ സര്‍ക്കാര്‍ വരുമ്പോഴും ''നമ്മുടെ മന്ത്രി എന്തൊരു മിടുക്കനാണ്; ഇപ്പോഴത്തെ സിഎമ്മിനെ പോലൊരു സിഎമ്മിനെ ഇനി കിട്ടില്ല'' എന്നൊക്കെ എപ്പോഴും പറയും. രാഷ്ട്രീയ സംരക്ഷണം തേടുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള തത്രപ്പാട് അവര്‍ക്കല്ലേ അറിയൂ. അഴിമതി അന്വേഷണ ഉത്തരവിടുന്നതില്‍ രാഷ്ട്രീയ പരിഗണന ഉണ്ടാകും എങ്കിലും, രാഷ്ട്രീയ വിരോധം കൊണ്ടുമാത്രം സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുന്ന പ്രവണത കേരളത്തില്‍ താരതമ്യേന കുറവാണ്. എന്നാല്‍, 'നമുക്ക്' വേണ്ടപ്പെട്ട അഴിമതിക്കാരെ സംരക്ഷിക്കും എന്നുമാത്രം. അങ്ങനെ ഉത്തരവാകുന്ന സര്‍ക്കാര്‍ അന്വേഷണങ്ങളില്‍, 'സര്‍ക്കാരിന്' പ്രത്യേക താല്പര്യമുള്ള അന്വേഷണങ്ങള്‍ വളരെ കുറവായിരിക്കും. ഇവിടെ 'സര്‍ക്കാര്‍' എന്നാല്‍ അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന വ്യക്തി അഥവാ വ്യക്തികള്‍ എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളു. 'സര്‍ക്കാരി'ന് പ്രത്യേക താല്പര്യമില്ലാത്ത അന്വേഷണങ്ങള്‍ അനന്തമായി നീളും.

അത്തരം ഒരു അന്വേഷണത്തെക്കുറിച്ചാണ് അപ്രതീക്ഷിത വിജിലന്‍സ് റെയ്ഡ് ഉണ്ടായപ്പോള്‍ ആദ്യം കണ്ട പൊലീസ് സൂപ്രണ്ട് സൂചിപ്പിച്ചത്. തന്റെ പേരില്‍ സര്‍ക്കാര്‍ ഉത്തരവിട്ട അന്വേഷണത്തെക്കുറിച്ച് സൂപ്രണ്ടിന് അറിയാമായിരുന്നു. അന്വേഷണത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് ബോധവാനായിരുന്ന ആ ഉദ്യോഗസ്ഥന്‍ നിഷ്‌ക്രിയനായിരുന്നില്ല. അന്വേഷണം ശുഭകരമായി അവസാനിപ്പിക്കുന്നതുവരെ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. 'കര്‍മ്മനിരതത്വ'ത്തിന് വലിയ സാധ്യത ഉള്ളതായിരുന്നു ഇത്തരം കേസുകളില്‍ അക്കാലത്ത് അവലംബിച്ചിരുന്ന അന്വേഷണരീതി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന ഗുരുതരമായ പരാതിയായിരുന്നു അന്വേഷണവിഷയം. വന്‍കിട അഴിമതിക്കാരെ നിയമത്തിന്റെ വലയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള കുറ്റമാണത്. പക്ഷേ, സത്യസന്ധരായ ഉദ്യോഗസ്ഥരും അന്വേഷണവലയില്‍ കുടുങ്ങാറുണ്ട്. ഇത്തരം കേസുകളില്‍ അക്കാലത്തെ അന്വേഷണരീതി ഒട്ടും പ്രൊഫഷണല്‍ ആയിരുന്നില്ല. അതിനെ, ബാലിശം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല എന്നു തോന്നുന്നു. ഏത് അന്വേഷണത്തിലും കുറ്റകൃത്യം ചെയ്തുവെന്ന് സംശയിക്കുന്ന വ്യക്തിക്കെതിരെ തെളിവുകള്‍ കണ്ടെത്തി, അതിന്റെ അടിസ്ഥാനത്തില്‍ കുറ്റം സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പൊലീസിന്റേതാണ്. പക്ഷേ, അനധികൃത സ്വത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തില്‍ സംഭവിച്ചിരുന്നത് മറ്റൊന്നാണ്. ഉദാഹരണത്തിന്, സംശയിക്കപ്പെട്ടിരുന്ന നമ്മുടെ പൊലീസ് സൂപ്രണ്ടിനോട് തന്നെ ചോദിച്ചു; അയാളുടെ സ്വത്തും സമ്പാദ്യവും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍. അതു നല്‍കിയ ശേഷം തന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ എന്താണെന്നും അയാള്‍ തന്നെ പറഞ്ഞുകൊടുക്കണം. അവസാനം, പൊലീസ് സൂപ്രണ്ട് തന്നെ വെളിപ്പെടുത്തിയ സമ്പത്ത്, അയാള്‍ തന്നെ നല്‍കുന്ന വരവിന്റേയും ചെലവിന്റേയും വെളിച്ചത്തില്‍ നീതീകരിക്കാനാകുമോ എന്ന വിലയിരുത്തല്‍ മാത്രമായി മാറി അന്വേഷണം. ഈ പ്രക്രിയ കുറെ മുന്നോട്ടു പോകുമ്പോള്‍ അന്വേഷിക്കുന്ന വിജിലന്‍സിലെ പൊലീസ് ഉദ്യോഗസ്ഥനും കുറ്റം സംശയിക്കുന്ന ഉദ്യോഗസ്ഥനും തമ്മില്‍ പരസ്പരബന്ധവും വളരും. അവസാനം വിജിലന്‍സ് അന്വേഷണം 'കള്ളനും പൊലീസും' ചേര്‍ന്നുള്ള ഒരു സംയുക്ത സഹകരണ സംരംഭമായി മാറും. അതങ്ങനെ വര്‍ഷങ്ങളോളം നീണ്ടുപോയപ്പോള്‍ അതിന്റെ പ്രയോജനം സിദ്ധിച്ചത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ്. അവിഹിതസ്വത്ത് അഴിമതിയിലൂടെ സമ്പാദിച്ച ഉദ്യോഗസ്ഥന് അന്വേഷണത്തെക്കുറിച്ച് വളരെ മുന്‍പേ വിവരം ലഭിക്കുമ്പോള്‍ അതയാള്‍ക്ക് കുറ്റകൃത്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കും. അന്വേഷണ ഉദ്യോഗസ്ഥരുമായിത്തന്നെ 'സഹകരിച്ച്' കേസ് ഇല്ലാതാക്കാം. അതിന് കഴിഞ്ഞില്ലെങ്കില്‍പ്പോലും അനധികൃത സമ്പാദ്യം ഒളിപ്പിക്കാനാകും. കേസിലേയ്ക്ക് പോകുന്ന സാഹചര്യം മനസ്സിലാക്കി വിജിലന്‍സ് റെയ്ഡ് മുന്‍കൂട്ടിക്കണ്ട് സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മാറ്റി രക്ഷപ്പെടാം. അനധികൃത സമ്പാദ്യം വെളുപ്പിക്കുന്നതിനും അയാള്‍ക്ക് അവസരം ലഭിക്കും. യഥാര്‍ത്ഥത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരുന്നതും. ദീര്‍ഘകാലം പ്രാഥമികാന്വേഷണം നടത്തിയശേഷം കേസും റെയ്ഡുമൊക്കെ നടക്കുമ്പോള്‍ വിലപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുത്തു എന്നൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പത്രവാര്‍ത്ത സൃഷ്ടിക്കാം എന്നതിനപ്പുറം മിക്ക കേസുകളും കോടതിയില്‍ പരാജയപ്പെടുകയായിരുന്നു. പല കേസുകളും കോടതിയിലെത്തുന്നതിനു മുന്‍പേ അന്വേഷകര്‍ക്കു തന്നെ അവസാനിപ്പിക്കേണ്ടി വന്നു. 

അങ്ങനെ സഹകരിച്ച് മുന്നേറിയാണ് പൊലീസ് സൂപ്രണ്ടിനെതിരായ അന്വേഷണം അവസാനിപ്പിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ, ഒരു കാര്യം നമ്മുടെ പൊലീസ് സൂപ്രണ്ടിന്റെ കണക്കുകൂട്ടലിന് അപ്പുറമായിരുന്നു. വിജിലന്‍സ് നടപടിക്രമങ്ങളില്‍ ഉണ്ടായ മാറ്റം അദ്ദേഹം അറിഞ്ഞില്ല. 

അഴിമതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ തീര്‍ത്തും പരാജയമായിരുന്ന പഴയ സംവിധാനത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്നത് അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന കെ.ജെ. ജോസഫ് തന്നെയാണ്. അതോടെ അനധികൃത സ്വത്ത് സമ്പാദന കേസുകളുടെ അന്വേഷണരീതി അപ്പാടെ മാറി. നേരത്തെയുണ്ടായിരുന്ന അഴിമതി സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥനും വിജിലന്‍സ് പൊലീസും ചേര്‍ന്നുള്ള സംയുക്ത സഹകരണ സംരംഭം അപ്രത്യക്ഷമായി. കുറ്റവാളി മറയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ടെത്തുക എന്നതാണല്ലോ പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാന ധര്‍മ്മം. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന അനധികൃത സമ്പാദ്യം കണ്ടെത്തുക എന്നതായി മാറി വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി.

കെഎം മാണി

സി.ബി.ഐ അവലംബിച്ചിരുന്ന അന്വേഷണരീതിയും അതായിരുന്നു. അതേപ്പറ്റി ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്, ഡല്‍ഹിക്കടുത്ത് ഗാസിയാബാദിലുള്ള സി.ബി.ഐ അക്കാദമിയില്‍ അഴിമതിക്കേസുകളെക്കുറിച്ചുള്ള ഒരു മികച്ച പരിശീലന പരിപാടിയില്‍ അക്കാലത്ത് പങ്കെടുത്തപ്പോഴാണ്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍നിന്ന് അക്കാദമിയിലേക്കുള്ള അസമയത്തെ യാത്ര ഓര്‍ക്കാന്‍ കാരണക്കാര്‍ രണ്ട് പൊലീസുകാരാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ പുറപ്പെടുമ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ഗാസിയാബാദ് അറിയാമെന്നും എന്നാല്‍ അക്കാദമി അറിയില്ലെന്നുമാണ് ഹിന്ദിക്കാരന്‍ ഡ്രൈവര്‍ പറഞ്ഞത്. ആരോടെങ്കിലും ചോദിച്ച് കണ്ടുപിടിക്കാം എന്ന ധൈര്യത്തില്‍ യാത്ര തിരിച്ചു. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് അനുഭവിച്ചറിഞ്ഞു. അസമയത്ത് റോഡില്‍ സൗകര്യത്തിന് ആരെയെങ്കിലും കാണുന്നത് തന്നെ അപൂര്‍വ്വം. കണ്ട അപൂര്‍വ്വം മനുഷ്യരാകട്ടെ സി.ബി.ഐ എന്നും അക്കാദമിയെന്നും ഒന്നും കേട്ടിട്ടില്ല. ഹിന്ദിക്കാരന്‍ ഡ്രൈവറെക്കൊണ്ട് വലിയ കാര്യമില്ലെന്ന് പെട്ടെന്ന് മനസ്സിലായി. ബുദ്ധിമുട്ടുള്ളപ്പോള്‍ പോസിറ്റീവ് ആയി ചിന്തിക്കണം എന്നൊക്കെ ഞാനും പറയാറുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സില്‍ തോന്നിത്തുടങ്ങി. അപ്പോഴതാ കാണുന്നു, വഴിയരികില്‍ ഒരു കൊച്ചു ചായക്കടയും കുറച്ച് മനുഷ്യരും. കൂട്ടത്തില്‍ കാക്കിയുടെ ഒരു മിന്നലാട്ടവും കണ്ടപോലെ തോന്നി. ഉടന്‍ കാര്‍ നിര്‍ത്തിച്ചു. ഇറങ്ങി ചെന്നപ്പോള്‍ ഒന്നല്ല, രണ്ട് പൊലീസുകാര്‍. അവര്‍ യു.പി പൊലീസിലെ അംഗങ്ങളാണ്. ധൈര്യപൂര്‍വ്വം, ''മേം കേരള്‍ കാ പൊലീസ് ഹും.'' (ഞാന്‍ കേരളത്തിലെ പൊലീസാണ്) എന്നൊക്കെ പറഞ്ഞ് ഒരുവിധം പ്രശ്നം പറഞ്ഞൊപ്പിച്ചു. അവര്‍ക്ക് അക്കാദമിയിലേക്കുള്ള വഴിയറിയാം. പറഞ്ഞു തരികയും ചെയ്തു. അപ്പോഴേയ്ക്കും, ഒറ്റയ്ക്ക് പോയാല്‍ അവിടെ സൂര്യനുദിക്കും മുന്‍പ് എത്തില്ല എന്നെനിക്ക് ഉറപ്പായിരുന്നു. യു.പി പൊലീസുകാരോട് കാറില്‍ കൂടെ വരാമോ എന്ന് ചോദിച്ചു. കാര്‍ മടങ്ങുമ്പോള്‍ അതെ സ്ഥലത്ത് ഇറങ്ങാമല്ലോ എന്നും ഞാന്‍ പറഞ്ഞു. അവരെന്നെ സഹായിച്ചു. ആ പൊലീസുകാരെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ സന്തോഷം. അഴിമതിക്കേസ് അന്വേഷണത്തില്‍ വലിയ അനുഭവ സമ്പത്തുള്ള ധാരാളം ഉദ്യോഗസ്ഥരുമായി ഇടപഴകിയ ആ ഒരാഴ്ച ഫലപ്രദമായിരുന്നു. അവിടെ കേട്ട ചില അനുഭവങ്ങള്‍ അവിശ്വസനീയം ആയിരുന്നു. അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ ധാരാളം സ്വത്ത് കണ്ടെത്തി. അതൊന്നും തന്റേതല്ലെന്നും തന്റെ ഭാര്യയുടെ വരുമാനമാണെന്നുമായി ഉദ്യോഗസ്ഥന്‍. ഭാര്യക്കാകട്ടെ, അറിയപ്പെടുന്ന തൊഴിലൊന്നുമുണ്ടായിരുന്നില്ല. അവരുടെ സ്വത്ത് സമ്പാദനവഴികള്‍ അസാന്മാര്‍ഗ്ഗികമാകാം എന്നു പറയാനും ഭര്‍ത്താവായ ഉദ്യോഗസ്ഥന് മടിയില്ലായിരുന്നു. അഴിമതിക്കാരുടെ പ്രതിരോധവഴികള്‍ ശരാശരി മനുഷ്യര്‍ക്ക് മനസ്സിലാകില്ല. അഴിമതിക്കാരനായ മറ്റൊരു ഉദ്യോഗസ്ഥന്‍ സ്വന്തമായി കൊട്ടാരം പോലൊരു വീട് വച്ചശേഷം തന്റെ സഹോദരന്റെ പേരില്‍ പൊലീസില്‍ പരാതി കൊടുത്തു. തന്റെ വസ്തു കയ്യേറി സഹോദരന്‍ വീടു വച്ചു എന്നാണ് ആരോപണം.    അപ്പോള്‍ പിന്നെ നിര്‍മ്മാണച്ചെലവ് വിശദീകരിക്കേണ്ട ചുമതല ഉദ്യോഗസ്ഥനില്ലല്ലോ. അവിടെ ഞാന്‍ കണ്ട ഒരു കാര്യം സി.ബി.ഐയും മറ്റ് സംസ്ഥാന ഏജന്‍സികളും കൈകാര്യം ചെയ്തിരുന്ന അഴിമതിക്കേസുകള്‍ കേരളത്തെ അപേക്ഷിച്ച് എത്രയോ ഗുരുതരമായിരുന്നു എന്നതാണ്. 

സി.ബി.ഐ അക്കാദമിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേന്ദ്ര റവന്യൂ സര്‍വ്വീസില്‍നിന്നും മറ്റുമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവിടെ ഏറെ ചര്‍ച്ച ചെയ്ത ഒരു വിഷയം അഴിമതി നിരോധന നിയമത്തിന്റെ ദുരുപയോഗമായിരുന്നു. സര്‍ക്കാരിന് ഒരു ഇടപാടില്‍ സാമ്പത്തിക നഷ്ടം ഉണ്ടായാല്‍ ഉടന്‍ തന്നെ മറ്റൊന്നും നോക്കാതെ അതിനെ അഴിമതി ആയി മുദ്ര കുത്തുന്ന അമിതാവേശക്കാരായ ചില അന്വേഷകരുണ്ട്. അവര്‍ക്ക് ഉതകുന്നതായിരുന്നു അഴിമതി നിരോധന നിയമത്തിലെ അന്നത്തെ പതിമൂന്നാം വകുപ്പ്. ബിസിനസ് സ്വഭാവമുള്ള വിനിമയങ്ങളില്‍ ലാഭം, നഷ്ടം എന്നത് നിര്‍ണ്ണയിക്കുന്നതില്‍ ഒരുപാട് ഘടകങ്ങളുണ്ട്. അത് മനസ്സിലാക്കാതെ നഷ്ടമുള്ളതെല്ലാം അഴിമതിയിലൂടെയാണ് എന്ന മുന്‍വിധിയോടെ നോക്കിയാല്‍ സത്യസന്ധനായ ഉദ്യോഗസ്ഥനും ചിലപ്പോള്‍ പ്രതിസ്ഥാനത്ത് വരും. അത് കടുത്ത നീതിനിഷേധമായി മാറാം. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ബോധപൂര്‍വ്വം സാമ്പത്തിക നേട്ടത്തിനുവേണ്ടി സഹായിച്ചിട്ടുണ്ടോ എന്നതിന്റെ തെളിവ് ശേഖരിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് കഴിയണം. ''ഇന്നത്തെ അളവുകോലുകള്‍ വെച്ചുകൊണ്ട് അന്നത്തെ കാര്യങ്ങളെ അളക്കരുത്'' എന്ന് ചെഖോവിന്റെ ഒരു കഥാപാത്രം (കഥ - വൃദ്ധകാലം; വിവര്‍ത്തനം -വേണു വി. ദേശം) പറയുന്നുണ്ട്. ഭൂതകാലം പരിശോധിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഇതുകൂടി ഓര്‍ക്കുന്നത് നീതി ഉറപ്പാക്കാന്‍ സഹായിക്കും. 

സംസ്ഥാന വിജിലന്‍സില്‍ കുറേയേറെ മാറ്റങ്ങള്‍ ക്രമാനുഗതമായി സംഭവിച്ചപ്പോള്‍ വിജിലന്‍സ് ആസ്ഥാനത്ത് ഒരു അവലോകനയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകത ഡയറക്ടര്‍ ഉന്നയിച്ചു. സംസ്ഥാന വിജിലന്‍സിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടേയും പരിശീലനത്തിന്റെ കാര്യം വന്നപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അതിനോട് തത്ത്വത്തില്‍ യോജിച്ചു. തത്ത്വത്തിലെ യോജിപ്പ് എന്നത് 'ശ്രേഷ്ഠ'മലയാളം; ഇപ്പോള്‍ പ്രയോഗത്തില്‍ വേണ്ട എന്നാണ് അതിന്റെ പച്ച മലയാളം. വിജിലന്‍സ്, വളരെ പ്രധാനപ്പെട്ട ധാരാളം പരിപാടികളുടെ നടുവിലായതുകൊണ്ട് മൂന്ന് മാസം കഴിഞ്ഞ് തിരക്ക് കുറഞ്ഞ ശേഷം പരിശീലനം നടത്താം എന്നായിരുന്നു പൊതു അഭിപ്രായം. എന്റെ ഭാഗം വന്നപ്പോള്‍ പൊലീസിലും വിജിലന്‍സിലും തിരക്കൊഴിഞ്ഞ് പരിശീലനം എന്നത് ഒരിക്കലും നടക്കില്ലെന്നും പരിശീലനം ഒരു മുന്‍ഗണനയായിട്ടെടുത്തെങ്കില്‍ മാത്രമേ അത് സാധ്യമാകൂ എന്നും പറഞ്ഞു. എന്റേത് ഒറ്റപ്പെട്ട അഭിപ്രായമായിരുന്നു. എല്ലാപേരേയും കേട്ടശേഷം അക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് ഡയറക്ടര്‍ ജോസഫ് സാര്‍ എന്നെ വിളിപ്പിച്ചു. ഇന്‍സ്പെക്ടര്‍ മുതല്‍ എസ്.പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഉടന്‍ നല്‍കാന്‍ തീരുമാനിച്ച വിവരം അറിയിക്കുകയും അതിന്റെ ഏകോപന ചുമതല എന്നെ ഏല്പിക്കുകയും ചെയ്തു. സംസ്ഥാന വിജിലന്‍സിലെ സി.ഐ മുതല്‍ എസ്.പി വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വിവിധ ബാച്ചുകളിലായി പരിശീലനത്തില്‍ പങ്കെടുത്തു. പ്രായോഗികതയിലൂന്നിയുള്ള പരിശീലന പരിപാടിയില്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി.എസ്. ഗോപിനാഥന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ക്ലാസ്സ് എടുക്കുകയുണ്ടായി. വിജിലന്‍സ് ഡയറക്ടര്‍ തന്നെ എത്രയോ സമയം ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടി ചെലവഴിച്ചു. അതില്‍ പങ്കെടുത്തവര്‍ നിശ്ചയമായും പുതിയ വിജ്ഞാനം ആര്‍ജ്ജിച്ചു. അതിനപ്പുറം മുഴുവന്‍ സംവിധാനത്തിനും ഒരു പുതിയ ലക്ഷ്യബോധം നല്‍കാന്‍ ഉതകുന്ന സംരംഭം ആയത് മാറി എന്നെനിക്കു തോന്നി. 
     
കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ (CV) എന്ന ഒരു ദിവ്യായുധം അക്കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ നേടിയെടുത്തു. സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് അത് സാധ്യമായത്. ഒരുപക്ഷേ, ഉത്തരവിട്ട സര്‍ക്കാരിനുപോലും അത് ഒരു ആയുധമാണെന്നോ അതിന്റെ പ്രഹരശേഷി അപാരമാണെന്നോ അന്ന് അറിഞ്ഞിരിക്കാനിടയില്ല. പിന്നെ അറിഞ്ഞു. ശരിക്കും അറിഞ്ഞു. പരേതനായ കെ.എം. മാണിയെപ്പോലുള്ള രാഷ്ട്രീയത്തിലെ അതികായന്മാര്‍ മുതല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ പില്‍ക്കാലത്ത് നേരിടേണ്ടിവന്ന ഈ ആയുധത്തിന്റെ ഉല്പത്തി അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആയിരുന്നു. പല മഹത് ജന്മങ്ങളും അങ്ങനെയാണല്ലോ. അതിലൂടെ  അഴിമതി സംബന്ധിച്ച കാര്യങ്ങളില്‍ രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അങ്ങനെ നടത്തുന്ന അന്വേഷണം കുറ്റകൃത്യത്തിലേയ്ക്ക് വിരല്‍ചൂണ്ടിയാല്‍ അനന്തരഫലം ക്രിമിനല്‍ കേസ് ആണ്. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ നിയമ നടപടികള്‍ തുടങ്ങിയ ശേഷം മാത്രമേ അതറിയുകയുമുള്ളൂ. ശരിയാംവണ്ണം ഉപയോഗിച്ചാല്‍ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ഉതകുന്ന ആയുധമായിരുന്നു അത്. ഈ ആയുധത്തിന്റെ വിനിയോഗമാണ് നമ്മളാദ്യം കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടന്ന റെയ്ഡ്. 

ഇത്തരത്തില്‍, ഒരു വശത്ത് പൊതുസമൂഹത്തിന്റേയും മാധ്യമങ്ങളുടേയും ജുഡീഷ്യറിയുടേയും വിശ്വാസമാര്‍ജ്ജിച്ച് അഴിമതിക്കെതിരായ നിയമനടപടികള്‍ കരുത്താര്‍ജ്ജിച്ചു. പക്ഷേ, മറുഭാഗത്ത് എതിര്‍പ്പുകളും ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.

(തുടരും)