'ബംഗാളിയില്‍ മലയാള കൃതികള്‍ എത്തുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം'

മികച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുനില്‍ ഞാളിയത്ത് തന്റെ വംഗജീവിതത്തേയും സാഹിത്യത്തേയും മൊഴിമാറ്റം എന്ന കലയേയും സംബന്ധിച്ചു സംസാരിക്കുന്നു
'ബംഗാളിയില്‍ മലയാള കൃതികള്‍ എത്തുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം'

കൊല്‍ക്കത്തയിലാണ് ജനനമെങ്കിലും പിന്നീട് ഒരു ദശകത്തോളം സുനില്‍ ജീവിച്ചത് എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തായിരുന്നു. പത്താം വയസ്സിലാണ് സുനില്‍ ഞാളിയത്ത് വീണ്ടും കൊല്‍ക്കത്തയിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും യുക്തിവാദിയും ബിസിനസ്സുകാരനുമൊ ക്കെയായ പിതാവ് ടി.പി. ഞാളിയത്തിന്റെ കയ്യും പിടിച്ച്. ഇടതുപക്ഷ മുന്നണി ഭരണം എന്ന തീര്‍ത്തും നൂതനമായ ഒരു രാഷ്ട്രീയ പരീക്ഷണം അരങ്ങേറുന്ന ഇടമായിരുന്നു അന്ന് ബംഗാള്‍. നക്‌സല്‍ബാരിയിലെ പ്രക്ഷോഭവും അതിന് അനുബന്ധമായി ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും അടിയന്തരാവസ്ഥയും സിദ്ധാര്‍ത്ഥശങ്കര്‍ റേയുടെ സ്റ്റീം റോളര്‍ ഭരണവുമെല്ലാം സമൂഹശരീരത്തില്‍ വടുകെട്ടി നിന്നിരുന്നു അന്ന്. 

കേരളത്തിലെ ആദ്യകാല മറുനാടന്‍ പ്രസാധകനും കൊല്‍ക്കത്തയില്‍ 'കേരളരശ്മി' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു പിതാവായ ടി.പി. ഞാളിയത്ത്. പിതാവിനൊപ്പമുള്ള കൊല്‍ക്കത്തയിലെ ജീവിതം ഏറെ അനായാസമൊന്നുമായിരുന്നില്ല സുനിലിന്. സ്വപ്നജീവിയും സാഹിത്യതല്പരനുമായ അച്ഛന് അത്ര ചേരുന്നതായിരുന്നില്ല ബിസിനസ്സെന്ന് സുനില്‍ ഓര്‍മ്മിക്കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സുവരെ പഠിച്ചത് കേരളത്തിലായിരുന്നു. ഏഴാം ക്ലാസ്സുവരെയായിരുന്നു മലയാളം പഠനം. ബംഗാളിലെ സ്‌കൂളില്‍ പഠിക്കവെ സുനിലിനു ക്രമേണ ടാഗോറിന്റേയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടേയും ഭാഷ വഴങ്ങുന്നതായി. അതേസമയം, അച്ഛന്റെ പുസ്തകശേഖരവും അദ്ദേഹത്തെ തേടിയെത്തിയ മലയാള പ്രസിദ്ധീകരണങ്ങളും മാതൃഭാഷയുമായുള്ള സുനിലിന്റെ ബന്ധം നിലനിര്‍ത്താന്‍ സഹായിച്ചു. ഇംഗ്ലീഷ് ബിരുദ വിദ്യാഭ്യാസകാലത്ത് മൂന്നാം ഭാഷയായിട്ടും ബംഗാളി പഠിച്ചു. 

ഏതു ജോലിയെടുക്കുമ്പോഴും അക്ഷരങ്ങളോടുള്ള തന്റെ ബന്ധം താന്‍ നിലനിര്‍ത്തിപ്പോന്നുവെന്ന് സുനില്‍ അനുസ്മരിക്കുന്നു. ജീവിതത്തിന്റെ ആരംഭകാലത്ത് സെയില്‍സ് റെപ്രസന്റേറ്റീവായും പത്രലേഖകനായുമൊക്കെ സുനില്‍ ജോലിയെടുത്തു. ജീവിച്ചിരുന്ന ഇടങ്ങളിലെയൊക്കെ വായനശാലകളില്‍ നിത്യസന്ദര്‍ശകനായി. സാഹിത്യ സദസ്സുകളില്‍ പങ്കാളിയായി. എഴുത്തുകാരുമായി സംവദിക്കാനും മുതിര്‍ന്നു.
 
സുചിത്രാ ഭട്ടാചാര്യയുടെ കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയായിരുന്നു വിവര്‍ത്തനത്തിന്റെ രംഗത്ത് സുനിലിന്റെ അരങ്ങേറ്റം. സുനിലിന്റെ പരിഭാഷ നന്നേ ബോധിച്ച സുചിത്ര ഭട്ടാചാര്യ തന്റെ എല്ലാ രചനകളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള അവകാശം അദ്ദേഹത്തിനു നല്‍കുകയായിരുന്നു. തുടര്‍ന്ന് മഹാശ്വേതാദേവി, സുനില്‍ ഗംഗോപാധ്യായ, തസ്ലീമ നസ്രീന്‍, മനോരഞ്ജന്‍ ബ്യാപാരി തുടങ്ങിയവരുടെ കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ബംഗാളി മാധ്യമ പ്രവര്‍ത്തകനായ വിക്രമന്‍ നായരുടെ 'പശ്ചിം ദിഗന്തേ പ്രദോഷ് കാലേ' എന്ന കൃതി മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതും സുനില്‍ തന്നെ.
 
വിക്രമന്‍ നായരുടെ കൃതിക്കു പുറമേ ചൂതാട്ടം, തൂവല്‍ക്കിനാവ്, ചോഖേര്‍ ബാലി, മൊനേര്‍ മാനുഷ്, ബ്രഹ്മപുത്രയുടെ തീരത്ത്, ബഷായ് ടുഡു, അമാനുഷിക്, വെണ്ണക്കല്‍ തളിക എന്നീ നോവലുകളുടേയും ഒരു ലോകം പലകാലം എന്ന സഞ്ചാരസാഹിത്യകൃതിയുടേയും മോഹവൃക്ഷം, പ്രണയം മാത്രം, ദുര്‍ഗ്ഗാഷ്ടമി എന്നീ കഥകളുടേയും മലയാള പരിഭാഷ നിര്‍വ്വഹിച്ചു. ചൊഖേര്‍ ബാലിയുടെ പരിഭാഷയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃപ്പൂണിത്തുറ നഗരസഭയുടെ രാജനഗരി പുരസ്‌കാരവും ലഭിച്ചു. ബഷായ് ടുഡുവിന്റെ മൊഴിമാറ്റത്തിനാണ് പി. ശങ്കരന്‍ നമ്പ്യാര്‍ ഫൗണ്ടേഷന്റെ പ്രൊഫ. കാളിയത്ത് ദാമോദരന്‍ സ്മാരക പുരസ്‌കാരം ലഭിച്ചത്. 2020ലെ പ്രഥമ ഇന്‍ഡിവുഡ് വിവര്‍ത്തന പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ബഷായ് ടുഡു ഇടം പിടിച്ചിരുന്നു.

ഇപ്പോള്‍ മഹാശ്വേതാദേവിയുടെ 'ബഷായ് ടുഡു' എന്ന കൃതിയുടെ പരിഭാഷയ്ക്കു തന്നെയാണ് സുനില്‍ ഞാളിയത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. 

സുനില്‍ ഞാളിയത്ത് പിന്നിട്ടുപോന്ന വഴികളെക്കുറിച്ചും ബംഗാളിലെ ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പരിഭാഷയെക്കുറിച്ചുമൊക്കെ സമകാലിക മലയാളവുമായി ദീര്‍ഘമായി സംസാരിച്ചു. 

സുനിൽ ഞാളിയത്ത്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
സുനിൽ ഞാളിയത്ത്/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

പ്രസക്ത ഭാഗങ്ങള്‍: 

ബംഗാളും ബംഗാളി സാഹിത്യവും എങ്ങനെയാണ് സ്വന്തം ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത്? 

തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരുന്നു ബംഗാളിലെ ജീവിതം എന്നു പറയാം. എന്റെ കാഴ്ചപ്പാടുകളെ, വ്യക്തിയെന്ന നിലയ്ക്കും സാമൂഹ്യജീവിയെന്ന നിലയ്ക്കുമുള്ള 'സെന്‍സിബിലിറ്റി'യെ രൂപപ്പെടുത്തുന്നതില്‍ ബംഗാളിലെ ജീവിതം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്നുതന്നെ പറയണം. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാനാകുന്നത് കേരളത്തില്‍ വരികയും തുടര്‍ച്ചയായി താമസിക്കാന്‍ ഇടവരികയും ഇവിടത്തെ ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ നില്‍ക്കുകയും വൈകാരികമായ സങ്കീര്‍ണ്ണാവസ്ഥകളെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് 'കട്ട്' ചെയ്തുപോകുന്നത് ബംഗാളിലെ ജീവിതത്തിലേക്കാണ്. അത്തരം സാഹചര്യങ്ങളില്‍ എങ്ങനെയായിരിക്കും ബംഗാളി സമൂഹം നമ്മളോട് ഇണങ്ങിനിന്നത്, നമ്മളെ ചേര്‍ത്തുനിര്‍ത്തിയത് എന്ന് ഓര്‍ത്തുപോകും. ശരിക്കും പറഞ്ഞാല്‍ 25 കൊല്ലം മുന്‍പത്തെ കേരളത്തിലെ ഭൗതിക സാഹചര്യമാണ് അവിടെയുള്ളത്. ഒരു റിപ്പോര്‍ട്ട് എഴുതി ഫാക്‌സായി അയയ്ക്കണമെങ്കില്‍പോലും നാലഞ്ച് കട കയറിയിറങ്ങണം ഏറെക്കുറെ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്‌സ് മെഷീന്‍ കണ്ടെത്തണമെങ്കില്‍. ഇനി അതു പ്രവര്‍ത്തിപ്പിക്കാന്‍ കടക്കാരന്‍ തയ്യാറാകുകയും വേണം. എന്തൊരു കാര്യത്തിനും അങ്ങനെ ഏറെ പ്രയാസങ്ങളുണ്ട്. എന്തെങ്കിലും ഒരുകാര്യം 'ഓര്‍ഗനൈസ്' ചെയ്‌തെടുത്താല്‍ മാത്രമേ അത് 'ഓര്‍ഗനൈസ്' ചെയ്തു എന്നു പറയാനാകൂ. അത്ര ദുഷ്‌കരമാണ് അത്. ഇവിടെ അങ്ങനെയല്ലല്ലോ. ഒരു ബട്ടണ്‍ അമര്‍ത്തിയാലെന്നപോലെ പലതും നടക്കും. ഒരു വിളിപ്പുറത്ത് എല്ലാമുണ്ട്. എന്നാല്‍, ഇവിടെ അതില്‍ ഇല്ലാത്ത ഒരുവശം എന്താണെന്നു വെച്ചാല്‍ അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധമാണ്. എന്നാല്‍, മനുഷ്യാന്തസ്സിന് ഈ രണ്ടിടങ്ങളിലും ഏറെക്കുറേ ഒരേ പ്രാമുഖ്യമാണ് നല്‍കുന്നത് എന്നു കാണാം. അതിപ്പോള്‍ റിക്ഷ വലിക്കുന്ന ആളായാലും ആഡംബരക്കാറില്‍ വന്നിറങ്ങുന്ന ആളാണെങ്കിലും അതില്‍ ഒരു ഏകതാനതയുണ്ട്. 

ബംഗാളുമായുള്ള ബന്ധം എങ്ങനെയാണ് ആരംഭിക്കുന്നത്? 

ഞാന്‍ ജനിച്ചത് ബംഗാളിലാണ്. തിരുവാങ്കുളം സ്വദേശിയായ അച്ഛന്‍ ടി.പി. ഞാളിയത്ത് കൊച്ചിയില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളി യൂണിയന്‍ സംഘാടകനുമൊക്കെയായിരുന്നു. അച്ഛന്റെ രാഷ്ട്രീയ ഗുരു രാംമനോഹര്‍ ലോഹ്യയായിരുന്നു. അച്ഛന്റെ സുഹൃത്തും മറ്റൊരു ലോഹ്യൈറ്റും പില്‍ക്കാലത്ത് ലോകസഭാ സ്പീക്കറുമായ റബിറായിയുടെ നിര്‍ദ്ദേശപ്രകാരമാണ് അച്ഛന്‍ ഒറിസ്സയില്‍ പഠനത്തിനു പോകുന്നത്. കുറച്ചുകാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഉപജീവനാര്‍ത്ഥം അദ്ദേഹം തുടര്‍ന്ന് എത്തിപ്പെടുന്നത് തൊട്ടടുത്ത മഹാനഗരമായ കല്‍ക്കട്ടയിലാണ്. അറുപതുകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായിരുന്നു അത് എന്നുതന്നെ പറയണം. അറുപതുകളുടെ മദ്ധ്യത്തോടെ കല്‍ക്കട്ടയില്‍ അദ്ദേഹം മലയാളം പ്രിന്റിംഗ് പ്രസ്സ് സ്ഥാപിച്ചു. അന്ന് ഒരു ലക്ഷത്തോളം മലയാളികളുണ്ടായിരുന്ന കല്‍ക്കട്ട ബോംബെയേക്കാള്‍ വലിയ വ്യവസായ നഗരമായിരുന്നു. മലയാളികള്‍ മുഴുവന്‍ ജോലി തേടി പോയിക്കൊണ്ടിരുന്നത് കല്‍ക്കട്ടയിലേക്കാണ്. അവിടെ പ്രസ്സ് തുടങ്ങിയ അച്ഛന്‍ അതിന്റെ തുടര്‍ച്ചയെന്നോണം 'കേരളരശ്മി' എന്ന പേരില്‍ ഒരു സാംസ്‌കാരിക മാസികയും തുടങ്ങി. പിന്നെ അതിനുശേഷം 'രശ്മി ബുക്‌സ്' എന്നൊരു പ്രസാധന സംരംഭം ആരംഭിച്ചു. യുക്തിവാദിയായിരുന്ന എന്റെ അച്ഛന്‍ ബംഗാള്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ എന്നൊരു സംഘടനയ്ക്ക് പില്‍ക്കാലത്ത് രൂപം നല്‍കിയിരുന്നതായും ഓര്‍ക്കുന്നു. സാമ്പത്തികമായി വേണ്ടത്ര അച്ചടക്കമോ കാശുണ്ടാക്കാനുള്ള ഒരു ത്വരയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരിക്കലും വേണ്ടത്ര പണം അദ്ദേഹത്തിന്റെ കയ്യിലുണ്ടായതായി ഞാന്‍ കണ്ടിട്ടില്ല. 

'69ലാണ് ഞാന്‍ ജനിച്ചത്. ചെറിയൊരു കുട്ടിക്കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു തന്നെ കേരളത്തിലെ അച്ഛന്റെ വീട്ടിലേക്ക് മടങ്ങി. പത്തു വയസ്സാകുമ്പോള്‍ കല്‍ക്കട്ടയില്‍ത്തന്നെ കുടുംബം താമസമാക്കി. പത്തു വയസ്സുവരെ ഇവിടെ ഉണ്ടായി. അതായത് ഏഴാം ക്ലാസ്സുവരെ ഇവിടെ പഠിച്ചു. അത്രമാത്രമേ മലയാളം പഠനവും ഉണ്ടായിട്ടുള്ളൂ. മലയാള ഭാഷാജ്ഞാനം ആര്‍ജ്ജിക്കുന്നതിനു അത്രയേ ഔപചാരികമായി അവസരം ലഭിച്ചുള്ളൂ. അതാണെന്റെ ഭാഷയിലെ മൂലധനവും. കല്‍ക്കട്ടയിലായിരിക്കുമ്പോള്‍ നിരവധി മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ അവിടെ വരുമായിരുന്നു. അതെല്ലാം ഭാഷയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിച്ചു. കല്‍ക്കട്ടയില്‍ സാംബാ മിര്‍സാ നഗര്‍ എന്ന സര്‍ക്കാര്‍ ഹൗസിംഗ് എസ്‌റ്റേറ്റിലെ ഒരു ഫ്‌ലാറ്റിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. കല്‍ക്കട്ടയില്‍ ആന്ധ്രാ അസോസിയേഷന്‍ എജുക്കേഷന്‍ ട്രസ്റ്റ് വക സ്‌കൂളിലായിരുന്നു പഠനം. ബംഗാളി പഠിക്കണമെന്നത് നിര്‍ബ്ബന്ധമായിരുന്നു. എല്ലാ ആഴ്ചാവസാനങ്ങളിലും ബംഗാളി പഠിപ്പിക്കാന്‍ കൃശഗാത്രനായ ഒരു അദ്ധ്യാപകനെത്തുമായിരുന്നു. മാസ്റ്റര്‍ മൊഷായ് ശ്യാമള്‍ദാ. അദ്ദേഹത്തിന്റെ ബംഗാളി ഉച്ചാരണം എനിക്ക് ആദ്യമൊക്കെ കൗതുകവും ചിരിയും ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ആ ഭാഷ എനിക്ക് ജീവശ്വാസം പോലെയാകുകയായിരുന്നു. 

ബഷായ് ടുഡു
ബഷായ് ടുഡു

കൊല്‍ക്കത്ത നഗരപരിസരത്തെ സാമൂഹ്യജീവിതത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നതെങ്ങനെയാണ്? 

20 വര്‍ഷമാണ് ബംഗാളിലുണ്ടായിരുന്നത്. ഞാന്‍ കൊല്‍ക്കത്തയിലെത്തുന്നതിനു ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാകണം ജ്യോതിദാ എന്ന് എല്ലാവരും സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ഏത് നാട്ടില്‍ ചെന്നാലും നമ്മളാദ്യം ശ്രദ്ധിക്കുന്നത് അവിടത്തെ ചുവരെഴുത്തുകളാണല്ലോ. ഒരു നാടിന്റെ, നഗരത്തിന്റെ വിലാസമാണത്. എന്റെ ഓര്‍മ്മയിലുള്ള ഒരു സവിശേഷത തെരഞ്ഞെടുപ്പു ചുവരെഴുത്തുകളില്‍ എപ്പോഴും കാലങ്ങളോളം ഒരേ പേരുകളാണ് പ്രത്യക്ഷപ്പെട്ടിരുന്നത് എന്നതാണ്. ഉദാഹരണത്തിനു ഞാന്‍ താമസിച്ചിരുന്ന ഏരിയയിലെ ചുവരെഴുത്തില്‍ 'അബുള്‍ബസാറിനെ വിജയിപ്പിക്കുക' എന്നതാണെങ്കില്‍ മമത അധികാരത്തില്‍ വരുന്നതുവരെ ആ പേരുതന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇടതുമുന്നണിയെ ബിപുല്‍വോട്ടേ ജോയികാരോ (വമ്പിച്ച വോട്ടുകളോടെ ജയിപ്പിക്കുക) എന്നാണെങ്കില്‍ പതിറ്റാണ്ടുകളോളം അതേ മുദ്രാവാക്യമാണ് കണ്ടത്. ഒരേ മുന്നണിയുടെ ഭരണം. എന്നാല്‍, ആ മുന്നണിയുടെ രാഷ്ട്രീയത്തിനു തുടര്‍ച്ചയോ വളര്‍ച്ചയോ കാര്യമായി ഉണ്ടായതുമില്ല. ജനാധിപത്യത്തിനു വലിയ വിനയായിത്തീര്‍ന്നതും അതുതന്നെയാണ്. 

ഞാന്‍ താമസിച്ചിടത്ത് അറുനൂറോളം ഫ്‌ലാറ്റുകളുണ്ടായിരുന്നു. അതില്‍ നൂറ്റിചില്വാനം ഫ്‌ലാറ്റുകള്‍ മലയാളികളുടേതുതന്നെയായിരുന്നു. മലയാളികളില്‍ കൂടുതലും കണ്ണൂര്‍ ജില്ലയില്‍നിന്നോ മലബാര്‍ മേഖലയില്‍നിന്നോ ഉള്ള തൊഴില്‍ തേടിയെത്തിയ ആളുകളായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനങ്ങള്‍, മാര്‍വാഡികള്‍ നടത്തിയിരുന്ന കൊച്ചുകൊച്ചു സ്ഥാപനങ്ങള്‍ എന്നിവയ്ക്കു പുറമേ ബാറ്റ, ഷാലിമാര്‍, ബ്രിട്ടാനിയ, ഐ.ടി.സി തുടങ്ങിയവയുടെയൊക്കെ ഫാക്ടറികളും അവിടെ ഉണ്ടായിരുന്നു. 

ഞാന്‍ വംഗഭാഷ തുടര്‍ച്ചയായി വായിക്കാന്‍ തുടങ്ങിയത് ബിരുദ പഠനകാലത്താണ്. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിലുള്ള കോളേജില്‍ ഇംഗ്ലിഷ് ലിറ്ററേച്ചറിലാണ് എന്റെ ബിരുദം. ആ കോളേജിന്റെ പാരിതോഷ് സന്യാല്‍ എന്ന കുറച്ചു പ്രായംചെന്ന ബുദ്ധിജീവിയായ വകുപ്പുമേധാവിയെ ഞാന്‍ ഓര്‍ക്കുന്നു. ജ്യോതിബസുവിനെപ്പോലെ പരമ്പരാഗത വസ്ത്രം ധരിച്ചിരുന്ന ഒരു എളിയ മനുഷ്യന്‍. ഗ്രന്ഥകാരനും കൂടിയായ അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരിക്കല്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍, തനിക്ക് വായിക്കാന്‍ സമയവും സൗകര്യവും നല്‍കുന്നത് ഇപ്പോഴത്തെ ജോലിയാണ് എന്ന കാരണത്താല്‍ ആ നിര്‍ദ്ദേശം അദ്ദേഹം നിരസിക്കുകയായിരുന്നു. അദ്ദേഹം ഞങ്ങളെക്കൊണ്ട് ചെറുലേഖനങ്ങള്‍ എഴുതിക്കുകയും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന കൗശലം ചൂണ്ടിക്കാട്ടിത്തരികയും ചെയ്യുമായിരുന്നു. അന്ന് അദ്ദേഹത്തില്‍നിന്നും എനിക്കു കിട്ടിയ സവിശേഷ പരിഗണനയായിരിക്കണം എഴുത്തിലെ എന്റെ താല്പര്യത്തിന് അടിസ്ഥാനമായി തീര്‍ന്നത്. 

ലിറ്ററേച്ചര്‍ ബിരുദ പഠനത്തിന്റെ ഭാഗമായി ഞാന്‍ മിക്കപ്പോഴും ആലിപ്പൂരിലുള്ള നാഷണല്‍ ലൈബ്രറി ഉപയോഗപ്പെടുത്തുമായിരുന്നു. ഒരു ജോലിയൊക്കെ കിട്ടിയിരിക്കുമ്പോഴാണ് ബംഗാളി സാഹിത്യത്തിലുള്ള സജീവതാല്പര്യം ഉണ്ടാകുന്നത്. സഹപ്രവര്‍ത്തകരും താമസിക്കുന്ന ഇടത്തെ കൂട്ടുകാരുമൊക്കെയാണ് ആ താല്പര്യത്തിനു പിറകിലുള്ളത്. ഞാന്‍ താമസിക്കുന്ന ഇടത്ത് രണ്ട് ലൈബ്രറികളുണ്ടായിരുന്നു. ഒന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ മാതുലനും യുവ വിപ്ലവകവിയുമായ സുകാന്തോ ഭട്ടാചാര്യയുടെ പേരിലുള്ളതായിരുന്നെന്ന് ഓര്‍ക്കുന്നു. ഫ്‌ലാറ്റിന്റെ നേരെ എതിര്‍വശത്തായിരുന്നു അത്. ഒഴിവുള്ള ഉച്ചനേരങ്ങളില്‍ അവിടത്തെ ലൈബ്രേറിയനായ പങ്കജ്ദായുമൊത്ത് വെറുതേ സംസാരിച്ച് ഇരിക്കും. അപ്പോള്‍ പുസ്തകം കൊ ണ്ടുപോയവരും പുസ്തകങ്ങളെടുക്കാനുള്ളവരുമായ കുട്ടികളും മുതിര്‍ന്നവരുമൊക്കെ അവിടെ സന്ദര്‍ശകരായെത്തും. ആ സമയം പുസ്തകങ്ങള്‍ വെറുതേ മറിച്ചുനോക്കും. ബ്ലേര്‍ബ് വായിക്കും. അവിടെ ഇറങ്ങുന്ന പുസ്തകങ്ങളെല്ലാം ഹാര്‍ഡ് ബൗണ്ടാണ്. പേപ്പര്‍ ബാക്ക് ഇല്ല. അതെല്ലാം വെറുതേ എടുത്തുനോക്കും. ടൈറ്റിലുകളും എഴുത്തുകാരുടെ പേരും വായിക്കുന്നതില്‍നിന്നു ക്രമേണ വാരാന്ത്യപ്പതിപ്പുകള്‍ വായിക്കുന്നതിലേക്ക് താല്പര്യമെത്തി. 'ആനന്ദ് ബസാര്‍ പത്രിക'യുടേയും മറ്റും. അതിലെ ഫീച്ചറുകള്‍ വായിക്കാന്‍ തുടങ്ങി. 'ദേശ്' എന്നൊരു സാംസ്‌കാരിക പ്രസിദ്ധീകരണമുണ്ട്. നമ്മുടെ ഭാഷാപോഷിണിയേയോ മാതൃഭൂമി ആഴ്ചപ്പതിപ്പിനെയൊക്കെ പോലെ. പിന്നെയുള്ളത് 'ബര്‍ത്തമാന്‍' എന്നൊരു ആനുകാലികമാണ്. മലയാളം വാരികപോലെ. അവര്‍ക്ക് അതേ പേരില്‍ ഒരു പത്രവുമുണ്ട്. ഇതൊക്കെ പതുക്കെപ്പതുക്കെ വായിക്കാന്‍ തുടങ്ങി. ബര്‍ത്തമാന്‍ വാരികയുടെ സവിശേഷതയെന്തെന്നുവെച്ചാല്‍ അതവിടത്തെ സമകാലിക രാഷ്ട്രീയമാണ് കൈകാര്യം ചെയ്തിരുന്നത് എന്നതാണ്. അത് സ്ഥിരമായി 'ഫോളോ' ചെയ്യും. അങ്ങനെയാണ് ബംഗാളി ഭാഷയുമായി ബന്ധം വളരുന്നത്.
 
അവിടത്തെ മറ്റൊരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ 12 പേജുള്ള പത്രങ്ങളുടെ ഓരോ ഷീറ്റും വേറെവേറെയാക്കി ചുവര്‍ പത്രികപോലെ ഭിത്തിയില്‍ ഒട്ടിച്ചുവെയ്ക്കുന്നതാണ്. ആളുകള്‍ അടുത്ത ചായക്കടയില്‍നിന്ന് ഒരു ഗ്ലാസ് ചായയുമായെത്തി അതും മോന്തി ഓരോ ഷീറ്റും വായിക്കുന്നതാണ് പതിവ്. നമ്മളെപ്പോലെ പത്രം വായിക്കുന്ന ശീലം ബംഗാളികള്‍ക്കുണ്ട്. അവിടെ പോയി പത്രങ്ങള്‍ വായിക്കും. പത്രങ്ങള്‍ ഇങ്ങനെ ഒട്ടിക്കുന്നത് പ്രദേശത്തിന്റെ രാഷ്ട്രീയ ചായ്‌വ് അനുസരിച്ചാണ്. ഇടതുപക്ഷാനുഭാവികള്‍ കൂടുതലുള്ള ഇടങ്ങളില്‍ 'ഗണശക്തി'യായിരിക്കും ചുമരിലൊട്ടിച്ചുവച്ചിരിക്കുക. കോണ്‍ഗ്രസ്സ് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ 'ബര്‍ത്തമാനോ' 'ആനന്ദ്ബസാര്‍ പത്രിക'യോ. ബര്‍ത്തമാന്റെ പത്രാധിപര്‍ ബരുണ്‍ ചക്രബര്‍ത്തി പ്രഖ്യാപിത ഇടതുപക്ഷ വിരോധിയും വളരെ 'അസെര്‍ട്ടീവ്' ആയ പത്രാധിപരുമായിരുന്നു. 

ടിപി ഞാളിയത്ത്
ടിപി ഞാളിയത്ത്

താമസിച്ചിരുന്ന പ്രദേശത്തെ ഒരു സാംസ്‌കാരിക അന്തരീക്ഷം എങ്ങനെയായിരുന്നു? 

വളരെ സജീവമായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹൗസിംഗ് കോളനിയില്‍ ഇഷ്ടിക വിരിച്ച നടപ്പാതകളായിരുന്നു ഉണ്ടായിരുന്നത്. അതിലൂടെയങ്ങനെ നടന്നിട്ടുവേണം ഒരു ബ്ലോക്കില്‍നിന്ന് അടുത്ത ബ്ലോക്കിലെത്താന്‍. അങ്ങനെ നടന്നുപോകുമ്പോള്‍ പതിവായി കേള്‍ക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. അതിലൊന്ന് സന്ധ്യാപൂജയുടെ ഭാഗമായി ബംഗാളി സ്ത്രീകള്‍ ശംഖൂതുന്നതാണ്. നിശ്ശബ്ദതയെ സാവധാനം പിളര്‍ന്നുകൊണ്ട് ഒരു കടലാരവം അമര്‍ന്നങ്ങനെ ശംഖുകളില്‍നിന്ന് ഉയരുന്നത് കേള്‍ക്കുന്നത് അനുഭൂതിദായകമായിരുന്നു. വീടുകളില്‍ നിന്നുയരുന്ന രബീന്ദ്രസംഗീത വീചികളാണ് മറ്റൊന്ന്. പെണ്‍കുട്ടികള്‍ രബീന്ദ്രസംഗീതം അഭ്യസിക്കുന്നതാണ് അത്. ഒപ്പം ആ പെണ്‍കുട്ടികളുടെ അച്ഛനോ സഹോദരനോ സഹോദരിയോ ഒക്കെ അകമ്പടിയായി തബല വായിക്കുന്നുണ്ടാകും. വളരെ സാധാരണക്കാരായ മനുഷ്യരാണ് അവരൊക്കെ. ക്ലബ്ബുകളും വായനശാലകളുമൊക്കെ സജീവമായിരുന്നു ആ പ്രദേശത്ത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ ലൈബ്രറികള്‍ നിരന്തരം സന്ദര്‍ശിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തുപോന്നിരുന്നു. ബംഗാളില്‍ മിക്കവാറും എല്ലായിടങ്ങളിലും അങ്ങനെത്തന്നെയെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലും ലൈബ്രറികള്‍ ഉണ്ടായിരുന്നു. പുസ്തകവായനയും ക്ലബ്ബുകളുടെ സാംസ്‌കാരിക പരിപാടികളുമൊക്കെ സജീവമായിരുന്നു.
 
അതേസമയം, വര്‍ഗ്ഗപരമായ ഉച്ചനീചത്വങ്ങള്‍ ബംഗാളി സമൂഹത്തില്‍ വളരെ വ്യക്തമായിത്തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. ഭദ്രൊലോക് എന്നു പറയുന്ന അഭിജാതവര്‍ഗ്ഗം വളരെ 'ഇന്‍ഫ്‌ലുവെന്‍ഷ്യല്‍' ആയിരുന്നു. വളരെ 'റിഫൈന്‍ഡ്' ആയ അഭിരുചികളുള്ള ഒരു വിഭാഗം. കല, സാഹിത്യം, രാഷ്ട്രീയം അങ്ങനെ ഏതു മേഖലയിലും. '70കളില്‍ വളരെ കലുഷമായ സാമൂഹികാന്തരീക്ഷത്തിലാണ് ബംഗാളില്‍ ഇടതുപക്ഷം ഒരു മുഖ്യശക്തിയായി ഉയര്‍ന്നുവരുന്നത്. സത്യസന്ധത, ആര്‍ജ്ജവം, ആദര്‍ശപ്രതിബദ്ധത എന്നിവയൊ ക്കെയുള്ള അഭിജാതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇടതുപക്ഷത്തിനാകുമെന്ന് വംഗസമൂഹം പൊതുവേ വിശ്വസിച്ചു. മൂല്യനിബദ്ധമായ അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ നേരത്തെ പറഞ്ഞ റിഫൈന്‍ഡ് ആയ അഭിരുചികളുള്ള വിഭാഗത്തിനും താല്പര്യമുണ്ടായിരുന്നു. ആദ്യമൊക്കെ ഇടതുപക്ഷത്തിന് അങ്ങനെയൊരു അന്തരീക്ഷമുണ്ടാക്കുന്നതില്‍ വലിയൊരളവോളം വിജയിക്കാനായി എന്നതാണ് സത്യം. എന്നാല്‍, പിന്നെപ്പിന്നെ അതും ജീര്‍ണ്ണിച്ചു തുടങ്ങി. ഈ ഭദ്രോലോക് ക്രമേണ ഇടതുപക്ഷത്തെ കയ്യൊ ഴിയുകയും സമൂഹവിരുദ്ധ ശക്തികള്‍ ഇടതുപക്ഷത്തേക്കു ചേക്കേറുകയും ചെയ്തു. ഇടതുപക്ഷ തകര്‍ച്ചയില്‍ ഒരു പങ്കുവഹിച്ച പ്രക്ഷോഭം നടന്ന നന്ദിഗ്രാം ഒരുകാലത്ത് ഇടതുപക്ഷാനുഭാവികളുടെ കേന്ദ്രമായിരുന്നു. കൊല്‍ക്കത്ത നഗരവാസികളല്ലാത്ത ചങ്ങാതിമാരുടെയൊപ്പം ബംഗാളിലെ മറ്റിടങ്ങള്‍ സന്ദര്‍ശിച്ച കാലത്ത് നന്ദിഗ്രാമിലും ഞാന്‍ പോയിട്ടുണ്ട്. ആന്ധ്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്ലുല്പാദിപ്പിക്കുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. കാര്‍ഷികോല്പാദനരംഗത്ത് ഒരുതരം 'സാച്വറേഷന്‍' ഉണ്ടായിരുന്നുവെന്നു തോന്നുന്നു. ഒരുകാലത്ത് വ്യവസായങ്ങള്‍ ബംഗാളില്‍ ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ ഇടതുമുന്നണി ഭരണകാലത്ത് വ്യവസായരംഗത്ത് വളര്‍ച്ചാമുരടിപ്പ് ക്രമേണ അനുഭവപ്പെട്ടുതുടങ്ങി. എന്നാല്‍, ഇതൊന്നും രാഷ്ട്രീയരംഗത്ത് പ്രതിഫലിച്ചിരുന്നതേ ഇല്ല. എല്ലാക്കാലത്തും ഒരേ പാര്‍ട്ടിയും ഒരേ മുന്നണിയും അധികാരത്തില്‍ വരുമെന്നായിരുന്നു പൊതുധാരണ. സി.പി.എമ്മിന്റെ ഏകച്ഛത്രാധിപത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പാര്‍ട്ടിക്കാരും മുന്നണിക്കാരുമല്ലാത്തവരെ സാമൂഹികമായി ബഹിഷ്‌കരിക്കുന്നിടത്തോളം പാര്‍ട്ടി സങ്കുചിതത്വം വളര്‍ന്നു. 

ഞാന്‍ താമസിച്ചിരുന്നിടത്ത് ഉണ്ടായിരുന്ന, കോണ്‍ഗ്രസ്സ് അനുഭാവികളായ ഒരു കുടുംബത്തിന്റെ അവസ്ഥ എനിക്ക് ഓര്‍മ്മയുണ്ട്. ആ കോളനിയില്‍ ശരിക്കും 'ഔട്ട് കാസ്റ്റ്' ആയിട്ടാണ് അവര്‍ ജീവിച്ചിരുന്നത്. വളരെ വിഭാഗീയമായിരുന്നു പാര്‍ട്ടിക്കാരല്ലാത്തവരോടുള്ള സമീപനം. ആദ്യകാലങ്ങളില്‍ വളരെ ദുര്‍ബ്ബലമായിരുന്നു പ്രതിപക്ഷ ശബ്ദം. എന്നാല്‍, ശബ്ദം ഉറക്കെ ഉയര്‍ത്താന്‍ പ്രതിപക്ഷത്തെ അനുവദിച്ചില്ലാ എന്നതായിരുന്നു പിന്നീട് പ്രതിപക്ഷശബ്ദം ദുര്‍ബ്ബലമാകാന്‍ കാരണം. ഇപ്പോള്‍ സ്ഥിതിഗതികള്‍ നേരെ തിരിഞ്ഞു. സി.പി.എമ്മിനേയോ ഇടതുപക്ഷത്തേയോ ഒരു കൊടി കെട്ടി സമ്മേളനം നടത്താന്‍ പോലുമോ മമത അനുവദിക്കുന്നില്ല. ഈ പ്രവണത എന്തായാലും ബംഗാളിനു ഗുണകരമാകാന്‍ ഇടയില്ല. 

വര്‍ഗ്ഗപരമായി മാത്രമല്ല വംഗദേശത്ത് വൈജാത്യങ്ങള്‍. സാംസ്‌കാരികമായും പ്രാദേശികമായും ഏറെ വ്യത്യസ്തകളുള്ള ഭൂവിഭാഗമാണ് ബംഗാള്‍. വടക്കന്‍ ബംഗാളിലുള്ളത് വേറൊരു സംസ്‌കാരമാണ്. അവരുടെ അഭിരുചികളും രുചികളും കൊല്‍ക്കത്തയില്‍ ജീവിക്കുന്നവര്‍ക്ക് പിടിച്ചെന്നു വരില്ല. സിലിഗുരി, ജല്‍പായ്ഗുരി, മാല്‍ഡ തുടങ്ങിയ ഇടുങ്ങിയ പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ. അവര്‍ക്ക് ബംഗ്ലാദേശിനോട് കൂടുതല്‍ ചാര്‍ച്ച. 

ഷോവനിസത്തോളമെത്തുന്ന ഭാഷാ ദേശീയവാദികളാണ് പൊതുവേ ബംഗാളികളെന്ന് പറയാറുണ്ട്. കിഴക്കന്‍ ബംഗാളുമായുള്ള സാംസ്‌കാരിക വിനിമയവും പടിഞ്ഞാറന്‍ ബംഗാളിലും കിഴക്കന്‍ ബംഗാളിലുമുള്ള ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പഴയകാലംപോലെ ഇപ്പോള്‍ സജീവമാണോ? ബംഗാളി സാംസ്‌കാരിക സ്വത്വവും ഐക്യവും സംരക്ഷിക്കുന്നതില്‍ അവര്‍ക്ക് ഇപ്പോഴും താല്പര്യം ഉണ്ടോ?  

പഴയതുപോലെ ഉണ്ടോ? എനിക്കു തോന്നുന്നില്ല. നമ്മളിപ്പോള്‍ ജീവിക്കുന്നത് ഒരു 'പോസ്റ്റ് ഗ്ലോബലൈസേഷന്‍ സിനാറിയോ'വിലാണ്. പൊതുവേ മറ്റ് ഐഡന്റിറ്റികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പതിവ് ഗ്ലോബലൈസേഷന്‍ യുഗത്തിലില്ല. എന്നാല്‍, ചില പൊതു ഇമേജുകള്‍ ഇപ്പോഴും ബംഗ്ലാദേശിലും ബംഗാളിലുമൊക്കെ ഇപ്പോഴും സജീവമാണ്. ഉദാഹരണത്തിന് ടാഗോര്‍. ടാഗോറിനു മാത്രമല്ല, സാഹിത്യകാരന്മാര്‍ക്ക് പൊതുവേ ബംഗാളി സമൂഹത്തില്‍ നല്ല ആദരവും ആരാധനയും ലഭിക്കാറുണ്ട്. മഹാശ്വേതദേവി ഉദാഹരണം. അവരുമായി നേരിട്ടു ആശയവിനിമയം നടത്താന്‍ എനിക്ക് പലതവണ അവസരം ലഭിച്ചിട്ടുണ്ട്. മൂന്നുതവണ അവര്‍ കേരളത്തില്‍ വന്നപ്പോഴും അവരുമായി മലയാളം വാരികയ്ക്കുവേണ്ടി അഭിമുഖം നടത്താന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. മനുഷ്യന്റെ അടിസ്ഥാനപരമായ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഔത്സുക്യമുള്ള എഴുത്തുകാരാണ് ബംഗാളിലേറേയുമുള്ളത്. ആ ഒരു വിഭാഗത്തില്‍പ്പെടുന്നു മഹാശ്വേതാദേവിയും. ബിര്‍സാമുണ്ടയെപ്പോലെയും ബഷായ് ടുഡുവിനേയും ഝാന്‍സി റാണിയേയുംപോലെ പോരാട്ടമുഖത്തുള്ള മനുഷ്യരെയാണ് അവര്‍ തന്റെ കൃതികളിലേക്ക് പലപ്പോഴും ആവാഹിച്ചിട്ടുള്ളത്. അല്ലെങ്കില്‍ പോരാട്ടമുഖങ്ങളില്‍നിന്നുള്ള കഥാപാത്രങ്ങളേയാണ് തന്റെ എഴുത്തിലൂടെ ചിത്രീകരിച്ചിട്ടുള്ളത്. അക്കാര്യത്തില്‍ മഹാശ്വേതാദേവിക്കു തുല്യം മഹാശ്വേതദേവി മാത്രമാണ്. കേരളത്തിലാണെങ്കില്‍ അത്രയും പൊളിറ്റിക്കലി അപ്‌റൈറ്റായിട്ടുള്ള ഒരു സാഹിത്യകാരി/സാഹിത്യകാരന്‍ ഉണ്ടോ എന്നതു സംശയമാണ്. മഹാശ്വേതദേവി മലയാളത്തിലാണ് എഴുതുന്നത് എങ്കില്‍ ബംഗാളിലേതുപോലെ സ്വീകരിക്കപ്പെടുമോ എന്നതും. തീര്‍ച്ചയായും നമ്മുടേയും അവരുടേയും ജീവിത സാഹചര്യങ്ങളിലും പശ്ചാത്തലത്തിലും വലിയ വ്യത്യാസമുണ്ട് എന്നത് ഓര്‍മ്മിച്ചുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ബംഗാളിലേതുപോലെ രൂക്ഷമായ ജീവിതാവസ്ഥകള്‍ കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നും പറയേണ്ടതുണ്ട്. 

സുനില്‍ ഗംഗോപാധ്യായയിലേക്കു വന്നാല്‍ വംഗസാഹിത്യത്തിന്റെ മറ്റൊരു മുഖമാണ് ദര്‍ശിക്കാനാകുക. വ്യക്തിജീവിതത്തിലെ ഉയര്‍ച്ചകള്‍, താഴ്ചകള്‍, അവരുടെ മനസ്സുകളിലെ ചുഴികളും മലരികളും പ്രണയം, വിരഹം അങ്ങനെയൊക്കെ. തീവ്രവൈകാരികതകളെ പ്രതിഫലിപ്പിക്കുന്നവയാണ് അവ. എം.ടിയുടെയൊക്കെ ഒരു ട്രാക്കിലാണ്. സുനില്‍ ഗംഗോപാദ്ധ്യായ മലയാളത്തിലാണെങ്കില്‍ എഴുതുന്നതെങ്കില്‍ തീര്‍ച്ചയായും സ്വീകരിക്കപ്പെടും. ബിഭൂതിഭൂഷണ്‍, മണിക് ബന്ദോപാധ്യായ തുടങ്ങിയവരും അതുപോലെത്തന്നെയാണ്. 

Caption
Caption

ബംഗാളിലെ രാഷ്ട്രീയ ജീര്‍ണതകള്‍ കലാസാഹിത്യരംഗത്ത് ആളുകളുടെ താല്പര്യക്കുറവിലേക്ക് നയിച്ചിട്ടുണ്ടോ? പഴയപോലെ വായനയുടെ ഒരു സംസ്‌കാരം ഇപ്പോഴുമുണ്ടോ? 

മുന്‍പ് വായിച്ചിരുന്നവരൊക്കെ ഇപ്പോഴും വായിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ മാറ്റങ്ങളൊന്നും കലാസാംസ്‌കാരികരംഗത്തെ ബാധിച്ചിട്ടില്ല. പിന്നെ പൊതുവേ വാര്‍ത്താവിനിമയരംഗത്തെ മാറ്റങ്ങളോടെ വിനോദങ്ങള്‍ക്കും മറ്റും കൂടുതല്‍ വേദികള്‍ തുറന്നുകിട്ടിയിട്ടുണ്ട്. വിവരമറിയാനും വിനോദിക്കാനും പുസ്തകങ്ങള്‍ വായിക്കണമെന്നില്ല. നമുക്കു സമയം ചെലവഴിക്കാന്‍ വായിക്കേണ്ട ആവശ്യമൊന്നുമില്ല എന്നു കരുതാന്‍ ന്യായങ്ങളുണ്ട്. അങ്ങനെ വിചാരിക്കുന്നവര്‍ ബംഗാളിലുമുണ്ട്. വിശേഷിച്ചും യുവതലമുറയില്‍. ഇനി വായിക്കുന്ന ശീലമുണ്ടെങ്കില്‍ ബംഗാളിതന്നെ വേണമെന്നില്ലല്ലോ. ഇംഗ്ലീഷ് രചനകള്‍ വായിക്കാമല്ലോ. ഭദ്രൊലോക് കുട്ടികള്‍ക്കൊക്കെ കിട്ടിയിട്ടുള്ളതൊക്കെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസമാണ്. അതുകൊണ്ട് അവര്‍ അമിതാവ്‌ഘോഷിനെപ്പോലുള്ളതോ നീല്‍ മുഖര്‍ജിയെപ്പോലെയോ ഇംഗ്ലിഷിലെ ഇന്ത്യന്‍ റൈറ്റേഴ്‌സിന്റേയോ ഇംഗ്ലീഷ് എഴുത്തുകാരുടെ തന്നെയോ പുസ്തകങ്ങള്‍ വായിക്കുന്നു. എന്നിരുന്നാലും ബംഗാളി സാഹിത്യം ഇപ്പോഴും സജീവമാണ്. തിലോത്തമാ മജുംദാരിനെപ്പോലെയും സ്മരണ്‍ജിത് ചക്രബര്‍ത്തിയേയും തൃഷ്ണാ ബര്‍സാതിനേയും പോലെ. ബംഗാളി സാഹിത്യത്തെ സജീവമാക്കുന്നവരില്‍ നല്ലൊരു പങ്ക് വടക്കന്‍ ബംഗാളില്‍ വേരുകളുള്ളവരും മതന്യൂനപക്ഷ പശ്ചാത്തലമുള്ളവരുമാണ്.

നമ്മള്‍ മലയാളികള്‍ ധാരാളം ബംഗാളി സാഹിത്യം വായിച്ചിട്ടുണ്ട്. വിവര്‍ത്തനമായും മറ്റും. പക്ഷേ, ബംഗാളികള്‍ മലയാള സാഹിത്യം വായിക്കുന്നതില്‍ തല്പരരാണോ? മലയാളത്തില്‍നിന്ന് ബംഗാളിയിലേക്കു ഈ തോതില്‍ വിവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തതിനു കാരണമെന്താണ്? 

വളരെ ചുരുങ്ങിയ എണ്ണം കൃതികളാണ് ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടു കാരണങ്ങളാണ്. ഒന്ന്, അവര്‍ക്ക് ഇത്തിരി ഉല്‍ക്കര്‍ഷതാമനോഭാവം ഉണ്ട്. നല്ല വിവര്‍ത്തകരില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. വിക്രമന്‍ നായര്‍ എം.ടിയുടെ ചില കൃതികള്‍ ബംഗാളിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിലീന എബ്രഹാം, ലീലാ സര്‍ക്കാര്‍ തുടങ്ങിയവരൊക്കെ ചില കൃതികളുടെ മൊഴിമാറ്റം നിര്‍വ്വഹിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍, ബംഗാളി വിവര്‍ത്തകരുടെ ഒരു ലൈന്‍ അപ് മലയാളത്തില്‍നിന്നുണ്ടായിട്ടില്ല. മലയാളത്തില്‍നിന്നും ഇംഗ്ലീഷിലേക്കും മുന്‍പ് ഉണ്ടായിട്ടില്ല. ഗീതാ കൃഷ്ണന്‍കുട്ടിയോ പ്രേമാ ജയകുമാറോ എം.ടിയുടെ ചില കൃതികള്‍ മൊഴിമാറ്റം ചെയ്തുവെന്നുവൊഴിച്ചാല്‍. സാഹിത്യ അക്കാദമിപോലുള്ള ചില സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചിലത് ചെയ്യാനാകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. 

​കൊൽക്കത്ത തെരുവ്
​കൊൽക്കത്ത തെരുവ്

ബംഗാളിയില്‍നിന്ന് മലയാളത്തിലേക്ക് മുന്‍പ് വന്ന കൃതികളെല്ലാം അതിന്റെ മൗലികത നഷ്ടപ്പെടുത്താതെ വിവര്‍ത്തനം ചെയ്യാനായവയാണോ? 

തീര്‍ച്ചയായും. മൗലികത നഷ്ടപ്പെടാതെ തന്നെയാണ് മുന്‍കാലങ്ങളിലെല്ലാം തന്നെ ഈ വിവര്‍ത്തനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. ഹിന്ദിയില്‍നിന്നും ആശാപൂര്‍ണാദേവിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത മാധവന്‍പിള്ള സാറിന്റെയടക്കം മനോഹരമായ തര്‍ജ്ജമകളാണ്. പക്ഷേ, തിരിച്ച് ബംഗാളിയില്‍ ഇങ്ങനെ മലയാളകൃതികള്‍ എത്തുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ഏതൊരു ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട എത്രയോ കൃതികള്‍ കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതൊന്നും നമ്മുടെ അതിര്‍ത്തികടന്നുപോയിട്ടില്ല എന്നതു സങ്കടകരമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com