'അന്ന് അപകീര്‍ത്തിപ്പെടുത്തിയ ആളുകള്‍ പിന്നീടെന്താ അതിനെക്കുറിച്ചു മിണ്ടാത്തത്?'

ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന, നിയമനിര്‍മ്മാണസഭകളിലെ സ്ത്രീപ്രാതിനിധ്യം, സാമാജികരുടെ ഉത്തരവാദിത്വങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, മാധ്യമവിമര്‍ശനം- ചോദ്യങ്ങള്‍ക്ക് സ്പീക്കര്‍ മറുപടി പറയുന്നു 
'അന്ന് അപകീര്‍ത്തിപ്പെടുത്തിയ ആളുകള്‍ പിന്നീടെന്താ അതിനെക്കുറിച്ചു മിണ്ടാത്തത്?'

ലോക്‌സഭാംഗമായിരുന്നതിന്റെ അനുഭവങ്ങളാണോ അതോ രണ്ടു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവങ്ങളാണോ സ്പീക്കര്‍ ചെയറില്‍ കൂടുതല്‍ ഉപകരിക്കുന്നത്? 

രണ്ട് അനുഭവങ്ങള്‍ക്കും അതിന്റെ പങ്കുണ്ട്. അതില്‍ നേരിട്ടു സഹായിക്കുന്നത് 10 കൊല്ലം പാര്‍ലമെന്റില്‍ ഇരുന്ന അനുഭവങ്ങള്‍ തന്നെയാണ്. പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോക്‌സഭയിലേയും നിയമസഭയിലേയും ചട്ടങ്ങളുടെ വിശദാംശങ്ങളിലൊക്കെ വ്യത്യാസമുണ്ട്. പക്ഷേ, നടപടിക്രമങ്ങളുടെ ഉള്ളടക്കം ഏറെക്കുറെ ഒന്നുതന്നെയാണ്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള അനുഭവം പാര്‍ലമെന്റില്‍ കണ്ടു ശീലിച്ചിട്ടുള്ളതാണ്. പിന്നെ, അപ്പുറത്തിരിക്കുന്ന അംഗങ്ങളുടെ മാനസികാവസ്ഥയും നമുക്കു മനസ്സിലാക്കാന്‍ പറ്റും. അത് സ്പീക്കര്‍ക്ക് മനസ്സിലാവുക എന്നത് പ്രധാനമാണ്. യാന്ത്രികമായി മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടുത്തെ ഒരു അംഗം പെരുമാറുന്നതിനെ ആ നിലയില്‍ മനസ്സിലാക്കാന്‍ കഴിയണം. ഞാന്‍ 10 വര്‍ഷം പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരുന്ന അംഗമായിരുന്നതുകൊണ്ട് ഒരു സാധാരണ സാമാജികന്റെ മാനസികാവസ്ഥ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. അതോടൊപ്പം, അതിന്റെയെല്ലാം അടിപ്പടവായി നില്‍ക്കുന്നത് ഈ മൂന്നര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാരണം, ഈ ചുമതല വഹിക്കുമ്പോഴും രാഷ്ട്രീയമായ നല്ല സെന്‍സ് പ്രധാനമാണ്. പ്രത്യക്ഷത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ചുമതലയാണെങ്കിലും പൊളിറ്റിക്കല്‍ സെന്‍സ് ഉണ്ടാവുക പ്രധാനമാണ്. അതുപോലെ ഏതു സാഹചര്യത്തേയും നേരിടാനുള്ള ആത്മവിശ്വാസം പകര്‍ന്നുതന്നിട്ടുള്ളതും ഈ മൂന്നര പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവമാണ്; പ്രധാനമായും വിദ്യാര്‍ത്ഥി പ്രസ്ഥാനം. 

രണ്ടാം യു.പി.എ സര്‍ക്കാരിന്റേയും ഒന്നാം മോദി സര്‍ക്കാരിന്റേയും കാലത്താണല്ലോ ലോക്‌സഭാംഗമായിരുന്നത്. ആ രാഷ്ട്രീയമാറ്റത്തിന്റെ പ്രതിഫലനം സഭയില്‍ ഏതുവിധമാണ്, ഇടതുപക്ഷ അംഗം എന്ന നിലയില്‍ അനുഭവപ്പെട്ടത്? 

2014ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ വഴിത്തിരിവായ ഒരു തെരഞ്ഞെടുപ്പാണ്. 2014ന്റെ പ്രത്യേകത ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ത്തന്നെ സാരമായ മാറ്റം ഉണ്ടായി എന്നതാണ്. കേവലമൊരു ഗവണ്‍മെന്റിന്റെ മാറ്റമല്ല; ഒരു ഗവണ്‍മെന്റ് പോയി വേറൊരു ഗവണ്‍മെന്റ് വന്നു എന്നുള്ളതല്ല, ഒരു പാര്‍ട്ടി അധികാരത്തില്‍നിന്നു പോയി വേറൊരു പാര്‍ട്ടി അധികാരത്തില്‍ വന്നു എന്നതല്ല. അതുവരെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യ തുടര്‍ന്നുവന്ന രാഷ്ട്രസങ്കല്പത്തില്‍ നിന്നുതന്നെയുള്ള വ്യതിയാനത്തിനു നിദാനമായ തെരഞ്ഞെടുപ്പായിരുന്നു അത്. മതനിരപേക്ഷ രാഷ്ട്രസങ്കല്പം സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന നിലവില്‍ വന്നതു മുതല്‍ നാം പിന്തുടരുന്നതാണ്. അതാണ് ഇവിടെ എല്ലാ ദൗര്‍ബ്ബല്യങ്ങളോടും പരിമിതികളോടും കൂടിയാണെങ്കിലും കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനെ നിരാകരിക്കുകയും ഒരു മതരാഷ്ട്രം പ്രത്യേക ലക്ഷ്യമായി കാണുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന ഒരു ഭരണകൂടം വന്നു. അതാണ് ആ തെരഞ്ഞെടുപ്പ് വഴിത്തിരിവായിത്തീരുന്നത്. ആ അഞ്ചു കൊല്ലം എന്നത് ഈ വ്യതിയാനത്തിനു തുടക്കം കുറിച്ച അഞ്ചു കൊല്ലങ്ങളായിരുന്നു. പ്രധാനമായും അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ മതനിരപേക്ഷ നിലപാടുകള്‍ ശക്തമായി ഉന്നയിക്കേണ്ടിവന്നിട്ടുണ്ട്. വ്യാജദേശീയതയെ, വര്‍ഗ്ഗീയതയെ നിരന്തരമായി തുറന്നു കാണിക്കുന്ന രാഷ്ട്രീയ കടമയാണ് അവിടെ നിര്‍വ്വഹിക്കേണ്ടിവന്നത്. ചിലതെല്ലാം ഏതു സമയത്തും ഓര്‍ത്തെടുക്കാന്‍ കഴിയും. 

അതിലൊന്ന്, ജാലിയന്‍ വാലാബാഗിലെ സ്മാരകത്തോടുള്ള അവഗണന ആദ്യമായി പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്. അതിനിടയാക്കിയത് മക്കളേയും കൂട്ടി ഒരു ദിവസം ജാലിയന്‍ വാലാബാഗ് കാണാന്‍ പോയതാണ്. കുടുംബം അത്യപൂര്‍വ്വമായി മാത്രമേ ഡല്‍ഹിയില്‍ ഉണ്ടായിട്ടുള്ളൂ. ഞാന്‍ പലതവണ പോയിട്ടുണ്ടെങ്കിലും കുട്ടികളൊന്നു കാണട്ടെ എന്നു വിചാരിച്ചാണ് കൊണ്ടുപോയത്. അവിടുത്തെ ലൈറ്റ് ആന്റ് സൗണ്ട് ഷോയെക്കുറിച്ചു കേട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് അതു വലിയ അനുഭവമാകുമെന്നും കരുതി. ചെന്നപ്പോള്‍ ഫണ്ടില്ലാത്തതുകൊണ്ട് അത് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നറിഞ്ഞു. 

എല്ലാവരുടേയും ഇന്ത്യ എന്നതിന്റെ ഏറ്റവും ഉജ്ജ്വലമായ ഒരു സ്മാരകമാണ് അത്. പക്ഷേ, അവിടെ മൊത്തത്തില്‍ അവഗണിക്കപ്പെട്ട ഒരു സ്ഥിതിയാണ് കണ്ടത്. തിരിച്ചുവന്നയുടനെ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. ദേശീയ മാധ്യമങ്ങളില്‍ അതിനു വലിയ പ്രാധാന്യം, പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രാധാന്യം കിട്ടി. പാര്‍ലമെന്റില്‍ ശക്തമായിത്തന്നെ ഉന്നയിക്കുകയും ചെയ്തു. ഇവരുടെ രാജ്യസ്‌നേഹത്തിന്റെ കാപട്യമൊക്കെ തുറന്നുകാണിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, മതനിരപേക്ഷ ഇന്ത്യയുടെ പ്രതീകമായതുകൊണ്ടാണ് മതരാഷ്ട്രത്തിന്റെ ശക്തികള്‍ അതിനെ അവഗണിക്കുന്നത് എന്നു പറഞ്ഞു. 2019ല്‍, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ സ്മാരകം സംരക്ഷിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമനിര്‍മ്മാണം കൊണ്ടുവന്നു. ആ ബില്ലിന്റെ ചര്‍ച്ചയിലും ഞാന്‍ പങ്കെടുത്തിരുന്നു. ശശി തരൂരുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുപോലെ ആവശ്യപ്പെട്ട ഒരു കാര്യം, ബ്രിട്ടീഷ് ഗവണ്‍മെന്റ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറയണം എന്നായിരുന്നു. തൊട്ടടുത്ത മാസം പാര്‍ലമെന്റില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ മാപ്പു പറഞ്ഞു. ഞങ്ങള്‍ ഉന്നയിച്ചതിനെക്കുറിച്ചു പരാമര്‍ശമൊന്നും നടത്തിയിട്ടൊന്നുമില്ല. പക്ഷേ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ ആവശ്യം ഉയര്‍ന്നു എന്നതും അവര്‍ മാപ്പു പറഞ്ഞതും പ്രധാനമാണ്. പിന്നെ, വ്യക്തിപരമായി എനിക്ക് സന്തോഷകരമായ ഒരു അനുഭവം ഉണ്ടായത് എന്താണെന്നുവച്ചാല്‍ ജാലിയന്‍ വാലാബാഗിന്റെ നൂറാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ ജലന്ധര്‍ ഡി.എ.വി കോളേജ് പ്രിന്‍സിപ്പല്‍ എന്നെ ക്ഷണിച്ചു. എങ്ങനെയാണ് അവിടെനിന്നൊരു ക്ഷണം വന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം എന്നോടു പറഞ്ഞു, ഈ പ്രശ്‌നം ഉന്നയിച്ച് താങ്കള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഞാന്‍ ലോക്‌സഭാ ടി.വിയില്‍ ലൈവായി കേട്ടു. നന്നായിരുന്നു അത്. പിന്നെ, താങ്കള്‍ ജനിച്ചത് ജലന്ധറിലാണ് എന്നതും ഈ ചടങ്ങിലേക്കു ക്ഷണിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ച കാരണമാണ്. 

ജാലിയൻ വാലാബാ​ഗ് സ്മാരകം
ജാലിയൻ വാലാബാ​ഗ് സ്മാരകം

പഞ്ചാബുമായുള്ള വൈകാരിക ബന്ധം ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ അവിടെ ജനിച്ച ആളാണ്. പലവട്ടം ജാലിയന്‍ വാലാബാഗില്‍ പോയിട്ടുണ്ട്. അതു കേട്ടിട്ടാണ് അദ്ദേഹം എന്നെ ക്ഷണിച്ചത്. പക്ഷേ, അപ്പോള്‍ ഞാന്‍ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ്. വെടിവയ്പിന്റെ വാര്‍ഷികദിനമായ ഏപ്രില്‍ 13നാണ് ചടങ്ങ്. ഇവിടെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നും. മാറിനില്‍ക്കാന്‍ കഴിയില്ല. അതു ഞാന്‍ പറഞ്ഞു, അദ്ദേഹത്തിന് ആ സാഹചര്യം മനസ്സിലാവുകയും ചെയ്തു. പറഞ്ഞുവന്നത്, ആ അഞ്ചു വര്‍ഷം ഇടതുപക്ഷത്തിന് 11 അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രശ്‌നങ്ങളെല്ലാം ഉന്നയിക്കാന്‍ ഏറ്റവും ശക്തമായി മുന്നില്‍ നിന്നത് ഇടതുപക്ഷത്തിന്റെ എം.പിമാര്‍ ആയിരുന്നു. മറ്റൊരു അനുഭവമുള്ളത് മംഗലാപുരത്തെ ആദിവാസിയായ വിട്ടല്‍ മലക്കുടിയ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്‍മെന്റ് മാവോയിസ്റ്റാണ് എന്നു പറഞ്ഞു ജയിലിലടച്ചു. ജേര്‍ണലിസം വിദ്യാര്‍ത്ഥികൂടിയായ ആ യുവാവിനേയും അച്ഛനേയും വീട്ടില്‍ കയറി അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ടു തല്ലി അച്ഛന്റെ കാലൊടിഞ്ഞു. ആ പ്രശ്‌നത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാനാണ് ആദ്യം അവിടെ എത്തിയതും അയാളെ കണ്ടതും. പിന്നീട് പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചു. അന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അതു വളരെ ഗൗരവത്തിലെടുത്തു. അങ്ങനെ ഞാനും സഖാക്കള്‍ വൃന്ദാ കാരാട്ടും ത്രിപുരയില്‍നിന്നുള്ള എം.പി ബജുബാന്‍ റിയാനും (ഇന്ന് അദ്ദേഹം ഇല്ല) ഉള്‍പ്പെടുന്ന സംഘം കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ കണ്ടു, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കേസ് വ്യാജമാണ് എന്ന് തുറന്നുകാണിക്കാന്‍ പറ്റി. കേസ് പിന്‍വലിക്കാമെന്ന് സദാനന്ദ ഗൗഡ പറഞ്ഞെങ്കിലും അത് ചെയ്തില്ല. പക്ഷേ, യു.എ.പി.എ കേസില്‍ ജാമ്യം കിട്ടി. കഴിഞ്ഞ മാസം ആ കേസില്‍ ആ യുവാവ് നിരപരാധിയാണെന്നു വിധിച്ച് കോടതി വെറുതേ വിട്ടു. അതിനെ മുന്‍നിര്‍ത്തി സിനിമ വരാന്‍ പോവുകയാണ്. വലിയ സമരങ്ങള്‍ അന്ന് മംഗലാപുരത്തും ബംഗളൂരുവിലുമൊക്കെ ഞങ്ങള്‍ നടത്തിയിരുന്നു. ഒരുപക്ഷേ, നേരിട്ടല്ലെങ്കിലും ഏത് ഉത്തരവാദിത്വവും നിര്‍വ്വഹിക്കുമ്പോള്‍ ഈ അനുഭവങ്ങളില്‍ നിന്നെല്ലാമുള്ള കരുത്ത് സഹായകമാകും.

കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിലെ പരിമിതി മാറ്റിവച്ച് സ്പീക്കര്‍ രാഷ്ട്രീയം പറയാന്‍ നിര്‍ബ്ബന്ധിതനാകുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടോ? 

രാഷ്ട്രീയം പറയാന്‍ കക്ഷിരാഷ്ട്രീയം പറയണമെന്നില്ല. കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളില്‍ ഇടപെടാതെ തന്നെ അതില്‍ അന്തര്‍ലീനമായ രാഷ്ട്രീയം പറയാം. അത് ഞാന്‍ പറയുന്നുമുണ്ട്, കഴിഞ്ഞ ഒരു വര്‍ഷം പറഞ്ഞതത്രയും രാഷ്ട്രീയമാണ്. പക്ഷേ, പറഞ്ഞത് ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. വിവാദമുണ്ടാക്കണം എന്ന് ഉദ്ദേശവുമില്ല. രണ്ടു തരത്തില്‍ നമുക്കു രാഷ്ട്രീയം പറയാം; കാര്യം പറഞ്ഞാല്‍ മതിയെങ്കില്‍ അങ്ങനെ പറയാം, വിവാദമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അങ്ങനെയും പറയാം. വിവാദമുണ്ടാക്കണമെന്നും വാര്‍ത്തയിലോ തലക്കെട്ടിലോ വരണമെന്നും ഉദ്ദേശിച്ചിട്ടില്ല. പക്ഷേ, പറയാനുള്ള രാഷ്ട്രീയം കിറുകൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചു പറയേണ്ട കാര്യങ്ങള്‍ ഔചിത്യത്തോടെ എന്നും പറഞ്ഞിട്ടുണ്ട്. ആ ഔചിത്യത്തിന്റെ പരിധി മറികടക്കുമ്പോഴാണല്ലോ പ്രശ്‌നം. സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട ഔചിത്യത്തോടെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയേണ്ടതാണ് എന്നു തോന്നിയ ഒരു രാഷ്ട്രീയവും പറയാതിരുന്നിട്ടില്ല. 

സ്പീക്കറുടെ മുന്‍ഗണന സഭ നന്നായി നടത്തിക്കൊണ്ടുപോവുകയാണ്. പക്ഷേ, ഈ നന്നായി നടത്തലിന്റെ നിര്‍വ്വചനമെന്താണ്. (സംഘര്‍ഷങ്ങളില്ലാതെ നടത്തുക, സര്‍ക്കാരിന്റെ ബിസിനസ്സുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുക, പ്രതിപക്ഷത്തെ പരമാവധി വിശ്വാസത്തിലെടുക്കുകയും അവരുടെ കൂടി വിശ്വാസം നേടുകയും ചെയ്യുക... ഇതൊക്കെ ശരി. പക്ഷേ, നിയമനിര്‍മ്മാണം എന്ന സുപ്രധാന ചുമതലയില്‍ സ്പീക്കര്‍ക്ക് സ്വന്തം നിലയില്‍ പങ്കാളിത്തമെന്തുണ്ട്? ഉണ്ടാകേണ്ടതല്ലേ? 

നമ്മുടെ പാര്‍ലമെന്ററി നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ചാണല്ലോ സഭ പ്രവര്‍ത്തിക്കുന്നത്. അതില്‍ സ്പീക്കര്‍ എന്നു പറഞ്ഞാല്‍ ഈ പറഞ്ഞ രണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്ന ആളാണ്. ഒന്ന്, ഗവണ്‍മെന്റ് ബിസിനസ് നടത്തിക്കൊണ്ടുപോവുക, മറ്റേത്, പ്രതിപക്ഷഭരണപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുപോവുക. പ്രത്യേകിച്ചു പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് ഇടവും സംരക്ഷണവും കൊടുക്കുക. ഇതാണ് പ്രധാന ഉത്തരവാദിത്വം. പിന്നെ. നിയമനിര്‍മ്മാണത്തില്‍ അതിന്റെ ഉള്ളടക്കവും ഗുണമേന്മയും മെച്ചപ്പെടുത്താന്‍ സ്പീക്കര്‍ക്ക് കഴിയും. ഒരു ഉദാഹരണം പറയാം: കഴിഞ്ഞ ജൂലൈയില്‍ ഈ സഭയുടെ ആദ്യ സമ്മേളനത്തില്‍ സ്പീക്കര്‍ എന്ന നിലയില്‍ ഒരു റൂളിംഗ് കൊടുത്തിരുന്നു. ആ റൂളിംഗ് നിയമനിര്‍മ്മാണത്തിനുവേണ്ടി മാത്രം ഒരു സമ്മേളനം ചേരണമെന്നും പെന്‍ഡിംഗ് ഉള്ള നിരവധി ഓര്‍ഡിനന്‍സുകള്‍ നിയമമാക്കണമെന്നുമായിരുന്നു. സഭയില്‍ ഉയര്‍ന്നുവന്ന ഒരു ക്രമപ്രശ്‌നത്തിനു വിശദീകരണമായായിരുന്നു അത്. ഗവണ്‍മെന്റ് അതിനോടു വളരെ ക്രിയാത്മകമായി പ്രതികരിച്ചു. 24 ദിവസം നീളുന്ന പ്രത്യേക സമ്മേളനം നിശ്ചയിച്ചു. പ്രകൃതിക്ഷോഭം മൂലം രണ്ടു ദിവസം വെട്ടിക്കുറയ്‌ക്കേണ്ടിവന്നെങ്കിലും 21 ദിവസത്തെ സമ്മേളനത്തില്‍ 35 ഓര്‍ഡിനന്‍സുകള്‍ക്കു പകരം ബില്ല് കൊണ്ടുവന്ന് പാസ്സാക്കാന്‍ കഴിഞ്ഞു. അത് കേരളത്തിന്റെ എന്നല്ല ഇന്ത്യയില്‍ത്തന്നെ നിയമനിര്‍മാണ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. അംഗങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തെ കുറ്റമറ്റതാക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും അതില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഈ 35 ബില്ലുകള്‍ക്കും കൂടി എണ്ണായിരത്തിലേറെ ഭേദഗതികളാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. കേരള നിയമസഭയെ സംബന്ധിച്ച് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ നന്നായി ഗൃഹപാഠം ചെയ്യുന്നു, നന്നായി ബില്ല് പഠിക്കുന്നു, ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു, അങ്ങനെ ഗൗരവത്തോടുകൂടി നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാര്‍ലമെന്റില്‍പ്പോലും ഇത്രയേറെ അംഗങ്ങള്‍ ഇങ്ങനെ ചെയ്യുന്നതു ഞാന്‍ കണ്ടിട്ടില്ല. കുറച്ചുപേരുണ്ട്. നിയമനിര്‍മ്മാണത്തില്‍ താല്പര്യമുള്ള കുറച്ചുപേര്‍ മാത്രമേ അതില്‍ ശ്രദ്ധിക്കാറുള്ളു. എന്നാല്‍, ഇവിടെ അങ്ങനെയല്ല. ഏറെക്കുറെ മുഴുവന്‍ അംഗങ്ങളും ഇടപെടുന്നു. അതുകൊണ്ടാണ് അത്രയും ഭേദഗതികള്‍ വരുന്നത്. 1500 ഭേദഗതികളൊക്കെ ഒറ്റ ബില്ലിന് വന്നിട്ടുണ്ട്; സഭ നിശ്ചയിച്ചതിനേക്കാള്‍ വളരെ വൈകിയും ചേരേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ട്. അതിനൊടുവില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷത്തുനിന്ന് അപ്പോള്‍ പങ്കെടുത്തിരുന്ന മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഴുന്നേറ്റ് അഭിനന്ദിച്ചത് ഓര്‍മ്മിക്കാനിഷ്ടപ്പെടുന്ന ഒരു സന്ദര്‍ഭമാണ്. നിയമനിര്‍മ്മാണം കുറ്റമറ്റവിധം നടപ്പാകുന്നു എന്നുറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്; അതിനു ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും സഹകരണവും ഉണ്ടായിട്ടുണ്ട്. 

ഭരണാധികാരികള്‍ ജനവിരുദ്ധരായാല്‍ മാധ്യമങ്ങള്‍ പ്രതിപക്ഷമാകണം എന്നു പറയാറുണ്ട്. അതേസമയം മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ശബ്ദം മാത്രമായി മാറുന്നു എന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു? 

ജനാധിപത്യത്തില്‍ മാധ്യമങ്ങളെ നാലാം തൂണ് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവയ്ക്കു പുറമേ നാലാം തൂണായി മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ജീവവായു ആയ വിയോജിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തി അധികാരവിമര്‍ശനം നടത്തുന്നതു കൊണ്ടാണ്. ഭരണകൂടത്തെ വിമര്‍ശിക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. എന്നാല്‍, ഇന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വിസ്മരിച്ചു പോകുന്നത്, അല്ലെങ്കില്‍ ബോധപൂര്‍വ്വം അവഗണിക്കുന്നത് വിമര്‍ശനവും അധിക്ഷേപവും പരദൂഷണവും തമ്മിലുള്ള വ്യത്യാസമാണ്. അധിക്ഷേപവും പരദൂഷണവും വിമര്‍ശനമായി കണക്കാക്കാന്‍ പറ്റില്ല. പലപ്പോഴും അധികാര വിമര്‍ശനത്തിനു പകരം പരദൂഷണ പ്രവര്‍ത്തനമായി മാധ്യമ പ്രവര്‍ത്തനം മാറുന്നു എന്നത് മാധ്യമങ്ങളുടെ ഒരു അപചയമാണ്. ഈ അപചയം മാധ്യമങ്ങളുടെ വിശ്വാസ്യതയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. അതും ജനാധിപത്യത്തിനു ഗുണമല്ല.  എന്തുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അതിനെ ഗൗരവത്തോടുകൂടി കാണാത്തത് എന്ന് എനിക്കറിയില്ല. ഒരു അനുഭവം കൂടി പറയാം. നിയമസഭയിലെ കാര്യം നോക്കൂ: നിയമസഭാ അവലോകനം മാധ്യമങ്ങള്‍ നടത്താറുണ്ട്. ഈ പറഞ്ഞ അപചയമൊക്കെ നേരത്തേ സംഭവിച്ചിട്ടുള്ളവയാണ്. പക്ഷേ, ദേശീയ മാധ്യമങ്ങള്‍ പോലും പാര്‍ലമെന്റിലെ നടപടികളെ, പ്രസംഗങ്ങളെയൊക്കെ കുറച്ചുകൂടി ഗൗരവത്തില്‍ കൈകാര്യം ചെയ്തിരുന്നു എന്നാണ് എന്റെ അനുഭവം. കേരളത്തില്‍ ഗൗരവമായിട്ട് നിയമസഭയില്‍ നടത്തുന്ന പ്രസംഗം, ഇടപെടലുകള്‍ അതിനൊന്നും വലിയ പ്രാധാന്യം കിട്ടാറില്ല. സഭയില്‍ പഞ്ച് ഡയലോഗുകള്‍ വേണം, അതിന് വാര്‍ത്തയില്‍ ഇടം കിട്ടും. അതുകൊണ്ട് ഗൗരവമായി എന്തു പഠിച്ച് അവതരിപ്പിച്ചിട്ടും കാര്യമില്ല എന്നൊരു സ്ഥിതി വന്നാല്‍പ്പിന്നെ എന്തിനു പഠിച്ച് അവതരിപ്പിക്കണം എന്നൊരു ചിന്ത എം.എല്‍.എമാരില്‍ വരും. അതിനു പകരം തലക്കെട്ടു പിടിക്കാനും വാര്‍ത്തയില്‍ ഇടംപിടിക്കാനും പറ്റിയ ചില വാചകങ്ങള്‍, വാക്യത്തില്‍ പ്രയോഗിക്കല്‍ മാത്രമായി അതു മാറും. ഈ കാര്യത്തില്‍ മാത്രമല്ല, നമ്മുടെ എല്ലാ പത്രങ്ങള്‍ക്കും വാചകമേളകളുണ്ട്. എന്താണ് അതിന്റെ സാംഗത്യമെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എവിടെയെങ്കിലും പ്രസംഗിച്ചതിന്റേയോ എഴുതിയതിന്റേയോ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ഒരു വാചകം. ഈ പറഞ്ഞതുപോലെ പഞ്ചുള്ള, ഇമ്പമുള്ള, അല്ലെങ്കില്‍ ആളുകളെ രസിപ്പിക്കുന്ന ഒരു വാചകം മാത്രം. അതു വായിച്ചാല്‍ അതു പറഞ്ഞയാള്‍ അതിനു മുന്‍പും ശേഷവും പറഞ്ഞതിനെക്കുറിച്ചോ ഏതു സാഹചര്യത്തില്‍ പറഞ്ഞു എന്നതിനെക്കുറിച്ചോ ഒരു ധാരണയും കിട്ടില്ല. നിയമസഭപോലും വാചകമേളയില്‍ ഇടംപിടിക്കാനുള്ളതായി മാറും. ഇത്തരം കേവല മേളകളായി രാഷ്ട്രീയത്തെത്തന്നെ അവതരിപ്പിക്കുന്നത് ഒരുതരം പൈങ്കിളിവല്‍ക്കരണമാണ്. രാഷ്ട്രീയത്തിന്റെ പൈങ്കിളിവല്‍ക്കരണം, വിമര്‍ശനത്തിന്റെ പരദൂഷണവല്‍ക്കരണം അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശനമല്ല. അതിനെ വിമര്‍ശനമെന്നു പറഞ്ഞുകൂടാ. യഥാര്‍ത്ഥ വിമര്‍ശനത്തെ പരിഹസിക്കലാണ് നടക്കുന്നത്. ഗൗരവമായി മാധ്യമങ്ങള്‍ ആത്മവിമര്‍ശനം നടത്തേണ്ട കാലമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ക്കു വലിയ ചരിത്രമുള്ളതാണ്. ആ ചരിത്രത്തോടു നീതിപുലര്‍ത്തുന്ന തരത്തില്‍ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണ്. 

നിയമസഭയുടെ എത്തിക്‌സ് ആന്റ് പ്രിവിലെജസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ വരെയായിരുന്ന മുതിര്‍ന്ന മുന്‍ സാമാജികന്‍ അങ്ങേയറ്റത്തെ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി ജയിലിലാകുന്ന മുമ്പില്ലാത്ത സാഹചര്യം ഉണ്ടാകുന്നു. ജനപ്രതിനിധികളെ ജനപക്ഷരാഷ്ട്രീയം പഠിപ്പിക്കേണ്ട സ്ഥിതിയുണ്ടോ, കേരളത്തില്‍? 

സാമാജികരുടെ കാര്യത്തില്‍ മാത്രമല്ല, പൊതുവില്‍ ഇത്തരത്തില്‍ വിഭജനം ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍, വിഭജനമുണ്ടാക്കുന്ന ഭാഷ രാഷ്ട്രീയത്തില്‍ കൂടുതലായി നമ്മള്‍ കേള്‍ക്കുകയാണ്. അത് ദേശീയ രാഷ്ട്രീയത്തിന്റെ ഒരു ദുഃസ്വാധീനമാണ് എന്നു ഞാന്‍ കരുതുന്നു. ദേശീയ രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയതയുടെ ഉയര്‍ച്ച സൃഷ്ടിക്കുന്ന ഒരു കരിനിഴലാണ് അത്. കാരണം ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പരിഗണനയും പ്രാധാന്യവും കിട്ടുന്നത് ആര്‍ക്കാണ്. വാവിട്ടു സംസാരിക്കുന്നവര്‍ക്കാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തില്‍ പകയോടെ വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കാണ്. വിദ്വേഷം എന്നത് വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖ്യ അജന്‍ഡയാണ്. ഹരിദ്വാര്‍ കോണ്‍ക്ലേവൊക്കെ നമ്മുടെ മുന്നിലുണ്ട്. ആയുധമെടുക്കാനാണ്, വംശഹത്യയ്ക്കാണ് ആഹ്വാനം ചെയ്തത്. സഫായി അഭിയാന്‍ എന്നാണ് ആഹ്വാനം; ക്ലീന്‍ലിനെസ് ഡ്രൈവ്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ്. അല്ലാതെ തെരുവിലെ മാലിന്യമല്ല. അങ്ങനെയൊക്കെ പറയുന്നവര്‍ക്കു സംരക്ഷണം കിട്ടുന്നു. അവര്‍ ആഘോഷിക്കപ്പെടുന്നു; സെലിബ്രിറ്റികളായി മാറുന്നു. അവര്‍ക്ക് മറ്റു പരിഗണനകളും കിട്ടുന്നു. എത്രയോ പേരുണ്ട്; ഓരോരുത്തരുടെ പേരെടുത്തു പറയേണ്ട കാര്യമില്ല. ആ ദുഃസ്വാധീനം കേരളത്തിലും പ്രകടമാകുന്നു. ശ്രദ്ധിക്കപ്പെടാന്‍, കൂടുതല്‍ പരിഗണന കിട്ടാന്‍ ഒരുപക്ഷേ, പുതിയ ലാവണങ്ങള്‍ കിട്ടാന്‍ ഒക്കെ സഹായിക്കും; ഇങ്ങനെ ഈ വിദ്വേഷ പ്രചരണം നടത്തിയാല്‍ എന്ന ധാരണ ചിലപ്പോള്‍ പ്രേരിപ്പിക്കുന്നുണ്ടാകും. എന്നു മാത്രമല്ല, ഇത് ഏതെങ്കിലും വ്യക്തിയുടെ മാത്രം പ്രശ്‌നമായി കാണാന്‍ കഴിയില്ല. ആസൂത്രിതമായി ചിലരെ നിയോഗിക്കുന്നതായി മനസ്സിലാക്കണം. കേരളത്തില്‍ എത്രയൊക്കെ ആയിട്ടും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനു വേരുറപ്പിക്കാന്‍ കഴിയുന്നില്ല. കഴിയണമെങ്കില്‍ ചേരിതിരിവും ഭിന്നതയും ഉണ്ടാക്കണം. അത് ആസൂത്രിതമായി ചെയ്യുന്നതാണ് ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍. ഏതെങ്കിലും വ്യക്തിയുടെ മാത്രം അപചയത്തിന്റെ പ്രശ്‌നമല്ല. അതിനു കിട്ടുന്ന പിന്തുണയും നിര്‍മ്മിതമാണ്; മുഴുവന്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. 

നിയമസഭയിലെ പെരുമാറ്റം എങ്ങനെയാകണമെന്നും എങ്ങനെയാകരുത് എന്നും നിഷ്‌കര്‍ഷിക്കുന്ന പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അത് എത്രത്തോളം പ്രസക്തമാണ് (എത്രത്തോളം നടപ്പാകുന്നു എന്നല്ല, അതിലെ നിയന്ത്രണങ്ങള്‍ എത്രത്തോളം പ്രസക്തമാണ്). 

പെരുമാറ്റച്ചട്ടം നമ്മള്‍ തന്നെ അംഗീകരിച്ചതാണല്ലോ. അംഗങ്ങള്‍ സ്വയം അംഗീകരിച്ചത് സ്വയം പാലിക്കേണ്ടതാണ്. ചിലപ്പോള്‍ വളരെ അസാധാരണ സാഹചര്യത്തില്‍ എഴുതിവച്ച ചട്ടത്തിന് അപ്പുറവും ഇപ്പുറവുമൊക്കെ പോയേക്കാം. അതെല്ലാം വളരെ യാന്ത്രികമായി ഏതു സന്ദര്‍ഭത്തിലും പാലിക്കപ്പെടുമെന്നു വിചാരിക്കുന്ന ആളല്ല ഞാന്‍. മനുഷ്യരാണല്ലോ. വികാരവിക്ഷോഭങ്ങളും ചില സന്ദര്‍ഭങ്ങളില്‍ എടുത്തുചാട്ടവും ഉണ്ടാകാം. പക്ഷേ, നിരന്തരമായി ലംഘിക്കുന്നതും പെരുമാറ്റച്ചട്ട ലംഘനം ഒരു അവകാശമായി കണക്കാക്കുന്നതും ശരിയല്ല. പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതാണ്, ചിലപ്പോള്‍ ലംഘിക്കപ്പെട്ടേക്കാം. സ്പീക്കര്‍ക്ക് പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് ഏറ്റവും കുറച്ചു മാത്രമേ മുന്നറിയിപ്പു നല്‍കാന്‍ ഇടവരാവൂ. ഒരു സ്പീക്കര്‍ക്ക് പെരുമാറ്റച്ചട്ടം പാലിക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും ഏറ്റവും കുറച്ചേ ഇടവരാവൂ. 

നല്ല ജനപ്രതിനിധി എന്നാല്‍, സ്വന്തം മണ്ഡലം നന്നായി നോക്കുന്ന ആള്‍ ആണ് എന്ന ധാരണയാണ് സാധാരണയായി ആളുകളില്‍ മുഖ്യം. പക്ഷേ, നിയമനിര്‍മ്മാണസഭയില്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങളില്‍ ഇതേ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ പകുതിയെങ്കിലുമുണ്ടോ? 

തീര്‍ച്ചയായിട്ടും ജനപ്രതിനിധി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുകതന്നെ വേണം. അവരുടെ സന്തോഷത്തിലും ദു:ഖത്തിലുമൊക്കെ പങ്കുചേരുന്നതില്‍ തെറ്റില്ല. സമയമുണ്ടെങ്കില്‍ കല്യാണവീടുകളില്‍ പോകാം, മരണവീടുകളില്‍ പോകുന്നതിനു കുറച്ചുകൂടി പ്രാധാന്യമുണ്ട്. കാരണം, അത് ഒരാളുടെ അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ ദുഃഖത്തിന്റെ സന്ദര്‍ഭമാണ്. പ്രത്യേകിച്ചും ദാരുണമായ സംഭവങ്ങളൊക്കെയാണെങ്കില്‍ അവിടെ എത്തുകതന്നെ വേണം. പക്ഷേ, മറ്റൊന്നും ചെയ്യാതിരിക്കാന്‍ ഒരു മറയായിട്ട് ഇതു മാറാന്‍ പാടില്ല. പ്രാഥമികമായ ചുമതല എന്താണ്? നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാവുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ കൊണ്ടുവന്ന് അതു പരിഹരിക്കാനുള്ള ശ്രമം നടത്തുക. അതാണ് പ്രധാന ചുമതല. ആ സ്ഥിതി മുന്‍പുണ്ടായിരുന്നു. മുന്‍പ്, നല്ല പാര്‍ലമെന്റേറിയന്മാര്‍ എന്നു നമ്മള്‍ പറഞ്ഞിരുന്നത് ഈ ചുമതല നന്നായി നിറവേറ്റുന്നവരെയാണ്. അതില്‍ കാലക്രമത്തില്‍ വെള്ളം ചേര്‍ത്തു വന്നിട്ട് സഭയിലെ പ്രവര്‍ത്തനം രണ്ടാമതാവുകയും എവിടെയും ആദ്യം ഓടിയെത്തുന്നതിന് പ്രാധാന്യം വരികയും ചെയ്തു. അതിനൊരു പി.ആര്‍ സ്വഭാവമുണ്ട്. അഞ്ചുകൊല്ലം നീണ്ടുനില്‍ക്കുന്ന ഒരു പി.ആര്‍ പ്രവര്‍ത്തനം മാത്രമായി മാറാന്‍ പാടില്ല. ഈ ചുമതല വിസ്മരിക്കരുത്. ജനം തെരഞ്ഞെടുത്ത് അയയ്ക്കുന്നത് നിയമനിര്‍മ്മാണത്തില്‍ ജനങ്ങളുടെ പക്ഷം പ്രതിഫലിപ്പിക്കുക, ജനപക്ഷ നിലപാടുകള്‍ ഉള്‍ക്കൊള്ളിക്കുക തുടങ്ങിയതിനൊക്കെയാണ്. അങ്ങനെയല്ലാതായി പോകുന്നതില്‍ മാധ്യമങ്ങള്‍ക്കും ഒരു പങ്കുണ്ട്. ഇതാണ് പ്രധാന പ്രവര്‍ത്തനമെന്ന് മാധ്യമങ്ങള്‍ കണ്ടാല്‍ ഒരിക്കലും തോന്നില്ല. പിന്നെ ഇവിടെ വന്ന് അത്ര അധ്വാനിച്ചിട്ടു കാര്യമില്ല എന്നൊരു തോന്നലും നിയമസഭാ അംഗങ്ങള്‍ക്കുണ്ടാകും. ഉറക്കമിളച്ചു പഠിച്ച് ഏതു കാര്യം അവതരിപ്പിച്ചാലും അതിനു പരിഗണനയൊന്നും കിട്ടില്ല എന്ന തോന്നലും ഒരുപക്ഷേ, ജനപ്രതിനിധികളെ നയിക്കുന്നുണ്ടാകും. ജനങ്ങളുടെ മനോഭാവത്തിലും ഇക്കാര്യത്തിലൊരു മാറ്റം വരേണ്ടതാണ്. തങ്ങളുടെ പ്രതിനിധിയെ എവിടേക്ക് അയച്ചോ അവിടെ എന്തു ചെയ്യുന്നു എന്നതിനായിരിക്കണം പ്രധാന പരിഗണന. അങ്ങനെയായിരിക്കണം വിലയിരുത്തേണ്ടത്. അപ്പോള്‍ നമ്മുടെ ജനപ്രതിനിധികളുടെ മികവ് വര്‍ദ്ധിക്കും, നാടിന് അതുകൊണ്ടുള്ള പ്രയോജനവും കൂടും. വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും പ്രധാനമാണ്. നിയമനിര്‍മ്മാണത്തില്‍, വികസന പ്രവര്‍ത്തനങ്ങളില്‍, ജനകീയ പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്തുക. അതിനു പകരമായി ബഹുജന സമ്പര്‍ക്കം മാത്രം പോരാ. രണ്ടും തമ്മില്‍ ബാലന്‍സുണ്ടാകണം. ഏതു സമയത്തും ജനങ്ങള്‍ക്കു ലഭ്യമാകണം, അവര്‍ക്ക് ഏതു സമയത്തും ആശ്രയിക്കാന്‍ കഴിയുന്ന ആളായിരിക്കണം. അതു പ്രധാനമാണ്. അതു നിസ്സാരമായി ഞാന്‍ കണക്കാക്കുന്നേയില്ല.

വനിതാസംവരണം വരാതെതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം ഉയര്‍ത്താന്‍ പാര്‍ട്ടികള്‍ക്ക് കഴിയേണ്ടതല്ലേ? 

ഒന്നാമത്തെ കാര്യം 33 ശതമാനം സംവരണം നടപ്പാക്കുക എന്നതാണ്. എങ്ങനെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടിയത്. ആദ്യം 33 ശതമാനവും പിന്നീട് 50 ശതമാനവും സംവരണം വന്നപ്പോഴാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലെ പുരുഷാധിപത്യ മൂല്യങ്ങള്‍ എത്രമാത്രം രൂഢമൂലമാണ് എന്നു വിസ്മരിക്കാന്‍ പാടില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കു മതിയായ പ്രാതിനിധ്യം ഉണ്ടാകണമെങ്കില്‍ അതിനു നിയമപരമായ വ്യവസ്ഥയുണ്ടാകണം. അതില്ലാതെ അനായാസമല്ല. ഇന്ത്യയില്‍ ഒരു സ്ത്രീക്ക് ഏതു രംഗത്തും വളര്‍ന്നുവരിക എന്നത് പുരുഷനെപ്പോലെ അനായാസം സാധ്യമാകുന്ന ഒന്നല്ല.  ഇറക്കത്തില്‍ സൈക്കിള്‍ ചവിട്ടുന്നതുപോലെയാണ് പുരുഷന്; പക്ഷേ, സ്ത്രീക്കത് വലിയ കയറ്റം സൈക്കിള്‍ ചവിട്ടി കയറുന്നതുപോലെയാണ്. അത് രാഷ്ട്രീയത്തിലും അങ്ങനെ തന്നെയാണ്. അതുകൊണ്ട് അവരെ ഉയര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ സംവരണം ആവശ്യമാണ്. തിരുവനന്തപുരത്തു സംഘടിപ്പിച്ച വനിതാസാമാജിക സമ്മേളനം രാജ്യത്ത് ആദ്യത്തേതാണ്. രാഷ്ട്രപതി തന്നെ അതിനു ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അതില്‍ അംഗീകരിച്ച ഒരു പ്രമേയം 33 ശതമാനം സംവരണം നടപ്പാക്കുന്ന ബില്ല് എത്രയും പെട്ടെന്ന് പാസ്സാക്കണം എന്നാണ്. രാജ്യസഭ കടന്നതാണ്, ലോക്‌സഭയില്‍ ലൈവ് ആണ്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് കൊണ്ടുവരാവുന്നതും നടപ്പാക്കാവുന്നതുമാണ്. പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകളുടെ എണ്ണം കാര്യമായി വര്‍ദ്ധിപ്പിക്കുന്നതിലൂടെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിക്കും എന്നു കരുതുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഇതുവരെ അതു സംഭവിച്ചില്ലല്ലോ. 

കേരള നിയമസഭ പാസ്സാക്കിയിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതും ഗവര്‍ണര്‍ ഒപ്പുവച്ചിട്ടും രാഷ്ട്രപതി ഒപ്പുവയ്ക്കാത്തതുമായ ബില്ലുകള്‍ നിരവധിയുണ്ടല്ലോ. അവയുടെ സ്ഥിതി ഇനി എന്താണ്? 

അതിലൊന്നാണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല്. പാര്‍ലമെന്റില്‍ ഞാന്‍ ഒരുപാടു തവണ ഉന്നയിച്ച വിഷയമാണ്. സഭാതലത്തിലും പുറത്തും യു.പി.എ സര്‍ക്കാരിന്റേയും എന്‍.ഡി.എ സര്‍ക്കാരിന്റേയും കാലത്ത് ഉന്നയിച്ചിട്ടുണ്ട്. പക്ഷേ, ഫലമുണ്ടായിട്ടില്ല. പലതരത്തിലുള്ള തടസ്സവാദങ്ങളോ തൊടുന്യായങ്ങളോ പറഞ്ഞ് അത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ആ ബില്ലുകളുടെ കാര്യത്തില്‍ നിയമസഭയ്ക്ക് ഇനി എന്തു ചെയ്യാന്‍ കഴിയും എന്ന് അറിയില്ല. നിയമസഭയുടെ ഉത്തരവാദിത്വം ബില്ല് പാസ്സാക്കുക എന്നതാണല്ലോ. ഇനി തുടര്‍ന്ന് അത് സര്‍ക്കാരൊക്കെ ഫോളോഅപ് ചെയ്യുക എന്നതാണ്. വിശാലമായ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണ്; സഭ പാസ്സാക്കിയിട്ടും നിയമമാക്കാന്‍ കഴിയാത്ത ബില്ലുകളുടെ കാര്യം. കാരണം സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം ഉപയോഗിച്ചു പാസ്സാക്കുന്ന നിയമങ്ങള്‍ക്കു രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാതിരിക്കണമെങ്കില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം. അത് ഇല്ലാതിരിക്കുകയും എന്നിട്ടും അംഗീകാരത്തിനു സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആരോഗ്യകരമായ ഒരു പ്രവണതയല്ല. അത് ജനഹിതത്തിനും ജനകീയമായ ഇച്ഛയ്ക്കും എതിരാണ്. സഭ പാസ്സാക്കിയത് മറ്റാരോ ചേര്‍ന്ന് അട്ടിമറിക്കുന്നു എന്നാണല്ലോ. 

പൗരന്മാരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്ന 124 എ സുപ്രീംകോടതി റദ്ദാക്കിയല്ലോ. അതൊരു ചരിത്രപരമായ തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിനു നേരത്തേ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതു സംബന്ധിച്ച നിയമത്തില്‍നിന്ന് പിന്‍മാറേണ്ടിവന്നല്ലോ. സാമാജികര്‍ക്ക് ഇത്തരം നിയമങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണയുണ്ടാക്കാനുള്ള ശ്രമവും ആവശ്യമല്ലേ? 

തീര്‍ച്ചയായിട്ടും അത് പ്രധാനമാണ്. ഞങ്ങള്‍ പുതിയ എം.എല്‍.എമാര്‍ക്കുവേണ്ടി രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തിയിരുന്നു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡീസ് എന്ന സ്ഥാപനമുണ്ട് നമുക്ക്. അതിന്റെ നേതൃത്വത്തില്‍ ഈ പരിശീലന പരിപാടി തുടര്‍ച്ചയായി നടത്തണം എന്ന് ആലോചിക്കുന്നുണ്ട്. കൊവിഡിന്റെ സാഹചര്യംകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം തുടര്‍ച്ചയായി നടത്താന്‍ കഴിഞ്ഞിട്ടില്ല. നിയമനിര്‍മ്മാണത്തില്‍ ഇടപെടേണ്ടതിനെക്കുറിച്ച്, നിയമത്തിന്റെ ഉള്ളടക്കത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം, കാലഹരണപ്പെട്ട നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഉള്‍ക്കാഴ്ച നല്‍കുന്നത് ആ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇപ്പോള്‍ ഞങ്ങള്‍ പുതിയ ഒരു ഇനിഷ്യേറ്റീവ് ആരംഭിച്ചിട്ടുണ്ട്, സാമാജികരെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല, ബഹുജനങ്ങളെയാകെ ഉദ്ദേശിച്ചാണ്. ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെല്ലാം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് അത് മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 12 വാല്യങ്ങളിലായി 6947 പേജ്. പരിഭാഷപ്പെടുത്താന്‍ നിയമവകുപ്പുമായി സഹകരിച്ച് പദ്ധതി ആരംഭിച്ചുകഴിഞ്ഞു. വലിയ ആവേശകരമായ പ്രതികരണമാണ് കിട്ടിയത്. ഇത് സാധാരണ പരിഭാഷപോലെയല്ല. നിയമപരമായ പരിജ്ഞാനം കൂടിയുള്ളവര്‍ക്കേ ചെയ്യാന്‍ പറ്റുകയുള്ളു. കാരണം, ഭരണഘടനയാണല്ലോ. അതിന്റെ തലനാരിഴ കീറിയുള്ള ചര്‍ച്ചകള്‍ ഓരോ അനുച്ഛേദത്തെക്കുറിച്ചൊക്കെ നടന്നിട്ടുണ്ട്. പരിഭാഷകരാകാന്‍ നിയമവകുപ്പില്‍നിന്നു വിരമിച്ചവരുടെ താല്പര്യവും സന്നദ്ധതയും തേടിയിരുന്നു. ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ഞങ്ങളെത്തന്നെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണം. വിരമിച്ച ഒട്ടേറെപ്പേര്‍ മുന്നോട്ടു വന്നു. നൂറു പേരടങ്ങുന്ന ഒരു ടീം അതിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു തലത്തില്‍ അതിന്റെ സൂക്ഷ്മപരിശോധന നടക്കും. അച്ചടിച്ചും ഡിജിറ്റലായും പ്രസിദ്ധീകരിക്കും. സാധാരണഗതിയില്‍ മറ്റാര്‍ക്കും ചെയ്യുക എളുപ്പമല്ല; നിയമസഭയ്ക്കു മാത്രമേ സാധിക്കൂ. അത്രയ്ക്കു റിസോഴ്‌സസ് ആവശ്യമാണ്. സന്നാഹങ്ങള്‍ ആവശ്യമാണ്. 2024ല്‍ പൂര്‍ത്തിയാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. 2025ല്‍, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ 75ാം വാര്‍ഷികമാണല്ലോ. 75ാം റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ഇത് പ്രസിദ്ധീകരിക്കണം എന്നാണ് വിചാരിക്കുന്നത്. 

124എ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി എത്രത്തോളം ആത്മവിശ്വാസം പകരുന്നതാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടെ പൊലീസിനെ ഉപയോഗിച്ച് നിര്‍ദ്ദാക്ഷിണ്യം കൈകാര്യം ചെയ്യുന്നത് നമ്മുടെ കണ്‍മുന്നിലുള്ളപ്പോള്‍ പ്രത്യേകിച്ചും? 

124എയുടെ കാര്യത്തില്‍ സുപ്രീംകോടതി നടത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും സുപ്രീംകോടതിയുടേയും ചരിത്രത്തിലെ ഒരു ഐതിഹാസികമായ ഇടപെടലാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചും ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ചും പറയുമ്പോഴുള്ള ഒരു ഇരട്ടത്താപ്പ് എന്താണെന്നു വച്ചാല്‍ ഈ നിയമം പിന്‍വലിക്കുന്നതിന് എതിരു നിന്നു എന്നതാണ്. അതിനു സുപ്രീംകോടതി ഇടപെടേണ്ടി വന്നു എന്നതുതന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെ കാണിക്കുന്നു. 

സ്പീക്കർ എംബി രാജേഷ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
സ്പീക്കർ എംബി രാജേഷ്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായ കക്ഷികള്‍ കേരളത്തില്‍ പരസ്പരം പൊരുതുന്ന ഒഴിവാക്കാനാകാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ സ്പീക്കറുടെ ദൗത്യം കൂടുതല്‍ നിര്‍ണ്ണായകമാവുകയാണോ?
 
സ്പീക്കറുടെ രാഷ്ട്രീയ ചുമതല എന്നുപറഞ്ഞാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക, മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രസങ്കല്പത്തെ ശക്തമായി പ്രതിരോധിക്കുക എന്നതാണ്. കാരണം ഇതൊരു ഭരണഘടനാ പദവിയാണ്. ഈ ഭരണഘടനാ പദവിയിലിരുന്ന് നിര്‍വ്വഹിക്കേണ്ട രാഷ്ട്രീയ ദൗത്യമാണ്, അതാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.  

ജീവിതപങ്കാളി നിനിത കണിച്ചേരിക്ക് അവരുടെ അക്കാദമിക യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കിട്ടിയതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നല്ലോ? 

തെരഞ്ഞെടുപ്പിനു മുന്‍പ് ഉയര്‍ന്നുവന്ന രണ്ടു വിവാദങ്ങളായിരുന്നു ഇതും വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടതും. എന്നെ ഏറ്റവും കൂടുതല്‍ വ്യക്തിപരമായി മുറിവേല്പിച്ചത് ആ ആരോപണമായിരുന്നു. അത് ഉന്നയിച്ച ആള്‍ക്കെതിരെ ഞാന്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് കൊടുത്തിട്ടുണ്ട്. കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് നടന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്, തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യം വച്ച് ഉന്നയിച്ച ക്രൂരമായ ആരോപണമായിരുന്നു അത്. ഭാര്യയുടെ നിയമനം ഫെബ്രുവരിയിലായിരുന്നു. ഏപ്രിലില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ മുഖത്ത് കിട്ടിയ എല്ലാം രാഷ്ട്രീയമായ ആയുധമാണല്ലോ. തെരഞ്ഞെടുപ്പിനു മുന്‍പ് എത്ര വാര്‍ത്തകളായിരുന്നു. പിന്നീട് അതെക്കുറിച്ച് ആരെങ്കിലും കേട്ടോ? ഞാന്‍ അന്നത്തെ വാര്‍ത്തകളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കു പരാതി കൊടുക്കുന്നു, അന്വേഷണം നടക്കുന്നു, കോടതിയില്‍ പോകുന്നു എന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നീട് അതൊക്കെ എന്തായി? ഗവര്‍ണര്‍ക്കു കൊടുത്ത പരാതി എന്തായി? ആരെങ്കിലും ചര്‍ച്ച ചെയ്‌തോ? അന്ന് ചര്‍ച്ച ചെയ്തതും അപകീര്‍ത്തിപ്പെടുത്തിയതുമായ ആളുകള്‍ പിന്നീടെന്താ അതിനെക്കുറിച്ചു മിണ്ടാത്തത്? മൗനം പാലിച്ചത്? എന്താണ് ആരും കോടതിയില്‍ പോകാത്തത്? എങ്ങനെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നതിനു തെളിവാണത്. ഇപ്പോഴും നിനിത കണിച്ചേരി അവിടെത്തന്നെ ജോലി ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ആ ജോലി സ്വീകരിച്ചതുതന്നെ ഈ വിവാദത്തെത്തുടര്‍ന്നാണ്. വിവാദമുണ്ടായില്ലെങ്കില്‍ സ്വീകരിക്കില്ലായിരുന്നു, അത്രയ്ക്ക് അസൗകര്യമാണ്. നിലവില്‍ ഒരു ജോലി ഉണ്ടായിരുന്നു. കിട്ടുകയാണെങ്കില്‍ അപ്പോള്‍ തീരുമാനിക്കാം എന്നു വിചാരിച്ചാണ് ഇന്റര്‍വ്യൂവിനു പോയത്. 17 പേര്‍ക്കു നിയമനം കിട്ടി. 16 പേരും അടുത്ത ദിവസം തന്നെ ജോയിന്‍ ചെയ്തു. അതില്‍ ഏറ്റവുമൊടുവില്‍, ഒരാഴ്ച കഴിഞ്ഞ് ജോയിന്‍ ചെയ്ത ആളാണ് നിനിത കണിച്ചേരി. കാരണം തീരുമാനമെടുത്തിരുന്നില്ല. നിലവിലുള്ളിടത്തു തുടരാം എന്നതിനായിരുന്നു മുന്‍തൂക്കം. അപ്പോഴേയ്ക്കും വിവാദം വന്നു. പിന്നെ ചേര്‍ന്നില്ലെങ്കില്‍ ഇതിലെന്തോ കള്ളക്കളിയുള്ളതു കൊണ്ടാണ് ചേരാതിരുന്നത് എന്ന ധാരണ വരും. ഇപ്പോഴും അവിടെ തുടരുന്നു. കേസില്ല, പരാതിയില്ല, വിവാദമില്ല; ഒന്നുമില്ല. സ്വന്തം യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടുമ്പോള്‍ ഇങ്ങനെ ആക്രമിക്കുന്നതിലെ അടിസ്ഥാനപരമായ പ്രശ്‌നം, ഭാര്യ എന്ന നിലയില്‍ മാത്രം സ്ത്രീകളെ കാണുന്നു എന്നതാണ്. ഇതേ ആള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാര്യ അല്ലായിരുന്നില്ലെങ്കില്‍ സ്വാഭാവിക നിയമനമാവുമായിരുന്നു. ഒരു വിവാദവുമുണ്ടാകില്ല. രണ്ടു കാര്യങ്ങളാണ്. ഒന്ന്, സ്ത്രീയെ, അവരുടെ യോഗ്യതയെ, കഴിവിനെ ഒക്കെ പരിഗണിക്കാതിരിക്കുകയും വെറും ഭാര്യ എന്ന മേല്‍വിലാസത്തില്‍ ഒതുക്കുകയും ചെയ്യുന്നു. രണ്ട്, മറ്റൊരാളെ രാഷ്ട്രീയമായി നേരിടാനുള്ള ആയുധമായി സ്ത്രീയെ ഉപയോഗിക്കുന്നു. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധ മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com