രാമ രാജ്യവും സ്വരാജ്യവും ഉണ്ടായില്ല, പകരം രാമ ക്ഷേത്രവും ഹിന്ദു രാജ്യവും ഉണ്ടായി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെപ്പറ്റി ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏതൊരാളോടും ചോദിച്ചാല്‍ പറയുന്ന ഉത്തരം ഇതായിരിക്കും. അത് ഒരു 'മുങ്ങുന്ന കപ്പലാണ്.'
രാമ രാജ്യവും സ്വരാജ്യവും ഉണ്ടായില്ല, പകരം രാമ ക്ഷേത്രവും ഹിന്ദു രാജ്യവും ഉണ്ടായി

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെപ്പറ്റി ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ഏതൊരാളോടും ചോദിച്ചാല്‍ പറയുന്ന ഉത്തരം ഇതായിരിക്കും. അത് ഒരു 'മുങ്ങുന്ന കപ്പലാണ്.' ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയ്ക്ക് അതിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരില്‍ അത്ഭുതം ജനിപ്പിക്കും വിധമാണ് ആ പാര്‍ട്ടിയുടെ പതനം. 

ഈ അടുത്തകാലം വരെ ആ പാര്‍ട്ടിയുടെ ചരിത്രം ഇന്ത്യയുടെ ചരിത്രവുമായി ഏതാണ്ട് സമാന്തരമായിരുന്നു. ഒരുവേള നമ്മുടെ രാജ്യത്തിന്റെ ചരിത്രവും കോണ്‍ഗ്രസ്സ് എന്ന സംഘടനയുടെ ചരിത്രവും തമ്മിലുള്ള അതിര്‍ത്തി വലിയൊരു പരിധിവരെ അവ്യക്തവുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ ഇന്ത്യയുടെ നേതാക്കളായിരുന്നു. ഇന്ത്യയെന്നാല്‍ കോണ്‍ഗ്രസ്സും. കൊളോണിയല്‍ വാഴ്ചക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ വലിയൊരു ഭാഗത്തിനു നാം കടപ്പെട്ടിരിക്കുന്നത് ഈ മഹത്തായ പാര്‍ട്ടിയോടാണ്. സ്വാതന്ത്ര്യസമരകാലത്ത് അത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയ്ക്കല്ല, മറിച്ച് ഒരു പ്രസ്ഥാനം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത് എങ്കിലും. സ്വാതന്ത്ര്യാനന്തരവും അത് ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമായിട്ടല്ല പ്രവര്‍ത്തിച്ചു പോന്നത്. വ്യത്യസ്ത ചിന്താധാരകള്‍ക്ക് ഒരുമിച്ചുള്ള നിലനില്‍പ്പ് സാദ്ധ്യമാക്കിയിരുന്ന ഒരു കൂടാരപ്പാര്‍ട്ടി എന്ന നിലയ്ക്കായിരുന്നു എന്നു പറയാം. 

ആശയപരമായി പരസ്പരം വ്യത്യസ്തമായ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളാനാകും വിധം സ്വാഭാവികമായി വികസിച്ചുവന്ന ഒരു ജനാധിപത്യ സ്ഥലിയായിരുന്നു കോണ്‍ഗ്രസ്സ്. മഹാത്മാഗാന്ധി മുതല്‍ മുഹമ്മദലി ജിന്ന വരേയും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ സുഭാസ് ചന്ദ്രബോസ് വരെയും ബാല്‍ഗംഗാധര്‍ തിലക് മുതല്‍ ഗോപാലകൃഷ്ണ ഗോഖലെ വരെയുമുള്ള വ്യത്യസ്ത ചിന്താഗതിക്കാരായ നേതാക്കള്‍ ഒരു കുടക്കീഴിലെന്നവണ്ണം ആ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിച്ചുവന്നു. മൂന്നാം ലോകരാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തില്‍ ഏതുവിധം പങ്കാളികളാകണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി. വി.ഡി. സവര്‍ക്കറെപ്പോലെയുള്ളവര്‍ മാത്രമായിരുന്നു അപവാദം. അവര്‍ ഹിന്ദുമഹാസഭ എന്ന പാര്‍ട്ടിയെ കോണ്‍ഗ്രസ്സിന് എതിര്‍ദിശയില്‍ നില്‍ക്കുന്ന ഒരു ബദല്‍ സംഘടനയായി സങ്കല്പിക്കുകയും അതിനെ ആ നിലയ്ക്ക് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജനാധിപത്യമെന്ന സങ്കല്പത്തില്‍ സന്ദേഹികളായിരുന്നല്ലോ എല്ലാക്കാലത്തും ആ വിഭാഗം. 

കോണ്‍ഗ്രസ്സിന്റെ സംഘടനാവ്യവസ്ഥ വളരെ ആഴത്തില്‍ വേരൂന്നിയതും വേരോട്ടമുള്ളതുമായിരുന്നു. അന്ത്യോദയം എന്ന സങ്കല്പത്തെ ഉയര്‍ത്തിപ്പിടിച്ച ഗാന്ധിയന്‍ ആദര്‍ശവാദത്തിന്റെ ഭാഗമായി അതു താഴെത്തട്ടില്‍ വരെ, അവസാനത്തെ മനുഷ്യന്‍ വരെ എത്തിയിരുന്നു. നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച ഉദാരമൂല്യങ്ങളേയും മാനവികതയേയും സമത്വത്തേയും കുറിച്ചുള്ള സങ്കല്പങ്ങളേയും പോലെത്തന്നെ പട്ടേലിനെപ്പോലുള്ളവരുടെ ദേശീയതയിലൂന്നിയ കാഴ്ചപ്പാടുകളും അതിന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയിരുന്നു. 

സ്വാതന്ത്ര്യാനന്തരം ഒരു ഭരണവ്യവസ്ഥ രൂപപ്പെടുത്തുമ്പോള്‍ വിശാലമായ ഈ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസേസ് നേതൃത്വം ശ്രമിച്ചു. സോഷ്യലിസ്റ്റായിരിക്കെത്തന്നെ, ആ വ്യവസ്ഥയില്‍ സോഷ്യലിസ്റ്റ് വിരുദ്ധര്‍ക്കുപോലും ഇടം നല്‍കാന്‍ നെഹ്‌റുവിനെപ്പോലുള്ളവര്‍ തുനിഞ്ഞത് കോണ്‍ഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റ് ചേരിയെ പ്രകോപിപ്പിച്ചു. നെഹ്‌റുവിന്റെ ശക്തരായ വിമര്‍ശകരായ കമ്യൂണിസ്റ്റുകള്‍ അതിനെ ലോകവ്യാപകമായി മുതലാളിത്തചേരി പുതിയതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ നടത്തുന്ന ഭരണകൂട നിര്‍മ്മിതിയുടെ ഭാഗമായിട്ട് നോക്കിക്കാണുകയും ചെയ്തു. 

വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരും അഭിപ്രായ വൈജാത്യം പുലര്‍ത്തുന്നവരുമായ ആളുകളുടെ കൂടാരപ്പാര്‍ട്ടിയായിട്ട് (Big tent party) അതു നിലനില്‍ക്കാന്‍ ശ്രമിച്ചുവെന്നു മാത്രമല്ല, ആ സമീപനം ഒരു ഭരണവ്യവസ്ഥ രൂപപ്പെടുത്തുമ്പോള്‍ അതില്‍ പ്രതിഫലിക്കുകയും ചെയ്തു. ഡോ. രജനി കോത്താരി ഇതിനെ 'കോണ്‍ഗ്രസ്സ് വ്യവസ്ഥ' (Congress system) എന്നാണ് പേരിട്ടു വിളിച്ചത്. 

ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം സാക്ഷാല്‍ക്കരിച്ച പ്രസ്ഥാനം എന്ന നിലയിലാണ് ജനം ആ പാര്‍ട്ടിയെ കണ്ടുപോന്നത്. സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തോടുള്ള കടപ്പാട് അവര്‍ തെരഞ്ഞെടുപ്പുകളില്‍ പ്രകടിപ്പിച്ചു പോന്നു. മഹാത്മാഗാന്ധി തന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലുമൊക്കെ ഇടയ്ക്കിടയ്ക്ക് പരാമര്‍ശിച്ചിരുന്ന രാമരാജ്യവും സ്വരാജ്യവും കോണ്‍ഗ്രസ്സിനു യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് ജനം വിശ്വസിച്ചു. ഈ വിശ്വാസം ആ പാര്‍ട്ടിയെ കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും ഭരണം നേടാന്‍ എല്ലാക്കാലത്തും സഹായിച്ചുപോന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് ജനം കുറേക്കാലം പ്രതീക്ഷിക്കുകയും ചെയ്തു. രാമരാജ്യവും സ്വരാജ്യവുമുണ്ടായില്ല. പകരം ആത്യന്തികമായി രാമക്ഷേത്രവും ഹിന്ദുരാജ്യവും ഉണ്ടായി. രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സ്വജനപക്ഷപാതവും അഴിമതിയും അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. രാമരാജ്യമല്ല, ഇന്ദിരയുടെ കുടുംബത്തിന്റെ രാജ് ആണ് ഉണ്ടായത്. ജനങ്ങളുടെ മോഹസാഫല്യത്തിനായി രാമക്ഷേത്രം എന്ന പകരം മുദ്രാവാക്യമായിട്ടാണ് രാമജന്മ ഭൂമി പ്രക്ഷോഭം കോണ്‍ഗ്രസ്സ് നേതാക്കളുടെ മുന്‍കയ്യില്‍ത്തന്നെ ഉണ്ടാകുന്നത്. ഏകദേശം 37 വര്‍ഷം രാജ്യം ഭരിച്ചത് ഇന്ദിരയുടെ കുടുംബത്തില്‍പ്പെട്ട മൂന്ന് പ്രധാനമന്ത്രിമാരായിരുന്നു, 21-ാം നൂറ്റാണ്ടിലെ മറ്റൊരു പത്തുവര്‍ഷത്തെ ഭരണവും. 

രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധി

ഇന്ദിരായുഗം പിറക്കുന്നു 

സ്വാതന്ത്ര്യലബ്ധിയുടെ മുഹൂര്‍ത്തത്തില്‍ ബ്രിട്ടീഷുകാരില്‍നിന്ന് അധികാരം പിടിച്ചെടുത്തത് പ്രധാനമായും സമൂഹത്തില്‍ അധീശത്വമുള്ള മൂന്നു വിഭാഗങ്ങളായിരുന്നുവെന്ന് പ്രൊഫ. പ്രണബ് ബര്‍ധന്‍ തന്റെ പുസ്തകമായ 'ദ പൊളിറ്റിക്കല്‍ ഇക്കോണമി ഒഫ് ഡവലപ്‌മെന്റ് ഇന്‍ ഇന്‍ഡ്യ' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. വ്യവസായ മുതലാളിമാരാണ് ഒന്നാമത്തേത്. സമ്പന്ന കര്‍ഷകര്‍ രണ്ടാമതു വരുന്നു. എല്ലാതരത്തിലും പെട്ട വൈറ്റ് കോളര്‍ ജീവനക്കാരും സര്‍ക്കാര്‍-സര്‍ക്കാരിതര മിലിറ്ററി ബ്യൂറോക്രസി എന്നിവയും ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗമാണ് മൂന്നാമത്തേത്. ഈ മൂന്നു വിഭാഗങ്ങളുടെ താല്പര്യങ്ങളാണ് പ്രധാനമായും ഇന്ത്യയുടെ നയരൂപീകരണത്തെ ഇന്നേവരെ നിര്‍ണ്ണയിച്ചിട്ടുള്ളത്. 1960-കളില്‍ നാലാമതൊരു വിഭാഗം (ഇന്ത്യന്‍ ബഹുജനം) കൂടി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളുടെ സംരക്ഷണവും രാഷ്ട്രീയ പ്രാതിനിധ്യവും ആവശ്യപ്പെട്ട് രംഗത്തു വന്നെന്ന് ചിന്തകനും എഴുത്തുകാരനുമായ അചിന്‍ വനായിക്കും പറയുന്നുണ്ട്. ഈ മൂന്നു വിഭാഗങ്ങളും നാലാമതായി അചിന്‍ വനായിക്കു ചൂണ്ടിക്കാട്ടുന്ന വിഭാഗവും 1967-ലെ പൊതുതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ കയ്യൊഴിയാന്‍ തുടങ്ങി. 1964-ല്‍ ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചപ്പോഴാണ് കോണ്‍ഗ്രസ്സിന് ആദ്യത്തെ ആഘാതമേല്‍ക്കുന്നത്. 'നെഹ്റുവിനു ശേഷം ആരാണ് വരുന്നതെന്ന' ഒരേയൊരു ചോദ്യം മാത്രമാണ് കോണ്‍ഗ്രസ്സിലെ എല്ലാവരും അന്ന് ഉയര്‍ത്തിയത്. പാര്‍ട്ടിയുടേയും ഇന്ത്യയുടെ തന്നെയും ഉന്നതശീര്‍ഷനായ ദേശീയ നേതാവായിരുന്നു നെഹ്റു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുശേഷം കഴിഞ്ഞ 17 വര്‍ഷമായി അദ്ദേഹത്തിന്റെ വിയോഗം അദ്ദേഹം ഇരിപ്പുറപ്പിച്ച രാഷ്ട്രീയ ഇടങ്ങളില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അദ്ദേഹത്തിനു പകരം നിയോഗിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ അകാലമരണം വീണ്ടും കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും രാജ്യത്തേയും നേതൃപരമായ പ്രതിസന്ധിയിലാഴ്ത്തി. രണ്ട് പ്രധാനമന്ത്രിമാര്‍ പൊടുന്നനേ രംഗമൊഴിഞ്ഞത് നേതാക്കളുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പ്രാദേശിക തലങ്ങളില്‍പോലും തിരിച്ചടിയായി. ആ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അധികാര തര്‍ക്കങ്ങള്‍ക്ക് അതു വഴിവെച്ചു. 16 സംസ്ഥാനങ്ങളില്‍ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് സംസ്ഥാന നിയമസഭകളില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയത്. 

സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വംപോലും ദയനീയമായ പരാജയമാണ് നേരിട്ടത്. ഇന്ദിരാ ഗാന്ധിയുടെ മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ പരാജയപ്പെട്ടു. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കൊപ്പം ആറ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി അദ്ധ്യക്ഷന്മാരും തോല്‍വിയെ നേരിട്ടു. ആ പാര്‍ട്ടി തകര്‍ച്ചയുടെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഒ), ഭാരതീയ ക്രാന്തി ദള്‍, ഉത്കല്‍ കോണ്‍ഗ്രസ്സ്, ബംഗ്ലാ കോണ്‍ഗ്രസ്സ് എന്നിങ്ങനെ പല വിഭാഗങ്ങളായി പാര്‍ട്ടി പിളര്‍ന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെയാണ് ഈ വിഭാഗങ്ങളില്‍ പലതും പിന്നീട് ഇല്ലാതായത്.
 
ഈ വെല്ലുവിളികള്‍ക്കിടയിലും ഇന്ദിര അനിഷേധ്യയായ നേതാവായി ഉയര്‍ന്നുവരികയായിരുന്നു. ശാസ്ത്രിയുടെ മരണാനന്തരം കാമരാജ്, നിജലിംഗപ്പ, സഞ്ജീവ റെഡ്ഡി, അതുല്യ ഘോഷ് എന്നിവരുള്‍പ്പെട്ട സിന്‍ഡിക്കേറ്റ് എന്നറിയപ്പെട്ട കോണ്‍ഗ്രസ്സ് നേതൃത്വം അവര്‍ക്കു വെല്ലുവിളിയായി മൊറാര്‍ജി ദേശായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നതിന് തടയിടാനായി ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ദിര ചലിക്കുമെന്ന ധാരണയിലായിരുന്നു ഇത്. ഇതിന്റെ ഫലമായി ഗൂങ്ഗി ഗുഡിയാ എന്ന ആക്ഷേപ പദത്തിനു അവര്‍ ശരവ്യയായി. എന്നാല്‍, അധികം വൈകാതെ അവര്‍ പാര്‍ട്ടിയുടേയും രാഷ്ട്രത്തിന്റേയും അനിഷേധ്യവും ശക്തവുമായ നേതൃത്വമായി ഉയര്‍ന്നുവന്നു. അവരുടെ നേതൃത്വത്തിലാണ് 1971-ല്‍ പാകിസ്താനെതിരെ ഇന്ത്യ ഒരു നിര്‍ണ്ണായക യുദ്ധത്തില്‍ വിജയിക്കുന്നത്. ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയിലെ ഏറ്റവും പ്രബലമായ ശക്തിയെന്ന സ്ഥാനം അവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് വിഭാഗം തിരിച്ചുപിടിക്കുകയായിരുന്നു. സര്‍വ്വാധികാരവും അവരില്‍ നിക്ഷിപ്തമായി. ഒരു ജനാധിപത്യക്രമത്തില്‍ അനിയന്ത്രിതമായ അധികാരമുള്ള ഭരണാധികാരി എത്രത്തോളം വലിയ പ്രശ്‌നമാണെന്ന് ജനം ക്രമേണ തിരിച്ചറിയാന്‍ തുടങ്ങി. അധികാര കേന്ദ്രീകരണവും അതിന്റെ ദുര്‍വിനിയോഗവും ഉച്ചസ്ഥായിയെ പ്രാപിച്ചതിന്റെ ലക്ഷണമായിരുന്നു 1975 ജൂണ്‍ 26-നു പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ. തുടര്‍ന്നരങ്ങേറിയ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ കറുത്ത താളുകളില്‍ അടയാളപ്പെടുത്തപ്പെട്ടു.  അടിയന്തരാവസ്ഥയ്ക്ക് കോണ്‍ഗ്രസ്സിനു കനത്ത വില നല്‍കേണ്ടിവന്നു. 1977-ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കപ്പെട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അഞ്ച് വര്‍ഷം മുഴുവന്‍ അധികാരത്തില്‍ തുടരാനായില്ലെങ്കിലും ആ കാലഘട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു മാതൃകാപരമായ മാറ്റത്തിനു തുടക്കമിട്ടു. ഏകകക്ഷിഭരണം എന്ന സങ്കല്പം അവസാനിപ്പിക്കാനാകുമെന്നും കോണ്‍ഗ്രസ്സിനു ബദലുണ്ടാകുമെന്നും ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബോദ്ധ്യമായി തുടങ്ങി. എന്നിരുന്നാലും ജനതാ ഗവണ്‍മെന്റിനു ശേഷം ഒരു കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടിക്ക് (ഇത്തവണ ബി.ജെ.പി) അധികാരത്തില്‍ വരാനും അഞ്ച് വര്‍ഷത്തെ മുഴുവന്‍ കാലാവധി തുടരാനും രണ്ട് പതിറ്റാണ്ടുകള്‍ കൂടി കാത്തിരിക്കേണ്ടിവന്നു. 

ഇന്ദിരാ കുടുംബത്തിന്റെ കൈകളില്‍ എല്ലാക്കാലത്തും ആ പാര്‍ട്ടിയുടെ നേതൃത്വം കേന്ദ്രീകരിച്ചതാണ് 1960-കള്‍ക്കു ശേഷമുണ്ടായ അപകടകരമായ പരിണതി. പോയ കാലങ്ങളില്‍ വിവിധ ആശയക്കാരെ ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യപരമായ സംവാദ സ്ഥലികളായി പരിണമിച്ചുവന്ന പാര്‍ട്ടി ഘടകങ്ങള്‍ ഇന്ദിരാ കുടുംബത്തിന്റെ ഏക ശാസനകള്‍ക്കും തീട്ടൂരങ്ങള്‍ക്കും വഴങ്ങി മുന്നോട്ടു ചലിച്ചു. '80-കളായപ്പോഴേക്കും സത്രപികള്‍ക്ക് പതിച്ചു കൊടുക്കപ്പെട്ട സംസ്ഥാന ഘടകങ്ങള്‍ ഇന്ദിരാ കുടുംബത്തോട് കൂറു പ്രഖ്യാപിക്കാന്‍ മത്സരിച്ചു. രാജ്യത്തിന്റെ വൈവിദ്ധ്യത്തെ പ്രതിഫലിപ്പിക്കുംവിധം നാനാചിന്താഗതിക്കാര്‍ക്ക് ഇടം നല്‍കിയ, കോണ്‍ഗ്രസ്സ് സിസ്റ്റം തകര്‍ച്ചയെ നേരിട്ടു. രാജീവ് വധത്തിനുശേഷം വളരെ കുറച്ചുകാലം മാത്രമാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഇന്ദിരാ കുടുംബത്തിന്റെ അപ്രമാദിത്വമില്ലാതിരുന്നത്. എന്നാല്‍, നേതൃത്വത്തില്‍ ഇന്ദിരാ കുടുംബത്തില്‍നിന്ന് ആരുമുണ്ടായിരുന്നില്ല എന്നത് പാര്‍ട്ടിക്കു വിശേഷിച്ചു ഗുണമൊന്നും ചെയ്തില്ല. എങ്കിലും കോണ്‍ഗ്രസ്സിന് ഒരു ബദല്‍ ഉയര്‍ന്നുവരാതിരിക്കാന്‍ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റിലും ഫലപ്രദമായ രീതിയില്‍ ഇടപെടലുകള്‍ നടത്താനായി. ആ ലക്ഷ്യം മുന്‍നിര്‍ത്തി പാര്‍ലമെന്റിനും പുറത്തും ഹിന്ദുത്വ രാഷ്ട്രീയ കക്ഷിയുമായി സന്ധി ചെയ്യാന്‍പോലും പാര്‍ട്ടി മടിച്ചില്ല. അല്പായുസ്സുകളായ ദേശീയ മുന്നണി സര്‍ക്കാരുകളുടെ ചരിത്രം വ്യക്തമാക്കുന്നത് അതാണ്. 

പ്രിയങ്ക ​ഗാന്ധി
പ്രിയങ്ക ​ഗാന്ധി

ഹിന്ദുത്വകാലത്തെ കോണ്‍ഗ്രസ്സ് 

വി.ഡി. സവര്‍ക്കര്‍, കെ.ബി. ഹെഡ്‌ഗേവാര്‍, എം.എസ് ഗോള്‍വല്‍ക്കര്‍ തുടങ്ങിയവര്‍ തുടക്കമിട്ട ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്രബലശക്തിയായി ഉയര്‍ന്നുവരികയും ഭാരതീയ ജനതാപാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയിലൂടെ രാജ്യത്തിന്റെ അധികാരം കയ്യാളിത്തുടങ്ങുകയും ചെയ്തതോടെ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ എന്തു വിലകൊടുത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റം തടഞ്ഞേ പറ്റൂ എന്ന ചിന്ത ശക്തമായി. ഈ പശ്ചാത്തലത്തില്‍ 2004-ല്‍ മതനിരപേക്ഷ കക്ഷികളുടെ സഹായത്തോടെ കോണ്‍ഗ്രസ്സ് ഒരു തിരിച്ചുവരവ് നടത്തി.

പിന്നീടൊരു ദശാബ്ദക്കാലം മുഴുവന്‍ രാജ്യത്തിന്റേയും കേന്ദ്ര ഗവണ്‍മെന്റിന്റേയും നിയന്ത്രണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കൈവശമായിരുന്നു. ഈ ദശകം, വിശേഷിച്ചും രണ്ടാംപകുതി, അഴിമതിയില്‍ മുങ്ങിക്കുളിച്ചതായിരുന്നു. ടെലികോം, റെയില്‍വേ, കല്‍ക്കരി, ഭൂമി, സ്‌പോര്‍ട്‌സ്, മറ്റു വിവിധ മന്ത്രാലയങ്ങള്‍ ഇവയൊക്കെ അഴിമതി ആരോപണവിധേയമായി. ഭരണകര്‍ത്താക്കളുടെ വര്‍ദ്ധിച്ചുവന്ന അഴിമതിയും അതിനെതിരെ നടപടിയെടുക്കാനുള്ള പാര്‍ട്ടിയുടെ കഴിവില്ലായ്മയും കാരണം ഭരണത്തിനെതിരായുള്ള ശക്തമായ പൊതുജനരോഷത്തിനു വഴിവെച്ചു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രാപ്തിയില്ലാത്ത ഭരണാധികാരിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചിത്രീകരിക്കപ്പെട്ടു. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നതു വാസ്തവമായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരുടെ നിഷ്‌ക്രിയത്വത്തിനെതിരെ വിരല്‍ചൂണ്ടാന്‍ ആരും ഇല്ലായിരുന്നു. 

ഒന്നാം യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള ഇടതുപക്ഷ കക്ഷികളുടേയും ആര്‍.ജെ.ഡിപോലുള്ള പ്രാദേശിക കക്ഷികളുടേയും ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമായിരുന്നു. ഇടതുപക്ഷമായുള്ള സഖ്യം തുടക്കത്തില്‍ വന്‍വ്യവസായികളില്‍ ആശങ്ക സൃഷ്ടിക്കാന്‍പോലും പോരുന്നതായിരുന്നു. ഓഹരിവിപണിയില്‍പോലും അതു പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍, ഇടതുപക്ഷത്തിനു നേരിട്ടു പങ്കാളിത്തം ഗവണ്‍മെന്റില്‍ ഉണ്ടാകില്ലെന്നും മന്‍മോഹന്‍ സിംഗ് ഭരണത്തിന്റെ തലപ്പത്തുണ്ടാകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ ആ ആശങ്കകള്‍ക്കു വിരാമമാകുകയായിരുന്നു. തുടര്‍ന്നു നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപോലുള്ളവ സാധാരണക്കാര്‍ക്കിടയില്‍ ഗവണ്‍മെന്റിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്തു. എന്നാല്‍, സിവിലിയന്‍ ന്യൂക്ലിയര്‍ രംഗത്തെ സഹകരണം മുന്‍നിര്‍ത്തിയുണ്ടായ ഇന്തോ-അമേരിക്കന്‍ കരാറിനെച്ചൊല്ലിയുണ്ടായ ഭിന്നത ഒടുവില്‍ ഗവണ്‍മെന്റിനുള്ള ഇടതുപക്ഷ പിന്തുണ നഷ്ടമാകുന്നതിലാണ് കലാശിച്ചത്. ഈ പിന്തുണാ നഷ്ടമാകട്ടെ, ഗവണ്‍മെന്റിനുള്ള ധാര്‍മ്മിക പ്രതിച്ഛായാ നഷ്ടത്തിലും ചെന്നെത്തി.
 
2014-ല്‍, രണ്ടാം യു.പി.എ ഗവണ്‍മെന്റിനെ നയിച്ചവര്‍ വീണ്ടും ജനവിധി തേടിയപ്പോള്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 543 സീറ്റുകളുള്ള ലോക്സഭയില്‍ 44 സീറ്റുകള്‍ മാത്രമാണ് നേടിയത്. 19.3 ശതമാനം വോട്ടോടുകൂടി. 2019-ലെ പൊതുതെരഞ്ഞെടുപ്പിലാകട്ടെ, 52 സീറ്റുകളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു നേടാനായത്. പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ആവശ്യമായ സീറ്റുകള്‍ നേടാനുമായില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണി 91 സീറ്റുകള്‍ നേടി.  

കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് എന്തുപറ്റി? 

ഇന്ത്യാരാജ്യത്തെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയപ്പാര്‍ട്ടി ഇന്ന് ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചത്? ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം കൊടികുത്തിവാഴുന്ന ഹിന്ദിഹൃദയ ഭൂമിയില്‍പോലും ആ പാര്‍ട്ടിക്ക് അടിത്തറയുമായുള്ള ബന്ധം നഷ്ടമായിട്ടില്ല. അര്‍പ്പിതമനസ്‌കരായ ധാരാളം പ്രവര്‍ത്തകര്‍ ഇന്നും പാര്‍ട്ടിക്കുണ്ട്. ബി.ജെ.പിയേക്കാള്‍ വിശാലമാണ് രാജ്യത്ത് ആ പാര്‍ട്ടിയുടെ അടിത്തറ. ദേശീയതലത്തില്‍ ഇപ്പോഴും 20 ശതമാനം വോട്ടര്‍ അടിത്തറയുണ്ട്. ഉത്തര്‍പ്രദേശിലും മറ്റുമുള്ള കുറഞ്ഞ വോട്ടു വിഹിതമാകട്ടെ, രാഷ്ട്രീയ നിരീക്ഷകരെ വഴിതെറ്റിക്കാന്‍ പോരുന്നതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമിട്ട്, ഏറ്റവും പ്രബലമായ കക്ഷിക്കു തന്ത്രപരമായി വോട്ട് ചെയ്യുന്നതു മൂലം സംഭവിക്കുന്നതാണ് വോട്ടര്‍ അടിത്തറയിലെ ഈ കുറവ്.  വിഭവങ്ങളുടെ കാര്യത്തിലും പാര്‍ട്ടി ദൗര്‍ലഭ്യം അനുഭവിക്കുന്നില്ല. അക്കാര്യത്തില്‍ അത് ഭാരതീയ ജനതാ പാര്‍ട്ടിക്ക് തൊട്ടുപിറകേയുണ്ട്; രണ്ടാംസ്ഥാനത്ത്. സംസ്ഥാന പാര്‍ട്ടികളേക്കാള്‍ വളരെ മുന്‍പേയും. ഒരിക്കലും വിജയപ്രതീക്ഷയില്ലാത്ത ഉത്തര്‍പ്രദേശ് പ്രചാരണത്തിനുപോലും സാരമായ തോതില്‍ പണം ചെലവിടാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ട്. 

ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഒരുതരത്തിലുള്ള പ്രതിസന്ധി നേരിടുന്നു എന്നത് സ്പഷ്ടമാണ്. എന്നാല്‍, ഹിന്ദുത്വപക്ഷത്തെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ക്കു വിരുദ്ധമായി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമല്ല പ്രതിസന്ധി നേരിടുന്നത് എന്നതും വ്യക്തമാണ്. കോണ്‍ഗ്രസ്സ് നേരിടുന്നത് യഥാര്‍ത്ഥത്തില്‍ നേതൃപരമായ പ്രതിസന്ധിയാണ്. പാര്‍ട്ടി വിട്ടു ബി.ജെ.പിയുടെ കൂടെ പോയവര്‍പോലും ആശയപരമായി കോണ്‍ഗ്രസ്സിനെ കയ്യൊഴിഞ്ഞിട്ടില്ല എന്നു കാണാം. നേതൃത്വവുമായുള്ള വിയോജിപ്പും അവരവരുടെ ഇടങ്ങളില്‍ അവര്‍ നേരിടുന്ന നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ് എല്ലായ്‌പോഴും അവരെ പുതിയ ലാവണങ്ങള്‍ തേടുന്നതിനു പ്രേരിപ്പിക്കുന്നത്. 

ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ പോരുന്ന വിനയവും സംവേദനക്ഷമതയുമുള്ള നേതൃത്വത്തിന്റെ അഭാവം നികത്തിയതുകൊണ്ടു മാത്രമായില്ല ഇന്ത്യന്‍ വോട്ടറുടെ ആഗ്രഹങ്ങളും ഉല്‍ക്കര്‍ഷേച്ഛയും മനസ്സിലാക്കുന്ന ഒരു നേതൃത്വമാണ് അതിനുവേണ്ടത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുമ്പോള്‍ തന്നെ രാജ്യത്തെ ന്യൂനപക്ഷത്തെ സംരക്ഷിക്കും എന്നു ഉറപ്പുനല്‍കാന്‍ കഴിവുള്ള ഒരു നേതൃത്വം. ഡല്‍ഹിയിലും യു.പിയിലുമൊക്കെ ബുള്‍ഡോസര്‍ രാജ് അരങ്ങുവാഴുമ്പോള്‍ കാര്യമായി പ്രതികരിക്കാന്‍ പോലുമാകാത്ത ഒരു നേതൃത്വത്തിനെ രാജ്യം വിശ്വസിക്കാന്‍ സാദ്ധ്യതയില്ല. 

ഇപ്പോഴത്തെ നേതൃത്വത്തെ ചൊടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചവരും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായ പല നേതാക്കളും പാര്‍ട്ടി വിട്ടുപോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും കൂറുമാറ്റങ്ങള്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. അതേസമയം, കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വമാകട്ടെ, ഉദാസീനത തുടരുന്നു. 2025-ല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മിലിട്ടന്റ് സാംസ്‌കാരിക സംഘടനയായ ആര്‍.എസ്.എസ് നൂറാംവര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. 

ഹിന്ദുരാഷ്ട്രം എന്ന അതിന്റെ ലക്ഷ്യം ഏറെ വൈകാതെ സാധിതപ്രായമാകുമെന്ന ആവേശത്തിലാണ് ഹിന്ദുത്വ ബുദ്ധിജീവികളും നേതാക്കളും പ്രവര്‍ത്തകരും. രാജ്യത്ത് അതിന്റെ ലക്ഷണങ്ങള്‍ ഇതിനകം തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ സ്ഥിതിവിശേഷം നേരിടാന്‍ ബാദ്ധ്യതയുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാകട്ടെ, ഇനിയും ഉറക്കം വിട്ടുണര്‍ന്നിട്ടുമില്ല.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com