മതത്തേക്കാള്‍ സഹസ്രമടങ്ങ് ശക്തവും പ്രധാനവുമാണ് പിറന്ന നാടിനോടുള്ള വൈകാരിക ബന്ധം 

മുസ്ലിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന പാകിസ്താനില്‍ മുസ്ലിങ്ങള്‍ തന്നെയായ മുഹാജിറുകള്‍ അന്യരായി വീക്ഷിക്കപ്പെട്ടു
മതത്തേക്കാള്‍ സഹസ്രമടങ്ങ് ശക്തവും പ്രധാനവുമാണ് പിറന്ന നാടിനോടുള്ള വൈകാരിക ബന്ധം 

പാകിസ്താന്‍ നിലവില്‍ വന്നു മുപ്പത് വര്‍ഷം പിന്നിട്ടപ്പോഴാണ്, 1978 ജൂണില്‍ 'അഖില പാകിസ്താന്‍ മുഹാജിര്‍ വിദ്യാര്‍ത്ഥി സംഘടന' (All Pakistan Muhajir Students Organization) നിലവില്‍ വന്നത്. സിന്ധ് പ്രവിശ്യയിലെ കറാച്ചി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു അതിന്റെ ശില്പികള്‍. അല്‍ത്തഫ് ഹുസൈനും അസിം അഹമ്മദ് താരീഖുമായിരുന്നു അവരില്‍ പ്രധാനികള്‍. ആ വിദ്യാര്‍ത്ഥി സംഘടന 1984-ല്‍ 'മുഹാജിര്‍ ഖൗമി മൂവ്‌മെന്റ്' (എം.ക്യു.എം) എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി മാറി. 

പേര് സൂചിപ്പിക്കുന്നതുപോലെ മുഹാജിര്‍ മുസ്ലിങ്ങളുടെ പാര്‍ട്ടിയായിരുന്നു എം.ക്യു.എം. വിഭജന നാളുകളില്‍ ഉത്തരേന്ത്യയില്‍നിന്നു പാകിസ്താനിലേക്ക് കുടിയേറിയവരും ഉറുദുഭാഷ സംസാരിക്കുന്നവരുമായിരുന്നു മുഹാജിറുകള്‍. അവര്‍ സിന്ധ് പ്രവിശ്യയില്‍, പ്രത്യേകിച്ച് കറാച്ചി നഗരത്തിലാണ് കേന്ദ്രീകരിക്കപ്പെട്ടത്. വിഭജനത്തിനു മുന്‍പേ സിന്ധില്‍ ജീവിച്ചുപോന്ന സിന്ധികളും പഖ്തൂണ്‍കാരും പഞ്ചാബികളും ബലൂചികളുമൊന്നും മുഹാജിറുകളെ തദ്ദേശീയരായി, അഥവാ മണ്ണിന്റെ മക്കളായി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ മുഹാജിര്‍ മുസ്ലിങ്ങളെ അന്യരായാണ് വീക്ഷിച്ചത്. ഈ വംശീയ വിവേചനം അടിക്കടി ശക്തിപ്പെട്ടുവന്നു. ഈ സാഹചര്യത്തിലത്രേ അല്‍ത്താഫ് ഹുസൈന്‍ (ജനനം 1953) മുഹാജിര്‍ ഖൗമി മൂവ്‌മെന്റ് രൂപവല്‍ക്കരിച്ചത്. 

പാകിസ്താന്റെ ആവിര്‍ഭാവയുക്തിയെ തകിടംമറിക്കുന്നതായിരുന്നു എം.ക്യു.എമ്മിന്റെ പിറവി. മുസ്ലിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന പാകിസ്താനില്‍ മുസ്ലിങ്ങള്‍ തന്നെയായ മുഹാജിറുകള്‍ അന്യരായി വീക്ഷിക്കപ്പെട്ടു. 1947-ല്‍ യുണൈറ്റഡ് പ്രോവിന്‍സ്, ഡല്‍ഹി തുടങ്ങിയ മേഖലകളില്‍നിന്ന് നവ മുസ്ലിം രാഷ്ട്രത്തിലേക്ക് പലായനം ചെയ്ത ഇസ്ലാം മതവിശ്വാസികള്‍ അപരരായി കണക്കാക്കപ്പെടുകയും അവര്‍ക്കെതിരെ തദ്ദേശവാസികളായ മുസ്ലിങ്ങള്‍ വംശീയ വിവേചനപരമായ നിലപാട് അനുവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനര്‍ത്ഥം കൊട്ടിഘോഷിക്കപ്പെടുന്ന മതപരമായ ഐക്യവും സാഹോദര്യവും അതീവ ദുര്‍ബ്ബലമാണെന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഭൂഭാഗപരമായ ഐക്യമായിരുന്നു പ്രബലം. ഇക്കാര്യം അനുഭവത്തിലൂടെ ബോധ്യപ്പെട്ട മുഹാജിര്‍ മുസ്ലിം കുടുംബാംഗമായ അര്‍ത്താഫ് ഹുസൈന് പില്‍ക്കാലത്ത് പറയേണ്ടിവന്നു: ''ചരിത്രത്തിലെ ഏറ്റവും വലിയ വങ്കത്തമാണ് പാകിസ്താന്‍.''

പിന്തുടരുന്ന മതമെന്താവട്ടെ, പിറന്ന മണ്ണും ജനിച്ചുവളര്‍ന്ന സാമൂഹിക പരിതോവസ്ഥകളും ഉപേക്ഷിച്ചു പോകേണ്ടിവരുന്നത് മനുഷ്യജീവിതത്തിലെ വന്‍ ദുരന്തങ്ങളിലൊന്നാണ്. ഒരിടത്തുനിന്ന് തികച്ചും അന്യമായ മറ്റൊരിടത്തേയ്ക്ക് പറിച്ചുനടപ്പെടുന്ന അവസ്ഥ ആരിലും കടുത്ത മനഃസംഘര്‍ഷവും വ്യഥയുമുണ്ടാക്കും. പലസ്തീനില്‍ പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനും ഭൂമി കയ്യേറ്റത്തിനുമെതിരേ ആ നാട്ടുകാര്‍ നടത്തുന്ന ജീവന്മരണ പോരാട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും പിറന്ന മണ്ണില്‍നിന്നു പിഴുതെറിയപ്പെടുന്നതിലുള്ള അദമ്യവേദനയാണ്. തങ്ങള്‍ ജനിച്ചു ജീവിച്ചുപോന്ന മ്യാന്‍മറില്‍നിന്ന് നിര്‍ദ്ദയം ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യകള്‍ കടന്നുപോയതും ഇതേ മനോവ്യഥയിലൂടെത്തന്നെ. 

സ്വത്വബഹുത്വം എന്ന അനിഷേധ്യ വസ്തുത

ഈ പൊതു പശ്ചാത്തലം മുന്നില്‍വെച്ച് നമുക്കൊന്ന് ബംഗ്ലാദേശിലേക്ക് കണ്ണയച്ചു നോക്കാം. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ ആ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ് ഹിന്ദുക്കള്‍. ബംഗ്ലാദേശിലെ പതിനഞ്ച് കോടിയോളം വരുന്ന ജനസംഖ്യയില്‍ എട്ടര ശതമാനം ഹിന്ദുക്കളാണ്. ഇന്ത്യയും നേപ്പാളും കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യവും ബംഗ്ലാദേശ് തന്നെ. ന്യൂനപക്ഷമെന്ന നിലയില്‍ ഭൂരിപക്ഷ സമുദായത്തിലെ മതമൗലിക, തീവ്രവാദ ശക്തികളില്‍നിന്ന് അവര്‍ക്കു നേരെ ഒട്ടേറെ ദ്രോഹനടപടികളുണ്ടായിട്ടുണ്ട്. 2021 ഒക്ടോബറില്‍ ദുര്‍ഗാപൂജാവേളയില്‍ അവരുടെ ക്ഷേത്രങ്ങളും വീടുകളും ആക്രമിക്കപ്പെടുകയുണ്ടായി. മുന്‍കാലത്തും ഹിന്ദു ന്യൂനപക്ഷവും മറ്റു രണ്ട് ന്യൂനപക്ഷങ്ങളായ ക്രൈസ്തവരും ബൗദ്ധരും ഭൂരിപക്ഷ വര്‍ഗ്ഗീയക്കാരുടെ ഹിംസയ്ക്കും ക്രൂരതയ്ക്കുമിരയായിട്ടുണ്ട്. 

ഒട്ടും സുഖകരമല്ലാത്ത ഈ സാമൂഹിക സാഹചര്യം നിലനില്‍ക്കെ, ബംഗ്ലാദേശിലെ ഹിന്ദുസമുദായാംഗമായ ഒരു പ്രമുഖ വ്യക്തി നടത്തിയ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയമാണ്. മൊനീന്ദ്രകുമാര്‍ നാഥ് എന്നത്രേ അദ്ദേഹത്തിന്റെ പേര്. 'മൊഹാനഗര്‍ സര്‍ബോജനീന്‍ പൂജ കമ്മിറ്റി'യുടെ പ്രസിഡന്റാണ് നാഥ്. 'ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സിലി'ന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. ധാക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് 2022 ജൂണ്‍ എട്ടിന് അദ്ദേഹം പങ്കുവെച്ച ആശയങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊനീന്ദ്രകുമാര്‍ നാഥ് നടത്തിയ നിരീക്ഷണങ്ങളില്‍ അടിവരയിടപ്പെടേണ്ടത് ഇന്ത്യയുടെ പൗരത്വഭേദഗതി നിയമം (സി.എ.എ) ബംഗ്ലാദേശീ ഹിന്ദുക്കളായ തങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഒട്ടും പര്യാപ്തമല്ല എന്ന നിരീക്ഷണത്തിലാണ്.

നാഥിന്റെ വാക്കുകള്‍: ''ഇന്ത്യയുടെ ഈ പ്രത്യേക നിയമം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. അത്തരം നിയമങ്ങള്‍കൊണ്ട് പ്രയോജനമില്ല. മറ്റു പലരേയും പോലെ ഞങ്ങള്‍ക്കും ചില പ്രശ്‌നങ്ങളുണ്ട്. പക്ഷേ, ബംഗ്ലാദേശികളാണ് ഞങ്ങള്‍. ഞങ്ങള്‍ ഇവിടെത്തന്നെ ജീവിക്കും. മാതൃരാജ്യം വിട്ടുപോകാനും അയല്‍രാജ്യത്ത് അഭയം തേടാനും ഇവിടെ ആര്‍ക്കും താല്പര്യമില്ല. ഞങ്ങള്‍ നേരിടുന്ന വെല്ലുവിളികളെന്താവട്ടെ, അവയെ സ്വന്തം രാജ്യത്ത് തുടര്‍ന്നുകൊണ്ടും ഞങ്ങളുടെ സമുദായത്തെ ഏകോപിപ്പിച്ചുകൊണ്ടും ഞങ്ങള്‍ കൈകാര്യം ചെയ്യും.'' (ദ ഹിന്ദു, 10-06-2022)

കഴിഞ്ഞ വര്‍ഷം ദുര്‍ഗാപൂജാവേളയില്‍ ഭൂരിപക്ഷ മതതീവ്രവാദികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും നാഥ് സംസാരിക്കുകയുണ്ടായി. അദ്ദേഹം വെളിപ്പെടുത്തി: കഴിഞ്ഞ ഒരു വ്യാഴവട്ടകാലത്തിനിടയില്‍ ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ എണ്ണം ഇരട്ടിക്കുകയാണ് ചെയ്തത്. 2010-ല്‍ 15000 ദുര്‍ഗാപൂജാഘോഷങ്ങളാണ് നടന്നതെങ്കില്‍ ഇപ്പോഴത് 30,000 ആയി വര്‍ദ്ധിച്ചിരിക്കുന്നു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സെക്യുലര്‍ ഭരണത്തില്‍ ഹിന്ദുക്കളുടെ പ്രാതിനിധ്യം കൂടിയെന്ന് എടുത്തുകാട്ടിയ മൊനീന്ദ്ര കുമാര്‍ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള മതകാര്യവകുപ്പിനു പുറമെ ഒരു പ്രത്യേക ന്യൂനപക്ഷകാര്യവകുപ്പും മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേക സ്ഥിരം കമ്മിഷനും ആവശ്യമാണെന്ന് അഭിപ്രായപ്പെടുക കൂടി ചെയ്തു. 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മാതൃദേശം വിട്ട് മറ്റൊരു ദേശത്ത് അഭയം തേടാന്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ഒട്ടും താല്പര്യമില്ല എന്നതാണ്. ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രയോജനം ഏറ്റുവാങ്ങുന്നതിലുമില്ല അവര്‍ക്ക് താല്പര്യം. മറ്റുവിധത്തില്‍ പറഞ്ഞാല്‍, മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം ഉപേക്ഷിച്ച് ഹിന്ദുഭൂരിപക്ഷ രാഷ്ട്രത്തെ വരിക്കാന്‍ ബംഗ്ലാദേശീ ഹിന്ദുക്കള്‍ സന്നദ്ധരല്ല. തങ്ങളുടെ വേരുകള്‍ എവിടെയാണോ അവിടെ വാസം തുടരാനാണ് ഏത് ജനവിഭാഗവും ആഗ്രഹിക്കുക.

മതപരമായ സ്വത്വം മറ്റേത് സ്വത്വത്തേക്കാളും പ്രബലമാണെന്നു പ്രചരിപ്പിക്കുന്നവര്‍ മറ്റിടങ്ങളിലെന്നപോലെ കേരളത്തിലുമുണ്ട്. വ്യത്യസ്ത ബ്രാന്‍ഡുകളില്‍പ്പെട്ട മതമൗലികവാദികളത്രേ ഈ പ്രചാരണത്തില്‍ പ്രമുഖസ്ഥാനത്ത് നില്‍ക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി മതപരമായ സ്വത്വബോധത്തിന് അനര്‍ഹസ്ഥാനം കല്പിച്ചു നല്‍കുന്ന ചില മതേതര രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ ബൗദ്ധിക അടിമകളായ ചില എഴുത്തുകാരുമുണ്ടെന്നതും നേരാണ്. 'മതസ്വത്വമേ പരമസത്യം' എന്നതാണ് അത്തരക്കാരുടെ വായ്ത്താരി. ഏത് ജനവിഭാഗത്തിനും ഒന്നിലേറെ സ്വത്വങ്ങളുണ്ടെന്നും അവയില്‍ ഒന്നു മാത്രമാണ് മതസ്വത്വം എന്നുമുള്ള യാഥാര്‍ത്ഥ്യം മറച്ചുപിടിക്കുന്നവരാണവര്‍. ഭാഷാപരവും ദേശപരവും വര്‍ഗ്ഗപരവും ലിംഗപരവുമായ സ്വത്വങ്ങളെപ്പോലെയുള്ള ഒരു സ്വത്വം മാത്രമാണ് മതപരമായ സ്വത്വം. ഏകസ്വത്വം എന്നത് മിഥ്യയാണ്; ബഹുസ്വത്വം എന്നതാണ് തഥ്യ.

സ്വത്വബഹുത്വം എന്ന അനിഷേധ്യ വസ്തുതയ്ക്കുമേല്‍ മൂടുപടമിട്ട് മതാത്മകസ്വത്വം മാത്രം ഉയര്‍ത്തിക്കാട്ടുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് ബംഗ്ലാദേശിലെ മൊഹാനഗര്‍ സര്‍ബോജനീന്‍ പൂജ സമിതിയുടെ അധ്യക്ഷനായ മൊനീന്ദ്രകുമാര്‍ നാഥ് നല്‍കിയത്. 

മതത്തേക്കാള്‍ സഹസ്രമടങ്ങ് ശക്തവും പ്രധാനവുമാണ് പിറന്ന നാടിനോടുള്ള വൈകാരിക ബന്ധം എന്ന് നാഥിനെപ്പോലുള്ളവര്‍ തികച്ചും ശരിയായി വിലയിരുത്തുന്നു. മതാത്മക സ്വത്വമാണ് പരമപ്രധാനം എന്ന ആശയം നെഞ്ചേറ്റുന്നവരുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്തമാണ് നാഥിന്റെ നിരീക്ഷണങ്ങള്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com