ബഫര്‍സോണ്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തണം

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വീണ്ടും വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയാണ്
ബഫര്‍സോണ്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തണം

ന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വീണ്ടും വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയാണ്. മലയോരമേഖലകളില്‍ സ്വാധീനമുള്ള സാമുദായിക-രാഷ്ട്രീയകക്ഷികളും സംഘടനകളും പ്രത്യക്ഷസമരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ മാതൃകയില്‍ പ്രക്ഷോഭങ്ങളിലൂടെ ഈ വിധിയെ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും ഒരിടത്തുമുണ്ടാകുന്നില്ലെന്നതാണ് വസ്തുത. അതേസമയം, ദുരന്തം പകര്‍ന്ന ഗുണപാഠങ്ങളിലൂടെ കടന്നുപോയി ജീവിതശൈലി മുതല്‍ ഭരണനയങ്ങള്‍ വരെ പുന:പരിശോധിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി. അഞ്ചുവര്‍ഷത്തിനകം പഴയതിലും വേഗത്തില്‍ പരിസ്ഥിതിനാശത്തിന്റെ സമ്പ്രദായിക ചിന്തയിലേക്ക് അതിവേഗം മടങ്ങുകയാണ് കേരളം.

വിധിയില്‍ പറയുന്നത്

സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് കുറുക്കുവഴികളിലൂടെ നേടിയ താല്‍ക്കാലിക അനുമതിയുടെ പിന്‍ബലത്തില്‍ രാജസ്ഥാനിലെ ജാമുവാ രാംഗഡ് വന്യജീവി സങ്കേതത്തില്‍ ഖനന മാഫിയ നടത്തിയ ഭീകര പരിസ്ഥിതി നാശത്തെക്കുറിച്ച് 2003 നവംബര്‍ 20-ന് പ്രത്യേക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി. പൊതുതാല്പര്യാര്‍ത്ഥമുള്ള ഈ വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകവുമാണ്. വനങ്ങളുടെ സംരക്ഷണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് അടിയന്തരമായ ഇടപെടലിനു കോടതിയെ പ്രേരിപ്പിച്ചത്. 1995-ലെ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് - കേന്ദ്രസര്‍ക്കാര്‍ കേസിന്റെ ഭാഗമായി കോടതി കേട്ട പല ഹര്‍ജികളിലാണ് ഈ ഉത്തരവ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ വനഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ടായിരുന്നു ആ കേസ്. പൊതുതാല്പര്യം മുന്‍നിര്‍ത്തി മറ്റുള്ളവര്‍ക്കു കൂടി കക്ഷിചേരാനുള്ള അവകാശം കോടതി അംഗീകരിച്ചു. കേസിലെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഒരു സമിതിയെ 2002 മേയ് 9-ന് നിയമിച്ചു. 2003 നവംബറില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭയാനകം എന്നാണ് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് കോടതി പ്രസ്താവിച്ചത്.  

പൊതുജനതാല്പര്യാര്‍ത്ഥം ബഫര്‍സോണിന്റെ മിനിമം പരിധി സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രത്തിനോ നിര്‍ണ്ണയിക്കാമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. അതിനു പ്രത്യേക സമിതിയേയും പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാം. ഇവരുടെ ശുപാര്‍ശകൂടി കണക്കിലെടുത്താവും കോടതി ഉത്തരവ് പുറപ്പെടുവിക്കുക. നിലവില്‍ പല സംരക്ഷിതവനങ്ങള്‍ക്കും ഒരു കിലോമീറ്ററിലധികം പരിസ്ഥിതിലോല മേഖലയായി ബഫര്‍സോണ്‍ തിരിച്ചിട്ടുണ്ട്. അങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് മതിയാകും. അപ്രകാരം ചെയ്യാത്ത വനപ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിബന്ധനകളോടുകൂടിയ ബഫര്‍സോണായി കരുതണം. എന്നാല്‍, ഈ കരുതല്‍ മേഖല സര്‍ക്കാര്‍ നിശ്ചയിക്കുന്നത് വരെ മാത്രമാണ് ഇതെന്ന് വിധിയില്‍ പറയുന്നു. അതായത് സര്‍ക്കാര്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയായി പ്രഖ്യാപിച്ചാല്‍ ബാക്കി സ്ഥലങ്ങള്‍ ബഫര്‍ സോണില്‍പ്പെടില്ലെന്ന് അര്‍ത്ഥം. പക്ഷേ, 10 കിലോമീറ്റര്‍ വരെയുള്ള ഭൂമി വനംവകുപ്പ് ഏറ്റെടുക്കുമെന്ന നിലയിലാണ് പ്രചാരണം. 

സാധാരണക്കാരായ കര്‍ഷകര്‍ക്കോ തദ്ദേശീയര്‍ക്കോ അവരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും തടസ്സമുണ്ടാകുമെന്നാണ് പരക്കെയുള്ള ആശങ്ക. ഈ ആവലാതികള്‍ക്ക് അടിസ്ഥാനം നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ വിധിയിലുണ്ട്. സ്ഥിരനിര്‍മ്മാണത്തിനും വിലക്കുണ്ടെന്നതാണ് അതില്‍ ഒന്നാമത്തേത്. ഈ മേഖലയില്‍ വീട് വച്ചു താമസിക്കുന്നവരെ ഇത് ബാധിക്കുമെന്നതാണ് ഉന്നയിക്കപ്പെടുന്ന ഒരാശങ്ക. പരിസ്ഥിതിലോല മേഖലയില്‍ നിലവില്‍ അനുമതി കിട്ടിയ പദ്ധതികള്‍ക്ക് ആറുമാസത്തിനകം വീണ്ടും അനുമതി തേടണം. മുഖ്യ വനപാലകനാണ് അനുമതി നല്‍കേണ്ടത്. തോട്ടങ്ങളും കൃഷിയിടങ്ങളും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. നിലവില്‍ താമസിക്കുന്നവര്‍ ഇതിന്റെ പരിധിയില്‍പ്പെടുമോ എന്നതില്‍ വ്യക്തതയുമില്ല. വന്യജീവിസങ്കേതത്തിനകത്തുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അനുമതിയില്ല. മരംവെട്ടലിനും പുതിയ റോഡ് നിര്‍മ്മാണത്തിനും അനുമതിയില്ല. ബഫര്‍ സോണുകളില്‍ അനുമതിയോടെ മരം വെട്ടാം. റോഡ് നവീകരിക്കാമെന്നും ഉത്തരവിലുണ്ട്.
 
2009 ഫെബ്രുവരി ഒന്‍പതിനു പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗരേഖ പ്രകാരം ഏറ്റവും ചുരുങ്ങിയത് ഒരു കിലോമീറ്ററില്‍ നിരോധിക്കപ്പെട്ട പ്രധാന പ്രവൃത്തികള്‍ ഇവയാണ്: വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം, തടി മില്ലുകള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, വാണിജ്യാവശ്യത്തിനായി മരം മുറിക്കല്‍, ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉണ്ടാക്കുകയോ പുറത്തുവിടുന്നതോ ആയ അപകടകരമായ രാസവസ്തുക്കളുടെ നിര്‍മ്മാണം എന്നിവയൊക്കെയാണ്. കര്‍ഷകരേയും തദ്ദേശീയവാസികളേയും ബാധിക്കുന്ന വിഷയങ്ങളല്ല ഇതെന്നതാണ് വസ്തുത. എന്നാല്‍, സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മുതലെടുക്കുകയുമാണ് ഇക്കാര്യത്തില്‍ കുടിയേറ്റക്കാരുടെ രാഷ്ട്രീയ സംഘടനകളും ക്രിസ്ത്യന്‍ സഭകളുമൊക്കെ ചെയ്യുന്നത്. കയ്യേറ്റ, ക്വാറി, റിസോര്‍ട്ട് മാഫിയകളാണ് കോടതി ഉത്തരവിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ഇനി ബഫര്‍സോണിന്റെ ചുറ്റളവ് വര്‍ദ്ധിപ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ കോടതി അതില്‍ തീരുമാനമെടുക്കും. അതായത് ബഫര്‍ സോണിന്റെ കാര്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കോടതിവിധിയല്ല വന്നത്. 

പ്രത്യാഘാതങ്ങളെ മറികടക്കാന്‍ ഭേദഗതി ഹര്‍ജി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യ നടപടി. പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാകും ഭേദഗതി ഹര്‍ജിയിലൂടെ സമര്‍പ്പിക്കുകയെന്ന കാര്യം വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആ വാദം നിലനില്‍ക്കില്ല. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കരുത് എന്ന ആവശ്യം തീര്‍ത്തും അശാസ്ത്രീയമാണ്. ജനവാസമുണ്ടോ ഇല്ലയോ എന്നതല്ല ഒരു പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശമാക്കുന്നത്. മറിച്ച് പറഞ്ഞാല്‍, പരിസ്ഥിതിലോല മേഖലയിലും ജനവാസ കേന്ദ്രങ്ങളുണ്ടാകാം. ഇനി എന്തിനാണ് ജനങ്ങളെ ഇക്കാര്യത്തില്‍ കൂട്ടുപിടിക്കുന്നതെന്ന് നോക്കാം. പരിസ്ഥിതിമേഖലയും ജനവാസമേഖലയും രണ്ട് വിരുദ്ധചേരികളിലാണെന്ന് വരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് അത്. രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കുമൊക്കെ അതാവശ്യമാണ്. മലയോര മേഖലകളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ഇടതുമുന്നണി തന്നെ തീരുമാനിച്ചെന്നതാണ് രസകരമായ മറ്റൊരു വസ്തുത. ഇടുക്കിയില്‍ ഹര്‍ത്താലിന് ആദ്യം ആഹ്വാനം നടത്തിയത് ഇടതുമുന്നണിയാണ്.

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നപ്പോഴും സമാനരീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടന്നിരുന്നു. 2010-ല്‍ മാധവ് ഗാഡ്ഗിലിനെ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജയറാം രമേഷ് നിയമിച്ചതുമുതലാണ് പശ്ചിമഘട്ട സംരക്ഷണം വലിയ ചര്‍ച്ചയാകുന്നത്. ബി.ജെ. കൃഷ്ണന്‍, ഡോ. കെ.എന്‍. ഗണേഷയ്യ, ഡോ. വി.എസ്. വിജയന്‍, പ്രൊഫ. റെനീ ബോര്‍ഗസ്, പ്രൊഫ. ആര്‍. സുകുമാര്‍, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആര്‍.വി. വര്‍മ്മ, ഡോ. ആര്‍.ആര്‍. നവല്‍ഗുണ്ട്, ഡോ. ജി.വി. സുബ്രഹ്മണ്യം എന്നിവരായിരുന്നു ആ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 

മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ക്കൂടി കടന്നുപോകുന്ന ഏതാണ്ട് 1500 കിലോമീറ്റര്‍ ദൈര്‍ഘ്യവും 210 മീറ്റര്‍ വരെ വീതിയുമുള്ള 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതി പഠനവിധേയമാക്കിയത്. ജൈവവൈവിധ്യം, ഭൂമിയുടെ ചെരിവ്, മഴയുടെ തോത് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മേഖലയെ വിവിധ രീതിയില്‍ വര്‍ഗ്ഗീകരിച്ചു. മൂന്ന് സോണുകളായി തിരിച്ച് ഒരോ മേഖലയിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. പരിസ്ഥിതി ലോലതയുടെ തീവ്രത കണക്കാക്കിയുള്ള മൂന്ന് സോണുകളാണ് തിരിച്ചത്. 142 താലൂക്കുകളിലേയും പ്രദേശങ്ങളെ ഇങ്ങനെ തിരിച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിലൊക്കെ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രാദേശിക ഭരണസമിതികളാണെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

പശ്ചിമഘട്ട സംരക്ഷണത്തോടും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനോടും ഒരു വിഭാഗം നടത്തിയ പ്രതികരണം കേരളം കണ്ടതാണ്. കമ്മിറ്റി റിപ്പോര്‍ട്ട് കൃത്യമായി പഠിച്ച് അതിനോടുള്ള വിമര്‍ശനാത്മകമായ ഇടപെടലായിരുന്നില്ല അന്നുണ്ടായിരുന്നത്. മറിച്ച് ക്രൈസ്തവ സഭകളും സി.പി.എമ്മും നിശിതമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. പലപ്പോഴും കള്ളപ്രചാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എതിര്‍പ്പ്. ആക്രമോത്സുക സമരമാണ് അന്നുണ്ടായത്. സഭയുടെ വോട്ട് കിട്ടുമോ എന്നു കരുതി സി.പി.എമ്മും കൂടെക്കൂടി. അതോടെ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വികസന കാര്യത്തിലും പ്രത്യേകിച്ച് നിലപാടുകളില്ലാത്ത കോണ്‍ഗ്രസ്, ക്രൈസ്തവ സഭാനേതൃത്വത്തിനു പിന്നില്‍ മുട്ടിലിഴഞ്ഞു. ആരാണ് കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണത്തെ എതിര്‍ക്കുന്നത് എന്ന കാര്യത്തിലായി സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. റിപ്പോര്‍ട്ട് അങ്ങനെ അട്ടിമറിക്കപ്പെടുകയും ചെയ്തു. അതേ സംഭവങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

ബഫര്‍ സോണ്‍ നിര്‍ദ്ദേശിച്ച് ഇതിനകം കേന്ദ്രത്തിനു നല്‍കിയ അപേക്ഷകള്‍ നിലനിര്‍ത്തുകയും കോടതി ഉത്തരവ് പ്രകാരം ജനവാസമേഖല ഒഴിവാക്കിയുള്ള നിര്‍ദ്ദേശം വീണ്ടും സമര്‍പ്പിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്രസമിതിക്കും സമര്‍പ്പിക്കുന്ന ഈ നിര്‍ദ്ദേശം വഴി സുപ്രീംകോടതിയില്‍നിന്ന് ഇളവു നേടാനാണ് ലക്ഷ്യം. കോടതി തന്നെ അക്കാര്യം പരിഗണിക്കാമെന്ന് ഉത്തരവില്‍ പറയുന്നുമുണ്ട്. എന്നാല്‍, നിലവിലുള്ള നിര്‍മ്മാണങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതാണ് വെല്ലുവിളി.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com