'മൈമൂനയുടെ കാല്‍വണ്ണയില്‍ കൊത്തിയ മയില്‍, രജസ്വലയായ കുഞ്ഞാമിന, രവിയുടെ മടിയിലെ ഘനസ്പര്‍ശം'

ജൂലൈ രണ്ട്: ഒ.വി. വിജയന്റെ ജന്മവാര്‍ഷികം 
'മൈമൂനയുടെ കാല്‍വണ്ണയില്‍ കൊത്തിയ മയില്‍, രജസ്വലയായ കുഞ്ഞാമിന, രവിയുടെ മടിയിലെ ഘനസ്പര്‍ശം'
Updated on
4 min read

കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ലത്രേ. പിടിച്ചുകേറാനാവാത്തവണ്ണം അതിന്റെ തടി തിടം വെച്ചു. പ്രാചീനമായ പായലുകള്‍ അതിന്മേല്‍ പാടുകള്‍ വരച്ചു. കൊമ്പുകള്‍ മാനം മുട്ടുവോളം ഇണര്‍ച്ചുപൊങ്ങി. ഇണര്‍പ്പുകളില്‍ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകള്‍ കൂട് വെച്ചു. എങ്കിലും അതിന്മേല്‍ കേറാന്‍ പേടിക്കേണ്ടതില്ല. പെണ്ണുങ്ങള്‍ ചാരിത്രവതികളാണെങ്കില്‍ അവരുടെ കെട്ടിയവന്മാരുടെ മുന്‍പില്‍ പാമ്പെറുമ്പുകള്‍ മാറിക്കൊള്ളും. പായല്‍ അവര്‍ക്ക് വഴുക്കില്ല. 

പുളിങ്കൊമ്പത്തെ പോതി ചാരിത്രവതികളെ കാക്കുന്നവളാണ്. എന്നിട്ടും ഖസാക്കിലെ പുളിപറിക്കാര്‍ ആ മരം കയറിയില്ല. 

നാലുകൊല്ലം മുന്‍പൊരു ഉച്ചയ്ക്ക് ചാന്തുമ്മയുടെ റാവുത്തര്‍ പുളിഞ്ചോട്ടില്‍നിന്നുകൊണ്ട് മേലോട്ടുനോക്കി. വിളഞ്ഞ കണ്ടംപോലെ പുളി കായ്ച്ചിരിക്കുന്നു. തെറ്റത്തെ പുളിഞ്ചില്ലകളില്‍ മേഘങ്ങള്‍ വിശ്രമിക്കുകയാണെന്നു തോന്നി. 

ചൂടിത്തളപ്പിട്ട് അയാള്‍ പിടിച്ചുകേറി.

പിറ്റേന്ന് ഖസാക്കുകാര്‍ പുളിഞ്ചോട്ടിലെത്തിയപ്പോള്‍ അയാള്‍ അവിടെ ചിതറിക്കിടക്കുകയായിരുന്നു. പാമ്പെറുമ്പുകളുടെ വിഷമേറ്റ് കയ്യും കാലും തലയും വീങ്ങിയിരുന്നു. മലര്‍ക്കെ മിഴിച്ച കണ്ണിലും ഗുഹ്യപ്രദേശത്തും അപ്പോഴും പാമ്പെറുമ്പുകള്‍ തടിച്ചുപറ്റി നിന്നു. അന്നാണ് ചാന്തുമ്മയുടെ അത്ത ഖസാക്ക് വിട്ടത്. അയാള്‍ ദേശാടകനായി. ആളൊഴിഞ്ഞ മലഞ്ചെരിവുകളിലൂടെ ഷെയ്ഖിന്റെ മൊഴികള്‍ പാടിക്കൊണ്ട് തങ്ങള് പക്കീരി നടന്നു.

ആ വൈധവ്യം ചാന്തുമ്മയെ ഒറ്റപ്പെടുത്തി. പോതിയുടെ പുളിയില്‍നിന്നു വീണ് ചത്തവന്റെ പെണ്ണ്. 

****
അശാന്തരായ ഇഫ്രീത്തുകളുടെ സഞ്ചാരപഥം. കൂമന്‍കാവിലെ മാവുകള്‍ പിന്നിട്ട് തസറാക്കിലെത്തിയ ചിങ്ങമാസ സായാഹ്നം. പഥികന്റെ കാല്‍വിരലിലെ മുറിവ് നൊന്തില്ല പക്ഷേ...

...പത്ത് മണിക്ക് ഖാലിയാരും ശിവരാമന്‍ നായരും തുന്നല്‍ക്കാരന്‍ മാധവന്‍ നായരും കുപ്പുവച്ചനും പിന്നെ കുറെ ഖസാക്കുകാരും ഞാറ്റുപുരയില്‍ കൂടി. മുറ്റത്തെ ചന്ദനക്കല്ലില്‍ ചാണകം പിടിച്ച് പിള്ളയാറ് വെച്ച് ശിവരാമന്‍ നായര്‍ സ്‌കൂള്‍ തുറന്നു. അവരെല്ലാം പൊയ്ക്കഴിഞ്ഞപ്പോള്‍ രവിയും കുട്ടികളും മാത്രമായി.

ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ട് രവി ഇത്തിരി നേരം കൂടി അങ്ങനെ നിന്നുപോയി. മേഘങ്ങള്‍ക്കിടയില്‍ താമരക്കുളം നീലച്ചു. താമരയിലകള്‍ക്കിടയില്‍നിന്നു പുറത്തു വരാന്‍ ഒരു കുളക്കോഴിക്കുഞ്ഞ് പാടുപെടുന്നത് രവി കണ്ടു. ഒടുവില്‍ അത് കരകേറി. കാട്ടുചെടികളുടെ കടയ്ക്കല്‍ ആലംബമില്ലാതെ അത് നിന്നു. ഇത്തിരി നേരത്തിനുള്ളില്‍ കുളക്കോഴിപ്പിടയും ഇണയും പറന്നെത്തി ചിറകടിച്ചുകൊണ്ട് കുഞ്ഞിനു ചുറ്റും നടന്നു. രവി ജനാലയില്‍നിന്നു തിരിഞ്ഞു. കുളക്കോഴിക്കുഞ്ഞ് കുറുകുന്നത് അപ്പോഴും കേള്‍ക്കാനുണ്ട്.

തുന്നല്‍ക്കാരന്‍ മാധവന്‍നായര്‍ പടിക്കല്‍നിന്നു വീണ്ടും വിളിച്ചു.

മാഷ്‌ഷേ, നിങ്ങളുടെ പട്പ്പ് മൊടക്കാന്‍ ഞാന്‍ രണ്ടാമ്മെറീം വന്നെട്ക്ക്ണ്.

വരണം മാധവന്നായരേ...

മാധവന്‍നായര്‍ ഞാറ്റുപുരയിലേക്ക് കേറി. പുറകെ വലിയ കോടിക്കുപ്പായങ്ങളിട്ട രണ്ടു പൊടികളും കേറി.

ഇതാ രണ്ടെണ്ണങ്കൂടി പിടിച്ചോളിന്‍! മാധവന്‍നായര്‍ പറഞ്ഞു.

കവറക്കുട്ടികളാണ്. എന്താ മോശം?

രവി ചിരിച്ചു.

നിങ്ങളൊക്കെ ശ്ശി സഹായിച്ചു മാധവന്നായരേ...

അസ്സല് കാരിയം.

രവി ഹാജര് പുസ്തകം നിവര്‍ത്തി പേരുകളെഴുതിച്ചേര്‍ക്കാന്‍ തയ്യാറെടുത്തു.

കാല്‍മുട്ടും കടന്ന് താഴോട്ടുവരുന്ന ഷര്‍ട്ടുകളിട്ട പൊടികള്‍ മേശയോട് ചേര്‍ന്നുനിന്നു.

മൂക്ക് തുടയ്‌ക്കെടാ മലയോ... മാധവന്‍നായര്‍ ഒരുത്തനോട് പറഞ്ഞു. ചെറുക്കന്‍ ആനക്കൊമ്പുകള്‍ മേലോട്ട് വലിച്ചു. 

അസരീകരമേ, ഉതിച്ച് കളാ...

അവന്‍ കുപ്പായത്തിന്റെ അറ്റം കൊണ്ട് മൂക്ക് തുടച്ചു...

****
മാധവന്‍ നായര്‍ പോയി. രവി മേശപ്പുറത്ത് ചാരിക്കൊണ്ട് നിന്നു.

ഇന്നൊര് കഥ പറയാം. അയാള്‍ പറഞ്ഞു.

എന്ത് കഥ്യാ വേണ്ടത്?

കുട്ടികളെല്ലാരുമൊന്നിച്ച് സംസാരിക്കാന്‍ തുടങ്ങി.

സാര്‍, സാര്‍... സുറുമയിട്ട പെണ്‍കുട്ടി കയ്യുയര്‍ത്തിക്കാട്ടി.

പറയൂ... രവി പറഞ്ഞു.

സാര്‍, ആരും ചാകാത്ത കത.

രവി ചിരിച്ചുപോയി. അവള്‍ തുടുത്തു.

എന്താ പേര്? രവി ചോദിച്ചു.

കുഞ്ഞാമിന.

ശരി, രവി പറഞ്ഞു.

രവി കഥ പറയാനൊരുങ്ങി...

(അധ്യായം ഏഴ്, ഖസാക്കിന്റെ ഇതിഹാസം)

***
തസറാക്കില്‍ ഞാറ്റുപുര അതേ പടിനിലനിര്‍ത്തിയിരിക്കുന്നു, ചെറിയ പരിഷ്‌കാരങ്ങളോടെ. പനങ്കാടുകള്‍ കാണാനില്ല. പള്ളിക്കുളം പായല്‍ വന്നു മൂടിയിരിക്കുന്നു. പറന്നകലുന്ന പനന്തത്തകളുടെ ധനുസ്സുകളില്ല. അപ്പുക്കിളിയുടേയും അല്ലാപിച്ച മൊല്ലാക്കയുടേയും ഖാലിയാരുടേയും മൈമൂനയുടേയും ആബിദയുടേയും കുഞ്ഞുനൂറുവിന്റേയും ഓര്‍മ്മകള്‍ നിറഞ്ഞു. കുപ്പുവച്ചന്‍ വെയില്‍കാഞ്ഞ അത്താണി ഇവിടെയില്ല. അപ്പുക്കിളിയുടെ അദൃശ്യ സാന്നിധ്യം വൃഥാ മനസ്സില്‍ നിറഞ്ഞു. ഏറെക്കാലം പാലക്കാട് വിക്ടോറിയാ കോളേജിനടുത്ത് ജീവിച്ചിരുന്ന അപ്പുക്കിളിയുടെ ബന്ധുക്കളാരും ഇപ്പോഴില്ല.

മൈമൂനയുടെ പിന്തുടര്‍ച്ചക്കാരുടെ വീട് കണ്ടു. രാജാവിന്റെ പള്ളി പുതുക്കിപ്പണിത് മോടി പിടിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ 'വുളു' വെടുത്ത് പള്ളിയില്‍ കയറി അസര്‍ നമസ്‌കരിച്ചു. ബൈക്കോടിച്ച് പള്ളിയിലെത്തിയ തസറാക്കിലെ ചെറുപ്പക്കാരായ ലിയാഖത്തിനേയും യാക്കൂബിനേയും പരിചയപ്പെട്ടു. 

പോരാന്‍ തോന്നിയില്ല തസറാക്കില്‍നിന്ന്. ചാറ്റല്‍ മഴ പെയ്യവെ, ഖസാക്ക് ലഹരി ഹോണ്ട് ചെയ്യുന്ന പടമെടുപ്പുകാരന്‍ സിറാജ് പറഞ്ഞു: കാലവര്‍ഷത്തിന്റെ വെളുത്ത മഴ...

പോതിയുടെ പുളിമരമുണ്ടോ അവിടെ? വഴിയിറമ്പുകളില്‍ കണ്ടത് പോതിയുടെ പുളിമരം തന്നെയോ? അറിയില്ല.

ചെതലി മറ്റെവിടെയോ ആണ്. അങ്ങ് ദൂരെയാണ്. പിറ്റേന്ന് മഞ്ഞ് നനഞ്ഞ പുല്ലില്‍ ചവിട്ടി രവിയും കുട്ടികളും ചെതലിമല കയറി. പാട്ടുകാരനായ മങ്കുസ്താന്‍ ബദര്‍ യുദ്ധത്തിന്റെ കഥ പാടി. വാറു പൊട്ടിയ ചെരുപ്പുമായി ഇതിഹാസകാരന്‍ യുദ്ധഭൂമിയിലൂടെ ഇടറിത്തടഞ്ഞു നടന്നു. ആ ഗാഥയുടെ വികല്പങ്ങള്‍ മരപ്പടര്‍പ്പുകള്‍ കടന്ന് ഖസാക്കിലെത്തുകയായി. ഖസാക്കിലെ പനങ്കാടുകളില്‍ ബദരീങ്ങള്‍ പടവെട്ടി...

*****
കിണാശ്ശേരിയില്‍നിന്ന് തസറാക്കിലേക്ക് കടക്കുമ്പോള്‍ സ്ഥാപിച്ച കമാനം കുറച്ചുകൂടി പൗരാണികഛായയോടെ നിര്‍മ്മിക്കാമായിരുന്നുവെന്നു തോന്നി. 

ഖസാക്കിലെ വരികളിലേക്കൊരു പരകായപ്രവേശം കൂടി (ഖസാക്കിന്റെ കാമുകന്‍ ആഷാമേനോനുമൊത്ത് ഒറ്റപ്പാലത്ത് അടുത്തടുത്ത മുറികളില്‍ താമസിക്കുന്ന കാലത്ത് ഖസാക്കിന്റെ ഇതിഹാസത്തിലെ പല ഖണ്ഡികകളും കാണാതെ പറഞ്ഞിരുന്ന ഞാനിപ്പോള്‍ അതൊക്കെ മറന്നേ പോയി. പക്ഷേ, വിജയനും ഖസാക്കും തന്നെയാണ് എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട എഴുത്തുകാരനും ഇഷ്ടപ്പെട്ട കൃതിയും... ഭാവുകത്വത്തിന്റെ പരിമിതമായ അതിരുകളിലിന്നും ഖസാക്ക് നീലജ്വാലകളായി ആളി നില്‍പ്പാണ്). 

പ്രാചീനമായ പായലുകള്‍ അതിന്മേല്‍ പാടുകള്‍ വരച്ചു. കൊമ്പുകള്‍ ഇണര്‍ച്ചു പൊങ്ങി. ഇണര്‍പ്പുകളില്‍ വിഷമുള്ള ഉറുമ്പുകള്‍ കൂട് വെച്ചു. അക്ഷയവടം കണക്കെ പോതിയുടെ പുളി...

ഇളംവെയിലില്‍ തുമ്പികള്‍ പാറിനടന്നു.

കുറച്ചുനാള്‍ പനങ്കാടുകളുടെ ധനുസ്സ് നുകര്‍ന്ന്, ഖസാക്കിന്റെ ആദ്യവായനക്കാരനായ ആഷാമേനോനോടൊപ്പം പാലക്കാടന്‍ പരിസരങ്ങളിലൊക്കെ ജീവിച്ചിട്ടും പ്രവാസത്തിന്റെ അവധിക്കിടെ, അതും ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമാണ് തസറാക്ക് കാണാന്‍ പോയത്. 

പത്മയുടെ കാല്‍ത്തണ്ടയില്‍ വിഷം നീലിച്ചുകിടന്നിരുന്നു. രവിയെവിടെ?

മൈമൂനയുടെ അകന്ന ബന്ധുവിനെ കാണാന്‍ സാധിച്ചു. കുഞ്ഞാമിനയുടെ കാല്‍ത്തള കിലുങ്ങി. തെറുത്ത് കയറ്റിയ കൈത്തണ്ട. പനങ്കാടിനു ചുവടെയിരിക്കെ സുഖകരമായ അതീന്ദ്രിയാനുഭവം.

തസറാക്കില്‍നിന്നു മടങ്ങുമ്പോള്‍ ചൂട് നഷ്ടപ്പെട്ട വെയില്‍. കരിമ്പനകളുടെ സീല്‍ക്കാരം. എന്താണ് മനസ്സിലൂടെ കടന്നുപോയത്? കരുണ, ആസക്തി, നീരസം, ക്രൂരമായ ജിജ്ഞാസ, കൃതാര്‍ത്ഥത എന്തായിരുന്നു അത്?

അല്ലെങ്കില്‍ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലില്‍ തുമ്പികള്‍ പറന്നലഞ്ഞു. രവി നടന്നു. നെടുവരമ്പ് അറ്റമില്ലാതെ നീണ്ടുകിടന്നു.

ഒ.വി. വിജയന്‍
ഒ.വി. വിജയന്‍

രണ്ട് 

2019 സെപ്റ്റംബര്‍ മധ്യത്തില്‍ ഒരിക്കല്‍ക്കൂടി തസറാക്കിന്റെ സാന്ദ്രസവിധത്തിലണഞ്ഞു. ഗര്‍ഭവതിയായ ചിങ്ങവെയില്‍ അന്നേരം ഖസാക്കിനെ പൊതിഞ്ഞിരുന്നു. കരിമ്പനകളില്‍ കാറ്റ് ശമിച്ചിരുന്നു.

ഒ.വി. ഉഷ പറഞ്ഞു: ഏട്ടന്റെ ആത്മാവ് ഇന്നിവിടെ നമ്മോടൊപ്പമുണ്ട്. വിക്ടോറിയ കോളേജ് അദ്ധ്യാപനകാലം തൊട്ട് വിജയന്റെ ആത്മസുഹൃത്തായ പ്രിയമിത്രം വാസുമാഷ് (പ്രൊഫ. പി. എ. വാസുദേവന്‍) ഓര്‍ത്തെടുത്തു: വിജയനും ഞാനുമൊരിക്കല്‍ ഇവിടെ വന്നപ്പോള്‍ മൈമൂനയുടെ  അതോ ആബിദയുടേയോ? താവഴിയില്‍പ്പെട്ട മജീദിനെ കെട്ടിപ്പിടിച്ചു. മജീദിന്റെ ശക്തിയുള്ള ആ സ്‌നേഹാശ്ലേഷത്തിനിടെ, തീര്‍ത്തും മെലിഞ്ഞു ക്ഷീണിതനായ വിജയന്‍ ഞാറ്റുപുരയുടെ മുറ്റത്ത് വീണു... അന്നേരം വെയില്‍ കാഞ്ഞിരുന്ന കുപ്പുവച്ചന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയപോലെ... മജീദ്ക്ക വാസുമാഷ് പറഞ്ഞ ഈ കഥ കേള്‍ക്കെ ഞങ്ങള്‍ക്കരികെ നിന്ന് ഉറക്കെ ചിരിക്കുകയും പിന്നെ വിഷാദം നിഴലിട്ട കണ്ണ് തുടയ്ക്കുകയും ചെയ്തു.

പഴയ പാലക്കാടന്‍ ചങ്ങാത്തം പുതുക്കാനും എനിക്കൊരു സുവര്‍ണ്ണാവസരം. മുണ്ടൂര്‍ സേതുമാധവന്‍, വിനോദ് മങ്കര, ടി.കെ. ശങ്കരനാരായണന്‍, രഘുനാഥ് പറളി... (ഏറനാട്ടിലെ പാണ്ടിക്കാട്ടുനിന്ന് തസറാക്കിലോളം ഏകാന്തനായി എത്തിയ അവധൂതകവി സുഹൃത്ത് വി.പി. ഷൗക്കത്തലി), തിരുവനന്തപുരത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണനെ അനുഗമിച്ചെത്തിയ മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് സി. റഹീം എന്നിവരോടൊപ്പം ഓര്‍മ്മയില്‍ തങ്ങിനിന്ന ഒരു വിജയന്‍സ്മൃതി. നീലത്താമര തലനീട്ടിയ ഖസാക്കിലെ കുളത്തിനു മീതെ പായല്‍ നരച്ചു കിടക്കുകയായിരുന്നു. പക്ഷേ, ജലത്തിന്റെ വില്ലീസ് പടുതയില്ല. ഉള്‍ക്കിണറിലേക്ക് കൂപ്പുകുത്തിയ മുങ്ങാംകോഴിയെന്ന ചുക്രു റാവുത്തര്‍ ഇല്ല... അനാദിയായ വെളുത്ത മഴയുമില്ല. വിജയന്റെ കഥാപാത്രങ്ങള്‍ മനസ്സിന്റെ ജലരാശിയില്‍ നിറഞ്ഞേന്തി, ശിരസ്സറ്റ ഒറ്റക്കരിമ്പന ഖസാക്കിന്റെ ആകാശത്തെ നമിച്ചുനില്‍ക്കുന്ന ദൃശ്യം. ഇഷ്ടപ്പെട്ട എഴുത്തുകാരനെ മനസ്സാ വണങ്ങി ശിവരാമന്‍ നായരുടെ ഞാറ്റുപുരയോട് വിടപറയുമ്പോഴൊരു ദുഃഖം. സുഹൃത്ത് ആഷാ മേനോനെ കണ്ടില്ലല്ലോ. ഉവ്വ്, 'തീവ്ര ഖസാക്കിസ്റ്റ്' ആഷാമേനോനില്ലാതെ വിജയന്‍ അനുസ്മരണം തീര്‍ത്തും അപൂര്‍ണ്ണമല്ലേയെന്ന സന്ദേഹം വാസു മാഷോട് പങ്കുവെച്ചു. വിജയന്‍ കത്തെഴുതുമ്പോഴൊക്കെ ആഷാ മേനോനെ സംബോധന ചെയ്തിരുന്നത് 'പ്രിയ ശ്രീ' എന്നായിരുന്നു. ഏതോ ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നുവത്രെ.

****
ദുരൂഹമായ സ്ഥലരാശി. കാലത്തിന്റെ ഗംഗാതടം, ദുരൂഹതയുടെ ദുഃഖം. ഉച്ചവെയിലില്‍ ആകാശത്തിന്റെ തെളിമയില്‍ മരണമില്ലാത്ത ദേവന്മാര്‍ ദാഹം മാറ്റി. കല്‍പ്പകവൃക്ഷത്തിന്റെ കരിക്കിന്‍ തൊണ്ടുകള്‍ താഴോട്ടുതിര്‍ന്നു വന്നു.... ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ്ണ ജൂബിലി കൂടിയായിരുന്നു അന്ന്. ഖസാക്കിലെ 28 പേജുകളും അനുബന്ധമായി രണ്ടു പേജുകളും സുഹൃത്ത് ഭട്ടതിരി ചേതോഹരമായി കലിഗ്രഫിയില്‍ ചെയ്തതിന്റെ ഉദ്ഘാടനം... തസറാക്കിലെ കരിമ്പനയോലകളില്‍ കാറ്റ് പതിയെ താളം പിടിച്ചു. പ്രൗഢമായ ചടങ്ങിനിടെ ഒ.വി. വിജയന്‍ സ്മാരക പോസ്റ്റ് കാര്‍ഡുകളും സ്മൃതി ചിത്രങ്ങളും കേരള സംഗീത നാടക അക്കാദമി സാരഥി രാധാകൃഷ്ണന്‍ നായരില്‍നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചു. എന്നെ അതിനു ക്ഷണിച്ച പ്രിയപ്പെട്ട ടി.ആര്‍. അജയേട്ടന് നന്ദി. (അടൂര്‍ ഗോപാലകൃഷ്ണന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ തസറാക്കിലെ രാജാവിന്റെ പള്ളിയില്‍നിന്നു സ്മൃതിധാരകളെ ഉണര്‍ത്തി ബാങ്ക് വിളി മുഴങ്ങി). ചെതലിമല, ഒരു വിദൂര സമസ്യയായി. മൈമൂനയുടെ കാല്‍വണ്ണയില്‍ കൊത്തിയ മയില്‍, രജസ്വലയായ കുഞ്ഞാമിന, രവിയുടെ മടിയിലെ ഘനസ്പര്‍ശം, കൊഴണശ്ശേരിയിലെ സഖാവ്... ഖസാക്കിലെ പുരോഹിതന്‍ അല്ലാപിച്ച മൊല്ലാക്ക... ഇണര്‍പ്പ് പൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്റെ പത്തിവിടരുന്നത് രവി കൗതുകത്തോടെ നോക്കി. കാല്‍പ്പടത്തില്‍ പാമ്പിന്റെ പല്ലുകള്‍ അമര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com