ലോട്ടറിയടിച്ചോ കേരളത്തിന്?

വിദേശത്തുനിന്നു ചരക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ റിവേഴ്സ് ചാര്‍ജ് വ്യവസ്ഥയില്‍ ഇന്റഗ്രേറ്റഡ്  ജി.എസ്.ടി ചുമത്താനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു
ലോട്ടറിയടിച്ചോ കേരളത്തിന്?

നിര്‍ണ്ണായകം ഈ വിധിയെഴുത്ത്

1. ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ക്ക് 
പ്രേരക സ്വഭാവം മാത്രം 
2. ഈ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ല
3. നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിനും 
നിയമസഭകള്‍ക്കും തുല്യ അധികാരം
4. പ്രശ്‌നപരിഹാരത്തിന്  കൗണ്‍സില്‍ 
സൗഹാര്‍ദ്ദപരമായി പ്രവര്‍ത്തിക്കണം 
5. എതിര്‍ക്കാനും സഹകരിക്കാനുമുള്ള സ്വാതന്ത്ര്യം 
ഇന്ത്യന്‍ ഫെഡറലിസം നല്‍കുന്നു

കേസിന്റെ തുടക്കം

കേന്ദ്രസര്‍ക്കാരും മോഹിത് മിനറല്‍സ് കമ്പനിയും തമ്മിലായിരുന്നു കേസ്. വിദേശത്തുനിന്നു ചരക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ റിവേഴ്സ് ചാര്‍ജ് വ്യവസ്ഥയില്‍ ഇന്റഗ്രേറ്റഡ്  ജി.എസ്.ടി ചുമത്താനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചിരുന്നു. ഇറക്കുമതിക്കുള്ള ചില വ്യവസ്ഥകള്‍ അനുസരിച്ച് പിരിക്കുന്ന നികുതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നികുതിഘടന ബാധകമാകാത്ത പുറംകടലില്‍ നികുതി നല്‍കേണ്ടത് ഇറക്കുമതി ചെയ്യുന്നയാളാണ് എന്നാണ് കോടതി വിധിച്ചത്. ഇടപാട്, ഇറക്കുമതി എന്നീ മാനദണ്ഡങ്ങളാണ് ഇതിനായി കോടതി പരിഗണിച്ചത്.  ഇതിനെതിരേയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ആര്‍ക്കാണ് നികുതിയുടെ അവകാശം? സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചുമത്തുന്ന നികുതിയുടെ അന്തിമ അധികാരി ജി.എസ്.ടി കൗണ്‍സില്‍ ആണോ? ഓരോ സംസ്ഥാനത്തിനും പ്രത്യേക നിരക്ക് ചുമത്താനാകുമോ? നികുതി നിശ്ചയിക്കുന്ന നടപടിക്രമങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് മാറ്റം വരുത്താമോ? ഒരു രാജ്യം, ഒരു നികുതി എന്ന സങ്കല്പം തന്നെ അട്ടിമറിക്കപ്പെടില്ലേ?

രാഷ്ട്രീയ തിരിച്ചടി എങ്ങനെ?

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചരക്കു സേവന നികുതി. ഒരു രാജ്യം, ഒരു നികുതി എന്ന മുദ്രാവാക്യത്തോടെ അവതരിപ്പിക്കപ്പെട്ട പുതിയ സംവിധാനം തീര്‍ത്തും പരാജയമായിരുന്നു. പാളിച്ചകള്‍ക്കപ്പുറം ധനവിനിയോഗ അധികാരം കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചു. അത് ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട കൂടിയായിരുന്നു. സംസ്ഥാനങ്ങളുടെ ധനവിനിയോഗ അവകാശങ്ങളിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ ഈ കടന്നുകയറ്റം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് രൂക്ഷമായി ബാധിച്ചത്. രാഷ്ട്രീയമായ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ഈ സംവിധാനം ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. ദൈനംദിന ചെലവുകള്‍ക്കു പോലും കേന്ദ്രത്തിനു മുന്നില്‍ കൈനീട്ടേണ്ട ഗതികേട് സംസ്ഥാനങ്ങള്‍ക്കുണ്ടായി. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലനില്‍ക്കുന്ന കേന്ദ്രത്തിന്റേയും കൗണ്‍സിലിന്റേയും അപ്രമാദിത്വത്തിനാണ് കോടതി വിധിയിലൂടെ ഇല്ലാതായത്. 

കൗണ്‍സില്‍ ഘടന

നികുതി നിരക്കുകള്‍ നിര്‍ദ്ദേശിക്കാനും ജി.എസ്.ടിയുടെ പരിധിയില്‍ വരുന്ന സാധനങ്ങളും സേവനങ്ങളും തീരുമാനിക്കാനും അതിനുവേണ്ട രൂപരേഖ തയ്യാറാക്കാനുമുള്ള അധികാരം കൗണ്‍സിലിനാണ്. ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിരുദ്ധമായി ഇനി കൗണ്‍സിലിനു തീരുമാനമെടുക്കാനാവില്ലെന്നാണ് വിധി. കേന്ദ്ര ധനമന്ത്രിയാണ് ചെയര്‍മാന്‍. ധനകാര്യ സഹമന്ത്രിയും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും അംഗങ്ങള്‍. റവന്യൂ സെക്രട്ടറിയും കേന്ദ്ര- എക്സൈസ് ചെയര്‍മാനും സമിതിയിലുണ്ടാകും. തീരുമാനമെടുക്കാന്‍ 75 ശതമാനം പേരുടെ പിന്തുണയെങ്കിലും വേണം. 47-ാമത്തെ കൗണ്‍സില്‍ യോഗം കൂടിയത് മൂന്നാഴ്ച മുന്‍പാണ്. ഈ യോഗത്തിലാണ് 143 സാധനങ്ങളുടെ നിരക്ക് 18 ശതമാനത്തില്‍നിന്ന് 28 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയത്. 

വരുമാനമുണ്ട്, കുടിശികയും

ഏപ്രിലില്‍ ജി.എസ്.ടി വരുമാനം 1,67,540 കോടി രൂപ. മുന്‍വര്‍ഷത്തെ വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതല്‍. മുന്‍മാസത്തേക്കാള്‍ 25000 കോടി കൂടുതല്‍. 2021-ല്‍ സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് നിയന്ത്രണങ്ങളും കാരണം വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള ആദ്യ ഗഡു പോലും നല്‍കിയില്ല. ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും അതിനാല്‍ ജി.എസ്.ടിയിലുള്ള നഷ്ടം നികത്താന്‍ സംസ്ഥാനങ്ങളെ വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും എ.ജി നിയമോപദേശം നല്‍കുകയായിരുന്നു. 

    മാസം/ തുക/ മാറ്റം
    (കോടിയില്‍)    ( ശതമാനം)

    ജനുവരി/ 1,40,986 / 18
    ഫെബ്രുവരി/  1,33,026/  18
    മാര്‍ച്ച്/  1,42,095/ 15
    ഏപ്രില്‍/ 1,67,540 /  19


ഭാവിയില്‍ സംഭവിക്കാവുന്നത്

ജി.എസ്.ടി. ഘടനയില്‍ ഉടനടി മാറ്റമൊന്നുമുണ്ടാകില്ല. അത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, ഈ കോടതിവിധിയോടെ സംസ്ഥാനങ്ങളുടെ വിലപേശല്‍ ശക്തി കൂടും. കേരളം, തമിഴ്നാട്, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ അധികാരം വേണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ജി.എസ്.ടി. കൗണ്‍സിലിന്റെ തീരുമാനം അന്തിമമാക്കുംവിധമുള്ള ഭരണഘടനാഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കാം. ഇതിനൊപ്പം പുന:പരിശോധനാ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. നിരക്കുകളിലോ നടപടിക്രമങ്ങളിലോ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉടനടി ഉണ്ടായേക്കില്ല. ഏതായാലും സംസ്ഥാനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ കൗണ്‍സിലില്‍ ഉണ്ടാകാതിരിക്കാന്‍ ഈ വിധി കാരണമായേക്കാം. 

246എ, 278എ വകുപ്പുകള്‍

ഭരണഘടനയിലെ 246എ വകുപ്പ്, 279എ വകുപ്പ് എന്നിവ വ്യാഖ്യാനിക്കുകയാണ് കോടതിവിധി. ജി.എസ്.ടിയില്‍ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 246എ വകുപ്പ്. ഇക്കാര്യം വിധിയില്‍ 26-ാം പാരഗ്രാഫില്‍ അടിവരയിട്ട് പറയുന്നു. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ളതും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി.എസ്.ടി കൗണ്‍സില്‍ സംബന്ധിച്ചതാണ് 279എ വകുപ്പ്. സി.ജി.എസ്.ടി ആക്റ്റ്, ഐ.ജി.എസ്.ടി ആക്റ്റ് എന്നിവ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം തുടരുമ്പോള്‍ അതിന്റെ അര്‍ത്ഥം 278എ പ്രകാരം പ്രാഥമിക നിയമനിര്‍മ്മാണം നടത്താനുള്ള നിയമസഭയുടെ അധികാരം ഇല്ലാതാകുന്നുവെന്നില്ലെന്നാണ് കോടതി പറഞ്ഞത്. 

ലോട്ടറിയടിച്ചോ കേരളത്തിന്?

മൂന്നിലൊന്ന് അംഗങ്ങള്‍ക്ക് തുല്യമായ വോട്ടവകാശം കേന്ദ്ര സര്‍ക്കാരിനുള്ളതിനാല്‍ തീരുമാനങ്ങള്‍ സ്വന്തം വഴിക്കു കൊണ്ടുവരാന്‍ കേന്ദ്രത്തിനു കഴിയും. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്ന ഭൂരിഭാഗം തീരുമാനങ്ങളും പൊതുസമ്മതത്തോടെ എടുത്തതാണ്. എന്നാല്‍, ലോട്ടറിക്ക് ചുമത്താനിരുന്ന നികുതിയില്‍ മാത്രം വോട്ടെടുപ്പ് നടന്നു. 2019 ഡിസംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതി ചുമത്തി. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനമായിരുന്നു നികുതി. ഏജന്‍സി വഴി നടത്തുന്ന ലോട്ടറികള്‍ക്ക് 28 ശതമാനവും. ഏജന്‍സി ലോട്ടറികളെ ഒഴിവാക്കാന്‍ ഈ നികുതി നിരക്ക് തുടരണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗണ്‍സില്‍ തള്ളിയിരുന്നു.  

നിസഹകരണ ഫെഡറലിസം

സഹകരണമില്ലാത്ത ഫെഡറലിസത്തെക്കുറിച്ചും വിധി അടിവരയിടുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും വിവിധ തരത്തില്‍ മത്സരിക്കാമെന്നും വിധിയില്‍ പറയുന്നു. ചെറിയ ഉരസലുകളും ചെറിയ മത്സരവും ഉല്പാദനക്ഷമമായ ജനാധിപത്യത്തിന് അഭികാമ്യമാണ് എന്ന് ജസീക്ക ബല്‍മാന്റേയും ഹെതറിനേയും അധികരിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയിലെഴുതുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ഉപയോഗിക്കാം. ഇത്തരം മത്സരരൂപങ്ങളും ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിലാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com