പൗരന്‍മാരുടെ വിമര്‍ശനമേറ്റാല്‍ തകരാന്‍ തക്ക ദുര്‍ബ്ബലമാണോ നമ്മുടെ ജനാധിപത്യവും ഭരണസംവിധാനവും?

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിനെതിരെ പോരാടിയവരെ ഇല്ലാതാക്കാന്‍ ചുമത്തപ്പെട്ട നിയമമായിരുന്നു രാജ്യദ്രോഹ വകുപ്പ്
പൗരന്‍മാരുടെ വിമര്‍ശനമേറ്റാല്‍ തകരാന്‍ തക്ക ദുര്‍ബ്ബലമാണോ നമ്മുടെ ജനാധിപത്യവും ഭരണസംവിധാനവും?

ന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിനെതിരെ പോരാടിയവരെ ഇല്ലാതാക്കാന്‍ ചുമത്തപ്പെട്ട നിയമമായിരുന്നു രാജ്യദ്രോഹ വകുപ്പ്. 150 വര്‍ഷത്തിലധികം പഴക്കമുണ്ട് 124 അ എന്ന വകുപ്പിന്. 1870-ല്‍ ഐ.പി.സിയില്‍ ഉള്‍പ്പെടുത്തിയ ഈ നിയമം ബ്രിട്ടീഷ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഇന്ത്യക്കാരെ നിശ്ശബ്ദരാക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. വൈസ്രോയിയുടെ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് ഈ നിയമം പാസ്സാക്കിയത്. മുഖഭാവം നോക്കി രാജ്യദ്രോഹിയെ തിരിച്ചറിയാം എന്നായിരുന്നു ബില്‍ അവതരിപ്പിച്ച സര്‍ ജയിംസ് സ്റ്റീഫന്‍ എന്ന ഇംഗ്ലീഷുകാരന്‍ അന്ന് നിയമത്തിന്റെ വ്യാപ്തിയെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും പറഞ്ഞത്. 

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആദ്യ ഇന്ത്യന്‍ നേതാവ് ബാലഗംഗാധര തിലകനാണ്. അതിനു ശേഷം 1908-ല്‍ വീണ്ടും ഇതേ വകുപ്പ് അദ്ദേഹത്തിനു മേല്‍ ചുമത്തി. രാജ്യദ്രോഹത്തിന്റെ നിര്‍വ്വചനത്തില്‍ അക്രമം എന്ന വാക്കേയില്ലെന്നും അതുകൊണ്ട് അക്രമവാസനയുള്ള വിമര്‍ശനങ്ങള്‍ മാത്രമേ രാജ്യദ്രോഹമാകൂവെന്നു പറയുന്നത് തെറ്റുമാണെന്നുമാണ് ആ കേസില്‍ വാദം കേട്ട ആര്‍തര്‍ സ്ട്രാച്ചി എന്ന ബ്രിട്ടീഷ് ജഡ്ജി പറഞ്ഞത്. 1922-ല്‍ മഹാത്മഗാന്ധിക്കുമെതിരേയും ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ട്. ആറു വര്‍ഷമാണ് അദ്ദേഹത്തിന് കിട്ടിയ ശിക്ഷ. പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണകൂടം ഒരുക്കിയ വകുപ്പുകളില്‍ രാജാവാണ് ഈ വകുപ്പെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.  സ്വാതന്ത്ര്യ സമരകാലത്ത് ഒട്ടേറെ നേതാക്കളെ ഈ കുറ്റം ഉപയോഗിച്ച് തടങ്കലിലാക്കി. ബാല്‍ ഗംഗാധര തിലക്, ആനി ബസന്റ്, ഷൗക്കത്ത്, മൊഹമ്മദ് അലി മൗലാനാ ആസാദ് എന്നിവരെയൊക്കെ അറസ്റ്റ് ചെയ്തു.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ജീവപര്യന്തം ശിക്ഷ കിട്ടുന്ന നിയമം ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക് ആയപ്പോള്‍ റദ്ദാക്കേണ്ടതായിരുന്നു.  ജനാധികാരം നിലനില്‍ക്കുമ്പോള്‍ അത്തരമൊരു നിയമത്തിനു നിലനില്‍പ്പില്ല. എന്നാല്‍, അതുണ്ടായില്ല. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വിഘാതമായിരുന്ന ആ നിയമം ഉപേക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറായില്ല. പൗരന്റെ മൗലികാവകാശ ലംഘനത്തിന്, അടിച്ചമര്‍ത്തലിന് ഒരായുധം മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് എല്ലാക്കാലത്തും വേണമായിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് രാജ്യദ്രോഹം സംബന്ധിച്ച് വകുപ്പിന് തല്‍ക്കാലം പ്രാബല്യമില്ലെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി വരുന്നത്. അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ പുനഃപരിശോധനയിലാകുമെങ്കിലും ഈ വകുപ്പു പ്രകാരം പുതുതായി കേസെടുക്കാനോ നിലവിലുള്ള കേസുകളില്‍ നടപടി തുടരാനോ കഴിയില്ല. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ നിയമം ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നു കരുതുന്നതായും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതെത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഐ.ടി. ആക്റ്റിന്റെ 66-ാം വകുപ്പ് കോടതി എടുത്തുകളഞ്ഞിട്ടും അതേ വകുപ്പ് അനുസരിച്ച് കേസുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തിരുന്നു. 2021 ജൂലൈയില്‍ സുപ്രീംകോടതി ഈ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

ജസ്റ്റിസ് എൻവി രമണ
ജസ്റ്റിസ് എൻവി രമണ

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെങ്കില്‍പ്പോലും ചില പ്രശ്നങ്ങള്‍ ബാക്കിനില്‍ക്കുന്നു.  യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹക്കുറ്റം ഇല്ലാതാകുന്നതോടെ തീരുന്നതല്ല, രാജ്യത്തെ അമിതാധികാര പ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. 124 അയ്ക്ക് പകരം അതിനേക്കാള്‍ അപകടകരമായ യു.എ.പി.എ, എന്‍.എസ്.എ, പബ്ലിക് സേഫ്റ്റി ആക്റ്റ് എന്നിവയുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നിയമങ്ങളും രാജ്യദ്രോഹനിയമവും നല്‍കുന്ന നിര്‍വ്വചനങ്ങള്‍ സമാനവുമാണ്.  വിചാരണകൂടാതെ, ജാമ്യം നിഷേധിച്ച് എത്രകാലം വേണമെങ്കിലും തടവിലിടാന്‍ സാധിക്കുന്ന ഇത്തരം നിയമങ്ങളുള്ളപ്പോള്‍ പഴയ രാജ്യദ്രോഹനിയമം ഇല്ലാതാകുന്നത് വലിയ മാറ്റമല്ല. 

സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും രാഷ്ട്രീയപ്രവര്‍ത്തകരേയും രാഷ്ട്രീയപ്രവര്‍ത്തനത്തേയും ക്രിമിനല്‍വല്‍ക്കരിക്കാനാണ് ഈ നിയമം ഉപയോഗിച്ചിട്ടുള്ളത്. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ വന്നതിനു ശേഷം രാജ്യദ്രോഹക്കുറ്റത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായി. യു.എ.പി.എയ്ക്ക്  ഒപ്പം 12 അയും കൂടി ചുമത്തുന്നുവെന്നേയുള്ളൂ. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരിലോ ആശയങ്ങളുടെ പേരിലോ തടവിലാക്കപ്പെടുമ്പോഴും  രാഷ്ട്രീയ തടവുകാരന്‍ എന്നൊരു പദവി  അംഗീകരിക്കാന്‍ ഭരണകൂടം ഇന്നും തയ്യാറല്ല.  സ്വാഭാവികമായും രാജ്യദ്രോഹക്കുറ്റ വകുപ്പിനു സമാനമായ മറ്റൊരു നിയമമുണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതില്‍ പ്രത്യേകിച്ച് കാര്യവുമില്ല. യു.എ.പി.എ അടക്കമുള്ള മനുഷ്യദ്രോഹപരമായ നിയമങ്ങള്‍ ഇല്ലാതാകുന്നതിലേക്ക് ഇത് വഴിതെളിക്കുമെന്നതാണ് ഈ വിധി നല്‍കുന്ന ഏക പ്രത്യാശ. 

പലതവണയായി പല കോടതികളും ഇത്തരം നിയമങ്ങള്‍ ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിനായക് സെന്‍ കേസില്‍ സുപ്രീംകോടതിയും ശ്യാം ബാലകൃഷ്ണന്‍ കേസില്‍ കേരള ഹൈക്കോടതിയും മാവോയിസം കുറ്റമല്ലെന്നു വ്യക്തമാക്കി. എന്നാല്‍, ഈ വിധി മാനിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. പോസ്റ്ററുകള്‍ ഒട്ടിച്ചതിനും മുദ്രാവാക്യം വിളിച്ചതിനുമൊക്കെ  യു.എ.പി.എ കേസുകള്‍ ഇന്നും നിര്‍ബാധം ചുമത്തുന്നു. ഭരണവര്‍ഗ്ഗ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരുമാണ്. 

തോമസ് മെക്കാളെ
തോമസ് മെക്കാളെ

ആദ്യം നാടുകടത്തല്‍ ഇപ്പോള്‍ ജീവപര്യന്തം

ഐ.പി.സി തയ്യാറാക്കിയ തോമസ് മക്കാളെ രാജ്യദ്രോഹ നിയമം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 1860-ല്‍ നിലവില്‍ വന്ന കോഡില്‍ അത് ചേര്‍ത്തിരുന്നില്ല. അബദ്ധത്തില്‍ വിട്ടുപോയതാണെന്നു നിയമവിദഗ്ദ്ധരുടെ അനുമാനം. ഏതായാലും 1890-ല്‍ പ്രത്യേക നിയമം 17 മുഖേന ഐ.പി.സി 124അവകുപ്പ് പ്രകാരം രാജ്യദ്രോഹം കുറ്റമാക്കി.  ആദ്യം ആജീവനാന്ത നാടുകടത്തല്‍ ആയിരുന്നു ശിക്ഷ.  1955-ല്‍ അത് ജീവപര്യന്തമാക്കി. ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും അപവാദമാണ് ഈ വകുപ്പ് എന്നത് ഭരണഘടനാ നിര്‍മ്മാണസഭയില്‍ ചര്‍ച്ചയായി. എന്നാല്‍, നിരവധി അംഗങ്ങള്‍ ശക്തമായ വിയോജിപ്പ് അറിയിച്ചു. ഇതോടെ അപവാദം എന്ന വാക്ക് രേഖയില്‍പ്പോലും ഉള്‍പ്പെടുത്തിയില്ല. 

1950-ല്‍ റൊമേഷ് ഥാപ്പറും മദ്രാസ് സംസ്ഥാനവും തമ്മിലുള്ള കേസില്‍  സര്‍ക്കാരിനെ വിമര്‍ശിക്കുകയോ സര്‍ക്കാരിന് അപ്രീതിയോ ഉണ്ടാക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പത്രങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ പാടില്ല എന്നായിരുന്നു വിധി. പക്ഷേ, ഭരണകൂടത്തിന്റെ സുരക്ഷയെ ദുര്‍ബ്ബലപ്പെടുത്തുന്നതോ അട്ടിമറിക്കാനുള്ള പ്രവണതയോ ഉള്ളതല്ലെങ്കില്‍ എന്നുകൂടി ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.  രണ്ട് ഹൈക്കോടതികള്‍, പഞ്ചാബ്-ഹരിയാന, അലഹബാദ് എന്നിവ യഥാക്രമം 1951-ലും 1959-ലും ഈ വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. കേദാര്‍നാഥ് സിങ്ങും ബീഹാര്‍ സര്‍ക്കാരും തമ്മിലുള്ള കേസ് വരുന്നതിനു മുന്‍പ് തന്നെ ഈ വിഷയം വിവാദമായിരുന്നുവെന്നര്‍ത്ഥം. ബൂര്‍ഷ്വാസിയുടെ ഭരണം അവസാനിക്കണമെങ്കില്‍ വിപ്ലവം അനിവാര്യമാണെന്നു പ്രസംഗിച്ചതിനാണ് കേദാര്‍നാഥ് എന്ന ബിഹാറി കമ്യൂണിസ്റ്റുകാരനെതിരെ രാജ്യദ്രോഹത്തിനു കേസെടുക്കാന്‍ കാരണം. ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരുടെ സായുധവിപ്ലവം സംഭവിക്കാന്‍ പോകുന്നുവെന്ന ഭീതിയിലാണ് അന്ന് ഈ വകുപ്പ് ചുമത്തിയത്.  അതായത് 1962-നു മുന്‍പേ വിഷയം പ്രസക്തമായിരുന്നു. 1962-ല്‍ രാജ്യദ്രോഹ നിയമം നിയമപരമാണെന്നായിരുന്നു കേദാര്‍നാഥ് സിംഗ് കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി. 

പിന്നീടുള്ള ആറര പതിറ്റാണ്ട് കാലവും ഈ കൊളോണിയല്‍ നിയമം പ്രയോഗിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. നമ്മുടെ ജനാധിപത്യത്തെക്കുറിച്ചു പോലും നമുക്ക് സന്ദേഹങ്ങള്‍ മാത്രം നല്‍കി അവര്‍ മാറിമാറി ഭരിച്ചു. 2014 നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.  ആഭ്യന്തരമന്ത്രാലയത്തിന്റേയും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേയും കണക്ക് അനുസരിച്ച് (2019,2020) 2014നു ശേഷം രാജ്യദ്രോഹ കേസുകളില്‍ തുടര്‍ച്ചയായ വര്‍ദ്ധന കാണുന്നു. 2010-നു ശേഷം 10,938 ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേയാണ് ഈ കുറ്റം ചുമത്തിയത്. ഇതില്‍ 65 ശതമാനം മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-നു ശേഷം ചുമത്തപ്പെട്ടതാണ്. 

ഈ വകുപ്പ് കാലഹരണപ്പെട്ടില്ലേ എന്ന് കഴിഞ്ഞ വര്‍ഷം തന്നെ സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചിരുന്നു. ഇതേ അഭിപ്രായമാണ് പല വിദഗ്ദ്ധരും ഉന്നയിച്ചിരുന്നത്. നിയമകാര്യങ്ങളില്‍ വിദഗ്ദ്ധനും എഴുത്തുകാരനുമായ ഗൗതം ഭാട്ടിയയുടെ അഭിപ്രായം കേദാര്‍ നാഥ് സിങ് കേസ് വിധി കാലഹരണപ്പെട്ടതാണെന്നാണ്. പാലിക്കപ്പെടാന്‍ ബാധ്യസ്ഥമായ ചട്ടവും കോടതിവിധിയും അവഗണിച്ചുകൊണ്ട് പെര്‍ ഇന്‍ക്യൂറിയം ഗണത്തില്‍ ഈ വകുപ്പ് പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം കൂടുതല്‍ വിശദീകരിക്കുന്നുമുണ്ട്.

ബാല​ഗം​ഗാധര തിലക്
ബാല​ഗം​ഗാധര തിലക്

കൊളോണിയല്‍ നിയമം പറയുന്നത് അതൃപ്തിയും അനാദരവും ഉളവാക്കുന്ന രാജ്യദ്രോഹപരങ്ങളായ വാക്കുകള്‍ക്ക് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവണത ഉണ്ടാവണം. കൊളോണിയല്‍ കാലഘട്ടത്തില്‍നിന്നും കടമെടുത്ത പ്രവണത എന്ന വാക്കിന്റെ പിന്‍ബലത്തിലാണ് രാജ്യദ്രോഹ നിയമം അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടനയുടെ 19(2) വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളുമായി ഒത്തുപോകുന്നതെന്ന് 1962-ല്‍ സുപ്രീംകോടതി വിധിച്ചത്. എന്നാല്‍, അതിനും രണ്ട് വര്‍ഷം മുന്‍പ് മറിച്ചൊരു വിധിയുണ്ടെന്നും അത് കേദാര്‍നാഥ് സിങ് ബെഞ്ച് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  രാജ്യദ്രോഹത്തിന്റെ വ്യാഖ്യാനം അധികാര താല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാവില്ലെന്ന ധൈര്യപൂര്‍വ്വമുള്ള നടപടിയാണ് ഇത്തവണയുണ്ടായത്. 

എന്താണ് സര്‍ക്കാര്‍  സമീപനം?

രാജ്യദ്രോഹം എന്നത് തെറ്റായ പ്രയോഗമാണെന്നും ആ വകുപ്പിനെ വേണമെങ്കില്‍ സര്‍ക്കാര്‍ ദ്രോഹമെന്ന് വിളിക്കാമെന്നാണ് പി.ഡി.ടി ആചാരി മുന്‍പ് പറഞ്ഞത്. കാലഹരണപ്പെട്ട നിയമങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ച രണ്ടംഗ സമിതി 1,824 നിയമങ്ങളാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2014 മുതല്‍ കഴിഞ്ഞ മാസം വരെ 1,486 എണ്ണം ഒഴിവാക്കിയെന്ന് നിയമമന്ത്രാലയം പറയുന്നു. എന്നാല്‍, രാജ്യദ്രോഹ നിയമം ഇതില്‍  പരിഗണിക്കപ്പെട്ടിരുന്നില്ല. 

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ 124 എ ഒഴിവാക്കേണ്ടതില്ലെന്ന മുന്‍നിലപാട് മാറ്റി പുനഃപരിശോധനയ്ക്ക് തയ്യാറാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി തലത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അറിയിക്കുമ്പോഴാണ് കോടതിവിധിയുണ്ടായത്. വിശാലബെഞ്ചിന് വിടുന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന 'വലിയ തിരിച്ചടി'. എന്നാല്‍, 124അയുടെ പ്രയോഗം മരവിപ്പിക്കുകയാണുണ്ടായത്. 

പുതിയ കേസുകളില്‍ കേന്ദ്രം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാം, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയോടെ മാത്രമാകും പുതിയ കേസുകളെടുക്കുക, കേസുകള്‍ കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കും എന്നീ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു. കോടതിയായാലും സര്‍ക്കാരായാലും ശിക്ഷാ വകുപ്പ് മരവിപ്പിക്കുന്നത് ഉചിതമാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അടക്കം പലതും കേന്ദ്രസര്‍ക്കാരിന്റെ അജണ്ടകള്‍ പലതുമുണ്ടായിരുന്നു. കൂടുതല്‍ പ്രതികൂല പരാമര്‍ശങ്ങളുണ്ടാകാതെ വിഷയം വരുതിയില്‍ നിര്‍ത്താനായിരുന്നു സര്‍ക്കാരിനു താല്പര്യം. കോളനിവാഴ്ചക്കാലത്തെ വിഴുപ്പ് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ വാദവും കോടതി ചൂണ്ടിക്കാട്ടിയതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി.

പൗരന്‍മാരുടെ വിമര്‍ശനമേറ്റാല്‍ തകരാന്‍ തക്ക ദുര്‍ബ്ബലമാണോ നമ്മുടെ ജനാധിപത്യവും ഭരണസംവിധാനവും എന്ന ചോദ്യം യുക്തിഭദ്രമാണെന്ന് ഏതായാലും ഇപ്പോള്‍ ബോധ്യപ്പെടുന്നു. ബ്രിട്ടണില്‍ പോലും പിന്‍വലിച്ച നിയമം നമ്മുടെ രാജ്യം സ്വതന്ത്രമായി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും തുടര്‍ന്നതിലെ ജാള്യത പോലും ഭരണകര്‍ത്താക്കള്‍ക്കുണ്ടായിരുന്നില്ലെന്നതാണ് ഭയപ്പെടുത്തുന്നത്.

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

ചരിത്രത്തില്‍ ആദ്യം

രാജ്യദ്രോഹക്കുറ്റം ആദ്യമായി 1891 ല്‍ ജോഗിന്ദ്രബോസിനെതിരെ. ശൈശവവിവാഹം തടയാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിയമമായിരുന്നു ഇത്. ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏജ് ഓഫ് കണ്‍സന്റ് നിയമത്തിനെതിരെ ജോഗിന്ദ്ര ലേഖനമെഴുതിയിരുന്നു. ഈ വിമര്‍ശനത്തെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായി കണ്ടായിരുന്നു നടപടി. എന്നാല്‍, പിന്നീട് കേസ് ഒഴിവാക്കി ജോഗിന്ദ്രക്ക് ജാമ്യം നല്‍കി. 

എന്താണ് കുറ്റം?

പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളാലോ ആംഗ്യത്താലോ പ്രകടമായ രീതിയിലോ മറ്റേതെങ്കിലും വഴിയാലോ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പോ നിന്ദയോ ജനിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ അല്ലെങ്കില്‍ അപ്രീതിയുണ്ടാക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും ജീവപര്യന്തം തടവും പിഴയും അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും അല്ലെങ്കില്‍ പിഴ ശിക്ഷ വിധിക്കാം

മഹാത്മാ​ഗാന്ധി
മഹാത്മാ​ഗാന്ധി

വിമര്‍ശകര്‍ രാജ്യദ്രോഹികളാകുമ്പോള്‍

2010നു ശേഷം ലഭ്യമായ വിവരം അനുസരിച്ച് 21 കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയത്. 40 പേരെ പ്രതികളാക്കി. 30 കേസുകളിലായി 55 തൊഴിലാളികള്‍ക്കെതിരേ കുറ്റം ചുമത്തി. 66 കേസുകളിലായി 117 രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കുറ്റം ചുമത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 144 പേരെ 69 കേസുകളായി കുടുക്കി. ആക്റ്റിവിസ്റ്റുകള്‍ക്കെതിരേ 99 കേസ് ചുമത്തി. 492 പേരെയാണ് പ്രതികളാക്കിയത്. സ്വതന്ത്ര്യസമരകാലത്ത് മുന്‍നിരയിലുണ്ടായിരുന്നവരെ പ്രതിരോധിക്കാന്‍ ഉപയോഗിക്കപ്പെട്ട നിയമം വര്‍ത്തമാനകാലത്ത് ഉപയോഗിക്കപ്പെട്ടത് പ്രതിരോധ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ്. 

കര്‍ഷകവിരുദ്ധ സമരങ്ങള്‍ക്കിടെ, ഹരിയാനയില്‍ നൂറോളം കര്‍ഷകര്‍ക്കെതിരെ 124എ ചുമത്തപ്പെട്ടു. ഹരിയാനയിലെ ഡപ്യൂട്ടി സ്പീക്കര്‍ രണ്‍വീര്‍ ഗാങ്വയുടെ വാഹനം കേടുവരുത്തിയെന്നതായിരുന്നു ഒരുകുറ്റം. കര്‍ഷക സമരവും ചെങ്കോട്ടയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി മുതല്‍ ആള്‍ക്കൂട്ടക്കൊല തടയണമെന്നു പ്രധാനമന്ത്രിക്കു കത്തെഴുതിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ ഈ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ടു. ദളിത് പീഡനം നടന്ന ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയ്, ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍, കശ്മീരിലെ സൈനിക നടപടികളെ വിമര്‍ശിച്ച വിദ്യാര്‍ഥി നേതാവ് ഷെഹ്ലാ റാഷിദ്, പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരന്‍ ഹിരേന്‍ ഗൊഹൈന്‍, കിസാന്‍ മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയ്, മാധ്യമപ്രവര്‍ത്തകന്‍ മഞ്ജിത് മഹന്ത, ജെഎന്‍യു പ്രക്ഷോഭങ്ങള്‍ക്കിടെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ എന്നിങ്ങനെ സമീപകാലത്ത് ഈ കുറ്റം ചുമത്തപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. ഈ കേസുകളുടെയെല്ലാം പൊതുസ്വഭാവം സര്‍ക്കാര്‍ വിമര്‍ശനമായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com