'സര്‍, എന്തു ധൈര്യത്തിലാണ് മാര്‍ക്‌സിസ്റ്റുകാരുടെ പുലിമടയിലേയ്ക്ക് പോകുന്നത്?'

കോളേജ് അദ്ധ്യാപക സംഘടനയുടെ സഖാക്കളായ നേതാക്കള്‍ പുതിയ പ്രിന്‍സിപ്പലുമായി സംസാരിച്ചപ്പോള്‍ തങ്ങളുടെ 'നയം' വ്യക്തമാക്കി
'സര്‍, എന്തു ധൈര്യത്തിലാണ് മാര്‍ക്‌സിസ്റ്റുകാരുടെ പുലിമടയിലേയ്ക്ക് പോകുന്നത്?'

''സര്‍, ഈ കസേരയില്‍ ഇരുന്നാല്‍ മാത്രം മതി. കോളേജിന്റെ കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ നോക്കാം. ആശങ്ക വേണ്ട. എല്ലാം സുഗമമായി മുന്നോട്ടു പോകും.''

കോളേജ് അദ്ധ്യാപക സംഘടനയുടെ സഖാക്കളായ നേതാക്കള്‍ പുതിയ പ്രിന്‍സിപ്പലുമായി സംസാരിച്ചപ്പോള്‍ തങ്ങളുടെ 'നയം' വ്യക്തമാക്കി. മുന്നറിയിപ്പ് കിട്ടിയിരുന്നതിനാല്‍ പ്രിന്‍സിപ്പല്‍ അതു പ്രതീക്ഷിച്ചിരുന്നു.

സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും പഠിച്ച കൊല്‍ക്കൊത്തയിലെ പ്രശസ്തമായ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ (Scottish Church College) പ്രിന്‍സിപ്പലായി പ്രൊഫ. ജോണ്‍ അബ്രഹാം ചുമതലയേറ്റിരുന്നു. കോളേജിലെ ആദ്യത്തെ മലയാളി-ദക്ഷിണേന്ത്യന്‍ പ്രിന്‍സിപ്പല്‍.

1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കൊത്തയായിരുന്നു. പിന്നീട് ആ പദവി ഡല്‍ഹിക്കു ലഭിച്ചു. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുനിന്നും ഇന്ത്യയില്‍ വേരൂന്നുകയും ചെയ്ത വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച മഹാനഗരമാണ് കൊല്‍ക്കൊത്ത. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു ദക്ഷിണേന്ത്യക്കാര്‍ ഈ നഗരത്തിന്റെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുട്ടും കടലയും ദോശയും സാമ്പാറും ചമന്തിയും ഇടിയപ്പവും നെയ്യപ്പവും ബംഗാളിക്ക് രുചിക്കൂട്ട് പകര്‍ന്നു.

മഹാകവി കുമാരനാശാന്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിക്കാന്‍ കൊല്‍ക്കൊത്തയില്‍ താമസിച്ചിട്ടുണ്ട്. ബഷീറും നഗരത്തില്‍ കുറച്ചുകാലം താമസിച്ചു. മാധവിക്കുട്ടിയുടെ ബാല്യം അവിടെയായിരുന്നു. അമ്മ ബാലാമണിയമ്മയും അച്ഛന്‍ വി.എം. നായരും നഗരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊണ്ടു. കഥകളിയിലും വള്ളത്തോളിന്റെ ദര്‍ശനത്തിലും രബീന്ദ്രനാഥ ടാഗോര്‍ ആകൃഷ്ടനായി. ശ്രീനാരായണഗുരുവുമായി ശിവഗിരിയില്‍ വെച്ച് ടാഗോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗീതാഞ്ജലിയുടെ സ്രഷ്ടാവായ ടാഗോറിന്റെ ജന്മനാട് കൂടിയാണ് ഈ നഗരം. ബംഗാളിന്റെ ആത്മചൈതന്യമായ 'ഗീതാഞ്ജലി' ഒരിക്കല്‍ക്കൂടി വായിച്ച ശേഷമാണ് പ്രൊഫ. ജോണ്‍ അബ്രഹാം കൊല്‍ക്കൊത്തയിലേക്ക് തിരിച്ചത്.

അലക്സാണ്ടർ ഡഫ്.
സ്കോട്ടിഷ് ചർച്ച് കോളജിന്റെ സ്ഥാപകൻ

എയര്‍പ്പോര്‍ട്ടില്‍നിന്ന് കോളേജിലേക്കുള്ള യാത്രയില്‍ തിരക്കേറിയ തെരുവുകള്‍ പിന്നിട്ടു. കണ്ട് പരിചയമുള്ള തെരുവുകള്‍പോലെ. അല്പം വിസ്മയത്തോടെ നോക്കി. സത്യജിത് റായിയുടെ ചിത്രങ്ങളിലെ രംഗങ്ങള്‍ മനസ്സില്‍ ചെറുപ്പത്തില്‍ത്തന്നെ മുദ്രണം ചെയ്യപ്പെട്ടിരുന്നു. കാഴ്ചകള്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ മനസ്സ് വികാരതീവ്രമായി. താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യനികേതനവും', ബിമല്‍ മിത്ര, വിഭൂതിഭൂഷണ്‍, ബന്ദോപാധ്യായ, ജരാസന്ധന്‍, സുനില്‍ ഗംഗോപാധ്യായ, വനഫൂല്‍ എന്നിവരുടെ രചനകളും മനസ്സിനെ സ്വാധീനിച്ചിരുന്നു. 'ആരോഗ്യനികേതനം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ നിലീന അബ്രഹാം ബംഗാളിയും മഹാരാജാസ് കോളേജിലെ ബംഗാളി ലക്ചററുമായിരുന്നു.

സ്വാമി വിവേകാനന്ദന്റേയും നേതാജിയുടേയും മുഖം മനസ്സില്‍ തെളിഞ്ഞുവരുന്നതായി പ്രൊഫ. ജോണ്‍ അബ്രഹാമിനു തോന്നി. സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഇരുവരും ഫിലോസഫിയാണ് പഠിച്ചത്. നരേന്ദ്രനാഥ് ദത്തയാണ് പിന്നീട് സ്വാമി വിവേകാനന്ദനായത്. 1893-ല്‍ 30-ാം വയസ്സില്‍ ഷിക്കാഗോയിലെ ലോക മത സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത ഉജ്ജ്വലമായ പ്രഭാഷണം ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്നു. മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിനെ ഉള്‍പ്പെടുത്തി നേതാജി ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ചാണ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ ധീരമായി പോരാടിയത്. നേതാജിയുടെ വ്യക്തിത്വം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.

കോളേജില്‍ എത്താന്‍ പ്രൊഫ. ജോണ്‍ അബ്രഹാം വെമ്പല്‍കൊള്ളുകയായിരുന്നു. പൈതൃക കെട്ടിടമാണ് കോളേജിന്റേതെന്ന് കൊല്‍ക്കൊത്തയിലെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഏഷ്യയില്‍ത്തന്നെ പഴക്കം ചെന്ന കോളേജുകളില്‍ ഒന്നാണിത്. 1830-ല്‍ സ്‌കോട്ട്ലന്റില്‍നിന്ന് അതീവ സാഹസികമായിട്ടാണ് പ്രൊട്ടസ്റ്റന്റ് സുവിശേഷ പ്രവര്‍ത്തകനായ അലക്‌സാണ്ടര്‍ ഡഫ് ഇന്ത്യയില്‍ എത്തിയത്. അന്ന് വയസ്സ് 24. അഞ്ച് ബംഗാളി കുട്ടികളെ ചേര്‍ത്ത് അദ്ദേഹം കൊല്‍ക്കൊത്ത നഗരത്തില്‍ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അതു കോളേജായി വളര്‍ന്നു. ഇന്ന് 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയാണ് ഇപ്പോള്‍ കോളേജ് നടത്തുന്നത്.

ആലുവ യു.സി കോളേജില്‍ കാല്‍നൂറ്റാണ്ട് കാലം ഫിസിക്‌സ് പ്രൊഫസറായി സേവനം അനുഷ്ഠിച്ച ശേഷമാണ് പ്രൊഫ. ജോണ്‍ അബ്രഹാം കൊല്‍ക്കൊത്തയില്‍ എത്തിയത്.
അപരിചിത നഗരമാണെങ്കിലും പ്രിന്‍സിപ്പല്‍ ജോലി സ്വീകരിച്ചു. ''ഒരു മാറ്റം ആഗ്രഹിച്ചു. അതാണ് പ്രധാന കാരണം. മാത്രമല്ല, മലയാളികളും ദക്ഷിണേന്ത്യക്കാരും നഗരത്തില്‍ നിരവധി ഉള്ളതും ആകര്‍ഷകമായിരുന്നു'' - അദ്ദേഹം പറഞ്ഞു.

കൊല്‍ക്കൊത്തയിലെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: അതൊരു ഘീം ജൃീളശഹല കോളേജ് ആണ്. വിശ്വപൗരന്മാരായ സ്വാമി വിവേകാനന്ദനും നേതാജിയും അവിടെ പഠിച്ചതുകൊണ്ട് കോളേജിന് ആഗോള പ്രശസ്തി കിട്ടി.''

ബം​ഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ കോളജ് സന്ദർശിച്ചപ്പോൾ പ്രൊഫസർ ജോൺ അബ്രഹാമിനെ അനുമോദിക്കുന്നു
ബം​ഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ കോളജ് സന്ദർശിച്ചപ്പോൾ പ്രൊഫസർ ജോൺ അബ്രഹാമിനെ അനുമോദിക്കുന്നു

''വലിയ നിലവാരമൊന്നും ഇന്ന് കോളേജിനില്ല. ഒരു സാധാരണ കോളേജ്. സെന്റ് സേവ്യേഴ്‌സ് കോളേജും പ്രസിഡന്‍സിയുമാണ് വളരെ ഉന്നത നിലവാരമുള്ള കോളേജുകള്‍.'' വെറും ഒരു സാധാരണ കോളേജിനെ പതിനൊന്ന് വര്‍ഷം കൊണ്ട് പ്രിന്‍സിപ്പല്‍ ജോണ്‍ അബ്രഹാം ഉന്നത പദവിയിലേക്ക് ഉയര്‍ത്തി. യു.ജി.സിയുടെ നിലവാരത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റി. കോളേജിനു പുതിയ പടവുകള്‍ സൃഷ്ടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചവരില്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ പ്രഗത്ഭരുടെ ഒരു വലിയ നിരതന്നെ രൂപംകൊണ്ടു. കോളേജ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. കോളേജിന്റെ അക്കാദമിക് ചരിത്രം ഒരു നിശ്ശബ്ദ വിപ്ലവത്തിലൂടെ പ്രിന്‍സിപ്പല്‍ തിരുത്തിക്കുറിച്ചു. അതുവരെ അവഗണിക്കപ്പെട്ട് കിടന്നിരുന്ന കോളേജിന്റെ തിരുമുറ്റത്ത് ബംഗാളിലെ മുഖ്യമന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും നിരന്നു. ആവേശത്തോടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മൃണാള്‍സെന്നും മിഥുന്‍ ചക്രവര്‍ത്തിയും എത്തിയത്. അത് അന്തരീക്ഷത്തിനു മാറ്റുകൂട്ടി. കോളേജ് ഫണ്ടിലേക്ക് മൃണാള്‍സെന്‍ ലക്ഷങ്ങളുടെ സംഭാവന നല്‍കി. എം.പിമാരും മറ്റു ജനപ്രതിനിധികളും തങ്ങളുടെ വികസന ഫണ്ടില്‍നിന്നും തുക കൈമാറിയതും പത്രങ്ങളിലെ തലക്കെട്ടുകളായി. കോളേജിനുള്ളിലും പുറത്തും പ്രിന്‍സിപ്പല്‍ വലിയൊരു സുഹൃദ്വലയം സൃഷ്ടിച്ചതിന് അത്യപൂര്‍വ്വ മാനം ലഭിച്ചു.

''ആദ്യകാലത്ത് ഔദ്യോഗിക ജോലിയും ക്ലേശകരമായിരുന്നു, കോളേജ് അദ്ധ്യാപക സംഘടന നേതാക്കള്‍ മാര്‍ക്‌സിസ്റ്റ് സഖാക്കളായിരുന്നു. എന്റെ അച്ചടക്കത്തിന്റെ രസതന്ത്രം അവര്‍ക്ക് രുചിച്ചില്ല. അവര്‍ നേര്‍വഴിക്കു പോകാത്തവരായിരുന്നു. കോളേജ് നടത്തിപ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടു. കോളേജ് പ്രവേശനം സുതാര്യമാക്കണമെന്നും മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്നുമുള്ള പ്രിന്‍സിപ്പലിന്റെ നിലപാടിനെ അവര്‍ എതിര്‍ത്തു. പക്ഷേ, ഒടുവില്‍ സഖാക്കള്‍ക്കു പിന്തിരിയേണ്ടിവന്നു'', തന്റെ അവസ്ഥകള്‍ വിവരിച്ചുകൊണ്ട് പ്രൊഫ. ജോണ്‍ അബ്രഹാം പറഞ്ഞു. കൊല്‍ക്കൊത്തയിലെ പ്രശസ്തമായ ഇന്ത്യന്‍ മ്യൂസിക്ക് ഡയറക്ടറായിരുന്ന മലയാളി ഡോ. ബി. വേണുഗോപാലാണ് ഈ ലേഖകനെ പ്രൊഫ. ജോണ്‍ അബ്രാഹാമിനു പരിചയപ്പെടുത്തിയത്.

''പതിനൊന്ന് വര്‍ഷങ്ങള്‍ മിന്നല്‍പോലെ കടന്നുപോയി. തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാം. സമൂഹത്തിലെ ഒരു കൂട്ടായ്മയുടെ വിജയമാണ്. എന്നോടൊപ്പം കൈകോര്‍ത്തു നിന്ന നിരവധി പ്രശസ്തരാണ് വിജയത്തിന്റെ പശ്ചാത്തലം ഒരുക്കിയ രാജശില്‍പ്പികള്‍'', പ്രൊഫ. ജോണ്‍ അബ്രഹാം പറഞ്ഞു.

ആലുവ യു.സി കോളേജില്‍നിന്ന് സ്വയം വിരമിക്കാന്‍ തീരുമാനിച്ച ശേഷമാണ് കൊല്‍ക്കൊത്തയിലെ ജോലിക്ക് അപേക്ഷിച്ചത്. മറുപടി കിട്ടാതെ വന്നപ്പോള്‍ അതു നഷ്ടപ്പെട്ടു എന്നു കരുതി. അപ്പോഴാണ് കൊല്‍ക്കൊത്തയില്‍നിന്ന് ഫോണ്‍ വിളി എത്തിയത്.

കോളേജിന്റെ ഭരണസമിതി ചെയര്‍മാന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ബിഷപ്പാണ്. അദ്ദേഹം ചോദിച്ചു: ''ഇന്റര്‍വ്യൂവിനു വരാമോ?'' സമ്മതം നല്‍കി. അങ്ങനെ ആദ്യ കൊല്‍ക്കൊത്ത യാത്ര. അന്ന് കോളേജ് കാണാന്‍ പോയില്ല. തിരിച്ച് എത്തിയപ്പോള്‍ നിയമന ഉത്തരവ് കിട്ടി. വീണ്ടും കൊല്‍ക്കൊത്തയിലേക്ക് കുതിച്ചു.

യു.സി കോളേജിലെ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു. ചിലര്‍ ആകാംക്ഷയോടെ ചോദിച്ചു: ''സര്‍, എന്തു ധൈര്യത്തിലാണ് മാര്‍ക്‌സിസ്റ്റുകാരുടെ പുലിമടയിലേയ്ക്ക് പോകുന്നത്? അവിടെ കോളേജ് അദ്ധ്യാപക സംഘടനാ നേതാക്കള്‍ പല പ്രിന്‍സിപ്പല്‍മാരേയും വരച്ചവരയില്‍ നിര്‍ത്തും. തങ്ങളുടെ തന്നിഷ്ടത്തിനൊത്ത് നീങ്ങാത്തവരെ എതിര്‍ത്തു തോല്‍പ്പിക്കും. അവര്‍ക്കെല്ലാം രാഷ്ട്രീയ താല്പര്യങ്ങള്‍ ഉണ്ട്. ഭരണകക്ഷിയുടെ പൂര്‍ണ്ണ പിന്തുണ. അതിനാല്‍ പല അതിക്രമങ്ങളും അവര്‍ കാണിക്കും.''

സര്‍, അതിനാല്‍ ഒന്നുകൂടി ആലോചിക്കണം. അന്യനാട്ടില്‍ പോയി എന്തിന് ചക്രശ്വാസം വലിക്കണം? ഇവിടെ സാറിന് എന്താണ് കുറവ്? സര്‍, ആരാധ്യനായ ഫിസിക്‌സ് അദ്ധ്യാപകന്‍. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഇംപീരിയല്‍ കോളേജില്‍നിന്നാണ് താങ്കള്‍ക്ക് ഫിസിക്‌സില്‍ ഡോക്ടറേറ്റ്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം. മാത്രമല്ല, യു.സി കോളേജില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കി താങ്കള്‍ ചരിത്രം സൃഷ്ടിച്ചതാണ്. തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മഹത്തായ കണ്ണിയാണ് സര്‍. അതിനാല്‍ ഒരു സെക്കന്റ് തോട്ട് ആയിക്കൂടേ?''

അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞു: ''പോകാന്‍ തീരുമാനിച്ചു. ഇവിടെ 55 വയസ്സില്‍ വിരമിക്കണം. കൊല്‍ക്കൊത്തയില്‍ 60 വയസ്സ് വരെ സര്‍വ്വീസുണ്ട്. ഒരു മാറ്റം നല്ലതാണ്.''

''ഇനി അന്തരീക്ഷം പറ്റില്ലെങ്കില്‍ തിരിച്ചുവരാമല്ലോ. ഇവിടെ താമസിക്കാം. അല്ലെങ്കില്‍ ജന്മനാടായ പത്തനംതിട്ടയിലെ ഗ്രാമീണ അന്തരീക്ഷത്തില്‍ കഴിയാം. കംപ്യൂട്ടര്‍ മേഖലയില്‍ എവിടെയെങ്കിലും പ്രവര്‍ത്തിക്കാമല്ലോ.''

പുതിയ ജോലി സ്വീകരിക്കാന്‍ മറ്റൊരു കാരണം കൂടി അദ്ദേഹം വിവരിച്ചു. കോളേജിനു പിറവി കുറിച്ച അലക്‌സാണ്ടര്‍ ഡഫിന്റെ (Alexander Duff) ജീവിതകഥ ആരേയും കോരിത്തരിപ്പിക്കും. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായ രാജാറാം മോഹന്‍ റോയിയുമായി അടുത്ത ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 24-ാം വയസ്സില്‍ സ്‌കോട്ട്ലന്റില്‍നിന്നും ഒരു പായക്കപ്പലിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ഒരു സുവിശേഷ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ആഫ്രിക്കന്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പില്‍ വെച്ച് കപ്പല്‍ തകര്‍ത്തു. അദ്ദേഹം നീന്തി കരകയറി. നഷ്ടപ്പെട്ട ബാഗുകളില്‍ ചിലത് തിരിച്ചുകിട്ടി. മാസങ്ങള്‍ക്കുശേഷം മറ്റൊരു കപ്പലില്‍ യാത്ര തുടര്‍ന്നു. പക്ഷേ, ഗംഗാനദിയില്‍ വെച്ച് ആ കപ്പലും തകര്‍ന്നു. 800-ഓളം പുസ്തകങ്ങളില്‍ കുറച്ചു മാത്രം തിരിച്ചുകിട്ടി. കരയില്‍ നീന്തിക്കയറിയ അദ്ദേഹം പറഞ്ഞു: ''ഞാന്‍ മുങ്ങി മരിച്ചില്ല. എന്നെ ദൈവം ഇന്ത്യയിലേയ്ക്ക് അയച്ചതാണ്.''

കൊല്‍ക്കൊത്തയില്‍ പുതിയൊരു ജീവിതം അദ്ദേഹം ആരംഭിച്ചു. സ്‌കൂള്‍ സ്ഥാപിച്ചു. വിദ്യയുടെ വെളിച്ചം പകര്‍ന്നു. ബ്രഹ്മസമാജം പ്രവര്‍ത്തകര്‍ സ്‌കൂളിനു പിന്തുണ നല്‍കി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം കൊല്‍ക്കൊത്ത സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി. കോളേജ് മെല്ലെ വളര്‍ന്നു.

കൊല്‍ക്കൊത്ത യാത്രയ്ക്കു മുന്‍പ് അലക്‌സാണ്ടര്‍ ഡഫിന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ചു. യു.സി കോളേജ് ലൈബ്രറിയില്‍ തിരക്കി. തേടിയ വള്ളി കാലില്‍ ചുറ്റി. അദ്ദേഹത്തെക്കുറിച്ച് വില്യം പേറ്റണ്‍ (William Patton) എഴുതിയ ഒരു ഗ്രന്ഥം കിട്ടി. ഒറ്റ ഇരിപ്പില്‍ അതു വായിച്ചു. പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ''ഇന്നും അതെന്റെ ശേഖരത്തില്‍ ഉണ്ട്'' -അദ്ദേഹം പറഞ്ഞു. ''അവിസ്മരണീയമായ അനുഭവമാണ് അതു തന്റെ ജീവിതത്തില്‍ ചെലുത്തിയത്.''

പലതും ചിന്തിച്ചുകൊണ്ടാണ് കോളേജിന്റെ കവാടത്തില്‍ എത്തിയത്.

ആദ്യത്തെ കാഴ്ചതന്നെ അദ്ദേഹത്തെ അസ്വസ്ഥനാക്കി. കോളേജിന്റെ ഗേറ്റിലും കവാടത്തിലും മതിലിലും ഒരു കംപ്യൂട്ടര്‍ ഷോപ്പിന്റെ പരസ്യങ്ങളും ഹോര്‍ഡിങ്ങുകളും. ഒരു കോളേജ് ആണെന്നു തിരിച്ചറിയുക അസാധ്യം. പൈതൃക കെട്ടിടത്തിന്റെ ദൃശ്യഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. മനസ്സ് വേദനിച്ചുവെങ്കിലും സ്വയം നിയന്ത്രിച്ചു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയപ്പോഴേ മനസ്സ് മടുപ്പിക്കുന്ന അന്തരീക്ഷം. കുറച്ചുകാലമായി പൂട്ടിക്കിടന്ന മുറി. പുതിയ പ്രിന്‍സിപ്പല്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞിട്ട് കൂടി മുറി വൃത്തിയാക്കിയിരുന്നില്ല. ഉത്തരവാദിത്വമില്ലാത്ത ഓഫീസ് സംവിധാനം.

പൊടിപിടിച്ച മേശ. സൂക്ഷിച്ചു നോക്കിയപ്പോള്‍ മേശയുടെ കാലുകളില്‍ ചിതല്‍. പ്രാണിയും ഓടിനടക്കുന്നു.

ചുവരില്‍ കലണ്ടറില്ല. നിശ്ചലമായ ക്ലോക്ക്. സമയവും കാലവും പ്രിന്‍സിപ്പല്‍ അറിയേണ്ടതില്ലെന്ന് ആരോ വാശിപിടിച്ചതുപോലെ. ആകെ ദുശകുനങ്ങളുടെ കാഴ്ച. അപ്പോഴും സ്വയം നിയന്ത്രിച്ചു.

മനസ്സില്‍ വേദന. ബിഷപ്പിന്റെ മുഖം തെളിഞ്ഞു വന്നു. മുന്‍പ് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:

കോളേജല്ലേ? ഓ, അത് അങ്ങനെ നടന്നുപോകുന്നു. അങ്ങനെയോ നടക്കുന്നു. കോളേജ് നടത്തിപ്പില്‍ ബിഷപ്പിന് ഉദാസീനഭാവമായിരുന്നു. പ്രത്യേക താല്പര്യമില്ലെന്നു തെളിയിക്കുന്ന സംഭാഷണം.

2002 ഡിസംബര്‍ 17-ന് പ്രൊഫ. ജോണ്‍ അബ്രഹാം ചുമതലയേറ്റു. അന്ന് 172 വര്‍ഷങ്ങള്‍ കോളേജ് പിന്നിട്ടു കഴിഞ്ഞിരുന്നു. കോളേജ് സ്റ്റാഫും അദ്ധ്യാപകരില്‍ ചിലരും അദ്ദേഹവുമായി സംസാരിച്ചു.

ടിപി ഞാളിയത്ത്
ടിപി ഞാളിയത്ത്

കോളേജ് കവാടത്തിലെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച കംപ്യൂട്ടര്‍ ഷോപ്പ് ഉടമയെ പ്രിന്‍സിപ്പല്‍ ഫോണില്‍ വിളിച്ചു. ഹോര്‍ഡിങ്ങുകളും ബോര്‍ഡും ഉടനടി മാറ്റാന്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി പരസ്യബോര്‍ഡുകള്‍ അവിടെ ഇരിക്കുന്നു. പോയ കാലങ്ങളിലെ ഒരൊറ്റ പ്രിന്‍സിപ്പലും അതിനെതിരെ ശബ്ദിച്ചിരുന്നില്ല. അതിനാല്‍ താങ്കള്‍ പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഷോപ്പ് ഉടമയുടെ പ്രതികരണം.

''ഇല്ല പരസ്യബോര്‍ഡുകള്‍ നീക്കിയേ പറ്റൂ. താങ്കള്‍ കാണിക്കുന്നത് അനീതിയാണ്. ഞാന്‍ പൊലീസില്‍ പരാതിപ്പെടും. പ്രത്യാഘാതങ്ങള്‍ നേരിടുമ്പോള്‍ കരയേണ്ടിവരും.'' പ്രിന്‍സിപ്പലിന്റേത് ദൃഢസ്വരമായിരുന്നു.
''തര്‍ക്കിക്കേണ്ട'' -പ്രിന്‍സിപ്പല്‍ മുന്നറിയിപ്പ് നല്‍കി. ''താങ്കള്‍ തന്നെ അതു മാറ്റിയേ തീരൂ.''

ഒരു പ്രിന്‍സിപ്പലിന്റെ ആജ്ഞയുടെ ശബ്ദം വളരെ കാലത്തിനുശേഷമാണ് സ്റ്റാഫും അദ്ധ്യാപകരും കേട്ടത്.

മണിക്കൂറുകള്‍ക്കുള്ളില്‍ അതു സംഭവിച്ചു. ഷോപ്പ് ഉടമ തന്നെ പരസ്യബോര്‍ഡുകള്‍ നീക്കി. കാഴ്ച കാണാന്‍ ജനങ്ങള്‍ റോഡില്‍ തിങ്ങിക്കൂടി. എല്ലാം നിശബ്ദമായി കഴിഞ്ഞു. കോളേജിനു ജയ് വിളിക്കാന്‍ പലരും എത്തി.

രണ്ട് ദിവസങ്ങള്‍ക്കുശേഷം മാര്‍ക്‌സിസ്റ്റ് അദ്ധ്യാപക സംഘടനാ നേതാക്കള്‍ കുശലം പറയാന്‍ എത്തി. പലതും സംസാരിച്ചു. ഒരു നേതാവിന്റെ പ്രതികരണം പ്രിന്‍സിപ്പല്‍ പ്രത്യേകം കാതോര്‍ത്തു.

''സര്‍, ഈ കസേരയില്‍ ഇരുന്നാല്‍ മതി. കോളേജിന്റെ കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ നോക്കാം.''

പ്രിന്‍സപ്പലിനെ ഒരു മൂലയില്‍ ഇരുത്തി കോളേജ് നടത്തിപ്പുമായി സഖാക്കള്‍ മുന്നോട്ടു നീങ്ങുവാനുള്ള സന്ദേശമായിരുന്നു.

മിതഭാഷിയും ശാന്തശീലനുമായ പ്രിന്‍സിപ്പല്‍ ദൃഢസ്വരത്തില്‍ പറഞ്ഞു:

''നല്ല കാര്യങ്ങള്‍ ആരു പറഞ്ഞാലും ഞാന്‍ ആകാംക്ഷയോടെ ശ്രദ്ധിക്കും. ഞാന്‍, പക്ഷേ, നേര്‍വഴിക്ക് മാത്രം പോകുന്ന ആളാണ്. നമുക്ക് എപ്പോഴും കാണാം. സംസാരിക്കാം. സ്വാമി വിവേകാനന്ദനും നേതാജിയും പഠിച്ച കോളേജല്ലേ? മഹത്തായ ഒരു സരസ്വതി ക്ഷേത്രം. അതിന്റെ പ്രതിച്ഛായയ്ക്ക് ഒരിക്കലും മങ്ങലേല്‍ക്കാന്‍ പാടില്ല'', പ്രിന്‍സിപ്പല്‍ പറഞ്ഞു. ചായകുടിച്ച് നേതാക്കള്‍ പിരിഞ്ഞു.

'ഗീതാജ്ഞലി'യില്‍ ആര്‍ക്കും പ്രചോദനം നല്‍കുന്ന വരിയും പ്രിന്‍സിപ്പല്‍ ഓര്‍മ്മിച്ചു.

''എവിടെ മനസ്സ് നിര്‍ഭയവും ശിരസ്സ് ഉന്നതവുമാണോ... എവിടെ ഇടുങ്ങിയ ഭിത്തികളാല്‍ ലോകം കൊച്ചു കഷ്ണങ്ങളായി വിച്ഛിന്നമാക്കപ്പെടാതിരിക്കുന്നുവോ...''

പുതിയ പ്രിന്‍സിപ്പല്‍ കോളേജില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അനുകൂലിക്കാന്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. കോളേജ് കവാടത്തിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ ആദ്യത്തെ നേട്ടമായിരുന്നു. കാര്‍മേഘപടലത്തിലെ ആദ്യത്തെ വെള്ളിരേഖ.

അദ്ധ്യാപകരില്‍ ഒരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നു. സഖാക്കളുടെ മര്‍ക്കടമുഷ്ടി അവരെ വേര്‍തിരിച്ചു നിര്‍ത്തി. അങ്ങനെയുള്ള അദ്ധ്യാപകരെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രിന്‍സിപ്പല്‍ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നു. പുതിയൊരു അന്തരീക്ഷത്തിന്റെ തുടക്കം. ഓഫീസ് നടപടികള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതോടെ കോളേജിന്റെ ഇടനാഴികളില്‍ മര്‍മ്മരങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.

''പ്രബുദ്ധ കേരളത്തില്‍ നിന്നല്ലേ പുതിയ പ്രിന്‍സിപ്പല്‍. 1991-ല്‍ത്തന്നെ ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തില്‍നിന്ന്. അദ്ദേഹത്തെ ബഹുമാനിക്കണം.''

''പ്രബുദ്ധ കേരളത്തിനു മറ്റൊരു മുഖം കൂടി ഉണ്ട്. ലോകത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരം നേടിയ രാജ്യമാണ് കേരളം. അങ്ങനെയുള്ള കേരളത്തിന്റെ പുത്രനാണ് പ്രിന്‍സിപ്പല്‍. ബംഗാളിയും കേരളത്തെ ബഹുമാനിക്കണം.''

പുതിയൊരു മാറ്റത്തിന്റെ തുടക്കം സഖാക്കളെ അലോസരപ്പെടുത്തി. ഒരു സഖാവ് പറഞ്ഞു: ''കേരളം ഭ്രാന്താലയമാണെന്നല്ലേ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. അതിനാല്‍ പുതിയ പ്രിന്‍സിപ്പലിനെ സൂക്ഷിച്ചേ പറ്റൂ.''

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി നിരവധി മലയാളികള്‍ ബംഗാളില്‍ ഉണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിലെ പലരും പേരെടുത്തവരായിരുന്നു. അതിനാല്‍ മലയാളികള്‍ക്കു ബംഗാളില്‍ ശ്രേഷ്ഠമായ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. ബംഗാളിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ മലയാളി നോവലുകള്‍ കേരളത്തേയും ബംഗാളിനേയും അടുപ്പിച്ചു. തകഴിയും പൊറ്റെക്കാട്ടും വള്ളത്തോളും എം.ടിയും ബഷീറും കുമാരനാശാനും കേരളത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചു. 1968-ല്‍ കൊല്‍ക്കൊത്തയില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങിയല്ല 'കേരള രശ്മി' എന്ന മലയാള മാസിക ശ്രദ്ധിക്കപ്പെട്ടു. തൃപ്പൂണിത്തുറ സ്വദേശി ടി.പി. ഞാളിയത്ത് ആയിരുന്നു എഡിറ്റര്‍.

മുന്‍കാല പ്രിന്‍സിപ്പല്‍മാര്‍ എങ്ങനെ പ്രവര്‍ത്തിച്ചു? പ്രൊഫ. ജോണ്‍ അബ്രഹാം അത് അന്വേഷിച്ചു. തൊട്ടടുത്ത മുന്‍ഗാമിയെ വിളിച്ചു. കോളേജ് യോഗ മിനിറ്റ്‌സ് ചോദിച്ചു.

വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിനൊപ്പം പ്രൊഫസർ ജോൺ അബ്രഹാം
വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിനൊപ്പം പ്രൊഫസർ ജോൺ അബ്രഹാം

അദ്ദേഹത്തിന്റെ മറുപടി വിരസമായിരുന്നു. ''അത് എഴുതി കഴിഞ്ഞിട്ടില്ല.'' അത് കിട്ടില്ലെന്ന് അറിഞ്ഞു. ഓഫീസിലെ ഫയലുകള്‍ നോക്കി. പലതും ആഴത്തില്‍ അന്വേഷിച്ചപ്പോള്‍ പുതിയ പ്രിന്‍സിപ്പല്‍ ഞെട്ടി. കോളേജ് പ്രവേശനരീതികള്‍ പൂര്‍ണ്ണമായും കുത്തഴിഞ്ഞവയായിരുന്നു. പ്രവേശനം അദ്ധ്യാപക സഖാക്കളുടെ കുത്തകയായിരുന്നു. അവരുടെ തന്നിഷ്ടത്തിന് ആധിപത്യം. മെറിറ്റ് കാറ്റില്‍പറത്തി. അനര്‍ഹരായ പലര്‍ക്കും കോളേജിന്റെ വാതില്‍ തുറന്നുകൊടുത്തു. പ്രവേശനത്തിലൂടെ സഖാക്കളുടെ മാഫിയ സംഘം ലക്ഷങ്ങള്‍ വാരിക്കൂട്ടി. ഒരു ഇംഗ്ലീഷ് പത്രത്തില്‍ വാര്‍ത്ത വന്നു. ഡിഗ്രി പ്രവേശനത്തിന് സീറ്റ് ഒന്നിന് വന്‍തുകകള്‍ കോഴ വാങ്ങുന്നു. 70,000 രൂപ വരെ.

പ്രൊഫ. ജോണ്‍ അബ്രഹാം പറഞ്ഞു: ''സഖാക്കള്‍ക്ക് പ്രവേശന രീതികള്‍ വലിയൊരു വരുമാന സ്രോതസ്സ് ആയി മാറിക്കഴിഞ്ഞിരുന്നു. ചിലര്‍ ലക്ഷപ്രഭുക്കളായി.'' ക്രമേണ മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനവും അവസാനിപ്പിച്ചു. ബിഷപ്പ് അതിന് എതിരെ പ്രതിഷേധിച്ചതേയില്ല.'' അഴിമതിയുടെ കഥകള്‍ കൂടുതലായി പുറത്തുവന്നതോടെ സഖാക്കള്‍ പ്രിന്‍സിപ്പലിന് എതിരെ തിരിഞ്ഞു.

ഒരു ദിവസം പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. 'പ്രിന്‍സിപ്പല്‍ ഗോ ബാക്ക്!' അതായിരുന്നു ബോര്‍ഡ്.

പ്രിന്‍സിപ്പല്‍ അസ്വസ്ഥനാകാതെ അതിനെ നേരിട്ടു. അദ്ദേഹം തുറന്നു പ്രതികരിച്ചു:

''ഞാന്‍ കേരളത്തിലേക്കു തിരിച്ചുപോകാന്‍ വന്ന ആളല്ല. ഇവിടെ തുടരും. കോളേജിന്റെ നിലവാരം ഉയര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.'' ''വെല്ലുവിളികള്‍ നേരിട്ട് കഠിനാദ്ധ്വാനത്തിലൂടെ പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തി. അതു വിജയിച്ചു.''

ഇതിനിടയില്‍ ഒരു വഴിത്തിരിവുണ്ടായി. കോളേജിലെ മുന്‍ അദ്ധ്യാപകന്‍ ചന്ദ്രനാഥ് ചാറ്റര്‍ജി പുതിയ പ്രിന്‍സിപ്പലിനെ പിന്തുണക്കാന്‍ അടുത്തെത്തി. മുന്‍ സുപ്രീംകോടതി ജഡ്ജിയും ബംഗാളിയുമായ ജസ്റ്റിസ് യു.സി. ബാനര്‍ജിയും മാറ്റത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. അതോടെ ചിത്രം മാറി. സഖാക്കള്‍ പുകഞ്ഞു.

പ്രവേശന രീതികള്‍ സുതാര്യമാക്കി, മെറിറ്റിനു പ്രാമുഖ്യം നല്‍കാനുള്ള ഉറച്ച തീരുമാനവുമായി പ്രിന്‍സിപ്പല്‍ മുന്നോട്ടുനീങ്ങി. വിശ്വവിഖ്യാതരായ രണ്ടുപേര്‍ പഠിച്ച കോളേജിന്റെ ദുരവസ്ഥ പൊതുജനങ്ങള്‍ അറിയാന്‍ തുടങ്ങി. പ്രവേശനം സുതാര്യമാക്കിയാല്‍ തങ്ങളുടെ വരുമാനമാര്‍ഗ്ഗം നിലച്ചുപോകുമെന്ന് സഖാക്കള്‍ കരുതി. അവര്‍ നെട്ടോട്ടമായി.

കോളേജ് വികസനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ കൊല്‍ക്കൊത്തയിലെ യു.ജി.സി ഓഫീസില്‍ എത്തി. പ്രധാന ഉദ്യോഗസ്ഥ അല്പം വിസ്മയത്തോടെ ചോദിച്ചു: ''സര്‍, സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍നിന്നാണോ? ഇത്രയും കാലമായിട്ടും ഒരു പ്രിന്‍സിപ്പല്‍പോലും കോളേജില്‍നിന്ന് ഇവിടെ എത്തിയിട്ടില്ല. തീര്‍ച്ചയായും യു.ജി.സി ഫണ്ട് നല്‍കാം. അങ്ങനെ ആദ്യമായി ഫണ്ട് കിട്ടി. പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഉയര്‍ന്നു.

പൊതുസമൂഹത്തില്‍നിന്ന് ഉന്നതരായ പലരും കോളേജിന്റെ പടവുകള്‍ കയറിയിറങ്ങി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായിരുന്ന അജിത് പാഞ്ച തന്റെ ഫണ്ടില്‍നിന്ന് പതിനൊന്ന് ലക്ഷം രൂപ കോളേജിനു നല്‍കി. മൃണാള്‍സെന്നും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും പത്തു ലക്ഷം രൂപ വീതം നല്‍കി. തൃണമൂല്‍ പാര്‍ട്ടിയുടെ രാജ്യസഭാ നേതാവ് ഡറക് ഒബ്രയിന്‍ ഉത്സാഹഭരിതനായി കോളേജില്‍ എത്തി പ്രിന്‍സിപ്പലിനോട് പറഞ്ഞു: ''കോളേജിനു പുതിയ മുഖച്ഛായ നല്‍കാനുള്ള താങ്കളുടെ എല്ലാ ശ്രമങ്ങള്‍ക്കും വിജയം നേരുന്നു. അദ്ദേഹവും കോളേജ് വികസനത്തിനായി തുക നല്‍കി. അങ്ങനെ കോളേജ് വികസനത്തിനായി സംഭാവന നല്‍കുന്നവര്‍ പ്രവഹിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഗാന്ധിജിയുടെ പൗത്രനും ബംഗാള്‍ ഗവര്‍ണ്ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയും മലയാളി ഗവര്‍ണര്‍ എം.കെ. നാരായണനും കോളേജില്‍ എത്തിയതോടെ അത് വെള്ളിവെളിച്ചത്തിലേക്ക് ഉയര്‍ന്നു. പൊതു സമൂഹത്തിന്റെ പിന്തുണ വര്‍ദ്ധിച്ചതോടെ കോളേജില്‍ ഉത്സവപ്രതീതിയായി. ഇതിനിടയില്‍ ലൈബ്രറി ഫണ്ടും കിട്ടി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും അമേരിക്കയില്‍ ശാസ്ത്രജ്ഞനുമായ എം.എല്‍. ഭൗമിക് 30 ലക്ഷം രൂപയാണ് കോളേജ് ഫണ്ടിലേക്ക് സംഭാവന ചെയ്തത്.

കോളേജിന്റെ നിലവാരം ഉയര്‍ത്താന്‍ പ്രിന്‍സിപ്പല്‍ അഹോരാത്രം പണിപ്പെട്ടു. ആലസ്യത്തിലാണ്ടിരുന്ന അദ്ധ്യാപകര്‍ക്ക് പ്രേരണ നല്‍കിയപ്പോള്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. 2004-ല്‍ നാക അക്രഡിറ്റേഷന്‍ കോളേജിനു കിട്ടിയത് വസന്തത്തിന്റെ ഇടിമുഴക്കമായി മാറി. പ്രിന്‍സിപ്പല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ 2007-ല്‍ യു.ജി.സിയുടെ നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമായി കോളേജ് പ്രഖ്യാപിക്കപ്പെട്ടു. അക്കാദമിക് തലത്തില്‍ വിപ്ലവകരമായ മുന്നേറ്റമായി അതു വാഴ്ത്തപ്പെട്ടു. നാടിന്റെ നാനാഭാഗത്തുനിന്ന് പൂച്ചെണ്ടുകള്‍ പ്രിന്‍സിപ്പലിനെ തേടി എത്തി.

2006-ല്‍ മറ്റൊരു നിശ്ശബ്ദ വിപ്ലവം കൂടി കോളേജ് സാക്ഷ്യം വഹിച്ചു. പ്രവേശനം പൂര്‍ണ്ണമായും സുതാര്യമാക്കി. മെറിറ്റ് അടിസ്ഥാനത്തില്‍. കംപ്യൂട്ടര്‍വല്‍ക്കരണത്തിലൂടെയായിരുന്നു ആ പ്രക്രിയ. ഓണ്‍ലൈനില്‍ പ്രവേശനം യാഥാര്‍ത്ഥ്യമായി. കംപ്യൂട്ടറിലൂടെ ആര്‍ക്കും പ്രവേശനം വീക്ഷിക്കാം. ഇന്ത്യയില്‍ത്തന്നെ പ്രമുഖമായ സ്ഥാനം സ്‌കോട്ടിഷ് ചര്‍ച്ച് കോളേജിനു ലഭിച്ചപ്പോള്‍ നഗരത്തില്‍ ജയഭേരി മുഴങ്ങി.

2013-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പ്രൊഫ. ജോണ്‍ അബ്രഹാം പടിയിറങ്ങി. കോളേജ് ഫണ്ടില്‍ അപ്പോള്‍ 13 കോടി രൂപ ഉണ്ടായിരുന്നു. ''തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ഒരു മഹത്തായ ദൗത്യം പൂര്‍ത്തീകരിച്ചു'' -അദ്ദേഹം പറഞ്ഞു.

ബം​ഗാൾ ​ഗവർണറായിരുന്ന ​ഗോപാൽകൃഷ്ണ ​ഗാന്ധി കോളജ് സന്ദർശിച്ചപ്പോൾ പ്രൊഫസർ ജോൺ അബ്രഹാം സമീപം
ബം​ഗാൾ ​ഗവർണറായിരുന്ന ​ഗോപാൽകൃഷ്ണ ​ഗാന്ധി കോളജ് സന്ദർശിച്ചപ്പോൾ പ്രൊഫസർ ജോൺ അബ്രഹാം സമീപം

മറക്കാനാവാത്ത അനുഭവങ്ങള്‍ നിരവധിയുണ്ട്. നേരിട്ട് അറിവില്ലെങ്കിലും ആധികാരിക വിവരം കേട്ടിട്ടുണ്ട്. നേതാജി ആദ്യം പഠിച്ചത് കൊല്‍ക്കൊത്തയിലെ റെസിഡന്‍സി കോളേജിലായിരുന്നു. ബംഗാളികളെ വംശീയമായി ആക്ഷേപിച്ച ഇംഗ്ലീഷുകാരനായ അദ്ധ്യാപകന്‍ ഇ.എഫ്. ഓട്ടനെ വിദ്യാര്‍ത്ഥിയായ സുഭാഷ് ചന്ദ്രബോസ് മുഖത്തടിച്ചു. വിദ്യാര്‍ത്ഥിയെ അതോടെ അയോഗ്യത കല്പിച്ച് പുറത്താക്കി. അങ്ങനെയുള്ള വിദ്യാര്‍ത്ഥിയെ മറ്റൊരു കോളേജിലും പ്രവേശിപ്പിക്കില്ല. യൂണിവേഴ്സിറ്റി ചട്ടം അത്രയ്ക്ക് കര്‍ശനമാണ്. പക്ഷേ, വില്യം ഉര്‍ക്വാഹന്‍ എന്ന സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ് പ്രിന്‍സിപ്പലിന് കൊല്‍ക്കൊത്ത യൂണിവേഴ്സിറ്റിയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അശുതോഷ് മുഖര്‍ജിയുമായി സംസാരിച്ചു ചട്ടം ഭേദഗതി ചെയ്തു. അങ്ങനെ സുഭാഷ് ചന്ദ്രബോസ് സ്‌കോട്ടിഷ് കോളേജില്‍ പ്രവേശിച്ചു. 1918-ല്‍ ഫിലോസഫി ഓണേഴ്‌സ് ജയിച്ചു.

''കോളേജില്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ സഖാക്കള്‍ പ്രതിഷേധിച്ചില്ലേ?

പ്രഗത്ഭരുടെ ഒരു നിര കോളേജിലേക്ക് പ്രവഹിച്ചപ്പോള്‍ സഖാക്കള്‍ക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, എന്റെ കൈകള്‍ ശുദ്ധമാണെന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. കോളേജ് ക്രമേണ നേട്ടങ്ങളുടെ പട്ടികയുമായി പൊതുസമൂഹത്തില്‍ സ്ഥാനം നേടി'' -പ്രൊഫ. ജോണ്‍ അബ്രഹാം പറഞ്ഞു.

''എല്ലാം ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു. ക്യാമ്പസ്സില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ജനല്‍ച്ചില്ല് തകര്‍ക്കാന്‍പോലും ഒരു വിദ്യാര്‍ത്ഥിയും ശ്രമിച്ചില്ല. പഠിപ്പ് മുടക്കമോ സമരങ്ങളോ ഇല്ലായിരുന്നു. ആരുമായും ഒരേറ്റുമുട്ടലിനും താന്‍ പോയിട്ടില്ല.''

തിരിച്ച് കേരളത്തിലേക്ക് മടങ്ങുമ്പോള്‍ കോളേജിന്റെ കവാടത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. പക്ഷേ, അതിനു ശ്രമിച്ചില്ല. കാരണം അതിനു ശ്രമിച്ചിരുന്നെങ്കില്‍ ബംഗാളില്‍ അന്ന് വിടരുന്ന പൂക്കള്‍ അത്രയും തികയാതെ വരുമായിരുന്നു - പ്രൊഫ. ജോണ്‍ അബ്രഹാം പറഞ്ഞു. പിന്നെ മലയാളികള്‍ ആരും പ്രിന്‍സിപ്പല്‍മാരായിട്ടില്ല.?

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖര്‍

സ്വാമി വിവേകാനന്ദന്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, റവ. അരബിന്ദോ മുഖര്‍ജി-കൊല്‍ക്കൊത്തയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പ്, സ്വാമി ഗംഭീരാനന്ദ-രാമകൃഷ്ണ മിഷന്റെ മുന്‍ പ്രസിഡന്റ്, ബിശ്വേര്‍ കൊയ്രാല - നേപ്പാളില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, സരോജ് ദത്ത - പ്രമുഖ നക്‌സല്‍ നേതാവ്, എ.സി. മജുംദാര്‍-മുന്‍ എ.ഐ.സി.സി പ്രസിഡന്റ്, ഗോപിനാഥ് ബര്‍ദോളി - ആദ്യത്തെ അസം മുഖ്യമന്ത്രി, പി.സി. സെന്‍ - മുന്‍ ബംഗാള്‍ മുഖ്യമന്ത്രി, യങ്ങ്മാഷോ ഷൈസ - മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി, എസ്.സി. മാറക് - മുന്‍ മേഘാലയ മുഖ്യമന്ത്രി, ജി.ജി. സ്വെല്‍ - ലോക്സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍, എസ്.ആര്‍. ദാസ് - മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, എ.കെ. സര്‍ക്കാര്‍ - ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, എ.എന്‍. സെന്‍ - മുന്‍ കൊല്‍ക്കൊത്ത ചീഫ് ജസ്റ്റിസ്, സര്‍ ഗുരുദാസ് ബാനര്‍ജി - കൊല്‍ക്കൊത്ത യൂണിവേഴ്സിറ്റിയുടെ ആദ്യ ഇന്ത്യന്‍ വൈസ് ചാന്‍സലര്‍, സര്‍ ബ്രജേന്ദ്ര സെന്‍ - വിശ്വഭാരതി മൂണിവേഴ്സിറ്റിയുടെ ആദ്യ ചാന്‍സലര്‍, ശരത് ചന്ദ്ര റോയ് - ഇന്ത്യയിലെ ആദ്യ നരവംശ ശാസ്ത്രജ്ഞന്‍, ബി.എസ്. ഗുഹ - ഇന്ത്യന്‍ നരവംശ സര്‍വ്വെയുടെ സ്ഥാപക ഡയറക്ടര്‍, എച്ച്.സി. റായ് ചൗധര - പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍, അസിമ ചാറ്റര്‍ജി - ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിത, ശിശിര്‍ ഭാദുരി - പ്രമുഖ നാടകകൃത്ത്, പങ്കജ് മല്ലിക് - സംഗീത സംവിധായകന്‍, എസ്. മിത്ര - രാഷ്ട്രസംഗീത വിദഗ്ദ്ധന്‍, മൃണാള്‍സെന്‍ - ചലച്ചിത്ര സംവിധായകന്‍, മിഥുന്‍ ചക്രവര്‍ത്തി - പ്രുമഖ നടന്‍, ബാദല്‍ സര്‍ക്കാര്‍ - നാടകകൃത്ത്, നീരദ് സി ചൗധരി - പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും, സുഭാഷ് മുഖോപാധ്യായ - കവി, ഗൗര്‍ ഗോപാല്‍ ഘോഷ് - ഫുട്‌ബോളര്‍ (മോഹന്‍ ബഗാന്‍ ടീം), സൂര്യശേഖര്‍ - ചെസ് വിദഗ്ദ്ധന്‍, ജഗ്മോഹന്‍ ഡാല്‍മിയ - മുന്‍ ബി.സി.സി.ഐ പ്രസിഡന്റ്.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com