'നമ്പൂതിരി സമുദായത്തില്‍ നടന്ന വിപ്ലവാത്മകമായ എല്ലാ സംഭവങ്ങളുടേയും മുന്‍പില്‍ ഞാനായിരുന്നുവെങ്കില്‍ പിന്നില്‍ നാലപ്പാട്ടുണ്ടായിരുന്നു'

വി.ടി. ഭട്ടതിരിപ്പാടും നാലപ്പാട്ട് നാരായണ മേനോനും പുലര്‍ത്തിയ ആത്മബന്ധത്തെക്കുറിച്ച്
'നമ്പൂതിരി സമുദായത്തില്‍ നടന്ന വിപ്ലവാത്മകമായ എല്ലാ സംഭവങ്ങളുടേയും മുന്‍പില്‍ ഞാനായിരുന്നുവെങ്കില്‍ പിന്നില്‍ നാലപ്പാട്ടുണ്ടായിരുന്നു'

ടിവൊത്ത വലിയ അക്ഷരത്തില്‍ മഹാകവി നാലപ്പാട്ടു നാരായണമേനോന്‍ സ്വന്തം കയ്യാല്‍ എഴുതിയയച്ച കത്ത് ഞങ്ങളില്‍നിന്നു കൈമോശം വന്നു. എങ്കിലും അത് അന്ന് പകര്‍ത്തിവെച്ചതിന്റെ കോപ്പി ഭാഗ്യവശാല്‍ ഇയ്യിടെ കണ്ടുകിട്ടി. വന്നേരിയില്‍നിന്ന് നാലപ്പാട്ട് എഴുപതുകൊല്ലം മുന്‍പ് വി.ടി. രാമന്‍ ഭട്ടതിരിപ്പാടിന് തപാലില്‍ പോസ്റ്റ് ചെയ്ത ആ എഴുത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്:

പുന്നയൂര്‍ക്കുളം,
9.3.1951

പ്രിയ സുഹൃത്തേ,

ഭാഗ്യം വന്നു കണ്ടാലത്തെ മനോഭാവത്തോടുകൂടി എന്നു പറയട്ടേ, അഞ്ചാം തീയതിയിലെ കത്ത് യഥാകാലം കൈപ്പറ്റി. സുഖം തന്നെ എന്നറിഞ്ഞു സന്തോഷിക്കുന്നു. 

'പാവങ്ങള്‍' മംഗളോദയത്തില്‍ അച്ചടിച്ചുതരാമെന്നു പറഞ്ഞിട്ടുണ്ട്. കടലാസിന്റെ വിലയ്ക്ക് ഒരു നിലവാരം വീഴുമെന്നുവെച്ചു കാത്തിരിക്കുകയാണ്. ഇപ്പോള്‍ 'രതിസാമ്രാജ്യ'ത്തിന്മേലാണ് പിടുത്തം. മൂന്നാം പതിപ്പ് തീരെ വിറ്റുതീര്‍ന്നിരിക്കയാണ്. 'ടൈപ്പ്' ഒന്നു പുതുക്കുന്നുണ്ട്, അതിനുവേണ്ടി. അത് അടുത്തു കഴിയുമത്രെ. ഉടനെ 'രതിസാമ്രാജ്യ'ത്തിന്റെ അച്ചടി തുടങ്ങും. അതുകഴിഞ്ഞാല്‍ 'പാവങ്ങളു'ടേയും. (അങ്ങനെ അക്കാര്യം പരിഹരിച്ചു എന്നു പറയാം. അവിടുന്നെഴുന്നേറ്റു നടക്കും ഒരിക്കല്‍).

വാട്ടര്‍ലൂവിന്റെ ഭൂപടം എന്റെ പക്കല്‍ ഇല്ല. പാവങ്ങളില്‍ പറയപ്പെടുന്ന പ്രദേശങ്ങളെ എടുത്തുകാട്ടിയ ഭൂപടം ഉണ്ടോ എന്നും അറിഞ്ഞില്ല. മൂലകവി അതു കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും ആലോചിക്കേണ്ടതാണ്. ആ പുസ്തകം ലോകത്തിനു മുഴുവന്‍ വേണ്ടി എഴുതപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറയുന്ന സ്ഥിതിക്ക് വിശേഷിച്ചും. മൂലഗ്രന്ഥകാരന്‍ ചെയ്യാത്ത കാര്യം പരിഭാഷകന്‍ ചെയ്യുന്നതില്‍ ഔചിത്യമുണ്ടോ? കുറിപ്പുകളുടെ കൂട്ടത്തില്‍ അതിനും സ്ഥാനമുണ്ടാക്കാം എന്നുമാത്രം.

മാധവന്‍ നായര്‍ കോട്ടക്കലാണ്. ധാരയും പിഴിഞ്ഞു പാര്‍ച്ചയും നടത്തിക്കുകയാണ് ഇപ്പോള്‍. ഈ മാസം 30ാം തീയതിക്കു തിരിച്ചെത്തും. 

അപ്പോള്‍ ഇങ്ങോട്ടില്ലേ?

സ്വന്തം നാലപ്പാട്ട്

(കത്തിലെ മാധവന്‍ നായര്‍ അച്ഛന്റെ സമവയസ്‌ക സുഹൃത്തും മാതൃഭൂമി പത്രാധിപരുമായിരുന്ന വി.എം. നായരാണ്; നാലപ്പാട്ടിന്റെ ദൌഹിത്രിയും കവയിത്രിയുമായ ബാലാമണിയമ്മയുടെ ഭര്‍ത്താവും).

വിടി ഭട്ടതിരിപ്പാട്
വിടി ഭട്ടതിരിപ്പാട്

കാലില്‍ മെതിയടിയും കണ്ണില്‍ കൂളിങ്ങ് ഗ്ലാസ്സും കൈത്തണ്ടമേല്‍ തൂക്കിയ വള!ഞ്ഞവടിയുമായി പരിഭ്രമമോ ബദ്ധപ്പാടോ കൂടാതെ ഖദര്‍ധാരിയായി തുടുത്തുകൊഴുത്ത ഒരു മനുഷ്യന്‍ തൃശൂരിലെ മംഗളോദയം പ്രസ്സിലേയ്ക്കു പണ്ടു കയറിവന്നപ്പോള്‍ അടുത്തിരുന്നിരുന്ന സഹപ്രവര്‍ത്തകന്‍ 'നാലപ്പാട്ടന്‍' എന്ന് അച്ഛനു ചൂണ്ടിക്കാണിച്ചുകൊടുത്തു. അന്ന് അത്ഭുതാഹ്ലാദങ്ങളോടെ നാലപ്പാട്ടിനെ നോക്കിക്കണ്ട ആദ്യ നിമിഷം മുതല്‍ അദ്ദേഹവുമായി അത്രയുമിടപെടാന്‍ സാധിച്ച ചുരുക്കം ചിലരിലൊരാളായിത്തീര്‍ന്ന, പില്‍ക്കാലം വരെയുള്ള അച്ഛന്റെ ജീവചരിത്രത്തില്‍നിന്നു പറിച്ചുനീക്കാന്‍ പറ്റാത്ത ഏടാണ് നാലപ്പാട്ട് നാരായണമേനോന്‍.

താന്‍ മിനക്കെട്ടു ചെയ്ത 'പാവങ്ങള്‍' എന്ന വിശ്രുത പരിഭാഷയുടെ അച്ചടിയും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടുവന്നതായിരുന്നു മഹാകവി. മഹാഭാരതതുല്യമായ ഈ ഇതിഹാസത്തിന്റെ പ്രൂഫ് പരിശോധനയ്ക്ക് നാലപ്പാട്ടിനെ സഹായിക്കാനുള്ള അവസരവും അച്ഛനു കൈവന്നു. 

സ്‌നേഹിക്കുന്നു എന്നു പറയാന്‍ എളുപ്പമാണ്. എന്നാല്‍, അതിനുവേണ്ട വേദനയും ത്യാഗവും സഹിക്കാന്‍ തയ്യാറുണ്ടോ എന്ന് വിക്തര്‍ ഹ്യൂഗോ ചോദിക്കാനാഗ്രഹിച്ചത് നാലപ്പാട്ടിലൂടെ അച്ഛനും കേട്ടു. ഇത്ര അകംപുറം മറിക്കുന്ന വായനാനുഭവം മറ്റൊരു ഗ്രന്ഥത്തില്‍നിന്നും അക്കാലത്ത് അനുവാചകര്‍ക്കു ലഭിച്ചിട്ടില്ല.
 
'പാവങ്ങ'ളുടെ പ്രൂഫ് പരിശോധിക്കാനായി നാലപ്പാട്ട് തൃശൂരില്‍ താമസിച്ചിരുന്ന കാലത്തെ ഒരു സംഭവം അച്ഛന്‍ ഓര്‍മ്മിച്ചിരുന്നു. ആരോ പുറത്തു കാത്തുനില്‍ക്കുന്നുണ്ടെന്ന് ഒരാള്‍ നാലപ്പാട്ടിനോടു വന്നു പറഞ്ഞു. നാലപ്പാട്ട് ഉടനെ പുറത്തേക്കു പോയി. കുറച്ചുകഴിഞ്ഞ് സഹജമായ പുഞ്ചിരിയോടെ മടങ്ങിവരുകയും ചെയ്തു. അന്ന് നാലപ്പാട്ടും അച്ഛനും ഒരുമിച്ചാണു താമസിച്ചത്. ഫലിതമയമായ വാദപ്രതിവാദങ്ങളാല്‍ ആ രാത്രി അവര്‍ കഴിച്ചുകൂട്ടി. പിറ്റേന്നാണ് അച്ഛനു മനസ്സിലായത് തലേന്നു നാലപ്പാട്ടിനെ തേടിവന്നത് അറസ്റ്റ് വാറണ്ടുമായി ഒരു കോടതി ശിപായി ആയിരുന്നു എന്ന് അച്ഛനെ ബുദ്ധിമുട്ടിക്കരുത് എന്നു കരുതി ആ സംഗതി നാലപ്പാട്ട് ഒളിച്ചുവെയ്ക്കുകയായിരുന്നു. 

പൊളിഞ്ഞ ഒരു പണസ്സഞ്ചിക്കാരനെക്കൊണ്ട് ലോകാംബിക എന്തൊക്കെ ചെയ്യിക്കുന്നു എന്നു നാലപ്പാട്ടു ചോദിച്ചിട്ടുണ്ട്. ആ അമ്പരപ്പിന്നിടയിലാണ് വമ്പിച്ച സാഹിത്യപ്രയത്‌നങ്ങളില്‍ അദ്ദേഹം ഏര്‍പ്പെടുന്നതും. തന്റെ മടിശ്ശീല ഈശ്വരന്റെ കയ്യില്‍ സൂക്ഷിക്കാനേല്പിച്ചിരിക്കുകയാണെന്ന് കവിയുടെ ഫലിതവും. കടം തന്നവര്‍ കോടതി മുഖേന വാറണ്ട് ശിപായികളെ വിടുമ്പോഴെല്ലാം ആ മടിശ്ശീലക്കാരന്റെ നിഴലാട്ടം എവിടെയോ കാണുന്നു എന്ന ശുഭപ്രതീക്ഷ നാലപ്പാട്ട് കൊണ്ടുനടന്നിരുന്നു.

കടലാസ്, അച്ചടിക്കൂലി, തുന്നിക്കെട്ടല്‍, കവര്‍ ഒട്ടിക്കല്‍ ഇങ്ങനെ പ്രസിദ്ധീകരണത്തിന്റെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന് ഓടിനടന്നു ക്ലേശിക്കേണ്ടിവന്നിട്ടുണ്ട്. പുസ്തകം വിറ്റു കടംവീട്ടാന്‍ വള്ളത്തോള്‍ തുടങ്ങിയ സുഹൃത്തുകള്‍ സഹായിച്ചു. 'പാവങ്ങളു'ടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു എന്നു കേട്ടപ്പോള്‍ അച്ഛന് ഒരു സംശയമുണ്ടായി. വാട്ടര്‍ലൂ മുതല്‍ ഫ്രെഞ്ചു വിപ്ലവം വരെയുള്ള ചരിത്രമാണ് 'പാവങ്ങളി'ലുള്ളത്. പാരീസ്, ഫവറോള, വഴിക്കോട്ട തുടങ്ങി ഭൂമിശാസ്ത്രപരമായി മലയാളിക്ക് അപരിചിതമായ ഭൂവിഭാഗങ്ങളിലാണ് കഥ നടക്കുന്നത്. പുതിയ പതിപ്പില്‍ വാട്ടര്‍ലൂവിന്റെ ഭൂപടം കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രയോജനപ്പെടില്ലേ എന്ന അച്ഛന്റെ നമ്പൂതിരിശങ്കയുള്ള മറുപടിയായിരുന്നു സൗഹൃദത്തിന്റെ മഷിപുരണ്ട ഈ എഴുത്ത്. 

സ്വന്തം ആശയങ്ങളും ആദര്‍ശങ്ങളും പുരുഷാര്‍ത്ഥങ്ങളുംകൊണ്ട് മനുഷ്യമനസ്സുകളെ തരളിതമാക്കിയ ചില വ്യക്തിപ്രഭാവങ്ങളുണ്ട്. ശ്രേഷ്ഠകവി, ഓമനത്തമുള്ള ശൈലി തുളുമ്പുന്ന ഗദ്യശില്പി, നാനാശാസ്ത്രശാഖകളില്‍ ജ്ഞാനി, ദാര്‍ശനികന്‍ മലയാളനാടു കണ്ട പ്രതിഭാശാലികളില്‍ നാലപ്പാട്ടനും ഉള്‍പ്പെടും. ഉല്പതിഷ്ണുത്വത്തിന്റെ വിരാട് പുരുഷനാണ്, എന്നാല്‍ ആ വിപ്ലവബോധത്തിനു യോജിക്കാത്തവിധം പരമശാന്തനും. ഇഷ്ടം തോന്നിക്കുന്ന മുഖഭാവം, കുട്ടികളുടേതുപോലെ നിഷ്‌കളങ്കത സ്ഫുരിക്കുന്ന കണ്ണുകള്‍, പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങള്‍ തുടങ്ങിയ നാലപ്പാട്ടിന്റെ പ്രത്യേകതകള്‍ കമ്പംപിടിപ്പിച്ചു എന്ന് അച്ഛന്‍ എഴുതിയിട്ടുണ്ട്. 

'ഇരുളാണ്ട നമ്പൂതിരിത്തത്തിന്റെ ഇടനാഴിയില്‍ കണ്ണുകാണാതെ തപ്പിത്തടഞ്ഞു നടക്കുകയായിരുന്നു ഞാന്‍. അദ്ദേഹം എന്റെ കൈയ്ക്കു പിടിച്ച് പുറത്തേയ്ക്കു കൊണ്ടുവന്നു. മനുഷ്യത്വത്തിന്റെ മാഹാത്മ്യം എനിക്കു മനസ്സിലാക്കിത്തന്നു. ആ ഇരുളടഞ്ഞ ഇടനാഴിയെ തച്ചുതകര്‍ക്കുകയാവണം ജീവിതലക്ഷ്യം എന്നു പഠിപ്പിക്കുകയും ചെയ്തു' എന്ന കടപ്പാടോടെ ഗുരുസ്ഥാനത്ത് നാലപ്പാട്ടിനെ അച്ഛന്‍ പ്രതിഷ്ഠിക്കുകയായിരുന്നു (നാലപ്പാട്ടിന്റെ, ഷഷ്ടിപൂര്‍ത്തിയില്‍ എഴുതിയ അനുമോദനക്കുറിപ്പില്‍നിന്ന്  നാലപ്പാട്ട് ഒരു ഉല്പതിഷ്ണു' 1947).

രസികസ​ദനം
രസികസ​ദനം

പാശ്ചാത്യ പരിഷ്‌കാരങ്ങളായ കാപ്പി, പുകയില തുടങ്ങിയവയാണ് നമ്പൂതിരിയെ ദുഷിപ്പിക്കുന്നതെന്നു ധരിച്ച ശുദ്ധാത്മാക്കളായിരുന്നു അന്ന് സമുദായത്തിലേറെയും. അബ്രാഹ്മണ ഹിന്ദുക്കളെല്ലാം അയിത്തക്കാരും അഹിന്ദുക്കള്‍ മ്ലേച്ഛന്മാരുമാണെന്ന അസഹിഷ്ണുതയിലേക്ക് ആ ശുദ്ധത നിറംമാറിയ കാലത്താണ് അച്ഛന്റെ ജനനം. മനുഷ്യത്വവിരുദ്ധമായ ഈ അധഃപതനം അജ്ഞതകൊണ്ടു സംഭവിക്കുന്നതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് കുറൂര്‍ ദാമോദരന്‍ എന്ന ഉണ്ണി നമ്പൂതിരിപ്പാടായിരുന്നു. പുരുഷപ്രയത്‌നത്താല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ആലസ്യത്തില്‍ മുഴുകിയ സമൂഹത്തിനോട് അദ്ദേഹം വിളിച്ചുപറഞ്ഞു. യോഗക്ഷേമസഭയുടെ എട്ടാം വാര്‍ഷികത്തില്‍ (1916) ചെന്നുപെട്ട അച്ഛനും കേട്ടു 'പൗരുഷേണ പ്രയത്‌നേന ദുര്‍ല്ലഭം കിം നു വിദ്യതേ' എന്ന ഉണ്ണി നമ്പൂതിരിപ്പാടിന്റെ ഉദ്‌ബോധനം. ഇരുപതാം വയസ്സിലും അക്ഷരമുറയ്ക്കാതെ ഇരുത്തം കിട്ടാതെ അലയുകയായിരുന്ന അച്ഛന് സ്വന്തം ജാഡ്യതകള്‍ ബോധ്യപ്പെടുകയായിരുന്നു. കവി ആറ്റൂരിന്റെ ഭാഷയില്‍ 'വരുംകാല കൊയ്ത്തിന് ഞാറിട്ടുപോയ' ഉണ്ണി നമ്പൂതിരിപ്പാട് നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ വിളവെടുപ്പിനു കാത്തുനില്‍ക്കാതെ 36ാം വയസ്സില്‍ അകാലത്തു ചരമമടയുകയും ചെയ്തു (1883-1919).

ഉണ്ണി നമ്പൂതിരിപ്പാടിനേക്കാള്‍ നാലു വയസ്സ് കുറഞ്ഞ് ആമയൂര്‍ മണ്ണൂര്‍ പുരുഷോത്തമന്‍ നമ്പൂതിരിയുടേയും നാലപ്പാട്ടു മാധവിയമ്മയുടേയും മകനായി പിറന്ന നാരായണ മേനോനാകട്ടെ, നമ്പൂതിരിയുള്‍പ്പെടെ മനുഷ്യസമുദായത്തിന്റെ ദൗര്‍ബ്ബല്യങ്ങളെ കുടഞ്ഞുകളയുന്നതിനെക്കുറിച്ചാണ് പുരുഷായുസ്സു മുഴുക്കെ ചിന്തിച്ചത്. മാമൂലിന്റെ ആദ്യ സന്തതിയായ അജ്ഞതയാണ് സമുദായത്തെ മലീമസമാക്കുന്നതെന്നു പ്രഖ്യാപിച്ച ഹ്യൂഗോവിനെ വായിച്ചുവളര്‍ന്ന കവിയായിരുന്നുവല്ലോ അദ്ദേഹം. ബുദ്ധനേയും (പൗരസ്ത്യദീപം) കണ്‍ഫ്യൂഷ്യസ്സിനേയും വിവേകാനന്ദനേയും മറ്റും ചൂണ്ടിക്കാട്ടി നാലപ്പാട്ട് വാദിച്ചു: 'എന്താണ് തെറ്റ്, എന്താണു ശരി എന്ന സംശയം ഉണ്ടാവുമ്പോള്‍ ഏതു പ്രവൃത്തിക്കാണോ പ്രയാസം അതു ചെയ്യലാണ് നല്ലത്. പ്രയാസമായതു ചെയ്യുകയാണെങ്കില്‍ അധര്‍മ്മത്തിന്റെ ഫലം അനുഭവിക്കേണ്ടിവരില്ല.'

ഈ കര്‍മ്മരഹസ്യത്തെ പിന്തുടര്‍ന്നാല്‍ ഒന്നിനേയും ഭയപ്പെടാതെ ജീവിക്കാനും ദുഃഖത്തേയും ദാരിദ്ര്യത്തേയും ജയിക്കാനും ലോഭത്തെ ചെറുക്കാനും സാധിക്കുമെന്നു മനസ്സിലായത് നാലപ്പാട്ടനില്‍നിന്നാണെന്ന് അച്ഛന്‍ അഭിമാനിച്ചിരുന്നു. 'പൂണൂല്‍ ഇല്ലാതെ കുളിച്ചു വൃത്തിയാവാനും പ്രാണാഹുതിയിടാതെ ഉണ്ട് വയര്‍ വീര്‍പ്പിക്കുവാനും ഞാന്‍ പഠിച്ചു. അമ്പലത്തില്‍ ഒരു കരിങ്കല്ലു മാത്രമേ ഉള്ളു എന്നും അന്തണനും അന്ത്യജനും തമ്മില്‍ കൂടിച്ചേര്‍ന്നാല്‍ എളുപ്പത്തില്‍ തീ പിടിക്കുന്ന പൊട്ടാസും മനയോലയുമല്ലെന്നും എനിക്കു ബോദ്ധ്യമായി. നമ്പൂതിരി സമുദായത്തില്‍ നടന്ന വിപ്ലവാത്മകമായ എല്ലാ സംഭവങ്ങളുടേയും  ഘോഷാബഹിഷ്‌കരണം, മിശ്രഭോജനം, വിധവാവിവാഹം തുടങ്ങിയ എല്ലാറ്റിന്റേയും  മുന്‍പില്‍ ഞാനായിരുന്നുവെങ്കില്‍ പിന്നില്‍ നാലപ്പാട്ടുണ്ടായിരുന്നു' എന്ന് അച്ഛന്‍ തുടര്‍ന്ന് എഴുതുകയും ചെയ്തു. 

സാമൂഹ്യപ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകരുമായി ഒന്നിച്ചിരിക്കാനും പുതിയ കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യാനും സ്വന്തമായ താവളം വേണമെന്ന മോഹത്താല്‍ അച്ഛന്‍ നിളാതീരത്തുള്ള ആലൂരില്‍ പുതിയ വീടു വെച്ച് താമസമാക്കി. ആ വീടിന് 'രസികസദനം' എന്നു പേരിട്ടത് നാലപ്പാട്ടാണ്. ഘോഷാബഹിഷ്‌കാരവും പന്തിഭോജനവും നടത്തിവേണം കുടിയിരിക്കേണ്ടതെന്നു നിര്‍ദ്ദേശിച്ചതും നാലപ്പാട്ടാവാം. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട റഫറണ്ടത്തിന്റേയും (ഹിതപരിശോധന) അയിത്തോച്ചാടന സംരംഭങ്ങളുടേയും കേന്ദ്രമായി രസികസദനം മാറുകയും ചെയ്തു (1931'35).

നാലപ്പാട്ട് രസികസദനത്തില്‍ ദുര്‍ല്ലഭമായി വന്ന ഒരു സന്ദര്‍ഭം. സായന്തനത്തില്‍ നാലപ്പാട്ടുമൊരുമിച്ച് അച്ഛനും സുഹൃത്തുക്കളും തൊട്ടടുത്തുള്ള പുഴവക്കത്തേയ്ക്കു പോയി. വെള്ളിയാങ്കല്ലു കടവിന്നടുത്തുള്ള മണല്‍പ്പരപ്പില്‍ പുഴങ്ങിക്കിടന്നിരുന്ന അത്താണിയുടെ കല്ലുകള്‍ സിംഹാസനമാക്കി അവര്‍ സംഭാഷണത്തിലേര്‍പ്പെട്ടു. താഴെ ശാന്തമായി ഒഴുകുന്ന പുഴ. തെളിഞ്ഞ സന്ധ്യ.

നാലപ്പാട്ടിന്റെ അധ്യക്ഷതയിലുള്ള സൗഹൃദസംഭാഷണം വഴിതിരിഞ്ഞ് വീട്ടുകാര്യങ്ങളിലുമെത്തി. ആയിടെ വിധവയായിത്തീര്‍ന്ന എന്റെ ഇളയമ്മ നങ്ങേമ (ഉമ) അവശേഷിച്ച പിഞ്ചുമകളേയുംകൊണ്ട് ജ്യേഷ്ഠത്തിയുടെ അടുക്കല്‍ പാര്‍ക്കാന്‍ രസികസദനത്തിലെത്തിയ സമയം. അവരുടെ ഭാവിയെപ്പറ്റിയായി ചര്‍ച്ച. 

നാലപ്പാട്ടു പറഞ്ഞു: 'തടി നമുക്കു വെട്ടിവീഴ്ത്താം. അതോടൊപ്പം കുറ്റികൂടി വേരോടെ പറിച്ചുനീക്കിയില്ലെങ്കില്‍ വീണ്ടും മുറ്റിത്തഴച്ചുവളരും. വി.ടിയുടെ ഭാര്യാസഹോദരിയുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്. എന്തുകൊണ്ട് അവരെ പുനര്‍വിവാഹത്തിനു പ്രേരിപ്പിച്ചുകൂടാ?' എന്ന് നാലപ്പാട്ടു ചോദിച്ചു. 
മൃതഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തെ കൈവിട്ട് വിവാഹം ചെയ്യാന്‍ സന്നദ്ധതയുള്ള പുരുഷന്റെ ഭാര്യാപദം സ്വീകരിക്കാം എന്ന് വേദത്തില്‍ക്കൂടി വിധിക്കുന്നുണ്ടെന്ന് നാലപ്പാട്ട് വിശദീകരിച്ചു. 

'വി.ടിയുടെ സംഘത്തിലെ ചില യുവാക്കള്‍ വിധവയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ടല്ലോ. ഉമയ്ക്കു സമ്മതമാണെങ്കില്‍ ധീരമായ ഒരു തീരുമാനം എന്തുകൊണ്ട് എടുത്തുകൂടാ?'  നാലപ്പാട്ട് ചോദിച്ചു. 

അങ്ങനെയാണ് ചരിത്രപ്രസിദ്ധമായ ആദ്യത്തെ നമ്പൂതിരി വിധവാവിവാഹം രസികസദനത്തില്‍ നടക്കുന്നത് (1934 സെപ്റ്റംബര്‍ 14). വന്നേരിയില്‍ നാലപ്പാട്ടിന്റെ അയല്‍ക്കാരനും സാഹിത്യകാരനുമായ മുല്ലമംഗലം രാമന്‍ ഭട്ടതിരിപ്പാട് (എം.ആര്‍.ബി) വിധവയായ ഞങ്ങളുടെ ഇളയമ്മയെ അന്നത്തെ പ്രമുഖ കേരളീയ സാമൂഹ്യപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ വേള്‍ക്കുകയായിരുന്നു. വിപുലമായ പന്തിഭോജനത്തോടെ നടന്ന ഈ വിപ്ലവാത്മകതയ്ക്ക് ആതിഥേയനെപ്പോലെ ആദ്യവസാനക്കാരനായി നാലപ്പാട്ടും ഉണ്ടായിരുന്നു. 

വിഎം നായർ
വിഎം നായർ

ദമ്പതികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നാലപ്പാട്ട് സംസാരിക്കുകയും ചെയ്തു: 

'ക്ഷേത്രാധികാരികളും ഗ്രാമാധിപതികളും രാജാക്കന്മാരുടെ പ്രതിനിധികളും ചേര്‍ന്ന് ദമ്പതികള്‍ക്കും പങ്കുകൊണ്ടവര്‍ക്കും വിലക്കു കല്പിച്ചെന്നു വരാം. പന്തിരുകുലത്തിന്റെ നാട്ടില്‍ വധൂവരന്മാര്‍ നിര്‍വ്വഹിച്ചത് വിപ്ലവമാണ്. അവര്‍ നമുക്ക് പുതിയ പ്രഭാതം തുറന്നുതന്നു. ഈ പ്രഭാതം അസ്തമിക്കാന്‍ അനുവദിച്ചുകൂടാ. ഭ്രഷ്ട കുടുംബങ്ങള്‍ക്കു തൊഴില്‍ ചെയ്തു ജീവിക്കുന്നതിനും നാലുവര്‍ഗ്ഗത്തിന്റേയും സമാരാദ്ധ്യമായ സമത്വസന്ദേശത്തിനും ഉദ്ബുദ്ധ കേരളസൃഷ്ടിക്കും വി.ടി. ഇനി ചെയ്യേണ്ടത് കോളനി, പത്രം തുടങ്ങിയ സംരംഭങ്ങളാണ്.'

നാലപ്പാട്ടിന്റെ ഉപദേശം അച്ഛന്‍ കൈക്കൊണ്ടു. രസികസദനം സഹോദരന് കൈമാറി. അച്ഛനും ഭ്രഷ്ടാക്കപ്പെട്ട എം.ആര്‍.ബി തുടങ്ങിയവരുടെ കുടുംബങ്ങളുമൊത്ത് പുഴയുടെ മറുകരയിലേക്കു ചേക്കേറി. കൊടുമുണ്ടയില്‍ കാഞ്ഞൂര്‍, നരിപ്പറ്റ ഗൃഹക്കാരുടെ സഹായത്തോടെ കൊടുമുണ്ടയില്‍ 'ഉദ്ബുദ്ധ കേരളം' എന്ന പേരില്‍ കോളനിയും പാക്ഷികപത്രവും തുടങ്ങി. കൃഷി, നെയ്ത്ത്, അച്ചടി തുടങ്ങിയ തൊഴിലുകള്‍ ചെയ്തുള്ള കേരളത്തിലെ ആദ്യത്തെ കമ്യൂണ്‍ ജീവിതാരംഭം കൂടിയായിരുന്നു അത്.

പെനാങ്കില്‍ പോയി എന്ന കാരണത്താല്‍ ഇല്ലത്തുനിന്നു ബഹിഷ്‌കൃതനും കോളനിയുടെ സംരംഭകനുമായിത്തീര്‍ന്ന കുമ്മിണി പരമേശ്വരന്‍ നമ്പൂതിരിയുടെ പരിവേദന വിവാഹവും കോളനിയില്‍ നടന്നു. നാലപ്പാട്ട് പങ്കെടുക്കുകയും താന്‍ പരിഭാഷപ്പെടുത്തിയ 'പാവങ്ങള്‍' എന്ന ഗ്രന്ഥം വധുവിനു സമ്മാനിക്കുകയും ചെയ്തു. പിന്നീട് കോളനി നിലച്ച് പട്ടിണിയും അനാഥത്വവും അനുഭവിക്കേണ്ടിവന്നപ്പോള്‍ സാന്ത്വനവും പ്രതീക്ഷയും പകര്‍ന്നത് നാലപ്പാട്ടിന്റെ ഈ ഗ്രന്ഥമായിരുന്നു എന്ന് കോളനി അന്തേവാസിയും വായനപ്രിയയുമായിരുന്ന മിസ്സിസ് കുമ്മിണി പരമേശ്വരന്‍ നമ്പൂതിരി മരിക്കുന്നതു വരെ ഓര്‍മ്മിച്ചിരുന്നു. 

ജനങ്ങളെ അന്വേഷിച്ചുപോകുന്ന കവികളുണ്ട്. അവര്‍ എളുപ്പത്തില്‍ പ്രസിദ്ധമാവും. എന്നാല്‍, നാലപ്പാട്ട് പ്രസിദ്ധിയുടെയല്ല, സൗഹൃദങ്ങളുടെ പിന്നാലെയാണ് സഞ്ചരിച്ചത്. ആവശ്യമുണ്ടായാലും ഇല്ലെങ്കിലും നാലപ്പാട്ടു പോവുക, കവിയുടെ മധുരമായ സംഭാഷണവും ആതിഥ്യവും അനുഭവിച്ച് ഊര്‍ജ്ജം സമ്പാദിക്കുക ഇതു പലര്‍ക്കും പതിവായി. പൊന്നാനിക്കാരുടെ കൂട്ടുകുടുംബം എന്ന് ഇന്ന് പെരുമയോടെ പറഞ്ഞുവരുന്ന 'പൊന്നാനിക്കളരി'യുടെ ശ്രീമൂലസ്ഥാനം നാലപ്പാട്ടു ഭവനമാണെന്നു പറയാം. കുട്ടിക്കൃഷ്ണമാരാര്, വള്ളത്തോള്‍, കെ.കെ. രാജ, കീഴേടത്തു വാസുദേവന്‍ നായര്‍, ഇടശ്ശേരി, പി.സി. കുട്ടിക്കൃഷ്ണന്‍, ടി.വി. ശൂലപാണിവാര്യര്‍, അക്കിത്തം, കടവനാട് തുടങ്ങിയ അന്നത്തെ സാഹിത്യകാരന്മാര്‍ നാലപ്പാട്ടു ഭവനത്തിലെ ആതിഥ്യം അനുഭവിച്ചവരാണ്. മാധവിക്കുട്ടിയുടെ ഭാഷയില്‍ നാലപ്പാട്ടെ ഉമ്മറത്തു വിരിച്ചിട്ട കിടക്കകളില്‍ ഒരാവലാതിയുമില്ലാതെ കിടന്നുറങ്ങിയവരാണ്. തനി ഉള്‍നാടന്‍ പ്രദേശമായിരുന്ന വന്നേരിനാട് സാഹിത്യതീര്‍ത്ഥാടന കേന്ദ്രമായി മാറുന്നത് നാലപ്പാട്ടനിലൂടെയാണ്. 

'അപാരതയുടെ പെരുമ്പറ കൊട്ടുന്ന അറബിക്കടലിന്റെ തീരപ്രദേശത്ത് ചവിട്ടിയാലും ചളിപറ്റാത്ത വെണ്‍മണല്‍പ്പരപ്പില്‍ കനകക്കുടങ്ങള്‍ ചുമന്ന് കടല്‍ക്കാറ്റേറ്റ് തലയാട്ടി നില്‍ക്കുന്ന കേരദ്രുമങ്ങളുടെ ഇടയില്‍ വേട്ടുവര്‍ മുതല്‍ വിപ്രന്മാര്‍ വരെയുള്ള വിവിധ ജാതിജനങ്ങളുടെ വ്യത്യസ്ത ജീവിതരീതികളുടെ മധ്യത്തില്‍ ഔദാര്യവും കുലീനതയും നിറഞ്ഞ ഒരിടം' അച്ഛന്‍ മനസ്സില്‍ കൊണ്ടുനടന്ന നാലാപ്പാട്ടു ഭവനത്തിന്റെ വന്നേരിച്ചിത്രമാണിത്. 

ചാവക്കാട്ടുകാരന്‍ ഈഴവ സുഹൃത്ത് പണിക്കരും അച്ഛനും കൂടി ഒരാവശ്യത്തിന് നാലപ്പാട്ടു കയറിച്ചെന്ന കഥ അച്ഛന്‍ ആവേശത്തോടെ വിവരിച്ചിട്ടുണ്ട്. സന്ധ്യയോടു കൂടി അവര്‍ നാലപ്പാട്ട് എത്തി. കാര്യങ്ങളെല്ലാം സംസാരിച്ചു തീര്‍ന്നപ്പോള്‍ പണിക്കര്‍ ചൂട്ടും കൊളുത്തി മടങ്ങാനുള്ള പുറപ്പാടായി. 

അപ്പോള്‍ നാലപ്പാട്ട് പറഞ്ഞു: 'ഈ അസമയത്തു പോവേ?' പണിക്കര്‍ പരുങ്ങി. 'ഹൈ, പോണ്ട' നാലപ്പാട്ട് ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ആ രാത്രി രണ്ടുപേരും അവിടെ ഒന്നിച്ചു താമസിച്ചു. 

പതിവുപോലെ പത്തു മണിക്ക് ഉണ്ണാന്‍ ക്ഷണിച്ചു. പണിക്കര്‍ പറഞ്ഞു: 'ഞാന്‍ ഇവിടെ കൂടിക്കോളാം.' 

'അല്ല, ഇങ്ങോട്ടു വരാം' നാലപ്പാട്ട് തെക്കിനിയിലേക്കു കൂട്ടിക്കൊണ്ടുപോയി. എല്ലാവരും ഒരുമിച്ച് ഉണ്ണാനിരുന്നു. ഊണിനിടയ്ക്ക് നാലപ്പാട്ടിന്റെ വിപ്ലവബോധത്തെക്കുറിച്ച് അച്ഛന്‍ ആലോചിച്ചു. ഉള്ളി പോലും ഉപയോഗിക്കാത്ത പഴയ നായര്‍ത്തറവാട്. നമ്പൂതിരിമാരും തമ്പുരാക്കന്മാരുമല്ലാതെ അവിടെ സംബന്ധം പതിവുണ്ടായിരുന്നില്ല. ആ നാലുകെട്ടിനും അടുക്കളയില്‍ പചിച്ച വിഭവങ്ങള്‍ക്കു കൂടിയും നമ്പൂതിരിത്തത്തിന്റേതായ ഒരു കൂട്ട് ഉണ്ടായിരുന്നു. നാലപ്പാട്ട് എന്നുവെച്ചാല്‍ പൂണുനൂലില്ലാത്ത ഒരു നമ്പൂതിരി, അവിടത്തെ സ്ത്രീകളോ, ചെറുതാലി കെട്ടാത്ത അന്തര്‍ജ്ജനങ്ങളും. ആ തെക്കിനിയിലാണ് നമ്പൂതിരിയും നായരും ഈഴവനും ഒരേ പുല്‍പ്പായയിലിരുന്ന് ഉണ്ണുന്നത്. നാലപ്പാട്ടിന്റെ അറുപതു വയസ്സു കഴിഞ്ഞ അമ്മ വിളമ്പിത്തരുകയും. നാലപ്പാട്ടിന്റെ സാമുദായിക പരിഷ്‌കാരം നാവിന്മേലല്ല, നാലുകെട്ടിനകത്താണ്. ('നാലപ്പാട്ട് ഒരു ഉല്പതിഷ്ണു' എന്ന ലേഖനം).

നാലപ്പാട്ട് ഒരു സാമുദായിക സംഘടനയിലേയും അംഗമല്ല. ഒരു രാഷ്ട്രീയ സംഘടനയിലേയും പ്രവര്‍ത്തകനുമല്ല. അദ്ദേഹം പ്ലാറ്റുഫോറത്തില്‍ കയറി പ്രസംഗിക്കാറില്ല. തന്റെ അഭിപ്രായം മറ്റുള്ളവരുടെമേല്‍ വെച്ചുകെട്ടാനായി ഒരു പ്രമേയവും അവതരിപ്പിച്ചിട്ടുമില്ല. പക്ഷേ, മറ്റാരേക്കാള്‍ പിന്നിലല്ലാത്ത വിപ്ലവകാരിയും  എന്ന അച്ഛന്റെ നിരീക്ഷണം രസകരമാണ്. 

രിങ്ങള്‍ത്തൊഴല്‍ പോലെയാണ് അച്ഛന്റെ വന്നേരി യാത്രകള്‍. പൊതുവാഹനങ്ങളില്ലാത്ത ആ കാലത്ത് കിലോമീറ്ററുകളോളം നടന്നുവേണം നാലപ്പാട്ടെത്തുവാന്‍. അതിരാവിലെ മേഴത്തൂരില്‍നിന്നു പുറപ്പെട്ട് ചാലിശ്ശേരിയിലെ പെരുമണ്ണൂരിലെത്തും. വന്നേരിക്കുള്ള എല്ലാ എളുപ്പവഴികളും കണ്ണടച്ചാലും അച്ഛനു പരിചിതമാണ്. പെരുമണ്ണൂരിലെ വേണാട്ടുമനയും അടിമനയും അച്ഛന്റെ യാത്രാസങ്കേതങ്ങളാണ്. അവിടത്തെ നമ്പൂതിരി സുഹൃത്തുക്കളോടൊത്ത് പണ്ട് ചാലിശ്ശേരി അങ്ങാടിയില്‍ നെല്ലുകച്ചവടം നടത്തുകയും ഗംഭീരമായി പൊളിയുകയും ചെയ്തിട്ടുണ്ട്. വേണാട്ടെ കുളത്തില്‍ കുളി, ഇല്ലത്തെ പ്രാതല്‍, അക്ഷരശ്ലോകം, സമസ്യാപൂരണം തുടങ്ങിയ വിനോദങ്ങളില്‍ വേണാട്ടെ മുതിര്‍ന്നവരും കൂടും. പകല്‍വെയില്‍ താണാല്‍ നടത്തം തുടരും. കടവല്ലൂരില്‍ അച്ചുതാനന്ദന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. പൊതുപ്രവര്‍ത്തകനും കവിയും സംസ്‌കൃതപണ്ഡിതനും ഉറ്റ സുഹൃത്തുമായ അച്ചുതാനന്ദനും നാലപ്പാട്ടേക്കുള്ള യാത്ര ഇഷ്ടമാണ്. നരണിപ്പുഴയും കടന്ന് കുണ്ടുകടവ്  കോട്ടപ്പടി റോഡിലെത്തും. പിന്നേയും നാലഞ്ചു നാഴിക നടന്നാല്‍ പുന്നയൂര്‍ക്കുളവും നാലപ്പാട്ടു തറവാടുമായി. 

കേസരി എ ബാലകൃഷ്ണപിള്ള
കേസരി എ ബാലകൃഷ്ണപിള്ള

ഒരിക്കല്‍ ഇരുട്ടു പരക്കാന്‍ തുടങ്ങിയ വൈകുന്നേരത്ത് നാലപ്പാട്ടുനിന്നു മടങ്ങേണ്ടിവന്നു. അച്ചുതാനന്ദന് പിറ്റേ ദിവസം അതിരാവിലെ കടവല്ലൂരില്‍നിന്നു എവിടേയ്‌ക്കോ യാത്രപോവാനുണ്ട്. രാത്രി നടത്തത്തിന് ക്ഷീണം കുറയും. സ്‌നേഹിതനോടു സൊള്ളിക്കൊണ്ടു സഞ്ചരിക്കയുമാവാം. വെളിച്ചത്തിന് രണ്ടു ചൂട്ടും കരുതി. രാത്രിക്കു നീളം കൂടുതലുള്ള നാളുകളായിരുന്നു. മൂക്കുതലയ്ക്കിപ്പുറമുള്ള ചൂട്ട് കത്തിത്തീര്‍ന്നു. സമീപത്തു വീടുകളില്ല. നടവഴി തിരിച്ചറിയാന്‍ പറ്റാത്ത അന്ധകാരം. ഒടുവില്‍ ഒരു മരച്ചുവട്ടില്‍ ബാഗും കുടയും തലയ്ക്കുവെച്ചു കിടന്നു. ഉറങ്ങിപ്പോയതറിഞ്ഞില്ല. 

'ദാ രണ്ടു ശവം ഈ മരത്തിന്റെ ചുവട്ടില്‍' എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു കേട്ടാണ് ഉണര്‍ന്നത്. ആരോ കോല്‍കൊണ്ടു ശരീരത്തില്‍ കുത്തിയുണര്‍ത്താന്‍ ശ്രമിച്ചതിന്റെ വേദനയുമുണ്ട്. ഞങ്ങളുടെ വീട്ടില്‍ നിത്യാതിഥിയായിരുന്ന അച്ചുതാനന്ദനുമായി അച്ഛന്‍ ഈ യാത്രാനുഭവം പങ്കിട്ടു രസിക്കുന്നതു കേട്ടിട്ടുണ്ട്.
 
ഞങ്ങളുടെ അയല്‍ക്കാരനും എഴുത്തുകാരനും സാക്ഷാല്‍ എം.പി. ശങ്കുണ്ണിനായരുടെ ജ്യേഷ്ഠനുമായ പ്രൊഫ. എം.പി. ബാലകൃഷ്ണന്‍ നായര്‍ അച്ഛന്റെ കൂടെ നാലപ്പാട്ടു പോയതിനെക്കുറിച്ച് 'മലയാള രാജ്യ'ത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്. കൊല്ലം എസ്.എന്‍. കോളേജില്‍ അദ്ധ്യാപകനായിരിക്കെ രാവിലെ പതിവുപോലെ കോളേജിലേക്കുള്ള യാത്രയില്‍ ഏതോ പുസ്തകം പരിശോധിച്ചുകൊണ്ട് റെയില്‍പ്പാളം മുറിച്ചുകടക്കുകയായിരുന്നു. വായനയില്‍ മുഴുകിയ ബാലകൃഷ്ണന്‍ നായര്‍ തീവണ്ടി വരുന്നതു കണ്ടില്ല. നല്ലൊരെഴുത്തുകാരനെയാണ് ആ അത്യാഹിതം കവര്‍ന്നെടുത്തത്. 

എം.പി. ബാലകൃഷ്ണന്‍ നായര്‍ ബി.എ. പരീക്ഷ കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമ്മര്‍വെക്കേഷന്‍ കാലം (1936). അച്ഛന്‍ സ്‌നേഹിതനായ ഈ യുവാവിനോടു ചോദിച്ചു: 'സാഹിത്യവിദ്യാര്‍ത്ഥിയല്ലേ? നാലപ്പാട്ടനെ പരിചയമുണ്ടോ? ഇല്ലെങ്കില്‍ പരിചയപ്പെടണം. നാളെ വന്നേരിക്ക് ഞാന്‍ പോകുന്നുണ്ട് കൂടെ വരുന്നുവോ?'

'കണ്ണുനീര്‍ത്തുള്ളി'യിലൂടെ കവിയുടെ ആരാധകനായിത്തീര്‍ന്ന ബാലകൃഷ്ണന്‍ നായര്‍ ഉത്സാഹത്തോടെ പുറപ്പെട്ടു. രാവിലെ ഏഴു മണിയോടെ അച്ഛനോടൊപ്പം നടത്തം തുടങ്ങി. പതിനൊന്നുമണിക്ക് നാലപ്പാട്ട് എത്തി. പൂമുഖത്തുതന്നെ ഉണ്ടായിരുന്ന മഹാകവി ചാരുകസാലയില്‍നിന്ന് എഴുന്നേറ്റ് സ്വീകരിച്ചു. അടുത്തുള്ള ചൂരല്‍ക്കസാലകളില്‍ രണ്ടതിഥിയേയും ഇരുത്തിയ ശേഷമേ ആതിഥേയന്‍ തന്റെ കസാലയില്‍ ഇരുന്നുള്ളു. 

ചെന്ന അവസരത്തില്‍ എന്തോ എഴുതിക്കൊണ്ടിരിക്കയായിരുന്നു. അടുത്തുള്ള വട്ടമേശമേല്‍ തടിച്ച നാലഞ്ചു പുസ്തകങ്ങള്‍. അച്ഛന്‍ തന്റെ കൂടെയുള്ള യുവാവിനെ പരിചയപ്പെടുത്തി. ബി.എയ്ക്കുശേഷം എന്തു ചെയ്യാന്‍ പോകുന്നു എന്ന് അന്വേഷിച്ചപ്പോള്‍ ബാലകൃഷ്ണന്‍ നായര്‍ പരുങ്ങി. തുടര്‍ന്നു പഠിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞു. നാലപ്പാട്ട് സംസാരിച്ചു തുടങ്ങി. വിദ്യാഭ്യാസ സമ്പ്രദായം, മലയാള കവിത, യോഗക്ഷേമസഭ ഇങ്ങനെ സംഭാഷണം നീണ്ടു. നാലപ്പാട്ടും വി.ടിയും തമ്മിലായിരുന്നു സംഭാഷണം. താന്‍ ശ്രോതാവും. അഭിപ്രായം ആരായുന്നമട്ടില്‍ തന്റെ മുഖത്തേയ്ക്കും നോക്കും. അവഗണിക്കപ്പെടുന്നില്ല എന്ന അര്‍ത്ഥത്തില്‍. സമഭാവനയും അതുല്യമായ ബുദ്ധിശക്തിയും പ്രകടമാക്കുന്ന കണ്ണുകള്‍. ഹൃദ്യവും നിഷ്‌കളങ്കവുമായ പൊട്ടിച്ചിരി. വിനോദവും വിജ്ഞാനവും വിതറി എത്ര നേരമെങ്കിലും സംസാരിക്കുന്ന രീതി. ബാലകൃഷ്ണന്‍ നായര്‍ക്ക് നാലപ്പാട്ടിനോടുള്ള ആദരവ് വര്‍ദ്ധിച്ചു. 

ഊണും കാപ്പിയും കഴിഞ്ഞ് നാലപ്പാട്ടു നിന്നു മടങ്ങുമ്പോഴും ആ ആതിഥ്യത്തിന്റെ മാധുര്യം മാഞ്ഞില്ല. ഏതോ ഋഷിയുടെ പുണ്യാശ്രമത്തില്‍ പ്രവേശിച്ചതുപോലുള്ള അനുഭൂതിയാണ് സന്ദര്‍ശനത്തില്‍നിന്നു സിദ്ധിച്ചത് എന്ന് ബാലകൃഷ്ണന്‍ നായര്‍ എഴുതി. ജീവിതസമരത്തിന്റെ തീവ്രതയില്ല. ആശാനെപ്പോലെ തത്ത്വചിന്തകനായ കവി, അരവിന്ദഘോഷിനെപ്പോലെ ജ്ഞാനയോഗി. അമൂല്യമായ അനുഭൂതി പകര്‍ന്ന ഈ യാത്രയ്ക്ക് വി.ടിയോടു കടപ്പെട്ടിരിക്കുന്നു എന്നും ബാലകൃഷ്ണന്‍ നായര്‍ ഓര്‍മ്മിക്കുന്നു. 

നാലപ്പാട്ടനേയും കേസരി ബാലകൃഷ്ണപിള്ളയേയും താരതമ്യപ്പെടുത്തി അച്ഛനും ഒരു ലേഖനം എഴുതിയിരുന്നു. അക്കിത്തത്തിന്റേയും ഇടശ്ശേരിയുടേയും കൂടെ കേസരിയെ പറവൂരിലെ മാടവനപ്പറമ്പില്‍ ചെന്നു കണ്ടശേഷം 'ഇരുപതാം നൂറ്റാണ്ടിലെ സോക്രട്ടീസ്' എന്ന ആ കുറിപ്പ് എം.വി. ദേവന്റേയും എം. ഗോവിന്ദന്റേയും 'നവ സാഹിതി'യിലാണ് പ്രസിദ്ധീകരിച്ചത്. 

'കേസരിയുടെ ഓടിട്ട വീട്ടിലെ ഗൃഹാങ്കണത്തില്‍ മണല്‍ത്തരികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം നാലപ്പാട്ടിന്റെ വസതിയോടു സാദൃശ്യമുണ്ട്. ആ രണ്ടു കൂറ്റന്‍ വ്യക്തികള്‍ക്കും. പക്ഷേ, മാടവനപ്പറമ്പിനു ലാളിത്യം കൂടും. നാലപ്പാട്ട് ഒരു ഉറച്ച കസാലയില്‍ തലയെടുപ്പോടെ അമര്‍ന്നിരുന്ന് പൂര്‍ണ്ണമായ വാചകങ്ങളില്‍ ഗംഭീരമായ ആശയങ്ങള്‍ കലാവിരുതുള്ള കരചലനങ്ങളോടുകൂടി ആവിഷ്‌കരിക്കുമ്പോള്‍ ബാലകൃഷ്ണപിള്ള ഓരോ തവണ ചുമയ്ക്കുമ്പോഴും ഇളകുന്ന ഒരു കൊച്ചു കസാലയില്‍ മുറിഞ്ഞു മുറിഞ്ഞു വീഴുന്ന വാചകങ്ങളില്‍ മഹത്തായ കാര്യങ്ങള്‍ യാതൊരു ആര്‍ഭാടവും കൂടാതെ നമുക്കു പറഞ്ഞുതരുന്നു. നാലപ്പാട്ട് നിലാവണിഞ്ഞു നില്‍ക്കുന്ന ഒരു വെള്ളാമ്പല്‍പ്പൂവാണെങ്കില്‍ ബാലകൃഷ്ണപിള്ള ഒരു വാടാമല്ലികയാണ്. എന്നാല്‍, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ആ രണ്ടു മഹാരഥന്മാരെ താരതമ്യപ്പെടുത്തുന്നതു സൂക്ഷിച്ചുവേണം. നാലപ്പാട്ട് കാഴ്ചയില്‍ ഇന്നും ഒരു യുവാവാണ്. ബാലകൃഷ്ണപിള്ള ഒരു വൃദ്ധനും. സ്വഭാവത്തില്‍ നാലപ്പാട്ട് ഇരുത്തംവന്ന നേതാവാണ്, ബാലകൃഷ്ണപിള്ളയോ ഉച്ഛൃംഖലനായ ഒരു യുവാവും. നാലപ്പാട്ടന്‍ അടുക്കിവെച്ച മഹനീയതകളെ ഓരോന്നും ഒരു മാന്ത്രികന്റെ ചടുലതയോടെ തൊട്ടുകാട്ടിക്കൊണ്ട് പരമമായ ലക്ഷ്യത്തിനു സുഖവിശാലമായ ചക്രവാളത്തെക്കൊണ്ട് ചട്ടക്കൂടിട്ടു തരുന്നു. ബാലകൃഷ്ണപിള്ളയാകട്ടെ വിശേഷിച്ച്, യാതൊന്നും ചൂണ്ടിക്കാണിക്കാതെ ചക്രവാളത്തിനുമപ്പുറത്ത് ചക്രവാളങ്ങളുണ്ടാവാമെന്നു സ്ഥാപിച്ച് അങ്ങിങ്ങു തേടിപ്പോവാന്‍ നമ്മുടെ കാലുകള്‍ക്കു ശക്തി തരുകയാണ്. എന്നിട്ടു പറയുന്നു: 'എല്ലാം നീ തന്നെ നോക്കിക്കാണുക. എല്ലാം എവിടേയുമുണ്ട്.' ഈശ്വരമഹത്ത്വത്തെക്കുറിച്ചും മന്ത്രശാസ്ത്രങ്ങളെക്കുറിച്ചും കേട്ട നാം നാലപ്പാട്ടുനിന്ന് ഇറങ്ങിപ്പോരുമ്പോള്‍ ജാജ്വല്യമാനമായ ലൗകികതയിലേക്കാണ് ഓരോ അടിയും എടുത്തുവെയ്ക്കുന്നതെന്നു തോന്നിപ്പോകുന്നു. പക്ഷേ, ഈശ്വരനില്ല എന്നുറപ്പിച്ചു പറയുന്ന ബാലകൃഷ്ണപിള്ളയോടു യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ഒരു ഋഷിവാടത്തില്‍നിന്ന് ഇറങ്ങിപ്പോരുമ്പോഴുണ്ടാവുന്ന മധുരമായ വേദനയോടുകൂടി അലൗകികതയിലേക്കാണ് കാലൂന്നിപ്പോകുന്നതെന്നത്രേ തോന്നുക.'

ഈ താരതമ്യ പരാമര്‍ശം നാലപ്പാട്ടിന് അല്പരസമുണ്ടാക്കിയ സംഭവവും ഇപ്പോള്‍ ഓര്‍ക്കാന്‍ രസമുണ്ട്. സമാദരണീയരായ രണ്ടുപേരിലും ആകര്‍ഷിച്ച സവിശേഷതകളെ എടുത്തുകാട്ടുക എന്നതല്ലാതെ ഒരാളെ ഉയര്‍ത്തി മറ്റൊരാളെ തേജോവധം ചെയ്യുക എന്ന ഹീനത അച്ഛന്റെ രീതിയോ ലക്ഷ്യമോ ആയിരുന്നില്ല. സത്വഗുണ പ്രധാനമായ നാസ്തികതയാണ് ബാലകൃഷ്ണപിള്ളയെങ്കില്‍ രജോഗുണപ്രധാനമായ ആസ്തികതയാണ് നാലപ്പാട്ട് എന്ന നിഗമനമാണ് അച്ഛന്‍ സ്വീകരിച്ചത്. പക്ഷേ, വാക്കിനെ തൊട്ടപ്പോള്‍ നാലപ്പാട്ടും ശിഷ്യനോടു പിണങ്ങി. വി.ടി തന്നെ ചെറുതാക്കുകയാണെന്ന് അദ്ദേഹം പരിഭവിച്ചു. സാഹിത്യ സാമൂഹ്യ പരിഷ്‌കാരങ്ങളില്‍ അച്ഛനു നല്‍കിപ്പോന്ന സമ്പര്‍ക്കം നഷ്ടമായി. മാപ്പുതരാന്‍ തയ്യാറായതുമില്ല. മരുമക്കത്തായത്തറവാട്ടിലെ കാരണവര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ അനന്തരവന്മാരോട് അല്പരസപ്പെടുന്ന നിലയിലേക്കു ചുരുങ്ങുന്നതില്‍ വിഷാദിക്കുമ്പോഴും മനുഷ്യത്വത്തിന്റെ മഹത്ത്വം മനസ്സിലാക്കിത്തന്നത് നാലപ്പാട്ടാണെന്ന് അച്ഛന്‍ സാദരം അനുസ്മരിച്ചുപോന്നു. 'നാവില്‍ എപ്പോഴും നാലപ്പാട്ടിന്റെ കവിത' എന്നു സഹപ്രവര്‍ത്തകര്‍ തനിക്കു നല്‍കിയ വിശേഷണത്തില്‍ അച്ഛന്‍ അഭിമാനിക്കുകയും ചെയ്തു. 

അവലംബം 
1. ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്ക് (സമ്പാദനം : സുവര്‍ണ്ണ നാലപ്പാട്ട്) 
2. നാലപ്പാട്ട് ഷഷ്ടിപൂര്‍ത്യുപഹാര ഗ്രന്ഥം

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com