'എല്ലാ മനുഷ്യാവകാശങ്ങളും ഇസ്ലാമിക ശരീഅത്തിന് വിധേയമാണ്'- ഇതാണ് അവരുടെയെല്ലാം നിലപാട്

ഏകീകൃത പൗരനിയമം എന്നു കേള്‍ക്കുന്ന മാത്രയില്‍ ഉറക്കം ഞെട്ടിയുണരുന്ന കൂട്ടായ്മയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
'എല്ലാ മനുഷ്യാവകാശങ്ങളും ഇസ്ലാമിക ശരീഅത്തിന് വിധേയമാണ്'- ഇതാണ് അവരുടെയെല്ലാം നിലപാട്

കീകൃത പൗരനിയമം എന്നു കേള്‍ക്കുന്ന മാത്രയില്‍ ഉറക്കം ഞെട്ടിയുണരുന്ന കൂട്ടായ്മയാണ് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. 1973-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സഘടന മുസ്ലിം വ്യക്തിനിയമങ്ങളുടെ കാലോചിത പരിഷ്‌കരണത്തെക്കുറിച്ച് ഒരുകാലത്തും ആലോചിച്ചിട്ടേയില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്ന പൊതു സിവില്‍ കോഡിന് അനുകൂലമായി വല്ലവരും സംസാരിച്ചാല്‍ മുന്‍പില്‍ നോക്കാതെ അവര്‍ക്കു നേരെ വാളോങ്ങുന്നതാണ് ബോര്‍ഡിന്റെ മുഖ്യതൊഴില്‍. 1985-ലും 1995-ലും അതില്‍ പിന്നീടും സുപ്രീംകോടതി ഏകീകൃത പൗരനിയമത്തിന്റെ അഭിലഷണീയതയിലേക്കു കൈചൂണ്ടിയ സന്ദര്‍ഭങ്ങളിലെല്ലാം ബോര്‍ഡിന്റെ അമരക്കാര്‍ കോടതി നിരീക്ഷണത്തിനെതിരെ ഉറഞ്ഞുതുള്ളിയത് ചരിത്രത്തിന്റെ ഭാഗമാണ്.

ഇപ്പോള്‍, 2022 ഏപ്രില്‍ 26-ന് വീണ്ടും ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രംഗത്ത് വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ പൊതു സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാന്‍ പൊതു പൗരനിയമം മുസ്ലിങ്ങള്‍ക്കു സ്വീകാര്യമല്ല എന്നും അത് ഭരണഘടനാവിരുദ്ധവും മുസ്ലിം സമുദായവിരുദ്ധവുമാണെന്നുമുള്ള പ്രസ്താവനയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്കു പകരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ യൂണിഫോം സിവില്‍ കോഡ് എങ്ങനെയാണ് മുസ്ലിംവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാകുന്നതെന്നു വ്യക്തി നിയമബോര്‍ഡോ പൊതു പൗരനിയമവിരുദ്ധരോ ഇന്നേവരെ തൃപ്തികരമായി വിശദീകരിച്ചിട്ടില്ല. നിലവില്‍ മുസ്ലിം വ്യക്തിനിയമങ്ങള്‍ പ്രകാരം ബഹുഭാര്യാത്വം, സ്വത്തവകാശത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം, പുരുഷന്റെ സ്വേച്ഛ പ്രകാരമുള്ള വിവാഹമോചനം എന്നിവയ്ക്ക് നിയമസാധുതയുണ്ട്. ഏകീകൃത സിവില്‍ നിയമം വന്നാല്‍ ആ സാധുത നഷ്ടപ്പെടും. മറ്റു വിധത്തില്‍ പറഞ്ഞാല്‍, വ്യക്തിനിയമങ്ങള്‍ ലിംഗസമത്വപരവും ലിംഗനീതിപരവുമാകും. മതസ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ലിംഗസമത്വം എന്ന മഹനീയ തത്ത്വത്തിനു വിധേയമായിരിക്കണം എന്നനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഒരളവിലും എതിരല്ല അത്. മതം എന്നതിന്റെ പര്യായമാണ് സ്ത്രീവിരുദ്ധത എന്നംഗീകരിക്കാത്ത മുസ്ലിം സമുദായാംഗങ്ങളാരും അതിനെ മുസ്ലിംവിരുദ്ധമായി കാണുന്നുമില്ല.

ലിംഗസമത്വവും ലിംഗനീതിയും ഉറപ്പാക്കാനുതകുന്ന ഏകീകൃത പൗരനിയമത്തെ ഇസ്ലാം വിരുദ്ധം എന്നു വിശേഷിപ്പിക്കുന്നവര്‍ ഇസ്ലാമിക നിയമങ്ങളുടെ പരിണാമ ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നതു നന്നായിരിക്കും. മറ്റു പല സമൂഹങ്ങളിലുമെന്നപോലെ ഇസ്ലാമിക സമൂഹത്തിലും അടിമസമ്പ്രദായം നിലനിന്നിരുന്നു. അതിന് ഖുര്‍ആനിന്റേയും സുന്നത്തിന്റേയും പിന്‍ബലവുമുണ്ടായിരുന്നു. തുര്‍ക്കി ആസ്ഥാനമായുള്ള ഒട്ടോമന്‍ ഖലീഫാമാരുടെ ഭരണകാലത്ത് അടിമക്കച്ചവടക്കാര്‍ ആഫ്രിക്കയില്‍നിന്നും സര്‍ക്കാസിയയില്‍നിന്നും ജോര്‍ജിയയില്‍നിന്നും മറ്റും ആളുകളെ, വിശിഷ്യാ സ്ത്രീകളെ വേട്ടയാടിപ്പിടിച്ച് ഇസ്താംബൂളിലേയും ബസ്രയിലേയും മക്കയിലേയും മറ്റിടങ്ങളിലേയും അടിമച്ചന്തകളില്‍ വിറ്റു കാശാക്കിപ്പോരുകയുണ്ടായി.

സമുദായ പരിഷ്‌കരണത്തിന്റെ ഒട്ടോമന്‍ മാതൃക

അതിപ്രാകൃതമായ ഈ സാമൂഹിക തിന്മ അവസാനിപ്പിക്കാനുള്ള പ്രസ്ഥാനം ഉയര്‍ന്നുവന്നത്. പക്ഷേ, ഇസ്താംബൂളിലോ കെയ്‌റോയിലോ ഇല്ല, മറിച്ച് ലണ്ടനിലാണ്. 1833-ല്‍ ബ്രിട്ടനില്‍ അടിമത്തം നിരോധിച്ചു. ബ്രിട്ടന്റെ അഭ്യര്‍ത്ഥന മാനിച്ച് പരിഷ്‌കരണവാദിയായിരുന്ന ഒട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍ 1847-ല്‍ തന്റെ സാമ്രാജ്യത്തില്‍ അടിമവ്യാപാരം നിയമവിരുദ്ധമാക്കുകയും ഇസ്താംബൂളിലെ അടിമച്ചന്ത അടച്ചുപൂട്ടുകയും ചെയ്തു. പക്ഷേ, അക്കാലത്ത് യാഥാസ്ഥിതിക മുസ്ലിം മതപണ്ഡിതര്‍ അടിമത്ത നിരോധനത്തിന് അടിമുടി എതിരായിരുന്നു. അടിമത്ത നിര്‍മ്മാര്‍ജ്ജനം ഇസ്ലാം മതവിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. അടിമവ്യവസ്ഥയ്ക്ക് ഇസ്ലാം മതത്തിന്റെ (അല്ലാഹുവിന്റെ) അനുമതിയുണ്ടെന്നു തെളിയിക്കാന്‍ അവര്‍ വേദപുസ്തകത്തെ കൂട്ടുപിടിക്കുകയും ചെയ്തു. സൗദി അറേബ്യയിലും യമനിലും അടിമസമ്പ്രദായം നിരോധിക്കപ്പെട്ടത് 1962-ല്‍ മാത്രമാണ്. മൗറിട്ടാനിയ എന്ന ഇസ്ലാമിക റിപ്പബ്ലിക്കിലാകട്ടെ, നിരോധനം വന്നത് 1981-ലും. (See Mustafa Akyol, Reopening Muslim Minds, 2021, pp. 62-63).

അടിമത്ത വ്യവസ്ഥയുടെ 'ഇസ്ലാമികത' മാത്രമല്ല, കാലപ്രവാഹത്തില്‍ ചോര്‍ന്നുപോയത്. മനുഷ്യാവകാശങ്ങള്‍ എന്ന ആശയത്തിനുനേരെ മുസ്ലിം യാഥാസ്ഥിതിക വൃന്ദം സ്വീകരിച്ച നിഷേധാത്മക നിലപാടിലും മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് 1948-ലാണ്. മനുഷ്യകുടുംബത്തിലെ സര്‍വ്വ അംഗങ്ങള്‍ക്കും വര്‍ണ്ണ, വംശ, ദേശ, മത, ജാതി, ലിംഗഭേദമേന്യേ സ്വാതന്ത്ര്യത്തിനും അന്തസ്സിനും ആത്മാഭിമാനത്തിനും സുരക്ഷിത ജീവിതത്തിനുമുള്ള അവകാശതുല്യത വിളംബരം ചെയ്യുന്ന രേഖയായിരുന്നു അത്. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ എന്ന പരികല്പന ഇല്ലാത്തതിനാല്‍ മുസ്ലിം സമൂഹത്തിലെ സിദ്ധാന്തവാശിക്കാരായ പുരോഹിതര്‍ക്ക് അതു തീരെ ദഹിച്ചില്ല. ആ ഗണത്തില്‍പ്പെട്ട പ്രമുഖരില്‍ ഒരാളായിരുന്നു പാകിസ്താനിലെ ഇസ്ലാമിസ്റ്റ് ആചാര്യനായ മൗദൂദി. യു.എന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഒരു ബദല്‍ രേഖയുമായി 1976-ല്‍ അദ്ദേഹം രംഗത്തു വന്നു. 'മനുഷ്യാവകാശങ്ങള്‍ ഇസ്ലാമില്‍' എന്നായിരുന്നു മൗദൂദി രചിച്ച കൃതിയുടെ പേര്. വര്‍ണ്ണത്തിനും വംശത്തിനും ദേശീയതയ്ക്കും അതീതമായ മനുഷ്യാവകാശങ്ങളെ അംഗീകരിക്കാന്‍ മൗദൂദി തയ്യാറായെങ്കിലും ലിംഗം, മതം എന്നീ ഘടകങ്ങളെ അദ്ദേഹം സ്പര്‍ശിച്ചില്ല. ലിംഗ, മത പരിഗണന കൂടാതെയുള്ള മനുഷ്യാവകാശങ്ങള്‍ ഇസ്ലാമികമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. (Ibid, p.66)

മൗദൂദി മാത്രമല്ല, വേറെ ചിലരും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കാന്‍ വിസ്സമ്മതിച്ചു. 1981-ല്‍ ഒരു മുസ്ലിം എന്‍.ജി.ഒ 'സാര്‍വ്വത്രിക മനുഷ്യാവകാശ ഇസ്ലാമിക പ്രഖ്യാപന'വുമായി കടന്നുവന്നു. അതുകഴിഞ്ഞ് 1990-ല്‍ മിക്ക മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും ഒപ്പിട്ട 'ഇസ്ലാമിലെ മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച കെയ്‌റോ പ്രഖ്യാപന'വും പുറപ്പെട്ടു. സ്വമതം ഉപേക്ഷിക്കാനുള്ള മുസ്ലിം പൗരന്മാരുടെ അവകാശം വകവെച്ചുകൊടുക്കാന്‍ ആ പ്രഖ്യാപന ശില്പികള്‍ തയ്യാറായിരുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും ഇസ്ലാമിക ശരീഅത്തിന് (ഇസ്ലാമിക നിയമവ്യവസ്ഥയ്ക്ക്) വിധേയമായിരിക്കണം എന്നതായിരുന്നു അവരുടെയെല്ലാം നിലപാട്. കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍, സ്വമതം ഉപേക്ഷിക്കാന്‍ എല്ലാ അമുസ്ലിങ്ങള്‍ക്കും അവകാശമുണ്ടായിരിക്കണം എന്നംഗീകരിക്കുമ്പോള്‍ത്തന്നെ സ്വമതം ഉപേക്ഷിക്കാന്‍ മുസ്ലിങ്ങള്‍ക്ക് അവകാശമുണ്ടാവില്ല എന്ന തത്ത്വമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇന്നു പക്ഷേ, അടിമത്ത സമ്പ്രദായത്തിനു മതപരമായ പവിത്രതയോ അനുമതിയോ നല്‍കാന്‍ പല മുസ്ലിം സംഘടനകളും മുന്നോട്ട് വരാത്തതുപോലെ, ഐക്യരാഷ്ട്ര സഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഇസ്ലാമിക പരിധി നിശ്ചയിക്കാനും പലര്‍ക്കും മടിയുണ്ട് എന്നിടത്തേയ്ക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതേസമയം മതകല്പനകളേയും നിയമങ്ങളേയും കാലോചിതമായി വിലയിരുത്താനും പുനര്‍വ്യാഖ്യാനിക്കാനും സന്നദ്ധരല്ലാത്ത ഇസ്ലാമിക പണ്ഡിതര്‍ക്കു വര്‍ത്തമാനകാലത്തും ഒട്ടും ക്ഷാമമില്ല എന്ന വസ്തുത ബാക്കിനില്‍ക്കുകയും ചെയ്യുന്നു. ബൗദ്ധികമായി ആത്മഹത്യ നടത്തിയവരത്രേ അത്തരക്കാര്‍. ഏതു മതതത്ത്വവും മതശാസനവും കാലദേശങ്ങള്‍ക്കും നൂതന വിജ്ഞാനങ്ങള്‍ക്കുമനുസരിച്ച് വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്ന ശാസ്ത്രീയവും പുരോഗമനപരവുമായ നിലപാടിലേക്ക് കാലെടുത്തു വെക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നവരുടെ പ്രശ്‌നവും അതുതന്നെ. ബൗദ്ധിക ആത്മഹത്യ നടത്തിയ ആ മൗലാനമാര്‍ക്ക് ശരീഅത്ത് ഒരു ജഡവസ്തുവാണ്. അതിനെ പുതിയ സമൂഹത്തിന്റേയും അനുക്രമം വികസിക്കുന്ന അറിവിന്റേയും സര്‍വ്വോപരി മാനവയുക്തിയുടേയും വെളിച്ചത്തില്‍ അപഗ്രഥിക്കാന്‍ അവര്‍ ഒരുക്കമല്ല. അതുകൊണ്ടത്രേ ലിംഗസമത്വപരമായ ഏകീകൃത പൗരനിയമത്തിനെതിരെ അവരിപ്പോഴും ചന്ദ്രഹാസമെടുക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പരിഷ്‌കരണവാദിയായ ഇബ്നു റുഷ്ദിന്റെ വിചാരങ്ങളിലേക്ക് ഒന്നെത്തിനോക്കാനെങ്കിലും വ്യക്തിനിയമ ബോര്‍ഡംഗങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ബഹുഭാര്യത്വത്തിനെതിരെ ധീര നിലപാട് കൈക്കൊണ്ടു റുഷ്ദ്. പുരുഷ രക്ഷിതാവിന്റെ സാന്നിധ്യമില്ലാതെ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ഭര്‍ത്താവിനെപ്പോലെത്തന്നെ ഭാര്യയ്ക്കും വിവാഹമോചനത്തിനു തുല്യ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സ്ത്രീകള്‍ മുഖാവരണം ധരിക്കേണ്ടതില്ലെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. സ്ത്രീപുരുഷ സമത്വത്തിലായിരുന്നു ഇബ്നു റുഷ്ദിന്റെ ഊന്നല്‍. യാഥാസ്ഥിതികതയുടെ കിതാബുകള്‍ മടക്കിവെച്ച് പുരോഗമനപരതയുടെ കിതാബുകള്‍ മറിച്ചു നോക്കാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സാരഥികള്‍ ഇനിയും വൈകിക്കൂടാ.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com