'ഫിലമെന്റ് മഞ്ഞരാവുകളില്‍ അവരില്‍ ചിലരെങ്കിലും കുട്ടികളോട് അശ്ലീലം പറഞ്ഞ് ചിരിച്ചു'

'ഉസ്താദ് വടിച്ച പ്ലെയ്റ്റ് പോലെ' എന്നത് നാട്ടിലെ ചൊല്ലാണ്. പാത്രത്തിലെ ഏറ്റവും ചെറിയ വറ്റ് പോലും ഉസ്താദ്/മൗലവി വിരല്‍കൊണ്ട് തുടച്ച് വൃത്തിയാക്കി, മിനുക്കി വെക്കും
'ഫിലമെന്റ് മഞ്ഞരാവുകളില്‍ അവരില്‍ ചിലരെങ്കിലും കുട്ടികളോട് അശ്ലീലം പറഞ്ഞ് ചിരിച്ചു'

രു സുന്നി മൗലവിയെ കാണുമ്പോള്‍ നിങ്ങള്‍ക്ക്/ഒരു മലയാളി മുസ്ലിമോ അല്ലാത്തവരോ ആയ ഒരാള്‍ക്ക് തോന്നുന്നത് എന്താണ്? ഉത്തരം പലതായിരിക്കാം. നമുക്ക് മുന്നിലൂടെ എത്രയോ കാലമായി അവര്‍ നടക്കുന്നു.

'ഉസ്താദ് വടിച്ച പ്ലെയ്റ്റ് പോലെ' എന്നത് നാട്ടിലെ ചൊല്ലാണ്. പാത്രത്തിലെ ഏറ്റവും ചെറിയ വറ്റ് പോലും ഉസ്താദ്/മൗലവി വിരല്‍കൊണ്ട് തുടച്ച് വൃത്തിയാക്കി, മിനുക്കി വെക്കും. 

'ഒജീനെ' (ആഹാരം) ഇത്രയും ആദരവോടെയും പ്രിയത്തോടെയും ആസ്വദിച്ചു കഴിക്കുന്നവരെ അധികം കണ്ടിട്ടില്ല. (ഒരു ഉസ്താദ് കഴിച്ച പാത്രം പോലെ അത്രയും മിനുസത്തോടെ പ്ലെയ്റ്റ് തുടച്ചു വൃത്തിയാക്കുന്നത് പിന്നെ ഞാന്‍ കണ്ടത് പുനത്തില്‍ കുഞ്ഞബ്ദുള്ളയിലാണ്. മാത്രവുമല്ല, അവസാനം വിരലീമ്പുകയും ചെയ്യും). ചില സിനിമകളിലെങ്കിലും, ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ 'മ്യാവൂ' എന്ന ചിത്രത്തിലെ സലീം കുമാര്‍ അവതരിപ്പിച്ച മൗലവി കഥാപാത്രമടക്കം/ചിക്കന്‍ കാലുകള്‍ വലിച്ച് ആര്‍ത്തിപൂണ്ട് വക്രിച്ച മുഖവും പരിഹാസച്ചിരിയുമായി തീന്‍ മേശയിലിരിക്കുന്ന ഉസ്താദിനെ കാണാം. അങ്ങനെയൊരാളെ നാം ജീവിതത്തില്‍ കണ്ടിട്ടേയുണ്ടാവില്ല. ചില സലഫി പ്രഭാഷകര്‍ മൗലവിമാരെ 'സുന്നീ മൊയ്ല്യാര്' എന്നാണ് വിശേഷിപ്പിക്കുക. എന്നാല്‍, മൗലവിമാരെക്കുറിച്ച് ഉജ്ജ്വലമായ കഥകള്‍ എഴുതിയ ഉറൂബ് 'മൊയ്ല്യാര്' എന്ന് ഉപയോഗിച്ചിട്ടില്ല. മൗലവി എന്നാണ് എഴുതിയത്.

'ഉസ്താദിന് നിന്നിട്ടും പാത്താം/ ഇരുന്നിട്ടും പാത്താം/' ഏറ്റവും പ്രചാരം കിട്ടിയ ഒരു ശൈലിയാണ്.  അങ്ങനെ പള്ളികളില്‍ മാത്രമല്ല, ജീവിതത്തിന്റെ അരികുകളില്‍ മൗലവിമാരുണ്ട്. ഏറ്റവും പ്രശസ്തനായ  മൗലവി, സംശയമില്ല, കുഞ്ഞായന്‍ മുസല്യാര്‍ തന്നെ. ചിന്തയില്‍ ചിരിയുടെ മുട്ടകള്‍ വിരിയിച്ച മൗലവി.

രമണ മഹര്‍ഷിയുടെ ജീവചരിത്രം വായിക്കുമ്പോള്‍ വീടുവിട്ട്  തിരുവണ്ണാമലയിലേക്കുള്ള മഹര്‍ഷിയുടെ ആദ്യ യാത്രയില്‍, തീവണ്ടിയില്‍ വെച്ചു പരിചയപ്പെട്ട ഒരു മൗലവിയാണ് തിരുവണ്ണാമലയിലേക്കുള്ള എളുപ്പവഴി പറഞ്ഞുകൊടുക്കുന്നത്. നാട്ടു പാരമ്പര്യ തുടര്‍ച്ചകളായി എവിടെയും മൗലവിമാരുണ്ട്.

(രമണ മഹര്‍ഷിയുടെ ഉറ്റ ചങ്ങാതി സാബ്ജാന്‍ എന്ന ഇരട്ടപ്പേരുള്ള അബ്ദുല്‍ വഹാബ് ആയിരുന്നു).

പക്ഷേ, മിക്കവാറും, കൈ നീട്ടുന്ന ഒരാള്‍, 'മിസ്‌കീന്‍' എന്ന ചിത്രമായിരിക്കാം, മൗലവി എന്ന സങ്കല്പം നമ്മില്‍ പതിപ്പിച്ചിരിക്കുക. ദാസ്യത്തോടെ കൈ നീട്ടിയ മൗലവിമാര്‍ വളരെ വിരളമായിരിക്കും. ഇസ്ലാമില്‍  പ്രാര്‍ത്ഥനയ്ക്ക് ഒരു സംഘടിത സ്വഭാവമുണ്ട്. നിസ്‌കാരം ജമാഅത്തായി (കൂട്ടം ചേര്‍ന്ന്) നിസ്‌കരിക്കലാണ് ഉത്തമമെന്നു പറയുന്നു. അതുകൊണ്ടുതന്നെ പള്ളികളും പരിപാലിക്കാന്‍ മൗലവിമാരും ഇസ്ലാം മതത്തില്‍ അനിവാര്യമായി. എന്നാല്‍, സാമൂഹ്യജീവിതത്തില്‍ വളരെ ദരിദ്രമായ അവസ്ഥയും താഴെത്തട്ടിലെ മനുഷ്യരുടെ പിരിമുറുക്കങ്ങളുമാണ് മൗലവിമാര്‍ അനുഭവിക്കുന്നത്. മതത്തിലെ കീഴ്ജീവനക്കാര്‍.

ഇതെല്ലാം ഓര്‍മ്മിക്കുന്നത്, വെള്ള വസ്ത്രത്തിന്റെ അഴകില്‍ സഫലമായ ജീവിതം നയിച്ച ഒരു പ്രിയപ്പെട്ട ഉസ്താദ് വിടപറഞ്ഞ ദുഃഖം നിറഞ്ഞ പശ്ചാത്തലത്തിലാണ്. ഒരു മദ്റസ അദ്ധ്യാപകന്‍ എന്ന നിലയില്‍ എന്നെ, മറ്റു പലരേയും പ്രചോദിപ്പിച്ച ഗഫൂര്‍ ഉസ്താദ് ഈ റമദാന്‍ പതിനഞ്ചാം രാവില്‍ മരണപ്പെട്ടു. മരിക്കുന്നതിനു തൊട്ടു മുന്നേയള്ള ദിവസം ഞങ്ങള്‍ ഫോണില്‍ സുഖവിവരങ്ങള്‍ കൈമാറിയിരുന്നു. പിറ്റേന്നു രാവില്‍ മാടായിയില്‍നിന്ന് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി മുത്തന്നൂര്‍ പൂച്ചേങ്ങാലില്‍, കഫന്‍ കൊണ്ടു മൂടിയ ആ മുഖം കണ്ടപ്പോള്‍, ഓര്‍മ്മയിലെ ഓത്തുപള്ളിക്കാലം അങ്ങനെ തന്നെ ഓര്‍മ്മവന്നു. 'മമ്മീശ മൗലവി' എന്ന പേരിലാണ് അദ്ദേഹം ജന്മനാടായ മുത്തന്നൂര്‍ പൂച്ചേങ്ങാലില്‍ അറിയപ്പെട്ടത്. 'മുഹമ്മ ദിശ' എന്നായിയിരുന്നത്രെ ഉപ്പ ഉസ്താദിനിട്ട പേര്. എത്ര മനോഹരമായ പേര്.

പക്ഷേ, ആളുകള്‍ 'മമ്മീശ' എന്നു വിളിച്ചപ്പോള്‍, സ്വന്തം പേര് അദ്ദേഹം അബ്ദുല്‍ ഗഫൂര്‍ എന്നു മാറ്റി. അങ്ങനെ മനോഹരമായ പേര്, പ്രാദേശികമായി തനിക്കു ഹിതകരമായി തോന്നാത്ത വിളിയായി മാറ്റിയപ്പോള്‍, അദ്ദേഹം പുതിയൊരു പേര് കണ്ടെത്തി. അതും സാംസ്‌കാരികമായ ഒരു പൊളിച്ചെഴുത്താണ്. അദ്ദേഹം മരിച്ചപ്പോള്‍ മാത്രമാണ്, അത്ര വലിയൊരു മനുഷ്യനാണ് ഞങ്ങളുടെ ഉസ്താദ് എന്നറിയുന്നത്. പേരിനെ 'മക്കാറാ' (പരിഹസിക്കാന്‍)ക്കാന്‍ അദ്ദേഹം വിട്ടു കൊടുത്തില്ല.

ഗഫൂര്‍ ഉസ്താദിന്റെ മാതൃക

ഓത്തുപള്ളി പാട്ടില്‍ മാത്രം കേട്ട ബാല്യമായിരുന്നില്ല ഞങ്ങളുടേത്. പുലര്‍ച്ചെയുള്ള എഴുന്നേല്‍ക്കല്‍, മുസ്ഹാഫും കിത്താബുകളും കയ്യില്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചുള്ള മദ്റസാ യാത്രകള്‍. ഒന്നാം ക്ലാസ്സില്‍ ഓത്തു പഠിപ്പിച്ച ഉസ്താദിന്റെ പേര് ഓര്‍ക്കുന്നില്ല. എന്നാല്‍, മൂന്നാം ക്ലാസ്സിലെ ഉസ്താദിനെ പിന്നീടൊരിക്കലും മറന്നിട്ടുമില്ല. 

ഗഫൂര്‍ ഉസ്താദ് ഒരിക്കലും വടി കയ്യിലെടുത്തിരുന്നില്ല. ചൂരല്‍ മുനയില്‍ കുട്ടികളെ പേടിപ്പിച്ചു നിര്‍ത്തുന്നവരായിരുന്നു ആ കാലത്തെ പല മദ്റസാ ഉസ്താദുമാരും. പേടിപ്പിച്ചു നിര്‍ത്തുക എന്നതായിരുന്നു അവരുടെ അദ്ധ്യാപനരീതി. നരകമെന്നു പറഞ്ഞാല്‍ മദ്റസയെന്ന് നൊമ്പരപ്പെട്ട ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. സദര്‍ മുഅല്ലിമിനെ നോക്കി ചിരിച്ചതിന് എനിക്ക് നല്ല അടി കിട്ടിയിരുന്നു. ഇത്ര കാലം കഴിഞ്ഞിട്ടും അതിന്റെ അര്‍ത്ഥം കിട്ടിയില്ല. പുഞ്ചിരി പുണ്യമാണ് എന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചത്? എന്നിട്ടും, സദര്‍ അടിച്ചു. അതേ ക്ലാസ്സില്‍ ഒരു കൂട്ടുകാരിയെ നോക്കി ചിരിച്ചതിനും കിട്ടി, അടി. അതേ മദ്റസയിലെ പെണ്‍കുട്ടിയോട് അനുരാഗം തോന്നി, കല്യാണം കഴിച്ചയാളാണ് എന്നെ പെണ്‍കുട്ടിയെ നോക്കി ചിരിച്ചതിന് അടിച്ച സദര്‍ മുഅല്ലിം എന്ന് പിന്നീട് മനസ്സിലായി. വെറുക്കാതിരിക്കുമോ മതത്തെ? മൃഗശിക്ഷകരെപ്പോലെ പലരും കുട്ടികളുടെ കൈത്തലം ചൂരല്‍കൊണ്ട് അടിച്ചു വീര്‍പ്പിച്ചു. നഗ്‌നമായ തമാശകളില്‍ ചില ഉസ്താദുമാര്‍ രഹസ്യമായ ആനന്ദം കണ്ടെത്തി. ഫിലമെന്റ് മഞ്ഞരാവുകളില്‍ അവരില്‍ ചിലരെങ്കിലും കുട്ടികളോട് അശ്ലീലം പറഞ്ഞ് ചിരിച്ചു. കുട്ടികള്‍ മിക്കവാറും നിസ്സഹായതയുടെ തടവറയിലുമായിരുന്നു.

എന്നാല്‍, ഗഫൂര്‍ ഉസ്താദ് ഓത്തുപള്ളിയില്‍ ഇളംചിരിയുടെ ചന്ദ്രക്കല പോലെ കുട്ടികള്‍ക്ക് സാന്ത്വനമായി. ഖുര്‍ആന്‍/ഖിറാഅത്ത് പഠിപ്പിക്കുമ്പോള്‍, ഓരോ സൂറത്തിലും ഹൃദയം പതിപ്പിക്കാന്‍ പറഞ്ഞു. പ്രവാചക കഥകള്‍ പറയുമ്പോള്‍, മരുഭൂമിയിലൂടെ ഉസ്താദിനോടൊപ്പം നടക്കുന്നതുപോലെ തോന്നി. മലപ്പുറം ശൈലിയിലെ ആ വര്‍ത്തമാനം ഞങ്ങള്‍ക്ക് കൗതുകമുണര്‍ത്തുന്നതായിരുന്നു. വെള്ള വസ്ത്രത്തിന്റെ അഴകില്‍ ഉസ്താദ് നിറഞ്ഞുനിന്നു. ഉസ്താദിനെപ്പോലെ ഭംഗിയില്‍ തലയില്‍ കെട്ടുന്ന ഒരാള്‍ അക്കാലത്തുണ്ടായിരുന്നില്ല.

ഞങ്ങളുടെ വീട്ടില്‍ പലരും സമ്മാനമായി തന്ന ചിത്രങ്ങള്‍ ചുവരില്‍ തൂക്കിയിടാറുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടേയും കെ.കെ.ആര്‍ വെങ്ങരയുടേയും ചിത്രങ്ങള്‍ നോക്കി അദ്ദേഹം ഇളം ചിരിയോടെ ആസ്വദിച്ചു. വിശുദ്ധ കുരിശിന്റെ തിരുന്നാളിനു നാടകം കണ്ടതിന് ഒരിക്കലും അദ്ദേഹം എന്നെ ശകാരിച്ചില്ല. നോമ്പുകാലത്ത് അയല്‍ക്കാരായ ബെന്നിയേട്ടനേയും കുടുംബത്തേയും വീട്ടില്‍ വിളിച്ച്  നോമ്പുതുറപ്പിക്കുമ്പോള്‍ ഒപ്പമിരുത്തണം എന്ന് ഉസ്താദ് പറഞ്ഞു. അദ്ദേഹം തുല്യരായി മനുഷ്യരെ കണ്ടു.

അദ്ദേഹം കുറേ വര്‍ഷം ഞങ്ങളുടെ പള്ളിയിലെ ഖത്തീബുമായിരുന്നു. ജ്ഞാനത്തിന്റെ ഭാരം കൊണ്ടല്ല, ഭക്തിയുടെ നിറവുകൊണ്ട് അദ്ദേഹം വിശ്വാസികളുടെ ഹൃദയം കവര്‍ന്നു. നിസ്‌കരിക്കാന്‍ വന്നിരിക്കുന്നവരുടെ ഊര തളരുന്നതുവരെ അദ്ദേഹം പാണ്ഡിത്യം വിളമ്പി വെറുപ്പിച്ചില്ല. മൈക്ക് എക്കോ മോഡിലാക്കി ഘോര ഘോരം അട്ടഹസിച്ചില്ല. വളരെ ശാന്തമായി വാക്കുകള്‍ ഉച്ചരിച്ചു. എഴുതുന്ന കാര്യം അറിഞ്ഞപ്പോള്‍ തലയില്‍ കൈവെച്ചനുഗ്രഹിച്ചു.

കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊക്കെ ഉസ്താദുണ്ട്. റമദാന്‍ രാവില്‍ ഉസ്താദ് നോമ്പു തുറക്കാന്‍ വീട്ടില്‍ വരും. തുടര്‍ന്ന് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഹൃദയം തുറന്നുള്ള ദുആ ഉണ്ട്. ആ കാലത്ത് ഉപ്പ സിംഗപ്പൂരില്‍നിന്നു നാട്ടില്‍ വന്നാല്‍ നേര്‍ച്ചയുണ്ടാവും. വെളുത്ത കവറിട്ട തലയണയുടെ മേല്‍ നേര്‍ച്ചക്കിത്താബും പൂഴി നിറച്ച ഗ്ലാസ്സില്‍ ഊദ് തിരിയും കത്തിച്ചു ഉസ്താദിന്റെ നേതൃത്വത്തില്‍ 'മന്‍ഖുസ് മൗലൂദ്'. ആ നേര്‍ച്ചയുടെ താളം ഇപ്പോഴും ഓര്‍മ്മയില്‍ മുദ്രിതമായി കിടക്കുന്നു.

ഉസ്താദ് മാടായിയില്‍നിന്നു പിരിഞ്ഞുപോയിട്ടും ഓരോ റമദാനിലും ബദ്രീങ്ങളുടെ ആണ്ടു നേര്‍ച്ചാ ദിവസം മാടായിലേക്ക് വരുമായിരുന്നു. പ്രിയപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഹൃദയം തുറന്ന ദുആയും അനുഗ്രഹവും നല്‍കി തിരിച്ചുപോകും. 

കുറേ മാസങ്ങളായിരുന്നു ഉസ്താദിനെ കണ്ടിട്ടും വിളിച്ചിട്ടും. പതിനഞ്ചാം രാവില്‍ ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ഉമ്മ, അനിയന്‍, പെങ്ങള്‍ എന്നിവരൊക്കെ ഒന്നിച്ചിരിക്കുമ്പോള്‍ ഉസ്താദിന്റെ ഫോണില്‍ വിളിച്ചു. ഉസ്താദിന്റെ ഭാര്യയാണ് ഫോണ്‍ എടുത്തത്. ഉസ്താദിന് ഫോണ്‍ കൈമാറി. ഈ വര്‍ഷം മാടായിലേക്കില്ല എന്ന് ഉസ്താദ് പറഞ്ഞു. പതിനേഴാം രാവില്‍ വരില്ല. വയ്യ. എങ്കിലും അല്‍ഹംദുലില്ലാഹ്. മോന്‍ കോഴിക്കോട് വരുമ്പോള്‍ വിളിക്കണം. നമുക്ക് കാണാം. അനിയനുമായും സംസാരിച്ചു.

ഉസ്താദിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി ഞങ്ങള്‍ കുറേ നേരം ഇരുന്നു. പിറ്റേന്ന് രാത്രി അതേ സമയമാകുമ്പോള്‍ പെങ്ങളുടെ വാട്സാപ്പില്‍ ഒരു മെസ്സേജ്: നമ്മുടെ പ്രിയപ്പെട്ട ഗഫൂര്‍ ഉസ്താദ് മരണപ്പെട്ട വിവരം അറിയിക്കുന്നു.

രാത്രി പുലരാറാകുമ്പോള്‍, മലപ്പുറം തൃപ്പനച്ചി മുത്തന്നൂര്‍ പൂച്ചേങ്ങാലിലെ വീട്ടിലെത്തി ഇന്നലെ സംസാരിച്ച ആ കണ്ണടഞ്ഞ മുഖം കണ്ട് തിരിച്ചു വരുമ്പോള്‍ ആലോചിച്ചു. ഇത്രയും ദൂരത്തു നിന്നാണ് ഉസ്താദ് വന്ന് ഞങ്ങള്‍ക്കുവേണ്ടി ദുആ ചെയ്ത് മടങ്ങിയിരുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഉസ്താദിനെ കാണാന്‍  ഈ വീട്ടില്‍ ഒരിക്കലും വന്നില്ലല്ലൊ...

ജീവിച്ചിരിക്കുമ്പോള്‍ ഉള്ള ഓര്‍മ്മകളെയാണ് പ്രാര്‍ത്ഥനകള്‍ എന്നു പറയുന്നത്. ഉസ്താദേ, ആ നെറ്റിയില്‍ ഓര്‍മ്മകള്‍ കൊണ്ടൊരുമ്മ. ചൂരല്‍വടിയുടെ വട്ടപ്പത്തില്‍നിന്ന് കൈത്തലത്തെ രക്ഷിച്ചതിന്...ഞങ്ങള്‍ക്ക്, ആ കാലത്തെ മദ്റസാ കുട്ടികള്‍ക്ക് അടികള്‍ നിസ്സഹായമായി സഹിക്കുകയല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ലല്ലോ.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com