'ആഗസ്റ്റ് 17'-  കണ്ടത് എന്നു സമര്‍ത്ഥിക്കുന്ന ചരിത്രം സത്യമാകണമെന്ന് എന്തു നിര്‍ബ്ബന്ധം?

എസ്. ഹരീഷിന്റെ പുതിയ നോവല്‍ ആഗസ്റ്റ് 17ന്റെ വായന
'ആഗസ്റ്റ് 17'-  കണ്ടത് എന്നു സമര്‍ത്ഥിക്കുന്ന ചരിത്രം സത്യമാകണമെന്ന് എന്തു നിര്‍ബ്ബന്ധം?

'ഓരോ രാജ്യങ്ങളും ഓരോ നോവലാണ്; 
ഓരോ നോവലും ഓരോ രാജ്യങ്ങളാണ്' 

-എസ്. ഹരീഷിന്റെ നോവലിലെ പാഠങ്ങള്‍ 

ഭാവനയെ യാഥാര്‍ത്ഥ്യം പോലെയോ യാഥാര്‍ത്ഥ്യത്തെ ഭാവനപോലെയോ എഴുതണം എന്നത് ഒരു പാഠംപോലെ ഉറപ്പിക്കുന്നു 'ആഗസ്റ്റ് 17.' പക്ഷേ, യാഥാര്‍ത്ഥ്യം എന്നത് ആപേക്ഷികം മാത്രമാവുമ്പോള്‍ സത്യം എന്നത് തിരിച്ചറിയാന്‍ വയ്യാണ്ടാവുന്നു. രഹസ്യങ്ങള്‍ മാത്രമാണ് സത്യം. രഹസ്യകാമുകിയാണ് യഥാര്‍ത്ഥ കാമുകി. വെളിക്കു കാണുന്നത്, അനുഭവിക്കുന്നത് ഒക്കെ കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചെടുക്കപ്പെട്ടവയാണ്. ചരിത്രത്തില്‍ ശരിയും തെറ്റുമില്ല, അയഥാര്‍ത്ഥ്യമായതും യാഥാര്‍ത്ഥ്യമായതും ഇല്ല. എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നു.

ഫാന്റസി നോവലുകളോ കഥകളോ നമുക്ക് അത്ര പഥ്യമല്ല. മാധവിക്കുട്ടിയുടെ ഭ്രമാത്മകത നിറച്ച കഥകളാണ് ഏറ്റവും മെച്ചം. പക്ഷേ, അവയ്ക്ക് അത്ര ശ്രദ്ധ കിട്ടിയിട്ടില്ല. സക്കറിയയുടെ 'ഇഷ്ടികയും ആശാരിയും' വേണ്ടവണ്ണം പ്രചാരം നേടിയ ഒന്നല്ല. പി.എഫ്. മാത്യൂസിന്റേയോ ഇന്ദുഗോപന്റേയോ രാജേഷ് വര്‍മ്മയുടേയോ വി.ജെ. ജെയിംസിന്റേയോ കഥകളിലെ ഫാന്റസികളുമായി പരിചയപ്പെട്ട് വരുന്നതേ ഉള്ളൂ. അതിജീവനത്തിനു പൊരുതുന്ന മനുഷ്യരുടെ പരിദേവനങ്ങള്‍ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടുന്നതിനാല്‍ അതുമായുള്ള സഖ്യം ചേരലില്‍ തളയ്ക്കപ്പെട്ടിരുന്നു എഴുത്തുകാരും വായനക്കാരും. അരുണ്‍ പ്രസാദിന്റെ ഏറെ വിഭ്രാന്തി ഇയലുന്ന '3 AM' എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എസ്. ഹരീഷ് മനസ്സിന്റെ മായാസൃഷ്ടിയായ യാഥാര്‍ത്ഥ്യം എന്നുള്ളതിനെ ആപേക്ഷികമായി മാത്രം വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഉണ്മ എന്നത് സമയം, ഇടം എന്നിവയുടെ കളികള്‍ക്കിടയ്ക്ക് തേടുന്നത് എത്ര ക്ലിഷ്ടമാണെന്നു തെര്യപ്പെടുത്തുകയും ചെയ്യുന്നു.

ചരിത്രം വാസ്തവിക സംഭവങ്ങളുടെ രേഖപ്പെടുത്തലാണെന്ന് അനുമാനമോ വിശ്വാസമോ ഉണ്ട്. പക്ഷേ, അതു വ്യക്തിനിഷ്ഠമോ ആശയപരമായതോ ആയ കാഴ്ചപ്പാടുകളാല്‍ സ്വാധീനിക്കപ്പെടുന്നതാണ്. വാസ്തവികം എന്നതു താരതമ്യപരമാകുമ്പോള്‍ അതിനു പാഠഭേദങ്ങള്‍ ഉണ്ടാകുന്നു. വീക്ഷണ(perception)ത്തിനു സമാനമോ തുല്യതയുള്ളതോ ആണ് യാഥാര്‍ത്ഥ്യം എന്നുള്ളത് നമ്മുടെ അവബോധം സൃഷ്ടിച്ചെടുക്കുന്നതു മാത്രമാണ്. അവാസ്തവികമാണ് അത്. Realtiy is virtual എന്നു സമര്‍ത്ഥനം വേദാന്തചര്‍ച്ചയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മനുഷ്യന്‍ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യം (objective reatly) മനസ്സിലാക്കിയെടുക്കുന്നവനല്ല. അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ പറഞ്ഞുകൊടുക്കുന്നതു വിശ്വസിച്ചാണ് ഈ ലോകം വിഭാവനം ചെയ്യുന്നത്. അതു മുഴുവന്‍ ശരിയല്ലതാനും. അങ്ങനെ ആത്മനിഷ്ഠമായ യാഥാര്‍ത്ഥ്യം (subjective realtiy) ആണ് മനുഷ്യന്റെ ചുറ്റുമുള്ളത്. കാഴ്ച എന്നത് വന്‍ തെറ്റിദ്ധാരണയാണ്. തലച്ചോര്‍ എന്ത് ആശയം നിര്‍മ്മിച്ചെടുക്കുന്നുവോ അതാണ് നമ്മുടെ കാഴ്ച. കാഴ്ചകള്‍ നിര്‍മ്മിച്ചെടുക്കുന്ന മായകള്‍ (hallucinations) ആണ് നമ്മള്‍ യഥാര്‍ത്ഥം എന്നു ധരിക്കുന്നത്. സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങള്‍ മാത്രമേ നമുക്കു കാണാന്‍ പറ്റൂ. അള്‍ട്രാവയലറ്റും ഇന്‍ഫ്രാ റെഡും കാണുന്നില്ല. 'കണ്ടതൊന്നതുമേ സത്യമല്ലെന്നതു മുന്‍പേ കണ്ടിട്ടറിയുന്നിതു ചിലര്‍' എന്നു ജ്ഞാനപ്പാനയില്‍ കേട്ടത് അവിശ്വസിക്കേണ്ട കാര്യമില്ല. പലപ്പോഴും ഓര്‍മ്മയുമായി ബന്ധപ്പെട്ടാണ് നമ്മുടെ കാഴ്ചകള്‍ക്കു തലച്ചോര്‍ അര്‍ത്ഥം വ്യാഖ്യാനിക്കുന്നത്. സത്യം എന്നതു വീക്ഷണങ്ങളും പരിപ്രേക്ഷ്യങ്ങളുമാണ് തീരുമാനിച്ചുറപ്പിക്കുന്നത്. ഇന്ദ്രിയങ്ങള്‍ പരിണമിച്ചു വന്നതുതന്നെ അതിജീവനത്തിന് എന്തൊക്കെ അറിയേണ്ടതുണ്ട് എന്ന ആശയത്തിനു മേലാണ്. അതുകൊണ്ട് അതിനപ്പുറം ഒന്നും നമ്മള്‍ അറിയുന്നില്ല. കാണുന്നതു മുഴുവന്‍ കണ്ണ് സംഭാവന ചെയ്യുന്നതല്ല. ഓര്‍മ്മകളും തലച്ചോറിന്റെ അതിജീവനതന്ത്രങ്ങളും ഒക്കെക്കൂടി നിര്‍മ്മിച്ചെടുക്കുന്നതാണത്. സത്യം എന്നത് ഒരു വിശ്വാസം മാത്രമാകുന്നു. 

എസ് ഹരീഷ്/ ഫോട്ടോ: വിനോദ് വീരകുമാർ
എസ് ഹരീഷ്/ ഫോട്ടോ: വിനോദ് വീരകുമാർ

സമാന്തര യാഥാര്‍ത്ഥ്യവും കണ്ണാടി ലോകങ്ങളും 

ദ്രവ്യത്തിനു പ്രതിദ്രവ്യം (antimatter) ഉണ്ട്. ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ന്യൂട്രോണുകള്‍ തമോദ്രവ്യമായി അസ്തിത്വം പ്രാപിക്കുമത്രെ. കണ്ടുപിടിക്കാനാവാത്ത alternate universe-ല്‍ ആയിരിക്കുമിവ. സമാന്തരമായ ഒരു ലോകം ദൃഷ്ടിഗോചരമല്ലാതെ ഭവിക്കുന്നു എന്നാണ് ആധുനിക ഫിസിക്‌സ് വാദിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെങ്കിലും നമുക്കറിയാത്ത ഒരു സമാന്തര ലോകമുണ്ടെന്നും അതില്‍ ജീവികള്‍ ഉണ്ടെന്നും ഉള്ള വാദം ശാസ്ത്രമാണ് ഉന്നയിക്കുന്നത്; ഭാവന അല്ല എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. 'കണ്ണാടി ലോകം' എന്നു വിളിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു അതിനെ. അങ്ങനെ ഒരു പ്രതിബിംബ ലോകമുണ്ടെങ്കില്‍ അല്ലെങ്കില്‍ സമാന്തര ലോകമുണ്ടെങ്കില്‍ ചരിത്രം എന്തിനെയാണ് തിരിച്ചെടുക്കേണ്ടത്? കഥയിലെ 'ഞാന്‍' അന്വേഷണ കമ്മിഷന്‍ തലവനായ അനന്തരാമന്റെ അടുത്ത് ഇരിക്കുമ്പോള്‍ കണ്ണാടി പ്രതിബിംബങ്ങളാണ് സംസാരത്തില്‍ ഏര്‍പ്പെടുന്നത്. കൊച്ചിക്കു നേരെ പടിഞ്ഞാറ് കടലില്‍ ഒരു എഴുത്തുകാരന്റെ സര്‍ഗ്ഗശക്തി പരിണാമമെന്നോണം ഒരു ദ്വീപ് പൊടുന്നനവേ പ്രത്യക്ഷപ്പെട്ടെങ്കില്‍ അത് സമാന്തര ലോകത്ത് നടക്കുന്ന കാര്യമാകില്ലേ? ഭാവനയില്‍ അത് ഉരുത്തിരിഞ്ഞാലും അത് കഥ മാത്രമാകുന്നില്ലല്ലോ? ഏതു പ്രത്യയശാസ്ത്രത്തിന് ഇതിനെ ഉള്‍ക്കൊള്ളാനാകും? 'ആഗസ്റ്റ് 17' എന്ന നോവല്‍ മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്; ബഹുമുഖ ദ്യോതകമാണ്. 

പക്ഷേ, സാഹിത്യത്തിലെ ഭാവനയ്ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലം ആവശ്യമില്ല. 

ഭാവന ശാസ്ത്രസത്യങ്ങളുടെ ഊര്‍ജ്ജമേറ്റപ്പെട്ടല്ല ചിറകു വിരിക്കാറ്. ജീവിതാനുഭവങ്ങളും മാനസിക വ്യാപാരങ്ങളുമാണ് ഭാവനയ്ക്ക് അടിസ്ഥാനം. ഇവയുടെ പിന്നിലുള്ള പ്രായോഗിക തന്ത്രങ്ങള്‍ എന്താണെന്നുള്ളതാണ് ശാസ്ത്രത്തിന്റെ അന്വേഷണം. അതുകൊണ്ട് അനുഭവങ്ങളുടെ ശാസ്ത്രരഹസ്യം ഇനിയും അറിയപ്പെടാന്‍ പോകുന്നതേ ഉള്ളൂ; എഴുത്തുകാര്‍ മുന്‍പേ സഞ്ചരിക്കുന്നവരാണ്. ഭൗതികവാദത്തില്‍ മാത്രം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ഭാവനയുടെ സൃഷ്ടികളെ ആദരിക്കേണ്ടിയിരിക്കുന്നു. കാരണം ഭൗതികവാദം സമാന്തര ലോകവും കണ്ണാടി പ്രതിബിംബങ്ങളുടെ സാദ്ധ്യതകളും പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. ഭാവനാലോകം ഭ്രാന്തന്‍ ചിന്തകള്‍കൊണ്ട് കെട്ടിപ്പടുത്തതല്ല എന്നതിനു ചില തെളിവുകള്‍ ഉണ്ടായിരിക്കാം എന്ന ആശ്വാസം വന്നുചേര്‍ന്നിരിക്കുന്നു.

നിങ്ങളുടെ യാഥാര്‍ത്ഥ്യം അല്ല എന്റെ യാഥാര്‍ത്ഥ്യം 

ചരിത്രം എന്നത് കണ്ട കാഴ്ചകളെ ഓര്‍മ്മിച്ചെടുക്കുന്നതാണ്. കണ്ട കാഴ്ചകള്‍ തലച്ചോര്‍ നിര്‍മ്മിച്ചെടുത്ത അസത്യങ്ങളാണെങ്കില്‍ ഓര്‍മ്മകളും അക്കൂടെ ചരിത്രവും മാറിപ്പോകും. അതുകൊണ്ട് ഒരാള്‍ക്കു തോന്നുന്ന ചരിത്രം ആയിരിക്കണമെന്നില്ല മറ്റൊരാള്‍ക്കു തോന്നുന്നത്. ഹരീഷിന്റെ നോവല്‍ ഈ ഭ്രമാത്മകത നിറഞ്ഞ ചരിത്രങ്ങളുടെ കഥകളാണ് വിദിതമാക്കുന്നത്. ഇങ്ങനെ ഒരു ആപേക്ഷിക ലോകത്ത് വ്യവഹാരങ്ങള്‍ പലേ രീതിയില്‍ ദൃശ്യപ്പെടാം, വീക്ഷിക്കപ്പെടാം, അന്വയിക്കപ്പെടാം, ഓര്‍മ്മിക്കപ്പെടാം. ചരിത്രം എന്നതിന് ഇതില്‍ കൂടുതല്‍ വ്യവഹാരരീതികളുണ്ടുതാനും. അല്ലെങ്കിലും ചരിത്രം സമഗ്രസത്യത്തേയോ സ്വയമേ ഉള്ളതോ ആയ സത്യത്തേയോ തേടാന്‍ പോകാറില്ല; സംഗതവും യോജ്യവുമായ സത്യത്തെ മാത്രമാണ് സ്വീകരിക്കാറ്. 'This is not rivialtiy since historians, just like natural scientists, are not aftert ruth per se, nor after the wholet ruth, but only after the relevantt ruth' എന്നു ചരിത്രപണ്ഡിതര്‍. 

ഏതു കാലത്തുനിന്നു ചരിത്രത്തെ നോക്കിക്കാണുന്നു എന്നതും ആപേക്ഷികത സൃഷ്ടിച്ചെടുക്കുന്നു. ചരിത്രം എന്നത് പുനര്‍നിര്‍മ്മാണമാണ്. അതതു കാലത്തെ സമൂഹനീതിയുടെ മൂല്യങ്ങളാണ് ചരിത്രനിര്‍മ്മിതിയെ സ്വാധീനിക്കുന്നത്; ചരിത്രവിശകലനത്തിന്റെ ആധാരഘടകങ്ങള്‍ നിര്‍ണ്ണയിക്കുന്നതാണ് അതിന്റെ പരിണിത സ്വഭാവം. മൂല്യത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ അനുസരിച്ച് ചരിത്രം എഴുതപ്പെടുന്നത് ഗതിമാറിയൊഴുകുന്നു. കാണുന്നത് സത്യമല്ലെങ്കില്‍ ചരിത്രം എങ്ങനെ സത്യമാകും? എഴുതപ്പെടുന്നത് കാണുന്നതു മാത്രം ആയിരിക്കണമെന്നില്ല. കണ്ടത് എന്നു സമര്‍ത്ഥിക്കുന്ന ചരിത്രം സത്യമാകണമെന്ന് എന്തു നിര്‍ബ്ബന്ധം? ചരിത്രം ആരെഴുതുന്നു എന്നതനുസരിച്ച് അതു മാറപ്പെടാം. ചര്‍ച്ചില്‍ പറയുന്നത് ഞാനാണ് ചരിത്രം എഴുതുന്നത്, അതുകൊണ്ട് എന്റെ കഥ ഞാന്‍ തീരുമാനിക്കും എന്നാണ്. ഇന്ന് എഴുതപ്പെടുന്ന ചരിത്രം അല്ല നാളെ. അതുകൊണ്ട് ചരിത്രങ്ങള്‍ പലത് എഴുതപ്പെടേണ്ടിയിരിക്കുന്നു. അവ എല്ലാം സത്യമാണ്; അസത്യവും.

ഇപ്രകാരം ഒരു സമാന്തര ചരിത്രം നിര്‍മ്മിച്ചെടുക്കാന്‍ നോവലിസ്റ്റിന് അവകാശമുണ്ട്. കല്പിത കഥാപാത്രങ്ങള്‍ വളരെ കുറവാണ്. മഹാരാജാവിനെ വെട്ടാന്‍ ഒരു വര്‍ഗീസ് ഉണ്ട്. പാളിപ്പോയ ഒരു വിപ്ലവസംരംഭത്തെ സൂചിപ്പിക്കാന്‍ മറ്റൊരു പേര് ഇല്ല തന്നെ.

കൃത്യമായ സംഭവങ്ങള്‍ അതേപടി അനുവര്‍ത്തിച്ചാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്നത് സത്യമെന്നു തോന്നിപ്പിക്കുന്നത്. പട്ടം താണുപിള്ളയും ആര്‍. ശങ്കറും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കട്ടിയാട്ട് ശിവരാമപ്പണിക്കരും അതേ സ്വത്വത്തില്‍ത്തന്നെ അവതരിക്കപ്പെടുന്നു. പക്ഷേ, ഒരു നിശ്ചിത ഹിന്ദുരാജ്യത്തിലാണവരിപ്പോള്‍. പിന്നീട് വരുന്ന കോണ്‍ഗ്രസ് നേതാക്കളും നമുക്കു ചരിത്രം പറഞ്ഞു തന്നിട്ടുള്ളവര്‍ തന്നെ. പക്ഷേ, അവരുടേതായ അജന്‍ഡകള്‍ നടപ്പാക്കുന്നവര്‍. അധികാരം പിടിച്ചെടുത്ത കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്കുമുണ്ട് സ്ഥാപിത താല്പര്യങ്ങള്‍. വളരെയേറെ സംഭ്രമജനകമായ ആഖ്യാനത്തിലൂടെയാണ് നോവലിസ്റ്റ് ഇതു സാധിച്ചെടുക്കുന്നത് എങ്കിലും വസ്തുനിഷ്ഠമെന്നു തോന്നിപ്പിക്കുന്നതിലൂടെ യഥാതഥമെന്ന മിഥ്യ നിര്‍മ്മിതമാകുന്നു. പരമമായ സ്വാതന്ത്ര്യവും നീതിയും എന്നിട്ടും എത്ര അകലെയെന്നു സൂചിപ്പിക്കാന്‍ തന്ത്രവിദ്യകള്‍ നോവലിസ്റ്റിന്റെ പക്കല്‍ ധാരാളമുണ്ട്. സര്‍ സി.പിയുടെ കാലത്തെ നിഷ്ഠൂരനായ, മരിച്ചുപോയ സുബ്രഹ്മണ്യപിള്ള തന്നെയാണ് ജനകീയ വിപ്ലവത്തിനു ശേഷം തിരിച്ചു വന്നു വീണ്ടും ചരിത്രം മാറ്റിയെഴുതാന്‍ 'ഞാന്‍' ഇനെ തടവിലാക്കുന്നത്. 

കാലം എന്ന ആപേക്ഷികത 

സമയം മുന്നോട്ട് മാത്രം ചലിക്കുന്നതാണോ? ഐന്‍സ്റ്റീന്‍ പണ്ടേ പറഞ്ഞതാണ് സമയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണെന്ന്. ക്ലോക്കുകള്‍ കൃത്യമായ സമയസൂചനകള്‍ തരുന്നില്ല; സമയം മുന്നോട്ട് പോകുന്ന ഒരു പ്രതിഭാസം മാത്രമല്ല എന്നതാണത്രേ സത്യം. ക്വാണ്ടം മെക്കാനിക്‌സ് അനുസരിച്ച് സമയം ഒരു പ്രപഞ്ചപശ്ചാത്തലമാണ്. അതിനെ മുന്നോട്ടോ പിറകോട്ടോ പായുന്ന ഒരു അസ്ത്രം ആയി ചിത്രീകരിക്കാന്‍ വയ്യ. അളക്കാന്‍ ശ്രമിച്ചാല്‍ തകര്‍ന്നുപോകുന്നതുമാണത്. 

ചരിത്രം എന്നത് സമയസൂചനയുമായി ബന്ധപ്പെട്ടതാണ്. സമയം എന്നത് നിശ്ചിതമല്ലാതാകുമ്പോള്‍ ചരിത്രം എന്നതു മാറിമറിയുന്നതാണ്. 'ആഗസ്റ്റ് 17'ല്‍ ചരിത്രം പലതാണ്. ഒരേ ഇടത്തിന്റെ, ഒരേ സമയത്തിന്റെ സമാന്തര ചരിത്രലോകത്തുള്ളത് തികച്ചും സൂക്ഷ്മമായി നിര്‍മ്മിച്ചെടുത്ത തല്‍സ്വരൂപങ്ങളുള്ള ചരിത്രവ്യക്തികള്‍ തന്നെയാണ്. അവരുടെ പലേ ചെയ്തികളും സത്യമെന്നു തോന്നിപ്പിക്കുന്നവിധം ഭാവനയുമായി ഇഴുകിച്ചേര്‍ത്തിരിക്കയാണ്. അക്കാമ്മ ചെറിയാനും പി. കൃഷ്ണപിള്ളയും മത്തായി മാഞ്ഞൂരാനും പൊന്നറ ശ്രീധറും കുമ്പളത്ത് ശങ്കുപ്പിള്ളയും ഒക്കെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നവരായിട്ട് അവതരിക്കപ്പെടുമ്പോഴും അവര്‍ മറ്റേ സമാന്തര ലോകചരിത്രത്തിലേക്ക് എപ്പോള്‍ കയറുമെന്നോ ഇറങ്ങുമെന്നോ മുന്‍കൂട്ടി കാണാന്‍ പറ്റാത്തവിധം സങ്കീര്‍ണ്ണമായ ആഖ്യാനരീതിയുടെ കൗശലങ്ങളില്‍പ്പെട്ടു പോയവരാണ്. നോവലിന്റെ പിരിനൂല്‍ കെട്ടുപിണയുന്നത് ഈ സംഭ്രമജന്യമായ ഏങ്കോണിപ്പിലും കാലത്തിന്റെ ചെരിവുകളിലുമാണ്. ചരിത്രത്തിനു സംഭവിച്ചുപോയ ചില അപഭ്രംശങ്ങള്‍ക്കു കാരണമെന്താണെന്നു ചിലപ്പോള്‍ സൂചിപ്പിക്കപ്പെടുമ്പോള്‍ അതു നമുക്കറിയാമെന്നു നാം കരുതിയിരുന്ന സത്യത്തില്‍നിന്നു ഭ്രമാത്മകതയിലെ സത്യങ്ങളിലേക്ക് കാര്യകാരണസഹിതം വഴിമാറുന്നുണ്ട്. ഈ പിരിമുറുക്കം ഉടനീളം വ്യാപകമായതിനാല്‍ വായനക്കാരനെ കെട്ടിവരിയുന്നുമുണ്ട്. ചരിത്രത്തെ അഗാധമായി പഠിച്ചെടുക്കുകയും സംഭവങ്ങളുടെ സാംഗത്യം അറിഞ്ഞെടുത്ത് വിശകലനം ചെയ്തിട്ടുമാണ് നോവലിസ്റ്റ് ഇത് എഴുതാനിരുന്നത് എന്നതു കൃത്യമായി ബോദ്ധ്യപ്പെടുന്നതിനാല്‍ സന്ദേഹങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഇട കൊടുക്കുന്നുമില്ല. ഇപ്രകാരം പ്രതിബിംബലോകങ്ങളും പ്രതിബിംബമനുഷ്യരും സമാന്തര ലോകവും സമാന്തര ചരിത്രവും അതിചാരുതയോടേയും ബുദ്ധികൗശലത്തോടേയും നിര്‍മ്മിച്ചെടുത്തു എന്നതാണ് നോവലിന്റെ പാരായണക്ഷമത വര്‍ദ്ധിപ്പിക്കുന്നത്.

സമയം എന്നത് ചുരുങ്ങുന്നതും അസമയത്ത് ചരിത്രം വന്നുകയറുന്നതും പലയിടത്തും ആഖ്യാനപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്. തിരുവമ്പാടിയില്‍ ദേവസ്യായും 'ഞാനും' സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു: 'ആള്‍ക്കാരൊക്കെ കൊറേ വര്‍ഷം മുന്‍പോ കഴിഞ്ഞോ ഉണ്ടായെങ്കിലെന്ന് ഞാനിങ്ങനെ കെടന്ന് ആലോചിച്ചിട്ടുണ്ട്. ഈശോമിശിഹാ ദേ തുലാമഴ കഴിഞ്ഞ് ജനിക്കണം.' 'അത് ശരിയാ. എന്നാ 1991ലോ 1992ലോ കുരിശുമരണോം നടക്കും' 'ഗാന്ധിയൊക്കെ ഒരു നൂറുകൊല്ലം മുന്‍പ് ജനിക്കണവാരുന്നു. പുള്ളി എന്തൊക്കെ കാണിച്ചേനേ...' സര്‍ സി.പിയൊക്കെ 2001ല്‍ ജനിച്ചാ മതി. 2084ല്‍ പുള്ളി പഴത്തൊലിയേ ചവുട്ടി വീണ് മരിക്കണം' ഇങ്ങനെ സമയത്തെ ചുരുട്ടിക്കെട്ടുന്നവരുടെ ഇടമാണ് ആഖ്യാനത്തില്‍ പലേടത്തും പ്രത്യക്ഷപ്പെടുന്നത്. ചരിത്രവ്യക്തികളുടെ സാംഗത്യം അവരുടെ കാലത്തു മാത്രമാണ്. എന്നാല്‍, നേരെ മറിച്ചും ആവാം. വല്ലപ്പുഴക്കാരന്‍ വൈദ്യന്റെ ഇടം ഇങ്ങനെ സമയബന്ധിതമല്ലാത്ത ഒരു മായാപ്രപഞ്ചത്തിലാണ്. ലോകവുമായുള്ള ബന്ധം നഷ്ടപ്പെടുകയോ തിരിച്ചുപിടിക്കുകയോ ഒരു നൂറ്റാണ്ടില്‍ കയറി അടുത്ത നൂറ്റാണ്ടില്‍ പുറത്തിറങ്ങുകയോ ചെയ്യാന്‍ പറ്റുന്ന ഒരു അലൗകിക വൈദ്യശാല. ഇന്നു കാണുന്ന വൈദ്യനേയല്ല നാളെ കാണുന്നത്. അതേ രൂപത്തില്‍ പലേ തലമുറകള്‍ക്കു ശേഷമുള്ള മറ്റൊരു വൈദ്യന്‍. നസ്യം ചെയ്യപ്പെട്ട് തലച്ചോറില്‍ കയറുന്ന കയ്പ് കാലാകാലങ്ങളെ ബന്ധിപ്പിക്കുകയും വിടുവിക്കുകയും ചെയ്യാനുള്ള തോന്നലുകള്‍ സമ്മാനിക്കുന്നതാണ്.

'ഞാന്‍' എന്ന ഭാവം, കാലം 

അവനവന്‍ തന്നെ സ്വന്തം ഭാവനയാണ് എന്നു ചിന്തിച്ചുറപ്പിക്കുന്ന മായാസ്വരൂപമായ 'ഞാന്‍' എഴുതാന്‍ തുനിയുന്ന, എന്നാല്‍, എഴുതാന്‍ പറ്റാതെ പോയ ചരിത്രവുമായി മല്ലിടുക എന്ന കൃത്യം നിര്‍വ്വഹിക്കുന്ന കഥാപാത്രമല്ലാത്ത കഥാപാത്രം തന്നെ. ബഷീറിന്റെ കഥയിലെ ഭാവന ആകാനും മതി. 'ബഷീര്‍ എന്നെ എഴുതിയുണ്ടാക്കിയതാണോ എന്നു ഞാന്‍ പിന്നെയും ഭയന്നു' എന്നുണ്ട്. ബഷീറിന്റെ കഥാപാത്രങ്ങള്‍ വസിക്കുന്ന ഇടത്ത് ഇയാള്‍ എത്തുന്നുണ്ട്; അദ്ദേഹത്തിന്റെ കഥാപാത്രമായിത്തന്നെ. ('ഞാന്‍ ഭാവനാ ദേശത്ത് ബസിറങ്ങി, ബഷീറിന്റെ കഥാപാത്രങ്ങളുടെ ഗ്രാമത്തില്‍'). അവിടെയാകട്ടെ, ബഷീര്‍ മരിച്ചുപോയതില്‍ കുണ്ഠിതപ്പെടുന്ന കഥാപാത്രങ്ങളാണ്, ആനവാരിയും പൊന്‍കുരിശും മണ്ടന്‍ മുത്തപ്പയും ഒക്കെത്തന്നെ. 'ഇവന്‍ ചത്താല്‍ നമ്മള്‍ എന്തു ചെയ്യും' എന്ന്. ബഷീര്‍ ഭാവനയില്‍/യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ച തുരുത്ത് നോക്കി 'എന്റെ രാജ്യത്തേക്ക് പോകാന്‍ സമയമായിരിക്കുന്നു' എന്നു പറയുന്നവനാണ് 'ഞാന്‍'. ദേശകാലഭേദമില്ലാതെ സഞ്ചരിക്കുന്ന ഇയാള്‍ ഭാസിയാണ്, അവറാച്ചനാണ്, ജോണ്‍ ആണ്, മറ്റു പലരും ആണ്. കഥാപാത്രം എന്ന സ്വത്വം മാത്രമുള്ളതുകൊണ്ട് പലപ്പോഴും അദൃശ്യനാണ്. സാധാരണക്കാരുടെ 'കാലം' എന്ന സമയഗണനയില്‍പ്പെടുന്ന സ്വരൂപം അല്ലതാനും. ചുമ്മാ 'ഒരു നട്ടപ്രവെയിലത്ത് നിന്നാല്‍ ഒന്നൊന്നരമാസം കടന്നുപോകുന്ന' ആളാണ്. 'നമ്മള്‍ രണ്ടുപേരും ഒരു നോവലിലെ കഥാപാത്രങ്ങളാണെന്നു തോന്നുന്നു' എന്നാണ് സി.പി രാമസ്വാമി അയ്യര്‍ ഇയാളോട് പറയുന്നത്. 

ബഷീർ
ബഷീർ

ഏതു ബഷീര്‍? 

കേരളചരിത്രം ഗതിമാറ്റിവിട്ട മനീഷി എന്ന നിലയ്ക്കാണ് ബഷീര്‍ അവതരിപ്പിക്കപ്പെടുന്നത്. ബേപ്പൂരില്‍ താമസമാക്കിയ തലയോലപ്പറമ്പുകാരന്‍ ബഷീര്‍ അല്ല. അല്ലെങ്കില്‍ത്തന്നെ എത്രയെത്ര ബഷീര്‍മാര്‍ ഉണ്ട്! സാക്ഷാല്‍ ബഷീര്‍ അല്ല അത്. 'ഞാന്‍' സൃഷിച്ചെടുക്കുന്ന ബഷീര്‍ ആണത്. ആ ബഷീറാകട്ടെ, തിരുവിതാംകൂറിന്റെ മുഴുവന്‍ ചരിത്രവും ഗതിമാറ്റിവിടുന്ന ഭ്രാന്തന്‍ ചിന്തയുള്ള കഥപറച്ചിലുകാരനാണ്. ആ കഥകളാണ് ചരിത്രം. ആ ചരിത്രമാണ് കഥകള്‍; എന്നാല്‍, ചില സത്യങ്ങള്‍ അതിനുള്ളില്‍ ഉണ്ടുതാനും. ഒരു ചരിത്രവും അവശേഷിപ്പിച്ചു പോകാതെ ഇല്ലാതായ ബഷീറാണ് 'ഞാന്‍' ന്റെ ബഷീര്‍. പൂങ്കുന്നത്തെ പ്രസ്സിലോ സീതി ബില്‍ഡിങ്ങിലോ ബഷീറിന്റെ ലാഞ്ഛനപോലും ബാക്കിയില്ല. ബഷീറിന്റെ പേരു വിളിച്ചുകൊണ്ട് 'ഞാന്‍' ചരിത്രം നിര്‍മ്മിക്കുന്നു. ബഷീറിന്റെ മരണവാര്‍ത്തയ്ക്കു ശേഷം ബഷീറിനെ അന്വേഷിക്കുന്ന 'ഞാനി'നോട് 'ഇവന്മാരെക്കൊണ്ട് ഒരു രക്ഷേമില്ല. ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് അവസാനം ശരിക്കുവത് ഒണ്ടാക്കും' എന്നാണ് ബേപ്പൂര്‍ കടപ്പുറത്തെ പൂക്കുഞ്ഞ് സമ്മതിക്കുന്നത്. അന്വേഷണത്തിനിടയില്‍ 'ഞാന്‍' അതേ 'ഞാന്‍' നെ കണ്ടുമുട്ടുന്നുണ്ട്, മാനാഞ്ചിറയ്ക്കടുത്ത് വെച്ച്. ബഷീറുമായി തന്മയിപ്പിക്കുന്നതെന്നവണ്ണം ബീഡിവലി തുടങ്ങിയിട്ടുണ്ട് അതില്‍ ഒരു 'ഞാന്‍'. അറബിക്കടലിലെ തുരുത്ത്, ബഷീറിന്റെ ഭാവനാസൃഷ്ടി, പെട്ടെന്ന് ഭൗതികരൂപം കൈവരിച്ച് സത്യമായി മാറുന്നുണ്ട്. സര്‍ സി.പിയുടെ സമയം എണ്ണപ്പെട്ടിരിക്കുന്നു എന്നു പ്രഖ്യാപിച്ചും കഴിഞ്ഞു ബഷീര്‍. ഇതേസമയം സി.പി രോഗബാധിതനായി കിടപ്പിലാണ് എന്ന വാര്‍ത്തയും എത്തുന്നു. ബഷീര്‍ സൃഷ്ടിച്ച കഥാപാത്രമായ 'ഞാന്‍' തിരിച്ച് ബഷീറിനെ സൃഷ്ടിച്ചെടുക്കുന്നുണ്ട്, ഒരു അനിവാര്യതയെന്നപോലെ.

എന്തുകൊണ്ട് ബഷീര്‍? 

'ഞാനാണു കഥ, ഞാനെഴുതുന്നത് ഭാഷയും' എന്നു സധൈര്യം പ്രഖ്യാപിച്ച മറ്റൊരു എഴുത്തുകാരന്‍ നമുക്കില്ല. 'ബഷീര്‍ ചരിത്രത്തെ തന്നെക്കൊണ്ടളക്കുന്നു; കൃതികള്‍കൊണ്ട് അടയാളപ്പെടുത്തുന്നു. ഉണര്‍ന്നു ജീവിക്കുന്ന ഒരു കലാകാരന്റെ ആത്മകഥയാണ് ചരിത്രം' എന്ന് എം.എന്‍. വിജയന്‍. സ്വന്തം സാമ്രാജ്യം സ്ഥാപിച്ച് അതിലെ സുല്‍ത്താന്‍ എന്നു സ്വയം പ്രഖ്യാപിച്ചു ബഷീര്‍. 'ഞാനാണ് പൂവ്; ഞാന്‍ തന്നെ തോട്ടവും' എന്നും. തന്റെ തന്നെ കഥകളില്‍ കടന്നുകൂടി പല ബഷീര്‍മാരെ സൃഷ്ടിച്ച ആള്‍. കഥയെഴുതുന്നതിനു മുന്‍പേ കഥ എഴുതിയെന്നു സങ്കല്പിക്കുന്ന ആള്‍. 'മതിലുകള്‍' ന്റെ ആദ്യവരി 'മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ' എന്നാണ്. സന്ന്യാസിയായും സൂഫിയായും ജീവിച്ച അപൂര്‍വ്വ കഥാകാരന്‍. സര്‍ സി.പിയെ എഴുത്തുകൊണ്ട് നേരിട്ട വിപ്ലവകാരി. കേശവന്‍ നായരും സാറാമ്മയും തമ്മിലുള്ള പ്രണയം ചിത്രീകരിച്ചതുകൊണ്ട് ഏറെനാള്‍ നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു പ്രേമലേഖനം എന്നത് എന്തു നിലപാട്തറയില്‍ ശക്തമായി കാലുറപ്പിച്ചാണ് നിന്നത് എന്നു വ്യക്തമാക്കുന്നു. ബഷീര്‍ ഭാവനയില്‍ സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ തുരുത്ത് കൊച്ചിക്ക് പടിഞ്ഞാറ് ഉടന്‍ പ്രത്യക്ഷപ്പെടുകയാണ്; ആവശ്യക്കാര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി. സര്‍ഗ്ഗശക്തിയുടെ കരുത്ത് ഭൗതികവാദങ്ങളെ മറികടക്കുന്ന വേള. അക്കാമ്മ ചെറിയാന്‍ മുഖ്യമന്ത്രിയായി പ്രസംഗിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇതിനു കാരണക്കാരനായ ബഷീറിനെ തിരഞ്ഞെങ്കില്‍ അതില്‍ യുക്തിയുണ്ട്. തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ മഹാരാജാവ് കൊടിയുയര്‍ത്തിയപ്പോള്‍ അതിനെല്ലാം കാരണക്കാരന്‍ എന്നപോലെ 'ഞാന്‍' നെ നോക്കിയപോലെ. 'കാമുകന്റെ ഡയറി എഴുതുമ്പോള്‍ ബഷീറിനു ഭ്രാന്തായിരുന്നെങ്കില്‍ ഒ.വി. വിജയന്‍. സക്കറിയ, എം. മുകുന്ദന്‍ എന്നിവര്‍ക്കും ഭ്രാന്താണ്' എന്ന് നോവലിസ്റ്റ്. ബഷീര്‍ ഏതെങ്കിലും ആത്മഹത്യാമുനമ്പില്‍നിന്നു താഴേയ്ക്ക് ചാടിയാല്‍ അതു കഥകളിലേക്കു ചാടിച്ചാകുന്നതാണ്.

എഴുത്തുകാരെ തിരുത്തുക അല്ലെങ്കില്‍ കൊല്ലുക 

പരിഹാസത്തിന്റെ കുടുക്കുകള്‍ അഴിച്ചുവിട്ടുകൊണ്ടാണ് ഹരീഷ് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ വിദിതമാക്കുന്നത്. എഴുത്തുകാര്‍ പ്രത്യക്ഷമാക്കുന്നത് അതതു കാലത്തെ പൊതുസമൂഹത്തിന്റെ മാനസികനിലയാണ്. ജനത്തെ ഏറ്റവും സ്വാധീനിക്കുന്നതും സാഹിത്യസൃഷ്ടികളാണ്. ലോകത്ത് എല്ലാ ഭരണകൂടങ്ങളും എഴുത്തുകാര്‍ എന്തു വാക്കുകള്‍ ഉപയോഗിക്കുന്നു എന്നു നോക്കിയിരിപ്പാണ്. 'മീശ' എഴുതിയ ഹരീഷ് തന്നെ ഇക്കാര്യം വിശദമായി ആഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കാവ്യനീതിയുടെ ആഘോഷം തന്നെ. ഓരോ നോവലുകളും ഓരോ രാജ്യങ്ങളാണ് ആ മറുരാജ്യത്തെ ഭരണകൂടം പേടിക്കേണ്ടിയിരിക്കുന്നു. മാറിവരുന്ന രാഷ്ട്രീയ സ്വാധീനം സാഹിത്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ മലയാള സാഹിത്യത്തിലേയും സിനിമകളിലേയും അതതു കാലത്തെ ട്രെന്‍ഡുകള്‍ക്ക് സ്പൂഫ് ചമച്ചുകൊണ്ടാണ് നോവലിസ്റ്റ് പ്രകടമാക്കുന്നത്. ഒ.എന്‍.വി കുറുപ്പും എം.ടി. വാസുദേവന്‍ നായരും കെ.പി. കേശവമേനോനും ഒക്കെ പ്രച്ഛന്നരായി വന്നു പോകുന്നുണ്ട്. സിനിമാക്കാരന്‍ കുഞ്ചാക്കോ അതേപടിയും. 'സ്വാമിവിജയം' എന്ന കുഞ്ചാക്കോ സിനിമയില്‍ ബഷീര്‍ രണ്ട് ബ്രാഹ്മണസ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ട്. രണ്ടാംഭാഗത്തില്‍ പ്രേംനസീറിന്റെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബഷീറിനെ കൊല്ലുന്നുണ്ട്. 'മറുപടി' എന്ന മറ്റൊരു സിനിമയില്‍ സത്യന്‍ അവതരിപ്പിക്കുന്ന കൃഷ്ണന്‍ നായര്‍ എന്ന കഥാപാത്രമാണ് ബഷീറിനെ വധിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കടുംപിടിത്തത്തില്‍ സാഹിത്യകാരന്മാര്‍ എഴുതിയതെല്ലാം മാറ്റിയെഴുതാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്. 

ഏറ്റുമാനൂര്‍ നിന്നുള്ള ഒരു കവി സുകുമാരന്‍ മുതല്‍ തകഴി വരെ തടങ്കലിലാണ്. തിരുവിതാംകൂറില്‍ നടക്കേണ്ടിയിരുന്ന വിപ്ലവത്തെ തകര്‍ത്തത് കെ.സി. ജോര്‍ജും ടി.വി. തോമസും കൂടിയാണ്. സ്‌റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായ സി. കേശവന്‍, അക്കാമ്മ ചെറിയാന്‍, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവര്‍ ചേര്‍ന്ന് അതിനെ ചോരയില്‍ മുക്കിക്കൊന്നു. 'ഞാന്‍' ഇന്നു കിട്ടിയ ചരിത്രപുസ്തകം ആസകലം തിരുത്തേണ്ടിയിരിക്കുന്നു. കെ.ആര്‍. ഗൗരി ടി.വി. തോമസിനെ കല്യാണം കഴിച്ചു; ആലപ്പുഴ ജയിലില്‍നിന്നു മതിലു ചാടുമ്പോള്‍ വെടിയേറ്റ് മരിച്ച അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി, സി.പിയെ ആണ് വെട്ടിയത്, മഹാരാജാവിനെ അല്ല, അത് കെ.സി.എസ്. മണി ആയിരുന്നു എന്നൊക്കെ ചരിത്രപരമായ അസംബന്ധങ്ങള്‍ എഴുതിയത് തിരുത്താനാണ് 'ഞാന്‍' നെ ജയിലില്‍ കൊണ്ടുവന്നിരിക്കുന്നത്. ആ ചരിത്രം വെറും 'നാറിത്തരം' ആണ്; നോവല്‍ എന്നു വിളിക്കപ്പെടാന്‍പോലും അര്‍ഹമല്ല. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ത്യാഗത്തിന്റെ പ്രതിഫലം ഒക്കെ മാറ്റിയെഴുതാന്‍ കൊണ്ടിടപ്പെട്ട തകഴി ചെളിയിലും മലത്തിലും പൊതിഞ്ഞ്, മെലിഞ്ഞ് മൃതപ്രായനായിട്ടുണ്ട്. ജയിലില്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്ന, ശരീരം മാന്തിപ്പൊളിക്കുന്ന, ജീവനോടെ തൊലിയുരിക്കുന്ന വന്‍ വേദനയുടെ ആക്രന്ദനം പുതിയ ആശയമോ ഉപമയോ ലഭിച്ച ആഹ്ലാദശബ്ദമായിട്ടാണ് ജയില്‍ സൂപ്രണ്ട് സുബ്രഹ്മണ്യപിള്ളയ്ക്ക് തോന്നുന്നത്. ഏറ്റവും വലിയ മതിലുകള്‍ക്കകത്ത് ബഷീറാണ് ബന്ധനസ്ഥനായിരിക്കുന്നത്. വിപ്ലവം വരുന്നതിനു മുന്‍പെ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പേ, ബഷീര്‍ ഇവിടെ തടങ്കലില്‍ ഉണ്ടായിരുന്നു എന്ന വിശ്വാസം പുരാവൃത്തംപോലെ അവിടെ നിറഞ്ഞുനില്‍ക്കുന്നു. ഇതുവരെ എഴുതിയത് എല്ലാം തിരുത്തിയ കെ.എന്‍.ആര്‍. കുറുപ്പിനെ (ഒ.എന്‍.വിയുടെ പ്രച്ഛന്നന്‍) കൊണ്ടുവന്നു; അധികം താമസിയാതെ മരിച്ചും പോയി. മതിലിനപ്പുറത്ത് യാതൊരാവശ്യവുമില്ലാത്ത കുഴികളെടുക്കാന്‍ സക്കറിയയെ കൊണ്ടുവന്നിട്ടുണ്ട്. സ്റ്റാലിനുമായി സഖ്യം ചെയ്ത് തിരുവിതാംകൂറിനെ മാറ്റിയെടുക്കുന്ന വൈദ്യനാഥയ്യരുടെ ചരിത്രം 'ഞാന്‍' എഴുതിയപ്പോഴാണ് ജയില്‍ ഡയറക്ടര്‍ക്ക് സന്തോഷമായത്. ചരിത്രം എന്ന യുക്തിഹീന മണ്ടത്തരം (absurdtiy) ഉല്‍ക്കടമായി അവതരിപ്പിക്കപ്പെടുകയാണിവിടെ.

എസ് ഹരീഷ്
എസ് ഹരീഷ്

ഈ നോവലിന്റെ അവസാനത്തെ ഇരുപതോളം പേജുകള്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹനീതിയുടെ ജടിലതകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്; അതുകൊണ്ടുതന്നെ ഏറെ പ്രസക്തവും. മതാന്ധതയുടെ ക്രൗര്യം വരച്ചിടാന്‍ ഹരീഷ് ഉപയോഗിക്കുന്ന രൂപകങ്ങളും ബിംബങ്ങളും പുരാവൃത്തങ്ങളും അന്യൂനങ്ങളാണ്. 'ബ്രഹ്മജ്ഞാനി ആരോ അയാളാണ് ബ്രാഹ്മണന്‍; എന്റെ മാറിടം പിളര്‍ന്ന് ഹൃദയത്തിലേക്ക് നോക്കിയാല്‍ അതിനെ വലംവെയ്ക്കുന്ന ഒരു പൂണൂല്‍ കാണാം' എന്നെഴുതിയ ബഷീറിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ. ചരിത്രം തിരുത്തപ്പെടുന്നതും പുതിയ ചരിത്രപുസ്തകങ്ങള്‍ സ്ഥാപിത താല്പര്യങ്ങളുടെ മേല്‍നോട്ടത്തില്‍ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും നമ്മള്‍ നേരില്‍ കണ്ടുകഴിഞ്ഞതാണ്. എഴുത്തുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നമ്മള്‍ സാക്ഷികളായിക്കഴിഞ്ഞു. ഗോഡ്‌സെയും സവര്‍ക്കറും ദൈവങ്ങളായി മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദേശീയത എന്നതിന്റെ നിര്‍വ്വചനങ്ങള്‍ മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്രജ്ഞയോഗമായ സയന്‍സ് കോണ്‍ഗ്രസ്സില്‍ ഒരു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തന്നെ ശാസ്ത്രങ്ങളെല്ലാം രാമായണത്തില്‍ ഉണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് വന്‍ നാണക്കേട് വരുത്തിവെച്ചിട്ടുണ്ട്. 'ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്മവുമെനിക്കൊക്കായെന്ന് ചിലര്‍' എന്നു കളിയാക്കാന്‍ പൂന്താനത്തിനു തിരിച്ചുവരേണ്ടി വന്നിരിക്കുന്നു. ഉന്മത്തതയ്ക്കും ഉദാത്ത ചിന്തകള്‍ക്കിടയ്ക്കും ഞെരിക്കപ്പെടുന്ന ബഷീറിയന്‍ ആത്മീയത എന്നൊന്ന് ഉടലെടുക്കുന്നു, അത് 'ഞാന്‍' ഇതിലൂടെ വ്യതിരിക്തമാവുകയും ദൃശ്യപ്പെടുകയും ചെയ്യുന്നു. ഹരീഷ് ഉജ്ജ്വലവും ഭാവനാപൂര്‍ണ്ണവുമായ ഉക്തികളോടെയാണ് ഈ ഭാഗം വരഞ്ഞെടുത്തിട്ടുള്ളത്. ഫാന്റസിയുടെ, ഉന്മാദത്തിന്റെ ഇരുളോ വെളിച്ചമോ അല്ലാത്ത ഇടത്തില്‍ ചരിത്രങ്ങള്‍ ഇടിഞ്ഞുവീഴുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന സമയബന്ധിതമല്ലാത്ത മുഹൂര്‍ത്തങ്ങളുടെ സംയോഗവേള. ചരിത്രത്തിന്റേയും സമകാലീനതയുടേയും ഉണ്മ തേടുമ്പോഴുള്ള അതിവേദനയുടെ പിടച്ചിലുകളാണിവിടെ. 

'ബഷീറേ നിങ്ങള്‍ എന്നെ കഥയില്‍ കുടുക്കിക്കളഞ്ഞു. നിങ്ങള്‍ എഴുതാത്ത കഥകള്‍ കേട്ട്, ഉണ്ടാക്കാനിടയുള്ള കഥകളെ ഓര്‍ത്ത് നിങ്ങളെ പിന്തുടര്‍ന്ന ഒരാള്‍. ഞാന്‍ നിങ്ങളുടെ പിന്നാലെ കൂടിയ നിഴലില്ലാത്ത മനുഷ്യന്‍ മാത്രമാണ്.' ഈ ചരിത്രം മുഴുവന്‍ എഴുതിയ അല്ലെങ്കില്‍ ഒരു നിശ്ചിത ചരിത്രവും എഴുതാത്ത 'ഞാന്‍' ന്റെ ഏറ്റുപറച്ചിലോടെ നോവല്‍ അവസാനിക്കുന്നു.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com