മനുഷ്യ നിര്‍മ്മിതമായ അതിരുകള്‍ വീഴ്ത്തിയ മുറിപ്പാടുകളെക്കുറിച്ചു എഴുതിയ കവി

വിടപറഞ്ഞ പ്രമുഖ കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം. പള്ളിപ്പാടിനെക്കുറിച്ച്
മനുഷ്യ നിര്‍മ്മിതമായ അതിരുകള്‍ വീഴ്ത്തിയ മുറിപ്പാടുകളെക്കുറിച്ചു എഴുതിയ കവി

ണ്ടായിരത്തിന്റെ തുടക്കത്തില്‍ കോട്ടയത്തു നടന്ന കവികളുടേയും കലാകാരന്മാരുടേയും ഒരു മുഴുപകല്‍ കൂടിയിരിപ്പിലാണ് ബിനു എം. പള്ളിപ്പാടിനെ ആദ്യമായി ഞാന്‍ കാണുന്നത്. അതിനും ഏതാനും മാസം മുന്‍പ് സച്ചിദാനന്ദന്‍ മാഷ് എഡിറ്ററായി പുറത്തിറക്കിയിരുന്ന 'പച്ചക്കുതിര' ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ച 'മലബാര്‍ എക്‌സ്പ്രസ്' എന്ന കവിത വായിച്ചിരുന്നതിനാല്‍ പരിചയപ്പെടലിനു അകലം കുറവായിരുന്നു. ആ കാലം മുതല്‍ കവിതയാല്‍ ഞങ്ങള്‍ ബന്ധിക്കപ്പെട്ടു. ആദ്യ സമാഹാരമായ 'പാലറ്റി'ലെ കവിതകളടക്കം ഒടുവില്‍ പ്രസിദ്ധീകരിച്ച 'അനസ്‌തേഷ്യ' വരെയുള്ള കവിതകള്‍ വായിച്ചിട്ടുമുണ്ട്. ചില കവിതകളുടെയെങ്കിലും ആദ്യ വായന/ കേള്‍വിക്കാരില്‍ ഒരാളാകാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. 

ഏപ്രില്‍ ആദ്യയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനു എം. പള്ളിപ്പാട് 22ന് ജീവിതത്തില്‍നിന്നും മടങ്ങി. അവസാന നാളുകളില്‍ ശ്വസനത്തിനു വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യം മെച്ചപ്പെടുന്ന സൂചനകള്‍ കണ്ടുതുടങ്ങി. ആ ദിവസങ്ങളില്‍, ബോധത്തിലോ അബോധത്തിലോ ബിനു വിരലുകൊണ്ട് ശൂന്യതയില്‍ എന്തൊക്കെയോ എഴുതാന്‍ ശ്രമിച്ചുവെന്നു പറഞ്ഞറിഞ്ഞു. 

ഇപ്പോഴില്ലാത്തവരെക്കുറിച്ച് എഴുതുമ്പോള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ആരെക്കുറിച്ച് എഴുതുന്നോ, അത് അവരെ സംബന്ധിച്ചു നീതിപരമാകുമോ എന്ന ആശങ്കയാണ്. അതിനു ഉത്തരം കണ്ടെത്തുക അസാധ്യം. ഓരോ വരിയെഴുതുമ്പോഴും ഒരദൃശ്യ സാന്നിദ്ധ്യമായിരുന്ന് ഈ കുറിപ്പു വായിക്കുന്ന കവിയെ ഞാന്‍ കാണുന്നു. കവിത മാത്രമല്ല, തനിക്കു ബോധ്യപ്പെടാത്ത എന്തിനോടും എതിരിട്ട് കലഹിച്ച കവിയായിരുന്നു അയാള്‍.

2016ലെ ബിനാലെയില്‍ ചിലിയന്‍ കവി റൗള്‍ സൂറിറ്റയുടെ കടല്‍വെള്ളം കെട്ടിനിറുത്തിയ 'ദ സീ ഒഫ് പെയിന്‍' എന്ന ഇന്‍സ്റ്റലേഷനെക്കുറിച്ചു വാചാലരായവരെക്കുറിച്ച് ബിനു പറഞ്ഞ കമന്റ് പെട്ടെന്നു ഓര്‍മ്മവരുന്നു. മഴക്കാലത്ത് പള്ളിപ്പാട് എല്ലായാണ്ടിലും ഇതിലും ഗംഭീര ഇന്‍സ്റ്റലേഷന്‍ കാണാം. കവിതയിലെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയായി അതു മാറിയെന്നു പിന്നീടെനിക്കു തോന്നി.

ബിനു എം പള്ളിപ്പാട്/ ഫോട്ടോ: ബിജു കെ വിജയൻ
ബിനു എം പള്ളിപ്പാട്/ ഫോട്ടോ: ബിജു കെ വിജയൻ

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് 'സ്‌കൂള്‍' എന്ന കവിത വായിച്ചത്. പഠിച്ച സ്‌കൂളില്‍ പ്രളയകാലത്തു താമസിച്ച ദിവസങ്ങളെക്കുറിച്ചുള്ള കവിത കവിയുടെ ജീവിതാനുഭവങ്ങളിലേക്കു വേരുകള്‍ പടര്‍ത്തുന്നു.

പഠിച്ച സ്‌കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്
ചിലപ്പോഴൊക്കെ അറിവ്
അഭയമാകുന്നതുപോലെ

പഠിച്ച സ്‌കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസ്സില്‍നിന്ന്
സന്ധ്യാനാമം വന്ന്
നരകിച്ചിട്ടുണ്ട്

കലത്തിനുള്ളിലെ 
നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോള്‍
ഇടി മുഴങ്ങി
വിളക്കിനെ കാറ്റ്
വിരട്ടുമ്പോള്‍
തിളങ്ങും കൊള്ളിയാന്‍
വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബഫോട്ടോയുണ്ട്.

പഴങ്കഥകൊണ്ട് 
പുതച്ച അപ്പൂപ്പന്‍
മിടുക്കന്മാരുടെ 
ബഞ്ചിലിരുന്ന് 
പകലളക്കുമ്പോള്‍
പാടത്തെ വീട്
തല തിരിഞ്ഞ
ഒരു കഴുത

കൂടെ പഠിച്ച ഉണ്ണികള്‍ 
നടന്നുപോവുമ്പോള്‍
വരാന്തയില്‍നിന്ന്
മാഞ്ഞുപോയിട്ടുണ്ട്.

ഉപ്പുമാവമ്മ
വിയര്‍ത്ത പുരയ്ക്കുള്ളില്‍
അച്ഛന്‍മാരിരുന്ന്
റാണിയെ വെട്ടുമ്പോള്‍
റേഷന്‍ കഞ്ഞിയിലേക്ക്
ഓമക്കയും ചക്കയും ചേര്‍ത്ത
ചളിച്ച കറിവന്ന് വീഴും

പഠിച്ച സ്‌കൂളിന്റെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും വെള്ളത്തിലും
ഒരു സ്‌കൂള്‍.

(സ്‌കൂള്‍)

വേറുകൃത്യങ്ങളില്‍ ഉയിര്‍ക്കുന്ന എതിര്‍ശബ്ദം

തൊണ്ണൂറുകളുടെ തുടക്കത്തില്‍ എഴുതിത്തുടങ്ങിയെങ്കിലും അക്കാലത്തിന്റെ ഭാവുകത്വ പരിസരത്തിനു വഴങ്ങിയ കവിയായിരുന്നില്ല ബിനു എം. പള്ളിപ്പാട്. 'പാലറ്റ്' എന്ന സമാഹാരത്തിലെ കവിതകള്‍ ഉദാഹരണം. ദളിത് അനുഭവങ്ങള്‍ ആ കവിതയെ സവിശേഷമായ ഒരു വഴിയിലൂടെ മുന്നോട്ടു നയിച്ചു. പള്ളിപ്പാട്ടെ ഗ്രാമജീവിതവും നീണ്ടകാലം താമസിച്ച കുമളിയിലെ മലയാളവും തമിഴും കലര്‍ന്ന ദേശഭാഷാ സംസ്‌കാരവും കവിതയില്‍ കടന്നുവന്നു. കാണലില്‍നിന്നും രൂപമെടുക്കുന്ന കാവ്യഭാഷയുടെ ഇരുണ്ട തിളക്കമുണ്ടായിരുന്നു ഒട്ടുമിക്ക കവിതകളിലും. വായിക്കുംതോറും അനേകം അടരുകള്‍ വെളിപ്പെട്ടുവരുന്ന രാഷ്ട്രീയം കവിതകളില്‍ പ്രകടം. കവിയുടെ സ്വന്തമെന്നു മാത്രം രേഖപ്പെടുത്താനാകുന്ന വാക്കുകളും ശൈലികളും ആ കവിതകളെ അനന്യമാക്കി. സംഗീതവും സിനിമയും വൈകുന്നേരങ്ങളിലെ നിഴലുകള്‍പോലെ ആ കവിതയില്‍ പിന്തുടര്‍ന്നു. തീവ്രമായ വേദനകളില്‍നിന്നും വേറുകൃത്യങ്ങളില്‍നിന്നും ഉയിര്‍ക്കുന്ന എതിര്‍ശബ്ദങ്ങള്‍ കവിതയില്‍ കാതലായി. ആറു ദാര്‍ശനികര്‍ ചേര്‍ന്ന് അമാവാസിയെ നാടകത്തില്‍നിന്നും പുറത്താക്കിയെന്ന കവിതാ തലക്കെട്ടുതന്നെ കിടിലന്‍ രാഷ്ട്രീയധ്വനി മുഴക്കുന്നതാണ്. കാല്‍നഖത്തിലിരുന്നു പൊട്ടിമുളയ്ക്കുന്ന വിത്തുകളുടേതുപോലെയുള്ള സ്വാഭാവികതയുടെ ഉറവുകള്‍ കവിതകളില്‍ തെളിഞ്ഞുകിടന്നു. ചിത്രകലയുടെ സ്വാധീനം കവിതയിലുടനീളം കണ്ടു. ചിത്രകാരും ശില്പികളുമടങ്ങുന്ന അനേകം കലാകാരന്മാരുടെ സൗഹൃദവലയം കവിക്കു ചുറ്റും എന്നും ഉണ്ടായിരുന്നു. 'പാലറ്റ്' എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:

മഞ്ഞയും
ബ്രൗണും കൊടുക്കണം
വിളഞ്ഞ പാടത്തിന്

വെള്ളത്തിലെ
മീനുള്ള വശം ഒഴിവാക്കി
ഡെപ്തില്‍
കറുപ്പടിക്കണം

പതുങ്ങിയ
മുണ്ടിയെ
പറപ്പിക്കാതെ
മടയ്ക്കിപ്പുറമിരുത്തണം

മുറ്റത്തിരിക്കുന്നയാള്‍ക്ക്
എരിവും ചാരായവും
ചേര്‍ന്ന്
വിയര്‍ത്ത പേശിയിലേക്ക്
നിലാവിന്റെ
ഹൈലൈറ്റ് വെക്കണം

എന്നും പരിചയമില്ലാത്ത
കൈലിവന്നുപോകുന്ന
ഒറ്റവീടും വിളക്കും
ബാഗ്രൗണ്ടില്‍ കൊടുക്കണം

ഇറയത്തിരിക്കുന്നയാളിന്റെ
മുഖത്തുനിന്നും
പാടംനിറയെ 
എന്റെ
ബന്ധുക്കളാണെന്ന്
ഒറ്റ നോട്ടത്തില്‍
വായിച്ചെടുക്കണം

നീര്‍ക്കാക്കയും ഇരണ്ടയും
പറക്കുന്നത്
കവച്ച
മേഘത്തിനിപ്പുറത്താക്കണം.

ഉത്സവത്തിനു പോകാന്‍
അനിയന്‍
പിച്ചാത്തി തേക്കുന്നതിന്റെ
നിഴല്‍
വാഴയ്ക്കിപ്പുറം നിലാവിന്റെ
ഇളം നീലയില്‍
ചാലിച്ചെടുക്കണം.

തവിട്ടില്‍
വെള്ളകൊണ്ട്
ഒരു നൈറ്റിയും
പിങ്കില്‍ റോസുകൊണ്ട്
ഒരു കുട്ടിയുടുപ്പും
അയയില്‍ ഇടണം.

മുറ്റത്തെ
ഒറ്റാലിന്നകത്തെ
കോഴിക്കുഞ്ഞിന്
ഐവറിയില്‍
ചെമ്പുകൊണ്ട്
ചെറുതായി
തൊട്ടുതൊട്ടു വിടണം

(പാലറ്റ്)

'പാലറ്റ്', 'അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍' എന്നീ കവിതാപുസ്തകങ്ങളിലായും പ്രസിദ്ധീകരിക്കാനിരിക്കുന്ന 'കുയില്‍കുടി' എന്ന സമാഹാരത്തിലായും അനേകം കവിതകളുണ്ടെങ്കിലും എന്റെ പള്ളിപ്പാട് കവിതകള്‍,  പാലറ്റ്, പഴയ ക്ഷുഭിതയൗവ്വനങ്ങളെ സൂക്ഷിക്കുക, വസന്തത്തിന്റെ ഇടിമൊഴക്കം, ലൗലെറ്റര്‍, സ്റ്റുഡന്റ്‌സ് വാട്ടര്‍കളര്‍, സ്‌കൂള്‍, ആറു ദാര്‍ശനികര്‍ ചേര്‍ന്ന് അമാവാസിയെ നാടകത്തില്‍നിന്ന് ഒഴിവാക്കുന്നു, പുലിവാഹ, ചൂണ്ടക്കാരന്‍, മരിച്ചയാള്‍, അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍, മര്‍ച്ചന്റ് ഒഫ് ഫോര്‍ സീസണ്‍സ്, കുയില്‍കുടി ഇവയാണ്.

ബിനു എം പള്ളിപ്പാട് ഭാര്യ കെആർ അമ്പിളിയോടൊപ്പം
ബിനു എം പള്ളിപ്പാട് ഭാര്യ കെആർ അമ്പിളിയോടൊപ്പം

1974ല്‍ അച്ചന്‍കോവിലാറിന്റെ തീരത്തെ പള്ളിപ്പാട് ഗ്രാമത്തിലാണ് ബിനു ജനിച്ചത്. പരുമല ഡി.ബി കോളേജിലായിരുന്നു വിദ്യാഭ്യാസം. പുല്ലാങ്കുഴല്‍ വാദകനായും പേരെടുത്തു. കുമളിയിലെ ഒരു റിസോര്‍ട്ടില്‍ നീണ്ടകാലം സഞ്ചാരികള്‍ക്കായി പാട്ടുകള്‍ പുല്ലാങ്കുഴലില്‍ വായിച്ചു. 2017ല്‍ കുമളിയില്‍ നടന്ന മലയാളംതമിഴ് കാവ്യസംഗമത്തിന്റെ മുഖ്യ സംഘാടകന്‍ ബിനുവായിരുന്നു. പ്രമുഖ തമിഴ് കവി എന്‍.ഡി. രാജ്കുമാറിന്റെ കവിതകള്‍ 'തെറി' എന്ന പേരില്‍ തമിഴില്‍നിന്ന് മലയാളത്തിലേക്ക് ബിനു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രാജ് കുമാറുമായി ചേര്‍ന്ന് 'ഒളിക്കാത ഇളവേനില്‍' എന്ന പേരില്‍ ശ്രീലങ്കന്‍ പെണ്‍ കവിതകളുടെ വിവര്‍ത്തനവും പൂര്‍ത്തിയാക്കി. ബാവുല്‍ ഗായകരോടൊപ്പം കേരളത്തിലും ഉത്തരേന്ത്യയിലും സംഗീതപരിപാടികളും നടത്തിയിട്ടുണ്ട്. ഗവേഷകയായ കെ.ആര്‍ അമ്പിളിയാണ് ജീവിത പങ്കാളി.

ബിനുവിന്റെ കവിതകളുടെ ഭൂമിക രണ്ട് ഇടങ്ങളിലായി ചിതറിക്കിടക്കുന്നു. ഒന്ന്: അപ്പര്‍കുട്ടനാട്. രണ്ട്: കവി നീണ്ടകാലം ജീവിച്ച കുമളി. ദേശിംഗനാടിന്റെ കിഴക്കന്‍ മലനിരകളില്‍നിന്ന് ഒഴുകിയിറങ്ങിയ അച്ചന്‍കോവിലാറിന്റെ തീരത്തെ പ്രകൃതിയെക്കുറിച്ചും കീഴാളമനുഷ്യരും മീനുകളടക്കമുള്ള സഹജീവജാലങ്ങളെക്കുറിച്ചും എഴുതിയ അപ്പര്‍കുട്ടനാടന്‍ കവിതകളുടേതാണ് എഴുത്തിന്റെ ആദ്യകാല ഭൂമിക. അതിന്റെ വിടര്‍ച്ചയില്‍, തുടര്‍ച്ചയില്‍, കുമളിയുടെ, തേക്കടിയുടെ ഭൂപ്രകൃതിയില്‍ നമ്മള്‍ മലകയറിയ കവിയെ കാണുന്നു. കാറ്റിനെക്കുറിച്ചും കോടയെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും മലയാളംതമിഴ് അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കുമുള്ള യാത്രകളെക്കുറിച്ചും അനേകം കവിതകള്‍. ഭാഷതന്നെ അതിരുകള്‍ ഭേദിച്ച് തമിഴ്മലയാളം കലര്‍പ്പിന്റെ സങ്കര സംസ്‌കാരത്തിലേക്കു നീങ്ങുന്നതായി കാണാം. പ്രസിദ്ധീകരിക്കാനിരിക്കുന്ന കുയില്‍ക്കുടി എന്ന സമാഹാരത്തില്‍ ആ കവിതകള്‍ വായിക്കാനാകും. കുട്ടനാടും കുമളിയും രണ്ടതിരുകളാണ്. ഈ രണ്ട് അതിര്‍ത്തി ദേശങ്ങളെക്കുറിച്ചും എന്നാല്‍, മനുഷ്യനിര്‍മ്മിതമായ അതിരുകള്‍ വീഴ്ത്തിയ മുറിപ്പാടുകളെക്കുറിച്ചും ഇത്രകണ്ട് ആഴത്തില്‍ സൂക്ഷ്മമായി എഴുതിയ മറ്റൊരു കവി മലയാള കവിതയിലില്ല. അതുതന്നെയാണ് മലയാള കവിതാചരിത്രത്തില്‍ ബിനു എം. പള്ളിപ്പാട് എന്ന കവിയുടെ പ്രസക്തി. മലമുകളില്‍ കവി താമസിക്കുന്ന വീടിന്റെ സമീപത്തെ ഒരിടത്തെക്കുറിച്ചുള്ള ഒരു കവിത, മരിക്കുന്നതിനും ഏതാനും ദിവസംമുന്‍പ് കവി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ആ കവിത അവസാനിക്കുന്നത് കാറ്റ് വരുന്ന ഒരു വഴിയെക്കുറിച്ചു സൂചിപ്പിച്ചായിരുന്നു. സമുദ്രനിരപ്പിനും താഴെയുള്ള ഒരു ഉര്‍വ്വരനിലത്തില്‍നിന്നും മലകയറിയ കവിതയുടെ, കാറ്റിന്റെ ഒരു ചാലായിരുന്നു ബിനു.

ബിനു എം പള്ളിപ്പാട്/ ഫോട്ടോ: ഹരി തിരുവല്ല
ബിനു എം പള്ളിപ്പാട്/ ഫോട്ടോ: ഹരി തിരുവല്ല

കവിത

വിന്റ് സ്‌കേപ്പ്
ബിനു എം. പള്ളിപ്പാട്

കുന്നിന്റെ പള്ളക്കേ വീടിന്റെ
മുറ്റത്ത് ബേഡ്‌സ് ചെറിക്ക് താഴെ 
ആളില്ലാത്ത പകല്‍ വല്ലപ്പോഴും 
ഒരു മ്ലാവ് വന്നുനില്‍ക്കും

മേലേ ചില്ലയില്‍ പകലളന്നും 
പഴം തിന്നും വേഴാമ്പലുകളുണ്ട്

തൊട്ട് താഴെ അടഞ്ഞ് കിടക്കുന്ന
ഒരു വീടുണ്ട്
വല്ലപ്പോഴും ഒരാള്‍ വന്ന് തുറക്കും

കാറ്റില്‍ മുള ഉരഞ്ഞ് മുറുകിയ 
ഒച്ചക്കൊപ്പം ആ വീട്ടില്‍നിന്ന്
തമിഴ് പാട്ട് വരും

സന്ധ്യക്കയാള്‍ തിരികെപ്പോകും
വേഴാമ്പലുകള്‍ കാട്ടിലേക്കും
പണികഴിഞ്ഞ് മനുഷ്യര്‍ വരും
സ്‌കൂള്‍ വിട്ട് കുട്ടികളും

കാറ്റിന്റെ ഒരു ചാലാണത്.

(ഏതാനും ദിവസം മുന്‍പ് ബിനു  എം. പള്ളിപ്പാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com