നാസി ഭൂതത്തെ കാണിച്ച് സാഹിത്യം എന്തു ചെയ്യുന്നു?

ഒരു രാജ്യത്തിന്റെ ചരിത്ര പ്രതിസന്ധിയില്‍ വന്നുഭവിച്ച വലിയ ദുരന്തമായിരുന്നു നാസിസം
നാസി ഭൂതത്തെ കാണിച്ച് സാഹിത്യം എന്തു ചെയ്യുന്നു?

നാസി ചരിത്രം ജര്‍മന്‍കാര്‍ക്ക് വഹിക്കാനാവാത്ത ഭാരമായിരുന്നു. അഡ്നോവര്‍ ആണ് യുദ്ധാനന്തരം ജര്‍മനിയുടെ രാഷ്ട്രീയ നേതാവായത്. അദ്ദേഹത്തിന് ജര്‍മന്‍കാരോട് നുണ പറയേണ്ടിവന്നു. ''നാണംകെട്ട നാസി അധാര്‍മ്മികത ഒരു ന്യൂനപക്ഷത്തെ മാത്രമാണ് ബാധിച്ചത്.'' ജര്‍മനിയിലെ പ്രമുഖ സാഹിത്യകാരനും ചിന്തകനുമായിരുന്ന മാര്‍ട്ടിന്‍ വാല്‍സര്‍ പറഞ്ഞു, ''എല്ലാം മായ്ചുകളയാമായിരുന്നെങ്കില്‍ നന്നായിരുന്നു.'' ഈ ഓര്‍മ്മകള്‍ വഹിച്ചു ജീവിക്കുക പ്രയാസമായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''എന്റെ ഉള്ളിലെ എന്തോ നമ്മുടെ നാണക്കേടിന്റെ സ്ഥിരമായ പ്രദര്‍ശനം എതിര്‍ക്കുന്നു.'' ബര്‍ലിനില്‍ നാസി ഭീകരതയുടെ സ്മാരകം ഉണ്ടാക്കുന്നതിനെ അദ്ദേഹം എതിര്‍ത്തുകൊണ്ട് പറഞ്ഞു: ''നാണക്കേടിനെ സ്മാരകമാക്കുന്നു.'' ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ 'ചരിത്രത്തിന്റെ ഭാര'ത്തെക്കുറിച്ചു നടത്തിയ പ്രഭാഷണത്തെ ജര്‍മനിയിലെ യഹൂദ സെന്‍ട്രല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ ''ആത്മീയ തീവയ്പ്'' എന്നു വിമര്‍ശിച്ചു. പക്ഷേ, വാല്‍സര്‍ ഒരിക്കല്‍ പറഞ്ഞു: ''ഔഷ്വിറ്റ്സിനു ശേഷം ഒരു ദിവസം പോലും കടന്നുപോയിട്ടില്ല.'' ജര്‍മനിയുടെ ഒഴിവാക്കാനാവാത്ത ചരിത്രഭാരമായി നാസി കാലഘടന നിലനില്‍ക്കും. ഒപ്പം ലോകജനതയുടെ മനസ്സാക്ഷിയുടെ ഒരു വ്രണമായി അതു നീറിക്കൊണ്ടിരിക്കും.

ഒരു രാജ്യത്തിന്റെ ചരിത്ര പ്രതിസന്ധിയില്‍ വന്നുഭവിച്ച വലിയ ദുരന്തമായിരുന്നു നാസിസം. ഒന്നാം ലോക മഹായുദ്ധത്തില്‍ ദയനീയമായി തോറ്റതിന്റെ പരാജയബോധവും നാണക്കേടും അനുഭവിച്ചപ്പോള്‍ത്തന്നെ നാട് ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയമായ വലിയ അനിശ്ചിതത്വത്തിലും ആണ്ടുപോയി. സംഘാതമായ നിരാശയുടെ അന്തരീക്ഷത്തിലാണ് 1937 ജനുവരി 30-ന് അഡോള്‍ഫ് ഹിറ്റ്ലര്‍ ഭൂരിപക്ഷ പാര്‍ട്ടിയായി ജര്‍മനിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 33 ശതമാനം വോട്ട് മാത്രമാണ് ഈ പാര്‍ട്ടിക്കു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ശക്തനായ നേതാവായി ഹിറ്റ്ലര്‍ ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹം പ്രതീക്ഷയാണ് നല്‍കിയത്. ജര്‍മന്‍ വംശത്തിന്റെ അഹംബോധത്തെ ഉണര്‍ത്തുന്നവനായി അദ്ദേഹം. ജര്‍മന്‍കാര്‍ ലോകത്തിന്റെ ശ്രേഷ്ഠമായ ആര്യവര്‍ഗ്ഗമാണ് എന്നും അവരുടെ യശസ്സും അന്തസ്സും ഉയര്‍ത്തുന്നതില്‍ ഉറച്ചു വിശ്വസിക്കുന്ന രാഷ്ട്രീയനേതാവായി ഹിറ്റ്ലര്‍. അച്ചടക്കത്തിന്റേയും ആത്മവിശ്വാസത്തിന്റേയും നേതാവിനെ ജര്‍മന്‍കാര്‍ സ്വീകരിച്ചു. പ്രതിസന്ധിയില്‍നിന്ന് ജനങ്ങളേയും രാജ്യത്തേയും കരകയറ്റാന്‍ വന്ന രക്ഷകനായി പലരും അദ്ദേഹത്തെ കണ്ടു. രക്ഷകനെ പ്രതീക്ഷിച്ച ഒരു വിശ്വാസ പശ്ചാത്തലം ജര്‍മനിക്കുണ്ടായിരുന്നു. കാരണം, രക്ഷകന്റെ വരവിന്റെ മതമായിരുന്നു യഹൂദ മതം. ജര്‍മനിയുടെ ജനസംഖ്യയില്‍ ഒരു ശതമാനം പോലുമില്ലാതെ 525000 പേരുള്ള യഹൂദര്‍ വളരെ പ്രധാന ഒരു ന്യൂനപക്ഷമായിരുന്നു. യഹൂദ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ ക്രൈസ്തവ സംസ്‌കാരവും രക്ഷകന്റെ പ്രതീക്ഷയും കാത്തിരിപ്പു തുടരുന്നവരായിരുന്നു. ഒരു രക്ഷകനായി ഹിറ്റ്ലര്‍ അവതരിപ്പിക്കപ്പെട്ടു. പക്ഷേ, രക്ഷകനെ പ്രതീക്ഷിച്ചവര്‍ രക്ഷകന്‍ രക്ഷിക്കും എന്ന അലസ ചിന്തക്കാരുമായിരുന്നു. രക്ഷയുടെ വേദം തന്നില്‍ത്തന്നെ എഴുതപ്പെട്ടതു വായിച്ച, രക്ഷകരായി വരുന്നവരെ നിരന്തരം നിഷേധിക്കുന്ന ജാഗ്രതയുടെ ഉത്തരവാദിത്വ ബോധത്തില്‍ പരാജയപ്പെടുന്ന തലമുറയുടെ ദുരന്തം. ഹിറ്റ്ലറിന്റെ പദ്ധതിയിലെ അപകടം തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയാത്ത ഉത്തരവാദിത്വ മരവിപ്പ് സംഭവിച്ചില്ലേ എന്നതാണ് ഗൗരവമായ പ്രശ്നം.

മാർട്ടിൻ വാൽസർ
മാർട്ടിൻ വാൽസർ

പരിണാമചിന്തയും ശുദ്ധവര്‍ഗസിദ്ധാന്തവും

ജര്‍മന്‍ വംശം ആര്യമാണ് എന്നു മാത്രമല്ല, മറ്റു വര്‍ഗ്ഗങ്ങള്‍ അവരെക്കാള്‍ താഴേയാണ് എന്നും ഇത്തരം അവശ വര്‍ഗ്ഗങ്ങള്‍ ജര്‍മന്‍കാരെ ബലഹീനരാക്കുന്നു എന്നും ഹിറ്റ്ലര്‍ വിശ്വസിച്ചു. ആര്യവര്‍ഗ്ഗത്തിന്റെ ശ്രേഷ്ഠതയ്ക്കും ആധിപത്യത്തിനും മറ്റും താഴ്ന്ന വര്‍ഗ്ഗങ്ങളെ ഇല്ലായ്മ ചെയ്യണമെന്നുമുള്ള ഒരു ശുദ്ധവര്‍ഗ്ഗം സിദ്ധാന്തവും അതിന്റെ ഡാര്‍വീനിയന്‍ പരിണാമചിന്തയും വിശ്വാസപ്രമാണമായി. സങ്കരമായ ''ഇണചേരല്‍ പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമാണ്. അതിന്റെ ആദ്യപടി ഉയര്‍ന്നതും താഴ്ന്നതും തമ്മിലുള്ള ബന്ധത്തിന്റെയല്ല, മറിച്ച് ഉയര്‍ന്നതിന്റെ പൂര്‍ണ്ണ വിജയത്തിലാണ്'' എന്ന് 'എന്റെ യുദ്ധത്തില്‍' അദ്ദേഹം എഴുതി. താഴ്ന്ന വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കി ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ ആധിപത്യ യുദ്ധമാണ് അദ്ദേഹം പദ്ധതിയിട്ട് നടപ്പിലാക്കിയത്. യഹൂദരോട് സമൂഹത്തില്‍ നിലനിന്ന സാമ്പത്തികവും സാമൂഹികമായ സ്പര്‍ധയെ കടുത്ത വെറുപ്പാക്കി മാറ്റാനും യഹൂദരുടെ അന്ത്യവിധി നടപ്പിലാക്കാനും തുടങ്ങിയപ്പോഴും ജര്‍മന്‍ ജനതയുടെ രാഷ്ട്രീയ ഉത്തരവാദിത്വം ഉണര്‍ന്നോ എന്നറിയില്ല. അതാണ് ചരിത്രത്തിന്റെ നാണക്കേടായി മാറിയത്. അതിന്റെ പിന്നില്‍ രക്ഷകന്റെ പ്രതീക്ഷയും വീരാരാധനയും ഒന്നുചേര്‍ന്നു. രക്ഷകനു വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ച് നിത്‌ഷേ എഴുതി: ''ഞാന്‍ കാത്തിരിക്കാന്‍ ഉറപ്പായി പഠിച്ചു. പക്ഷേ, എനിക്കുവേണ്ടിയുള്ള കാത്തിരിപ്പ്.'' കാത്തിരിപ്പ് എന്റെ ഉത്തരവാദിത്വം ഒഴിയലല്ല. കാത്തിരിപ്പ് എന്നില്‍ തന്നെയാണ്? ആരാണ് എന്നില്‍ വരാനുള്ളത്? ഞാനല്ലാത്ത ഞാന്‍ ചരിത്രത്തിലെ എന്റെ ഉത്തരവാദിത്വം ഏല്പിക്കാന്‍ വേറെ ആരുമില്ല - ഞാനല്ലാതെ.

കൃഷ്ണന്‍ കാലാകാലങ്ങളില്‍ സംഭവിക്കും എന്നു പ്രതീക്ഷിക്കുന്നവരാണ് ഭാരതീയര്‍. കൃഷ്ണന്‍ എന്നില്‍ വരുമെന്നാണോ? അത് എന്നെ രക്ഷിക്കാന്‍ പുറത്തുനിന്നു വരുമെന്നോ? കാത്തിരിക്കണം ജാഗ്രത വേണം. വ്യാജ പ്രവാചകരെ തുറന്നു കാണിക്കാനുമുള്ള ജാഗ്രത; ദൈവികമായ എല്ലാ അടയാളങ്ങളേയും അവകാശവാദങ്ങളേയും നിരാകരിക്കുന്ന ജാഗ്രത. ശക്തന്റെ ആധിപത്യത്തിനു അശക്തരെ ഇല്ലാതാക്കുന്ന യുദ്ധത്തെ വിവേചിക്കാനുള്ള ജാഗ്രത ഇല്ലാതെ പോകുന്ന അപകടം. ഇത് ഒരു രാജ്യത്തിനോ ഒരു ജനതയ്ക്കോ മാത്രമുണ്ടാകുന്ന പ്രതിസന്ധിയല്ല. നാസിസവും ഫാസിസവും സംഭവിക്കുന്നു. ഫുക്കോ എഴുതി: ''നാസിസം നാം എല്ലാവരിലുമുണ്ട്.'' - നമ്മെ ചൂഷണം ചെയ്യുകയും ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന കാമം നമ്മിലുണ്ട്. ജര്‍മന്‍ ചിന്തകനായ കാള്‍ യാസ്പേഴ്സ് നാസി ചരിത്രത്തെക്കുറിച്ച് എഴുതി, ''സംഭവിച്ചത് ഒരു മുന്നറിയിപ്പാണ്, മറക്കുന്നതു കുറ്റകരമാണ്. അതു നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. ഇതു സംഭവിക്കുക സാധ്യമായിരുന്നു. ഇതു വീണ്ടും ഏതു നിമിഷത്തിലും സംഭവിക്കാം. ഇത് ഒഴിവാക്കാന്‍ കഴിയുന്നത് അറിവിന്റെ തലത്തില്‍ മാത്രമാണ്.''

മിഷേൽ ഫുക്കോ
മിഷേൽ ഫുക്കോ

ഈ അറിവിന്റെ തലമാണ് സാഹിത്യവും ചിന്തയും. അങ്ങനെയുള്ള ഒരു നോവല്‍ അവതരിപ്പിക്കയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. നാസി ജര്‍മനിയുടെ ചരിത്രത്തിന്റെ ഇരയായത് യഹൂദരാണല്ലോ മുഖ്യമായും. അങ്ങനെയുള്ള ഒരു യഹൂദന്‍ എഡ്ഗര്‍ ഹില്‍സെന്റാത്ത് 1945-ല്‍ റഷ്യന്‍ പട്ടാളത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട് തന്റെ കുടുംബം താമസിച്ചിരുന്ന റുമേനിയന്‍ പട്ടണത്തില്‍ ചെന്നപ്പോള്‍ ആ പട്ടണം മുഴുവന്‍ നശിപ്പിക്കപ്പെട്ടതായി കണ്ട് പലസ്തീനിലേക്കു ചെല്ലുന്നു; അവിടെനിന്നു അമേരിക്കന്‍ ഐക്യനാടുകളില്‍ കുടിയേറി. അദ്ദേഹം നാസിസത്തെക്കുറിച്ച് എഴുതിയ നോവലണ് 'നാസിയും ക്ഷുരകനും'. ഈ നോവല്‍ ജര്‍മന്‍ ഭാഷയിലെഴുതിയത് ജര്‍മനിയില്‍ പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറാകാതെ ഇംഗ്ലീഷില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ജര്‍മനിയില്‍ പ്രസിദ്ധീകൃതമായത്. മാക്സ് ഷുള്‍ട്ടസ് എന്ന നാസി എസ്.എസ്. പട്ടാളക്കാരന്‍ പീഡനതടവറയിലെ കൂട്ടക്കൊല നടത്തിയവന്‍ യുദ്ധാനന്തരം താന്‍ കൊന്ന സഹപാഠിയുടെ വേഷവും അടയാളങ്ങളും ശരീരത്തില്‍ ധരിച്ച് പലസ്തീനിലേക്കു കുടിയേറി യഹൂദ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പടയാളിയാകുന്നു. നാസി തനിമ രൂപാന്തരീകരണത്തിനു വിധേയമായി യഹൂദര്‍ക്കുവേണ്ടിയുള്ള വേട്ടയുടെ പട്ടാളക്കാരായി വിരമിച്ച് ഒരു ക്ഷുരകനായി ജീവിക്കുന്ന കഥ. മാക്സ് ഷുള്‍ട്ടസിന്റെ ആര്യപൈതൃകം സംശയരഹിതമായി തെളിയിക്കപ്പെട്ടതാണ്, പക്ഷേ, അയാളുടെ അമ്മയുടെ അഞ്ച് കാമുകരില്‍ ആരുടെ സന്താനമാണ് താന്‍ എന്നു വ്യക്തമല്ല. മാക്സിന്റെ യഥാര്‍ത്ഥ ആര്യവര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടി കൂട്ടുകാരന്റെ കൂടെ കൂടി നടത്തിയ നാടന്‍ ഛേദനാചാരത്തിന്റെ നടപടിയില്‍ നിന്നുള്ള രക്ഷപ്പെടലായിരുന്നു. ആ കൂട്ടുകാരനാകട്ടെ, ഒരു ഇറച്ചിവെട്ടുകാരനുമായിരുന്നു. മാക്സിന്റെ കുട്ടിക്കാലത്തെ കൂട്ടുകാരന്‍ ഇറ്റ്സിഗ് ഫിങ്കെസ്‌റ്റൈയിന്‍ ജര്‍മനിയിലെ ഇടത്തരക്കാരന്‍ യഹൂദകുടുംബത്തിലെ അംഗമായിരുന്നു. പഠനകാര്യത്തില്‍ മാക്സിനെ സഹായിച്ചിരുന്നത് ഇറ്റ്സിഗ് ആയിരുന്നു. എന്നാല്‍, മാക്സിന്റെ മികവ് ഒരു കാര്യത്തില്‍ മാത്രം. അത് എലികളെ കൊല്ലുന്നതില്‍ അവനുണ്ടായിരുന്ന മിടുക്കായിരുന്നു. ഇതാണ് കൂട്ടുകാരന് അവന്‍ കൊടുത്ത അറിവ്. രണ്ടു പേരുടേയും ശരീരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. തന്തയില്ലാത്തവനെങ്കിലും മാക്സിനു കറുത്തമുടിയും നത്തിന്റെ കണ്ണുകളും ഗരുഡമൂക്കും തടിച്ച ചുണ്ടുകളും വൃത്തികെട്ട പല്ലുകളുമുണ്ടായിരുന്നു. ഹിറ്റ്ലറിന്റെ പോസ്റ്റര്‍ കുട്ടിയാവാന്‍ പറ്റിയത് ഇറ്റ്സിഗ് ആയിരുന്നു. ഇറ്റ്സിഗിന്റെ പിതാവ് മാക്സിനോടു പറയുമായിരുന്നു: ''നിന്നെപ്പോലെ ഒരു യഹൂദനില്ല. എന്നാല്‍, യഹൂദനാകുക എന്നത് എന്ത് എന്ന് ഞങ്ങള്‍ക്കുമറിയില്ല.'' ഈ യഹൂദ കുടുംബത്തെ സംബന്ധിച്ചിടത്തോളം ''ജര്‍മനി വളരെ പുരോഗമിച്ച രാജ്യമാണ്. മനുഷ്യമഹത്വം സംരക്ഷിക്കപ്പെടുന്ന രാജ്യം.'' തന്തയില്ലാത്തവനെ യഹൂദ കുടുംബ ദത്ത് എടുത്തപോലെ സഹായിച്ചിരുന്നു. അവന്‍ അവരുടെ കൂടെ സിനഗോഗില്‍ പോകുകയും അവരുടെ ഭാഷ പറയുകയും ചെയ്യുമായിരുന്നു. ഇതൊക്കെയാണെങ്കിലും മാക്സ് ഹിറ്റലറിന്റെ പാരമിലിട്ടറി സംഘടനയായ എസ്.എസ്സില്‍ ചേര്‍ന്നു. അതിനു കാരണം ദേശസ്നേഹമൊന്നുമായിരുന്നില്ല. മറിച്ച് അവന്‍ ഹിറ്റ്ലറിന്റെ പ്രസംഗം കേട്ടതാണ്. അത് അതിഭൗതികമായ ഒരു ഉന്മാദം അനുഭവിച്ചതുപോലെയായിരുന്നു. അത് 'തലച്ചോറില്‍ ഓട്ട' വീണപോലെയുള്ള അനുഭവമായിരുന്നുപോലും. സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ അഭിപ്രായത്തില്‍ എസ്.എസ്സില്‍ ചേര്‍ന്ന കുട്ടികള്‍ ദൈവത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ തലയില്‍ ഓട്ടവീണവരാണ്. മാക്സിനെ സംബന്ധിച്ചിടത്തോളം തന്റെ അമ്മയുടെ ഭര്‍ത്താവില്‍നിന്ന് ദിനം പ്രതി കിട്ടുന്ന തല്ല് കൊണ്ടതു മൂലം അവന്റെ ശരീരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവന്റെ തീരുമാനങ്ങള്‍ രാഷ്ട്രീയ ചിന്തയുടെ ഫലമായിരുന്നില്ല. മറിച്ച് കുട്ടിക്കാലത്ത് അനുഭവിച്ച ഭയത്തിന്റേയും വിറയലിന്റേയും ബാക്കിയായിരുന്നു.

കത്തിക്കരിഞ്ഞുപോയ സഹ തടവുകാരന്റെ മൃതദേഹം നോക്കിയിരിക്കുന്നയാൾ. തെഖ്ല ക്യാമ്പിലെ ദൃശ്യം
കത്തിക്കരിഞ്ഞുപോയ സഹ തടവുകാരന്റെ മൃതദേഹം നോക്കിയിരിക്കുന്നയാൾ. തെഖ്ല ക്യാമ്പിലെ ദൃശ്യം

എന്നാല്‍, ഇറ്റ്സിഗ് വിദ്യാഭ്യാസത്തിലും സ്നേഹത്തിലും ഔദാര്യത്തിലും വളര്‍ന്നു. മാക്സ് എസ്.എസ്. യൂണിഫോമില്‍ പ്രത്യക്ഷമായത് അവന്റെ അമ്മ ഭര്‍ത്താവിനെ കാണിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''ഇപ്പോള്‍ അവന്‍ ആണിനെപ്പോലെയായി.'' അവന്റെ ശരീരം അവന്റെ ചരിത്രം ആലേഖിതമായിരുന്നു. മുഖം പിശാച് കയറിയപോലെയും. അവന്‍ എസ്.എസ്സിന്റെ അധികാരപടികള്‍ കയറി - അതിന്റെ കമാന്ററായി. അവനെ പോളണ്ടിലെ ലാവുബാര്‍സിന്റെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ കമാന്ററായി. അവിടെ ക്യാമ്പിലേക്ക് പിടിക്കപ്പെട്ടു വന്ന ഇറ്റ്സിഗിനേയും കുടുംബത്തേയും മാക്സ് വെടിവെച്ചുകൊന്നു. യുദ്ധാവസാനം റഷ്യന്‍ തടവുകാരുടെ ഇടയില്‍പ്പെട്ട് നിരന്തരമായ അതിസാരം മൂലം അവന്‍ കൊല്ലപ്പെടാതെ മനുഷ്യത്വമില്ലാത്ത സാഹചര്യത്തില്‍പ്പെട്ട് മരിക്കാതെ കിടന്നു. ഒരു സ്ത്രീയുടെ പ്രഹരത്തിനും ലൈംഗികാക്രമണത്തിനും ഇരയായി. എല്ലാം കളവുപോയി. തന്റെ ഡയറിയും ഒരു ബാഗുമായി ജര്‍മനിയില്‍ തിരിച്ചെത്തി. ക്യാമ്പില്‍ താന്‍ കൊന്നവരുടെ സ്വര്‍ണ്ണപ്പല്ലുകളായിരുന്നു ബാഗില്‍. ജര്‍മനിയില്‍ തരിച്ചെത്തിയ അയാള്‍ ജീവിതത്തെക്കുറിച്ച് ഗൗരവമായി തീരുമാനമെടുത്തു. അയാള്‍ ആ തീരുമാനം തന്നോടു തന്നെ പറയുന്നു: ''മാക്സ് ഷൂള്‍സ്, നിനക്ക് ഒരു രണ്ടാം ജീവിതമുണ്ടെങ്കില്‍ അത് ഒരു യഹൂദനായിട്ടായിരിക്കണം. ഒരു കാര്യം വ്യക്തമാണ്, നാം യുദ്ധത്തില്‍ തോറ്റു. യഹൂദര്‍, ജയിച്ചു. ഞാന്‍ മാക്സ് ഷുള്‍സ്, എപ്പോഴും ഒരു ആദര്‍ശക്കാരനായിരുന്നു. ഒരു പ്രത്യേകതരം ആദര്‍ശക്കാരന്‍. സ്വന്തം കപ്പലിന്റെ പായ കാറ്റിനനുസരിച്ച് വെട്ടി പാകപ്പെടുത്തുന്നവന്‍. കാരണം, അവനറിയാം ജയിച്ചവരുടെ കൂടെ ജീവിക്കുന്നതാണ് തോറ്റവരുടെ കൂടെ ജീവിക്കുന്നതിനെക്കാള്‍ നല്ലത്. യഹൂദര്‍ യുദ്ധം ജയിച്ചിരിക്കുന്നു.''

കാൾ യാസ്പേഴ്സ് 
കാൾ യാസ്പേഴ്സ് 

ഇത്തരം 'ആദര്‍ശ'വീരന്മാര്‍ ഒരു നാടിന്റേയോ സംസ്‌കാരത്തിന്റേയോ മാത്രം സവിശേഷതയല്ലല്ലോ. അങ്ങനെ അയാള്‍ യഹൂദനാകാന്‍ തീരുമാനിച്ചു. മനുഷ്യനല്ലാത്തവരാണ് യഹൂദര്‍ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ തീരുമാനം എടുത്തത്. യഹൂദനാകുക എന്നാല്‍ അവന്റെ തനിമ മാറ്റുകയാണ്. അതു ശരീരത്തിന്റെ മാത്രം പ്രശ്നമാണ്. ശരീരമാണ് വ്യത്യാസങ്ങളുടെ അടിസ്ഥാനം. ഈ ദേഹമാണ് മറ്റ് ദേഹങ്ങളില്‍നിന്ന് പ്രത്യേകം. എന്റെ ശരീരത്തില്‍ ചില പിച്ചാത്തിപ്പണികള്‍ നടത്തേണ്ടിയിരിക്കുന്നു. മുന്‍പില്‍ത്തന്നെ അതു തുടങ്ങണം. ഛേദനാചാരം നടത്തണം. താന്‍ ഒരു എസ്.എസ് പട്ടാളക്കാരനായിരുന്നു എന്നതിന്റെ എല്ലാ അടയാളങ്ങളും മാറ്റണം. പിന്നെ താന്‍ സ്വീകരിക്കേണ്ടത് ഈ പട്ടാളക്കാരന്‍ പീഡിപ്പിച്ചു കൊന്നവന്റെ അടയാളങ്ങള്‍. ബര്‍ലിനില്‍ അവന്‍ പരിചയപ്പെട്ടതും കാലില്ലാത്തവനുമായ ഹോര്‍സ്റ്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചു, അവന്‍ നല്ല പച്ചകുത്തുകാരനാണ്. അവന്‍ ചോദിച്ചു, ''നിനക്ക് എന്താകണം?'' ''കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പീഡിതന്‍.'' അങ്ങനെ താന്‍ കൊന്നവന്റെ ശരീരമായി അവന്റെ ശരീരം പച്ചകുത്തി മാറ്റി. ഇറ്റ്‌സിഗിന്റെ തടവറ നമ്പറും യഹൂദ മുദ്രയും ശരീരത്തില്‍ ചാര്‍ത്തി; അവന്റെ വേഷങ്ങളും നാമവും അധികാരപത്രങ്ങളും കണ്ടെടുത്തു. ശരീരം പൂര്‍ണ്ണമായി ഇറ്റ്സിഗിന്റെയായി - കടലാസ്സുകളും. അങ്ങനെ തനിമ മാച്ചെഴുതപ്പെട്ടു. പക്ഷേ, പഴയ എസ്.എസ്. പട്ടാളക്കാരന്റെ വടുക്കള്‍ അവശേഷിച്ചു. പക്ഷേ, അതു വടുക്കള്‍ മാത്രമായിരുന്നു.

പീഡന ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ മുള്ളുവേലിയിൽ കുരുങ്ങി മരണത്തിന് കീഴടങ്ങിയ ജൂത തടവുകാരൻ. കൊടുംക്രൂരതകൾ മാത്രം അരങ്ങേറിയിരുന്ന തടവറകളിൽ നിന്നുള്ള രക്ഷപ്പെടൽ മരണം മാത്രമായിരുന്നു
പീഡന ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ മുള്ളുവേലിയിൽ കുരുങ്ങി മരണത്തിന് കീഴടങ്ങിയ ജൂത തടവുകാരൻ. കൊടുംക്രൂരതകൾ മാത്രം അരങ്ങേറിയിരുന്ന തടവറകളിൽ നിന്നുള്ള രക്ഷപ്പെടൽ മരണം മാത്രമായിരുന്നു

യഹൂദരുടെ പട്ടാളനാട്

ഇറ്റ്സിഗ് കൊല്ലപ്പെട്ടത് മാച്ചെഴുതി, ചതഞ്ഞരഞ്ഞുപോയ അവന്റെ തനിമ വീണ്ടെടുത്തു. അവന്റെ തടവറ നമ്പര്‍ ശരീരത്തില്‍ ആലേഖനം ചെയ്തു. അങ്ങനെ മാക്സ് ഷൂള്‍സ് ഇറ്റ്സിംഗ് എന്ന യഹൂദനായി - യഹൂദ ശരീരമായി. അവന്‍ യഹൂദ ചരിത്രത്തില്‍ ആവേശപൂര്‍വ്വം ആഴ്ന്നിറങ്ങി. ഇറ്റ്സിഗ് എന്ന യഹൂദന്‍ പലസ്തീനിലേക്കു കുടിയേറി. ''ഞാനാണ് ഇറ്റ്സിഗ് ഫിങ്കല്‍സ്റ്റയിന്‍'' എന്ന് അയാള്‍ ഇടയ്ക്കിടയ്ക്കു പറഞ്ഞ് സ്വന്തം വ്യാജ തനിമ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. അവിടെ ഒരു എസ്.എസ്. പട്ടാളക്കാരന്റെ ഇരയെ കല്യാണം കഴിച്ച് അയാള്‍ സയണിസ്റ്റ് പോരാളിയായിച്ചേര്‍ന്നു. അയാള്‍ തന്നെത്തന്നെ ''ജനങ്ങളുടെ ശത്രു'' എന്നു വിളിച്ചു പരിഹസിച്ചു. ഇത്തരം പ്രയോഗങ്ങള്‍ സത്യത്തിന്റെ അഴിച്ചിലാണ് എന്നും പറഞ്ഞു. അങ്ങനെ യഹൂദ സ്വാതന്ത്ര്യത്തിനുവേണ്ടി കടുത്ത നടപടികള്‍ എടുത്ത് ഇസ്രയേല്‍ പട്ടാളത്തിനു മാതൃകയായി. അങ്ങനെ 'തേനും പാലുമൊഴുകുന്ന വാഗ്ദാന നാട്' യഹൂദരുടെ പട്ടാള നാടായി. പഴയ ആദ്യശരീരം ഉടച്ചും പച്ചകുത്തിയും തടവുകാരന്റെ മുദ്ര പതിപ്പിച്ചും തുടര്‍ന്നു. തന്റെ ഇരട്ട തനിമയില്‍ മനംമടുത്ത് അവശനായി തന്റെ കൂട്ടുകാരനോട് സത്യം തുറന്നു പറഞ്ഞു. അയാള്‍ മാക്സിന്റെ ഭാര്യയെ കണ്ടു പറഞ്ഞു: ''നിങ്ങളുടെ ഭര്‍ത്താവിന്റെ മാനസികാവസ്ഥ അപകടത്തിലാണ്.''

അണികളെ അഭിസംബോധന ചെയ്യുന്ന ഹിറ്റ്ലർ
അണികളെ അഭിസംബോധന ചെയ്യുന്ന ഹിറ്റ്ലർ

മനസ്സും ശരീരവും തമ്മിലുള്ള ഈ വൈരുദ്ധ്യത്തില്‍ ശരീരം ക്ലേശിച്ച് പ്രതിസന്ധിയിലായി. ഫലമായി ഉണ്ടായ മൂന്നു ഹൃദയാഘാതങ്ങള്‍ അയാള്‍ക്കു ധൈര്യവും കരുണയും നല്‍കി. പക്ഷേ, സമൂഹം അപ്പോഴും സ്വാതന്ത്ര്യത്തിന്റെ പോരാളിയായിത്തന്നെ കണ്ടു. എങ്കിലും സത്യത്തിന്റെ ഭാരവും ശരീരത്തിന്റെ അടയാളങ്ങളും ഒന്നിച്ച് തന്നോട് വിഘടിച്ച് സത്യം പ്രകടമാക്കാന്‍ തുടങ്ങി. അയാള്‍തന്നെ ശരിക്കും കാണുന്നതും മനസ്സിലാക്കുന്നതും ജറുസലേമിനു പടിഞ്ഞാറ് കീസലോണ്‍ നദീതടത്തില്‍ 1951-ല്‍ വച്ചുപിടിപ്പിച്ച 60 ലക്ഷം മരങ്ങളുടെ വനത്തിലാണ്. നാസികള്‍ കൊന്ന 60 ലക്ഷം യഹൂദരുടെ ഓര്‍മ്മയ്ക്കായി വച്ചുപിടിപ്പിച്ച മരങ്ങളുടെ വനം. അവിടമാണ് അയാള്‍ക്ക് സ്വാഭാവികമായി തോന്നിയ ഇടം. ആ വനത്തിലാകുമ്പോള്‍ മനുഷ്യന്‍ അഭയം കണ്ടെത്തുന്നതു പോലെ. ആശ്ചര്യത്തിന്റെ വനമാണത്. ഇവിടെ ചെല്ലുന്നവര്‍ ആകാശത്തേക്കു നോക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു - അത്യുന്നതങ്ങളുടെ സംരക്ഷണം ലഭിക്കുന്ന ഇടം. ഈ വനം ദേവാലയത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു. ദൈവത്തിന്റെ മുന്‍പില്‍ എന്നപോലെ. ഏലിയാസ് കനേറ്റിയുടെ വിവരണമാണിത്. ഭൂമിയിലേക്കു വേരുകളുള്ളതും ചലനമില്ലാത്തതുമായ സാന്നിധ്യം സൃഷ്ടിച്ചുകൊണ്ട് പട്ടാളത്തിന്റെ രൂപവുമാകുന്നു. ആ വിധത്തില്‍ അതു ജര്‍മനിയുടെ ദേശീയതയുടെ പ്രതിരൂപവുമാണ്. ഈ വനം മാക്സ് എന്ന ക്ഷുരകനു കൊടുക്കുന്നത് സൗഹൃദമോ സംഭ്രാത്രമോ അല്ല. അറുപതു ലക്ഷത്തിന്റെ വനത്തില്‍ നിന്നുള്ള കാറ്റ് മരണത്തിന്റെയാണ്. ആ കാറ്റ് മാക്സിനെ വഹിച്ചുകൊണ്ടുപോകുന്നു.

തടവിലാക്കിയ ജൂതസ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു പതിവ്. മിസോക്സിലെ കൂട്ടക്കൊലയുടെ ​ദൃശ്യം
തടവിലാക്കിയ ജൂതസ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച ശേഷം വെടിവച്ചു കൊല്ലുകയായിരുന്നു പതിവ്. മിസോക്സിലെ കൂട്ടക്കൊലയുടെ ​ദൃശ്യം

എന്തായിരുന്നു മാക്സിന്റെ കഥയുടെ അര്‍ത്ഥം? ജര്‍മന്‍ ക്ലാസ്സിക്കല്‍ സാഹിത്യത്തില്‍ ഫ്രെഡറിക് ഷില്ലര്‍ നിന്ദാസ്തുതി എന്ന കാലരൂപത്തെ ഇങ്ങനെ നിര്‍വചിച്ചു. ''യാഥാര്‍ത്ഥ്യത്തിന്റെ കുറവ് അതിന്റെ അത്യുന്നതമായ യഥാര്‍ത്ഥ ആദര്‍ശവുമായി വിരുദ്ധോക്തിയില്‍ തട്ടിക്കുന്നു.'' ആദിയില്‍ മനുഷ്യന് യാഥാര്‍ത്ഥ്യവുമായി ഉണ്ടായിരുന്ന പൊരുത്തം നഷ്ടമായി. യാഥാര്‍ത്ഥ്യത്തിനു  കുറവ് വന്നു - ആ കുറവ് യാഥാര്‍ത്ഥ്യത്തിന്റെ കുറവ് വര്‍ദ്ധിച്ചതു കാണിച്ച് മനുഷ്യനെ മെച്ചമാക്കാന്‍ ശ്രമിക്കുന്നു. പരിഹാസ കലാകാരന്‍ മുറിവേറ്റ ആദര്‍ശവാദിയാണ്. അയാള്‍ക്ക് ലോകം മെച്ചമാകണം, പക്ഷേ, അതു മോശമായിരിക്കുന്നു. അയാള്‍ ആ ലോകത്തിന് എതിരാകുന്നു. അതിനെ പരിഹസിച്ച് തകിടംമറിക്കുന്നു. 12 കൊല്ലത്തെ നാസി ഭരണമാണ് 'നാസിയും ക്ഷുരകനും' അവതരിപ്പിക്കുന്നത്. ആ ലോകത്തെയാണ് തലകീഴ് മറിക്കുന്നത്. മനുഷ്യത്വത്തിന്റെ വിരുദ്ധോക്തിയില്‍ നിലയുറപ്പിച്ചവനായിരുന്നു മാക്സ്. അവന്‍ അങ്ങനെ ആയത് എന്തുകൊണ്ടാണ് എന്നു കാണിക്കുന്നു. തന്തയില്ലാത്തവന്‍ തന്തയില്ലായ്മയില്‍ നിരന്തരം ശാരീരികമായും ലൈംഗികമായും ആക്രമിക്കപ്പെട്ട് ഇരയായി മാറി. അവന്റെ നൈര്‍മല്യവും നിഷ്‌കളങ്കതയും അക്രമത്തിനു വിധേയമായി. അതൊക്കെ അവനെ അക്രമിയാക്കി; മനുഷ്യനെ വികൃതവിരൂപനാക്കി. അവന്‍ ഇവിടെ കരുണയും സ്നേഹവും കണ്ടില്ല. അതു കാണിച്ചവരെ വെറുതെ കൊന്നു. പിന്നെ അതു യഹൂദരുടെ ഗറില്ല യുദ്ധമായി അറബികള്‍ക്കെതിരായി.

എഡ്​ഗർ ഹിൽസെൻറാത്ത്
എഡ്​ഗർ ഹിൽസെൻറാത്ത്

മാക്സിന്റെ ഭാര്യയില്‍ അവനൊരു കുട്ടിയുണ്ടായി. പക്ഷേ, വിരൂപനായി ജനിച്ചവന്‍ ഒരു ദിവസത്തിനുള്ളില്‍ മരിച്ചു. അതിന് ശരീരമോ മുഖമോ ഉണ്ടായില്ല. കണ്ണുകള്‍ മാത്രം. ആ കണ്ണുകള്‍ തന്റെ നേരെ തിരിഞ്ഞിരുന്നു അടയുന്നതിനു മുന്‍പ് എന്ന് മാക്സ് കണ്ടു. കുട്ടി ഒരു സത്വമായിരുന്നു - അകത്തു വളരുന്ന സത്വം. നോവലിന്റെ എഴുത്തുകാരനായ എഡ്ഗര്‍ ഹില്‍സെന്റാത്ത് എഴുതി: ''ഔഷ് വിറ്റ്സിന്റെ പടങ്ങള്‍ എടുക്കുകയോ അതിനെക്കുറിച്ച് എഴുതുകയോ അനിവാര്യമല്ല. ഒരു കാലഘട്ടത്തെ ബാധിച്ച ഭൂതത്തെ കാണിക്കുകയാണ് വേണ്ടത്. എന്റെ കഥ ഔഷ് വിറ്റ്സിലല്ല നടക്കുന്നത്. അത് ഏതു മുറിയിലും നടക്കും. ഔഷ് വിറ്റ്സ് നമ്മുടെ മസ്തിഷ്‌കമാണ്.''

നാസി ഭൂതത്തെ കാണിച്ച് സാഹിത്യം എന്തു ചെയ്യുന്നു? നാസി ഭാഷയില്‍ പങ്കാളിയാവാന്‍ വിസമ്മതിക്കുന്നു. ആ ഭാഷയെ വിമര്‍ശിക്കുന്നില്ല. പ്രത്യക്ഷമായി പരിഹസിക്കുന്നില്ല. പരോക്ഷമായ ഒരു വിരുദ്ധോക്തിയില്‍ ഭിന്നമായ ഭാഷ സംസാരിക്കാന്‍ ശ്രമിക്കുന്നു. സാഹിത്യം പര്യാകുലമായി ഉണ്ടാക്കുന്ന മനുഷ്യസംസ്‌കാരത്തിലെ ഒരു പ്രത്യേക ഭാഷ. ചിരിക്കാനുള്ള അവകാശം കരയാനുള്ള കടമയുടെ മറുപുറമാണ്. നാസിയുടെ ക്രൂരവും മനുഷ്യത്വം ചത്തതുമായ ചിരിയെ നേരിടുന്ന ഭാഷയാണ്. വേട്ടക്കാരന്‍ ഇരയെ കീഴടക്കി നടത്തുന്ന ചിരിക്ക് മനുഷ്യന്റെ പ്രതിബിംബന പ്രതിഭ കണ്ടെത്തുന്ന മറുപടി. മനുഷ്യത്വത്തിന്റെ അധികാര പ്രയോഗം അതിന്റെ ഉത്ഭവം മനുഷ്യസത്തയുടെ ഏതോ അലൗകികതയില്‍ നിന്നാണ്. അതിനു ഭീകരതയുടെ സംഭവത്തില്‍നിന്ന് അകന്ന്, മൃഗീയതയില്‍ മുങ്ങിത്താഴാതെ നില്‍ക്കണം. ചിരിയെ നേരിടുന്ന മറ്റൊരു ചിരി, പൊട്ടിക്കരയാതെ പൊട്ടിച്ചിരിക്കുന്നു. അത് ആനന്ദം ഇല്ലാത്ത ചിരിയാണ്. വല്ലാതെ കായ്ക്കുന്നതും വിലകെടുത്തുന്നതുമായ ചിരിയെ തകര്‍ക്കുന്ന ചിരി.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com