'സെവന്‍ത് സീല്‍'- അസാധാരണ ഇമേജുകള്‍കൊണ്ട് അര്‍ത്ഥസമ്പുഷ്ടം, ലോക സിനിമയിലെ അപൂര്‍വ്വത 

മനസ്സില്‍നിന്നും മാഞ്ഞുപോകാത്ത ഇമേജുകള്‍ എന്നതിനേക്കാള്‍, അവ ഉന്നയിക്കുന്ന നിശ്ശബ്ദ ചോദ്യങ്ങള്‍ ചലച്ചിത്രകാരനായ ബെര്‍ഗ്മാന്റെ അസ്വസ്ഥമനസ്സിന്റെ പ്രതിഫലനം കൂടിയാകുന്നു
'സെവന്‍ത് സീല്‍'- അസാധാരണ ഇമേജുകള്‍കൊണ്ട് അര്‍ത്ഥസമ്പുഷ്ടം, ലോക സിനിമയിലെ അപൂര്‍വ്വത 

അവന്‍ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അരമണിക്കൂറോളം മൗനത ഉണ്ടായി. അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്‍മാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവര്‍ക്ക് ഏഴ് കാഹളം ലഭിച്ചു. 

'ഇരുട്ടുനിറ!ഞ്ഞ ആകാശക്കീറിനടിയില്‍ ചിറകനക്കാതെ പറക്കുന്ന കഴുകന്‍. താഴെ ഇരമ്പിയാര്‍ക്കുന്ന തിരമാലകള്‍. കാലമേല്പിച്ച പ്രഹരങ്ങളില്‍ വിവധ രൂപങ്ങളിലായ പാറക്കഷണങ്ങള്‍ എഴുന്നുനില്‍ക്കുന്ന കടല്‍ത്തീരത്ത്, കറുത്ത കല്ലിന്‍ കഷണങ്ങള്‍ ചിതറിക്കിടക്കുന്നു. അതിനിടയില്‍ ഉറങ്ങിക്കിടക്കുന്ന രണ്ടുപേര്‍. അതില്‍ ഒരാള്‍ അന്റോണിയസ് ബ്ലോക്ക് എന്നു പേരുള്ള പ്രഭു. അയാള്‍ക്ക് അല്പം അകലെയായി അകമ്പടിക്കാരനും സന്തത സഹചാരിയുമായി ജോണ്‍സ്. ഉറങ്ങിയെണീറ്റ ബ്ലോക്ക് കടല്‍ത്തീരത്തിറങ്ങി കൈക്കുമ്പിളില്‍ വെള്ളം നിറച്ച് മൗനമായി പ്രാര്‍ത്ഥിക്കുന്നു. ആകാശച്ചെരുവില്‍നിന്ന് ഒഴുകിയെത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആരംഭിക്കുന്ന 'സെവന്‍ത് സീല്‍' (ഏഴാം മുദ്ര) മനസ്സിനെ മഥിക്കുകയും വ്യാകുലമാക്കുകയും ചെയ്യുന്ന ഒരു ബെര്‍ഗ്മാന്‍ മാസ്റ്റര്‍പീസാണ്.'

മരണത്തിന്റെ നിതാന്ത സാന്നിദ്ധ്യം 

കാലത്തെ അതിജീവിക്കുന്ന മഹത്തായ രചനയെന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഇതില്‍ പ്രത്യക്ഷപ്പെടുന്ന മരണം ഏതോ അജ്ഞാത ശക്തിയുടെ പ്രതിനിധിയാണ്. വിശ്വാസരാഹിത്യത്തേയും അതുല്പാദിപ്പിക്കുന്ന നൈരാശ്യത്തേയും പറ്റിയുള്ള ആലോചനകളാണ് ഈ ചലച്ചിത്രത്തിനു രൂപം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് എഴുതിയിട്ടുണ്ട്. വിശ്വാസം നഷ്ടപ്പെട്ട് മരണത്തിന്റെ നിഴലില്‍ ജീവിക്കേണ്ടിവരുന്ന ദുസ്സഹാവസ്ഥ. മദ്ധ്യകാലഘട്ടത്തിന്റെ പശ്ചാത്തലം. ദൈവത്തെ കാത്തിരിക്കുന്നവര്‍. അതിനിടയില്‍ പ്ലേഗിന്റെ ആക്രമണം. കരകേറാന്‍ വഴിയൊന്നും കാണാതെ അന്ധകാരം നിറഞ്ഞ ആഴങ്ങളില്‍ പതിക്കുമ്പോഴും ആശ കൈവിടുന്നില്ല. അങ്ങനെ അതിനെ ആധാരമാക്കി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കാലടിശബ്ദം പോലും കേള്‍പ്പിക്കാതെ മരണം (ബെന്റ് ഇക്കറോട്ടാണ് മരണമെന്ന കഥാപാത്രത്തിനു മനുഷ്യരൂപം നല്‍കുന്നത്) എത്തുന്നു. ജീവിതത്തിന്റെ നശ്വരത പ്രഖ്യാപിക്കുന്ന രൂപകമായാണ് അത് സങ്കല്പിക്കപ്പെടുന്നത്. വെളിപാടു പുസ്തകത്തിലെ വെളിപാടുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്, 'അവന്‍ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ ഏകദേശം അരമണിക്കൂര്‍ മൗനത ഉണ്ടായി,' തുടങ്ങുന്ന ചലച്ചിത്രം മരണനൃത്തത്തില്‍ അവസാനിക്കുമ്പോള്‍, ജീവിതമൊരു വാടാമലരാണെന്നു നിശ്ശബ്ദം അറിയിക്കുന്നതാണ് മിയാജോഫ് ദമ്പതിമാര്‍. 

'ഗ്രീഷ്മതാപം ചൊരിയുന്ന ആകാശക്കീഴില്‍, ലില്ലിച്ചെടിയുടെ ശിഖരത്തില്‍ ഒരു പ്രാവ് പറന്നുവന്നിരുന്നു. യേശുദേവനെ പ്രകീര്‍ത്തിച്ച് അത് പാടി. അപ്പോള്‍ അതിയായ ആഹ്ലാദം തിരതല്ലി' എന്ന മിയ (ബിബി അന്‍ഡേഴ്‌സണ്‍)യ്ക്കുവേണ്ടി ജോഫ് (നില്‍സ് പോപ്പ്) കവിത ചൊല്ലുന്നു. ഒരു വയസ്സായ മകന്‍ മൈക്കേലാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. വലുതാവുമ്പോള്‍ സമര്‍ത്ഥനായ കായികാഭ്യാസിയാവുന്ന തന്റെ മകന്‍, അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിടുന്ന ചെറിയ ഗോളങ്ങള്‍ നിലത്തുവീഴാതെ തങ്ങിനില്‍ക്കുന്ന അഭ്യാസം നടത്തി കാഴ്ചക്കാരെ ആശ്ചര്യസ്തബ്ധരാക്കുമെന്ന പ്രതീക്ഷയിലാണ് ജോഫ്. പലതരത്തിലുള്ള ദര്‍ശനങ്ങള്‍ കാണുന്ന പ്രകൃതക്കാരനാണ് അയാള്‍. സംഭാഷണത്തിനിടയില്‍ പ്രഭു ബ്ലോക്ക്, അല്പം അകലെയായി ചതുരംഗം കളിക്കുന്നത് ജോഫിന്റെ കണ്ണില്‍പ്പെട്ടെങ്കിലും, പ്രതിയോഗി ആരാണെന്നു തിരിച്ചറിയാന്‍ അയാള്‍ക്കാകുന്നില്ല. മരണത്തെ കബളിപ്പിക്കുക അസാദ്ധ്യമാണെന്നറിയാവുന്ന പ്രഭു ആവര്‍ത്തിച്ചു പറഞ്ഞു: ചെസ്സ് കളിക്കിടയില്‍ കിട്ടുന്ന ഇടവേളകള്‍ പ്രയോജനപ്പെടുത്താനുള്ള തന്റെ മോഹം, ഒടുവില്‍ ചെന്നെത്തുന്നത് മിയാജോഫ് കുടുംബത്തെ രക്ഷിക്കുകയെന്നതിലാണ്. ഒരു സായാഹ്നത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ ആതിഥേയരാകുന്ന അവര്‍, സ്ട്രാബറീസ്സും പാലും നല്‍കിയാണ് പ്രഭുവിനെ സല്‍ക്കരിക്കുന്നത്. പാല് നിറഞ്ഞ പാത്രം കൈയിലെടുത്ത് പ്രഭു പറയുന്നു: 'ശാന്തിനിറഞ്ഞ ഈ മണിക്കൂറുകള്‍ ഞാന്‍ ഓര്‍മ്മിക്കും. ഈ സായാഹ്നവും പാലും സ്ട്രാബറീസും നിറച്ച പാത്രങ്ങളും. പുല്ലാങ്കുഴലുമായിരിക്കുന്ന ജോഫും.' ഊഷ്മളമായ ആ ഓര്‍മ്മയാണ്, ആ കുടുംബത്തെ രക്ഷിക്കാന്‍ പ്രഭുവിനെ പ്രേരിപ്പിച്ചത്. 

ഇംഗ്മര്‍ ബെര്‍ഗ്മാൻ
ഇംഗ്മര്‍ ബെര്‍ഗ്മാൻ

പതിന്നാലാം നൂറ്റാണ്ട്. പ്ലേഗിന്റെ ആക്രമണത്തില്‍ നശിക്കുന്ന സ്വീഡന്‍. പത്തുകൊല്ലം നീണ്ട കുരിശുയുദ്ധത്തില്‍ പങ്കെടുത്തിട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയതാണ് ബ്ലോക്കും സഹചാരിയും. കടല്‍ത്തീരത്തുനിന്നെഴുന്നേറ്റ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ അജ്ഞാതന്റെ സാന്നിദ്ധ്യം അറിഞ്ഞ ബ്ലോക്ക് തലയുയര്‍ത്തി ആരായുന്നു.

'ആരാണ് നിങ്ങള്‍?'

'മരണം.'

'മരണം തന്നെ കാത്തുനില്‍ക്കുകയാണെന്നു തിരിച്ചറിയുന്ന പ്രഭു ചോദിക്കുന്നു.

'എന്നെ കാത്തുനില്‍ക്കുകയാണോ?'

മരണത്തോടൊപ്പം പോകാന്‍ വൈമനസ്യമില്ലെങ്കിലും ചെറിയൊരു ഇടവേള അനുവദിക്കാമോയെന്ന് ചോദിക്കുന്ന ബ്ലോക്ക് ചെസ്സ് (ചതുരംഗം) കളിക്കാന്‍ മൃത്യുവിനെ ക്ഷണിക്കുന്നു. ചതുരംഗക്കളിയില്‍ മരണത്തെ തോല്‍പ്പിച്ചാല്‍ തന്നെ സ്വതന്ത്രനാക്കണമെന്ന വ്യവസ്ഥയും അപ്പോള്‍ പ്രഭു ഉന്നയിക്കുന്നു.

'ആര്‍ക്കും ഇടവേളകള്‍ ഞാന്‍ നല്‍കാറില്ല.'

'ചെസ്സ് കളിക്കുമല്ലോ.'

'നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു?'

'പെയിന്റിംഗുകളിലും നാടോടിപ്പാട്ടുകളിലും നിന്ന്.'

'ശരിയാണ്, ഞാനൊരു കൗശലക്കാരനായ ചെസ്സുകളിക്കാരന്‍ തന്നെയാണ്.'

'എന്നോളം വരില്ല.'

'എന്തിനാണ് ഞാനുമായി ചെസ്സു കളിക്കുന്നത്.'

'നിങ്ങളെ പ്രതിരോധിച്ച് നില്‍ക്കുന്നിടത്തോളം കാലം ഞാന്‍ ജീവിക്കുന്നു.'

'നിങ്ങളെ കീഴടക്കിയാല്‍ എന്നെ സ്വതന്ത്രനാക്കണം.'

സന്തതസഹചാരിയായ ജോണ്‍സുമൊത്ത് മടങ്ങുന്നതിനിടയില്‍ ഒരു തുണികൊണ്ട് ശരീരം മറച്ച ഒരാള്‍ ഇരിക്കുന്നതു കണ്ട്, ജോണ്‍സ് അയാളോട് വഴിയമ്പലത്തിലേയ്ക്കുള്ള വഴി തിരക്കുന്നു. അയാള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല, തുണിമാറ്റി മുഖത്ത് നോക്കുമ്പോള്‍ ജോണ്‍സ് കാണുന്നത് പ്ലേഗ് വികൃതമാക്കിയ രൂപത്തെയാണ്. അതു കണ്ട ഞെട്ടലുമായി പ്രഭുവുമൊത്ത്, യാത്ര തുടരുന്നതിനിടയില്‍, ഒന്നും പറഞ്ഞില്ലെങ്കിലും അയാളുടെ മൗനം വാചാലമായിരുന്നുവെന്ന് സഹചാരി സൂചിപ്പിക്കുന്നു.

യാത്രയ്ക്കിടയില്‍ ചുമര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ മുഴുകി കഴിയുന്ന ചിത്രമെഴുത്തുകാരനുമായി സംസാരിക്കുന്നതിനിടയില്‍ താന്‍ രേഖപ്പെടുത്താന്‍ യത്‌നിക്കുന്നത് മരണ!നൃത്തത്തോടൊപ്പം പ്ലേഗ് ബാധിച്ച മനുഷ്യരുടെ വേദനയാണെന്ന് ജോണ്‍സിന്റെ ചോദ്യത്തിനുത്തരമായി അയാള്‍ അറിയിക്കുന്നു. 'ദൈവം നല്‍കുന്ന ശിക്ഷയാണ് പ്ലേഗ്. അത് ബാധിച്ചവരുടെ രോദനം എങ്ങും മുഴങ്ങുന്നു. (ഒരു ചിത്രം ചൂണ്ടിക്കാണിച്ചുകൊണ്ട്) നഖം കൊണ്ട് കൈകളില്‍നിന്ന് ഞരമ്പുകള്‍ വലിച്ചെടുക്കുന്നു. അപ്പോള്‍ രോഗികളുടെ ശരീരം ചെറുതാവുന്ന ഭ്രാന്താണിത്.' അതു നോക്കി നില്‍ക്കുന്ന ജോണ്‍സ് വല്ലാത്ത മാനസിക സംഘര്‍ഷത്തിലായി. ആശ്വാസമെന്ന നിലയ്ക്ക് ചിത്രമെഴുത്തുകാരന്‍ നല്‍കുന്ന മദ്യം നുകര്‍ന്നുകൊണ്ട് അയാള്‍ പുറത്തിറങ്ങി. 

പള്ളിയില്‍ എത്തപ്പെടുന്ന പ്രഭു കുമ്പസാരക്കൂട്ടിനടുത്തു ചെന്ന്, 'സത്യസന്ധമായി കുമ്പസരിക്കാന്‍ ഞാനാഗ്രഹിക്കുന്നുവെങ്കിലും എന്റെ ഹൃദയം ശൂന്യമാണെന്ന്,' തടിയില്‍ നിര്‍മ്മിച്ച യേശുക്രിസ്തുവിന്റെ കുരിശുരൂപത്തില്‍ നോക്കി പറയുന്നു. 'എന്റെ ശൂന്യത പ്രതിഫലിക്കുന്ന കണ്ണാടിയായിരിക്കുകയാണ് എന്റെ മുഖം. അതു കാണുന്ന എന്നില്‍ സ്വയം നിന്ദ നിറയുന്നു.' പ്രഭു തുടര്‍ന്നു: 'വാഗ്ദാനങ്ങളിലും അത്ഭുതങ്ങളിലും ഒളിഞ്ഞിരിക്കുകയാണ് ദൈവം, വിശ്വാസികളായ ഞങ്ങള്‍ക്ക്, വിശ്വാസവുമായി ജീവിക്കാനെങ്ങനെ സാധിക്കും? എന്റെ ദൈവത്തെ എനിക്ക് കൊല്ലാന്‍ കഴിയുന്നില്ല. അതൊന്നുമറിയാതെ ദൈവം എന്നില്‍ വസിക്കുന്നു.'

'എന്നിട്ടും മരിക്കാന്‍ തയ്യാറാകാത്തതെന്തുകൊണ്ട്?'

'ഇല്ല. എനിക്കതിനാഗ്രഹമുണ്ട്.'

'അങ്ങനെയെങ്കില്‍ വെറുതെ കാത്തിരിക്കുന്നതെന്തിന്?'

'അറിവു വേണം, എനിക്ക്?'

സെവൻത് സീൽ
സെവൻത് സീൽ

അക്കാര്യത്തില്‍ ഉറപ്പുകളൊന്നും താന്‍ ആവശ്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കവെ, 'എന്റെ ഹൃദയത്തില്‍നിന്ന് ദൈവത്തെ ബഹിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നതായി' ബ്ലോക്ക് വ്യക്തമാക്കുന്നു. 'എങ്കിലും എന്നെ അപഹസിക്കുന്ന യാഥാര്‍ത്ഥ്യവുമായി ദൈവം എന്നില്‍ അവശേഷിക്കുന്നു. ദൈവത്തെ ഒഴിവാക്കാന്‍ എനിക്കാവുന്നില്ല.' പ്രതികരണത്തിനായി കാത്തുനില്‍ക്കുന്ന പ്രഭു ചോദിക്കുന്നു. 'ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ?'

'കേള്‍ക്കുന്നുണ്ട്.'

'വിശ്വാസമല്ല, അറിവാണ് എനിക്കാവശ്യം; ഊഹങ്ങളല്ല, അറിവ്.'

കുമ്പസാരക്കൂട്ടില്‍ മറഞ്ഞുനില്‍ക്കുന്ന പുരോഹിതനോട് മുഖംമൂടി മാറ്റി നേര്‍ക്കുനേര്‍ സംസാരിക്കാന്‍ പ്രഭു ആവശ്യപ്പെടുന്നു.

'മുഖത്ത് നോക്കി സംസാരിക്കൂ. ഞാന്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും മൗനത്തില്‍ തുടരുകയാണ്. മരണത്തെ ഭയന്ന് ആര്‍ക്കും ജീവിക്കാനാവില്ലെന്നും എല്ലാം ശൂന്യതയാണെന്നും ഏവരും തിരിച്ചറിയുന്നതായി ഓര്‍മ്മിപ്പിക്കുകയാണ്. അവര്‍ ജീവിതത്തിന്റെ വക്കിലെത്തി ഇരുട്ടിനെ അഭിമുഖീകരിക്കുന്നു.'

അതിനു മറുപടിയായി, 'എനിക്കറിയാം, നിങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്തെന്ന്. മരണം പ്രതിവചിക്കുന്നു. 'നമ്മെ വലയം ചെയ്തു നില്‍ക്കുന്ന ഭീതിയെ വിഗ്രഹമാക്കിയശേഷം, ദൈവം തന്നെ അതിനെ അഭിസംബോധന ചെയ്യുകയാണ്.' പ്രഭു പറയുമ്പോള്‍ 'നിങ്ങള്‍ അസ്വസ്ഥനാണ്, അല്ലെ'യെന്ന് പുരോഹിതന്‍ ആരായുന്നു. 
'ഇന്ന് രാവിലെ മരണം എന്നെ കാണാന്‍ വന്നിരുന്നു.'

'ഞങ്ങള്‍ ചതുരംഗം കളിച്ചു. അപ്പോള്‍ കിട്ടിയ ഇടവേള പ്രയോജനപ്പെടുത്താന്‍ എനിക്കായി.'

'എങ്ങനെ?'

'അര്‍ത്ഥരഹിതമായ അലച്ചിലിലാണ് ഞാനെന്ന് എനിക്കറിയാം. യാതൊരു തരത്തിലുള്ള അമര്‍ഷമോ സ്വയം നിന്ദയോ അപ്പോള്‍ തോന്നിയിട്ടുമില്ല. മറ്റുള്ളവരും ജീവിക്കുന്നതിങ്ങനെയാണെന്ന് എനിക്കറിയാം. എന്നാല്‍, എനിക്കു കിട്ടുന്ന ഇടവേള അര്‍ത്ഥപൂര്‍ണ്ണമായി ചെലവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

'അതുകൊണ്ടാണോ നിങ്ങള്‍ ചെസ്സ് കളിക്കുന്നത്.'

'സമര്‍ത്ഥനും തന്ത്രശാലിയുമായ കളിക്കാരനാണ് അയാളെങ്കിലും ഒരു കരുപോലും (പീസ്) നഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് സാധിച്ചു.'

'ചെസ്സ് കളിച്ച് മരണത്തെ തോല്‍പ്പിക്കാനെങ്ങനെ സാധിക്കും?'

'ബിഷപ്പും നൈറ്റും (Bishop and Knight) ചേര്‍ന്നുള്ള കൂട്ടായ്മയാണ് എന്റെ കളിയിലെ കാതല്‍. അതറിയാന്‍ ആര്‍ക്കുമറിയില്ല.'

പുരോഹിതനായി കുമ്പസാരക്കൂട്ടിലെത്തിയത് മരണമാണെന്ന്, മുഖംമൂടി മാറ്റിയ അയാളെകണ്ട് പ്രഭു ഞെട്ടുന്നു. 'നിങ്ങള്‍ വഞ്ചകനാണ്.' അര്‍ത്ഥവത്തായി ചിരിച്ചുകൊണ്ട്, 'നമുക്ക് വഴിയമ്പലത്തില്‍ വച്ച് കാണാമെന്നു പറഞ്ഞിട്ട് മരണം പോകുന്നു. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന വേദനയോടെ പള്ളിയില്‍നിന്ന് പുറത്തിറങ്ങുന്ന ബ്ലോക്ക് കാണുന്നത്, കുരിശില്‍ത്തറച്ച് തീയിട്ട് കൊല്ലാനായി പിശാചുമായി വേഴ്ചയുണ്ടെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടിയെ ഒരു കുരിശില്‍ കെട്ടി ചാരി ഇരുത്തിയിരിക്കുന്നതാണ്. അവള്‍ ചെയ്ത കുറ്റമെന്തെ'ന്ന് ആ കുട്ടിയോട് ആരായുന്ന പ്രഭുവിനോട്, 'പിശാചുമായി വേഴ്ചയുള്ള ഇവളാണ് പ്ലേഗിനു കാരണക്കാരിയായതെന്ന് അറിയിക്കുന്ന സൂക്ഷിപ്പുകാരന്‍' അവളുമായി സംസാരിക്കുന്നതെന്നു പറഞ്ഞ് വിലക്കുന്നു. 

ബിബി ആൻഡേഴ്സൻ
ബിബി ആൻഡേഴ്സൻ

ജോഫിന്റെ ദര്‍ശനങ്ങള്‍ 

വഴിയമ്പലം തേടിപ്പോകുന്ന പ്രഭുവും സഹചാരിയും വഴിവക്കില്‍ തമ്പടിച്ചിരിക്കുന്ന മിയാജോഫ് ദമ്പതികളെ ശ്രദ്ധിച്ചിരുന്നില്ല. ഒറ്റക്കുതിരയെ പൂട്ടിയ കൂടാരം പോലുള്ള തമ്പിലാണ് അവര്‍ വസിക്കുന്നത്. ഒരു വയസ്സുള്ള മകന്‍ മൈക്കലും കലാപരിപാടികളില്‍ അവരുടെ സഹായിയായി കോമാളിയുടെ വേഷമിടുന്ന സ്‌കിറ്റ് എന്ന ഒരു നടനും സന്തോഷഭരിതരായി ജീവിക്കുന്നു. എല്ലാത്തരം കുഴപ്പങ്ങള്‍ക്കും അവര്‍ അതീതരാണ്. ഉറക്കമെണീറ്റ് പുറത്തിറങ്ങുന്ന ജോഫിന് താന്‍ കണ്ട കാഴ്ച വിശ്വസിക്കാനാവുന്നില്ല. ഒരു കൊച്ചുകുട്ടിയെ നടക്കാന്‍ പരിശീലിപ്പിച്ചുകൊണ്ട് കന്യകാമറിയം നടന്നുവരുന്നു. 'എന്നെ കണ്ട് ചിരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. സത്യമാണോയെന്ന് തിരിച്ചറിയാന്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് നോക്കുമ്പോഴേയ്ക്കും കന്യകാമറിയം അപ്രത്യക്ഷമായിരുന്നു.' മിയയ്ക്ക് അതു വിശ്വസിക്കാനായില്ല. മുന്‍പും പലതരത്തിലുള്ള ദര്‍ശനങ്ങളെപ്പറ്റി പറയുന്നതുപോലെ മറ്റൊരു കഥയെന്നായിരുന്നു അവള്‍ കളിയാക്കിയത്. അത്തരം ദര്‍ശനത്തേക്കാള്‍ തനിക്ക് പ്രധാനം ജോഫിന്റെ സ്‌നേഹമാണെന്നു പറയുന്ന അവള്‍ക്കുവേണ്ടി ചെറിയൊരു ഗാനം ജോഫ് ആലപിച്ചു. 

അടുത്ത യാത്രയ്ക്ക് മുന്‍പായി, ചെറിയൊരു ജനക്കൂട്ടത്തിനു മുന്‍പില്‍ അവര്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ്, പിശാച് പിടിച്ച പെണ്‍കുട്ടിയെ തീയിട്ടു ചുടാനായി ഒരു പുരോഹിതന്റെ നേതൃത്വത്തിലുള്ള സംഘമെത്തുന്നത്. അവിടെ കൂടിയിരിക്കുന്നവരെ പുരോഹിതന്‍ ശപിക്കുന്നു. മരണം എത്തിക്കഴിഞ്ഞിരിക്കുകയാണെന്ന് അപ്പോള്‍ അവരെ അയാള്‍ ഭീക്ഷണിപ്പെടുത്തുന്നു. 

കുരിശുയുദ്ധത്തില്‍ പങ്കെടുക്കേണ്ടത് വിശ്വാസ സംരക്ഷണത്തിനാവശ്യമാണെന്നു പറഞ്ഞു പ്രഭുവിനെ കബളിപ്പിച്ച റാവലിനെ യാദൃച്ഛികമായി പ്രഭുവിന്റെ സഹചാരി കണ്ടുമുട്ടുന്നു. വൈദിക ശ്രേഷ്ഠനെന്നു നുണപറഞ്ഞ റാവല്‍ റോക്ക് സൈഡ് സെമിനാരിക്കാരനായിരുന്നുവെന്ന് പിന്നീട് താന്‍ കണ്ടെത്തിയെന്ന് പ്ലേഗില്‍ മരിച്ച ഒരു സ്ത്രീയുടെ കൈവളകള്‍ മോഷ്ടിക്കുകയായിരുന്ന റാവലിനോട് അപ്പോള്‍ അയാള്‍ പറയുന്നു. അയാളുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തിയ ഒരു സ്ത്രീയേയും മടക്കയാത്രയില്‍ സഹചാരി കൊണ്ടുപോകുന്നു. വിവാഹിതനാണെങ്കിലും പത്തുകൊല്ലത്തിനു ശേഷം മടങ്ങിവരുന്ന തനിക്ക് ഭാര്യ ജീവിച്ചിരിപ്പുണ്ടോയെന്നു തീര്‍ച്ചയില്ലെന്നു പറഞ്ഞ് ആ സ്ത്രീയെ കൂടെ കൊണ്ടുപോകുന്നു.

മടക്കയാത്രയിലാണ് പ്രഭുവും സഹചാരിയും കലാഭ്യാസക്കാരായ മിയജോഫ് കുടുംബവുമായി ഇടപഴകുന്നത്. സ്ട്രാബറീസും പാലും നല്‍കി സല്‍ക്കരിക്കുന്ന ആ കൊച്ചുകുടുംബത്തെ പ്ലേഗില്‍നിന്നും രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മമാണെന്നു തിരിച്ചറിയുന്ന ബ്ലോക്ക് അവര്‍ പോകുന്ന സ്ഥലങ്ങളില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ട്, പ്രധാന നിരത്തിലൂടെ യാത്ര ചെയ്യാതെ കാട്ടിലെ ഊടുവഴിയാണ് സുരക്ഷിതമെന്നും ആ യാത്രയില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ താന്‍ സഹായിക്കാമെന്നും അവരെ അയാള്‍ അറിയിക്കുന്നു. 

പിശാചു പിടിച്ച പെണ്‍കുട്ടിയെ തീയിട്ടു കൊല്ലുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ മരണത്തെ വീണ്ടും പ്രഭു കണ്ടുമുട്ടുന്നു. മിയാജോഫ് കുടുംബത്തെ രക്ഷിക്കാനുള്ള പ്രഭുവിന്റെ തീരുമാനം മരണം അറിഞ്ഞിരുന്നു. അക്കാര്യം കണ്ടുമുട്ടലിനിടയില്‍ മരണം സൂചിപ്പിക്കുന്നതോടെ, മരിക്കുന്നതിനു മുന്‍പ് ചെയ്യാവുന്ന ഏറ്റവും നല്ല കൃത്യം മിയാജോഫ് ദമ്പതികളെ രക്ഷിക്കുന്നതാണെന്ന് പ്രഭു കരുതുന്നു. 

കുരിശിലേറ്റി തീയിട്ട് നശിപ്പിക്കുന്നതിനു മുന്‍പ്, പിശാചിനെ കണ്ടിട്ടുണ്ടോയെന്ന് ആരായുന്നതിനു മറുപടിയായി 'എവിടെ നോക്കിയാലും പിശാചിനെ' കാണാവുന്നതാണെന്ന് പ്രഭുവിനോട് ആ കുട്ടി പറയുന്നു.
 
സഹചാരി രക്ഷപ്പെടുത്തുന്ന പ്ലാഗ് എന്ന പേരുള്ള ഇരുമ്പുപണിക്കാരനും അയാളുടെ ഭാര്യയുമൊത്ത് കോട്ടയില്‍ മടങ്ങിയെത്തുന്ന പ്രഭുവിനെ സ്വീകരിക്കാനായി ഭാര്യ കരിന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. നീണ്ട പത്തുവര്‍ഷത്തെ വിരഹം. പാഴായ വര്‍ഷങ്ങളായിരുന്നു അവയെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നു. സംഗീതവും നൃത്തവും വിനോദയാത്രകളും കൊണ്ട് സമൃദ്ധമായിരുന്നതാണ് തന്റെ ദാമ്പത്യജീവിതമെന്ന് സല്‍ക്കാരത്തിനിടയില്‍ മിയയോട് അയാള്‍ പറഞ്ഞിരുന്നു. സ്‌നേഹത്തിന്റെ അടയാളമായാണ്, പാല്‍ നിറച്ച പാത്രത്തേയും സ്ട്രാബറീസ് നിറഞ്ഞ കൂടയേയും താന്‍ കാണുന്നതെന്നും പാലുനിറച്ച പാത്രം ഇരുകൈകളാല്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ സ്‌നേഹത്തിന്റെ മഹിമയാണ് തന്നെ തരളിതനാക്കുന്നതെന്നും അയാള്‍ പറഞ്ഞിരുന്നു.

ഇബ്സൻ
ഇബ്സൻ

കരിന്‍ ഒരുക്കിയ പ്രഭാതഭക്ഷണത്തില്‍ അവര്‍ പങ്കാളികളാകുമ്പോഴേയ്ക്കും ക്ഷണിക്കപ്പെടാത്ത അതിഥിയായ മരണത്തിന്റെ സാന്നിദ്ധ്യവും അവര്‍ അറിഞ്ഞു. വെളിപാടു പുസ്തകത്തിലെ വരികള്‍ ശബ്ദമുയര്‍ത്താതെ കരിന്‍ പാരായണം ചെയ്തു. മരണനൃത്തത്തില്‍ പങ്കാളിയാവാന്‍ അവര്‍ തയ്യാറെടുക്കുകയായിരുന്നു. ആദ്യം തന്നെ, സഹചാരിയോടൊപ്പം വന്ന സ്ത്രീ അത് അറിഞ്ഞു. മറ്റുള്ളവരും അവര്‍ക്കു പിന്നാലെ... മരണനൃത്തം തുടങ്ങുന്നു. അതില്‍നിന്ന് രക്ഷപ്പെട്ട മിയജോഫ് ദമ്പതികള്‍ കുതിരപൂട്ടിയ വാഹനവുമായി മറ്റൊരു പ്രഭാതത്തിലേക്ക് യാത്രയായി.

മാലമോ മുന്‍സിപ്പല്‍ തിയേറ്ററില്‍ അഭിനയം അഭ്യസിക്കാനെത്തിയ കുട്ടികള്‍ക്കുവേണ്ടി ബെര്‍ഗ്മാന്‍ രചിച്ച വുഡ് പെയിന്റിംഗ് എന്ന പേരുള്ള ഏകാങ്ക നാടകമായിരുന്നു, സെവന്‍ത് സീലിന്റെ അടിത്തറയായത്. പ്ലേഗ് പരത്തിയ സംഭ്രാന്തി, ചെകുത്താന്‍ പിടിച്ച പെണ്‍കുട്ടിയെ തീയിട്ടു കത്തിക്കുന്ന സംഭവം, മരണനൃത്തം എന്നിവയുടെ രേഖകള്‍ ആ ഏകാങ്ക നാടകത്തില്‍ വേരോടി നില്‍ക്കുന്നു. എന്നാല്‍, സെവന്‍ത് സീലിന്റെ പ്രകാശമായി മാറിയ ജോഫും മിയയും കഥാപാത്രങ്ങളായ വിശുദ്ധ ദമ്പതികളും ബ്ലോക്കും മരണവും തമ്മിലുള്ള ചതുരംഗക്കളിയും ചലച്ചിത്രത്തിനു ഭാവദീപ്തിയും ആഴവും നല്‍കിയ ഘടകങ്ങളായി.

വിളി കേള്‍ക്കാത്ത ദൈവം 

ഈ ചലച്ചിത്രത്തിലേയ്ക്ക് ബെര്‍ഗ്മാനെ നയിച്ച പ്രധാന പ്രേരണ തിരക്കുന്ന ഒരാള്‍ക്ക് ചലച്ചിത്രകാരന്റെ ബാല്യകാലാനുഭവങ്ങള്‍ വിഗണിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ സ്‌നേഹിതനായിരുന്ന ഹെന്റിക് ജോഗ്രേന്‍ കരുതുന്നത്. 'പിശാചിനും ദൈവത്തിനും ഇടയ്ക്കുള്ളതാണ് എല്ലാവരുടേയും ജീവിതം. അവ തമ്മിലുള്ള അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ മുഖ്യപങ്ക് വഹിക്കുന്നു.'

നവോത്ഥാന കാലഘട്ടത്തോടെ പ്രൊട്ടസ്റ്റന്റ് വിശ്വാസികളുടെ രാജ്യമായി സ്വീഡന്‍ മാറിയിരുന്നു. ആ വിശ്വാസത്തില്‍ പ്രമുഖസ്ഥാനം പുരോഹിതന്‍മാര്‍ക്കുള്ളതായിരുന്നു. 'ദി ടോട്ടലിറ്റേറിയന്‍സ്' എന്ന ഗ്രന്ഥത്തില്‍ ആ അവസ്ഥയെപ്പറ്റി റോളണ്ട് ഹണ്ട് ഫോര്‍ഡ് എഴുതിയതിങ്ങനെയാണ്: 'മതവിരോധികളാണെങ്കിലും പുരോഹിതവിരോധികളല്ലാത്ത പുരുഷന്‍മാരുടെ നാടാണ് സ്വീഡന്‍.' പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും വിപ്ലവത്തീയില്‍ ചുട്ടുപൊള്ളിയപ്പോഴും സ്‌കാന്‍ഡേവിയന്‍ രാജ്യങ്ങളില്‍നിന്നും മതവിശ്വാസം ഒഴിഞ്ഞുപോയിരുന്നില്ല. പ്രമുഖ തത്ത്വചിന്തകനായ കിക്കേര്‍ഗാഡിന്റെ പ്രബന്ധങ്ങളും ഇബ്‌സന്റെ നാടകങ്ങളും ഇതിനു സാക്ഷ്യം വഹിക്കുന്നു. പിതൃതുല്യനായി ഈശ്വരനെ കാണുകയും മജ്ജയും മാംസവും ചോരയുമുള്ള ഒരാളായി യേശുവിനെ വിലയിരുത്തുകയും ചെയ്ത അവര്‍, അന്യരുടെ പാപമോചനത്തിനായി കഴുമരത്തില്‍ കയറിയ യേശുവിന്റെ താപം സ്വയം ഏറ്റുവാങ്ങി. മാര്‍ട്ടിന്‍ ലൂഥറിന്റെ പരിഷ്‌കരണ സമീപനം ആ ദര്‍ശനത്തില്‍ പ്രതിഫലിച്ചു. അതിന്റെ ഭാഗമായിരുന്നു, നാട്ടിലുടനീളം ഉയര്‍ന്നുനില്‍ക്കുന്ന ചെറുദേവാലയങ്ങള്‍. ബെര്‍ഗ്മാന്റെ പിതാവായ എറിക് ബെര്‍ഗ്മാന്‍ ഈ ദര്‍ശനത്തിന്റെ പ്രതിപുരുഷനായി. പരിശുദ്ധനായ ദൈവസേവനത്തിന്റെ സുഗന്ധം നിറയുന്നതായിരുന്നു അദ്ദേഹത്തിന്റെ വസതി. എല്ലാ ഞായറാഴ്ചകളിലും പ്രഭാതഭക്ഷണം തുടങ്ങുന്നത് മെഴുകുതിരി കത്തിച്ചുകൊണ്ടായിരുന്നു. അതിന് വീഴ്ച വരുത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അതാവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞിരുന്നു: 'എപ്പോഴും വീഴ്ച വരുത്തുന്നവരാണ് നാം.'

ജീവിതത്തോടുള്ള ഭക്തിസാന്ദ്രമായ ഈ സമീപനം സ്വീകരിക്കാനോ അതിനു വിധേയനായി ജീവിക്കാനോ പുരോഹിതനായ ബെര്‍ഗ്മാന്റെ മകന്‍ തയ്യാറായില്ല. ദൈവവുമായുള്ള ബന്ധം ആവര്‍ത്തിക്കാത്ത യാതൊന്നും കലാപരമായി ഉന്നതങ്ങളല്ലെന്നു പറഞ്ഞിരുന്ന പ്രസിദ്ധ നാടകകൃത്തായ യൂജിന്‍ ഓനീലിനെ ഇംഗ്മര്‍ ബെര്‍ഗ്മാന്‍ ഓര്‍മ്മിച്ചിരുന്നു. അദ്ദേഹം തന്റെ തിരക്കഥകളില്‍ ഒപ്പുവച്ചിരുന്നത്, 'ഈശ്വരന്‍ മാത്രമാണ് മഹത്തായിട്ടുള്ളത്' എന്ന വാക്യമായിരുന്നു. എന്നാല്‍, മതം അനുശാസിക്കുന്ന കാര്‍ക്കശ്യങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പെരുമാറുന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രയോജനരഹിതങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെ അത് അദ്ദേഹം ഉപേക്ഷിച്ചു. 'വിന്റര്‍ ലൈറ്റ്' എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തോടെ മതത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിന്റേയും വിമര്‍ശനത്തിന്റേയും ശക്തി കുറഞ്ഞു. എങ്കിലും ഇരുട്ടും വെളിച്ചവും തമ്മിലുള്ള മത്സരമാണ് മതപരമായ യാഥാസ്ഥിതികതയോടുള്ള ശത്രുതയെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു: 'ബൗദ്ധികമാണ് മതപരമായ പ്രശ്‌നങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം മനസ്സും ആന്തരിക ചോദനകളും തമ്മിലുള്ള ബന്ധമാണത്.' അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ക്കേ, ഒഴിഞ്ഞുമാറാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ് മരണം എന്ന വിശ്വാസത്തില്‍നിന്ന് ബെര്‍ഗ്മാന്‍ ഒരിക്കലും വ്യതിചലിച്ചില്ല. കായികമായ വേദനകളും മാനസികമായ അസ്വസ്ഥതകളും ചേര്‍ന്നതാണ് കാരണമെന്ന്, അദ്ദേഹം തന്റെ ചലച്ചിത്രങ്ങളിലൂടെ രേഖപ്പെടുത്തി. ദ സെവന്‍ത് സീല്‍, വൈല്‍ഡ് സ്ട്രാബറീസ്ദ മജീഷ്യന്‍ എന്നീ ചലച്ചിത്രങ്ങള്‍ അതിന്റെ വാചാലങ്ങളായ സാക്ഷ്യപത്രങ്ങളാണ്. 'എന്നെ എപ്പോഴും അലട്ടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നത് ശൂന്യതയെക്കുറിച്ചുള്ള ഭീതിയാണ്.' കാന്‍ ചലച്ചിത്രോത്സവത്തില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ഉള്‍ഭീതിയെക്കുറിച്ച് അദ്ദേഹം വാചാലനായത്. 'മരണമെന്നത് ഒരു ശാശ്വത സത്യം. നാം മരിക്കുമ്പോള്‍ വേറൊരിടത്തും പോകുന്നില്ല. ശുദ്ധമായ ശൂന്യത. അല്ലാതെ ആ അവസ്ഥയ്ക്ക് മുകളിലും താഴെയുമായി എന്തെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. ആ വിശ്വാസം മറ്റൊരര്‍ത്ഥത്തില്‍ എനിക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു.'

സെവൻത് സീൽ
സെവൻത് സീൽ

1955ലാണ്, അപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിയേഴ് വയസ്സായിരുന്നു. ചെറുപ്പകാലത്ത്, ഒരു പള്ളിമേടയിലെ ഭിത്തികളില്‍ രേഖപ്പെടുത്തിയിരുന്ന ചുമര്‍ചിത്രങ്ങള്‍ കണ്ട ഓര്‍മ്മ അലട്ടാന്‍ തുടങ്ങുന്നത്. സ്വീഡനിലെ മദ്ധ്യകാല ചിത്രമെഴുത്തുകാരില്‍ പ്രമുഖനായിരുന്ന ആല്‍ബര്‍ട്ട്‌സ് പിക്ടര്‍ വരച്ചവയായിരുന്നു അവയില്‍ മിക്കവയും. ആ ചുമര്‍ചിത്രങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ള പ്രമേയം മൃത്യുവായിരുന്നു. ഈ പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ടാണ് വുഡ് പെയിന്റിംഗ് എന്ന നാടകം താന്‍ രചിച്ചതെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പന്ത്രണ്ടടി വീതിയും നീളവുമുള്ള ഒരു ചുമര്‍ചിത്രത്തില്‍ പ്ലേഗിന്റെ സംഹാരതാണ്ഡവത്തില്‍ കരിഞ്ഞുപോകുന്ന മനുഷ്യരുടെ അതിദയനീയമായ ചിത്രങ്ങള്‍, കാഴ്ചക്കാരനെ വേട്ടയാടുംവിധം ക്രൂരമായിരുന്നു. ആ അനുഭവങ്ങള്‍ ചലച്ചിത്രമാക്കുകയെന്ന ആഗ്രഹം സഫലമാക്കാന്‍ വല്ലാതെ ക്ലേശിക്കേണ്ടിവന്നു. !ഡ്രീംസ് എന്ന ചലച്ചിത്ര നിര്‍മ്മാണത്തിനിടയില്‍ തന്റെ പുതിയ സിനിമയെക്കുറിച്ച്, പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനികളുമായി അദ്ദേഹം സംസാരിച്ചെങ്കിലും, സാഹസികമായ പ്രോജക്ട് എന്ന നിലയിലാണ് അവരതിനെ സമീപിച്ചത്. ഡ്രീംസിനു പിന്നാലെ സ്‌മെല്‍സ് ഓഫ് സമ്മര്‍ എന്ന പേരില്‍ അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി സമ്മാനം നേടിയ പശ്ചാത്തലത്തില്‍ സെവന്‍ത് സീലിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ പ്രമുഖ പ്രൊഡ്യൂസറായ കാള്‍ ആന്‍ഡേഴ്‌സ് സൈലിംഗ് മുന്നോട്ടു വന്നു. മുപ്പത്തഞ്ച് ദിവസങ്ങള്‍ക്കകം, അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ഉന്നയിച്ച വ്യവസ്ഥ അംഗീകരിച്ച ബെര്‍ഗ്മാന്‍ തിരക്കഥാരചനയില്‍ വ്യാപൃതനായി; അഞ്ചു പ്രാവശ്യം ആ തിരക്കഥ അദ്ദേഹം തിരുത്തി എഴുതി. ഒടുവില്‍ തിരക്കഥ രചന പൂര്‍ത്തിയാവുമ്പോള്‍, ചലച്ചിത്രത്തിന്റെ ആദ്യാവസാനം നിശ്ശബ്ദ കഥാപാത്രമായിരുന്ന പ്രഭു മുഖ്യകഥാപാത്രമായി മാറി. നേരത്തെ കോമാളിയായ ജോണ്‍സിനെ വലംവച്ചായിരുന്നു ഇതിവൃത്തം മെനഞ്ഞെടുത്തിരുന്നത്. തിരക്കഥാ രചന പൂര്‍ത്തിയാക്കി നിര്‍മ്മാണം തുടങ്ങുമ്പോഴേയ്ക്കും പ്രമേയത്തെ പരിപോഷിപ്പിക്കുന്നതിനായി നിരവധി മോട്ടീഫുകള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് തിരിച്ചറിയാമായിരുന്ന ബെര്‍ഗ്മാന്‍, തന്റെ ഓര്‍മ്മശേഖരത്തില്‍നിന്ന് സാന്ദര്‍ഭികമായി അവ തിരഞ്ഞെടുത്തുപയോഗിച്ചു. സ്റ്റോക് ഹോമിനു വടക്കുള്ള ഹാര്‍ക്കിന്‍ബര്‍ഗ് പള്ളിയിലെ ചുമര്‍ചിത്രങ്ങള്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു. 

ജൂണ്‍ അഞ്ചാം തീയതി (1955) തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയ ബെര്‍ഗ്മാന്‍ അത് സമര്‍പ്പിച്ചത് അഭിനേത്രിയായ ബിബി ആന്‍ഡേഴ്‌സനായിരുന്നു. ഒന്നര ലക്ഷം പൗണ്ടായിരുന്നു അതിന്റെ നിര്‍മ്മാണച്ചെലവ്. അപ്‌സല യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഓവ് സ്‌പെന്‍സായിരുന്നു ബെര്‍ഗ്മാന്റെ അസിസ്റ്റന്റ്. ചലച്ചിത്രത്തിന്റെ ഭാവഗരിമ ചോര്‍ന്നുപോകാതെ, ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ സൂചനയായിരുന്നു വിചിത്ര രൂപികളായ കരയും കടലും കല്ലുകളും കൊണ്ട് മറ്റൊരു ലോകത്തിന്റെ സാന്നിദ്ധ്യം സൃഷ്ടിച്ചിരുന്ന കടല്‍ത്തീരവും അതിന് അകലെയല്ലാത്ത ഗിരിശൃംഗങ്ങള്‍കൊണ്ട് നിബിഡമായ ഹോസ്ഹില്ലറും ലൊക്കേഷനുവേണ്ടി തിരഞ്ഞെടുക്കാന്‍ ബെര്‍ഗ്മാനെ പ്രേരിപ്പിച്ചതെന്ന് അസിസ്റ്റന്റ് ഓര്‍മ്മിക്കുന്നു.

സെവന്‍ത് സീലിലെ പ്രധാനപ്പെട്ട രംഗമായ മരണനൃത്തം ചിത്രീകരണത്തിനിടയിലുണ്ടായ ഒരു സംഭവം സ്‌പെന്‍സ് ഇങ്ങനെ ഓര്‍മ്മിച്ചു: ഒരു രംഗം ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍, അപ്പോള്‍ പ്രഭാതമായിരുന്നു, പെട്ടെന്ന് ആകാശം ഇരുണ്ടു. നാടകീയമായിരുന്നു ആ മാറ്റം. അതുപയോഗിച്ച് മരണനൃത്തം ചിത്രീകരിക്കാന്‍ ബെര്‍ഗ്മാന്‍ പെട്ടെന്ന് തീരുമാനിച്ചെങ്കിലും, തലേന്ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് പരിക്കേറ്റ ആറ്റേ ഫ്രീഡലിനു പകരം എനിക്ക് അഭിനയിക്കേണ്ടിവന്നു. പുരോഹിതനായ റാവല്‍ മരണവെപ്രാളത്തിലാകുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതായിരുന്നു മറ്റൊരു സംഭവം. വളരെ ചെറിയ ഒരു രംഗമായിരുന്നു അതെങ്കിലും ക്യാമറയില്‍ അത് പൂര്‍ണ്ണമായും രേഖപ്പെടുത്തുവാന്‍ ബെര്‍ഗ്മാന്‍ തീരുമാനിച്ചു. പൊടുന്നനെ ഇരുട്ടുനിറഞ്ഞ അന്തരീക്ഷം പ്രകാശമാനമായി. അസാധാരണമായ അനുഭവമായിരുന്നു അത്. 

സ്റ്റുഡിയോകളില്‍ ചിത്രീകരണം നടത്താന്‍ ബെര്‍ഗ്മാന്‍ പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്നു. 'പുതുതായി നിര്‍മ്മിക്കുന്ന സെറ്റിലെത്തി അവിടെയെങ്ങും ബെര്‍ഗ്മാന്‍ മണത്തുനോക്കും. സെറ്റിന്റെ വിശദാംശങ്ങളല്ല, അവിടെ നിറഞ്ഞുനില്‍ക്കുന്ന ഗന്ധം അന്തരീക്ഷത്തിനു സവിശേഷത നല്‍കുമെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം.' അസിസ്റ്റന്റായിരുന്ന ലെനാര്‍ട്ട് ഓള്‍സന്‍ ഓര്‍മ്മിച്ചു. ബെര്‍ഗ്മാന്റെ ജീവചരിത്രമെഴുതിയ പീറ്റര്‍ കോവി എഴുതുന്നതിങ്ങനെയാണ്: 'താന്‍ നിര്‍മ്മിച്ച എല്ലാ ചലച്ചിത്രങ്ങളിലും, തിരക്കഥാ രചനാവേളയില്‍ രൂപപ്പെടുന്ന കഥാപാത്രങ്ങളിലൊരു കഥാപാത്രത്തിനു തന്റെ സ്വഭാവ സവിശേഷതകള്‍ പകരുന്നതില്‍ ബെര്‍ഗ്മാന്‍ ശ്രദ്ധിച്ചിരുന്നു. മദ്ധ്യകാല പശ്ചാത്തലത്തില്‍, വ്യത്യസ്തമായ അന്തരീക്ഷത്തില്‍ നിര്‍മ്മിക്കപ്പെട്ട സെവന്‍ത് സീല്‍, പ്ലേഗിന്റെ പിടിയിലമര്‍ന്ന സ്വീഡന്റെ പശ്ചാത്തലത്തില്‍ കുരിശുയുദ്ധത്തില്‍ പങ്കെടുത്ത് നിരാശരായ പ്രഭുവും സഹായിയും മടങ്ങിയെത്തുന്നതില്‍ തുടങ്ങുന്നു. വിശദാംശങ്ങളിലേക്ക് കടക്കാതെ, അന്റോണിയോസ് ബ്ലോക്ക് എന്ന പ്രഭുവും (മാക്‌സ് വോണ്‍ ഡിഡൗ) സഹായിയായ ജോണ്‍ (ഗുണാര്‍ ജോണ്‍ സ്ട്രാന്‍ഡ്) മടങ്ങുന്നതിനിടയില്‍ ചെന്നെത്തുന്ന ദുര്‍ഘടങ്ങള്‍ അനവധിയാണ്. മരണം തന്നെ കാത്തിരിക്കുകയാണെന്ന് പ്രഭുവിനു നിശ്ചയമുണ്ട്. മൃത്യുവിനെ കബളിപ്പിക്കുക അസാധ്യമാണെന്നും അയാള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങളില്‍ സഹായിക്ക് അശേഷം താല്പര്യമില്ല. അങ്ങനെ പരസ്പരം അകന്നും അടുത്തും ജീവിക്കുന്ന അവര്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്ന ജോഫ് ദമ്പതികള്‍ ജീവിതത്തിലെ സന്ദിഗ്ദ്ധതകള്‍ അറിയാതെ, നിഷ്‌കളങ്കരായി ജീവിക്കുന്നു. നഗരങ്ങള്‍ യാത്ര ചെയ്ത് പലതരം കലാപരിപാടികള്‍ അവതരിപ്പിച്ചാണ് അവര്‍ ജീവിക്കുന്നത്. അല്ലലും ഉല്‍ക്കണ്ഠയുമില്ലാത്ത നിര്‍ദ്ദോഷ ജീവിതം. തന്റെ കുട്ടിയെ സമര്‍ത്ഥനായ മജീഷ്യനാക്കാനായിരുന്നു ജോഫ് മോഹിച്ചിരുന്നത്. അന്തരീക്ഷത്തില്‍ ഉയര്‍ത്തിയിടുന്ന ചെറുഗോളങ്ങള്‍ നിലത്തു വീഴാതെ, ഗുരുത്വാകര്‍ഷണത്തിനു വിരുദ്ധമായി നിലനിര്‍ത്തുന്ന സമര്‍ത്ഥന്‍. മരണനിഴലില്‍നിന്നും അകന്നുമാറിനില്‍ക്കുന്ന അവര്‍ക്കിടയില്‍ വിഡ്ഢിയായ ഇരമ്പുപണിക്കാരന്‍ പ്ലോഗും അയാളെ കബളിപ്പിക്കുന്നതില്‍ പ്രവീണയായ പത്‌നിയും ആ സ്ത്രീയെ വശീകരിക്കുന്ന ജോഫിന്റെ സഹപ്രവര്‍ത്തകനുമായി നാട്ടിലേക്ക് മടങ്ങുന്നു. പ്രഭുവും സഹായിയും അവരുമായി പരിചയപ്പെടുന്നു. അതിനിടയിലാണ് പിശാചായി മുദ്രകുത്തപ്പെട്ട് കുരിശിലേറ്റുന്ന പെണ്‍കുട്ടിയുടെ വിവശമായ അവസ്ഥയില്‍ പ്രഭുവിനു പരിതാപം തോന്നുന്നത്. വിശ്വാസവും വിശ്വാസമില്ലായ്മയും മരണവും നിര്‍ദ്ദോഷതയും കാപട്യവും തമ്മിലുള്ള വടംവലിക്കിടയിലാണ്, നിര്‍ദ്ദയമായി മരണമെത്തുന്നത്. ചതുരംഗക്കളിയിലൂടെ മരണത്തെ തോല്‍പ്പിക്കാനായില്ലെങ്കിലും മരണത്തിന്റെ ചലനത്തെ മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രഭുവിനെ വിശ്വാസിയാക്കുന്നത്. 

സെവൻത് സീൽ
സെവൻത് സീൽ

ദൈവത്തെ തേടി 

പീറ്റര്‍കോവി എഴുതുന്നു: 'കറുത്തിരുണ്ട, വെളുക്കാന്‍ വിസമ്മതിക്കുന്ന ആകാശത്തിലൂടെ ചിറകനക്കാതെ പറന്നുപോകുമ്പോള്‍, അതിനെ പിന്തുടര്‍ന്നുയരുന്ന സംഗീതത്തിന്റെ അലകള്‍ മന്ദസ്ഥായിയില്‍ ഒഴുകി ഉയരുന്നതിനിടയില്‍ വെളിപാട് പുസ്തകത്തില്‍നിന്നുള്ള വരികള്‍ പതുക്കെ ഉയരുന്നു. 'ഏഴാമത്തെ മുദ്ര അവന്‍ തുറന്നപാടെ അരമണിക്കൂര്‍ നീളുന്ന മൗനം ശൂന്യാന്തരീക്ഷത്തില്‍ നിറഞ്ഞുതുടങ്ങി. പ്രതീക്ഷകളുടെ നാമ്പുകള്‍ നീളുന്നതിനിടയില്‍, വെളിപാടില്‍ നിന്നുള്ള വരികള്‍ ഒഴുകുന്നു. മൃത്യുവിനെ അതിജീവിച്ച് അതിന്റെ ശക്തിയെ ചോദ്യം ചെയ്ത ഏട്, പതിയെ ദൈവപുസ്തകം തുറന്നതോടെ കിട്ടിയത് മനുഷ്യനെ നിതാന്തമായി അലട്ടിയിരുന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.'

കല്ലുകള്‍ നിറഞ്ഞ കടല്‍ത്തീരത്ത് തളര്‍ന്നുറങ്ങിക്കിടന്ന പ്രഭു ഉണരുന്നു. ചക്രവാളത്തില്‍ സൂര്യന്റെ വെളിച്ചം പ്രഭ പരത്തി തുടങ്ങുന്നു. കപ്പല്‍ഛേദത്തിനിടയില്‍ ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍പോലെ ഉണരുന്ന പ്രഭുവും സഹായിയും തിരിച്ചറിയുന്നു, അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് സ്വാഗതം നിഷേധിക്കപ്പെട്ട ഇടത്തിലാണെന്ന്. ഉണരാന്‍ വിസമ്മതിച്ച സഹായിയെ കുത്തി ഇളക്കി പ്രഭു മുന്നോട്ട് കാലുകള്‍ വയ്ക്കുന്നു. പെട്ടെന്നായിരുന്നു മരണം ആഗതമായത്. അന്തരീക്ഷം ശബ്ദശൂന്യമായി. തിരകള്‍ക്കുപോലും ശബ്ദം നഷ്ടപ്പെട്ടതുപോലെ. ആ മരണത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം പ്രഭു വെല്ലുവിളിക്കുക മാത്രമല്ല, ചതുരംഗം കളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. മൃത്യുവിനെ വെല്ലുവിളിക്കുന്ന രംഗം ആവര്‍ത്തിക്കുന്നത് 'മോട്ടിഫാ'വുകയാണ്. സ്വന്തം ജീവനുവേണ്ടി മാത്രമല്ല, അന്ത്യം ആസന്നമാകും മുന്‍പ് ഹൃദയത്തില്‍ സൂക്ഷിക്കുന്ന കൃത്യം നിര്‍വ്വഹിക്കാനുള്ള മോഹവും പ്രഭു സൂചിപ്പിക്കുന്നു. എന്നാല്‍, എപ്പോള്‍, എങ്ങനെ തന്റെ കാര്യം സാക്ഷാത്കരിക്കാനാവുമെന്ന ഒരു തീര്‍ച്ചയുമില്ലാത്ത അവസ്ഥയിലാണ് പ്രഭു. 

കുരിശുയുദ്ധത്തില്‍ പങ്കെടുത്ത് നിരാശനായി മടങ്ങുന്ന പ്രഭുവിന് പള്ളിയിലുള്ള വിശ്വാസം കൈവിടാനാകുന്നില്ല. വ്യക്തിയെന്ന സ്വാതന്ത്ര്യത്തെ അത് നിയന്ത്രിക്കുന്നുണ്ടെന്നും അയാള്‍ തിരിച്ചറിയുന്നു. സഹായിയുമൊത്ത് ഉള്‍പ്രദേശത്തെത്തുമ്പോഴാണ് പ്ലേഗിന്റെ സംഹാരതാണ്ഡവത്തില്‍ ജനങ്ങള്‍ വിവശരായി ജീവിക്കുന്നുവെന്ന് അറിയുന്നത്. അതിനിടയില്‍ പ്രാര്‍ത്ഥനയ്ക്കും ഒപ്പം കുമ്പസാരത്തിനുമായി അയാള്‍ പള്ളിയിലെത്തി. പുരോഹിതന്റെ വേഷം ധരിച്ച്, കുമ്പസാരക്കൂട്ടിനുള്ളില്‍ മൃത്യു കാത്തിരിക്കുകയാണെന്ന് അപ്പോള്‍ അയാള്‍ അറിയുന്നില്ല. അത് തിരിച്ചറിയുന്ന പ്രഭു ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മൃത്യുവിനെ നേരിടുന്നത്. 

'സ്വബോധം കൈവിടാതെ ദൈവസങ്കല്പം സത്യമാണോ?' സ്വന്തം നിലയില്‍ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, വിശ്വാസികള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവും? വിശ്വാസം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും അതിനു സാധിക്കാതെ വരികയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്തു സംഭവിക്കും? വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ശ്രമിക്കുന്നവരുടെ ഭാവി എന്തായിരിക്കും? ആ ചോദ്യങ്ങള്‍ക്ക് മരണത്തില്‍നിന്ന് പ്രതികരണം ഉണ്ടാകുന്നില്ല. ചെറുപ്പകാലത്ത് തന്നെ അലട്ടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്ന സംശയങ്ങളുടെ നിഴല്‍ ഈ ചോദ്യങ്ങളില്‍ പ്രതിഫലിക്കുന്നു. ദെക്കാര്‍ത്തയെപ്പോലെ, വിജ്ഞാനം ഉറപ്പാക്കുന്ന പാതയാണ് സംശയമെന്ന് ബെര്‍ഗ്മാനും വിശ്വസിക്കുന്നു. 'ശൂന്യതയില്‍ പ്രതിഫലിക്കുന്നത് ഞാനാണ്. അതില്‍ കാണുന്നത് എന്നെയാണ്, അപ്പോള്‍ ഭീതിയും അവ!ജ്ഞയും എന്നില്‍ നിറയുന്നു.' പ്രഭു പറയുന്നത് കേള്‍ക്കെ മരണം ചോദിക്കുന്നു. 'നിങ്ങള്‍ കാത്തിരിക്കുന്നതെന്തിനെയാണ്?' 'അറിവ്' പ്രഭു മറുപടി പറയുന്നു.

കക്കേർ​ഗാഡ്
കക്കേർ​ഗാഡ്

കുമ്പസാരക്കൂട്, ഒരര്‍ത്ഥത്തില്‍ മോചനത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുന്നയിടമാണ്. എന്നാല്‍, അത് തടവുശാലയായി മാറുകയാണെന്ന് ബെര്‍ഗ്മാന്‍ സൂചിപ്പിക്കുന്നു. ഇരുമ്പുദണ്ഡുകള്‍കൊണ്ട് ഉറപ്പിച്ച ജയിലറയെ ഓര്‍മ്മിപ്പിക്കുന്ന ഒരിടം. കുമ്പസാരത്തിനിടയില്‍ താന്‍ മരണത്താല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രഭു തിരിച്ചറിയുന്നു. അതുകൊണ്ടൊന്നും അയാള്‍ പരിക്ഷീണനാവുന്നില്ല. അപ്പോള്‍ ബലിഷ്ഠങ്ങളായ തന്റെ കൈകള്‍ ഉയര്‍ത്തി അയാള്‍ ആത്മഗതമായി പറയുന്നു. 'ഇതെന്റെ കൈകളാണ്. സ്വതന്ത്രമായി ചലിപ്പിക്കാന്‍ കഴിയുന്ന ചോരയോട്ടം കൊണ്ട് ബലിഷ്ഠമായത്. ഇപ്പോഴും സൂര്യന്‍ പ്രകാശിക്കുന്നു. ഞാന്‍, അന്റോണിയോസ് ബ്ലോക്ക്. മരണവുമായി ചതുരംഗക്കളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.' അപ്പോള്‍ പ്രഭുവിന്റെ സഹായിയായ ജോണ്‍സ് പള്ളിമേടയില്‍ ചെന്ന്, അവിടെ ഭിത്തിയില്‍ ചിത്രം വരയ്ക്കുന്ന പെയിന്ററുമായി സംസാരിക്കുന്നു. പ്ലേഗിന്റെ ആക്രമണ ബീഭത്സത അടയാളപ്പെടുത്തുന്നവയാണ് ആ ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ നോക്കിനില്‍ക്കുന്ന അയാളെ അവ വല്ലാതെ പിടിച്ചുലയ്ക്കുമ്പോള്‍ തനിക്കു കുടിക്കാനെന്തെങ്കിലും തരുമോയെന്ന് പെയിന്ററോട് ചോദിക്കുന്നു. സത്യം തിരിച്ചറിയാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അതറിയുമ്പോള്‍ സംഭീതിയില്‍ അകപ്പെടുകയാണെന്നും പറയുന്ന ആ ചിത്രമെഴുത്തുകാരന്‍ അതെല്ലാം കലയില്‍ പ്രതിഫലിക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു.

ജനക്കൂട്ടങ്ങള്‍ക്കിടയില്‍ വിവിധ കലാഭ്യാസങ്ങള്‍ നടത്തുന്ന ജോഫ്മിയ ദമ്പതികളുടെ സഹായിയും പങ്കാളിയുമാണ് സ്ലാറ്റ്. ഒരു കുതിരയെ പൂട്ടിയ തമ്പുപോലുള്ള വാഹനത്തിലാണ് അവര്‍ യാത്ര ചെയ്യുന്നത്. പ്രഭാതത്തിന്റെ പ്രകാശം പരക്കുന്നതോടൊപ്പം, കൂടാരത്തിനകത്തു കിടന്നുറങ്ങുകയായിരുന്ന അവരെ കാണിച്ചുകൊണ്ടാണ് അവരുടെ ദിനചര്യകളിലേക്ക് ക്യാമറ കടന്നുചെല്ലുന്നത്. നിര്‍ദ്ദോഷമായ ജീവിതമാണ് അവരുടേത്. മകന്‍ മൈക്കേലിനെ നല്ലൊരു അഭ്യാസിയാക്കാമെന്ന മോഹവുമായി ഭാര്യ മിയയുമായി സ്‌നേഹത്തില്‍ ജീവിക്കുന്ന ജോഫ് ബാഹ്യലോകത്തില്‍നിന്നും അകന്നുനില്‍ക്കുന്നു. ഒരിക്കല്‍ മാത്രം അയാള്‍ അപകടത്തില്‍ ചാടി. അറിയാതെ സംഭവിച്ച ഒരു കൈപ്പിഴ. അതില്‍നിന്ന് രക്ഷപ്പെട്ട് മടങ്ങിവരുമ്പോഴാണ്, യാത്രയ്ക്കിടയില്‍ വിശ്രമിക്കുന്ന പ്രഭുവും സഹായിയും ലളിതമായ അവരുടെ ആതിഥ്യം സ്വീകരിക്കാനെത്തുന്നത്. പാലും സ്ട്രാബറിയും നല്‍കി അവര്‍ സല്‍ക്കരിക്കുന്നു. മരണത്തിന്റെ പിടിയില്‍പ്പെടാതെ സങ്കോചത്തോടെ ജീവിക്കുന്ന അവരെ രക്ഷിക്കുകയാണ് തനിക്ക് ചെയ്യാവുന്ന സല്‍കൃത്യമെന്ന് പ്രഭു തിരിച്ചറിയുന്നു. അതിനുമുന്‍പ്, ജോഫ്മിയ ദമ്പതികളുടെ കലാപരിപാടികളെ തകിടംമറിക്കും വിധം, പിശാചിന്റെ പിടിയിലായ പെണ്‍കുട്ടികളെ കുരിശില്‍ കയറ്റാനായി ഒരു സംഘം അവിടെയെത്തുന്നു. മരണം ഏതു നിമിഷവും എത്തി പ്രഹരിച്ചേക്കുമെന്ന് ആ സംഘത്തെ നയിക്കുന്ന പുരോഹിതന്‍ ഭീഷണിപ്പെടുത്തുന്നു.

ജോഫ്മിയ ദമ്പതിമാരുടെ സ്‌നേഹോഷ്മളമായ ആതിഥ്യം പ്രഭുവിനേയും സഹായിയേയും റാവലിന്റെ കൈയില്‍നിന്നും രക്ഷപ്പെടുന്ന പെണ്‍കുട്ടിയേയും ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം പുതുക്കുന്നു. അപ്പോഴാണ് പ്രഭു അറിയുന്നത്, പ്രേയസിയെ പിരിഞ്ഞിട്ട് പത്തുകൊല്ലം പിന്നിട്ടിരിക്കുന്നുവെന്ന ദുഃഖസത്യം. 'ഇരുട്ടില്‍ തങ്ങിക്കഴിയുന്ന ഒരാളെ സ്‌നേഹിക്കുന്നതാണ് വിശ്വാസം. അപ്പോള്‍ പോലും ഉറക്കെ വിളിച്ചാല്‍ അത് കേട്ടെന്നുവരില്ല' പ്രഭു പറയുന്നു. 'ഈ നിമിഷവും ഈ ശബ്ദരാഹിത്യവും ഈ സായംസന്ധ്യയും ഒപ്പം ഒരു പാത്രം നിറയുന്ന പാലും സ്ട്രാബറിയും. ഞാനൊരിക്കലും മറക്കില്ല.' വാദ്യോപകരണം മീട്ടിക്കൊണ്ട് നില്‍ക്കുന്ന ജോഫ്. പാല് നിറച്ച് ഒരു പാത്രമെന്നപോലെ ഈ ഓര്‍മ്മകളെ ഞാനെന്റെ കൈകളിലിട്ട് സൂക്ഷിക്കും.' വെളിച്ചം പതുക്കെ അണഞ്ഞുതുടങ്ങുമ്പോള്‍, കുരിശില്‍ കെട്ടിയ പെണ്‍കുട്ടിയുമായി സായുധസംഘം എത്തുന്നതോടെ മരണം ഒരിക്കല്‍ക്കൂടി വിജയിക്കുകയാണെന്ന് പ്രഭു അറിയുന്നു. അവര്‍ക്കകലെയല്ലാതെ പ്രഭുവിനെ കാത്തുനില്‍ക്കുകയാണ് മരണം. മിയാജോഫ് ദമ്പതിമാരെ സുരക്ഷിതമായ മറ്റൊരിടത്ത് എത്തിക്കുകയാണോ ഉദ്ദേശ്യമെന്ന് മരണം ആരായുന്നു. പ്രഭു മറുപടി പറയുന്നില്ല. 

നിര്‍ദ്ദോഷിയായ പെണ്‍കുട്ടിയെ പിശാചിന്റെ കൂട്ടുകാരിയെന്നു മുദ്രകുത്തി കുരിശിലേറ്റുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി, ആ പെണ്‍കുട്ടിയോട് പ്രഭു ആരായുന്നു. 'പിശാചിനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ദൈവത്തെക്കുറിച്ച് ചോദിക്കാനാണ് ഞാനുദ്ദേശിക്കുന്നത്.' എന്നാല്‍, പിശാചിന്റെ ആലിംഗനത്തിലാണ് ആ പെണ്‍കുട്ടിയെന്ന് അറിയുന്ന പ്രഭു അവളില്‍നിന്നും തൃപ്തികരമായ ഉത്തരം പ്രതീക്ഷിക്കുന്നില്ല. കുരിശിലേറ്റിയ പെണ്‍കുട്ടിയെ തീയിട്ടു കൊല്ലുന്നതിന്റെ ഭാഗമായാണോ അവളുടെ കൈകള്‍ അടിച്ചുതകര്‍ത്തതെന്ന് അവിടെ ഒളിഞ്ഞുനില്‍ക്കുന്ന മരണത്തോട് പ്രഭു ആരായുന്നു. 'ചോദ്യങ്ങള്‍ അവസാനിപ്പിച്ചുകൂടേ'യെന്ന് ഈര്‍ഷ്യയോടെ മരണം പറയുമ്പോള്‍ 'ഇല്ല. ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും' എന്നാണ് പ്രഭു പറയുന്നത്. 

ഒടുവില്‍ മരണത്തിന്റെ പിടിയില്‍പ്പെടാതെ മിയാജോഫ് ദമ്പതികള്‍ യാത്രയാകുമ്പോള്‍ പ്രഭുവും സംഘവും കോട്ടയില്‍ മടങ്ങിയെത്തുന്നു. പത്തുകൊല്ലമായി ഭര്‍ത്താവിനെ കാത്തുകഴിയുന്ന ഭാര്യ കരിന്‍ ആഗതരെ തീന്‍മേശയിലേക്ക് ക്ഷണിച്ചിരുത്തുന്നു. പ്രഭാതഭക്ഷണം. അപ്പോള്‍ വെളിപാടുപുസ്തകത്തില്‍നിന്ന്, കരിന്‍ വായിക്കുന്നു: 'ആദ്യത്തെ ദൈവദൂതന്‍ ശബ്ദിച്ചു. രണ്ടാമത്തെ ദൈവദൂതനും ശബ്ദിച്ചു. മൂന്നാമത്തെ ദൈവദൂതനും ശബ്ദിച്ചു' അവര്‍ കാണുന്നില്ല, പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന മരണത്തെ. അതിനുശേഷമാണ് ഇരുണ്ട ചക്രവാളത്തിനരികിലൂടെയുള്ള മരണനൃത്തം. തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത നൃത്തം.'

ഇംഗ്മര്‍ ബെര്‍ഗ്മാൻ
ഇംഗ്മര്‍ ബെര്‍ഗ്മാൻ

തത്ത്വചിന്താപരമായ നിരീക്ഷണങ്ങള്‍ 

ചലച്ചിത്ര ഇതിഹാസമായ 'സെവന്‍ത് സീലി'നെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫിലോസഫി പ്രൊഫസറായ (വാസ്സര്‍ കോളേജ്, ബ്രിട്ടന്‍) ജെസ്സി കലിന്‍, അതില്‍ പതിഞ്ഞുകിടക്കുന്ന തത്ത്വചിന്താപരമായ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നതിനു പുറമെ ഇക്കാര്യത്തില്‍ ബെര്‍ഗ്മാന്‍ പുലര്‍ത്തുന്ന വിശ്വാസവും വിശ്വാസരാഹിത്യവും ജീവിതത്തിലെ ചില നിതാന്തസത്യങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര പ്രേമിയിലെത്തിക്കുകയെന്ന ദൗത്യം എത്രമാത്രം ഫലപ്രദമായി പ്രയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. വൈല്‍ഡ് സ്ട്രാബറീസും സെവന്‍ത് സീലും പ്രധാന കഥാപാത്രങ്ങളും അന്ത്യയാത്രയാണ് രേഖപ്പെടുത്തുന്നതെന്ന് ആമുഖമായി കുറിച്ചുകൊണ്ട് കലിന്‍ ഇങ്ങനെ എഴുതുന്നു: 'കഷ്ടിച്ച് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം മാത്രമുള്ള യാത്ര, ഒരിടത്തുനിന്നും മറ്റൊരിടത്തിലേക്കുള്ളതാണ് ഇത്. സങ്കീര്‍ണ്ണമാണ് ആ യാത്രയെന്നിരിക്കിലും അതിന്റെ രേഖീയത നിലനിര്‍ത്തിക്കൊണ്ട് വീട്ടില്‍നിന്നും തുടങ്ങി അകലേക്ക് വഴിതെറ്റിപ്പോകുന്നതെങ്കിലും അവസാനം തുടങ്ങിയയിടത്തുതന്നെ മടങ്ങിയെത്തുന്നത് ജീവിതത്തിലെ പ്രധാന കൃത്യമെന്ന തന്റെ വിശ്വാസം. ഈ രചനകളിലൂടെ അദ്ദേഹം ആവര്‍ത്തിക്കുന്നു.'

സെവന്‍ത് സീലിലെ പ്രധാന കഥാപാത്രമായ അന്റോണിയസ് ബ്ലോക്കിന്റെ മോഹം തനിക്ക് കൈമോശം വന്ന ദാമ്പത്യം വീണ്ടെടുക്കുകയാണെന്നതാണ്. ഭാര്യയുടെ സമീപത്ത് മടങ്ങിയെത്തി അത് സഫലമാക്കാന്‍ അയാള്‍ക്ക് സാധിക്കുന്നെങ്കിലും അവസാനത്തെ യാത്രയ്ക്കുള്ള ഒരു ഒത്തുചേരലായി അത് മാറുന്നു; ഇതിനിടയില്‍ കലാഭ്യാസികളായ മിയജോഫ് ദമ്പതികളെ രക്ഷിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട്. സ്വന്തം ജീവിതത്തിലേക്ക് മടങ്ങിയെന്ന മോഹം അങ്ങനെ അയാള്‍ സാക്ഷാത്കരിക്കുന്നു. വൈല്‍ഡ് സ്ട്രാബറീസിലെ വൃദ്ധ ഭിഷഗ്വരനായ ഇസാക്ക് ബോര്‍ഗിന് തന്റെ ദാമ്പത്യജീവിതം വീണ്ടെടുക്കാനാവുന്നില്ല; ഭാര്യയുടെ വിയോഗഫലമായി പകരം അയാള്‍ കണ്ടെത്തുന്നത് തകര്‍ച്ചയുടെ വക്കിലെത്തിയ മകന്റെ ദാമ്പത്യജീവിതത്തെ വീണ്ടെടുക്കുവാന്‍ തുണയായി സ്വന്തം നഷ്ടം നികത്തുന്നതിലാണ്. ഇടയ്ക്കുവച്ച് ബാല്യകാലം ചെലവിട്ട വീട്ടില്‍ മടങ്ങിയെത്തി പഴയകാല ഓര്‍മ്മകളില്‍ ജീവിക്കുക വഴി, സ്വന്തം ജീവിത സാഹചര്യങ്ങള്‍ക്കു പുതിയ അര്‍ത്ഥതലങ്ങള്‍ തേടുകയായിരുന്നു ബോര്‍ഗ്. 

സെവന്‍ത് സീല്‍ അസാധാരണങ്ങളായ ഇമേജുകള്‍കൊണ്ട് അര്‍ത്ഥസമ്പുഷ്ടമാണ്. ഒരുപക്ഷേ, ലോകസിനിമയില്‍ അപൂര്‍വ്വമായിട്ടുള്ളതാണ്, മരണത്തെ ഒരു കഥാപാത്രമാക്കി ആ കഥാപാത്രത്തിന്റെ ഭയപ്പെടുത്തുന്ന സാന്നിദ്ധ്യം സ്ഥാപിക്കുന്നത്. മരണവും ചതുരംഗക്കളിയും കന്യകാമറിയത്തിന്റെ ദര്‍ശനവും. മരണം അകലെയല്ലെന്ന് താക്കീത് ചെയ്യുന്ന പുരോഹിതനും പിശാചിന്റെ പിടിയിലായ പെണ്‍കുട്ടിയും സ്ട്രാബറീസും പാലും വിളമ്പുന്ന സല്‍ക്കാരവും മരണനൃത്തവും മനസ്സില്‍നിന്നും മാഞ്ഞുപോകാത്ത ഇമേജുകള്‍ എന്നതിനേക്കാള്‍, അവ ഉന്നയിക്കുന്ന നിശ്ശബ്ദ ചോദ്യങ്ങള്‍ ചലച്ചിത്രകാരനായ ബെര്‍ഗ്മാന്റെ അസ്വസ്ഥമനസ്സിന്റെ പ്രതിഫലനം കൂടിയാകുന്നു.

ദൈവത്തിന്റെ ദയയ്ക്കുവേണ്ടി കേഴുന്ന അന്റോണിയോസ് ബ്ലോക്കിന്റെ ആഗ്രഹം ജീവിതത്തിലേക്കുള്ള മടക്കമാണ്. അതിനയാള്‍ക്ക് സാധിക്കുന്നുണ്ടോ? പ്രൊഫ. കലിന്‍ ഇങ്ങനെ എഴുതുന്നു: 'റോസ്‌കില്‍സ് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായിരിക്കവെ ബ്ലോക്ക് തിയോളജി പഠിച്ചതെന്തിനെന്നോ ചെറുപ്പക്കാരിയായ പ്രേയസിയെ വിട്ട് പലസ്തീനില്‍ പത്തുകൊല്ലം ചെലവിട്ടത് ആ വക കാര്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണോയെന്നും വ്യക്തമല്ല. അയാളെ സംബന്ധിച്ചിടത്തോളം അദൃശ്യനായ ദൈവം മൗനിയാണ്. ദൈവത്തെ കാണാനാവുന്നില്ല. ദൈവം സംസാരിക്കുന്നില്ല. ആളുകളുടെ സങ്കല്പത്തിലാണ് ദൈവം ജീവിക്കുന്നത്. ആത്മഭീതിയില്‍ നിന്ന് ഉടലെടുത്തതാണ് ഈ സങ്കല്പം. 'എല്ലാമറിയുന്ന ആളായിരിക്കണം ദൈവം. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന വ്യക്തിത്വം.' അതൊരു മിഥ്യയാണെന്ന തിരിച്ചറിവാണ് ബ്ലോക്കിനെ ഹതാശനാക്കുന്നത്. വിശ്വാസത്തിനും അറിവിനും ഇടയ്ക്കാണ് തന്റെ ജീവിതമെന്ന് മനസ്സിലാക്കുന്ന അയാള്‍ക്ക് പതിന്നാല് വയസ്സുള്ള ടൈയാന്‍ എന്ന പെണ്‍കുട്ടി, പിശാചിന്റെ പിടിയിലാണെന്ന സങ്കല്പത്തില്‍ കുരിശിലേറ്റപ്പെടുന്നതും ഒടുവില്‍ കൊല്ലപ്പെടുന്നതും സങ്കല്പിക്കാനാവുന്നില്ല. ആ പെണ്‍കുട്ടിയില്‍നിന്ന് യാഥാര്‍ത്ഥ്യമറിയാന്‍ അയാള്‍ ശ്രമിക്കുന്നു. പിശാചിനെപ്പറ്റി ചോദിക്കുന്ന ബ്ലോക്കിനോട് ആ കുട്ടി പറയുന്നു: 'എവിടെയും നിങ്ങള്‍ക്ക് കാണാം. എന്റെ കണ്ണില്‍ നോക്കൂ.' അതിനു മറുപടിയായി 'ഭീതി മാത്രമാണ് നിന്റെ കണ്ണുകളില്‍. ശൂന്യമായി നിശ്ചേതമായ ഭീതി. മറ്റൊന്നുമില്ല.' ബ്ലോക്ക് പറയുന്നു. 'അല്ല, എല്ലായിടത്തും അവന്‍ എന്നോടൊപ്പമുണ്ട്. കൈനീട്ടിയാല്‍മതി അവന്റെ സ്പര്‍ശനമറിയാന്‍. ഇപ്പോള്‍ അവന്‍ എന്നോടൊപ്പമുണ്ട്. തീയൊന്നും എന്നെ നോവിക്കില്ല. എല്ലാ തിന്‍മകളില്‍നിന്നും അവന്‍ എന്നെ രക്ഷിക്കും.' ടൈയാനോട് അപ്പോള്‍ ബ്ലോക്ക് ചോദിക്കുന്നു. 'അവന്‍ പറഞ്ഞുതന്നതാണോ അത്.' 'എനിക്കറിയില്ല.' അപ്പോള്‍ അവര്‍ തമ്മിലുള്ള സംഭാഷണം കേട്ടുനില്‍ക്കുന്ന പുരോഹിതന്റെ വേഷമണിഞ്ഞ മരണം ആരായുന്നു. 'ചോദിക്കുന്നത് നിര്‍ത്തുകയില്ലേ നിങ്ങള്‍?' കുരിശിലേറ്റിയ പെണ്‍കുട്ടിയെ തീയിടുന്നു. വേദനസംഹാരിയായി ഔഷധം അവള്‍ക്ക് നല്‍കുന്നു. അത് കണ്ടുനില്‍ക്കുന്ന ജോണ്‍സ് കൈക്കുമ്പിളില്‍ വെള്ളം നിറച്ച് അവളെ കുടിപ്പിക്കുന്നതിനിടയില്‍ ചോദിക്കുന്നു: 'എന്റെ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്‍കിയില്ല. ആരാണ് ഈ കൊച്ചുകുട്ടിയെ പരിപാലിക്കുന്നത്? കന്യകാമറിയമോ, ദൈവമോ, അതോ പിശാചോ. ശൂന്യത, ശൂന്യത മാത്രം. അവളുടെ കണ്ണുകളില്‍ നോക്കൂ. അവള്‍ക്ക് ഇപ്പോള്‍ തോന്നിക്കാണും, ചന്ദ്രനു കീഴെയും ശൂന്യതയാണെന്ന്.'

ആ തീയിടലിനു സാക്ഷ്യം വഹിച്ചശേഷം ബ്ലോക്കും ജോണ്‍സും കാട്ടുവഴിയിലെത്തുന്നു. ചതുരംഗക്കളിയില്‍ തോറ്റ ബ്ലോക്ക് ആരായുന്നു. 'ഞങ്ങളെ കൊണ്ടുപോകാന്‍ എപ്പോഴാണ് നിങ്ങള്‍ എത്തുന്നത്? നിങ്ങള്‍ രഹസ്യം വെളിപ്പെടുത്തുകയില്ലേ?' 'എനിക്ക് രഹസ്യങ്ങളൊന്നുമില്ല.' 'അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് യാതൊന്നും അറിയില്ലയെന്നോ?' 'ഒന്നും പറയുന്നില്ല, മരണം ഒടുവില്‍ എത്തുമ്പോള്‍ ഒന്നും പറയുന്നില്ല.' ഈ നിരീക്ഷണങ്ങള്‍ ഉപസംഹരിച്ചുകൊണ്ട് സെവന്‍ത് സീല്‍ ഒരു മൊറാലിറ്റി പ്ലേയാണെന്ന് അനുഭവപ്പെടും. ആഴം അറിയാത്ത ഭീതിയും വെറുപ്പും കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ നിഴലായി കിടക്കുമ്പോള്‍, മരണം വിധിക്കപ്പെട്ട തടവുകാരേക്കാള്‍ ദീനരാണെന്നാണ് ഈ ചലച്ചിത്രം കാഴ്ചക്കാരെ അറിയിക്കുന്നത്. പ്രതീക്ഷകള്‍ അസ്തമിക്കുന്ന ജീവിതം. വെള്ളിവെളിച്ചത്തിന്റെ ചെറിയൊരു നാമ്പുപോലുമില്ലാതെ, ഇരുട്ടും അതില്‍നിന്നുണ്ടാകുന്ന ശൂന്യതയും. ഈ വികാരത്തില്‍നിന്നും ആരും മോചിതരല്ലെന്ന സത്യമാണ് ചലച്ചിത്രകാരന്‍ ആവര്‍ത്തിച്ചു രേഖപ്പെടുത്തുന്നത്. 

ഇംഗ്മര്‍ ബെര്‍ഗ്മാന്റെ ജീവിതവും ചലച്ചിത്രങ്ങളും എന്ന ഗ്രന്ഥത്തില്‍നിന്ന്

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com