ഐന്‍സ്റ്റീന്‍ സിദ്ധാന്തങ്ങളെ അടിമുടി നിരാകരിക്കുന്ന കണ്ടെത്തലുകള്‍

ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഭൗതികശാസ്ത്രം, നോവല്‍ മെട്രോളജി എന്നിവയിലെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരീക്ഷണാത്മകവും സൈദ്ധാന്തികവുമായ വശങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യങ്ങള്‍
ഐന്‍സ്റ്റീന്‍ സിദ്ധാന്തങ്ങളെ അടിമുടി നിരാകരിക്കുന്ന കണ്ടെത്തലുകള്‍

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഫിസിക്‌സ് പ്രൊഫസറായ സി.എസ്. ഉണ്ണിക്കൃഷ്ണന്‍ മുന്നോട്ടു വെയ്ക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങള്‍ ഭൗതികശാസ്ത്രത്തില്‍ നിലവിലുള്ള സങ്കല്പങ്ങളെ തിരുത്തിക്കുറിക്കാന്‍ പോരുന്നവയാണ്. ആധിഭൗതികമെന്നോ ആത്മീയമെന്നോ വിളിക്കപ്പെടുന്ന തലങ്ങളിലേക്ക് വഴുതിവീഴാതെ തന്നെ പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് അവ വിശദീകരിക്കുന്നു. ആപേക്ഷികതയല്ല നിരപേക്ഷതയാണ് പ്രപഞ്ചത്തിന്റെ പൊരുളെന്ന് അത് നിരീക്ഷിക്കുന്നു. 

ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഭൗതികശാസ്ത്രം, നോവല്‍ മെട്രോളജി എന്നിവയിലെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരീക്ഷണാത്മകവും സൈദ്ധാന്തികവുമായ വശങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യങ്ങള്‍. മോഡിഫൈഡ് ഗ്രാവിറ്റി, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനം. പാരീസിലെ കാസ്ലര്‍-ബ്രോസല്‍ ലബോറട്ടറിയിലെ വിസിറ്റിംഗ് സയന്റിസ്റ്റായിരുന്ന ഉണ്ണിക്കൃഷ്ണന്‍ അവിടെ മെറ്റാസ്റ്റബിള്‍ ഹീലിയത്തിന്റെ ബോസ്-ഐന്‍സ്‌റ്റൈന്‍ കണ്ടന്‍സേഷനില്‍ പങ്കാളിയായി. മുംബൈയിലെ TIFR-ല്‍ ലേസര്‍-കൂളിംഗ് ലബോറട്ടറി സ്ഥാപിച്ചത് അദ്ദേഹമാണ്, അതില്‍ ഇന്ത്യയിലെ ആദ്യത്തെ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് നിര്‍മ്മിക്കുകയും പഠിക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ വസ്തുതാപരമായ ഗുരുത്വാകര്‍ഷണത്തെ അടിസ്ഥാനമാക്കിയുള്ള ആപേക്ഷികതയുടേയും ചലനാത്മകതയുടേയും സിദ്ധാന്തമായ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തമാണ് ഉണ്ണിക്കൃഷ്ണന്റെ പ്രധാന യഥാര്‍ത്ഥ സംഭാവന. എന്നാല്‍, ഐന്‍സ്റ്റീന്‍ സിദ്ധാന്തങ്ങളെ അടിമുടി നിരാകരിക്കുന്ന അദ്ദേഹത്തിന്റെ ഈ രംഗത്തെ കണ്ടെത്തലുകള്‍ സംവാദത്തിനെടുക്കാന്‍ ശാസ്ത്രലോകം ഇതുവരേയും പൂര്‍ണ്ണമായും തയ്യാറായിട്ടില്ല.

ക്വാണ്ടം മെക്കാനിക്‌സിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും ദ്രവ്യത്തിന്റേയും ചലനാത്മകതയുടേയും എല്ലാ തോതുകള്‍ക്കും ബാധകമായതുമായ ഒരു യൂണിവേഴ്‌സല്‍ ആക്ഷന്‍ മെക്കാനിക്‌സിലേക്കുള്ള ഹാമില്‍ട്ടന്‍ മെക്കാനിക്‌സിന്റെ പൂര്‍ത്തീകരണമാണ് അദ്ദേഹം ഈയിടെ ഈ രംഗത്ത് നടത്തിയ ഒരു പ്രവര്‍ത്തനം. LIGOഇന്ത്യ പദ്ധതിയുടെ പ്രൊപ്പോസര്‍ മെംബര്‍ ഉണ്ണിക്കൃഷ്ണന്‍; ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയ ആഗോള LIGO സയന്റിഫിക് കൊളോബറേഷനില്‍ അംഗവുമാണ്. ഭൗതികശാസ്ത്ര ഗവേഷണത്തിനു പുറത്തുള്ള പ്രധാന താല്പര്യങ്ങള്‍ സംഗീതവും സിനിമകളുമാണ്.

ഈയിടെ കേരളത്തിലെത്തിയ അദ്ദേഹവുമായി സമകാലിക മലയാളം വിശദമായി സംസാരിച്ചു. പ്രസക്ത ഭാഗങ്ങള്‍:

ശാസ്ത്രം മൂല്യനിരപേക്ഷമാണോ? ശാസ്ത്രത്തിന്റെ വളര്‍ച്ചയെ സാമൂഹികമായ ഘടകങ്ങള്‍ എത്രത്തോളം സ്വാധീനിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നുണ്ട്? 

ശാസ്ത്രം (Science) എന്നത് മറ്റുള്ളവയെപ്പോലെത്തന്നെ ഒരു മാനുഷിക പ്രവര്‍ത്തനമാണ് (Human activtiy). മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും അതിനും ബാധകമാണ്. മനുഷ്യരുടെ എല്ലാ സവിശേഷതകളും അവന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കും. അവന്റെ നന്മയും തിന്മയും (Vices and virtues) ഒക്കെ ശാസ്ത്രത്തിനും കാണും. ശാസ്ത്രത്തിന് ഒരു പദ്ധതിയുണ്ട്, രീതിശാസ്ത്രമുണ്ട് (Methodology). അതിന്റെ ഒരു പ്രത്യേകത അതു മാനുഷികമാണ് (Human) എന്നതാണ്. 'ഹ്യൂമന്‍' അഥവാ 'മാനുഷികം' എന്ന അജക്ടീവ് വെച്ചാലേ അതു ശരിയാകുകയുള്ളൂ. അതില്‍ ചീത്തയായ കാര്യങ്ങളും നല്ല കാര്യങ്ങളുമൊക്കെ വരും. അതുകൊണ്ട് മനുഷ്യന്‍ ചെയ്യുന്ന മറ്റു പ്രവര്‍ത്തനങ്ങളില്‍നിന്നു വ്യത്യസ്തമാണ് ശാസ്ത്രം എന്നു പറയുക വയ്യ.

ഉപരിപ്ലവമായി നോക്കിയാല്‍ ശാസ്ത്രം മൂല്യനിരപേക്ഷമാണ്. പക്ഷേ, ഉള്ളില്‍ മറ്റു പല ഘടകങ്ങളും കാണാം. അതുകൊണ്ട് അവയെയൊക്കെ കവിഞ്ഞുപോകാന്‍ കഴിഞ്ഞാലേ, വസ്തുനിഷ്ഠത (Objectivtiy), യുക്തിപരത (Rationaltiy) ഒക്കെയുണ്ടെങ്കിലേ ഉയര്‍ന്ന തലത്തിലുള്ള ശാസ്ത്രമുണ്ടാകൂ. ഈയിടെ ഒരു പരിപാടിയില്‍ ഞാന്‍ സംസാരിച്ചത് ഇതൊക്കെ സംബന്ധിച്ചായിരുന്നു. അത് ഓണ്‍ലൈനായിട്ടും ഉണ്ടായിരുന്നു. പക്ഷേ, അതു റെക്കോഡ് ചെയ്യാന്‍ മറന്നു. ഹ്യൂമന്‍ ആയ ഒരു ഘടകം അവിടേയും ബാധിച്ചുവെന്നു പറയാം. 

ഞാന്‍ പറഞ്ഞുവന്നത് ശാസ്ത്രത്തില്‍ 'ഹ്യൂമന്‍' ആയ ഘടകങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചാണ്. പല കാര്യങ്ങള്‍ക്കും ചില 'undercurrents' ഉണ്ട്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ നമ്മള്‍ ഒരു പ്രധാനപ്പെട്ട കാര്യമാണ് ചെയ്യുന്നതെന്ന് നമുക്കു തോന്നി. നമ്മളതു സംബന്ധിച്ച് ആദ്യം ചെയ്യുന്നത് നമ്മുടെ സഹപ്രവര്‍ത്തകരോട് സംസാരിക്കുക എന്നതായിരിക്കും. അതു പുറത്തുപോയി പൊതുയോഗം നടത്തി -രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യുന്നതുപോലെ- പ്രഖ്യാപിക്കുകയല്ല ചെയ്യുക. അല്ലെങ്കില്‍ ചാനലുകളില്‍ പോയി ചര്‍ച്ച ചെയ്യുകയല്ല വേണ്ടത്. നമ്മുടെ സഹപ്രവര്‍ത്തകരോട് ആദ്യം പറയും. അവരത് സംബന്ധിച്ച് നമ്മളുമായി ഒരു ഡിബേറ്റിനു മുതിരും. പക്ഷേ, കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി ഉള്ള ഒരു പുതിയ പ്രവണത മിണ്ടാതിരിക്കുക എന്നതാണ്. ഡിബേറ്റേ ഇല്ല. മുന്‍പൊക്കെ ഡിബേറ്റ് ഇടയ്ക്കുവെച്ച് നിലച്ചെന്നിരിക്കും. എന്നാലും ഡിബേറ്റ് തുടങ്ങും. എന്നാല്‍, ഇപ്പോഴത്തെ ഒരു അവസ്ഥ ഒരു പ്രതികരണവും ഇല്ല എന്നതാണ്. ഒരു ചിത്രം വരച്ചിട്ട് നമ്മളത് കണ്ണുകാണാത്ത ഒരാള്‍ക്കു കാണിച്ചുകൊടുക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ ബധിരനായ ഒരാളോട് ആ ചിത്രത്തെക്കുറിച്ചു വിശദീകരിക്കുന്നതുപോലെയാണ്. സമാനമായ ഒരു സാഹചര്യമാണ് ഇന്ന് ഇന്ത്യയില്‍ നമ്മുടെ ശാസ്ത്രലോകത്തുള്ളത്. ഒരു സംവാദവും അവിടെ നടക്കുന്നില്ല. കൂടുതലായും ഭൗതികശാസ്ത്രമേഖലയിലെ കാര്യമാണ് ഞാന്‍ പറയുന്നത്. 

സിഎസ് ഉണ്ണികൃഷ്ണൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
സിഎസ് ഉണ്ണികൃഷ്ണൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ശാസ്ത്രാന്വേഷണങ്ങളുടെ ലോകത്ത് ചില രീതികളുണ്ടല്ലോ. ഉദാഹരണത്തിന് ഒരു പുതിയ കണ്ടെത്തല്‍ ഉണ്ടാകുന്നുവെന്നു വെയ്ക്കുക. അതു സംബന്ധിച്ച ഒരു പേപ്പറിനു പിയര്‍ റിവ്യൂ ഉണ്ടാകുന്നു. സയന്‍സ് ജേണലുകളില്‍ പ്രസിദ്ധീകരിക്കുന്നു. അങ്ങനെയൊക്കെ? 

അതേ, പിയര്‍ റിവ്യൂ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാല്‍, മിക്കപ്പോഴും ഡിബേറ്റുകളില്ലാത്തതുകൊണ്ട് ഒന്നോ രണ്ടോ പേര്‍ അതൊന്ന് എടുത്തു നോക്കുന്നു എന്നതിലേക്കായി പിയര്‍ റിവ്യൂ ചുരുങ്ങുന്നു. അത്രയേയുള്ളൂ. പിയര്‍ റിവ്യൂ പാസ്സായാല്‍ അതു പബ്ലിഷ് ചെയ്യുകയോ പബ്ലിഷ് ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നു. പിയര്‍ റിവ്യൂവേഴ്‌സിന്റെ ബാക്ക്ഗ്രൗണ്ട് വളരെ പ്രധാനമാണ്. നമ്മുടെ രാജ്യത്ത് സാധാരണ മട്ടില്‍ റുട്ടീന്‍ സയന്‍സ് പബ്ലിഷ് ചെയ്യും. പിയര്‍ റിവ്യു പാസ്സാകും സാധാരണഗതിയില്‍. അതില്‍ പ്രശ്‌നമില്ല. എന്നാല്‍, എസ്റ്റാബ്ലിഷ്ഡ് സയന്‍സിനെതിരായിട്ട് ഒരു സംഗതി വന്നാല്‍ പിയര്‍ റിവ്യൂകളില്‍ തഴയപ്പെടാനുള്ള സാദ്ധ്യത 50 ശതമാനത്തിനു മേലെയാണ്. കാരണം നമ്മളപ്പോള്‍ ചോദ്യം ചെയ്യുന്നത് അവരുടെ സയന്‍സിനെയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ-യൂറോപ്പിലായാലും അമേരിക്കയിലായാലും- ശാസ്ത്രസമൂഹത്തിന് ഒരു ധാരണയുണ്ട്. സയന്‍സ് അവരുടെ ഒരു കണ്ടുപിടിത്തമാണെന്ന്. സയന്‍സ് എന്നത് അവരുടെ ഒരു കള്‍ച്ചറിന്റെ ഭാഗമാണെന്ന്. നമ്മളൊക്കെ ശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ ഇടപെടുന്നവരാണ് എന്നംഗീകരിക്കുമ്പോള്‍പോലും ശാസ്ത്രത്തെ നയിക്കുന്നതും (leaders) ശാസ്ത്രത്തിന്റെ പ്രോദ്ഘാടകരും (Originators) അവരാണ് എന്നു പാശ്ചാത്യര്‍ കരുതുന്നു. പുരാതന ഗ്രീക്കുകാരുടെ കാലം മുതല്‍. അതുകൊണ്ട് ശാസ്ത്രധാരണകളെ മാറ്റിത്തീര്‍ക്കുന്ന റൃമേെശര ആയ എന്തുകാര്യം നമ്മള്‍ പറഞ്ഞാലും അവരുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായിട്ടേ കാണൂ. കൂടുതലായി പരിശോധിക്കാന്‍ അവര്‍ തയ്യാറാകുകയില്ല. ഒരു നാലഞ്ചു വര്‍ഷം മുന്‍പേ എന്റെ ഒരു കൂട്ടുകാരന്‍, കേംബ്രിജ്ജിലൊക്കെ പഠിച്ചയാളാണ്, അവിടെ ഒരു ലക്ചറിനു പോയി. ഇടയ്ക്കിടയ്ക്കു പോകാറുള്ളയാളാണ്. പക്ഷേ, ഇത്തവണ ലക്ചറു കഴിഞ്ഞിട്ടും അതില്‍ പ്രതീക്ഷിച്ചപോലെ ഒരു ചര്‍ച്ച ഉണ്ടായില്ല. എന്താണ് കാര്യമെന്ന് അദ്ദേഹം അപ്പോള്‍ സഹപ്രവര്‍ത്തകരോട് അന്വേഷിച്ചു. അപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ലണ്ടന്‍ ബ്രിജ്ജ് ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: 'You see that. We made it. We know how we made it. Now you're coming here and telling us that this is not how to make it. Who is going to respect your words then?' ഇത് ഞങ്ങള്‍ നിര്‍മ്മിച്ചതാണ്. ഞങ്ങള്‍ക്കറിയാം ഇതു ഞങ്ങളെങ്ങനെ ഉണ്ടാക്കിയെന്ന്. അതെങ്ങനെയെന്ന് ഞങ്ങള്‍ക്ക് ആരും പറഞ്ഞുതരേണ്ട കാര്യമില്ല. ഇതാണ് അവരുടെ ഒരു മനോഭാവം. 

ശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ നിലവിലുള്ളത് ഒരു യൂറോകേന്ദ്രിത വീക്ഷണമാണോ? അവിടെ അവരുടെ ഒരു ആധിപത്യം നിലവിലുണ്ടോ? 

യൂറോപ്പിലാണ് കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകളായി ശാസ്ത്രരംഗത്ത് കാര്യമായ മുന്നേറ്റങ്ങളുണ്ടായിട്ടുള്ളത് എന്നതു ശരിയാണ്. വ്യവസായ വിപ്ലവത്തിനു മുന്‍പുതന്നെ ശാസ്ത്രരംഗത്ത് അവര്‍ക്കു കാര്യമായ അന്വേഷണങ്ങളുണ്ടായിട്ടുണ്ട്. പ്യുവര്‍ സയന്‍സ്, മാത്തമാറ്റിക്കലായിട്ടുള്ള അടിത്തറയൊക്കെ ഒരുങ്ങുന്നത് അവിടെത്തന്നെയാണ്. ന്യൂട്ടന്‍ മുതലുള്ള സയന്‍സിനെയാണ് അവര്‍ സയന്‍സായിട്ട് എണ്ണുന്നത്. ശാസ്ത്രത്തിനു മാത്തമാറ്റിക്കല്‍ ബേസിസൊക്കെ തെളിഞ്ഞത് അക്കാലത്താണ്. നമ്മള്‍ ഇന്ത്യയില്‍ ഫിസിക്‌സൊക്കെ പഠിപ്പിക്കുന്നതും അവരുണ്ടാക്കിയിട്ടുള്ള ആ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെയാണ്. ഐന്‍സ്‌റ്റൈന്റെ തിയറിയൊക്കെത്തന്നെയാണ് നമ്മള്‍ പഠിപ്പിക്കുന്നത്. പക്ഷേ, അതു നമ്മളു തന്നെ ചോദ്യം ചെയ്യുകയാണെന്നു കരുതുക. കഴിഞ്ഞ കുറേക്കാലമായി ഞാന്‍ പഠിപ്പിക്കുന്നത് ഈ ടെക്സ്റ്റ് ബുക്കുകളിലുള്ള സയന്‍സ് ആണ്. പെട്ടെന്നൊരു ദിവസം ഞാന്‍ പറയുകയാണ്. ഞാന്‍ ഇത്രയും കാലം പഠിപ്പിച്ചതൊന്നും ശരിയല്ലാ എന്ന്. ആ വാദത്തിനു കൃത്യമായ പിന്‍ബലമുണ്ട് എന്നും കരുതുക. രണ്ടുതരത്തിലാണ് പ്രതികരണമുണ്ടാകുക. ഒന്നുകില്‍ അതു ഡിബേറ്റ് ചെയ്യപ്പെടും. അതാണ് വേണ്ടിയിരുന്നത്. അല്ലെങ്കില്‍ അതിനുപകരം Oh, this must be wrong എന്നു പറയുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു കണ്‍ക്ലൂഷനുണ്ടാകുന്നു. പിന്നെ അതിനെപ്പറ്റി സംസാരിക്കുകയേയില്ല. ഉണ്ണിക്കൃഷ്ണന് എന്തോ പ്രശ്‌നം സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ അതും പറഞ്ഞു ബുദ്ധിമുട്ടിക്കേണ്ട. അങ്ങനെയൊരു അവസ്ഥ എനിക്കു നേരിടേണ്ടിവന്നപ്പോഴാണ് പുസ്തകങ്ങളെഴുതാന്‍ തീരുമാനിക്കുന്നത്. പുസ്തകങ്ങളെഴുതുമ്പോള്‍ നമുക്ക് ഇഷ്ടമുള്ളതെഴുതാം. തീര്‍ച്ചയായും അപ്പോഴും ഒരു പിയര്‍ റിവ്യൂവും തുടക്കത്തില്‍ ഒരു എഡിറ്റോറിയല്‍ റിവ്യൂവുമുണ്ട്. എങ്കിലും പറയാനുള്ളതു മുഴുവന്‍ പറയാം. 

ഏതൊക്കെയാണ് എഴുതിയ പുസ്തകങ്ങള്‍? 

ഗ്രാവിറ്റീസ് ടൈം ആണ് ഒന്നാമത്തെ പുസ്തകം. സമയത്തെക്കുറിച്ചു മാത്രമുള്ളതാണ് ഈ പുസ്തകം. സിംഗപ്പൂരുള്ള ജെന്നി സ്റ്റാന്‍ഫോര്‍ഡ് ആണ് പബ്ലിഷേഴ്‌സ്. ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസ് മുഖേനയാണ് ഈ പുസ്തകത്തിന്റെ മാര്‍ക്കറ്റിംഗ്. രണ്ടാമത്തെ പുസ്തകം ന്യൂ റിലേറ്റിവിറ്റി ഇന്‍ ദ ഗ്രാവിറ്റേഷണല്‍ യൂണിവേഴ്‌സ് എന്നതാണ്. ഒരു ഉപശീര്‍ഷകം കൂടി ഉണ്ട്. ദ തിയറി ഒഫ് കോസ്മിക് റിലേറ്റിവിറ്റി ആന്റ് ഇറ്റ്‌സ് എക്‌സ്പിരിമെന്റല്‍ എവിഡെന്‍സ്. കോസ്മിക് റിലേറ്റിവിറ്റി എന്നതാണ് ഞാന്‍ പറയുന്ന കാര്യങ്ങളെയെല്ലാം ചേര്‍ത്തുവെയ്ക്കാവുന്ന ഒരു സംജ്ഞ. എന്നാല്‍, ന്യൂ റിലേറ്റിവിറ്റി എന്നതാണല്ലോ പുതിയ കാര്യം. അതുകൊണ്ട് എഡിറ്ററുടെ നിര്‍ദ്ദേശപ്രകാരം മുഖ്യശീര്‍ഷകത്തില്‍ ന്യൂ റിലേറ്റിവിറ്റി എന്ന പദസമുച്ചയത്തിന് ഊന്നല്‍ നല്‍കി. സ്പ്രിംഗര്‍ നേച്വര്‍ ആണ് പബ്ലിഷ് ചെയ്യുന്നത്. ഈ പുസ്തകത്തിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതു വളരെ പോസിറ്റീവ് ആയിട്ടുള്ള മനോഭാവമുള്ള ഒരു എഡിറ്ററാണ് എന്നതാണ്. ജര്‍മനിയിലുള്ള ഒരു പബ്ലിഷര്‍ ആണെങ്കില്‍പ്പോലും പരമ്പരാഗത ശാസ്ത്രധാരണകളെ ഖണ്ഡിക്കുന്നതും വിവാദമുണ്ടാക്കാവുന്നതുമായ കാര്യങ്ങള്‍പോലും അവര്‍ നീക്കം ചെയ്തിട്ടില്ല. അവര്‍ ഇതു സംബന്ധിച്ച് നടത്തിയ അനൗണ്‍സ്‌മെന്റും വളരെ പോസിറ്റീവ് ആണ്. 'This cosmic relativtiy theory solves and answers all the outstanding problems in dynamics and relativtiy' എന്നതാണ് അവരുടെ പ്രഖ്യാപനം. 

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ശാസ്ത്രസമൂഹം നിശബ്ദത പാലിക്കുകയാണ്. തിയററ്റിക്കലായി മാത്രമല്ല, എക്‌സ്പിരിമെന്റലായും ഞാന്‍ അന്വേഷണങ്ങള്‍ നടത്തുന്നു. എനിക്ക് ഒരു ലബോറട്ടറി ഉണ്ട്. ഞാന്‍ അവിടെ പരീക്ഷണങ്ങള്‍ നടത്തുന്നു. അതുകൊണ്ട് ഞാന്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ക്കെല്ലാം തെളിവുകളുണ്ട്. 

എങ്ങനെയാണ് താങ്കള്‍ ഐന്‍സ്റ്റീന്റെ തിയറികളെ ഖണ്ഡിക്കുന്നത്? ലളിതമായി വിശദീകരിക്കാമോ? 

റിലേറ്റിവിറ്റി തിയറി (1905), ജനറല്‍ റിലേറ്റിവിറ്റി തിയറി-ഗ്രാവിറ്റിയെ സംബന്ധിച്ചത് (1915) ഇവ രണ്ടും ഐന്‍സ്റ്റീന്റേതാണ്. ക്വാണ്ടം മെക്കാനിക്‌സ് (1926) ഇവയാണ് ഫിസിക്‌സിന്റെ ഫണ്ടമെന്റല്‍ തിയറികള്‍. ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും പ്രയോഗിക്കപ്പെടുന്നതുമായ ഈ സിദ്ധാന്തങ്ങള്‍ 1930-നു മുന്‍പേ കംപ്ലീറ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഐന്‍സ്റ്റീനും ഷ്രോഡിംഗറും എഴുതിയ അതേ മട്ടിലാണ് ഇന്നുമുള്ളത്. ഈ തിയറികളൊക്കെ ഉണ്ടാക്കുന്ന സമയത്ത് നമുക്ക് കോസ്മോളജിയെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. 1930-നു മുന്‍പുള്ള കോസ്മോളജി പ്രകാരം സൗരയൂഥമല്ലാതെ പിന്നെ ഉള്ളത് മില്‍ക്കിവേയും കുറേ നെബുലകളും കുറച്ചു നക്ഷത്രങ്ങളുമൊക്കെയാണ്. 1920-ലാണ് വലിയ ടെലസ്‌കോപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. 1929-'30 കാലത്ത് എഡ്വിന്‍ ഹബ്ള്‍ എന്നൊരു ജ്യോതിശാസ്ത്രജ്ഞന്‍ പ്രപഞ്ചം അകന്നകന്നു പോയിക്കൊണ്ടിരിക്കുകയാണെന്നു കണ്ടെത്തുന്നത്. തൊട്ടടുത്ത പത്തു വര്‍ഷം ഈ മേഖലയിലുണ്ടായ വലിയൊരു റവലൂഷണറിയായ മാറ്റത്തിനു നാന്ദികുറിച്ച കണ്ടെത്തലായിരുന്നു അത്. അപ്പോള്‍ മനസ്സിലായി പ്രപഞ്ചം എന്നത് വളരെയേറെ വലിയ ഒന്നാണ് എന്നും അതു വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നും. നമ്മള്‍ വിചാരിച്ചതിനേക്കാളും ഒരായിരം മടങ്ങു വലിയ ഒന്നാണെന്നും എവിടെപ്പോയാലും ദ്രവ്യം (matter) ഉണ്ടെന്നും. 

ഈ കണ്ടെത്തലുകളും ഫണ്ടമെന്റല്‍ തിയറികളും തമ്മിലുള്ള പൊരുത്തക്കേട് എന്തെന്നു നോക്കാം. ഫണ്ടമെന്റല്‍ തിയറികള്‍ ശൂന്യസ്ഥലിയെ (emtpy space) പശ്ചാത്തലമായി സങ്കല്പിക്കുന്നുണ്ട്. കുറച്ചു മാറ്ററും ബാക്കി ശൂന്യസ്ഥലിയും. യാഥാര്‍ത്ഥ്യമെന്താണെന്നുവെച്ചാല്‍ മാറ്റര്‍ നിറഞ്ഞ ഈ പ്രപഞ്ചത്തിലാണ് നമ്മള്‍ എല്ലാക്കാര്യവും ചെയ്യുന്നത്. ഒരു പുസ്തകം എഴുതുന്നതും വായിക്കുന്നതുമെല്ലാം മാറ്ററിന്റെ സാന്നിധ്യത്തിലാണ്. ദ്രവ്യം ഉണ്ടെങ്കില്‍ അതിന് ഗ്രാവിറ്റി ഉണ്ട്. ദ്രവ്യം എത്രയുണ്ടെന്നറിഞ്ഞാല്‍ ഗ്രാവിറ്റി കണക്കാക്കാം. പ്രപഞ്ചത്തിലെ ഗ്രാവിറ്റി കണക്കാക്കുമ്പോള്‍ വലിയൊരു സംഖ്യയാണ് കിട്ടുക. ഗ്രാവിറ്റി എന്നു പറയുന്ന ഒരു ഇന്റര്‍ ആക്ഷന്‍ എല്ലാത്തിനേയും ബാധിക്കുന്ന ഒന്നാണ്. ലൈറ്റിന്റെ പ്രൊപ്പഗേഷന്‍, സമയം തുടങ്ങി എന്തു ഭൗതിക പ്രക്രിയ ഉണ്ടെങ്കിലും അതിനെ ഗ്രാവിറ്റി ബാധിക്കും. അതുകൊണ്ട് ഈ ഗ്രാവിറ്റി അടിസ്ഥാന സിദ്ധാന്തങ്ങളിലൊക്കെ പുന:പരിഗണിക്കപ്പെടേണ്ടതുണ്ട്. ഐന്‍സ്റ്റീന്റെ ജനറല്‍ റിലേറ്റിവിറ്റി തിയറി എന്നു പറയുന്നത് ഗുരുത്വാകര്‍ഷണത്തിന്റെ സിദ്ധാന്തം തന്നെയാണ്. അതില്‍ ഏറ്റവും വലിയ ഗ്രാവിറ്റേഷണല്‍ സോഴ്‌സ്, പ്രപഞ്ചം ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് നമ്മുടെ സിദ്ധാന്തങ്ങള്‍ ഒന്നുകില്‍ അപൂര്‍ണ്ണം (Imperfect) അല്ലെങ്കില്‍ തെറ്റ് (Incorrect). These theories may be even wrong എന്നു പറഞ്ഞാല്‍ അത് അതിശയോക്തിപരമല്ല. പഴയ തിയറികള്‍ക്കൊക്കെയുള്ള ഒരു റവലൂഷണറി ആസ്‌പെക്ട് പ്രപഞ്ചത്തിന്റെ ആപേക്ഷികതയാണ്. ഐന്‍സ്റ്റീന്‍ സിദ്ധാന്തം വന്നതോടെ സ്ഥലത്തേയും സമയത്തേയും സംബന്ധിച്ച നിരപേക്ഷത (Absolute) എന്ന സങ്കല്പം നിരാകരിക്കപ്പെടുന്നു എന്നത് സാധാരണക്കാരനു വരെ മനസ്സിലാകുന്ന കാര്യമാണ്. ശൂന്യസ്ഥലികളില്‍ നമ്മള്‍ നീങ്ങുകയാണെങ്കില്‍പോലും ശൂന്യം അവശേഷിച്ചിരിക്കും. എന്നാല്‍, ദ്രവ്യം നിറഞ്ഞ ഒരു സ്ഥലത്ത് നമ്മള്‍ നീങ്ങുമ്പോള്‍ അതിനു ആപേക്ഷികമായി ഒരു Current ഉണ്ട്. ഈ രണ്ടു സംഗതികളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാവിറ്റി എന്ന ഘടകം ഇപ്പോഴുള്ള അടിസ്ഥാന സിദ്ധാന്തങ്ങളില്‍ ഘടകമാകുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തില്‍ ഗ്രാവിറ്റി വലിയ ഒരു ശക്തിയാണ്. ഞാന്‍ പറയുന്നത് ശരിക്കും പ്രപഞ്ചം ഒരു ആബ്‌സൊല്യൂട്ട് റഫറന്‍സ് ആയിട്ട് കണക്കാക്കാവുന്നതാണ്. ഇവിടെയെല്ലാം ആബ്‌സൊല്യൂട്ട് തന്നെയാണ്. സമയം ഉള്‍പ്പെടെ എല്ലാം. ഇതാണ് എന്റെ തിയറി.

ഐൻസ്റ്റീൻ
ഐൻസ്റ്റീൻ

പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നു സങ്കല്പിക്കുന്നു. ഇതു സംബന്ധിച്ച സിദ്ധാന്തമാണ് ബിഗ്ബാംഗ് തിയറി. നമുക്ക് വേണമെങ്കില്‍ അതിനൊരു കാലം ഉണ്ടെന്നു കണക്കാക്കാം. ഉദാഹരണത്തിന് പത്തോ പതിനാലോ ബില്ല്യണ്‍ വര്‍ഷം എന്ന്. അതുമുതല്‍ ഈ പ്രപഞ്ചമിങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. ആ വികസിക്കുന്ന പ്രപഞ്ചത്തെ തന്നെ ഒരു ക്ലോക്ക് ആയിട്ട് നമുക്കു കണക്കാക്കാം. മാറിക്കൊണ്ടിരിക്കുന്ന എന്തും ഒരു ക്ലോക്കായിട്ട് കണക്കാക്കാമല്ലോ. അതുകൊണ്ടുതന്നെ വികാസം എന്നത് ഒരു ആബ്‌സൊല്യൂട്ട് ടൈം ആണെന്നതു വ്യക്തമാണ്. ഇതിനെയാണ് കോസ്മിക് റിലേറ്റിവിറ്റി തിയറി എന്നു വിളിക്കുന്നത്. 

ഷ്രോഡിം​ഗർ
ഷ്രോഡിം​ഗർ

ഞാന്‍ പറയുന്നത് ഇതാണ്, നമ്മള്‍ ഇന്നു കാണുന്ന ഈ പ്രപഞ്ചത്തിന്റെ സ്വഭാവം എന്താണെന്നും സവിശേഷതകള്‍ എന്താണെന്നും നമുക്കറിയാം. എന്താണ് ഇതിന്റെ വ്യാപ്തിയെന്നും എത്ര ദ്രവ്യമുണ്ടെന്നും നമുക്കറിയാം. അപ്പോള്‍ അതിന്റെ ഗുരുത്വാകര്‍ഷണം എത്രയാണെന്നു കണക്കാക്കാവുന്നതേയുള്ളൂ. അതു കണക്കാക്കുമ്പോള്‍ ആ ഗുരുത്വാകര്‍ഷണത്തിന്റെ ഫലം ഓരോ ഭൗതികപ്രക്രിയയിലും എത്രയായിരിക്കും എന്നതും. ഈ പുസ്തകം പ്രഖ്യാപിച്ചുകൊണ്ട് പറയുന്നതുപോലെ 'This established that all effects in relativtiy and dynamics are the consequences the gravtiy of the matter.'

എഡ്വിൻ ഹബ്ൾ
എഡ്വിൻ ഹബ്ൾ

അപ്പോള്‍ ഗ്രാവിറ്റിയാണ് മുഖ്യബലം? 

അതേ, എല്ലാം നിശ്ചയിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്. ഇതാണ് എന്റെ പ്രാഥമിക സിദ്ധാന്തവും ഒരൊറ്റ സിദ്ധാന്തവും. ഇതില്‍നിന്നെല്ലാം ഞാന്‍ കാല്‍ക്കുലേറ്റ് ചെയ്യും. ഇതു കാല്‍ക്കുലേറ്റ് ചെയ്യുമ്പോള്‍ ഉള്ള ഒരു അദ്ഭുതമെന്തെന്നുവെച്ചാല്‍ ഡൈനാമിക്‌സിലും റിലേറ്റിവിറ്റിയിലും കഴിഞ്ഞ 400 കൊല്ലമായി പരിഹൃതമാകാതെ നില്‍ക്കുന്ന കുറേയേറെ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഒന്നൊന്നായി പരിഹരിക്കപ്പെടുന്നുണ്ട്. 

പ്രപഞ്ചത്തില്‍ നമ്മള്‍ക്ക് ഏറ്റവുമധികം അറിയാന്‍ കഴിയുന്ന ബലങ്ങള്‍ ഗ്രാവിറ്റിയും ഇലക്ട്രോ മാഗ്‌നറ്റിക് ബലവുമാണ്. ഇവയാണ് ലോങ് റേഞ്ച് ബലങ്ങള്‍. ഇലക്ട്രോ മാഗ്‌നറ്റിക് ബലത്തിനു ഇലക്ട്രിക് ചാര്‍ജ്ജുള്ള കണങ്ങള്‍ വേണം. ഒരു വയറിലൂടെ വൈദ്യുതി കടത്തിവിടുകയെന്നാല്‍ ചാര്‍ജ്ജുള്ള കണങ്ങളെ പ്രവഹിപ്പിക്കുക എന്നതാണ് അര്‍ത്ഥം. പ്രപഞ്ചത്തില്‍ ശരാശരി ഇലക്ട്രിക്കലി ന്യൂട്രല്‍ ആണ്. കുറേ ചാര്‍ജ്ജുള്ള കണങ്ങളുണ്ട്. പക്ഷേ, ചാര്‍ജ്ജില്ലാത്ത കണങ്ങളും ഏതാണ്ട് തുല്യ എണ്ണമാണ്. അതുകൊണ്ട് വിശാലമായി നോക്കിയാല്‍ ഇലക്ട്രിക് ബലങ്ങള്‍ വളരെ കുറവാണ്. പക്ഷേ, ഗ്രാവിറ്റിയുടെ കാര്യം വരുമ്പോള്‍ ദ്രവ്യത്തിന് ഒരു ചിഹ്നമേയുള്ളൂ. പോസിറ്റീവ് എന്ന ചിഹ്നം. ഗ്രാവിറ്റി എപ്പോഴും ആകര്‍ഷിക്കുന്നു. ഇലക്ട്രോ മാഗ്‌നെറ്റിസിസത്തിനു ആകര്‍ഷണവും വികര്‍ഷണവുമുണ്ട്. അതുകൊണ്ടുതന്നെ അത് പരസ്പരം റദ്ദുചെയ്തുപോകുന്നു. പക്ഷേ, ഗുരുത്വാകര്‍ഷണം റദ്ദാക്കപ്പെടുകയില്ല. പ്രപഞ്ചം വലുതാകുന്തോറും ഗ്രാവിറ്റി കൂടുകയേ ഉള്ളൂ, കുറയുകയില്ല. അതുകൊണ്ടുതന്നെ ഗ്രാവിറ്റി ആണ് പ്രപഞ്ചത്തിലെ മുഖ്യബലം. 

പ്രപഞ്ചം അനുസ്യൂതം വികസ്വരമായിക്കൊണ്ടിരിക്കുന്നുവെന്ന് പറയുന്നതുപോലെ അതു ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നും നിരീക്ഷണമില്ലേ? 

ചുരുങ്ങുന്നുവെന്നതിനു തെളിവൊന്നുമില്ല. ഊഹിക്കപ്പെടുന്നതാണ്. നമ്മളു കാണുന്നൊരു പ്രപഞ്ചമുണ്ട്. ആ പ്രപഞ്ചത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഞാന്‍ ഈ പറയുന്നതെല്ലാം. അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിന്റെ ഉത്ഭവമെന്താണ് എന്നതൊന്നും നമുക്കൊരു പ്രശ്‌നമല്ല. ശാസ്ത്രത്തിനു ഒരു ചരിത്രമുണ്ട്. ഒരു രണ്ടായിരമോ മൂവായിരമോ വര്‍ഷത്തിനുള്ളിലെ മാനുഷികമായ പ്രവര്‍ത്തനം എന്ന നിലയിലുള്ള ചരിത്രം. ആ ഒരു കാലത്തിനുള്ളില്‍ പ്രപഞ്ചത്തിന്റെ വികാസം പൂജ്യമാണ്. അത്ര പതുക്കെയാണ് ആ വികാസം. എത്രയോ ബില്ല്യണ്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രപഞ്ചം ഇന്നീക്കാണും വിധം വികസിച്ചുവന്നിട്ടുള്ളത്. ഇന്നത്തെ പ്രപഞ്ചവും ഒരു പതിനായിരം വര്‍ഷങ്ങള്‍ മുന്‍പേയുള്ള പ്രപഞ്ചവും തമ്മിലുള്ള വ്യത്യാസം വളരെ വലുതൊന്നുമല്ല. അതുകൊണ്ട് ഞാനീപ്പറയുന്ന കാര്യങ്ങളെ സംബന്ധിച്ചു പ്രപഞ്ചത്തിന്റെ ഈ വികാസം അത്ര പ്രധാനമൊന്നുമല്ല. നമുക്കു പ്രധാനമായിട്ടുള്ളത് ഇപ്പോഴത്തെ പ്രപഞ്ചമെന്താണ്, അതിന്റെ ഗ്രാവിറ്റി എത്രയാണ് എന്നറിയുകയാണ്. വികാസത്തിന്റെ ഫലം ഈ കണ്ടെത്തലുകളില്‍ ഒരു Correction ആയിട്ട് വരും. അതുപിന്നെ പരിഗണിക്കാവുന്നതാണ്. എന്റെ കണ്ടെത്തലുകളില്‍നിന്നും അന്തിമമായി എത്തിച്ചേരാവുന്ന നിഗമനം ഇപ്പോഴുള്ള സിദ്ധാന്തങ്ങള്‍ തെറ്റാണ് എന്നു തന്നെയാണ്. ഡൈനാമിക്‌സ്, റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്‌സ് എന്നിവയിലെല്ലാം പല മാറ്റങ്ങളും വരും. കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്നു കണ്ടെത്താനെനിക്കായിട്ടുണ്ട്. അതിന്റെ സൂക്ഷ്മ സവിശേഷതകള്‍ എന്തൊക്കെയാണെന്നും. 

സിഎസ് ഉണ്ണികൃഷ്ണൻ
സിഎസ് ഉണ്ണികൃഷ്ണൻ

ക്വാണ്ടം മെക്കാനിക്‌സിന്റെ ധാരണകളെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്? 

ഇപ്പോള്‍ നമ്മുടെ ധാരണ പാര്‍ട്ടിക്ക്ള്‍സിനു തരംഗസ്വഭാവമുണ്ടെന്നുള്ളതാണ്. ഇതു ശരിക്കും വിശദീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്ക്ള്‍സിനു ഒരു തരംഗസ്വഭാവമുണ്ടെങ്കില്‍ ഒരു പാര്‍ട്ടിക്ക്ള്‍ രണ്ടു ദ്വാരങ്ങളുള്ള ഒരു സ്‌ക്രീനില്‍ വരുമ്പോള്‍ അതിനു എന്തു സംഭവിക്കുമെന്ന് -മാത്തമാറ്റിക്കല്‍ ആംഗിളില്‍ എഴുതാന്‍ പറ്റും- ഇന്നുവരെ പറയാന്‍ പറ്റിയിട്ടില്ല. എന്താണ് ഇതിനു കാരണം. തരംഗപ്രകൃതമാണെങ്കില്‍ രണ്ടായിട്ട് പിളര്‍ത്താം. എന്നാല്‍, പാര്‍ട്ടിക്ക്‌ളിനെ അങ്ങനെ പറ്റില്ല. വിരുദ്ധസവിശേഷതകള്‍ ആണ് ഒരു പാര്‍ട്ടിക്ക്‌ളിനു കൊടുക്കേണ്ടത്. അതുകൊണ്ടുതന്നെ ക്വാണ്ടം മെക്കാനിക്‌സ് പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടുവെന്ന് ഒരാളും അവകാശപ്പെടാറില്ല. കുഴക്കുന്ന പ്രശ്‌നങ്ങള്‍ ബാക്കിയാകുന്നു എന്നതുകൊണ്ടുതന്നെ. എന്നാല്‍, ഞാന്‍ മുന്നോട്ടുവെയ്ക്കുന്ന സൈദ്ധാന്തിക ചട്ടക്കൂടിനുള്ളില്‍ അവ പോലും പരിഹൃതമാകുന്നുണ്ടെന്നു കാണാം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com