ആധാര്‍; സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്‍പ് വ്യക്തമാക്കിയില്ല എന്ന ചോദ്യത്തിന് കേന്ദ്രത്തിന്റെ കൈവശം ഉത്തരമില്ല 

സ്വകാര്യത ഉറപ്പിക്കുന്നതിനായി ഡേറ്റ പ്രൊ ട്ടക്ഷന്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. പക്ഷേ, സ്വകാര്യതയോ വിവരസംരക്ഷണമോ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ
ആധാര്‍; സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്‍പ് വ്യക്തമാക്കിയില്ല എന്ന ചോദ്യത്തിന് കേന്ദ്രത്തിന്റെ കൈവശം ഉത്തരമില്ല 

ധാര്‍ കാര്‍ഡിന്റെ കോപ്പി പങ്കുവയ്ക്കുമ്പോള്‍ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും അവസാന നാല് സംഖ്യകളൊഴിച്ചുള്ളവ മറച്ചായിരിക്കണം ഉപയോഗിക്കേണ്ടതെന്ന യു.ഐ.ഡി.എ.ഐയുടെ മുന്നറിയിപ്പാണ് ഐ.ടി മന്ത്രാലയം 24 മണിക്കൂറിനകം പിന്‍വലിച്ചത്. ഈ പിന്‍വലിക്കല്‍ ഉയര്‍ത്തുന്ന ആശങ്കകളും സംശയങ്ങളും ചോദ്യങ്ങളും ഏറെയാണ്. ആധാര്‍ ദുരുപയോഗിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നും അതുകൊണ്ട് തന്നെ സ്വകാര്യതാലംഘനം ഒരിക്കലുമുണ്ടാകില്ലെന്നാണ് യു.ഐ.ഡി.എ.ഐ എക്കാലവും പറഞ്ഞിരുന്നത്. ഈ വാദം തിരുത്തുന്നതാണ് ഇപ്പോഴത്തെ നീക്കം. ആധാര്‍വിവരങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപദേശം തന്നതാണ് എന്ന വാദവും ഇതിനൊപ്പമുയരുന്നു. അതേസമയം ഏതാണ് സുരക്ഷിതം, ഏതാണ് സുരക്ഷിതമല്ലാത്തത് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നു.മേയ് ഇരുപത്തിയേഴിനാണ് ആദ്യ പത്രക്കുറിപ്പ് ഇറങ്ങുന്നത്. അതില്‍ പറയുന്നതിന്റെ സാരാംശം ഇതാണ്: ആധാറിന്റെ ഫോട്ടോകോപ്പി സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പങ്കുവയ്ക്കരുത്. പകരം അവസാന നാലക്കം ഉപയോഗിക്കണം. ഇ-ആധാര്‍ പൊതുയിടങ്ങളില്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഡൗണ്‍ലോഡ് ചെയ്താല്‍ ഡിലീറ്റ് ചെയ്യണം. എന്നാല്‍, യൂസര്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ പരിശോധിക്കാം. യൂസര്‍ലൈസന്‍സുണ്ടോ എന്ന് സാധാരണക്കാരനു പരിശോധിക്കാം. ഹോട്ടലുകള്‍ക്കും തിയേറ്ററുകള്‍ക്കും ആധാര്‍ കാര്‍ഡ് കോപ്പി വാങ്ങാനോ സൂക്ഷിക്കാനോ അനുമതിയില്ല. 2016 ആധാര്‍ ആക്റ്റ് പ്രകാരം ശിക്ഷാര്‍ഹമാണ്- ഇതായിരുന്നു ആ പത്രക്കുറിപ്പിന്റെ പ്രധാന ഉള്ളടക്കം. ഈ പത്രക്കുറിപ്പ് വന്നയുടന്‍ ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്കകള്‍ കൂടുതല്‍ ബലപ്പെടാന്‍ ഇടയാക്കി. സര്‍ക്കാര്‍ സബ്സിഡികള്‍ അടക്കം പല സേവനങ്ങളും ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കണം. പല പോര്‍ട്ടലുകളിലും വേരിഫിക്കേഷന് നമ്പര്‍ നല്‍കണം. ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ പോലും ആധാര്‍ തിരിച്ചറിയല്‍ രേഖയായി വാങ്ങുന്നു. ഒട്ടനവധി ആവശ്യങ്ങള്‍ക്കും ആളുകള്‍ ആധാറിന്റെ പകര്‍പ്പാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും തരത്തില്‍ സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത് മുന്‍പുതന്നെ വ്യക്തമാക്കിയില്ല എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈവശം ഉത്തരവുമില്ല. 

ആധാറിന്റെ ഉപയോഗത്തെക്കുറിച്ച് 2021 നവംബര്‍ എട്ടിന് ആധാര്‍ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കാര്യങ്ങള്‍ വ്യക്തമാണ്. ആധാര്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ വ്യക്തമാക്കുന്നതാണ് ഈ വിജ്ഞാപനം. തിരിച്ചറിയല്‍ രേഖയായി ഒരു സ്ഥാപനമോ വ്യക്തിയോ മറ്റൊരാളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ഉടമയുടെ എന്തൊക്കെ വിവരങ്ങളാണ് സ്വീകരിക്കുകയെന്നും അവയെങ്ങനെ ഉപയോഗിക്കുമെന്നും വ്യക്തമായി അറിയിച്ചിരിക്കണമെന്നാണ് ഈ ചട്ടം പറയുന്നു. ആരെങ്കിലും വിസമ്മതിച്ചാല്‍ അതിന്റെ പേരില്‍ ഒരു സേവനവും നിഷേധിക്കരുതെന്നും വിജ്ഞാപനത്തിലുണ്ട്. ആധാര്‍ ഓതന്റിക്കേഷന്‍ നടത്തിയതിന്റെ ആറുമാസക്കാലയളവിലെ ഡിജിറ്റല്‍ ലോഗ് ആറു മാസത്തോളം ആധാര്‍ അതോറിറ്റി സൂക്ഷിക്കണം. ഈ ഡേറ്റ ആധാര്‍ ഉടമയ്ക്ക് ആവശ്യമെങ്കില്‍ ഫീസ് അടച്ച് ഡേറ്റ നല്‍കാമെന്നായിരുന്നു നിബന്ധന. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

സ്വകാര്യത ഉറപ്പിക്കുന്നതിനായി ഡേറ്റ പ്രൊ ട്ടക്ഷന്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. പക്ഷേ, സ്വകാര്യതയോ വിവരസംരക്ഷണമോ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 13.5 കോടി ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് സുപ്രീംകോടതിയെ അറിയിച്ചത് ഫെമിനിസ്റ്റും എഴുത്തുകാരിയുമായ കല്യാണി മേനോനാണ്. 500 രൂപ കൊടുത്താല്‍ ആരുടെ വേണമെങ്കിലും ആധാര്‍ വിവരങ്ങള്‍ കിട്ടുമെന്ന റിപ്പോര്‍ട്ട് ട്രൈബ്യൂണ്‍ പത്രമാണ് പ്രസിദ്ധീകരിച്ചത്. അന്ന് ആ പത്രത്തിനും റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കുമെതിരെ യു.ഐ.ഡി.എ.ഐ കേസും കൊടുത്തു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സമയത്താണ് ഫ്രെഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ എലിയറ്റ് ഓള്‍ഡേഴ്സനന്‍ വ്യക്തിഗത വിവരങ്ങള്‍ ആധാര്‍ വഴി സുഗമമായി ചോര്‍ത്താമെന്ന് തെളിയിച്ചത്. സ്വകാര്യത, ഓണ്‍ലൈന്‍ ഡാറ്റ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഡാറ്റ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങളെല്ലാം അന്നും ഉന്നയിക്കപ്പെട്ടിരുന്നു. ആധാര്‍ പോലൊരു ഏകീകൃത തിരിച്ചറിയല്‍ സംവിധാനം അനിവാര്യമാണെന്നു വാദിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. 

2012ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ​ദീക്ഷിത് യുഐഡിഐ ചെയർമാനായിരുന്ന നന്ദൻ നിലേക്കനി എന്നിവർ സരൾ പദ്ധതി തുടങ്ങുന്ന സമയത്ത്. ആധാറുമായി ലിങ്ക് ചെയ്ത വിനിമയ സംവിധാനമായിരുന്നു ഇത്. ആധാർ അധിഷ്ഠിത സംവിധാനങ്ങൾ വഴി തട്ടിപ്പ് ഇപ്പോൾ കൂടുതൽ ആണ്
2012ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ​ദീക്ഷിത് യുഐഡിഐ ചെയർമാനായിരുന്ന നന്ദൻ നിലേക്കനി എന്നിവർ സരൾ പദ്ധതി തുടങ്ങുന്ന സമയത്ത്. ആധാറുമായി ലിങ്ക് ചെയ്ത വിനിമയ സംവിധാനമായിരുന്നു ഇത്. ആധാർ അധിഷ്ഠിത സംവിധാനങ്ങൾ വഴി തട്ടിപ്പ് ഇപ്പോൾ കൂടുതൽ ആണ്

ദുരുപയോഗം കൂടി ചോര്‍ത്തലും 

2018-ല്‍ തന്നെ ജൂലൈ 28-ന് ആധാര്‍ അതോറിറ്റി മുന്‍ മേധാവിയും അന്ന് ടെലികോം അതോറിറ്റി ചെയര്‍മാനുമായിരുന്ന ആര്‍.എസ്. ശര്‍മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനായിരുന്നു ആ വെല്ലുവിളി. ഇതിനു പിന്നാലെ മൊബൈല്‍ നമ്പറുകള്‍, ജിമെയില്‍-യാഹു വിലാസം, മേല്‍വിലാസം, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തുടങ്ങി വാട്സാപ്പ് പ്രൊഫൈല്‍ ചിത്രം വരെ കണ്ടെത്തി. പിന്നാലെ ശര്‍മ ഉപയോഗിക്കുന്നത് ഐഫോണ്‍ ആണെന്ന് കണ്ടെത്തിയവര്‍ യു.പി.ഐ ഐഡിയിലേക്ക് പൈസയുമയച്ചു. എന്നിട്ടും നിലപാട് മാറ്റാന്‍ ശര്‍മ തയ്യാറായില്ല. ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ കാഷ് ഓണ്‍ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തപ്പോഴാണ് ദുരുപയോഗത്തെക്കുറിച്ച് അദ്ദേഹം ബോധവാനായത്. തുടര്‍ന്നാണ് ആധാര്‍ നമ്പര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് യു.ഐ.ഡി.ഐ.എ ഉത്തരവിറക്കിയത്. 
 
കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ആധാര്‍ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് കൂടിയിട്ടുണ്ട്.  റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളും കൂടി. ഇതാകാം യു.ഐ.ഡി. എ.ഐ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ കാരണം. സുരക്ഷയുമായി ബന്ധപ്പെട്ടല്ലെങ്കിലും ആധാറുമായി ബന്ധപ്പെട്ട പല പാളിച്ചകളും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യ, കാര്‍ഷിക മേഖലയില്‍ പൊതു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ പഴുതടച്ച വിവരശേഖരണ ശൃംഖല തായ്യാറാക്കിയേ മതിയാകൂ. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് 2018 സെപ്റ്റംബറില്‍ സുപ്രീംകോടതി ചരിത്രവിധി പറഞ്ഞത്. ആധാര്‍ നിര്‍ബ്ബന്ധമല്ലെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ ആധാര്‍ നിര്‍ബ്ബന്ധമാണെന്നുമായിരുന്നു കോടതിവിധി. ഇതിനൊപ്പം ഡേറ്റാ സുരക്ഷയ്ക്കായി നിയമം നിര്‍മ്മിക്കണമെന്നും കോടതി വിധിച്ചു. ആധാറിനായി നല്‍കിയ വിവരം തെളിവായി ആറു മാസമേ സൂക്ഷിക്കാവൂ. നേരത്തെ അഞ്ച് വര്‍ഷമായിരുന്നു കാലാവധി. അതിനുശേഷം ആധാര്‍ നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നു. ആധാര്‍ നിര്‍ബ്ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഭേദഗതി വിധിയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിയമഭേദഗതിയിലൂടെ ഇല്ലാതാകുമെന്ന് അന്നുതന്നെ ആശങ്കയുണ്ടായിരുന്നു.

ഒന്നര ദശാബ്ദത്തിനു മുന്‍പ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധപ്പെടുത്തുന്ന ഈ 12 അക്കങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത് പൗരാവകാശപ്രമുഖരായിരുന്നെങ്കില്‍ ഇന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെയാണ്. സി.എ.ജിക്കും യു.ഐ.ഡി.എ.ഐയ്ക്കും പുറമേ വിവിധ സംസ്ഥാന പൊലീസ് വകുപ്പുകളും സുരക്ഷാവീഴ്ചയെക്കുറിച്ച് ആശങ്കപ്പെടുന്നു. അതേസമയം ആധാര്‍ അധിഷ്ഠിത തട്ടിപ്പുകളും കൂടുന്നു. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം മുതല്‍ വ്യക്തിത്വവും സമ്പത്തും തട്ടിയെടുക്കുന്ന രീതി വരെ ഇന്ന് വ്യാപകമാണ്. ആധാര്‍ ഇനേബിള്‍ഡ് പെയ്മെന്റ് സംവിധാനത്തിലൂടെ പണം തട്ടിയെടുക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇത്രയുമൊക്കെയായിട്ടും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്ക് ആധാറിനെ വ്യാപിപ്പിക്കുകയാണ്. ഏറ്റവുമധികം വിശ്വാസ്യതയുണ്ടെന്നു കരുതപ്പെടുന്ന ഈ തിരിച്ചറിയല്‍ രേഖയാണ് ഏറ്റവുമെളുപ്പം വ്യാജമായി ചമയ്ക്കാവുന്നതും. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

ഔദ്യോഗികമായി ഇത് സംബന്ധിച്ച കണക്കുകളില്ലെങ്കിലും ഗൂഗിളില്‍ ഫെയ്ക്ക് ആധാര്‍ എന്നോ ആധാര്‍ ഫ്രോഡ് ആധാര്‍ സ്‌കാം എന്നോ തെരഞ്ഞാല്‍ മതിയാകും. ഇങ്ങനെ നൂറുകണക്കിന് കേസുകളില്‍നിന്ന് 31 കേസുകള്‍ ലിസ്റ്റ് ചെയ്ത് ദ് വയര്‍ അവതരിപ്പിച്ചിരുന്നു. ആധാര്‍ അടിസ്ഥാന പെയ്മെന്റ് സംവിധാനം വഴി പൈസ നഷ്ടമായിട്ടുണ്ടെങ്കില്‍ ബയോമെട്രിക് ലിങ്ക് ഒഴിവാക്കാന്‍ കഴിഞ്ഞമാസം തെലങ്കാന പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആധാറുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ബയോമെട്രിക്സ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന രീതിയാണ് ഇത്. തട്ടിപ്പ് നടത്തുന്നവര്‍ക്ക് വ്യക്തിയുടെ ആധാര്‍ നമ്പറും ബാങ്ക് പേരും ഫിംഗര്‍പ്രിന്റും മാത്രം മതി. 

യു.പി, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകള്‍ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ലോണ്‍ ചെയ്ത ഫിംഗര്‍പ്രിന്റുകളും വ്യാജ ആധാര്‍ വിവരങ്ങളും കൈവശം വച്ചതിനു ചിലരെ അറസ്റ്റു ചെയ്തു. ആധാരമെഴുത്തുപോലെ തന്നെ ഫിംഗര്‍പ്രിന്റ് ക്ലോണ്‍ ചെയ്യുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. 2021 ഡിസംബറില്‍ ആധാര്‍ ഡേറ്റാബേസില്‍നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടറെ തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. വോട്ടു ചെയ്ത് മണിക്കൂറുകള്‍ക്കകം ചില വോട്ടര്‍മാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണവും നഷ്ടമായി. ഫിംഗര്‍പ്രിന്റ് മോഷ്ടിച്ച് തട്ടിപ്പുകാര്‍ പണം പിന്‍വലിക്കാന്‍ വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഒരേപോലെയുള്ള ഐഡികള്‍ കണ്ടെത്തിയെന്നും ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നവംബര്‍ വരെ ഈ രീതിയില്‍ നാലേമുക്കാല്‍ ലക്ഷം ആധാര്‍ നമ്പറുകളാണ് ഡ്യൂപ്ലിക്കേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒഴിവാക്കിയത്. ഇതിനു പുറമേ ഫിംഗര്‍പ്രിന്റും ഐറിസ് സ്‌കാനുമൊക്കെ റെക്കോഡ് ചെയ്യുന്നതില്‍ പിഴവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ ബയോമെട്രിക് ഡാറ്റയില്‍ വ്യത്യസ്തയാളുകള്‍ക്ക് നമ്പര്‍ നല്‍കിയ മൂന്നോളം സംഭവങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ ലേഖനം കൂടി വായിക്കാം

മോദിയുടെ കാര്യത്തിൽ ഇന്ത്യൻ ജനത അദ്ദേഹത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന മട്ടില്‍ രണ്ടായി പിരിയുന്നു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com