1925-ലാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപീകരിക്കപ്പെടുന്നത്. 2025 ആകുമ്പോഴേക്കും ആ സംഘടനയ്ക്ക് നൂറു തികയും. ആര്‍.എസ്.എസ് നൂറു വര്‍ഷം തികയ്ക്കുമ്പോള്‍ എന്തുമാറ്റമാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഉണ്ടാകുക എന്നത് ചിന്തനീയമാണ്. 2014-ലാണ് ആര്‍.എസ്.എസ് നിയോഗിച്ച ഒരു കറകളഞ്ഞ കേഡര്‍ ഇന്ത്യാ രാജ്യത്തിന്റെ ഭരണ നേതൃത്വം കയ്യാളാന്‍ തുടങ്ങുന്നത്. 2024 ആകുമ്പോഴേക്കും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ഘടനയില്‍ എന്തു മാറ്റമാണ് അതുണ്ടാക്കാന്‍ പോകുന്നത് എന്നതും ചിന്തനീയമാണ്. ആര്‍.എസ്.എസ്സിന്റെ അജന്‍ഡ വിജയകരമായി നൂറു തികയ്ക്കുന്നതില്‍ ഈ ആര്‍.എസ്.എസ് കേഡറിന്റെ, നരേന്ദ്ര മോദിയുടെ ഭരണകാലമായ ഈ പത്തു വര്‍ഷം നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ മോദി ഭരണം എട്ടു വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ ഭരണം സംബന്ധിച്ച കണക്കെടുപ്പും സുപ്രധാനമായി വരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയുടെ ഉയര്‍ച്ചയോടെ ബി.ജെ.പിയിലേയും വിശാല സംഘപരിവാറിനുള്ളിലേയും അധികാര ഘടനയിലുണ്ടായത് ശ്രദ്ധേയമായ മാറ്റമാണ്. തങ്ങളുടെ പ്രതിബദ്ധതയുള്ള കേഡര്‍മാരേയും ഇക്കാലമത്രയും രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി സ്വയം ഉയര്‍ന്നുവരാന്‍ കഴിയാത്തവരേയും ആര്‍.എസ്.എസ് സുപ്രധാന സ്ഥാനങ്ങളിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു മോദിയുടെ ഉയര്‍ച്ചയും. ഒപ്പം, അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് വ്യവസായ, വാണിജ്യ മണ്ഡലങ്ങളിലുണ്ടാക്കി എന്നവകാശപ്പെടുന്ന കുതിപ്പ് മാതൃകാപരമെന്ന് വാഴ്ത്തപ്പെട്ടു. അതേസമയം മോദിയുടെ വാഴ്ചക്കാലത്ത് ആ സംസ്ഥാനത്തുണ്ടായ വംശീയ കൂട്ടക്കൊലകളുടേയും വര്‍ഗ്ഗീയ ലഹളകളുടേയും ചരിത്രം ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുകയും ചെയ്തു.
മോദിക്ക് തൊട്ടുമുന്‍പ് ഒരു ദശകം രാജ്യഭരണം കയ്യാളിയ യു.പി.എ സംവിധാനത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലും ഇന്ത്യയിലെ വന്‍കിട മുതലാളിവര്‍ഗ്ഗം അതൃപ്തരായിരുന്നു. ആദ്യ യു.പി.എ ഗവണ്‍മെന്റിന്റെ പൊതു മിനിമം പരിപാടി ഏറെക്കുറേ വ്യത്യസ്ത വര്‍ഗ്ഗ താല്പര്യങ്ങളുടെ ഇടയ്ക്കുള്ള, മുന്‍കാല സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടേയും നവലിബറല്‍ നയങ്ങളുടേയും ഇടയ്ക്കുള്ള ഒരു ഒത്തുതീര്‍പ്പായിരുന്നു. യു.പി.എ വാഴ്ചക്കാലത്തുതന്നെ ക്രമേണ ആ പരിപാടി അസാധുവാകുകയും ശുദ്ധമായ മുതലാളിത്താനുകൂല ഭരണനടപടികളാല്‍ പകരംവെയ്ക്കപ്പെടുകയും ചെയ്തു. അതിനാല്‍ത്തന്നെ വന്‍കിട മുതലാളിത്തത്തിനു യു.പി.എ ഭരണത്തെക്കുറിച്ച് ആവലാതി ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്ഷേ, ഭരണമുന്നണിക്കു മറ്റു ചില ഘടകങ്ങള്‍ എതിരായി. ആഭ്യന്തര ശൈഥില്യവും ഭരണരംഗത്തെ കാര്യക്ഷമതയില്ലായ്മയും അഴിമതി ആരോപണങ്ങളും പൊതുസമൂഹത്തില്‍ മടുപ്പുണ്ടാക്കി. തെരഞ്ഞെടുപ്പുകളില്‍ ജനം യു.പി.എ ഘടകകക്ഷികളെ കയ്യൊഴിഞ്ഞു തുടങ്ങി. ഇതുണ്ടാക്കുന്ന അപകടം സ്വകാര്യവല്‍ക്കൃത സമ്പദ്‌വ്യവസ്ഥയുടെ ഗുണഭോക്താക്കളായ ഒരു വിഭാഗത്തിനു കൃത്യമായി മനസ്സിലായി തുടങ്ങി. അതേസമയം, '80-കളില്‍ ഭാഗികമായും '90-കളില്‍ സമ്പൂര്‍ണ്ണമായും നടപ്പായി വന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കയ്യൂക്കുപയോഗിച്ചാണെങ്കില്‍പോലും തീവ്രമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു ശക്തമായ ഒരു ഭരണ സംവിധാനം വേണമെന്നും ഇന്ത്യന്‍ മുതലാളിമാര്‍ക്കു ബോദ്ധ്യപ്പെട്ടു. കോര്‍പറേറ്റ് മാധ്യമങ്ങളില്‍ അങ്ങനെ മോദി വികസന നായകനായി വെള്ളിവെളിച്ചത്തില്‍ ചിത്രീകരിക്കപ്പെട്ടു. അവയില്‍ യു.പി.എ ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയും അഴിമതിയും വേണ്ടതിലേറെ പൊലിമയോടു കൂടി ചിത്രീകരിക്കപ്പെട്ടു. പോരാത്തതിനു ആര്‍.എസ്.എസ്സിന്റെ സാംസ്‌കാരിക അജന്‍ഡ സമൂഹത്തിന്റെ അടിത്തട്ടില്‍ വരെ സൂക്ഷ്മമായി ചെന്നെത്തി. പൊതു തെരഞ്ഞെടുപ്പില്‍ ജനാഭിപ്രായത്തെ യു.പി.എ ഗവണ്‍മെന്റിന് എതിരാക്കിയെടുക്കുന്നതില്‍ ഇതെല്ലാം ഫലം കണ്ടു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.
2014-ല്‍ നരേന്ദ്ര മോദി ഉണ്ടാക്കിയ വിജയം വികസന മുദ്രാവാക്യത്തിനുള്ള പിന്തുണയായിട്ടാണ് വ്യാഖ്യാനിക്കപ്പട്ടത്. പുതിയ ഗവണ്‍മെന്റിന്റെ ഭരണം സാമ്പത്തിക പരിഷ്‌കരണങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും സമ്പൂര്‍ണ്ണമായും കേന്ദ്രീകരിക്കുമെന്ന ധാരണ പരന്നിരുന്നു. വര്‍ഗ്ഗീയ കലാപങ്ങള്‍ ഒരു കഴിഞ്ഞകാല കഥയായി മാറുമെന്നും ജനം വിശ്വസിച്ചു. നാട് ഒരു പുതിയ ഭാവിക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു എന്ന ശക്തമായ പ്രതീക്ഷയുണ്ടായി.
'മോദിഫൈഡ്' ഇന്ത്യ
കഴിഞ്ഞ എട്ടു വര്‍ഷമായി നമ്മുടെ യൂണിയന്‍ ഗവണ്‍മെന്റിനെ നയിക്കുന്നത് നരേന്ദ്ര മോദി എന്ന കടുത്ത ആര്‍.എസ്.എസ്സുകാരനാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എല്ലായ്പോഴും രാജ്യത്തെ മുഴുവന്‍ വൈജാത്യങ്ങളേയും സ്വാംശീകരിച്ചു പോന്ന, അവയുടെ നിലനില്പ് അംഗീകരിച്ചുപോന്ന വ്യക്തിത്വങ്ങളായിട്ടാണ് ചരിത്രം വിലയിരുത്തിപ്പോരുന്നത്. എല്ലായ്പോഴും ജാതിമതഭേദമെന്യേ ഇന്ത്യയുടെ ഒരൊറ്റ നേതാവ് എന്ന സമ്മതി നേടിയായിരുന്നു അവര്‍ രാജ്യം ഭരിച്ചുപോന്നത്. അടിയന്തരാവസ്ഥയുടെ സന്ദര്‍ഭത്തിലൊഴികെ പ്രതിപക്ഷത്തുനിന്നോ പൗരസംഘടനകളുടെ പക്ഷത്തുനിന്നോ ഏകീകരിച്ച ഒരു നീക്കം അവര്‍ക്കെതിരെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്നാല്‍, നരേന്ദ്ര മോദിയുടെ കാര്യം വരുമ്പോള്‍ ഇന്ത്യന്‍ ജനത അദ്ദേഹത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന മട്ടില്‍ രണ്ടായി പിരിയുന്നതായി കാണാം. ഒരുപക്ഷേ, എതിര്‍ക്കുന്നവര്‍ക്ക് ഐക്യത്തോടെ അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ നിലപാടെടുക്കാന്‍ കഴിയുന്നില്ല എന്നാല്‍ പോലും.
''ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടര്‍ന്ന കഴിഞ്ഞ എട്ടു വര്‍ഷ കാലയളവില്‍ ഒരിക്കല്‍പോലും ഞാന്‍ എന്നെ പ്രധാനമന്ത്രിയായി കണ്ടിട്ടില്ല. രേഖകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് എനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വം ഉണ്ടാകൂ. ഫയലുകള്‍ പോയി കഴിയുമ്പോള്‍ ഞാന്‍ പ്രധാനമന്ത്രിയല്ല. 130 കോടി ജനങ്ങളുടെ സേവകന്‍ മാത്രമാണ് ഞാന്‍. അവരാണ് എന്റെ ജീവിതം. എന്റെ ജീവിതം അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.'' സിംലയില്‍ രാഷ്ട്രീയ പര്യടനത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രിയില്‍നിന്നുണ്ടായ വാക്കുകളാണിവ. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തല്പരനല്ലാത്ത പൊതുവായ സംവാദങ്ങളില്‍നിന്ന് എല്ലായ്പോഴും ഒഴിഞ്ഞുമാറുന്ന ഒരു ഭരണാധികാരിയുടെ അവകാശവാദം മാത്രമായിട്ട് ഈ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടാലും അദ്ഭുതമില്ല.
രാജ്യത്ത ഒരു പറ്റം ജനാധിപത്യവാദികളും വര്‍ഗ്ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരും ദളിത് രാഷ്ട്രീയക്കാരും ന്യൂനപക്ഷങ്ങളുമാണ് മുഖ്യമായും നരേന്ദ്ര മോദി ഭരണത്തിന്റെ വിമര്‍ശകര്‍. ഭാവിയില്‍ ഇന്ത്യയെ തകര്‍ത്തേക്കാവുന്ന തരത്തിലുള്ള ഭിന്നിപ്പുണ്ടാക്കുന്ന വാചാടോപത്തെ ശക്തിപ്പെടുത്താന്‍ മാത്രമാണ് അദ്ദേഹം തന്റെ കസേര ഉപയോഗിച്ചതെന്നാണ് അവരുടെ വിമര്‍ശനം.
നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരുടെ മനസ്സിലാകട്ടെ, അദ്ദേഹമുള്ളത് വികസ്വര ഇന്ത്യയ്ക്ക് ഇപ്പോള്‍ അത്യന്താപേക്ഷിതമായ ഒരുതരം വിഗ്രഹഭഞ്ജന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നയാളായിട്ടാണ്. അജ്ഞേയവാദിയെന്നോ നാസ്തികനെന്നോ വിളിക്കാവുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പ്രതിനിധാനം ചെയ്ത പുരോഗമന രാഷ്ട്രീയമാണ് ഇന്ത്യയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും വിഘാതമായി തീര്‍ന്നതെന്നു വിശ്വസിക്കുന്നതാണ് ഈ വിഗ്രഹഭഞ്ജന രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിനേ ഇനി ശക്തമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാനാകൂ എന്നു വിശ്വസിക്കുന്ന ഈ വിഭാഗത്തിന്റെ വ്യാഖ്യാനപ്രകാരം ഭാരതീയ ജനതാ പാര്‍ട്ടിയെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലേക്ക് നയിച്ച നരേന്ദ്ര മോദി രാജ്യത്തിനകത്തും പുറത്തും ഒരു 'പുത്തന്‍ ഇന്ത്യയുടെ' പ്രതീകമാണ്.
എട്ടു വര്‍ഷം പിന്നിടുമ്പോള്‍ മോദി ഗവണ്‍മെന്റിന്റെ ബാക്കിപത്രമെന്താണ്? തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെക്കുറേ നിറവേറ്റിക്കഴിഞ്ഞു എന്നാണ് ഗവണ്‍മെന്റിനെ നയിക്കുന്നവര്‍ അവകാശപ്പെടുന്നത്. ബാക്കിയുള്ളവ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നിറവേറ്റുമെന്നും.
എന്നാല്‍, പൂര്‍ത്തീകരിച്ച വാഗ്ദാനങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കുക. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കല്‍, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കല്‍, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയൊക്കെയാണ് അവ. എന്താണ് ഈ മുദ്രാവാക്യങ്ങളുടെ പ്രത്യേകത? സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിയുറപ്പിക്കാന്‍ ശ്രമിച്ച ഹിന്ദുത്വ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണ് ഈ മുദ്രാവാക്യങ്ങള്‍. ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് മുഖാന്തിരം രണ്ടു കാര്യങ്ങള്‍ ഗവണ്‍മെന്റ് ഉറപ്പുവരുത്തി. ഹിന്ദുത്വ വോട്ടുകള്‍ പരിപൂര്‍ണ്ണമായും തങ്ങളുടെ പക്ഷത്തു നിലനില്‍ക്കുമെന്ന ഉറപ്പാണ് ഒന്നാമത്തേത്. പ്രധാനമായും ഹിന്ദി ഹൃദയഭൂമിയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഈ വോട്ടുകള്‍ ഏതവസരത്തിലും കോണ്‍ഗ്രസ്സിനോ ആം ആദ്മി പാര്‍ട്ടിക്കോ ഒക്കെ ഉപയോഗപ്പെടുത്താന്‍ കഴിയാവുന്നതാണ് എന്ന് ബി.ജെ.പി നേതൃത്വത്തിനറിയാം. മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാനും ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ശക്തിപ്പെടുത്താനുമായി എന്ന ഉറപ്പാണ് രണ്ടാമത്തേത്.
മോദിയുടെ മറ്റു വാഗ്ദാനങ്ങള്‍-ഇന്ത്യയെ ഒരു സാമ്പത്തിക ശക്തികേന്ദ്രവും അഴിമതി രഹിതവുമാക്കുമെന്ന അദ്ദേഹത്തിന്റെ അവകാശവാദവുമായി ബന്ധപ്പെട്ടത്-ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ ശക്തിയും സ്വന്തം ഭരണത്തിന്റെ എട്ടാം വര്‍ഷം ആഘോഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ബി.ജെ.പി ഈ വസ്തുതകള്‍ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുകയാണ് എന്നു വിമര്‍ശകര്‍ ആരോപിക്കുന്നു.
തകരുന്ന സമ്പദ്വ്യവസ്ഥ, മൂല്യം ഇടിയുന്ന രൂപ, കുതിച്ചുയരുന്ന വിലക്കയറ്റം, അപകടത്തിലേക്ക് നീങ്ങുന്ന ഭക്ഷ്യസുരക്ഷ, വര്‍ദ്ധിച്ചുവരുന്ന അസമത്വവും പട്ടിണിയും ദാരിദ്ര്യവും, മനുഷ്യാവകാശ ലംഘനങ്ങളും ആള്‍ക്കൂട്ടക്കൊലകളും യു.എന്‍ മനുഷ്യാവകാശ ഏജന്‍സികളില്‍നിന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍ എന്നിങ്ങനെ മോദി ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ നിരവധിയാണ്. എട്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കടുത്ത അനിശ്ചിതത്വത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നു പ്രതിപക്ഷം ആരോപിക്കുന്നു. അവരുടെ ഭാഷയില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് നടപ്പാക്കുന്നത് വര്‍ഗ്ഗീയ, ജനവിരുദ്ധ, സ്വകാര്യവല്‍ക്കരണ അജന്‍ഡ മാത്രമാണ്.
ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിട്ടത്. മോദി അധികാരത്തില്‍ വരുമ്പോള്‍ ഡോളറിനെതിരെ 58.44 രൂപയായിരുന്ന രൂപയുടെ മൂല്യം. എട്ടു വര്‍ഷത്തിനുശേഷം 77.69 രൂപയായി ഇടിഞ്ഞു. എട്ടു വര്‍ഷത്തിനിടെ 19 രൂപയുടെ ഇടിവ്. ഇത്രയും വലിയ ഇടിവ് മുന്‍പുണ്ടായിട്ടില്ല. ദിനേനയെന്നോണം വിലക്കയറ്റം രൂക്ഷമാകുകയും വിദേശ നാണയശേഖരം കുറയുകയും ചെയ്യുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നും കരകയറാനാകെ പാടുപെടുകയാണ് സമ്പദ്വ്യവസ്ഥയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യമാസകലം പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍നിന്നു ലക്ഷക്കണക്കിനു തൊഴിലാളി കുടുംബങ്ങളും ഭക്ഷണംപോലും ഇല്ലാതെ കിലോമീറ്ററുകള്‍ അകലേയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി സഞ്ചരിക്കേണ്ടിവന്ന ദുരനുഭവവും നമ്മുടെ മുന്‍പിലുണ്ട്. നിരവധി പേര്‍ കുടിവെള്ളംപോലും കിട്ടാതെ വഴിയില്‍ മരിച്ചുവീണ ദയനീയ കാഴ്ചയില്‍ വിറങ്ങലിച്ചു. കേരളംപോലെ വിരലിലെണ്ണാവുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമാണ് തൊഴില്‍ തേടി ദൂരദേശങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്.
രാജ്യം വിഭജനകാലത്തെ അഭയാര്‍ത്ഥി പ്രവാഹത്തെ അനുസ്മരിപ്പിക്കുന്ന, സ്വാതന്ത്ര്യാനന്തരമുണ്ടായ ഏറ്റവും വലിയ കൂട്ടപ്പലായനമായിരുന്നു കൊവിഡ് ആദ്യമായി പടര്‍ന്നുപിടിച്ച 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായത്. അക്കാലത്തുതന്നെ ഓക്‌സിജന്‍ ലഭിക്കാതെ നിരവധിപേര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ പിടഞ്ഞുമരിച്ചതും സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ മൃതദേഹങ്ങള്‍ നദികളിലേക്ക് വലിച്ചെറിഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞു. ഇന്ത്യക്കാരെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെടുത്തിയ സംഭവമായിരുന്നു അത്. 2014-നു ശേഷം രാജ്യത്ത് ദാരിദ്ര്യം കുത്തനെ വര്‍ദ്ധിച്ചു. ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍ണ്ണയം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വര്‍ദ്ധന. 1973 മുതല്‍ 2012 വരെ ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞുവരികയായിരുന്നു. ആ ദാരിദ്ര്യത്തിന്റെ തോതാണ് വര്‍ദ്ധിച്ചത്. ഗ്രാമങ്ങളില്‍ ദരിദ്രര്‍ 2012-ല്‍ 21.7 കോടിയായിരുന്നത് 2019-'20ല്‍ 27 കോടിയായും നഗരങ്ങളിലേത് 5.3 കോടിയില്‍നിന്ന് 7.1 കോടിയായും കുത്തനെ ഉയര്‍ന്നു.
സാമ്പത്തിക മേഖലയില്‍ മാത്രമല്ല, എല്ലാ തലങ്ങളിലും ദൂരവ്യാപകങ്ങളായ ഫലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഭരണമാണ് കഴിഞ്ഞ എട്ടു വര്‍ഷം ഇന്ത്യയിലുണ്ടായത്. രാജ്യത്തിനു നന്മ ചെയ്യുന്നവയെന്നോ ദോഷം ചെയ്യുന്നവയെന്നോ ഉള്ള വിലയിരുത്തലുകളാകട്ടെ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ വീക്ഷണകോണുകളില്‍ നിന്നുണ്ടാകുന്നവയാണ്. ഏതു നിലയ്ക്കായാലും നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വഭാവത്തില്‍ കാതലമായ മാറ്റം സൃഷ്ടിക്കാന്‍ പോരുന്ന നടപടികളാണ് മോദി ഗവണ്‍മെന്റില്‍നിന്നും ഉണ്ടായതെന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വ്യക്തം.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates