അപൂര്‍വ്വമായൊരു അനുഭൂതിയാണ് ഹിമാലയത്തിന്റെ ഈ വിഭ്രാമക പരിസരങ്ങള്‍ സന്ദര്‍ശകനു നല്‍കുന്നത്

അപൂര്‍വ്വമായൊരു അനുഭൂതിയാണ് ഹിമാലയത്തിന്റെ ഈ വിഭ്രാമക പരിസരങ്ങള്‍ സന്ദര്‍ശകനു നല്‍കുന്നത്

ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ വിശ്വാസികളാണ് സിക്കിമില്‍ ഭൂരിഭാഗമെങ്കിലും ഇവരുടെ ഉല്പത്തി ചരിത്രം നേപ്പാള്‍, ഭൂട്ടാന്‍, ബംഗാള്‍ എന്നിവിടങ്ങളിലെ വിവിധ ഗൂര്‍ഖ ഗോത്രങ്ങളോടു ബന്ധപ്പെട്ടതാണ്

മതലങ്ങളില്ലാതെ, കുന്നുകള്‍കൊണ്ട് കുത്തിനിറച്ചൊരു ഭൂമികയാണ് 'പുതിയ വീട്' എന്നര്‍ത്ഥം വരുന്ന സിക്കിം. മലമടക്കുകള്‍ ചെത്തിയെടുത്ത റിബണ്‍ റോഡുകളിലൂടെ നിരവധി ഹെയര്‍പിന്‍ വളവു കയറിവേണം ഏഴായിരവും എട്ടായിരവും അടി ഉയരത്തിലുള്ള കൊച്ചു കൊച്ചു പട്ടണങ്ങളിലെത്തിപ്പെടാന്‍. തലസ്ഥാനമായ ഗാംഗ്‌ടോക്കിലെത്തിപ്പെട്ടാലോ അവിടെ കാസിനോകള്‍വരെയുണ്ടുതാനും. പൈന്‍മരങ്ങള്‍, മുളങ്കൂട്ടങ്ങള്‍, പലയിനം റൊഡോഡെന്‍ ഡ്രോണ്‍ പൂക്കള്‍ ഇവയൊക്കെ നിറഞ്ഞ മലഞ്ചെരിവുകളിലെ ഹരിത പഥങ്ങളാണ് സിക്കിം ജനതയുടെ ആവാസകേന്ദ്രങ്ങള്‍. പശ്ചിമ ബംഗാളിലെ സിലിഗുരി ഇടനാഴിയുമായി കേവലം 40 കിലോമീറ്റര്‍ അതിര്‍ത്തിയേയുള്ളൂ ഈ ഇന്ത്യന്‍ സംസ്ഥാനത്തിന്. എന്നാല്‍, അധീശത്വത്തിന്റെ വ്യാളിമുഖം കാട്ടി ഇടയ്ക്കിടെ ഇന്ത്യയില്‍ അശാന്തി സൃഷ്ടിക്കുന്ന ചൈനയാകട്ടെ, 220 കിലോമീറ്റര്‍ ചുറ്റളവില്‍ സിക്കിമിനെ വലയം ചെയ്തിരിക്കുന്നു.

നാഗരികത അത്രയൊന്നും മുഖരിതമാവാത്ത കാലത്ത് തിബറ്റിലേയും ചൈനയിലേയും സാര്‍ത്ഥവാഹക സംഘങ്ങള്‍ സഞ്ചരിച്ചിരുന്ന പട്ടുപാത(സില്‍ക്ക് റൂട്ട്)യുടെ കവാടമായ നാഥുലപാസ്സ് (ചുരം) സിക്കിമിലാണ്. പ്രാചീനതയുടെ തനിമ നിറഞ്ഞ പട്ടുനൂലും സില്‍ക്കും ഇതുവഴിയാണ് പുരാതന ഭാരതത്തിലെ നഗര ചത്വരങ്ങളിലെത്തിയിരുന്നത്. ഇന്നിവിടെ ചൈനയുടേയും ഇന്ത്യയുടേയും പട്ടാളക്കാര്‍ സ്ഥിരമായി തമ്പടിച്ച് അതിര്‍ത്തി കാക്കുന്നു. ശിവഭക്തര്‍ അടുത്തകാലം വരെ കൈലാസത്തിലും മാനസസരോവറിലും ഭജനാസായൂജ്യം തേടി പോയിരുന്നത് സമുദ്രനിരപ്പില്‍നിന്നും 14200 അടി ഉയരമുള്ള ഈ ചുരം വഴിയാണ്. ഇന്ന് നാഥുല പവിത്രശാന്തി നഷ്ടപ്പെട്ടൊരു വ്യവഹാരഭൂമിയായി മാറി. 1967 തൊട്ട് ഇന്തോചൈനീസ് ഭടന്മാരുടെ സംഘര്‍ഷം നാഥുലയിലും പരിസരത്തും അരങ്ങേറാറുണ്ട്. 2020 ജൂണില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട 'ഡോക്ക് ലാമി'ലേക്കുള്ള ദൂരം ഇവിടെനിന്ന് കേവലം 35 കിലോമീറ്റര്‍ മാത്രം. ആകയാല്‍ ഹിമശിരസ്സിലെ മാറിമറയുന്ന മേഘരൂപങ്ങള്‍ക്കു നടുവില്‍, മുഖത്തോടു മുഖം നോക്കി രാപാര്‍ക്കാനാണ് രണ്ടു ശത്രുരാജ്യങ്ങളിലെ സൈനികരുടെ വിധി.

ചുറ്റുമുള്ള ഗിരിശിഖരങ്ങള്‍ അരിമാവുകൊണ്ട് അണിതിട്ടപോലെ തോന്നുന്ന ദൃശ്യങ്ങള്‍ ഏറെയുണ്ട് പോകുന്ന വഴിയില്‍. അപൂര്‍വ്വമായൊരു അനുഭൂതിയാണ് ഹിമാലയത്തിന്റെ ഈ വിഭ്രാമക പരിസരങ്ങള്‍ സന്ദര്‍ശകനു നല്‍കുന്നത്. ചൈനയുടേയും ഇന്ത്യയുടേയും സൈനിക മന്ദിരങ്ങള്‍ രണ്ടു കെട്ടിടങ്ങളിലായി ഇവിടെ നിലകൊള്ളുന്നു. അവയ്ക്കിടയില്‍ രണ്ടു രാഷ്ട്രങ്ങളുടെ അതിരുകള്‍ വേര്‍തിരിക്കുന്ന കമ്പിവേലി. പ്രാദേശിക സൈനിക തലവന്മാര്‍ കശപിശ തീര്‍ക്കാന്‍ ഇടയ്ക്കിടെ നേരില്‍ കാണുന്നു.

അടര്‍ന്നുമാറുന്ന നീരദപാളികള്‍ക്കിടയിലൂടെ വെയിലിന്റെ സൂചിമുനകള്‍ തുളഞ്ഞിറങ്ങുന്ന ഹിമാലയന്‍ ദൃശ്യഭംഗിയാണ് മഞ്ഞുവീഴ്ചയില്ലെങ്കില്‍ നാഥുലപാസ്സില്‍ സന്ദര്‍ശകരെ വരവേല്‍ക്കുക. ചൈനയില്‍നിന്നും ഇന്ത്യയിലേക്കുള്ള ഈ കവാടത്തിന്റെ വാതില്‍ ദേശഭക്തിയുടെ നെരിപ്പോടു കൂടിയാണെന്നതിന്റെ സാക്ഷ്യങ്ങളാണ് സന്ദര്‍ശകര്‍ കോറിയിട്ട ചുവരെഴുത്തുകള്‍. 'മറാത്ത' റജിമെന്റ് നാഥുലയില്‍ പണിതീര്‍ത്ത ശിവാജിയുടെ പ്രതിമയ്ക്കു മുന്നില്‍നിന്ന് മറാത്തി സന്ദര്‍ശകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുന്ന കാഴ്ച ഒരിടത്ത്. പെയ്തിറങ്ങുന്ന ഹിമകണങ്ങളെ അവഗണിച്ച് മറ്റു ചിലര്‍ 'വന്ദേമാതരം' മുഴുവനും പാടി സായൂജ്യമടയുന്നു. രാകിമിനുക്കുന്ന ദേശഭക്തി ഹിസ്റ്റീരിയയുടെ തലത്തിലേക്കുയരുന്ന കാഴ്ച. നിരവധി ചെറുസംഘങ്ങളുടെ കൂട്ടത്തില്‍ കേരളത്തില്‍നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘവുമുണ്ട്. ഡോ. ബാഹുലേയന്‍, ഡോ. വേണുഗോപാല്‍, ഡോ. ഷാനവാസ് തുടങ്ങി മുന്‍ മില്‍മ എം.ഡി ഡോ. മുരളി വരെ നാടുകാണികളായി നാഥുലയിലുണ്ട്.

രാജ്യസ്‌നേഹത്തിന്റെ മറ്റൊരു ഉരകല്ലാണ് സമീപത്തുള്ള 'ബാബ മന്ദിര്‍.' ഒരു ഹിന്ദി സീരിയലിനു സ്‌കോപ്പുള്ള ആ സംഭവകഥ ഇപ്രകാരമാണ്: 1967ല്‍ പട്രോളിംഗിനിടെ ഹിമപാതത്തില്‍ വീണുമരിച്ച 'ഹര്‍ബജന്‍ സിംഗ്' എന്ന കപൂര്‍ത്തലക്കാരന്‍ ഭടന്റെ അര്‍ദ്ധകായ പ്രതിമയാണിവിടത്തെ പ്രതിഷ്ഠ. അപ്രത്യക്ഷനായ ഹര്‍ബജന്‍ മൂന്നാംനാള്‍ സുഹൃത്തിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ ശരീരം കിടക്കുന്ന സ്ഥലം കാട്ടിക്കൊടുത്തു. പിറ്റേന്ന് ആ സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. തുടര്‍ന്നുള്ള നാളുകളില്‍ ഹര്‍ബജന്‍ സകല സഹപ്രവര്‍ത്തകര്‍ക്കും സ്വപ്നത്തില്‍ ദര്‍ശനം നല്‍കാന്‍ തുടങ്ങി. തന്റെ ആത്മാവ് ഇനി ഇന്ത്യയുടെ അതിര്‍ത്തി കാക്കുമെന്നും തനിക്കൊരു ക്ഷേത്രം നാഥുലയില്‍ തീര്‍ക്കണമെന്നും അരുളിച്ചെയ്ത് മടങ്ങിപ്പോകുന്നത് പതിവാക്കി. അങ്ങനെ ഉയര്‍ന്നതാണ് നാഥുലയിലെ 'ബാബ മന്ദിര്‍.' കാലക്രമേണ അതിര്‍ത്തിയിലുള്ള ചൈനീസ് ഭടന്മാര്‍ക്കും ഹര്‍ബജന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്നും അവരും അദ്ദേഹത്തിന്റെ ആരാധകരായി മാറിയെന്നുമാണ് കഥാന്ത്യം.

നാഥുല ചുരത്തില്‍നിന്ന് 1400 അടി താഴെ അതായത് സമുദ്രനിരപ്പില്‍നിന്ന് 12500 അടി ഉയരത്തില്‍ ഹിമവാന്റെ നെഞ്ചകത്താണ് പരിപാവനമായ 'സോംഗോ' ശുദ്ധജലാശയം. ധവളശൃംഗങ്ങള്‍ ഉരുകി അരുവികളായി ഒലിച്ചിറങ്ങി ഈ തീര്‍ത്ഥക്കുളം നിറക്കുന്ന കാഴ്ച ഹിമാലയത്തിന്റെ അനേകം ചിന്മയീ ഭാവങ്ങളിലൊന്നാണ്. ഒരു കിലോമീറ്റര്‍ നീളവും ഏകദേശം അതിന്റെ പകുതിയോളം വീതിയും 60 അടി ആഴവുമുള്ള ഈ തടാകം ശൈത്യകാലത്ത് ഘനീഭവിക്കും. ഋതുഭേദങ്ങള്‍ക്കൊപ്പം നിറംമാറുന്ന ഇതിന്റെ ജലരാശിയെ നോക്കി പ്രാചീന കാലത്തെ ലാമമാര്‍ ഭാവി പ്രവചനങ്ങള്‍ നടത്താറുണ്ടത്രെ. താന്ത്രിക്ക് ബുദ്ധിസം സിക്കിമില്‍ പ്രചരിപ്പിച്ച 'പദ്മ സംഭവ' (ഗുരു റിംപോച്ചി) ഈ തടാകക്കരയില്‍ ദീര്‍ഘകാലം ധ്യാനനിരതനായി വസിച്ചിരുന്നതുകൊണ്ട് ബുദ്ധമത വിശ്വാസികള്‍ക്ക് ഇവിടം പരിപാവനമാണ്.

എട്ട് ലക്ഷത്തോളമാണ് സിക്കിമിലെ ജനസംഖ്യ. 32 എം.എല്‍.എമാര്‍ രണ്ട് എം.പിമാര്‍ ഇതാണ് 1975 വരെ നാട്ടുരാജ്യമായിരുന്ന സിക്കിമിന്റെ ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള പ്രാതിനിധ്യം. തെക്കും വടക്കുമുള്ള ഭാരതീയ ജൈവധാരയോട് ഇഴുകിച്ചേരാന്‍ വിഷമമുള്ള ഒന്നാണ് സിക്കിമിലെ വിവിധ വംശാവലികളുടെ വേരുകള്‍. എന്നാല്‍, ഒരു കാര്യത്തില്‍ ഇന്നത്തെ ഇന്ത്യന്‍ മുഖ്യധാരയോട് ഇവര്‍ തോളുരുമ്മി നില്‍ക്കുന്നു. കൂട്ടു മന്ത്രിസഭ ഭരിക്കുന്ന സിക്കിമില്‍ 32 എം.എല്‍.എമാരില്‍ 13 പേരും മന്ത്രിമാരാണെന്ന് ബിരുദധാരിയായ ഞങ്ങളുടെ ഡ്രൈവര്‍ ചൗഹാന്‍ പറഞ്ഞു.

ഗൂര്‍ഖഗോത്ര പൂര്‍വ്വികര്‍

ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ വിശ്വാസികളാണ് സിക്കിമില്‍ ഭൂരിഭാഗമെങ്കിലും ഇവരുടെ ഉല്പത്തി ചരിത്രം നേപ്പാള്‍, ഭൂട്ടാന്‍, ബംഗാള്‍ എന്നിവിടങ്ങളിലെ വിവിധ ഗൂര്‍ഖ ഗോത്രങ്ങളോടു ബന്ധപ്പെട്ടതാണ്. ആഹ്ലാദസൂചികയില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന അയല്‍രാജ്യമായ ഭൂട്ടാന്റെ പ്രാക്തന വിശുദ്ധി സിക്കിം ജനതയുടെ ജൈവതാളങ്ങളിലും പ്രത്യക്ഷമാണ്. മതമേതായാലും 90 ശതമാനവും പ്രേമിച്ചു വിവാഹിതരാവുന്ന രീതിയാണ് രചിത ഭൂതകാലം തൊട്ട് സിക്കിമില്‍ നിലനില്‍ക്കുന്നത്. ഓരോ കുടുംബത്തിലേയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നിര്‍ബ്ബന്ധമായും കിട്ടിയിരിക്കും.
ഹിമവാന്റെ വിഹായസ്സിനു താഴെ സിക്കിമില്‍ സന്ദര്‍ശകര്‍ തടിച്ചുകൂടുന്ന മറ്റൊരിടമാണ് 'സീറോ പോയിന്റ്.' ഈ പേരു വരാന്‍ കാരണം ഇന്ത്യന്‍ റോഡ് നെറ്റ്‌വര്‍ക്കിന്റെ അവസാനത്തെ ഔട്ട് പോസ്റ്റുകളിലൊന്നിവിടെയാണ്. സമുദ്രനിരപ്പില്‍നിന്ന് 15500 അടി ഉയരത്തിലുള്ള ഈ മലനിരകള്‍ക്കപ്പുറത്തേക്ക് ഭാരതീയതയ്ക്കും പ്രവേശനമില്ല. അവിടം തിബറ്റന്‍ (ചൈനീസ്) സംസ്‌കൃതിയുടെ താഴ്വരകളാണ്. നിര്‍വ്വാണസ്വപ്നം കണ്ടുണരുന്ന ലാമമാരുടെ നാട്. ഹിമശൈലങ്ങള്‍ നിറഞ്ഞ കോട്ടയ്ക്കകത്തകപ്പെട്ടപോലെ തോന്നും സീറോ പോയിന്റിലെത്തിയാല്‍. 24 മണിക്കൂറും 365 ദിവസവും അപ്പൂപ്പന്‍ താടികളെപ്പോലെ ഹിമകണങ്ങള്‍ പറന്നിറങ്ങുന്നു. മുന്നില്‍ ഒരേ ആകൃതിയിലും വലിപ്പത്തിലും പഴമയുടെ പൂപ്പല്‍ പിടിച്ച ഗിരിനിരകള്‍. വൈവിദ്ധ്യ സമൃദ്ധിയല്ല ഈ പര്‍വ്വതങ്ങളുടെ ആകര്‍ഷണം, മറിച്ച് രൂപസാദൃശ്യം കാണുമ്പോള്‍ പ്രകൃതി എന്ന വാസ്തുശില്‍പ്പിയുടെ ജാലവിദ്യയെയാണ് നാം ഓര്‍ത്തുപോവുക. ഹിമകണങ്ങള്‍ പഞ്ചസാരത്തരികളായി മുട്ടോളം ആഴത്തില്‍ മൂടിക്കിടക്കുന്നുണ്ടാവും എപ്പോഴുമിവിടെ. അതില്‍ കിടന്നുരുണ്ടും വാരിയെറിഞ്ഞും ആര്‍ത്തുല്ലസിക്കുന്ന സഞ്ചാരികള്‍. സിക്കിം, സന്ദര്‍ശകര്‍ക്കായി ഒരുക്കിയ സ്വിസ് ആല്‍പ്‌സിന്റെ അനുഭൂതി അടുത്തറിയാന്‍ ആയിരങ്ങള്‍ മഞ്ഞുകൊണ്ട് മെഴുകിയ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി സീറോ പോയിന്റിലെത്തുന്നു. ഇവിടെ റോഡരികില്‍ തമ്പടിച്ച തട്ടുകടകളില്‍ പെണ്‍കുട്ടികള്‍ പെഗ്ഗ് കണക്കിന് ബ്രാന്റിയും വിസ്‌കിയും വില്‍ക്കുന്നുണ്ട്, കൊറിക്കാന്‍ ചുടുകടലയും.

'ലച്ചൂങ്ങ്' എന്ന താഴ്വാര പട്ടണത്തില്‍നിന്നാണ് സീറോ പോയിന്റിലേക്കുള്ള മലകയറ്റം തുടങ്ങുക. മടക്കയാത്രയില്‍ ഒരിക്കലും വിട്ടുകളയാന്‍ പറ്റാത്ത സ്ഥലമാണ് 'പൂക്കളുടെ താഴ്‌വര' എന്നറിയപ്പെടുന്ന 'യുംങ്ങ്താങ്ങ്' വാലി. മലമടക്കുകളിലെ വിശാലമായ ഈ ഗിരിതടംപോലെ മറ്റൊന്ന് സിക്കിമില്‍ കാണാന്‍ കഴിയില്ല. 20 ഇനം റൊഡോഡെന്‍ ഡ്രോണ്‍ പൂക്കള്‍, വിവിധ തരം ഓര്‍ക്കിഡുകള്‍ ഇവയുടെയൊക്കെ സിന്ദൂരശോഭ വിതറിയ പരവതാനി വിരിച്ച് യുങ്ങ് താങ്ങ് താഴ്‌വര സഞ്ചാരിയെ വരവേല്‍ക്കുന്നു. ഹിമവാന്റെ അകത്തളങ്ങളില്‍നിന്നെത്തുന്ന സള്‍ഫര്‍ കലര്‍ന്ന ചൂടുവെള്ളത്തിന്റെ ഉറവയുമുണ്ട് ഈ സമതലത്തിന്റെ മറ്റൊരാകര്‍ഷണമായി.

ആഘോഷസ്ഥലങ്ങളില്‍ നീളമുള്ള ചരടുകള്‍ ഏച്ചുകൂട്ടി തോരണങ്ങള്‍ തൂക്കുന്ന കാഴ്ച നമുക്കിടയില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍, ഘോഷങ്ങളൊന്നുമില്ലാതെ തന്നെ സിക്കിമില്‍ മുക്കിലും മൂലയിലും ഇത്തരം തോരണങ്ങള്‍ മര്‍മ്മരം പൊഴിച്ച് എപ്പോഴും ആടിയുലയുന്നുണ്ട്. ഇവ ബുദ്ധമതസ്ഥര്‍ ഇന്നും ആചരിക്കുന്ന ഒരു പൗരാണിക പ്രാര്‍ത്ഥനാക്രമമാണ്. വെള്ള, ചുവപ്പ്, പച്ച, മഞ്ഞ, നീല എന്നീ വര്‍ണ്ണങ്ങളിലുള്ള പതാകകള്‍ക്കുള്ളില്‍ ഓടുന്ന കുതിരപ്പുറത്ത് മൂന്നു തിളങ്ങുന്ന രത്‌നങ്ങളുമുണ്ടാകും. ചിത്രത്തിനെ മേല്‍മുദ്രണം ചെയ്ത് ഒരു പ്രാര്‍ത്ഥനാമന്ത്രവും. കൊടിതോരണങ്ങള്‍ മര്‍മ്മരത്തോടെ കാറ്റിലാടുമ്പോള്‍ പോസിറ്റീവ് എനര്‍ജി കാന്തിക പ്രസരണങ്ങളായി വീട്ടിലും നാട്ടിലും നിറയുമെന്നിവര്‍ വിശ്വസിക്കുന്നു. പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ് കൊടികളിലെ വര്‍ണ്ണങ്ങള്‍ എന്ന് 'സംദൃപ്‌തേ' ബുദ്ധവിഹാരത്തില്‍ വെച്ചു കണ്ടുമുട്ടിയ ബുദ്ധമതാനുയായി എന്നോടു പറഞ്ഞു. വെള്ളനിറം വായുവിനേയും ചുവപ്പ് അഗ്‌നിയേയും പച്ച വെള്ളത്തിനേയും മഞ്ഞ ഭൂമിയേയും നീല ആകാശത്തേയും പ്രതീകവല്‍ക്കരിക്കുന്നു. 'ലുങ്ങ്' എന്ന കുതിരപ്പുറത്തെ മൂന്നു രത്‌നങ്ങള്‍ ബുദ്ധനും ധര്‍മ്മവും സംഘവുമാണ്. നിരാര്‍ഭാടരും നിഷ്‌കളങ്കരുമായ സിക്കിമിലെ ബുദ്ധമതസ്ഥര്‍ പരിത്യാഗത്തിന്റെ നിശ്വാസങ്ങളോടെ അര്‍ച്ചനാമന്ത്രങ്ങള്‍ കൊടിക്കൂറകളാക്കി പറത്തി ഫലപ്രാപ്തിക്കായി കാത്തിരിക്കുന്നു. പ്രാര്‍ത്ഥനകള്‍ അതീന്ദ്രിയ ശബ്ദങ്ങളായി ഹിമപരപ്പിലൂടെ ഒഴുകിയൊഴുകി ആകുലതകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിശ്വാസം. പദ്മസംഭവ, അവലോകിതേശ്വര, മന്‍ജുശ്രീ എന്നീ മൂന്നു ബോധിസത്വന്മാരെയാണ് ഈ പ്രാര്‍ത്ഥനകള്‍ അഭിസംബോധന ചെയ്യുന്നത്. പദ്മസംഭവ(ഗുരു റിംപോച്ചി)യാണ് എട്ടാം നൂറ്റാണ്ടില്‍ തിബറ്റിലെത്തി ബുദ്ധമതം പ്രചരിപ്പിക്കാന്‍ തുടങ്ങിയതും ആദ്യത്തെ ബുദ്ധവിഹാരം (മൊണാസ്ട്രി) അവിടെ സ്ഥാപിച്ചതും. ബുദ്ധമതത്തിലെ വജ്രായന മാര്‍ഗ്ഗത്തിന്റെ ഉപജ്ഞാതാവായ പദ്മസംഭവ മഹാജ്ഞാനിയും മാന്ത്രികനും നിരവധി ദുശ്ശക്തികളെ നിര്‍മ്മാര്‍ജ്ജനം ചെയ്തവനുമായിരുന്നത്രേ. സാക്ഷാല്‍ ശാക്യമുനിയുടെ (ബുദ്ധന്‍) പുനര്‍ജന്മമായി സിക്കിമിലെ ബുദ്ധമതക്കാര്‍ ഇദ്ദേഹത്തെ ആരാധിക്കുന്നു. അപരിചിതന് കാഴ്ചയില്‍ ഒരുവേള കൈലാസനാഥനായ ശിവനെന്നു തോന്നിപ്പോകുന്ന ഇദ്ദേഹത്തിന്റെ ഭീമാകാരങ്ങളായ പ്രതിമകള്‍ സിക്കിമില്‍ ധാരാളമുണ്ട്. മഹായാന മാര്‍ഗ്ഗത്തിന്റെ പ്രചാരകനായിരുന്ന അവലോകിതേശ്വരനെ കാരുണ്യത്തിന്റെ അരുണദീപ്തിയായാണ് ബുദ്ധിസ്റ്റുകള്‍ ആരാധിക്കുന്നത്. മന്‍ജുശ്രീയാകട്ടെ, വിജ്ഞാനത്തിന്റെ ധര്‍മ്മതേജസ്സും.

മലയോരങ്ങളിലെ സാന്ദ്ര വിപിനങ്ങള്‍ക്കുള്ളില്‍ നിരവധി ബുദ്ധവിഹാരങ്ങള്‍ (മൊണാസ്ട്രികള്‍) സിക്കിമിലുണ്ട്. ഗാംഗ്‌ടോക്കിലെ ഏറെ പ്രശസ്തമായ 'റും തെക്ക്' മൊണാസ്ട്രി 'ധര്‍മ്മചക്ര' എന്ന പേരില്‍ പ്രശസ്തമാണ്. ഗാംഗ്‌ടോക്ക് നഗരം നിലകൊള്ളുന്ന കുന്ന് ഈ ബുദ്ധവിഹാരത്തിന്റെ നേരെയപ്പുറത്താണ്. ലൗകികത നുരയുന്ന നഗരത്തെ വീക്ഷിച്ച് ബുദ്ധഭിക്ഷുക്കള്‍ ഇവിടെ ആത്മീയതയുടെ ഉത്തുംഗങ്ങളിലേക്ക് പടവുകള്‍ കയറുന്നു. 'പെല്ലിംഗ്' നഗരപ്രാന്തത്തിലെ മൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ട 'പേമയാഗ് സെ' വിഹാരമാണ് ഞാനെത്തിപ്പെട്ട മറ്റൊരു സന്ന്യാസിമഠം. കാലുഷ്യത്തിന്റെ ലാഞ്ചനയേശാത്ത വിനീത മനസ്സുകള്‍ ഇവിടെ ധ്യാനം പഠിക്കുന്നു. മലമുകളിലെ ഏതു ബുദ്ധവിഹാരത്തിന്റെ അകത്തളങ്ങളില്‍ ചെന്നാലും ഒരു പ്രാചീന ശാന്തി തളം കെട്ടി നില്‍ക്കുന്നതായി അനുഭവപ്പെടും. 

മദ്യമൊഴിച്ച് മറ്റെന്തിനും മുടിഞ്ഞ വിലയാണ് സിക്കിമിലെന്നത് മദ്യപാനികളായ സഞ്ചാരികളെ സന്തോഷിപ്പിക്കും. സ്വകാര്യ മേഖലയില്‍ നിരവധി ബ്ര്യൂവറികളുള്ള നാടാണ് സിക്കിം. വില കേരളത്തെ അപേക്ഷിച്ച് മൂന്നിലൊന്നേയുള്ളൂവെങ്കിലും കുടിച്ചാരും റോഡില്‍ വാളുവെക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. ഇന്ത്യയിലുടനീളം സിക്കിമില്‍ നിര്‍മ്മിച്ച മദ്യം കയറ്റി അയക്കപ്പെടുന്നു. മദ്യരാജാക്കന്മാരുടെ കൂട്ടത്തില്‍ 'ഹിന്ദി' സിനിമയിലെ വില്ലനായിരുന്ന 'ഡാനി ഡന്‍സംഗോപ്പ'യുമുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്പാദനത്തിലും പ്രഥമസ്ഥാനത്താണ് സിക്കിം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്പാദിപ്പിക്കുന്നതു് ഈ കുന്നിന്‍ചരിവുകളിലാണ്.

1975ലാണ് ഇന്ദിരാഗാന്ധി അതുവരെ സംരക്ഷിത മേഖലയായിരുന്ന സിക്കിം എന്ന നാട്ടു രാജ്യം കയ്യേറി ഇന്ത്യയുടെ വേലിക്കകത്താക്കിയത്. ദുഃഖപര്യവസായിയായിട്ടാണ് രാജഭരണത്തിനു തിരശ്ശീല വീണത്. ഫലിതരൂപേണ ആ കഥ എന്നോടു പറഞ്ഞത് പെല്ലിംഗ് എന്ന ചെറുപട്ടണത്തില്‍ ഞാന്‍ താമസിച്ച ഹോട്ടലിലെ റിസപ്ഷനിസ്റ്റ് 'യോഗിത'യാണ്. അവസാനത്തെ രാജാവായിരുന്ന പാല്‍ഡന്‍ തൊണ്ടൂപ് നംഗ്യാലിന്റെ ഒന്നാം പാണിഗ്രഹണം 'സംയോ സംഗിദേകി' എന്ന യുവതിയുമായിട്ടായിരുന്നു. പക്ഷേ, ഏഴാമത്തെ വര്‍ഷം പാല്‍ഡന്‍ രാജാവ് രാജ്ഞിയെ മൊഴിചൊല്ലി. അതിനു കാരണമായി പറയുന്നത് 'യാത്രയ്ക്കിടയില്‍ ഒരു അമേരിക്കന്‍ തരുണി വ്രീളാവിവശയായി അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും അവര്‍ പരസ്പരം കടക്കണ്ണുകൊണ്ട് കത്തെഴുതാന്‍ തുടങ്ങിയെന്നുമാണ്. തന്നെക്കാള്‍ 17 വയസ്സ് പ്രായം കുറഞ്ഞ 'ഹോപ്പ്കുക്ക്' എന്ന മദാമ്മക്കുട്ടിയെ വരണമാല്യം ചാര്‍ത്തി കൊട്ടാരത്തില്‍ കുടിവെപ്പു നടത്തിയതാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. 17 വര്‍ഷം പട്ടമഹിഷിയായി ഹോപ്പ് കുക്ക് വാണരുളി. പിന്നെ മദാമ്മ മലമുകളില്‍' നിന്നോടിപ്പോയി പാല്‍ഡനെ ഡൈവോഴ്‌സ് ചെയ്തു. പാല്‍ഡനാകട്ടെ, ഇതിനകം അത്യാവശ്യം മരുന്നടി തുടങ്ങിയിരുന്നു. ദാമ്പത്യരഥം ഏതോ ബംപറില്‍ തട്ടി ആടിയുലഞ്ഞപ്പോള്‍ മരുന്ന് ഓവര്‍ഡോസു കഴിച്ച് ആത്മഹത്യാ ശ്രമവും നടത്തി നോക്കി. ജനങ്ങളും രാജഭരണത്തില്‍ അതൃപ്തരായിരുന്നു. 1975ല്‍ ഇന്ദിരാഗാന്ധി 40000 പട്ടാളക്കാരുടെ റൂട്ടുമാര്‍ച്ച് നടത്തി, പാല്‍ഡന്‍ തമ്പുരാനെ വിരട്ടി സിക്കിമിനെ ഇന്ത്യയുടെ 22ാമത്തെ സംസ്ഥാനമാക്കി. 1980ല്‍ കാന്‍സര്‍ ബാധിച്ച് തമ്പുരാന്‍ ന്യൂയോര്‍ക്കില്‍വെച്ച് തീപ്പെട്ടു.

മനോഹരമായ മലഞ്ചെരിവിലാണ് 'പെല്ലിംഗ്' എന്ന ചെറുപട്ടണം. മന്ത്രമായ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങുന്ന മൊണാസ്ട്രികള്‍ ധാരാളമുണ്ടിവിടെ. സൂര്യകിരണങ്ങള്‍ തേച്ചുമിനുക്കിയ 'കാഞ്ചന്‍ ജുംഗ'യുടെ വജ്രകാന്തി പെല്ലിംഗിലെ പ്രഭാതവിസ്മയമാണ്. സിക്കിമില്‍ കറങ്ങിവന്ന ഒരാളോട് എത്ര വെള്ളച്ചാട്ടങ്ങള്‍ കണ്ടു എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഓര്‍ക്കുക വിഷമമാണ്. ഗാംഗ്‌ടോക്കില്‍നിന്ന് ലച്ചൂങ്ങിലേക്കായാലും പെല്ലിംഗിലേക്കായാലും പോകുന്ന വഴി റോഡരുകില്‍ നിരവധി വെള്ളച്ചാട്ടങ്ങള്‍ പെരുമ്പറ കൊട്ടുന്നുണ്ട്. ഏഴ് കൊച്ചരുവികള്‍ മലമുകളില്‍ സംഗമിച്ച് ആദ്യം പാറപ്പുറത്ത് പതിച്ച് പിന്നെ ഭൂമിയിലേക്കെടുത്തു ചാടുന്ന 'സെവന്‍ സിസ്റ്റേഴ്‌സ് വാട്ടര്‍ ഫാള്‍' എന്റെ ഓര്‍മ്മയില്‍ തെളിയുന്നു. ലച്ചൂങ്ങ് നഗരത്തിനടുത്തെ 'ഭീംനാല' പെല്ലിംഗ് പട്ടണത്തിനടുത്തുള്ള കാഞ്ചന്‍ ജുംഗ ഇവയൊക്കെ ധാരാളം കാണികളെ ആകര്‍ഷിക്കുന്നു. ഹിമശൈലങ്ങളുരുകി വെള്ളം മൂന്നു ഘട്ടങ്ങളായി ഭൂമിയില്‍ പതിക്കുന്ന 'നാഗ ഫാള്‍സും' നോക്കിനില്‍ക്കാന്‍ തോന്നും.

പശ്ചിമ ബംഗാളിലെ 'ബാഗ്‌ഡോഗ്ര' എയര്‍പോര്‍ട്ടു വഴിയായിരുന്നു സിക്കിമിലേക്കുള്ള ഞങ്ങളുടെ യാത്ര. പെല്ലിംഗ് പട്ടണത്തില്‍നിന്നു മലയിറങ്ങുമ്പോള്‍ ഗിരിശിഖരങ്ങള്‍ നഷ്ടമായി മനസ്സില്‍ നിറഞ്ഞു. കരാളയുഗത്തിന്റെ ആസുരത കാണാന്‍ കഴിയാത്ത ജനിതക വിശുദ്ധിയുള്ള ഒരു സമൂഹത്തെക്കുറിച്ചോര്‍ത്തുപോയി. അത്തരം ആദിമ സാരള്യങ്ങളാണ് സിക്കിമിന്റെ അനാച്ഛാദിത സൗന്ദര്യമായി എനിക്കനുഭവപ്പെട്ടത്. മലയിറങ്ങി സിലിഗുരി ഇടനാഴിയിലെത്തിയാല്‍ ദൂരക്കാഴ്ചയായി അവ അകന്നകന്നു പോകുന്നു. പ്രാചീന മൗനം തളംകെട്ടി നില്‍ക്കുന്ന ഹിമസാനുക്കളിലെ പ്രാലേയ ശൈലങ്ങളെ വിട.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com