'തമ്പ്'- സമകാലിക ജീവിതത്തിന്റെ സത്യവാങ്മൂലം

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വീണ്ടെടുക്കപ്പെട്ട അരവിന്ദന്റെ 'തമ്പ് ' വീണ്ടും കാണുമ്പോള്‍
thamb
thamb

ഡിജിറ്റല്‍ ഭാവത്തിലേക്ക് വീണ്ടെടുക്കപ്പെട്ട അരവിന്ദന്റെ 'തമ്പ്' എന്ന സിനിമ ഇക്കൊല്ലത്തെ കാന്‍ ഫെസ്റ്റിവലില്‍ ലോക ക്ലാസ്സിക് സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ചിത്രത്തില്‍ അഭിനയിച്ച ജലജയ്ക്ക് റെഡ് കാര്‍പ്പറ്റ് വരവേല്‍പ്പ് ലഭിച്ചു. കാന്‍ ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റില്‍ നടക്കാനവസരം കിട്ടിയ ആദ്യ മലയാളി നടിയാണ് ജലജ.

അരവിന്ദന്റെ മൂന്നാമത്തെ ചിത്രമാണ് 'തമ്പ്' (1978). ആദ്യ സിനിമ കറുപ്പും വെളുപ്പുമായിരുന്നെങ്കില്‍ രണ്ടാമത്തേത് വര്‍ണ്ണ ചിത്രമായിരുന്നു. കറുപ്പിലേക്കും വെളുപ്പിലേക്കും തിരിച്ചു ചെന്ന് അരവിന്ദനെടുത്ത സിനിമയാണ് 'തമ്പ്.' പിന്നീടൊരിക്കലും അദ്ദേഹം ഇങ്ങനെ മടങ്ങിപ്പോയില്ല. അത് അദ്ദേഹത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കി. ആദ്യ ചിത്രങ്ങളായിരുന്ന ഉത്തരായണം, കാഞ്ചനസീത എന്നിവയില്‍നിന്ന് 'തമ്പ്' ഭിന്നത പുലര്‍ത്തി (അരവിന്ദന്റെ ഓരോ സിനിമയും പരസ്പര ഭിന്നമാണ്). ആദ്യ സിനിമകള്‍ രണ്ടും സമാന്തര സിനിമയുടെ ആഖ്യാന മാതൃകകള്‍ അതേപടി പിന്തുടരുന്നവയായിരുന്നു. ഒന്നില്‍ സമകാലിക രാഷ്ട്രീയവും മറ്റേതില്‍ ഇതിഹാസ രാഷ്ട്രീയവും പ്രമേയമായി. മൂന്നാമത്തെ സിനിമയായ 'തമ്പ്' പൂര്‍ണ്ണമായും വര്‍ത്തമാന സ്ഥലകാലങ്ങളില്‍ നിബന്ധിതമാണ്.

ഡോക്യുമെന്ററി സിനിമയോടടുത്തു നില്‍ക്കുന്നതും ലളിതവുമായ ആഖ്യാനം. അത് ഒരു ഡോക്യുമെന്ററിയായി നിര്‍മ്മിക്കാന്‍ തന്നെയായിരുന്നു ആദ്യ തീരുമാനം. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുണ്ടായിരുന്നില്ല. 'ഒരു സര്‍ക്കസ് കമ്പനിയില്‍നിന്നു വിട്ടുപോന്ന 1015 സര്‍ക്കസ് കലാകാരന്മാര്‍ക്കൊപ്പം' (മൗന പ്രാര്‍ത്ഥനപോലെ/എസ്. ജയചന്ദ്രന്‍നായര്‍) അരവിന്ദനും സഹപ്രവര്‍ത്തകരും ഭാരതപ്പുഴയുടെ കരയിലുള്ള തിരുന്നാവായയില്‍ വന്നിറങ്ങുകയും അവിടെ ഒരു തമ്പ് കെട്ടിയുണ്ടാക്കുകയും സര്‍ക്കസ് അവതരിപ്പിക്കുകയും ഏതാനു ദിവസം കഴിഞ്ഞു മടങ്ങുകയും ചെയ്തപ്പോള്‍ അതൊരു സിനിമാ ഷൂട്ടിങ്ങാണെന്നുപോലും പലരും അറിഞ്ഞില്ല. അരവിന്ദന്റെ സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ (130 മിനുട്ട്) 'തമ്പി'ല്‍ ഒരു സര്‍ക്കസ് കമ്പനിയുടെ വരവിനും തിരിച്ചുപോക്കിനും ഇടയിലാണ് സ്ഥലകാലങ്ങള്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നത്.

തമ്പിലാണ് അരവിന്ദന്‍ ഗാനങ്ങള്‍ ആദ്യമായി സമൃദ്ധമായി ഉപയോഗിക്കുന്നത്. പുള്ളുവന്‍പാട്ട്, അയ്യപ്പന്‍ പാട്ട്, റോക്ക് സംഗീതം, സോപാന സംഗീതം തുടങ്ങി വൈവിദ്ധ്യ പൂര്‍ണ്ണമായ സംഗീതമാണ് തമ്പില്‍ ഉപയോഗിക്കപ്പെട്ടത്. കാവാലം എഴുതിയ മൂന്നു പാട്ടുകള്‍ (ഒരു യമുനാനദി, കാനനപ്പെണ്ണ്, ചെമ്പരത്തി, ശ്രീപാല്‍ക്കടലില്‍) ഓരോന്നും വ്യത്യസ്ത സംഗീത രീതികളാണ് പിന്തുടരുന്നത്. അതിനു പുറമേ പശ്ചാത്തലത്തിലുയരുന്ന സിനിമാ പാട്ടുകളുമുണ്ട്. 

സിനിമയുടെ നിര്‍മ്മാണത്തിലും ആഖ്യാനത്തിലുമുള്ള ലാളിത്യവും അവ്യവസ്ഥയും ഉള്ളടക്കത്തിലെ വൈവിദ്ധ്യവുമെല്ലാം കാരണമാവാം, തിയേറ്ററുകള്‍ വഴിയും ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങള്‍ വഴിയും ഏറ്റവുമധികമാളുകള്‍ കണ്ട ആദ്യ അരവിന്ദന്‍ സിനിമകളിലൊന്നാണത്. ഉത്തരായണത്തിലേയോ കാഞ്ചനസീതയിലേയോ പോലെ വലിയ ദാര്‍ശനിക ചിന്താ സമസ്യകളൊന്നും തമ്പില്‍ പ്രത്യക്ഷത്തില്‍ അവതരിപ്പിക്കപ്പെടുന്നില്ല. ഉത്തരായണത്തിലും തമ്പിലും അവയെ പൊതിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയവും ചിന്താപരവുമായ അടരുകള്‍ കടന്നുവേണം സിനിമയിലേക്ക് പ്രവേശിക്കാനെങ്കില്‍ 'തമ്പി'ലേക്ക് നേരിട്ടു പ്രവേശിക്കാം. അതിസാധാരണമായ ജീവിതസന്ദര്‍ഭങ്ങളെ ശിഥിലമായി അവതരിപ്പിക്കാനാണ് അരവിന്ദന്‍ ശ്രമിച്ചത്. അവയൊന്നും യാതൊരു പരിണാമങ്ങളിലേക്കും പരിഹാരങ്ങളിലേക്കും എത്തിച്ചേരുന്നില്ല. കാഴ്ച തന്നെയാണ് സിനിമയെന്നും പ്രേക്ഷകര്‍ക്കു കരുതാം. ആദിമദ്ധ്യാന്തങ്ങളിലേക്ക് ചുരുക്കാത്തതും അക്കാരണത്താല്‍ തന്നെ 'ആഖ്യാന ഹിംസ' (narrative violence) തീരെയില്ലാത്തതുമായ സിനിമയാണ് 'തമ്പ്' എന്ന വിലയിരുത്തല്‍ (സി.എസ്. വെങ്കിടേശ്വരന്‍) അതിന്റെ സമകാലിക ജീവിതത്തിന്റെ സത്യവാങ്മൂലമാണ്.

ജി അരവിന്ദൻ
ജി അരവിന്ദൻ

ആധുനികതയുടെ ആഖ്യാനങ്ങളോടു ചേര്‍ന്നാണ് മലയാളത്തില്‍ സമാന്തര സിനിമാ പ്രസ്ഥാനവും ആരംഭിക്കുന്നത്. അരവിന്ദന്റെ ആദ്യ രണ്ടു സിനിമകളിലും അതിന്റെ ഛായ പടര്‍ന്നുകിടപ്പുമുണ്ട്. എന്നാല്‍, ആധുനികതയുടെ പദ്ധതികള്‍ക്ക് എതിരെന്നോ അനുകൂലമെന്നോ പ്രഖാപിക്കാതെ സര്‍ക്കസ് എന്നൊരു കലാരൂപത്തെ മുന്‍നിര്‍ത്തി പല കഥകള്‍ പാതിയില്‍ പറഞ്ഞുനിര്‍ത്തിയ തമ്പിലെ രചനാതന്ത്രം അന്വേഷിച്ചുപോകാന്‍ ആധുനികതയിലും സമാന്തര സിനിമയുടെ പൊതുശീലങ്ങളിലും തറഞ്ഞുകിടന്ന അക്കാലത്തെ അഭിരുചിക്കു കഴിഞ്ഞില്ല. അസംതൃപ്തിയിലും നിരാശാബോധത്തിലും ചെന്നവസാനിക്കുന്ന യുവത്വത്തിന്റെ പ്രതിനിധിയായി ഉണ്ണി (നെടുമുടി വേണു) എന്ന കഥാപാത്രത്തെ പ്രതിഷ്ഠിക്കാനുള്ള പരിശ്രമങ്ങളുണ്ടായത് അതുകൊണ്ടാണ്. വീടുവിട്ടു പോകുന്ന ഉണ്ണികള്‍ ആധുനികതയിലെ സാര്‍വ്വത്രിക ബിംബമായിരുന്നു.

പിന്നീട് മറ്റു പല സിനിമകളേയുംപോലെ ആ സിനിമയുടേയും പ്രിന്റ് നഷ്ടമാവുകയും ഏറെക്കാലം വിസ്മൃതമാവുകയും ചെയ്തു. അടുത്തകാലത്താണ് അതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ലഭ്യമായത്. ഇപ്പോളത് സെല്ലുലോയ്ഡ് സവിശേഷതകളോടെ ഡിജിറ്റല്‍ ഭാവത്തില്‍ വീണ്ടെടുത്ത് 4K നിലവാരത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സാങ്കേതികതയ്ക്ക് അഭിവാദനം.

തമ്പിൽ നിന്ന്
തമ്പിൽ നിന്ന്

2

എന്തിനേയും ആര്‍ക്കൈവ് ചെയ്യാനുള്ള താല്പര്യം ഡിജിറ്റല്‍ കാലത്തിനുണ്ട്. ലോക വിജ്ഞാനത്തിന്റെ ഭൂരിഭാഗവും ഇതിനകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ ജീവിതത്തെ ദിനംപ്രതി പലതരത്തില്‍ രേഖപ്പെടുത്തി വെയ്ക്കുന്നുമുണ്ട്. ഡിജിറ്റല്‍ ലോകത്തിന്റെ വ്യാപനം നടക്കുമ്പോഴും സിനിമയില്‍ 2012 വരെയെങ്കിലും അനലോഗ് (സെല്ലുലോയ്ഡ്) ലോകത്ത് ജീവിച്ചവരാണ് നാമെല്ലാവരും. നൂറിലേറെക്കൊല്ലം നിലനിന്ന സെല്ലുലോയ്ഡ് സാങ്കേതികത വെറും പത്ത് വര്‍ഷങ്ങള്‍കൊണ്ട് വിസ്മൃതമായി.

സാങ്കേതികതയാണ് സെല്ലുലോയ്ഡ് സിനിമയുടെ തിരോധാനത്തിനു കാരണമായതെങ്കിലും അവയുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും വഴിയൊരുക്കിയതും സാങ്കേതികത തന്നെയാണ്. സെല്ലുലോയ്ഡ് പ്രിന്റുകള്‍ക്ക് കാലപ്പഴക്കത്താല്‍ സംഭവിച്ച നാശവും അവ സൂക്ഷിക്കാനുള്ള ക്ലേശവും കാരണം ആരും അതിന്റെ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കളായില്ല. ലബോറട്ടറികളില്‍ സൂക്ഷിച്ചിരുന്ന നെഗറ്റീവുകള്‍ പല കാരണങ്ങളാല്‍ നഷ്ടപ്പെട്ടു. അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ചരിത്രപ്രസക്തിയോ പില്‍ക്കാല വിപണന സാദ്ധ്യതകളോ ചിന്താവിഷയമായില്ല. നിര്‍മ്മാതാക്കളെ സംബന്ധിച്ച് മുടക്കുമുതലും ലാഭവും കൈവരുന്നതോടെ പ്രിന്റുകളുടെ തുടര്‍ സംരക്ഷണം ഒട്ടും ലാഭകരവുമല്ല. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട 13338 നിശബ്ദ സിനിമകളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 29 എണ്ണം മാത്രം. 1950നു മുന്‍പ് നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ 80 ശതമാനത്തോളവും നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.1 ടെലിവിഷന്റേയും വീഡിയോ കാസറ്റുകളുടേയും വരവ് പഴയ സിനിമകളുടെ പുതിയ കച്ചവടസാദ്ധ്യതയിലേക്കു വഴി തുറക്കുമ്പോഴേയ്ക്കും നല്ലൊരു പങ്ക് സിനിമകള്‍ എന്നേയ്ക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവയിലേറേയും പുതിയ മാദ്ധ്യമത്തിലേക്ക് പകര്‍ത്തിയെടുക്കുകയും വീഡിയോ കാസറ്റുകളായും പിന്നീട് സിഡി/ഡിവിഡികളായും വിപണിയിലെത്തുകയും ചെയ്തു. സാങ്കേതികതയും കലയും കച്ചവടവും ഒത്തുചേര്‍ന്ന ഒരു പദ്ധതിയായിരുന്നു അത്. എന്നാല്‍, പ്രേക്ഷകര്‍ കുറവായ സമാന്തര സിനിമകളൊന്നും ഈ വിധത്തില്‍ സംരക്ഷിക്കപ്പെട്ടില്ല. നാഷണല്‍ ഫിലിം ആര്‍ക്കൈവ് അവയില്‍ ചിലതെല്ലാം സിഡി/ഡിവിഡി രൂപത്തില്‍ പുറത്തിറക്കിയിരുന്നു. സാങ്കേതികത ഡിജിറ്റല്‍ ലോകത്തിലേക്ക് ഓടിക്കയറിയപ്പോള്‍ അവയെല്ലാം കാലഹരണം വന്നു പുറന്തള്ളപ്പെടുകയും കാസറ്റ് കടകള്‍ ഒന്നൊന്നായി പൂട്ടിപ്പോവുകയും ചെയ്തു. പിന്നീട് അവയില്‍ ചിലതെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായി. സെല്ലുലോയ്ഡ് സിനിമകളുടെ സംരക്ഷണത്തിനായി കഠിനമായി പ്രവര്‍ത്തിച്ച ആര്‍ക്കൈവ് ഡയറക്ടറായിരുന്നു 'സെല്ലുലോയ്ഡ് മാന്‍' എന്നറിയപ്പെട്ട പി.കെ. നായര്‍.2

മലയാളത്തില്‍ സെല്ലുലോയ്ഡ് കാലം ബാക്കിവെയ്ക്കാതിരുന്നവയിലേറേയും സമാന്തര/പരീക്ഷണ സിനിമകളാണ്. സംസ്ഥാന/ദേശീയ അംഗീകാരം നേടിയ സിനിമകളില്‍ ചിലതെല്ലാം നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂറിന്റെ ആഭിമുഖ്യത്തിലുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് അരവിന്ദന്റെ കുമ്മാട്ടി, തമ്പ് എന്നീ സിനിമകളുടെ വീണ്ടെടുപ്പിനു നേതൃത്വം നല്‍കിയത്.3 അതിനായി ചിത്രത്തിന്റെ നിര്‍മ്മാതാവായ ജനറല്‍ പിക്‌ചേഴ്‌സ് രവിയെ (കെ. രവീന്ദ്രനാഥന്‍ നായര്‍) അദ്ദേഹം കൊല്ലത്തു വന്നു കണ്ടു. കുമ്മാട്ടിയുടെ വീണ്ടെടുക്കപ്പെട്ട പതിപ്പ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

തമ്പിന്റെ കാര്യത്തില്‍ അതിന്റെ ഒറിജിനല്‍ പ്രിന്റുകളൊന്നും അവശേഷിച്ചിരുന്നില്ല. ജപ്പാനില്‍ ഒരു പ്രിന്റ് ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗയോഗ്യമായിരുന്നില്ല. അവസാനം നാഷണല്‍ ഫിലിം ആര്‍ക്കൈവില്‍ ലഭ്യമായിരുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് നെഗറ്റീവും പ്രിന്റും ഉപയോഗിച്ചാണ് പുതിയ ഡിജിറ്റല്‍ പകര്‍പ്പ് ഉണ്ടാക്കിയെടുത്തത്. എണ്ണമറ്റ മണിക്കൂറുകളുടെ കായികയത്‌നം അതിനു വേണ്ടിവന്നു. തമ്പിന്റെ സിനിമാട്ടോഗ്രാഫര്‍ ഷാജി എന്‍. കരുണ്‍, അരവിന്ദന്റെ മകന്‍ രാമു അരവിന്ദന്‍ എന്നിവരും ഈ പ്രയത്‌നവുമായി സഹകരിച്ചു. ഇറ്റലിയിലെ ബൊളോനയിലുള്ള സിനെറ്റ (cinetecadibologna) ലാബ്, ചെന്നൈയിലെ പ്രസാദ് ലാബ് എന്നിവയും പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. മാര്‍ട്ടിന്‍ സ്‌കോര്‍സസിന്റെ ഫിലിം ഫൗണ്ടേഷന്റേയും സഹകരണമുണ്ടായിരുന്നു. 'തമ്പി'ന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ലഭ്യമാണെങ്കിലും വീണ്ടെടുപ്പ് (Restoration) വ്യത്യസ്തമാണ്. അത് സെല്ലുലോയ്ഡ് പകര്‍പ്പ് വലിയ മാറ്റങ്ങളില്ലാതെ സംരക്ഷിച്ചെടുക്കുന്ന പ്രക്രിയയാണ്. സെല്ലുലോയ്ഡ് അനുഭവം നിലനിര്‍ത്താന്‍ ഫിലിം ഗ്രെയിന്‍സ് അതേപോലെ സംരക്ഷിക്കും. തമ്പിന്റെ കാര്യത്തില്‍ സംഭാഷണങ്ങളുടേയും പാട്ടുകളുടേയും സബ്‌ടൈറ്റിലുകള്‍ പുതിയതായി തര്‍ജ്ജുമ ചെയ്‌തെടുത്തവയാണ്.

തമ്പിലെ രം​ഗം
തമ്പിലെ രം​ഗം

3

പുതിയ സാങ്കേതികവിദ്യയില്‍ വീണ്ടെടുക്കപ്പെട്ട തമ്പ് പുതിയ കാണികള്‍ക്കു മുന്നിലേക്കാണ് കടന്നുവരുന്നത്. ചലച്ചിത്രോത്സവ വേദികളിലല്ലാതെ അതു തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടാനുള്ള സാദ്ധ്യത അവശേഷിക്കുന്നില്ല. കംപ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകളിലൂടെയാണ് ഇനി അതിന്റെ കാഴ്ചാനുഭവങ്ങളുണ്ടാകാന്‍ പോകുന്നത്.

ആഗോള പ്രേക്ഷകരെ അഭിമുഖീകരിക്കുന്നതുപോലെയാവില്ല തമ്പ് (ഏതു സിനിമയും) മലയാളി പ്രേക്ഷകരെ അഭിമുഖീകരിക്കുന്നത്. സമാന്തര സിനിമയുടേയും ആധുനികതാ വാദത്തിന്റേയും രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂപംകൊള്ളുകയും ആസ്വദിക്കപ്പെടുകയും ചെയ്ത ആ സിനിമ ഇപ്പോഴത്തെ കാഴ്ചകളെ പലവിധത്തില്‍ ചിതറിച്ചുകളയും. അത്തരം വികേന്ദ്രീകൃതവും ചിതറിയതുമായ ഘടന തമ്പിനുള്ളില്‍ ആദ്യമേയുണ്ട്. പലതരം മനുഷ്യര്‍, സസ്യപ്രകൃതി, മൃഗങ്ങള്‍, യാത്രകള്‍, ഫോക്‌ലോറുകള്‍ എന്നിവയെല്ലാം ഇടകലരുന്നതാണ് തമ്പ്. അവയിലൊന്നുപോലും സവിശേഷമല്ല, സാമാന്യമാണ്. എന്നാല്‍, സര്‍ക്കസ് ആ ഗ്രാമത്തെ സംബന്ധിച്ച് സവിശേഷമാണ്. ഈ സാമാന്യങ്ങളില്‍നിന്നു സവിശേഷമായ ഒരു കഥയോ കഥകളോ തമ്പില്‍ രൂപം കൊള്ളുന്നതുമില്ല. നിരന്തര പ്രവാഹമായി നിളാനദിയും ജനങ്ങളുടെ നിത്യജീവിതവുമുണ്ടെങ്കിലും അവയൊന്നും അപൂര്‍ണ്ണമായ കഥകളെ സംയോജിപ്പിച്ചെടുക്കുന്നില്ല.

സിനിമയ്ക്കുള്ളിലെ കാണികളിലൂടെ ദൃശ്യാനുഭവം പകര്‍ന്നുനല്‍കുന്ന രീതി സര്‍ക്കസ്സിനെ മുന്‍ നിര്‍ത്തി അരവിന്ദന്‍ തമ്പില്‍ ഉപയോഗിക്കുന്നുണ്ട്.4 സര്‍ക്കസ് ദൃശ്യങ്ങളും കാണികളുടെ ദൃശ്യങ്ങളും ചേര്‍ത്തുവെച്ചിരിക്കുന്നു. സിനിമ കാണുന്ന കാണി നേരിട്ടുള്ള സര്‍ക്കസ് ദൃശ്യങ്ങളിലേറെ അതു കാണുന്നവരുടെ ഭാവമാറ്റങ്ങളുമായി ഐക്യപ്പെടുന്നു. സിനിമയില്‍ കാണുന്ന സര്‍ക്കസ്സാണ് സിനിമയ്ക്കു പുറത്തുള്ള കാണി കാണുന്നത്. സിനിമയിലെ കാണി 'യഥാര്‍ത്ഥ' സര്‍ക്കസ്സും. ആസ്വാദനത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും പല തലങ്ങളെയാണ് ഈ കാഴ്ചകള്‍ അവതരിപ്പിക്കുന്നത്. ആസ്വാദനത്തിന്റെ ആനന്ദാനുഭൂതികള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കപ്പെടുന്നു. അക്കാലത്ത് നിലനിന്നിരുന്ന ധൈഷണികവും വിചാരപരവും ഗൗരവമാര്‍ന്നതുമായ ആസ്വാദന പദ്ധതിയെ ജനകീയവും വൈകാരികവും ക്ഷണികവുമായ ഒരു ആസ്വാദനരീതികൊണ്ട് പകരംവെയ്ക്കാന്‍ ശ്രമിക്കുകയാണ് തമ്പ്. ആസ്വാദനത്തിനെന്നപോലെ വിച്ഛേദത്തിനുമുള്ള വഴികള്‍ അതിലടങ്ങിയിട്ടുണ്ട്.

സര്‍ക്കസ് രംഗങ്ങളും അതിലെ കാണികളേയും ആവിഷ്‌കരിക്കുമ്പോഴെല്ലാം ക്യാമറ 'ഒളിക്യാമറ'യായാണ് പ്രവര്‍ത്തിക്കുന്നതെന്നു തോന്നും. എന്നാല്‍, സര്‍ക്കസ്സുകാരായ രണ്ടുപേര്‍ ആത്മഗതമായി ക്യാമറയിലേയ്ക്കു നോക്കി സംസാരിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. എണ്ണമറ്റ കണ്ണുകള്‍ പലവട്ടം പകര്‍ത്തിയെടുത്ത തങ്ങളുടെ ശരീരം ക്യാമറയ്ക്കു നേരെ നിര്‍ത്തി അവര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ക്യാമറയുടെ പ്രത്യക്ഷ സാന്നിദ്ധ്യം ബോദ്ധ്യപ്പെടുകയും ചെയ്യും. സര്‍ക്കസ്സുകാരനായ നാരായണേട്ടന്റെ ഷഷ്ടിപൂര്‍ത്തി അതുവരെ കാണാത്ത ആഹ്ലാദത്തില്‍ തമ്പിനകത്ത് ആഘോഷിക്കപ്പെടുകയാണ്. മാനേജര്‍ ആവശ്യപ്പെട്ട പ്രകാരം ദേവു എന്ന കലാകാരി ഒരു പാട്ടു പാടുന്നു. (കാനനപ്പെണ്ണ് ചെമ്പരത്തി). തെയ്യത്തെക്കുറിച്ചും തുളുനാടിനെക്കുറിച്ചുമുള്ള ആ പാട്ട് അവരെയെല്ലാവരേയും അല്പനേരം വടക്കേ മലബാറിലെ തങ്ങളുടെ നാട്ടിലും വീട്ടിലും എത്തിക്കുന്നു. പാട്ടിനനുബന്ധമായി നൃത്തച്ചുവടു വെച്ച കൃഷ്ണന്‍ എന്ന വയോധികന്‍ മാനേജരുടെ അടിയേറ്റ് രക്തമൊലിപ്പിച്ച് തറയില്‍ കിടന്നു പറയുന്ന ആത്മഗതത്തോടെ അതുവരെയുള്ള വൈകാരികതയ്ക്ക് അന്ത്യമാവുന്നു. അതിനെത്തുടര്‍ന്നു വരുന്ന രംഗം ആകാശത്ത് പറക്കുന്ന കാക്കയും പുഴക്കരയില്‍ നടക്കുന്ന ബലികര്‍മ്മവുമാണ്. ലക്ഷ്മിയേടത്തിയുടെ ആത്മഗതത്തെ പിന്തുടര്‍ന്നെത്തുന്നത് തൊട്ടടുത്ത് നടക്കുന്ന ഉത്സവത്തിലെ വെടിക്കെട്ടിന്റെ ശബ്ദവും വെളിച്ചവുമാണ്. ആ വെളിച്ചം അവരുടെ മുഖങ്ങള്‍ക്കു തിളക്കം നല്‍കുന്നു. ഒരു ദൃശ്യാനുഭവത്തിന്റെ നൈരന്തര്യത്തെ ഭംഗപ്പെടുത്തി മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോഴും അതു പ്രേക്ഷകര്‍ക്കു സിനിമയ്ക്കു പുറത്തിറങ്ങി നില്‍ക്കാനുള്ള ഇടനേരങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. സിനിമ അങ്ങനെയാണെന്ന് അതു നിരന്തരം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

തമ്പ്
തമ്പ്

സര്‍ക്കസ് ടീമിന്റെ രണ്ടു യാത്രകള്‍ക്കിടയ്ക്കുള്ള തമ്പിലെ കാലം ഭൂതത്തിലേക്കോ ഭാവിയിലേക്കോ നീളുന്നതല്ല (ഫ്‌ലാഷ് ബാക്കുകളൊന്നും ഉപയോഗിക്കാത്ത സിനിമയാണ് തമ്പ്). സര്‍ക്കസ്സുകാരുടെ വരവില്‍ ആരംഭിച്ച് അവരുടെ തിരിച്ചുപോക്കില്‍ സിനിമ തീരുമ്പോള്‍ രണ്ടു യാത്രകള്‍ സൃഷ്ടിക്കുന്ന തുടര്‍ച്ചാനുഭവത്തിനൊപ്പം യാത്രികര്‍ പഴയവരല്ലെന്ന വിച്ഛേദവും നിലനില്‍ക്കുന്നു.

പുഴയാണ് കാലത്തുടര്‍ച്ചയുടെ മറ്റൊരു പ്രതീകം. അതിനു കുറുകെയുള്ള പാലം കടന്നാണ് സര്‍ക്കസ്സുകാര്‍ എത്തുന്നത്. പുഴക്കരയില്‍ അതിനു ലംബമായി അവര്‍ കൂടാരം കെട്ടിയുയര്‍ത്തുന്നു. എന്നാല്‍, പുഴ എക്കാലത്തും നിത്യഭാവമുള്ള പ്രകൃതിയല്ല. കാലാനുസാരിയായി അതിനു പല ഭാവങ്ങളും രൂപങ്ങളും കൈവരിക്കാനാവും. ഒഴിഞ്ഞ മണല്‍പ്പുറത്താണ് സര്‍ക്കസ്സുകാര്‍ തമ്പു കെട്ടുന്നത്. വേനല്‍ക്കാലം കഴിയുമ്പോള്‍ പുഴ മറ്റൊന്നാവും. നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന നൈരന്തര്യത്തിന്റെ പേരാണ് പുഴ. തമ്പിന്റെ 25ാം വര്‍ഷവും 40ാം വര്‍ഷവുമെല്ലാം ആഘോഷിക്കാന്‍ നെടുമുടി വേണുവും കൂട്ടരും അവിടെ ചെന്നപ്പോഴും മണ്‍ചെരാതുകള്‍ ഒഴുക്കി വിട്ടപ്പോഴുമെല്ലാം പുഴ വേറൊന്നായി കഴിഞ്ഞിരുന്നു. പുഴക്കടവിലെ കുളി, തോണിയിലെ പോക്കുവരവുകള്‍, പമ്പ് ഓപ്പറേറ്ററുടെ പ്രവൃത്തികള്‍, വസ്ത്രം തോരിയിടല്‍, പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്ന ബസ് എന്നിവയെല്ലാം ചേര്‍ന്നു ജീവിത വ്യവഹാരങ്ങളുടെ ആവര്‍ത്തനം സൃഷ്ടിക്കപ്പെടുന്നു. ഒരു ദിവസം പുതിയൊരു പമ്പ് ഓപ്പറേറ്റര്‍ വരുന്നു. അതോടെ അതുവരെ രൂപപ്പെട്ട ഒരു നിശബ്ദ പ്രണയകഥയ്ക്കും അതു സൃഷ്ടിച്ച നൈരന്തര്യത്തിനും അന്ത്യമാകുന്നു. ആ പെണ്‍കുട്ടിയെ പിന്നെ സിനിമയില്‍ കാണുന്നില്ല. എങ്കിലും സിനിമ പിന്നെയും മുന്നോട്ടു പോകുന്നു. ഉദയാസ്തമയങ്ങള്‍ക്കും ഋതുഭേദങ്ങള്‍ക്കും അവയുടെ ആവര്‍ത്തനങ്ങള്‍ക്കുമൊപ്പം ആധുനികമായ സ്ഥലകാലങ്ങളുടെ പ്രതീകം ഫാക്ടറി സൈറനും പുറത്തേയ്ക്കു വരുന്ന തൊഴിലാളികളുമാണ്.

സിനിമയിലെ ഭൂതസഞ്ചാരങ്ങളെല്ലാം ശബ്ദരൂപത്തിലാണ്, ദൃശ്യങ്ങളുടെ അകമ്പടിയില്ലാതെ. ഓര്‍മ്മകളെ നേരിട്ടു പ്രത്യക്ഷമാക്കുകയാണ് പാട്ടുകളെല്ലാം. പുള്ളുവന്‍ പാട്ടും കാനകപ്പെണ്ണ് എന്ന പാട്ടും അതീത ഭൂതങ്ങളിലേക്ക് നയിക്കുമെങ്കില്‍ 'ഒരു യമുനാനദി'യും സിനിമാ ഗാനങ്ങളും സമീപ ഭൂതത്തെ വീണ്ടെടുക്കും. റോക്ക് സംഗീതം വര്‍ത്തമാനത്തെ (കേരളീയര്‍ക്ക് അന്നത്ര പരിചിതമല്ലാത്ത) വിളിച്ചുകൊണ്ടുവരും. സിനിമയുടെ പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതാണ് 'സമയമാം നദി പുറകോട്ടൊഴുകി' എന്ന 'അച്ചാണി'യിലെ പാട്ട്. സര്‍ക്കസ്സിന്റെ ടിക്കറ്റ് വില്പനസമയത്ത് വെയ്ക്കുന്ന ആ പാട്ട് പഴയ സിനിമയ്‌ക്കെന്നപോലെ പഴയകാല തിയേറ്ററുകള്‍ക്കുമുള്ള സ്മരണാഞ്ജലിയാണ്. സര്‍ക്കസ്സുകാരുടെ ആത്മഗതം, ബി.ഡി. മേനോന്റെ സിംഗപ്പൂര്‍ ഓര്‍മ്മകള്‍ എന്നിവയൊക്കെയാണ് മറ്റു ഭൂതകാല വിചാരങ്ങള്‍. സര്‍ക്കസ് കലാകാരികളിലൊരാള്‍ പറഞ്ഞുകൊടുത്തെഴുതിക്കുന്ന അമ്മയ്ക്കുള്ള കത്തിലെ ഒരു വാചകത്തില്‍ ('അനിയത്തി ലീലയുടെ മംഗലക്കാര്യം എന്തായി?') നാടും വീടുമെന്ന ഭൂതകാലദേശത്തിനൊപ്പം തന്റെ നിശൂന്യമായ ഭാവിദേശവും നിബന്ധിക്കപ്പെട്ടിരിക്കുന്നു; എന്നാല്‍, വളരെപ്പെട്ടെന്ന് അവരെല്ലാം വര്‍ത്തമാനത്തിലേക്ക് കുടഞ്ഞുണരുകയും ചെയ്യുന്നു.

നെടുമുടി വേണു, ഞെരളത്ത് രാമപ്പൊതുവാൾ 'തമ്പിൽ'
നെടുമുടി വേണു, ഞെരളത്ത് രാമപ്പൊതുവാൾ 'തമ്പിൽ'

4

സെല്ലുലോയ്ഡ് കാലത്തെ മറക്കാനനുവദിക്കാതെ അതിന്റെ പ്രതീകങ്ങള്‍ കൂടെത്തന്നെയുണ്ട്. ഡിജിറ്റല്‍ കാലത്തും സിനിമയുടെ ചിഹ്നങ്ങള്‍ ഫിലിം സ്ട്രിപ്പും സ്പൂളുമൊക്കെയാണ്. സെല്ലുലോയ്ഡ് അതിവിദൂര ഭൂതകാലമല്ല. ഫിലിം തുണ്ടുകളും ഫോട്ടോകളും നെഗറ്റീവുകളുമായി ആ കാലത്തിന്റെ സ്പര്‍ശാനുഭവം അടുത്തകാലം വരെയുണ്ടായിരുന്നു. എങ്കിലും എളുപ്പം തീ പിടിക്കുന്ന നശ്വരതയുടെ ഒരു ഘടകം സെല്ലുലോയ്ഡിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. 'സിനിമാ പാരഡിസൊ' (Nuovo Cinema Paradios/Giuseppe Tornatore/1988) എന്ന സിനിമയില്‍ സിനിമാ ടാക്കീസ് തീപിടിച്ചു നശിക്കുന്നതിനും ആല്‍ഫ്രഡോ എന്ന ഓപ്പറേറ്റര്‍ അന്ധനാവുന്നതിനും കാരണം സെല്ലുലോയ്ഡ് ഫിലിമുകളായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം നായകനായ സാല്‍വഡോര്‍ തിരിച്ചുവരുമ്പോള്‍ അയാളെ കാത്ത് വെട്ടിമാറ്റിയ ചുംബനരംഗങ്ങളടങ്ങിയ ഫിലിം കഷണങ്ങളുണ്ടായിരുന്നു. വിഗതകുമാരന്റെ പ്രിന്റ് നശിച്ചത് നീലജ്വാല കാണാന്‍ വേണ്ടി കുട്ടികള്‍ തീ കത്തിച്ചു രസിച്ചതുകൊണ്ടാണ്. ഒരു ചരിത്രമാണ് കത്തിത്തീരുന്നതെന്ന് ആരുമന്നോര്‍ത്തതുമില്ല. തീപിടിക്കുന്ന വസ്തുവായതുകൊണ്ട് ബസുകളിലൊന്നും ഫിലിംപെട്ടികള്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. 16 എംഎം പ്രിന്റുകള്‍ പ്രദര്‍ശനത്തിനെത്തിക്കാനും മറ്റും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ അക്കാലത്ത് അനുഭവിച്ച ക്ലേശം ചെറുതായിരുന്നില്ല.

മാര്‍ട്ടിന്‍ സ്‌കോര്‍സസ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ക്വെന്റിന്‍ ടരന്റിനൊ (Quentin Tarantino) തുടങ്ങി സെല്ലുലോയ്ഡ് സിനിമയുടെ പ്രകീര്‍ത്തകരും സംരക്ഷകരുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഇപ്പോഴും ലോകമെങ്ങുമുണ്ട്. എന്നാല്‍, മാര്‍ട്ടിന്‍ സ്‌കോര്‍സസിനും ഡിജിറ്റല്‍ ലോകത്തിലേക്ക് പ്രവേശിക്കേണ്ടിവന്നു. നീണ്ട ആലോചനകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ 'The Wolf of Wall tSreet' (2013) എന്ന സിനിമയിലൊരു ഭാഗം ഡിജിറ്റല്‍ സാങ്കേതികതയിലാണ് ചിത്രീകരിക്കപ്പെട്ടത്. അതിനു മുന്‍പിറങ്ങിയ ഹ്യൂഗൊ(Hugo/2011)യും ത്രീഡി സാങ്കേതികത ഉപയോഗിക്കുന്നതിനാല്‍ ഡിജിറ്റലായിത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടത്. സിനിമ എന്ന കലാരൂപത്തിന്റെ അടിസ്ഥാനശിലയാണ് ഫിലിം എന്ന് മാര്‍ട്ടിന്‍ സ്‌കോര്‍സസ് കരുതുന്നു. ഫിലിം അനുഭവത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് ഡിജിറ്റല്‍ പ്രക്രിയയില്‍ നടക്കുന്നത്. ഫിലിമുകള്‍ക്കാണ് കാഴ്ചയുടെ വൈവിദ്ധ്യത്തെ നിലനിര്‍ത്താനാവുന്നത്. ഐപാഡുകള്‍ കൊണ്ടുനടക്കാന്‍ സൗകര്യമാണെന്നു കരുതി പെയിന്റും കാന്‍വാസും ഉപേക്ഷിക്കാറില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ വാദം.5 സ്പില്‍ബര്‍ഗ് കാണുന്നത് ഫിലിമുകളുടെ സ്പര്‍ശനാനുഭവത്തെയാണ്. നിങ്ങള്‍ക്കത് മടക്കാനും തിരിക്കാനുമൊക്കെ പറ്റും. അതിലെ ഗ്രെയിനുകള്‍ കാണാനാവും. ഭാവനയ്ക്കും പ്രതിബിംബത്തിനും ഇടയിലാണ് ഫിലിം സ്ഥിതിചെയ്യുന്നത്. ഫിലിം എന്ന അനലോഗ് കലാരൂപത്തോട് അതുള്ള കാലത്തോളം താന്‍ വിധേയനായിരിക്കുമെന്നും സ്പില്‍ബര്‍ഗ് പറയുന്നു. ഡിജിറ്റല്‍ ടെക്‌നോളജിയെ ഗൊദാര്‍ദ് വിശേഷിപ്പിച്ചത് അതൊരു സാങ്കേതിക മാദ്ധ്യമം മാത്രമല്ലെന്നും ചിന്തയുടെ മാദ്ധ്യമമാണെന്നുമാണ്.6

ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി അടുത്തകാലത്താണ് 35 എം.എം ഫിലിം നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്പനിയുടെ വിറ്റുവരവില്‍ 96 ശതമാനം ഇടിവുണ്ടാവുന്നത് വരെയും അവര്‍ പിടിച്ചുനിന്നു. 2003 മുതല്‍ 47000 തൊഴിലാളികളെ ലേ ഒഫ് ചെയ്തും 13 നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയും അവസാനം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഡിജിറ്റല്‍വല്‍ക്കരണത്തിനു പുറംതിരിഞ്ഞുകൊണ്ടാണ് ഇത്രകാലവും അവര്‍ നിലനിന്നത്. പുതിയ സാങ്കേതികതയെ നേരിടാന്‍ ഫിലിം റോളുകള്‍ വിലകുറച്ചു വില്‍ക്കുന്ന പ്രതിരോധത്തിലൂന്നിയ കച്ചവടതന്ത്രം പയറ്റി. ക്രിസ്റ്റഫര്‍ നോളന്‍, മാര്‍ട്ടിന്‍ സ്‌കോര്‍സസ്, ക്വെന്റിന്‍ ടരന്റിനൊ തുടങ്ങിയവര്‍ പഴയരീതി തുടരാനും ഫിലിംസ്‌റ്റോക്ക് സൂക്ഷിക്കാനും സ്റ്റുഡിയോകളോട് നിര്‍ദ്ദേശിച്ചിരുന്നു. ആ പിന്തുണയില്‍ കുറച്ചുകാലം കൂടി പിടിച്ചുനില്‍ക്കാമെന്ന് അവര്‍ കരുതി.

ഡിജിറ്റല്‍ സിനിമയേയും സെല്ലുലോയ്ഡ് സിനിമയേയും വിശകലനം ചെയ്യുന്ന Side by side (Christopher Kenneally/2012) എന്ന ഡോക്യുമെന്ററിയില്‍ ഫിലിം റോളുകള്‍ ഓടിത്തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷനെക്കുറിച്ചു പറയുന്നുണ്ട്. ഫിലിം റോളുകള്‍ പണവുമായി നേരിട്ടു ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നവയാണ്. പണമാണ് ഓടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഡിജിറ്റല്‍ ക്യാമറയില്‍ അങ്ങനെയൊരു ടെന്‍ഷനില്ല. കഴിഞ്ഞ നൂറു വര്‍ഷങ്ങളായി കൈകൊണ്ടു ചെയ്തിരുന്ന എഡിറ്റിംഗ് പ്രവൃത്തികള്‍ ഇപ്പോള്‍ സുഗമമായി. ടെക്‌നോളജി കലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നപോലെ കല ടെക്‌നോളജിയിലും സമ്മര്‍ദ്ദം ചെലുത്തും. ഡിജിറ്റല്‍ ക്യാമറയിലൂടെ അയഥാര്‍ത്ഥ്യമാണ് ഉല്പാദിപ്പിക്കുന്നതെന്ന വാദത്തിന് എന്നെങ്കിലും അങ്ങനെയൊരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നോ എന്ന മറുചോദ്യവുമുണ്ട്. ലോകമാകെത്തന്നെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിപ്ലവത്തോടൊപ്പമല്ലെങ്കില്‍ നിങ്ങള്‍ പഴയ കാലത്തില്‍ നഷ്ടപ്പെട്ടുപോകും.

യുവ സംവിധായകരില്‍ പലരും സെല്ലുലോയ്ഡ് ഒരിക്കല്‍പോലും തൊട്ടുനോക്കാതെയാണ് സിനിമാ നിര്‍മ്മാണം പഠിച്ചിട്ടുള്ളത്. അലക്‌സാണ്ടര്‍ സൊകുറൊവിന്റെ റഷ്യന്‍ ആര്‍ക്ക് (Russian Ark/2002) എന്ന ഒറ്റ ഷോട്ടിലുള്ള സിനിമ ഡിജിറ്റല്‍ സാങ്കേതികതകൊണ്ടുമാത്രം സാദ്ധ്യമായതാണ്. സെല്ലുലോയ്ഡില്‍ സിനിമയെടുക്കുന്നതിനും അതു പ്രദര്‍ശിപ്പിക്കുന്നതിനുമെല്ലാം ഇന്ന് ഒട്ടേറെ പരിമിതികളുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയടക്കം അവയുടെ സൂക്ഷിപ്പ്, എഡിറ്റിംഗ്, കൈമാറ്റം തുടങ്ങി സകല മേഖലകളിലും ഫിലിം നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ എളുപ്പമല്ല. ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാര്‍വ്വത്രിക ലഭ്യതയും ചെലവുകുറവുമാണ് സിനിമാ നിര്‍മ്മാണത്തെ ജനകീയമാക്കിയത്. ഒരു ക്യാമറയും കംപ്യൂട്ടറുമുണ്ടെങ്കില്‍ ആര്‍ക്കും സിനിമ പിടിക്കാം. നിര്‍മ്മാണം മുതല്‍ പ്രദര്‍ശനം വരെ സാങ്കേതിക സഹായത്താല്‍ മാത്രം നിലനില്‍ക്കാവുന്ന സിനിമപോലൊരു കലയ്ക്ക് അനലോഗ് സംവിധാനത്തില്‍ ഇനി തുടരാനാവില്ല. നിലവിലുള്ള സെല്ലുലോയ്ഡ് പ്രിന്റുകള്‍ ഡിജിറ്റല്‍ ഭാവത്തിലേക്ക് മാറ്റുന്നതു മാത്രമാണ് അവയുടെ സ്ഥിരമായ സംരക്ഷണത്തിന് അവലംബിക്കാവുന്ന ഏക മാര്‍ഗ്ഗം.

തമ്പ്
തമ്പ്

പുതിയ സിനിമകളിലേറെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. അവയുടെയെല്ലാം കാഴ്ചാമാദ്ധ്യമം ടെലിവിഷന്‍/കംപ്യൂട്ടര്‍/മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളാണ്. കൊവിഡ് കാലം തിയേറ്ററുകളെ അകറ്റിനിര്‍ത്തിയപ്പോള്‍ സിനിമാനുഭവം നല്‍കിയത് ഈ പ്ലാറ്റ്‌ഫോമുകളായിരുന്നു. തിയേറ്ററുകളിലെങ്ങും കിട്ടാനിടയില്ലാത്ത ഇടം സമാന്തര സിനിമാ പ്രസ്ഥാനത്തിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കി.

തമ്പ് പോലൊരു സിനിമ ഡിജിറ്റല്‍ ലോകത്താണ് ഇനി നിലനില്‍ക്കാന്‍ പോകുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടെടുക്കപ്പെട്ട തമ്പ് മൊബൈല്‍ ഫോണിലോ കംപ്യൂട്ടര്‍ സ്‌ക്രീനിലോ കാണുമ്പോഴും അതിന്റെ ബാക്കിയായ സെല്ലുലോയ്ഡ് പരിവേഷങ്ങള്‍ കുറേയൊക്കെ അനുഭവിക്കാന്‍ പഴയ പ്രേക്ഷകര്‍ക്കു കഴിഞ്ഞേക്കും. ജലജയ്ക്ക് കാനില്‍വെച്ച് തമ്പിന്റെ പുതിയ പതിപ്പ് കണ്ടപ്പോള്‍ 44 വര്‍ഷങ്ങള്‍ പിന്നിലേക്കോടിച്ചെല്ലാന്‍ കഴിഞ്ഞു. എന്നാല്‍, പുതിയ പ്രേക്ഷകര്‍ക്ക് അതിന്റെ ആവശ്യമില്ല. കലയുടെ യാന്ത്രിക പുനരുല്പാദനം പരിവേഷ (aura) നഷ്ടങ്ങളുടേതാണെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞത് ഏതാണ്ട് 90 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് ഓര്‍ക്കണം. 

റഫറന്‍സ്/കുറിപ്പുകള്‍

1. https://varitey.com/2022/film/news/cannes-classics-thamp-film-india-heritage-foundation-1235277350/
2. പി.കെ. നായരെക്കുറിച്ച് ശിവേന്ദ്രസിംഗ് സംവിധാനം ചെയ്ത സിനിമയുടെ പേര് സെല്ലുലോയ്ഡ് മാന്‍ (Celluloid Man /Shivendra Singh Dungarpur /2012) എന്നാണ്.
3. മുംബൈ ആസ്ഥാനമായി 2014ല്‍ സ്ഥാപിതമായതാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (Film Heritage Foundation). ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സിനിമകളുടെ സംരക്ഷണവും സൂക്ഷിപ്പും സംബന്ധിച്ച് 2015ല്‍ മുംബൈയില്‍ നടന്ന ആദ്യ വര്‍ക്ക്‌ഷോപ്പിന് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസിന്റെ ആഭിമുഖ്യത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ (The Film Foundation) സഹകരണമുണ്ടായിരുന്നു.
4. പില്‍ക്കാലത്തു വന്ന ഷിറിന്‍ (അബ്ബാസ് കിരസ്‌തോമി/2008) എന്ന സിനിമയില്‍ സിനിമ കാണുന്ന കാണികളെയാണ് പ്രേക്ഷകര്‍ കാണുന്നത്. പ്രേക്ഷകര്‍ക്ക് ആ സിനിമ കാണാനാവുന്നില്ലെങ്കിലും അതിന്റെ ശബ്ദപഥം കേള്‍ക്കാം.
5. https://celluloidjunkie.com/2014/08/04/can-filmmakers-really-help-kodak-craft-new-image/
6. https://www.theguardian.com/artanddesign/2011/oct/10/steven-spielberg-martin-scorsese-celluloid.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com