'മിത്രത്തില്‍ നമുക്കൊരു കണ്ണു വേണം' ഒരു കണ്ണൂര്‍ ബോംബുകഥ

ഇത്ര പെട്ടെന്ന് ബോംബുകള്‍ വാങ്ങാന്‍ കിട്ടുന്ന നാടാണോ, നമ്മുടേത്?
'മിത്രത്തില്‍ നമുക്കൊരു കണ്ണു വേണം' ഒരു കണ്ണൂര്‍ ബോംബുകഥ

ല്യാണ വീടുകളില്‍ നടക്കുന്ന കലഹം പുതിയ കാര്യമല്ല. അടിപിടിയില്ലാതെ അടിയന്തിരവും കലഹമില്ലാതെ കല്യാണവുമില്ല എന്ന അവസ്ഥ മുന്‍കാലങ്ങളില്‍ പല സമുദായങ്ങള്‍ക്കും തീരാ തലവേദനയായിരുന്നു. വധുവിന്റെ വീട്ടുകാരെ ഇടിച്ചു താഴ്ത്താന്‍ വരന്റെ വീട്ടുകാര്‍ ഒരുക്കുന്ന 'തമാശ'കളും പല കല്യാണങ്ങളിലും തീരാക്കളങ്കമായി തീരാറുണ്ട്. പഴയ കാലത്ത് സല്‍ക്കാരത്തില്‍ അവിലില്‍ ശര്‍ക്കര കുറഞ്ഞതുപോലും കല്യാണ കലഹങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. പന്തലില്‍ വെച്ച് വരന്റെ ക്ഷൗരം ചെയ്തതിനു പന്തലില്‍ കൂട്ടത്തല്ലുണ്ടായ സംഭവം കണ്ണൂര് തന്നെയുണ്ടായിട്ടുണ്ട്.

പലതരം അക്രമങ്ങള്‍, 'ആഘോഷങ്ങള്‍' എന്ന പേരില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍, കല്യാണ വീടുകളില്‍ ഇപ്പോഴും അരങ്ങേറാറുണ്ട്. മയ്യിത്തു കട്ടിലില്‍ പുതിയാപ്പിളയെ കഫന്‍ (മയ്യിത്ത് പോലെ) ചെയ്ത രീതിയില്‍ കൊണ്ടുവന്ന സംഭവം പോലുമുണ്ടായിട്ടുണ്ട്, കണ്ണൂരില്‍. കേട്ടതില്‍ വെച്ച് ഏറ്റവും സ്‌തോഭജനകമായ വരന്റെ കടന്നുവരവ് അതായിരുന്നു. ആ വധു എത്ര മാത്രം സങ്കടപ്പെട്ടിരിക്കും! ആദ്യരാത്രി ശവഭോഗംപോലെയുള്ള ദു:സ്വപ്നങ്ങളിലൂടെ ആ പെണ്‍കുട്ടി കടന്നു പോയിട്ടുണ്ടാവുമോ? അല്ലെങ്കില്‍ ആ ദിവസം തന്നെ വിവാഹമോചിതയായി കാണുമോ? ഒപ്പം കൂടി അലങ്കോലപ്പാട്ട് പാടി പോയവര്‍ കല്യാണവീടുകളില്‍ വീഴുന്ന കണ്ണീരിന്റെ മുദ്രകള്‍ കാണുന്നില്ല. ചില വീട്ടുകാര്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മാഞ്ഞുപോകാത്ത തിക്തമായ ഓര്‍മ്മകളാണ് വിവാഹങ്ങള്‍ സമ്മാനിക്കുന്നത്.

എന്നാല്‍, വിവാഹങ്ങളിലെ ആഭാസം കണ്ട് വരനെ വേണ്ട എന്നു തീരുമാനിച്ച എത്രയോ കുടുംബങ്ങളുമുണ്ട്. അലങ്കോലത്തിന്റെ സീമകള്‍ അതിരു കടന്നപ്പോള്‍ ''ഈ പുയ്യാപ്പയെ എന്റെ മോള്‍ക്കു വേണ്ട. ഈട വെച്ച ബിരിയാണി തെരുവില് കെടക്കുന്ന യാചകര്‍ക്ക് ഞാന്‍ കൊടുത്തോളാം'' -എന്നു പറഞ്ഞു പന്തലിന്റെ കമാനത്തു വെച്ചുതന്നെ പുതിയാപ്പിള സംഘത്തെ മടക്കിയ 'അമ്മോശ'ന്റെ കഥയും കണ്ണൂര് തന്നെയുണ്ട്. ''മങ്ങലം കലക്കിയ ആ പുതിയാപ്പിളാക്ക്'' വര്‍ഷങ്ങളോളം വിവാഹ ജീവിതം സാധ്യമായില്ല.

വൈരാഗ്യ ബുദ്ധിയുടെ അല്ലെങ്കില്‍, 'പക'യുടെ മനോഭാവമാണ് ഇതില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഏറ്റവും ആഹ്ലാദകരമായതോ, അല്ലെങ്കില്‍ ഏറ്റവും സ്വച്ഛമായതോ, അതുമല്ലെങ്കില്‍ ഏറ്റവും താളാത്മകമായതോ ആയ നിമിഷങ്ങളെ നിര്‍വ്വചിക്കുന്നതില്‍ ഏറെ പരാജയപ്പെട്ടിരിക്കുന്ന ഒരു 'സമൂഹ നിര്‍മ്മിതി' ഇതിലുണ്ട്. എനിക്കെതിരെ/ഞങ്ങള്‍ക്കെതിരെ പാട്ടു പാടുന്ന/അല്ലെങ്കില്‍ ''ഞങ്ങള്‍ക്കിഷ്ടമില്ലാത്ത പാട്ട് പാടുന്ന'' ഒരാള്‍ കൊല്ലപ്പെപ്പെടേണ്ട ആള്‍ എന്നു തോന്നുന്നത്, 'പക'യുടെ പുതിയൊരു രീതിയാണ്. ഫുട്ബോള്‍ ഗാലറികളില്‍, നിശാക്ലബ്ബുകളില്‍, ആരാധനാലയങ്ങളില്‍, ഹോട്ടലുകളില്‍, തെരുവുകളില്‍... ഇങ്ങനെ 'ബോബുകള്‍' മനുഷ്യരെ ചിതറിത്തെറിപ്പിച്ച എത്രയോ സംഭവങ്ങളുണ്ട്. ലോക ചരിത്രം, പൊട്ടിത്തെറികളുടെ ചരിത്രവുമാണ്. രാഷ്ട്രം/രാഷ്ട്രീയം/മതം/വംശം/വര്‍ണ്ണം തുടങ്ങി നിരവധി കാരണങ്ങള്‍ അതിന്റെയൊക്കെ പിറകിലുണ്ട്. എന്നാല്‍, കല്യാണ ഘോഷയാത്രയില്‍ ഒരു ബോബേറ്/തല ചിന്നിച്ചിതറിയ മരണം എന്നത് മറ്റൊരു ആലോചനയ്ക്ക് വക നല്‍കുന്നതാണ്. രാഷ്ട്രീയവും മതങ്ങളും ചങ്ങാത്തങ്ങളുമൊക്കെ 'അന്യോന്യം' പ്രചോദിപ്പിക്കുന്ന ഒരു തലം വിട്ട്, 'അസഹിഷ്ണത'യുടേയും 'പക'യുടേയും തുരുത്തുകളായി വ്യക്തികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനപ്പുറം വലിയൊരു ചോദ്യമുണ്ട്:

ഇത്ര പെട്ടെന്ന് ബോംബുകള്‍ വാങ്ങാന്‍ കിട്ടുന്ന നാടാണോ, നമ്മുടേത്?

ആ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് 'ബോംബ് നിര്‍മ്മാണം' രഹസ്യമായി പല കേന്ദ്രങ്ങളിലും നിത്യം നിത്യം നടക്കുന്നുണ്ട് എന്നറിയുക. ആര്‍, ആര്‍ക്കെതിരെയാണ് ഇങ്ങനെ ബോംബുകള്‍ നിര്‍മ്മിച്ചു വെക്കുന്നത്? ബേക്കറിയില്‍ പോയി ബിസ്‌ക്കറ്റ് വാങ്ങുന്നതുപോലെ അത്രയും എളുപ്പമാണോ ബോംബുകള്‍ വാങ്ങാന്‍? 

കണ്ണൂര് തോട്ടടയില്‍ നടന്ന 'വിവാഹ ഘോഷയാത്ര'യിലെ ബോംബേറില്‍ അത്ഭുതപ്പെടുത്തുന്ന കാര്യം, സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍ ഒക്കെയുള്ള ഘോഷയാത്രയ്ക്കിടയിലാണ് ബോംബെറിയുന്നത്. എത്ര മാരകമായ അപകടത്തില്‍നിന്നാണ് എല്ലാവരും രക്ഷപ്പെട്ടിട്ടുണ്ടാവുക. ആസൂത്രണം ചെയ്തവര്‍ തന്നെ ഇരയായി തീര്‍ന്നു എന്നതാണ് കാവ്യനീതിപോലെ, വേദനാജനകമെങ്കിലും ഇവിടെ സംഭവിച്ചത്. തലേന്നു രാത്രിയില്‍ തന്നെ കല്യാണ വീട്ടില്‍വെച്ച് പാട്ടുപാടുന്ന സംഘം തിരിഞ്ഞുള്ള അടിപിടിയുണ്ടായിരുന്നതായും നാട്ടുകാര്‍ ഇടപെട്ട് അത് പറഞ്ഞു തീര്‍ത്തതും അയല്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. പിറ്റേന്നു മരണത്തിലേക്കുള്ള ബോംബേറ് നൃത്തച്ചുവടുകളായി ആ പക മാറുമെന്ന് സാമാന്യ ബോധമുള്ള ആരും തന്നെ കരുതാനിടയില്ല.

മയക്കുമരുന്നുകള്‍ സുലഭമായി കിട്ടുന്നു.

കല്യാണത്തിനു ബൊക്ക വാങ്ങാന്‍ കിട്ടുന്നതുപോലെ അത്രയും സുഗമമായി ചിലര്‍ക്ക് ബോംബുകളും ലഭിക്കുന്നു. ഏതോ നാട്ടില്‍ നടന്നാല്‍ ഇതു കേട്ടുകഥയായി മാത്രമായി മാറുമായിരുന്നു. ഒരാഴ്ച മുന്‍പാണ് വഴിയരികില്‍ വണ്ടി പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ കണ്ണൂര്‍ ആയിക്കരയില്‍ വെച്ച് ഒരു ഹോട്ടലുടമയെ നിര്‍ദ്ദയം കുത്തിക്കൊലപ്പെടുത്തിയത്. ലഹരി മാഫിയ ഹിംസയുടെ പുതിയ സഞ്ചാരപഥങ്ങള്‍ തീര്‍ക്കുകയാണ്. എ. അയ്യപ്പന്റെ കവിതയിലെഴുതിയതുപോലെ, ''മിത്രത്തില്‍പോലും നമുക്കൊരു കണ്ണു വേണം.'' ആ കവിതയിലെ തുടര്‍ന്നുള്ള വരികള്‍ ഇതാണ്: 

''പച്ചച്ചിരിയുമായി സൂക്ഷിക്കുന്നുണ്ടവന്‍
കൂരിരുട്ടിന്റെ ഒളിവില്‍ കൃപാണം.''

മാസ്‌ക് കെട്ടിയും വാക്‌സീനെടുത്തും മനുഷ്യര്‍ ജീവിക്കാന്‍ വെമ്പുന്ന കാലത്തും ഹിംസയുടെ പര്യായപദങ്ങള്‍ എഴുതിത്തീരുന്നേയില്ല. എന്നിട്ടും നാം പറയുന്നു, കൊറോണ ഒരു മാരകമായ വൈറസാണ് എന്ന്. മനുഷ്യര്‍ മനുഷ്യരോട് കാണിച്ചത്രയും പക, കൊറോണ മനുഷ്യരോട് കാണിച്ചിട്ടില്ല.

രണ്ട്:

''മീഡിയാ വണ്‍ ചാനലി'നു സംപ്രേഷണം ചെയ്യാനുള്ള ലൈസന്‍സ് പുതുക്കി നല്‍കിയില്ല എന്ന വാര്‍ത്ത, മറ്റൊരു കൗതുകകരമായ ചിന്തയിലേക്ക് ഓര്‍മ്മകളെ കൊണ്ടുപോയി. മുന്‍പ്, വീടുകളില്‍ റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ 'ലൈസന്‍സ്' ആവശ്യമുണ്ടായിരുന്നു. പലരും അത്തരം ലൈസന്‍സുകള്‍ അമൂല്യമായ രേഖയായി സൂക്ഷിക്കുന്നുണ്ടാവാം.'' പാട്ടു കേള്‍ക്കാനുള്ള 'കിത്താബ്' എന്നാണ് ആ ലൈസന്‍സിനെ പഴമക്കാര്‍ ഇത്തിരി ചിരിയോടെ വിശേഷിപ്പിച്ചത്.

ഉപ്പ സിംഗപ്പൂരില്‍നിന്നു കൊണ്ടുവന്ന സാധനങ്ങളില്‍ ഏറ്റവും അമൂല്യമായത്, റേഡിയോ ആയിരുന്നു. ടെലിവിഷന്‍ പതുക്കെയാണ് വീട്ടില്‍ ശബ്ദവും വെളിച്ചവുമായി കയറി വന്നതെങ്കിലും റേഡിയോ ആദ്യമേ വന്നു. ജപ്പാന്‍ നിര്‍മ്മിതമായ 'നാഷനല്‍' റേഡിയോ ബി.ബി.സിയുടെ സ്ഥിരം ശ്രോതാവായിരുന്നു, ഉപ്പ. ഉപ്പയുടെ ഇംഗ്ലീഷ് ഒരിക്കലും ഞങ്ങള്‍ക്കു മറികടക്കാന്‍ കഴിയാത്ത കടമ്പയായിരുന്നു. ഇംഗ്ലീഷായിരുന്നു, ഒരര്‍ത്ഥത്തില്‍, ഉപ്പയുടെ മാതൃഭാഷ. എല്‍.പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടു ദിവസം ഞാന്‍ പനിപിടിച്ച് പുരയില്‍ കിടന്നു. പനി മാറിയപ്പോള്‍, ഉപ്പ മനോഹരമായ കയ്യക്ഷരത്തില്‍ ഇംഗ്ലീഷില്‍ ഒരു ലീവ് ലെറ്റര്‍ എഴുതി എന്നെ സ്‌കൂളിലേക്ക് അയച്ചു. വഴിയില്‍വെച്ച് ഞാനതു വായിച്ചു. കൂട്ടിച്ചുറഞ്ഞു കിടക്കുന്ന ഇംഗ്ലീഷ് എനിക്ക് മനസ്സിലായില്ല, ടീച്ചര്‍ക്കും അതു വായിച്ച് മനസ്സിലാവാനിടയില്ല എന്ന തോന്നലില്‍ ആ ലീവ് ലെറ്റര്‍ ഞാന്‍ കീറിക്കളഞ്ഞു.

എന്നാല്‍, ഉപ്പ കൊണ്ടുവന്ന റേഡിയോയിലെ പാട്ടുകള്‍ മനസ്സിലാവുന്ന ഭാഷയിലായിരുന്നു. റേഡിയോ വലിയ തുണയായിരുന്നു. ഞങ്ങളുടെ രാവുകളെ പാട്ടുകള്‍കൊണ്ട് അത് ആര്‍ദ്രമാക്കി. ഉപ്പ വാര്‍ത്തകളും ഞങ്ങള്‍ പാട്ടുകളും കേട്ടു വളര്‍ന്നു. പാട്ടില്‍ പല കാലങ്ങള്‍ കേട്ടു. കേട്ട കാലം കണ്ട കാലത്തേക്കാള്‍ മനോഹരമായി അനുഭവിച്ചു. കൂട്ടുകാരികളെ കാണുമ്പോള്‍ പാട്ടിലെ വരികളാല്‍ അവരറിയാതെ ഞാനവരെ ആലിംഗനം ചെയ്തു. റേഡിയോ സ്വതന്ത്രമായി സ്വപ്നം കാണാനുള്ള ലൈസന്‍സ് തന്നു.

ഇപ്പോള്‍, കാലം മാറുമ്പോള്‍, കാലം റദ്ദാക്കിയ ലൈസന്‍സുകളെല്ലാം പുതിയ രൂപത്തിലും ചട്ടങ്ങളിലും കടന്നുവരുമോ? ടി.വി കാണാന്‍, സോഷ്യല്‍ മീഡിയ ഉപയോഗത്തിന്, വായിക്കാന്‍, എഴുതാന്‍, പ്രേമിക്കാന്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ - അങ്ങനെ പലതരം ലൈസന്‍സുകള്‍. ഇത്തരം ലൈസന്‍സുകള്‍ നിലവില്‍ വരുമ്പോള്‍ ന്യായീകരിക്കാന്‍ രണ്ടു 'സൂത്രങ്ങള്‍' ഏതെങ്കിലും വേദത്തില്‍നിന്നു കണ്ടെടുത്ത് ഉദ്ധരിക്കാനുമെളുപ്പമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com