ഹിജാബ് വിവാദം കര്‍ണാടകയില്‍ നടന്നതെന്ത്?

മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റേയും ശാക്തീകരണത്തിന്റേയും കടമ ഏറ്റെടുത്താണ് തീവ്രഹിന്ദു സംഘടനകള്‍ ഹിജാബ് വിവാദവും ന്യായീകരിച്ചത്
ഹിജാബ് വിവാദം കര്‍ണാടകയില്‍ നടന്നതെന്ത്?
Updated on
5 min read

ന്യൂനപക്ഷത്തിന്റെ പരിമിതമായ മതാത്മകത പോലും വിവാദവിഷയമാക്കുകയും അവരുടെ സ്വത്വം വരെ പ്രശ്നവല്‍ക്കരിക്കപ്പെടാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന രീതിയിലേക്ക് കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീവ്രഹിന്ദുത്വവാദികള്‍ക്കായി. മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റേയും ശാക്തീകരണത്തിന്റേയും കടമ ഏറ്റെടുത്താണ് തീവ്രഹിന്ദു സംഘടനകള്‍ ഹിജാബ് വിവാദവും ന്യായീകരിച്ചത്. എന്നാല്‍, വസ്ത്രധാരണത്തിന്റേയും അതിനുള്ള അവകാശത്തിന്റേയും മതേതരത്വത്തിന്റേയും കള്ളികളില്‍ മാത്രം ആ പ്രശ്നത്തെ ഒതുക്കാനാകില്ല. ഇസ്ലാമോഫോബിയ രാഷ്ട്രീയ തന്ത്രമായി പ്രയോഗിക്കപ്പെടുന്ന ഈ കാലത്ത് എങ്ങനെയാണ് വെറുപ്പിന്റെ രാഷ്ട്രീയം സൃഷ്ടിച്ചെടുക്കുന്നതെന്ന് സമകാലീന സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ആഘോഷിക്കപ്പെടുന്ന നമ്മുടെ മതേതര രീതികള്‍ക്കു പോലും പരിമിതികളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സംഭവം കൂടിയായി ഹിജാബ് വിവാദം മാറി.  

ഹിജാബ് വിവാദം പടര്‍ന്നത് എങ്ങനെയാണെന്ന് സുദീര്‍ഘമായി വിവരിക്കുന്നുണ്ട് അനുഷ രവി സൂദ് 'ദി പ്രിന്റി'ലെഴുതിയ റിപ്പോര്‍ട്ടില്‍. മാല്‍പേയിലെ ചെറുകിട വ്യാപാരിയായ അബ്ദുള്‍ ഷുക്കൂറിന്റെ നിരാഹാരസമരത്തില്‍നിന്നാണ് ആ റിപ്പോര്‍ട്ട് തുടങ്ങുന്നത്. ഷുക്കൂറിന്റെ മകളും കോളേജ് വിദ്യാര്‍ത്ഥിയുമായ മുസ്ഖാന്‍ സൈനബാണ് ഹിജാബ് ധരിക്കാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളിലൊരാള്‍. ജനുവരി മുതലാണ് ഹിജാബ് വാര്‍ത്താതലക്കെട്ടുകളില്‍ നിറയാന്‍ തുടങ്ങിയതെങ്കിലും പ്രശ്നം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തുടങ്ങിയിരുന്നു. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി നടത്തിയ ഒരു പ്രതിഷേധസമരമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒക്ടോബര്‍ 30-ന് മണിപ്പാലിലെ ഒരു വിദ്യാര്‍ത്ഥി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് എ.ബി.വി.പി ഈ പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എ.ബി.വി.പിയുടെ കൊടി പിടിച്ച് നില്‍ക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ വര്‍ഗ്ഗീയ വൈകാരികത തീവ്രമായ കര്‍ണാടകയുടെ തീരങ്ങളില്‍ ചര്‍ച്ചാവിഷയമായി. ഈ ഫോട്ടോയ്ക്ക് പ്രചാരം ലഭിച്ചതോടെയാണ് ഹിജാബ് വിഷയം ഉയര്‍ന്നുവരുന്നത്. 

ചിക്കമം​ഗലൂർ ​ഗവൺമെന്റ് കോളജിൽ ഹിജാബ് ധരിച്ചു വന്ന പെൺകുട്ടികളെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയിരിക്കുന്നു/ ഫോട്ടോ: പിടിഐ
ചിക്കമം​ഗലൂർ ​ഗവൺമെന്റ് കോളജിൽ ഹിജാബ് ധരിച്ചു വന്ന പെൺകുട്ടികളെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയിരിക്കുന്നു/ ഫോട്ടോ: പിടിഐ

എ.ബി.വി.പിയില്‍ അംഗമല്ലാത്ത വിദ്യാര്‍ത്ഥിനികള്‍ എന്തിനാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും ഹിജാബ് ധരിക്കാത്തത് എന്താണെന്നും രക്ഷിതാക്കള്‍ തിരക്കി. ക്ലാസ്സ്‌റൂമില്‍ ഹിജാബ് അനുവദിക്കുന്നില്ലെന്നും നിര്‍ബന്ധപൂര്‍വം സമരത്തില്‍ പങ്കെടുപ്പിച്ചതാണെന്നും അപ്പോഴാണ് രക്ഷകര്‍ത്താക്കള്‍ അറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ സമ്മതമില്ലാതെ ഒരു സംഘടനയുടെ സമരത്തിന് അവരെ എന്തിനാണ് അയച്ചതെന്ന് രക്ഷിതാക്കള്‍ കോളേജ് അധികാരികളോട് ചോദിച്ചു. ഹിജാബ് ധരിക്കുന്നത് മതപരമായ അവകാശമാണെന്നും വ്യക്തമാക്കിയ അവര്‍ അതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്നത്തെ ലഘൂകരിക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിച്ചത്. അപ്പോഴേക്കും വിഷയം മുസ്ലിം സംഘടനകള്‍ ഏറ്റെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടും പോഷകസംഘടനയായ ക്യാംപസ് ഫ്രണ്ടുമാണ് മാനേജ്മെന്റിനെ സമീപിക്കാന്‍ രക്ഷിതാക്കളെ സഹായിച്ചതെന്നാണ് ഉഡുപ്പി പൊലീസ് സര്‍ക്കാരിനു നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എ.ബി.വി.പിയുടെ പ്രതിഷേധ പരിപാടിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തത് തങ്ങള്‍ക്ക് ക്ഷീണമായെന്ന കാഴ്ചപ്പാടിലായിരുന്നു ക്യാംപസ് ഫ്രണ്ട്. എ.ബി.വി.പിയുടെ പരിപാടികളില്‍നിന്ന് വിദ്യാര്‍ത്ഥിനികളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ഹിജാബ് ക്ലാസ്സ്‌റൂമില്‍ ധരിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുകയുമാണ് ക്യാംപസ് ഫ്രണ്ട് ചെയ്തതെന്ന് 'ദ് പ്രിന്റി'ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളേജ് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡയുടെ വാദവും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. രക്ഷിതാക്കളുടെ ആരോപണങ്ങളെ തള്ളിക്കളയുന്ന അദ്ദേഹം ഇങ്ങനെ പറയുന്നു: ക്യാംപസില്‍ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കാറുണ്ട്. ക്ലാസ്സില്‍ കയറുമ്പോള്‍ അത് മാറ്റും. എന്നാല്‍, ഡിസംബര്‍ മുതല്‍ ക്ലാസ്സ് സമയത്തും ഹിജാബ് ധരിക്കണമെന്ന് ചില പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. ആറ് മുസ്ലിം വിദ്യാര്‍ത്ഥിനികളും അവരുടെ കുടുംബവും കോളേജ് മാനേജ്മെന്റും തമ്മിലുള്ള പ്രശ്നമായി ഇത് മാറി. എന്നാല്‍, ഈ വിദ്യാര്‍ത്ഥിനികളുടേയും കുടുംബത്തിന്റേയും വിവരങ്ങള്‍ കോളേജ് പരസ്യമാക്കിയെന്ന് ക്യാംപസ് ഫ്രണ്ട് ആരോപിക്കുന്നു. അനുരഞ്ജന ചര്‍ച്ചയ്ക്ക് പലതവണ ശ്രമമുണ്ടായെങ്കിലും രാഷ്ട്രീയസംഘടനകളുടെ ഇടപെടലുകളുണ്ടായതോടെ എല്ലാം വിഫലമായി. സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചതു പോലെയായി. ജനുവരിയില്‍ വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. വാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞതോടെ സംസ്ഥാനത്തെ മറ്റു കോളേജ് ക്യാംപസുകളിലേക്കും വര്‍ഗീയവിദ്വേഷം പടര്‍ന്നു. 

കർണാടകയിലെ ഹിജാബ് പ്രശ്നത്തിൽ പ്രതിഷേധിച്ച എംഐഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു/ ഫോട്ടോ: പിടിഐ
കർണാടകയിലെ ഹിജാബ് പ്രശ്നത്തിൽ പ്രതിഷേധിച്ച എംഐഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു/ ഫോട്ടോ: പിടിഐ

ക്ലാസ്സുകളില്‍ ഹിജാബ് മാറ്റുന്നത് അംഗീകരിക്കുമെന്നും അത് ഈ ആറു കുടുംബങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും മുസ്ലിം സംഘടനയുടെ മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തിയതായി പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളികള്‍, ജമാഅത്ത്, ഇസ്ലാമിക് സംഘടനകള്‍ എന്നിവയുടെ ഏകീകൃത സംഘടനയാണ് ഇത്. എന്നാല്‍, തീവ്രമുസ്ലിം സംഘടനകളുടെ പിന്‍ബലത്തില്‍ അതിന് അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ഡിസംബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടാണ് തങ്ങള്‍ ഇതില്‍ ഇടപെട്ടതെന്നാണ് ക്യാംപസ് ഫ്രണ്ട് പറയുന്നത്. ജില്ലാ കമ്മിഷണര്‍ക്കും വിദ്യാഭ്യാസവകുപ്പിനും പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും സംഘടന പറയുന്നു. 

യഥാര്‍ത്ഥത്തില്‍ ഇവരുടെ ഇടപെടല്‍ തീവ്രഹിന്ദുത്വവാദമുയര്‍ത്തുന്ന എ.ബി.വി.പിക്ക് ഇതൊരു അനുഗ്രഹമായിരുന്നു. പ്രശ്നമുണ്ടായ ജില്ലകളില്‍ എ.ബി.വി.പിയും ക്യാംപസ് ഫ്രണ്ടുമായിരുന്നു പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍. മറ്റു പ്രധാന രാഷ്ട്രീയ കക്ഷികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സാന്നിധ്യമില്ലാത്തതിനാല്‍ ഇത് പ്രതിരോധിക്കാനോ തടയിടാനോ കഴിഞ്ഞതുമില്ല. ക്ലാസ്സില്‍ പ്രവേശിക്കാനാവാതെ പുറത്തുനിന്നു നോട്ട് എഴുതിയെടുക്കുന്ന കുട്ടികളുടെ ചിത്രം കൂടി പ്രചരിച്ചതോടെ പ്രശ്നം വീണ്ടും സങ്കീര്‍ണമായി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോളേജ് വികസന സമിതിയാകട്ടെ ആര്‍.എസ്.എസിന് ഭൂരിപക്ഷമുള്ളതായിരുന്നു. 21 അംഗ സമിതിയില്‍ ഒരാള്‍ പോലും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരില്ല. നിലവില്‍ ഈ പ്രശ്നം ഹിന്ദുത്വ സംഘടനകള്‍ക്കും മുസ്ലിം സംഘടനകള്‍ക്കും അഭിമാനപ്രശ്നമാണ്. 

വര്‍ഗീയതയുടെ വിളനിലം

കര്‍ണാടകയിലെ മൂന്നു ജില്ലകള്‍- ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി എന്നിവ വര്‍ഗീയപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമാണ് ഇപ്പോള്‍ ഈ പ്രദേശങ്ങള്‍. വസ്ത്രവും ഭക്ഷണവുമടക്കം വിഷയമാകുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വിളഭൂമിയാകുന്നത് അതുകൊണ്ടുകൂടിയാണ്. ഈ മൂന്നു ജില്ലകളിലും മുസ്ലിം-ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ ഏറെയുണ്ട്. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ഓരോ വര്‍ഷവും വര്‍ഗീയത കലര്‍ന്ന നൂറോളം സമാധാന പ്രശ്നങ്ങളെങ്കിലുമുണ്ടാകാറുണ്ട്. 2021-ല്‍ രണ്ടു ജില്ലകളിലായി 120 സംഭവങ്ങളാണുണ്ടായതെന്ന് പറയുന്നു കര്‍ണാടക ഹാര്‍മണി ഫോറത്തിലെ ആക്റ്റിവിസ്റ്റായ സുരേഷ് ഭട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 1990-കളിലാണ് ഹിന്ദുത്വരാഷ്ട്രീയത്തിന് വഴിമാറുന്നത്. കര്‍ണാടകയിലെ ആര്‍.എസ്.എസിന്റെ മുഖ്യപ്രവര്‍ത്തനമേഖലയും ഇതു തന്നെ. ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹമാണ് ആര്‍.എസ്.എസിനെ കാലങ്ങളായി പിന്തുണയ്ക്കുന്നത്. 1800-കളില്‍ തന്നെ സാരസ്വത ബ്രാഹ്മണര്‍ ആദ്യമായി ഹിന്ദു എന്ന വാക്ക് സൂചകമായി സ്വീകരിച്ച ഒരു സംഘമായി സ്വയം സംഘടിപ്പിക്കപ്പെട്ടിരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട ബാസല്‍ മിഷനോടുള്ള പ്രതികരണമായിരുന്നു ഇത്തരമൊരു നീക്കം.

കോവിഡ് പ്രതിരോധ മാസ്കിൽ ഹിജാബ് പ്രതിഷേധം
കോവിഡ് പ്രതിരോധ മാസ്കിൽ ഹിജാബ് പ്രതിഷേധം

സവിശേഷമായ ഭൂപ്രദേശമാണ് ദക്ഷിണ കര്‍ണാടക. അഞ്ചോളം ഭാഷകള്‍ (തുളു, ബേറി, കൊങ്കിണി, കന്നഡ, കൊറഗ) സംസാരിക്കുന്ന ഈ മേഖലയിലെ മൂന്നു ഭാഷകള്‍ സംസ്ഥാനത്ത് മറ്റൊരിടത്തും പ്രയോഗത്തിലില്ല. വ്യത്യസ്തമായ ഉച്ചാരണവും സാംസ്‌കാരവുമുള്ള ഈ പ്രദേശത്താണ് രാജ്യത്തെ തന്നെ ഏറ്റവും പ്രാമുഖ്യമുള്ള മഠങ്ങളുള്ളത്. തീവ്രഹിന്ദുത്വം വഹിക്കുന്ന പങ്ക് നിര്‍ണ്ണയിക്കാന്‍ ഈ പാരമ്പര്യങ്ങള്‍ കൂടി വിശാലമായി മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവുമൊടുവില്‍ ഉഡുപ്പി പേജാവര്‍ മഠത്തിന്റെ അധിപന്‍ സ്വാമി വിശ്വേശ തീര്‍ത്ഥ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വന്നപ്പോഴാണ് ഹിന്ദുത്വ രാഷ്ട്രീയം തീവ്രശക്തിയാര്‍ജിച്ചത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ആര്‍.എസ്.എസിന്റെ സംഘടനാ പ്രവര്‍ത്തനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണവും ചെയ്തു. 

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ബി.ജെ.പിക്ക് രാഷ്ട്രീയാനുകൂലമായതോടെ കാര്യങ്ങള്‍ ഏകദേശം വ്യക്തവുമായി. അതായത്, മുന്നോക്ക സമുദായവും പിന്നോക്ക സമുദായവും ഒരുപോലെ ഹിന്ദുത്വരാഷ്ട്രീയത്തെ പിന്‍പറ്റാന്‍ തുടങ്ങി. മുന്നോക്ക സമുദായമായ ബണ്ടുകളും പിന്നോക്ക സമുദായങ്ങളായ ബില്ലവ/പൂജാരി, മൊഗവീര തുടങ്ങിയവയും ഹിന്ദുത്വത്തിന്റെ കുടക്കീഴിലുമായി. ഫ്യൂഡല്‍ രീതികള്‍, ജാതി ഉച്ചനീചത്വങ്ങള്‍, കൃഷി എന്നിങ്ങനെ വിവിധ മേഖലകളിലെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളിലൂടെയാണ് ഹിന്ദുത്വം അവിടെ നിലയുറപ്പിച്ചത്. 1974-ലെ ഭൂപരിഷ്‌കരണത്തിലൂടെ സാമ്പത്തികശേഷിയുള്ള ചെറിയ ഭൂവുടമകളുണ്ടായി. ചെറിയ സമുദായങ്ങളെപ്പോലും ഇത് ശക്തിപ്പെടുത്തി. അവസരങ്ങള്‍ കിട്ടാത്തവര്‍ പ്രവാസികളായി. മുംബൈയിലേക്കും ഗള്‍ഫിലേക്കും കുടിയേറ്റമുണ്ടായി. കൃഷിസംസ്‌കാരം പോയതോടെ ദൈവ ആരാധന സമ്പ്രദായം തന്നെ ഇല്ലാതായി. കൃത്യമായ രാഷ്ട്രീയ ദിശയില്ലാത്ത ഈ കാലയളവിലാണ് ഹിന്ദുത്വം കടന്നുകയറുന്നത്. തൊണ്ണൂറുകളിലെ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം അതിനൊരു അവസരമായപ്പോള്‍ വി.എച്ച്.പിയായിരുന്നു അത് നടപ്പാക്കിയത്.  

മൂന്നു ദശാബ്ദം മുന്‍പു തന്നെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഈ ജില്ലകളില്‍ വെറുപ്പിന്റെ രാഷ്ട്രീയമായിരുന്നു ആയുധം. ഉത്തരേന്ത്യയില്‍ സ്വീകരിച്ച തന്ത്രങ്ങളെല്ലാം കര്‍ണാടകയിലും ആര്‍.എസ്.എസ് പരീക്ഷിച്ചിട്ടുണ്ട്. ഗോരക്ഷ, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങള്‍ വളരെ അക്രമാസക്തമായി സംഘ്പരിവാര്‍ ഉപയോഗിച്ചു. 1950-കളില്‍ തന്നെ ഗോരക്ഷാസമിതികള്‍ കണാടകത്തില്‍ രൂപപ്പെട്ടുവെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലാണ് കന്നുകാലികളെ വില്‍ക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായത്. ഹിന്ദു യുവസേന, ബജ്റംഗദള്‍, രാമസേന, ഹനുമാന്‍സേന തുടങ്ങി ഒട്ടേറെ സംഘടനകളാണ് വെറുപ്പിന്റെ ഈ രാഷ്ട്രീയം പ്രയോഗിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഹിജാബ് വിവാദവും.

ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്കെതിരേ കാവി ഷാൾ ധരിച്ച് വന്ന വിദ്യാർത്ഥികൾ. ചിക്കമം​ഗലൂരിൽ നിന്നുള്ള ചിത്രം/ ഫോട്ടോ: പിടിഐ
ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികൾക്കെതിരേ കാവി ഷാൾ ധരിച്ച് വന്ന വിദ്യാർത്ഥികൾ. ചിക്കമം​ഗലൂരിൽ നിന്നുള്ള ചിത്രം/ ഫോട്ടോ: പിടിഐ

വിവാദത്തിന്റെ നാള്‍വഴി

2021 ഡിസംബര്‍

ഹിജാബ് ധരിച്ചതിനാല്‍ ക്ലാസ്സില്‍ കയറ്റുന്നില്ലെന്ന് ആറു മുസ്ലിം വിദ്യാര്‍ത്ഥിനികള്‍. ജില്ലാ കമ്മിഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി. ഹൈക്കോടതിയില്‍ ഹര്‍ജി.

ജനുവരി 3

കൊപ്പ, ചിക്മംഗളുരു എന്നിവിടങ്ങളിലെ കോളേജുകളില്‍ കുട്ടികള്‍ യൂണിഫോമിനൊപ്പം കാവിഷാളണിഞ്ഞ് ധര്‍ണ നടത്തി. ഹിജാബ് അനുവദിച്ചാല്‍ കാവിഷാളും അനുവദിക്കണമെന്നാവശ്യം. 

ജനുവരി 6

മംഗളുരുവിലെ പോംപെ കോളേജിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. 

ജനുവരി 31

സര്‍ക്കാര്‍ സമിതി നിര്‍ദ്ദേശിച്ച വസ്ത്രധാരണം മാത്രം അനുവദിച്ചാല്‍ മതിയെന്ന് കോളേജുകളോടും സ്‌കൂളുകളോടും കര്‍ണാടക സര്‍ക്കാര്‍

ഫെബ്രുവരി 2

ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്‌കാര്‍ഫ് ധരിച്ചതിനെത്തുടര്‍ന്ന് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ കുന്ദാപ്പുര്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിപ്പിച്ചില്ല. ക്ലാസ്സില്‍ കയറ്റാന്‍ അനുവദിക്കണമെന്ന് യാചിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറലായി.

ഫെബ്രുവരി 3

കൂടുതല്‍ കോളേജുകളിലേക്ക് ഹിജാബ് വിവാദം പടര്‍ന്നു. ഹിജാബ്, കാവിഷാള്‍ ധരിച്ച കുട്ടികളെ കുന്ദാപ്പൂരിലെ ഭണ്ഡാകര്‍ കോളേജ് അധികൃതര്‍ പ്രവേശിപ്പിച്ചില്ല.

ഫെബ്രുവരി 4

കാവിയും ഹിജാബും ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ബൈന്ദൂരിലെ കോളേജില്‍ പ്രവേശിപ്പിച്ചില്ല.

ഫെബ്രുവരി 5

സമത്വവും ഏകീകൃതവും പൊതുനിയമത്തിനു ചേരുന്നതുമല്ലാത്ത വസ്ത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ കോളേജുകളോട് ആവശ്യപ്പെട്ടു. ഹിജാബ് എന്ന് പ്രത്യേകം ഉത്തരവില്‍ എടുത്തുപറഞ്ഞില്ല. 

ഫെബ്രുവരി 8

പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ മൂന്നു ദിവസത്തേക്ക് കോളേജുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹിജാബിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധം.

ഫെബ്രുവരി 9

ഭരണഘടനാപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടി വിശാലബെഞ്ചിലേക്ക് ഹൈക്കോടതി ഹര്‍ജികള്‍ മാറ്റി. 

ഫെബ്രുവരി 10

ഹര്‍ജി യഥാസമയം പരിശോധിക്കാമെന്ന് സുപ്രീംകോടതി.

ഫെബ്രുവരി 11

ഭാഗ്വ(കാവിഷാള്‍), സ്‌കാര്‍ഫ്, ഹിജാബ്, മതപരമായ വസ്ത്രങ്ങള്‍ എന്നിവ ധരിച്ച് വരുന്നവരെ ക്ലാസ്സ്‌റൂമില്‍ കയറ്റുന്നത് വിലക്കി ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് അവകാശമാണ് എന്നുന്നയിക്കുന്ന ഹര്‍ജി തീര്‍പ്പാക്കുന്നത് വരെയാണ് ഇടക്കാല ഉത്തരവ്.  

ഫെബ്രുവരി 14

ഹൈസ്‌കൂള്‍ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com