എസ്.ഐ ചാക്കുണ്ണി മുതല്‍ ചേകന്നൂര്‍ മൗലവി വരെ

ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്റെ കാര്യം ആദ്യമേ തന്നെ എന്റെ സജീവ ശ്രദ്ധയില്‍ വന്നു. തൊട്ടുമുന്‍പ് അവിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു
എസ്.ഐ ചാക്കുണ്ണി മുതല്‍ ചേകന്നൂര്‍ മൗലവി വരെ

ഓര്‍മ്മച്ചിത്രം ചാക്കുണ്ണിയില്‍നിന്ന് തുടങ്ങാം. തൃശൂര്‍ എസ്.പി ആയെത്തുമ്പോള്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ചുമതല വഹിച്ചിരുന്ന സബ്ബ് ഇന്‍സ്പെക്ടറായിരുന്നു ചാക്കുണ്ണി. ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്റെ കാര്യം ആദ്യമേ തന്നെ എന്റെ സജീവ ശ്രദ്ധയില്‍ വന്നു. തൊട്ടുമുന്‍പ് അവിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു. കുറേ സ്ഥലത്ത് പൊലീസ് പിക്കറ്റുമുണ്ടായിരുന്നു. ആ നിലയ്ക്ക് ആ പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരന്‍ ഏറ്റവും പ്രാപ്തനും ഊര്‍ജ്ജസ്വലനുമായിരിക്കണമല്ലോ. പക്ഷേ, അന്നത്തെ അവിടുത്തെ സബ്ബ് ഇന്‍സ്പെക്ടറാകട്ടെ വിരമിക്കാന്‍ കഷ്ടിച്ച് രണ്ടുമാസം മാത്രമുള്ള ഉദ്യോഗസ്ഥനായിരുന്നു. പേര് ചാക്കുണ്ണി. പൊലീസുകാരനായി ചേര്‍ന്ന്, പ്രൊമോഷനിലൂടെ സര്‍വ്വീസിന്റെ അവസാന കാലത്ത് എസ്.ഐ റാങ്കില്‍ എത്തിയ ഉദ്യോഗസ്ഥന്‍. ജില്ലയിലെ ഏറ്റവും തലവേദന പിടിച്ച പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കാന്‍ റിട്ടയര്‍മെന്റിന്റെ വക്കത്ത് എത്തിനില്‍ക്കുന്ന ഈ ഉദ്യോഗസ്ഥനെങ്ങനെ കഴിയും? അങ്ങനെ സംശയിക്കാന്‍ കാരണം ഉണ്ട്. ''സര്‍, എനിക്കിനി 11 മാസം സര്‍വ്വീസേ ഉള്ളൂ സാര്‍'' എന്നൊക്കെ സങ്കടം പറഞ്ഞ് വിശ്രമജീവിതത്തിന് പറ്റിയ ലാവണം തേടുന്ന പല ഉദ്യോഗസ്ഥരേയും കണ്ടിട്ടുണ്ട്. വിരമിക്കാന്‍ രണ്ടും മൂന്നും വര്‍ഷം ഉള്ളപ്പോള്‍ ''എനിക്കിനി 19 മാസം,'' --''32 മാസം'' എന്നൊക്കെ അവതരിപ്പിച്ച് വിശ്രമജീവിതത്തിന് പറ്റിയ ഇടം തേടുന്നവരേയും കണ്ടിട്ടുണ്ട്. അതില്‍ ചിലരോട് ''നിങ്ങള്‍ അത്രയും കാലം ജീവിക്കും എന്നതിന് എന്താണുറപ്പ്? ഉള്ള സമയത്ത് പോയി എന്തെങ്കിലും നല്ലകാര്യം ചെയ്യാന്‍ നോക്കണം'' എന്നൊക്കെ അല്പം തത്ത്വശാസ്ത്രവും കുറച്ച് ധിക്കാരവും കലര്‍ത്തി സംസാരിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള ലോകത്താണ് പ്രശ്‌നഭരിതമായ പൊലീസ് സ്റ്റേഷന്റെ തലപ്പത്ത് റിട്ടയര്‍മെന്റിന്റെ വക്കത്തെത്തിയ ചാക്കുണ്ണി. ഈ ഉദ്യോഗസ്ഥനെ ഉടന്‍ മാറ്റണം, മനസ്സില്‍ തോന്നി. എങ്കിലും തോന്നുന്നപോലെ എടുത്തുചാടി ചെയ്യേണ്ട ഒന്നല്ലല്ലോ ഉദ്യോഗസ്ഥ വിന്യാസം. ആദ്യം ഇക്കാര്യം ഞാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലക്കാരനായ ഡി.വൈ.എസ്.പി പൈലിയോട് സംസാരിച്ചു. ഏതാണ്ട് തീരുമാനിച്ചുറച്ചപോലെയാണ് ഞാന്‍ ഇക്കാര്യം പൈലിയോട് സംസാരിച്ചത്. രാപ്പകല്‍ ഓടിനടക്കാന്‍ പ്രാപ്തിയുള്ള ഊര്‍ജ്ജസ്വലനായ ഒരു ഉദ്യോഗസ്ഥനെ വേണ്ടിടത്ത് എങ്ങനെ വിരമിക്കാറായ ഈ എസ്.ഐയെ പറ്റും. ഇങ്ങനെ കുറെ കാര്യങ്ങള്‍ പറഞ്ഞ് ഞാന്‍ അല്പം വാചാലനായി. എല്ലാം ക്ഷമയോടെ കേട്ടിട്ട് പൈലി പറഞ്ഞു: ''സാര്‍ പറഞ്ഞതെല്ലാം ശരിയാണ്.'' അയാള്‍ എന്നോട് യോജിച്ചു. പക്ഷേ, അടുത്ത വാചകം ''സാര്‍, പക്ഷേ, ചാക്കുണ്ണിയുടെ കാര്യത്തില്‍ ഒന്നുകൂടി ആലോചിക്കണം'' എന്നായിരുന്നു. തികഞ്ഞ സൗമ്യതയോടെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ആ ഉദ്യോഗസ്ഥന്റെ കഴിവ് അപാരമായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും ''യെസ് സാര്‍, യെസ് സാര്‍'' എന്നുമാത്രം പറയാന്‍ ശീലിക്കുന്നവര്‍ കണ്ടുപഠിക്കേണ്ട മാതൃകയായിരുന്നു ഈ പൈലി. പിന്നീട് മറ്റെന്തൊക്കെയോ ഞങ്ങള്‍ സംസാരിച്ചു. പോകാന്‍ എഴുന്നേറ്റ ശേഷം പൈലി വീണ്ടും ''സാര്‍ ചാക്കുണ്ണിയുടെ കാര്യം സാര്‍ ഒന്നുകൂടി അന്വേഷിക്കണം'' എന്നു പറഞ്ഞിട്ടാണ് ഇറങ്ങിയത്. സ്ഥലംമാറ്റ കാര്യത്തില്‍ എന്റെ ആവേശം അല്പം തണുത്തു. അത്രമാത്രം. തൊട്ടടുത്ത ദിവസം തൃശൂര്‍ ഡി.വൈ.എസ്.പി സുബ്രഹ്മണ്യന്‍ ഓഫീസില്‍ വന്നപ്പോള്‍ ഞാന്‍ ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസറുടെ വിഷയം എടുത്തിട്ടു. ''ചാക്കുണ്ണിയെ മാറ്റണ്ട സാര്‍'' എന്നായിരുന്നു അദ്ദേഹത്തിന്റെ കൃത്യമായ നിലപാട്. എന്നെ സംബന്ധിച്ചിടത്തോളം അക്കാലത്ത് സുബ്രഹ്മണ്യന്റേത് അവസാന വാക്കായിരുന്നു. 

ചാക്കുണ്ണി കാണിച്ച മാതൃക

ചാക്കുണ്ണി ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് വിരമിക്കുമ്പോള്‍ യാത്രയയപ്പിന് ഞാനും പോയിരുന്നു. അദ്ദേഹത്തിന്റെ പൊലീസ് അനുഭവങ്ങളെക്കുറിച്ച് പലതും എന്നോട് പറഞ്ഞു. ഒരിക്കല്‍ മാത്രം വിഷമം തോന്നിയ അനുഭവം ഒരു യുവ എസ്.പിയില്‍നിന്നും ഉണ്ടായത്രെ. ആ എസ്.പി ചാക്കുണ്ണിയുടെ പൊലീസ് സ്റ്റേഷനില്‍ ഒരു വെള്ളിയാഴ്ച പരേഡിന് ചെന്നു. പൊലീസുകാരെ മുഴുവന്‍ അറ്റന്‍ഷനില്‍ നിര്‍ത്തി എസ്.ഐ, എസ്.പിയുടെ മുന്നില്‍ ചെന്ന് സല്യൂട്ട് ചെയ്തു. ''നിങ്ങള്‍ ഒരു വയസ്സനാണല്ലോ'' എന്നായിരുന്നുവത്രെ എസ്.പി പറഞ്ഞത്. അത് അദ്ദേഹത്തെ വേദനിപ്പിച്ചു. എങ്കിലും ''അതെന്റെ കുറ്റമല്ല സര്‍'' എന്ന് ചാക്കുണ്ണി മറുപടിയും പറഞ്ഞു. 

അദ്ദേഹം എന്നോട് പങ്കിട്ട ഒരനുഭവം പല പൊലീസ് പരിശീലന ക്ലാസ്സുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂരിനടുത്ത് ഒരിക്കല്‍ അയാള്‍ പൊലീസ് ജീപ്പില്‍ ഡ്രൈവറുമൊത്ത് പോകുകയായിരുന്നു. കൊച്ചുകുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിനടുത്തുകൂടിയായിരുന്നു യാത്ര. ധാരാളം കൊച്ചുകുട്ടികള്‍ വെളിയിലുണ്ട്. രാവിലെ ബെല്ലടിച്ച് ക്ലാസ്സ് തുടങ്ങും മുന്‍പുള്ള സമയം ആയിരുന്നു അത്. പൊലീസ് ജീപ്പ് സ്‌കൂളിനടുത്തെത്തിയപ്പോള്‍ കുട്ടികള്‍ ജീപ്പ് നോക്കി കൂവാന്‍ തുടങ്ങി. ചാക്കുണ്ണി എസ്.ഐയ്ക്ക് അത് ആദ്യ അനുഭവമായിരുന്നു. അയാള്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. നിര്‍ത്തിയപ്പോള്‍ കുട്ടികള്‍ കൂടുതല്‍ കൂവി. അതൊന്നും ഗൗനിക്കാതെ ചാക്കുണ്ണി നേരെ സ്‌കൂളിന്റെ സ്റ്റാഫ് റൂമിലെത്തി. അവിടെ ഹെഡ്മാസ്റ്റര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ സമീപിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം ചാക്കുണ്ണി പറഞ്ഞു: ''മാഷെ, എനിക്കൊരു പരാതി ഉണ്ടായിരുന്നു.'' ഹെഡ്മാസ്റ്റര്‍ക്ക് അത്ഭുതം. പൊലീസിന് ഹെഡ്മാസ്റ്ററോട് പരാതിയോ? ചാക്കുണ്ണി തുടര്‍ന്നു: ''ഞാനിതുവഴി പോകുകയായിരുന്നു, ജീപ്പില്‍, അപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ ഞങ്ങളെ കൂവി.'' ഹെഡ്മാസ്റ്റര്‍ മറുപടി പറഞ്ഞു: ''അതിവിടെ, പണ്ടേ കുട്ടികളുടെ ശീലമാണ്, ഏത് പൊലീസ് വണ്ടി പോയാലും അങ്ങനെയാണ്.'' കേട്ടാല്‍ തോന്നുക ചാക്കുണ്ണി പൊലീസിനോട് കുട്ടികള്‍ വിവേചനമൊന്നും കാണിച്ചില്ല എന്നാണ്. അതുകൊണ്ട് തൃപ്തനാകാതെ ചാക്കുണ്ണി ചോദിച്ചു: ''അല്ല മാഷെ, കുട്ടികള്‍ അങ്ങനെ ചെയ്യുന്നത് ശരിയാണോ?'' അപ്പോഴാണ് ആ പ്രവൃത്തിയുടെ ശരിതെറ്റുകളെക്കുറിച്ച് ആ അദ്ധ്യാപകന്‍ ചിന്തിച്ചത്. അദ്ദേഹം പറഞ്ഞു: ''ശരിയൊന്നുമല്ല അത്. പക്ഷേ, കുട്ടികള്‍ക്ക് അറിയില്ലല്ലോ.'' ''കുട്ടികള്‍ക്കറിയില്ല, പക്ഷേ അറിയാത്ത കാര്യങ്ങള്‍ പഠിപ്പിക്കാനാണല്ലോ മാഷേ അവരെ സ്‌കൂളില്‍ അയയ്ക്കുന്നത്'' എന്നായി ചാക്കുണ്ണി. ആ നല്ല അദ്ധ്യാപകന്‍, കുട്ടികളെ ക്ലാസ്സില്‍ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാമെന്ന് വാക്കുകൊടുത്തു. അതിനുശേഷം ആ സ്‌കൂള്‍ പരിസരത്ത് പൊലീസിനു നേരേയുള്ള കൊച്ചുകുട്ടികളുടെ കൂവല്‍ അതോടെ ഇല്ലാതായി. എനിക്ക് വലിയ മതിപ്പുതോന്നി. പ്രായോഗിക അനുഭവത്തിന്റെ കളരിയിലല്ലാതെ ഏതു പൊലീസ് അക്കാദമിക്കാണ് ഇത്തരം പാഠങ്ങള്‍ പഠിപ്പിക്കാനാകുക. പെറ്റിക്കേസും എഫ്.ഐ.ആറും മാത്രമല്ല ജനാധിപത്യത്തില്‍ പൊലീസിന്റെ ആയുധം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ അനുഭവം. കുട്ടിപ്പൊലീസും ജനമൈത്രിയുമെല്ലാം നല്ലതുതന്നെ. പക്ഷേ, വലിയ വിളംബരത്തോടെ ഇതൊക്കെ തുടങ്ങും മുന്‍പേ ഇവ പ്രയോഗത്തില്‍ വരുത്തിയ ചാക്കുണ്ണിമാര്‍ കേരള പൊലീസിലുണ്ട്. ദൗര്‍ഭാഗ്യവശാല്‍ കരിപുരണ്ട പൊലീസ് മാതൃകകളാണ് പലപ്പോഴും മാധ്യമശ്രദ്ധ നേടുന്നത്.

യാത്രയയപ്പിന്റെ അവസരത്തില്‍ അടുത്തറിയാന്‍ കഴിഞ്ഞ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു അവിടുത്തെ സി.ഐ എം.ആര്‍. മണിയന്‍. പൊലീസിന്റെ അധികാരശ്രേണീ വ്യവസ്ഥയില്‍ ഔദ്യോഗിക യോഗത്തിലെ  പൊതുചര്‍ച്ചയില്‍നിന്നു മാത്രം ഓരോ ഉദ്യോഗസ്ഥന്റേയും കഴിവുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാനാകില്ല.  യാത്രയയപ്പിന് കണ്ടപ്പോള്‍ സി.ഐ. മണിയനുമായി ചില കേസുകളെക്കുറിച്ച് നേരിട്ട് വിശദമായി സംസാരിച്ചു. കുറ്റകൃത്യങ്ങളില്‍ സംശയിച്ച വ്യക്തികളെ ചോദ്യം ചെയ്ത ചില അനുഭവങ്ങള്‍ പങ്കിട്ടു. ഏറെ ക്ഷമയും അദ്ധ്വാനവും ശാസ്ത്രീയ ചിന്താഗതിയും അതിലുപരി മനഃശാസ്ത്രപരമായ സമീപനവും ഒക്കെ ആവശ്യമുള്ള സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണത്. കുറ്റകൃത്യത്തിന്റെ മേഖലയില്‍ വിഹരിക്കുന്നവരുടെ മനോവ്യാപാരങ്ങളറിഞ്ഞ് അവരുമായി ഇടപഴുകി പ്രസക്തമായ വിവരങ്ങള്‍ കണ്ടെത്തുന്നതില്‍ സി.ഐ മണിയന് സാമര്‍ത്ഥ്യവും അഭിരുചിയും ഉണ്ടെന്ന് എനിക്കു തോന്നി. 

അതെനിക്ക് കൂടുതല്‍ ബോദ്ധ്യമായ ഒരു സംഭവം ഉണ്ടായി. നേരത്തെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണമെന്ന നിലയില്‍ പൊലീസ് ഏതാണ്ട് എഴുതിത്തള്ളിയ ഒരു കേസായിരുന്നു പീച്ചി പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ മരണപ്പെട്ട ഒരു വിമുക്തഭടന്റേത്. പേര് ജനാര്‍ദ്ദനന്‍ നായര്‍. നാട്ടുകാര്‍ക്കും പരാതിയുണ്ടായിരുന്നില്ല. ഞാന്‍ എസ്.പി ആയെത്തും മുന്‍പാണ് സംഭവം. പീച്ചി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചെമ്പുത്തറ എന്ന സ്ഥലത്തിനടുത്തുവച്ച് നാഷണല്‍ ഹൈവേയില്‍ റോഡില്‍ മരണപ്പെട്ട അവസ്ഥയിലാണ് അയാള്‍ കാണപ്പെട്ടത്. അയാള്‍ സഞ്ചരിച്ചിരുന്ന സൈക്കിളും സംഭവസ്ഥലത്തുണ്ട്. റോഡപകടത്തെ തുടര്‍ന്നുള്ള മരണം എന്ന നിലയില്‍ കേസിന് കാര്യമായ പ്രാധാന്യമൊന്നും കിട്ടിയില്ല. മരണത്തില്‍ സംശയം ഉന്നയിക്കാനോ പരാതി അയയ്ക്കാനോ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനോ ഒന്നും ആരും ഉണ്ടായില്ല. നിത്യജീവിതത്തിന്റെ വലിയ ഭാരം താങ്ങുന്നതിനിടയിലും അല്പം സമയം മറ്റുള്ളവര്‍ക്കു കൂടി കണ്ടെത്തിയിരുന്നു കഠിനാദ്ധ്വാനിയായ ആ വിമുക്തഭടന്‍. ജന്മനാ രോഗം ബാധിച്ച് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന മകന്റെ ദൈനംദിന കാര്യങ്ങളില്‍ സഹായിച്ച ശേഷം അവനൊരുമ്മയും കൊടുത്ത് സൈക്കിളില്‍ അയാള്‍ നേരം പുലരും മുന്‍പേ പുറപ്പെടും. അയാള്‍ ഒരു താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായി അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്നു. ജോലിയിലും അയാള്‍ കണിശക്കാരനായിരുന്നു. തനി പട്ടാളം തന്നെ. ഇതിനെല്ലാം ഇടയില്‍ നാട്ടില്‍ കുറെ ചെറിയ കുട്ടികള്‍ക്ക് യോഗയിലും മറ്റും പരിശീലനം നല്‍കിയിരുന്നു. തികച്ചും സേവനമായിട്ടാണത് ചെയ്തിരുന്നത്. അങ്ങനെയൊക്കെയുള്ള ഒരു ജീവിതമായിരുന്നു റോഡില്‍ പൊലിഞ്ഞത്. പൊലീസിന്റെ ഫയലില്‍ അപകടമരണമായി അന്വേഷണം അകാലചരമമടഞ്ഞു. പക്ഷേ, കേസ് ഫയലിനെ നിത്യശാന്തിയില്‍നിന്നും ഉണര്‍ത്തിയെടുത്ത് ഒല്ലൂര്‍ സി.ഐ ആയെത്തിയ മണിയന്‍. ഫയല്‍ പരിശോധിച്ചപ്പോള്‍ അപകടമരണം സംഭവിച്ചതിന്റെ ദൃക്സാക്ഷിവിവരണം പോലെ മനോഹരമായി അതിലെല്ലാം എഴുതിയിട്ടുണ്ട്. വെളുപ്പാന്‍ കാലത്ത് മുളകയറ്റിയ ലോറികള്‍ ഹൈവേയിലൂടെ പതിവായി പോകാറുണ്ടത്രെ. ചില ലോറികളില്‍ മുള ലോഡ് ചെയ്യുമ്പോള്‍ അത് ലോറിയുടെ ഒരു വശത്തേയ്ക്ക് തള്ളിനില്‍ക്കും. വിമുക്തഭടന്‍ വെളുപ്പിനെ ഉണര്‍ന്ന് സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ലോറിയില്‍നിന്ന് വെളിയിലേയ്ക്ക് തള്ളിനിന്ന മുളന്തണ്ട് അയാളുടെ തലയില്‍ തട്ടി അയാള്‍ നിലത്തുവീണു. പരിക്കുപറ്റിയ വിമുക്തഭടന്‍ അതോടെ നിത്യജീവിതത്തിന്റെ കഷ്ടപ്പാടില്‍നിന്നും വിമുക്തി നേടി. അങ്ങനെ ഒരു ലോറിയുണ്ടെങ്കില്‍ അത് കണ്ടെത്തണ്ടേ?ആരായിരുന്നു ഡ്രൈവര്‍? അതിനൊക്കെ ബുദ്ധിമുട്ടാനും മാത്രം ഉള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാനുള്ള വിലയൊന്നും വിമുക്തഭടന്റെ ജീവന് ഉണ്ടായിരുന്നില്ല. 

പക്ഷേ, അയാള്‍ക്ക് ഗുണകരമായി രണ്ടു വസ്തുതകള്‍ ഫയലില്‍നിന്നും സി.ഐയുടെ ശ്രദ്ധയില്‍ പെട്ടു. ഒന്നാമതായി ആദ്യ അന്വേഷണം നടത്തിയതിന്റെ വിവരണം സ്‌കറിയ എന്നു പേരായ ഒരു സബ്ബ് ഇന്‍സ്പെക്ടര്‍ ഫയലില്‍ എഴുതിയിരുന്നു. ഇംഗ്ലീഷിലാണ് അത് എഴുതിയിരുന്നത്. പഴയകാലത്ത് ചില ഉദ്യോഗസ്ഥര്‍ അങ്ങനെ എഴുതുമായിരുന്നു. ഭാഷയ്ക്കപ്പുറം സ്‌കറിയയുടെ ശ്രദ്ധേയമായ സംഭാവന ഒരു ചിത്രമായിരുന്നു. അയാള്‍ക്ക് ചിത്രം വരയില്‍ വാസനയും ഉണ്ടായിരുന്നിരിക്കാം. കേസ് ഫയലില്‍, റോഡില്‍ മരിച്ചുകിടന്ന വിമുക്തഭടന്റെ മരണദൃശ്യം വരച്ചിട്ടിരുന്നു. ആ ചിത്രത്തില്‍, റോഡില്‍ വീണുകിടന്ന വിമുക്തഭടന്റെ ഇരുകാലുകള്‍ക്കും ഇടയില്‍ നടുക്കായാണ് അപ്പോഴും സൈക്കിള്‍. ഓടുന്ന ലോറിയില്‍നിന്ന് വെളിയിലേയ്ക്ക് തള്ളിനില്‍ക്കുന്ന മുള തട്ടിയതാണെങ്കില്‍ അല്പമെങ്കിലും അകലെ തെറിച്ച് വീഴേണ്ടതല്ലേ? അങ്ങനെയാണെങ്കില്‍ സൈക്കിളും ദേഹവും ചിത്രത്തില്‍ കണ്ടപോലെ ചേര്‍ന്ന് നിലത്തുകിടക്കുമോ? സംശയം പിന്നെയും വര്‍ദ്ധിച്ചത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് മെഡിസിനിലെ ഡോക്ടര്‍ രാജാറാം ആയിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഉച്ചിയില്‍ നല്ലൊരു പരിക്ക് മാത്രമായിരുന്നു മുഖ്യം. വാഹനാപകടത്തില്‍ അത് സംഭവിക്കാന്‍ സാധ്യത വളരെ വിരളമാണ് എന്ന് ഡോക്ടര്‍ രാജാറാം വ്യക്തമായി പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍നിന്നും തെറിച്ചുവീണ് നേരെ ചെന്ന് ഏതെങ്കിലും കൂര്‍ത്ത പാറയിലോ മറ്റോ ഇടിച്ചാല്‍ ഒരുപക്ഷേ, തലയില്‍ അത്തരം മുറിവുണ്ടാകാം. അങ്ങനെയാണെങ്കില്‍ സൈക്കിളും യാത്രക്കാരനും ചിത്രത്തില്‍ കാണുന്നപോലെ വീഴില്ല. കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലായിരുന്നു. തുറന്ന മനസ്സോടെ സി.ഐ മണിയനും സംഘവും അന്വേഷണം പുനരാരംഭിച്ചപ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു. സുരക്ഷാജോലിയില്‍ കര്‍ശനക്കാരനായിരുന്ന അയാളോട് രണ്ടു യുവാക്കള്‍ കടുത്ത ശത്രുതയിലായിരുന്നു. അവരുടെ ചില വഴിവിട്ട നടപടികള്‍ക്കും ചില്ലറ മോഷണശ്രമങ്ങള്‍ക്കും വിമുക്തഭടന്‍ തടസ്സമായപ്പോള്‍ ഉടലെടുത്ത പകയുടെ പരിണാമമായിരുന്നു ആ കൊലപാതകം. കൃത്യതയുള്ള ഘടികാരം പോലെ ജീവിച്ച വിമുക്തഭടനെ അക്രമിക്കാന്‍ എളുപ്പമായിരുന്നു. വെളുപ്പിന് പതിവുപോലെ സൈക്കിളില്‍ വീട്ടില്‍നിന്നും പുറപ്പെട്ട അയാളെ കാത്തുനിന്ന് കമ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. ഒറ്റയടിയില്‍ എല്ലാം കഴിഞ്ഞു. ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞത് സി.ഐ മണിയന്റെ കുറ്റാന്വേഷണ മികവുകൊണ്ട് മാത്രമാണ്. 

ചേകന്നൂര്‍ മൗലവി
ചേകന്നൂര്‍ മൗലവി

അതിലും എത്രയോ വലിയ സംഭാവന മറ്റൊരു അന്വേഷണത്തില്‍ അയാള്‍ നല്‍കിയെങ്കിലും കേസിന്റെ താല്പര്യത്തില്‍ അന്നത് പരസ്യപ്പെടുത്തിയില്ല. ഇപ്പോള്‍ അന്വേഷണവും വിചാരണയും അപ്പീലും കഴിഞ്ഞ പ്രസിദ്ധമായ ചേകന്നൂര്‍ മൗലവി കേസായിരുന്നു അത്. അന്ന് ആ കേസിന്റെ അന്വേഷണം നടത്തിയിരുന്നത് സി.ബി.ഐ ആണ്. പക്ഷേ, അവിചാരിതമായി അതിന്റെ ചില വിവരങ്ങള്‍ ഞങ്ങളുടെ വഴിയേ വന്നു. കുറ്റാന്വേഷണത്തിന്റെ ലോകം അങ്ങനെയാണ്. ഒരു കേസിന്റെ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിടയില്‍ ചിലപ്പോള്‍ പണ്ടു നടന്ന മറ്റൊരു കുറ്റകൃത്യമായിരിക്കും മറനീക്കി പുറത്തുവരുന്നത്. പ്രമാദമായ പല കേസുകളിലും അത് സംഭവിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രതയും കൂര്‍മ്മബുദ്ധിയും അവിടെ പ്രധാനമാണ്.  ഒരു ദിവസം ഉച്ചകഴിഞ്ഞ നേരത്ത് സി.ഐ മണിയന്‍ തൃശൂരില്‍ എന്റെ ഓഫീസില്‍ വന്നു. തീവ്രവാദത്തിലേയ്ക്ക് വഴിതെറ്റിയ ചില മുസ്ലിം യുവാക്കള്‍ നടത്തിയ ഏതാനും കുറ്റകൃത്യങ്ങള്‍ അക്കാലത്ത് പൊലീസിന്റെ സജീവ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പഴയന്നൂരില്‍ ഫക്കീര്‍ ഉപ്പാപ്പ എന്നറിയപ്പെട്ടിരുന്ന ഒരു സിദ്ധന്റെ കൊലപാതകം അത്തരത്തിലുള്ളതായിരുന്നു. ഒരു മോഷണ കേസിന്റെ അന്വേഷണത്തിനിടയില്‍ ലഭിച്ച സൂചനകള്‍ തീവ്രവാദത്തിന്റെ ചില കണ്ണികള്‍ വെളിപ്പെടുത്തുന്നതായിരുന്നു. ചെറുതുരുത്തിക്കടുത്തുള്ള ഒരു യുവാവ് പൊലീസിന്റ ശ്രദ്ധയില്‍ വന്നത് ഒരു മോഷണക്കേസില്‍  സംശയിച്ചാണ്. ചേലക്കരയ്ക്കടുത്തൊരു എസ്.ടി.ഡി ബൂത്തില്‍ അയാള്‍ ചില രാത്രികളില്‍ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അതീവ രഹസ്യമായാണ് അയാള്‍ സംസാരിക്കുക. ദീര്‍ഘമായ സംഭാഷണത്തിന്റെ ഉള്ളടക്കം മതതീവ്രതയുമായി ബന്ധപ്പെട്ടതാണെന്ന സംശയം ജനിച്ചു. അതായിരുന്നു തുടക്കം. മുന്നോട്ടു നീങ്ങിയപ്പോള്‍  അയാള്‍ തീവ്രവാദത്തിലേയ്ക്ക് വഴിതെറ്റിയവരില്‍  ഒരു കണ്ണിയാണെന്നു വ്യക്തമായി. നത്തോലി ചെറിയ മീനായിരുന്നില്ല. തൃശൂരില്‍ അയാള്‍ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അത് കോഴിക്കോടിനും നീണ്ടു.  അയാള്‍ക്ക് തീവ്രവാദ ശൃംഖലയിലെ പല കണ്ണികളെ കുറിച്ചും ചില്ലറ ധാരണകളുണ്ട്. അതില്‍പ്പെട്ട ചിലര്‍ക്കു് ബന്ധമുള്ള സംഭവങ്ങളെപ്പറ്റിയും കേസുകളെപ്പറ്റിയും ഒക്കെ അരികും മൂലയും അയാള്‍ കേട്ടിട്ടുണ്ട്. അയാള്‍ക്ക് നേരിട്ട് അതിലൊന്നും ബന്ധമില്ല. ഇങ്ങനെ പടിപടിയായി സാവകാശം അന്വേഷണം മുന്നോട്ടുപോയി അതൊരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനിന്നു; വലിയ പ്രതീക്ഷയുടേയും വലിയ പ്രതിസന്ധിയുടേയും ഘട്ടം. അപ്പോഴാണ് സി.ഐ മണിയന്‍ എന്നെ കണ്ടത്. തൃശൂരിലുള്ള ഒരാളെ കൂടി ചോദ്യം ചെയ്താല്‍ സി.ബി.ഐ ഏറ്റെടുത്തെങ്കിലും അതുവരെ തെളിയാത്ത ചേകന്നൂര്‍ മൗലവി തിരോധാനക്കേസ് തെളിയും എന്നതാണ് പ്രതീക്ഷ. ചോദ്യം ചെയ്യേണ്ട ആള്‍ സമ്പന്നനാണ്; രാഷ്ട്രീയ സാമുദായിക ഉദ്യോഗസ്ഥ പ്രമാണികളുമായി അടുപ്പമുള്ള ആളാണ് എന്ന് സി.ഐ പറഞ്ഞു. അയാളെ വിളിച്ചാല്‍ ഒരു സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇടപെടാന്‍ സാധ്യതയുണ്ട്; സി.ഐ കൂട്ടിച്ചേര്‍ത്തു. അതുകേട്ട ഉടന്‍ ''ആരായാലും നിങ്ങള്‍ ചോദ്യം ചെയ്തുകൊള്ളു. മറ്റൊന്നും നിങ്ങള്‍ നോക്കേണ്ട'' എന്ന് ഞാന്‍ പറഞ്ഞു. ഏത് വ്യക്തിയെ ആണ് വിളിപ്പിക്കുന്നതെന്നോ ആര് ഇടപെടുമെന്നാണ് ഭയപ്പെടുന്നതെന്നോ ഒന്നും ചോദിച്ചില്ല. 

ഏതാനും ആഴ്ചകള്‍ പിന്നിട്ടിരിക്കണം. ഒരു ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞ സമയത്ത് ടൗണ്‍ ഡി.വൈ.എസ്.പി സുബ്രഹ്മണ്യന്‍, സി.ഐ. മണിയന്‍ എന്നിവര്‍  താമസസ്ഥലത്തുവന്ന് എന്നെ വിളിച്ചുണര്‍ത്തി. ചേകന്നൂര്‍ മൗലവി കേസിനെക്കുറിച്ച് ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞത്. അടിയന്തരമായി ചില നടപടികള്‍ എടുക്കേണ്ടതുണ്ടല്ലോ എന്നു കരുതി ഞങ്ങള്‍ പൊലീസ് ക്ലബ്ബിലെത്തി. സി.ഐ. നേരത്തെ എന്നോട് സൂചിപ്പിച്ചിരുന്ന ചോദ്യം ചെയ്യലിലൂടെ ചേകന്നൂര്‍ മൗലവി സംഭവം സംബന്ധിച്ച സമഗ്ര ചിത്രം തന്നെയാണ് ലഭിച്ചിരുന്നത്. അദ്ദേഹത്തെ വീട്ടില്‍നിന്നും കോഴിക്കോട് ചടങ്ങില്‍ പങ്കെടുക്കാനെന്ന വ്യാജേന ജീപ്പില്‍ വിളിച്ചുകൊണ്ടുപോയതും കൊലപ്പെടുത്തിയതും മൃതദേഹം കുഴിച്ചിട്ടതും എല്ലാം അതിലുണ്ടായിരുന്നു. ഈ സമയത്ത് കേസ് അന്വേഷണം സി.ബി.ഐക്കായിരുന്നു. ഒരു ഘട്ടത്തില്‍ കേരളത്തിലെ ക്രൈംബ്രാഞ്ച് ആ കേസ് അന്വേഷിച്ചിരുന്നു. ആ അവസരത്തിലാണ് സി.ഐയ്ക്ക് വിവരം നല്‍കിയ വ്യക്തി ഈ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മനസ്സിലാക്കാനിടയായത്. അയാള്‍ക്ക് നേരിട്ട് കൃത്യവുമായി ബന്ധമില്ലായിരുന്നുവെങ്കിലും പ്രതികളെക്കുറിച്ചും മറ്റും നല്ല ധാരണയുണ്ടായിരുന്നു. കോഴിക്കോടും മറ്റുമുള്ള പല നിര്‍ണ്ണായക കണ്ണികളുമായി ബന്ധമുണ്ടായിരുന്ന അയാള്‍ വിശദീകരിച്ചത് വിശ്വസനീയമായി തോന്നി. 

അടുത്ത നടപടി എന്ത് എന്നത് കൂലങ്കഷമായി ഞങ്ങള്‍ ആലോചിച്ചു. നിയമപരമായി പല സാധ്യതകളും കണ്ടു. കേസ് അന്വേഷണം സി.ബി.ഐയ്ക്കാണെങ്കിലും വേണമെങ്കില്‍, ലഭിച്ച വിവരത്തിന്മേല്‍ കൂടുതല്‍ മുന്നോട്ടുപോയി ഏതെങ്കിലും പ്രതിയെ കണ്ടെത്തി കുറ്റസമ്മതമൊഴി രേഖപ്പെടുത്താനുള്ള സാദ്ധ്യത ആരായാം. അതുപോലെ കൊലചെയ്ത് മൃതദേഹം രഹസ്യമായി കുഴിച്ചിട്ടത് കണ്ടെത്താന്‍ ശ്രമിക്കാം. ആ ഘട്ടത്തില്‍ എന്റെ മനസ്സില്‍ ഒരു ചിന്തയായിരുന്നു ഏറ്റവും ശക്തം. ആരായാലും എന്തായാലും ഈ കുറ്റകൃത്യം തെളിയണം. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യുക, ഏതാണ്ടെല്ലാ പ്രബല രാഷ്ട്രീയ സാമൂഹ്യ ശക്തികളും അതില്‍ നിശബ്ദത പാലിക്കുക എന്നതായിരുന്നു അവസ്ഥ. കുറ്റകൃത്യം തെളിയിക്കുന്നതിന് ഏറ്റവും അഭികാമ്യം, ഞങ്ങള്‍ക്കു ലഭിച്ച വിവരങ്ങള്‍ കേസ് അന്വേഷിച്ചിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥരുമായി പങ്കിടുക എന്നതാണെന്ന് എനിക്ക് തോന്നി. എന്റെ തീരുമാനത്തോട് ഈ ഉജ്ജ്വല നേട്ടം കൈവരിച്ച സി.ഐ മണിയനും ഡി.വൈ.എസ്.പി സുബ്രഹ്മണ്യനും പൂര്‍ണ്ണമായി യോജിച്ചു. പിന്നെ വൈകിയില്ല. അപ്പോള്‍ തന്നെ സി.ബി.ഐയിലെ ഡി.വൈ.എസ്.പിയെ വിവരം അറിയിച്ചു. അദ്ദേഹവും വൈകാതെ രാത്രിയില്‍ തന്നെ പൊലീസ് ക്ലബ്ബിലെത്തി. ഞങ്ങള്‍ക്ക് ലഭിച്ച മുഴുവന്‍ വിവരങ്ങളും പങ്കിട്ടു. അതെല്ലാം രഹസ്യവിവരങ്ങളായെടുത്ത് ഓരോന്നും വെരിഫൈ ചെയ്ത് മുന്നോട്ടുപോകുക എന്ന ശ്രമകരമായ ഉത്തരവാദിത്വം സി.ബി.ഐയ്ക്കുണ്ടായിരുന്നു. കേസ് അന്വേഷണത്തില്‍ സംസ്ഥാന പൊലീസിന്റെ സംഭാവനയെ സി.ബി.ഐ ഉന്നതതലങ്ങളിലും വിലപ്പെട്ടതായി അംഗീകരിച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ ഡല്‍ഹിയില്‍നിന്നും എന്നെ ഫോണ്‍ ചെയ്ത് ബന്ധപ്പെട്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. പിന്നീട് സി.ഐ മണിയനു കിട്ടിയ കാഷ് റിവാര്‍ഡിനേക്കാള്‍ എത്രയോ മുകളിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാളുടെ അഭിമാനകരമായ സംഭാവന. ലഭിച്ച വിവരം സി.ബി.ഐയ്ക്ക് കൈമാറിയ തീരുമാനം  ശരിയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുന്ന സംഭവങ്ങളായിരുന്നു പിന്നീടുണ്ടായത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സി.ബി.ഐ വിജയിച്ചു. 

എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം വിചാരണയില്‍ സാക്ഷികള്‍ പലരും കൂറുമാറിയപ്പോള്‍ ഒരാളെ മാത്രം ശിക്ഷിച്ചു. ഹൈക്കോടതിയിലെ അപ്പീലില്‍ അയാളും രക്ഷപ്പെട്ടു. പ്രബലമായ രാഷ്ട്രീയ സാമൂഹ്യ ശക്തികള്‍ നിശബ്ദതയിലൂടെയോ അല്ലാതേയോ കുറ്റവാളികള്‍ക്കൊപ്പമാകുമ്പോള്‍ അവര്‍ ശിക്ഷിക്കപ്പെട്ടാല്‍ അത് നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ  അത്ഭുതമായേ കണക്കാക്കാനാകൂ. അത്ഭുതങ്ങള്‍ അപൂര്‍വ്വമാണല്ലോ. ഇര ചേകന്നൂര്‍ മൗലവി ആയാലും നരേന്ദ്ര ധാബോല്‍ക്കര്‍ ആയാലും ഈ അവസ്ഥയ്ക്ക് മാറ്റമില്ലെന്നു തോന്നുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com