വിയറ്റ്‌നാം സ്‌കെച്ചുകള്‍; ഹാലോംഗ് ബേ കടലില്‍ പ്രകൃതിയൊരുക്കിയ വിസ്മയം

വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്തിയതിന്റെ രണ്ടാമത്തെ പ്രഭാതത്തിലാണ് ഹാലോംഗ് ബേയിലേക്ക് യാത്രതിരിച്ചത്
വിയറ്റ്‌നാം സ്‌കെച്ചുകള്‍; ഹാലോംഗ് ബേ കടലില്‍ പ്രകൃതിയൊരുക്കിയ വിസ്മയം

വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്തിയതിന്റെ രണ്ടാമത്തെ പ്രഭാതത്തിലാണ് ഹാലോംഗ് ബേയിലേക്ക് യാത്രതിരിച്ചത്. കൃത്യം 8.30-നു ഞങ്ങള്‍ യാത്ര ബുക്ക് ചെയ്ത ടൂര്‍ കമ്പനിയുടെ പ്രതിനിധി റോസാലിസ ഹോട്ടലിനു മുന്‍പിലെത്തി, തൊട്ടടുത്തുള്ള പാതയില്‍ നിര്‍ത്തിയിട്ട ഒരു എ.സി ടൂറിസ്റ്റ് ബസിലേക്ക് ഞങ്ങളെ നയിച്ചു. സമീപത്തുള്ള ഹോട്ടലുകളില്‍ താമസിച്ചിരുന്ന വിവിധ ദേശക്കാരായ സഞ്ചാരികളെല്ലാം ആ ബസിനരികെ ഒത്തുചേര്‍ന്നിട്ടുണ്ട്. യാത്ര തുടങ്ങി മൂന്നുനാലു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സഞ്ചാരികളെ മറ്റൊരു ബസിലേക്ക് മാറ്റി. ഓരോ തവണയും ഈ ബസുകളിലേക്ക് ആളുകളെ കയറ്റാനും അവരുടെ ബുക്കിംഗ് രേഖകള്‍ പരിശോധിക്കാനും പ്രസ്തുത ടൂര്‍ കമ്പനിയുടെ ബാഡ്ജുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനും വര്‍ണ്ണത്തുമ്പികളെപ്പോലെ, ചുറുചുറുക്കോടെ ഓടിനടക്കുന്നവരില്‍ കൂടുതലും വിയറ്റ്നാം പെണ്‍കിടാങ്ങളാണ്. ടൂറിസ്റ്റുകള്‍ ധാരാളമായി എത്തിത്തുടങ്ങിയതോടെ യുവതീയുവാക്കള്‍ക്കും ഒട്ടേറെ തൊഴിലവസരങ്ങളാണ് ആ മേഖലയില്‍ ഇപ്പോഴുള്ളത്.

ഹാനോയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ, വടക്കുകിഴക്കായി ഇന്തോ-ചൈന കടലിന്റെ ഭാഗമായ ടോംഗിന്‍ ഉള്‍ക്കടലിലാണ് പ്രകൃതിയൊരുക്കിയ വിസ്മയങ്ങളിലൊന്നായ ഹാലോംഗ് ബേ. ഹാനോയ് നഗരം പിന്നിട്ട് ഇത്തിരിദൂരം മുന്നോട്ടുപോയാല്‍ ചുവപ്പുനദിയുടെ ഓരത്തായി ചിറകള്‍ കെട്ടിയതു കാണാം. വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍നിന്ന് നഗരത്തേയും സമീപഗ്രാമങ്ങളേയും സംരക്ഷിക്കുന്നത് ഈ ചിറകളാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്ന് ഉത്ഭവിക്കുന്ന യുനാന്‍ നദിയാണ്, വടക്കന്‍ വിയറ്റ്നാമിന്റെ ലാവോ സെ പ്രവിശ്യയിലൂടെ പ്രവേശിച്ച് ചുവപ്പുനദിയായി ഹാനോയിലൂടെ ഒഴുകി, ടോംഗിന്‍ ഉള്‍ക്കടലില്‍ ചെന്നു പതിക്കുന്നത്. ഇരുകരകളിലേയും തുരുത്തുകളെ പരിപോഷിപ്പിക്കുന്നതും നെല്‍പ്പാടങ്ങളെ സമൃദ്ധിയിലേക്ക് നയിക്കുന്നതും ചുവപ്പുനദിയാണ്. ദുവോംഗ് നദീതീരത്തും തെക്കന്‍ വിയറ്റ്‌നാമിലെ മെക്കോംങ് നദീതുരുത്തുകളിലും വിശാലമായ നെല്‍പ്പാടങ്ങളുണ്ട്. 

ലോകത്തിലെത്തന്നെ ഏറ്റവുമധികം ഫലഭൂയിഷ്ഠമായ കാര്‍ഷിക രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. എങ്കിലും കാര്‍ഷികവൃത്തിയില്‍ യന്ത്രവല്‍ക്കരണം ഇപ്പോഴും വ്യാപകമായിട്ടില്ല. കാളകളെ ഉപയോഗിച്ച് ഉഴുതുമറിച്ചാണ് പാടങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കുന്നത്. നെല്ല് കയറ്റുമതിയില്‍ ലോകത്ത് രണ്ടാംസ്ഥാനത്തുള്ള രാജ്യം. അരി അവരുടെ പ്രധാന ദേശീയ ഭക്ഷണമാണ്. അരിയില്‍നിന്നുണ്ടാക്കുന്ന നിരവധി ഭക്ഷണവിഭവങ്ങള്‍ വിയറ്റ്‌നാംകാര്‍ക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അരികൊണ്ടുള്ള നൂഡില്‍സിനൊപ്പം ഔഷധസസ്യയിലകളും മാംസവും ചേര്‍ത്തുണ്ടാക്കുന്ന 'ഫോ' വിയറ്റ്നാമിലെങ്ങും പ്രിയതരമായ ഒരു വിഭവമാണ്. സ്പ്രിംഗ് റോള്‍സ്, ബണ്‍ചാ എന്നിവയും അരിമാവുകൊണ്ടുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്.

ചുവപ്പുനദിക്കു കുറുകെ ഹാനോയില്‍ ആറ് പാലങ്ങളുണ്ട്. 2009-ല്‍ നിര്‍മ്മിച്ച വിന്‍ തുയ് പാലത്തിലൂടെയോ 2007-ല്‍ നിര്‍മ്മിച്ച താന്‍ഞ്ട്രയ് പാലത്തിലൂടെയോ ഹാലോംഗ് ബേയിലേക്ക് നമുക്കു യാത്ര ചെയ്യാം. നോയ് ബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഹാനോയിലേക്കുള്ള യാത്രയില്‍ നാം കടന്നുപോകുന്നത് വിയറ്റ്നാം - സോവിയറ്റ് സൗഹൃദ പാലത്തിലൂടെയാണ്. മൂന്നര കിലോമീറ്ററാണ് അതിന്റെ നീളം. 1985-ല്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ നിര്‍മ്മിച്ച പാലമാണത്. ജപ്പാന്‍ സഹകരണത്തോടെ 2015-ല്‍ നിര്‍മ്മിച്ച നാറ്റ്താന്‍ പാലമാണ് മറ്റൊന്ന്. ഒരു ചരിത്രസ്മാരകംപോലെ നിലകൊള്ളുന്ന ലോങ് ബിയന്‍ പാലം (18991902) ഫ്രെഞ്ച് ഭരണകാലത്തുള്ള നിര്‍മ്മിതിയാണ്. ഈ പാലം ഇപ്പോള്‍ ട്രെയിന്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയ്ക്കും കാല്‍നട യാത്രക്കാര്‍ക്കും വേണ്ടി മാത്രമുള്ളതാണ്. ഈ വിന്റേജ് പാലത്തിലൂടെ കാല്‍നടയായുള്ള സൈ്വരവിഹാരം ചുവപ്പുനദിയെ വേറൊരു ദൃശ്യകോണിലൂടെ കാണാനും ഹാനോയ് നഗരത്തിന്റെ വശ്യചാരുത, ഒരു ചിത്രത്താളിലെന്നപോലെ നുകരാനും സഞ്ചാരികളെ സഹായിക്കുന്നു. ഉദയാസ്തമനവേളകളില്‍ ഇവിടെയെത്താന്‍ വെമ്പുന്നവരാണ് പലരും.

വിയറ്റ്നാം ഗ്രാമങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ, നെല്‍വയലുകളിലൂടെ, കൊച്ചുകൊച്ചു പട്ടണങ്ങളിലൂടെ ഹാലോംഗ് ബേ ലക്ഷ്യമാക്കി ഞങ്ങളുടെ ബസ് കടന്നുപോവുകയാണ്. 65 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇടതുഭാഗത്തായി വലിയ രണ്ടു ടവറുകള്‍ കാണാം. ആ രാജ്യത്തെ വലിയ താപവൈദ്യുത നിലയങ്ങളിലൊന്നാണത്. 440 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ളത്. (വര്‍ഷത്തില്‍ 1.5 ബില്യണ്‍ കിലോവാട്ട്) എന്നാല്‍, ദേശീയ വൈദ്യുതി ഉല്പാദനത്തിന്റെ 45 ശതമാനവും ജലവൈദ്യുത പദ്ധതികളില്‍നിന്നാണ്. വിയറ്റ്നാമില്‍ ഇതുവരെയും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല.

ഹാലോംഗ് ബേ
ഹാലോംഗ് ബേ

നാലു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കു ശേഷം ഞങ്ങള്‍ ഹാലോംഗ് ബേയിലെ മറീന ഹാളിനു മുന്നിലെത്തുമ്പോള്‍ പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. ഹാലോംഗ് പട്ടണത്തിലെത്താന്‍ വീണ്ടും മൂന്നു കിലോമീറ്റര്‍ സഞ്ചാരമുണ്ട്. വിമാനത്താവളത്തിലെ ആഗമന-നിര്‍ഗമന ഹാളിന്റെ മട്ടിലാണ് മറീന ഹാള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ടിക്കറ്റ് കൗണ്ടര്‍, ഭക്ഷണശാലകള്‍ എന്നിവയടക്കം യാത്രികര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ആ ഹാളിലുണ്ട്. നല്ല തിരക്കാണ്. ഒരു ദിവസം ശരാശരി 300-ലധികം ടൂറിസ്റ്റ് ബസുകള്‍ ഹാലോംഗ് ബേയില്‍ എത്തുന്നുണ്ടെന്നു കരുതപ്പെടുന്നു. ഒരു വര്‍ഷം ലോകമെമ്പാടുമുള്ള 70 ലക്ഷം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.

അല്പമകലെയുള്ള തുവാന്‍ ഷാവോ ദ്വീപില്‍നിന്നാണ് ഹാലോംഗ് ബേയിലേക്കുള്ള ക്രൂയിസ് തുടങ്ങുന്നത്. രണ്ടായിരത്തോളം ചെറുതും വലുതുമായ ബോട്ടുകള്‍ ആ ദ്വീപിലെ മറീനയില്‍ ഉണ്ട്. ഏതാണ്ടെല്ലാംതന്നെ ഒരേ മാതൃകയിലുള്ള ചൈനീസ് നിര്‍മ്മിത ബോട്ടുകളാണ്. നാലു മണിക്കൂര്‍ നേരത്തേക്കുള്ള പകല്‍ ക്രൂയിസ് ആണ് ഞങ്ങളുടേത്. ഹാലോംഗ് ബേയില്‍ പ്രകൃതിയൊരുക്കിയ, എത്രയെത്ര കണ്ടാലും മതിവരാത്ത വിസ്മയക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങി, ഒന്നോ രണ്ടോ രാത്രി ബോട്ടില്‍ താമസിച്ച് സഞ്ചരിക്കാവുന്നതരം ക്രൂയിസും ആവശ്യമെങ്കില്‍ നമുക്കു തെരഞ്ഞെടുക്കാം. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ആ കൊച്ചുദ്വീപിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഒരു ആഘോഷതീരമാണ് തുവാന്‍ ഷാവോ ദ്വീപ്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഞങ്ങളുടെ ക്രൂയിസ് ബോട്ട് യാത്രയാരംഭിക്കുന്നത്. തിരയിളക്കി ബോട്ട് നീങ്ങിത്തുടങ്ങിയതോടെ താഴത്തെ നിലയിലെ ഞങ്ങളുടെ ഇരിപ്പിടങ്ങള്‍ക്കു മുന്‍പില്‍, കടല്‍ മത്സ്യവിഭവങ്ങള്‍ അടങ്ങിയ സ്വാദിഷ്ടമായ ആഹാരം നിരന്നു തുടങ്ങി. പേരറിയാത്തതും അതുവരെ കാണാത്തതുമായ പലയിനം മീന്‍കറികള്‍. അപ്പോഴേക്ക് കടലിലെ മായാലോകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഭക്ഷണം പാതിവഴിയില്‍ നിര്‍ത്തി, ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ എല്ലാവരും ബോട്ടിന്റെ മുകള്‍ത്തട്ടിലേക്ക് കയറുകയാണ്.

ചുണ്ണാമ്പു പാറകള്‍ നിറഞ്ഞ, ഭീമാകാരംപൂണ്ട തൂണുകള്‍പോലെയുള്ള ആയിരത്തിയറുനൂറോളം കുന്നുകളാണ് ഹാലോംഗ് ബേയിലുള്ളത്. അവയില്‍ ചിലതാകട്ടെ, പര്‍വ്വതാകാരാത്തിലുള്ളവയാണ്. ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ ഈ കുന്നുകള്‍ സ്വപ്നസദൃശമായ ഒരനുഭവം മനസ്സില്‍ പകരുന്നു. ഈ കല്‍ത്തൂണുകള്‍ക്കിടയിലൂടെ നിരവധി ബോട്ടുകള്‍ യാത്ര തുടരുന്നുണ്ട്. 

ചുറ്റും കണ്ണോടിച്ച് കടലില്‍ പ്രകൃതിയൊരുക്കിയ സ്തംഭങ്ങള്‍ ഒന്നൊന്നായി ദര്‍ശിക്കുമ്പോള്‍ വിസ്മയഭരിതരാവുന്ന യാത്രികരുടെ നെഞ്ചിന്‍കൂട്ടിനുള്ളില്‍ നിന്നൊരു പക്ഷി ഇടയ്‌ക്കെപ്പൊഴോ കൂടുവിട്ട് ചിറകടിച്ചു പറന്നുപോകുന്നു. അതങ്ങനെ പാറിപ്പാറി ഉയരങ്ങളിലെ ഒരു വിഭ്രാമക ലോകത്തേക്ക് കടന്നുചെല്ലുകയാണ്. പിന്നെ, താഴ്ന്നുതാഴ്ന്ന് അനന്തതയുടെ കടലാഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു. അന്നേരം സഞ്ചാരിയാവട്ടെ, തന്റെ സ്വപ്നസമാനമായ യാത്രയുടെ ഫലപ്രാപ്തിയില്‍ അഭിരമിക്കുന്നു. സായന്തനം വന്നണയുമ്പോള്‍, ചുണ്ണാമ്പുകുന്നുകളില്‍ അവിടവിടെ നിറയുന്ന ഹരിതശോഭയും അസ്തമയസൂര്യന്റെ ശോണഭംഗിയും ആകാശനീലിമയും അലയാഴിയഴകില്‍ ചാലിച്ചുചേര്‍ത്ത് പ്രകൃതിയൊരുക്കുന്ന ജലച്ചായാചിത്രങ്ങള്‍ നോക്കി ഏവരും വിസ്മയഭരിതരാവുന്നു.

ഹാനോയ് ന​ഗരത്തിലെ കാഴ്ച
ഹാനോയ് ന​ഗരത്തിലെ കാഴ്ച

പര്‍വ്വതദ്വീപിനകത്തെ ചുണ്ണാമ്പുഗുഹകള്‍ 

1994-ല്‍ യുനെസ്‌കോ പൈതൃകസ്ഥാനമായി പ്രഖ്യാപിച്ച ഹാലോംഗ് ബേയില്‍ ഒട്ടനേകം ഹോളിവുഡ് സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. നാലുമണിക്കൂര്‍ നീണ്ട ക്രൂയിസിനിടയില്‍ ഒരു പര്‍വ്വതദ്വീപിനകത്തെ സണ്‍ സോട്ട് എന്നു പേരുള്ള ലൈംസ്റ്റോണ്‍ ഗുഹയിലും പോയി. ബോട്ടില്‍ നിന്നിറങ്ങി നൂറോളം പടികള്‍ കേറിവേണം ഗുഹാമുഖത്തെത്താന്‍. പിന്നെ 10-15 പടികള്‍ താഴോട്ടിറങ്ങണം. നാമേതോ ഒരഭൗമ ലോകത്തെത്തിയ പ്രതീതിയില്‍ മുഴുകുന്നു. 

രണ്ടു നിലവറകളാണ് ഗുഹയ്ക്കകത്തുള്ളത്. 30 മീറ്റര്‍ ഉയരമുള്ള, ഏതാണ്ടൊരു ചതുരാകൃതിയിലുള്ളതാണ് നാമാദ്യം എത്തിച്ചേരുന്നിടം. വിശ്വപ്രകൃതിയുടെ അമ്പരപ്പിക്കുന്ന കരകൗശല വിദ്യകള്‍. നിരവധി ഞൊറികളോടുകൂടിയ, സ്വാഭാവികമായി രൂപമെടുത്ത ചുണ്ണാമ്പു ശിലാപാളികള്‍ കോര്‍ത്തെടുത്തുണ്ടായ ചുവരുകളും മേല്‍ക്കൂരകളും മട്ടുപ്പാവുകളും. ഒരു ഇടുങ്ങിയ വഴിയിലൂടെ നമുക്കു വിശാലമായ അടുത്ത നിലവറയിലേക്ക് നടക്കാം. ഒരേസമയം ആയിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഇടമാണത്.
 
അല്പനേരം ശ്രദ്ധയോടെ നോക്കിനിന്നാല്‍ ചുവരുകളിലെ വിവിധ രൂപങ്ങള്‍ നമുക്കു മനസ്സില്‍ കൊത്തിയെടുക്കാം - പുഷ്പദളങ്ങള്‍, പ്രാചീനകാലത്തെ ഗജവീരന്മാര്‍, കടല്‍ജീവികള്‍ അങ്ങനെ പലതും. പാറക്കെട്ടില്‍ നിന്നൂര്‍ന്നുവീണ് ഘനീഭവിച്ചുറച്ച ചുണ്ണാമ്പുനീര്‍ ശില്പങ്ങള്‍, കൊടുംശൈത്യത്തില്‍ മഞ്ഞുതുള്ളികള്‍ ഉറഞ്ഞുപോയപോലെ, തൂങ്ങിനില്‍ക്കുന്ന കാഴ്ചകള്‍ ചുറ്റും കാണാം. വലിയ ദുര്‍ഗ്ഗങ്ങള്‍പോലെ തോന്നിക്കുന്ന ഇത്തരം പ്രശാന്തഗഹ്വരങ്ങള്‍ ഇവിടെയുള്ള പല ദ്വീപുകളിലും ഉണ്ട്. അവയിലെല്ലാം ചെറിയ കുളങ്ങളുണ്ട്. പക്ഷികളും വിവിധയിനം സസ്യജാലങ്ങളും കുടിപാര്‍ക്കുന്നുമുണ്ട്. മറ്റൊരു വഴിയിലൂടെ തിരിച്ചുപോരുമ്പോള്‍ സ്വപ്നലോകത്തിലെ ഒരു മന്ത്രവാദസദനം വിട്ടിറങ്ങുന്നപോലെ തോന്നി. 

ചരിത്രാതീത കാലത്ത്, ബിസി 520-470ല്‍, ഹാലോംഗ് ബേ പ്രദേശത്തുള്ള ഭൗമാന്തര്‍ഭാഗത്ത് വന്‍ചലനങ്ങള്‍ നടന്നിരിക്കാമെന്ന് ശാസ്ത്ര ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. ഒപ്പം, മഹാമാരിയും പ്രളയവും സംഭവിച്ചിരിക്കാം. ഇത് കടലിനടിയില്‍ കൂറ്റന്‍ പര്‍വ്വതങ്ങള്‍ രൂപംകൊള്ളാന്‍ കാരണമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കടന്നുപോകവെ, കൊടും തപവും വരള്‍ച്ചയും ഉണ്ടായി. കാലാവസ്ഥയിലുണ്ടായ ഭീകരമായ ഈ വ്യതിയാനങ്ങള്‍ കാരണം കടലില്‍ നൂറുകണക്കിനു ചുണ്ണാമ്പുപാറകള്‍ നിറഞ്ഞ പര്‍വ്വതദ്വീപുകള്‍ ഉണ്ടായി. കടലിനകത്തെ ഈ പര്‍വ്വതങ്ങളില്‍നിന്നും ചുണ്ണാമ്പുപാറകള്‍ ഒലിച്ചിറങ്ങിയാണ് ഇങ്ങനെ ഗുഹകളായി മാറിയതെന്ന് ശാസ്ത്രലോകം കരുതുന്നു.

1901-ല്‍ ഒരു ഫ്രെഞ്ച് ജനറലാണ് ബൊണ്‍ ഹോണ്‍ ദ്വീപിലുള്ള ഈ ഗുഹ കണ്ടെത്തിയതത്രേ! എങ്കിലും 1993-ല്‍ മാത്രമാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങിയത്. പൊതു അവധി ദിവസങ്ങളായ വിയറ്റ്നാം പുതുവത്സരദിനത്തിലും വിയറ്റ്‌നാമിന്റെ പുനരേകീകരണ ദിനത്തിലും (ഏപ്രില്‍-30) സ്വാതന്ത്ര്യദിനത്തിലും (സെപ്തംബര്‍-2) സാര്‍വ്വദേശീയ തൊഴിലാളിദിനത്തിലും ക്രിസ്തുമസ് ദിനത്തിലും ഹാലോംഗ് ബേയില്‍ സഞ്ചാരികളുടെ വന്‍തിരക്കാവും. സ്വാതന്ത്ര്യദിനത്തില്‍, എങ്ങും പാറിക്കളിക്കുന്ന ചുവപ്പുനിറമാര്‍ന്ന ദേശീയപതാകകള്‍, ഹാലോംഗ് ബേയെ ഒരു ചെങ്കടലായി മാറ്റുന്നു.

ഹാനോയ് ന​ഗരം
ഹാനോയ് ന​ഗരം

മടക്കയാത്ര തുടങ്ങിയപ്പോള്‍ ഡക്കില്‍നിന്നു താഴേക്കിറങ്ങി. ആഹാരം മുഴുമിപ്പിച്ചു. അന്നേരമാണ് കോണാകൃതിയിലുള്ള പരമ്പരാഗത തൊപ്പിയണിഞ്ഞ ഒരു പെണ്‍കിടാവ് അരികിലെത്തുന്നത്. അവളുടെ കയ്യിലുള്ള ചില്ലുപെട്ടികളില്‍ പല വര്‍ണ്ണങ്ങളിലുള്ള മുത്തുകളാല്‍ കോര്‍ത്തെടുത്ത മാലകളും കമ്മലുകളുമുണ്ട്. ഹാലോംഗിലെ പവിഴപ്പാടങ്ങളില്‍ വിളയുന്നവയാണ് ഈ മുത്തുകള്‍. 

മുത്തുവിളയുന്ന പവിഴപ്പാടങ്ങള്‍ 

പവിഴപ്പാടങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഹാലോംഗ് ബേ. ഇവിടെയുള്ള പേള്‍ഫാമിന്റെ തുടക്കം 1995-ലാണ്. മുത്തുച്ചിപ്പികളിലാണ്, അമൂല്യവും അതുല്യവുമായ പ്രകൃതിദത്തമായ ഈ രത്‌നക്കല്ലുകള്‍ രൂപമെടുക്കുന്നത്.

ഹാലോംഗ് പട്ടണത്തിനു സമീപത്തുള്ള വുങ് വിയങ് മത്സ്യബന്ധന ഗ്രാമത്തിലാണ് മുത്തുച്ചിപ്പികള്‍ വളര്‍ത്തുന്നത്. വര്‍ഷം മുഴുവന്‍ ഇവിടെ മുത്തുകള്‍ വിളയുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് മുത്തുപാടങ്ങളില്‍ പോകാനും വിളയും വിളവെടുപ്പും കാണാനും അവസരമൊരുക്കുന്നുണ്ട്. 

വളരെ പതിയെ നടക്കുന്ന ഒരു പ്രക്രിയയാണ് പവിഴക്കൃഷിയും അവയുടെ വിളവെടുപ്പും. മുത്തുകള്‍ നാം കാണുന്ന രൂപത്തിലാവാന്‍ ധ്യാനനിരതരായി കാത്തിരിക്കണം. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും മുത്തുച്ചിപ്പികള്‍ വളരുന്നുണ്ട്. എങ്കിലും ലവണാംശമുള്ള വെള്ളത്തില്‍ വളരുന്നവയാണ് നൂറ്റാണ്ടുകളോളം മനോഹാരിതയോടെ നിലനില്‍ക്കുന്നത്.

കടലിലെ മാലിന്യമുക്തമായ ഭാഗങ്ങളിലാണ് കൃഷിയിറക്കുന്നത്. ജലനിരപ്പ്, വെള്ളത്തിന്റെ ഗുണമേന്മ, ലവണത്വം എന്നിവയും നോക്കണം. എല്ലാം തികഞ്ഞ പാടങ്ങളിലാണെങ്കില്‍ ഒരു ചിപ്പിക്കുള്ളില്‍ മുത്തുകള്‍ വളര്‍ന്നുപാകമാകാന്‍ അഞ്ചു വര്‍ഷമെടുക്കും. പാകമായ കടുക്കകള്‍ കരയിലെത്തിച്ച് മുത്തുകള്‍ വേര്‍തിരിച്ചെടുക്കുന്നതും അവ മിനുക്കിയെടുത്ത് വില്‍പ്പന കേന്ദ്രങ്ങളിലെത്തിക്കുന്നതുവരെയുള്ള സംസ്‌കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ നമുക്കു കാണാം. ആകാംക്ഷാഭരിതരായ സന്ദര്‍ശകര്‍ക്ക്, ശ്രദ്ധാപൂര്‍വ്വം എല്ലാം വിവരിച്ചു തരാന്‍ പവിഴംപോലെ സുന്ദരികളായ വിയറ്റ്നാമീസ് പെണ്‍കിടാങ്ങള്‍ അതീവ തല്പരരാണ്. അസംസ്‌കൃത മുത്തുകള്‍ ചിപ്പിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതും അവ മിനുക്കി മനോഹരങ്ങളായ പവിഴങ്ങളാക്കി മാറ്റുന്നതും കണ്ടുകണ്ട് ഞങ്ങള്‍ നടന്നു. ഗുണമേന്മയുള്ള പ്രകൃതിദത്തമായ മുത്തുകള്‍ പല വര്‍ണ്ണങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണ്ണത്തിലും സ്ഫടികം, ചുവപ്പ്, പിങ്ക്, ചാരനിറങ്ങളിലും അവ ലഭിക്കും.

ഒരു തുഴവഞ്ചിയേറി നമുക്ക് ഈ പവിഴ വയലുകളില്‍ പോകാം. വലിയ ചൂടില്ലാത്ത ഒക്ടോബര്‍ - ജനുവരി മാസങ്ങളില്‍ പോകുന്നതാണ് നല്ലത്. പോകും മുന്‍പ് വാടക ഉറപ്പിക്കാന്‍ മറക്കരുത്. ഈ സന്ദര്‍ശനം കൂടി ഉള്‍പ്പെടുന്ന ഹാലോംഗ് ബേ ക്രൂയിസുമുണ്ട്. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരാമെന്നു മാത്രം. 

ഹരിതാഭ നിറഞ്ഞ കൃ‌ഷിയിടം
ഹരിതാഭ നിറഞ്ഞ കൃ‌ഷിയിടം

പുറത്തുള്ള വില്‍പ്പനശാലയില്‍ നല്ല വ്യത്യസ്തതയാര്‍ന്ന, ഭംഗിയുള്ള പവിഴാഭരണങ്ങള്‍ കണ്ടു. നെക്ക്ലേസുകള്‍, വളകള്‍, മോതിരങ്ങള്‍ അങ്ങനെ പലതും വാങ്ങുകയുമാവാം. പരമ്പരാഗത വിയറ്റ്നാം മാതൃകയും ആധുനിക ജപ്പാന്‍ സാങ്കേതികവിദ്യയും ഇടകലര്‍ത്തിയാണ് ഇവിടെ മുത്തുകള്‍ വികസിപ്പിക്കുന്നത്. വ്യത്യസ്ത പ്രവിശ്യകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട, 18-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരു സംഘമാണ് ഹാലോംഗ് ബേയിലെ പവിഴപ്പാടങ്ങള്‍ പരിപാലിക്കുന്നത്.

ഇനി തുഴച്ചില്‍ ബോട്ടുകളിലേക്ക് കയറാം. രണ്ടുപേര്‍ക്ക് സ്വയം തുഴഞ്ഞുപോകാവുന്ന ചെറിയ ബോട്ടുകളും തുഴവള്ളക്കാരടക്കം ആറു പേര്‍ക്കിരിക്കാവുന്ന വഞ്ചികളും ഉണ്ട്. തോണിക്കാരില്‍ കൂടുതലും സ്ത്രീകളാണ്. ഞാന്‍ കേറിയ ബോട്ട് തുഴഞ്ഞിരുന്നത്, വിയറ്റ്‌നാം തൊപ്പിയണിഞ്ഞ, 30 വയസ്സിലെത്തിയ ഒരു വനിതയാണ്. പ്രാദേശികഭാഷയില്‍ വായടക്കാതെ അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു, പലതും കൂടെ തുഴഞ്ഞുനീങ്ങുന്ന സഹതോണിക്കാരോടും ഒപ്പമുള്ള സഞ്ചാരികളോടുമാണ്. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ലെന്നാലും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ചുണ്ണാമ്പുപാറകള്‍ തീര്‍ത്ത പ്രകൃതിദത്തമായ കവാടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോള്‍, ചിത്രങ്ങള്‍ പകര്‍ത്താനായി ക്യാമറ കയ്യിലെടുത്തനേരം അവര്‍ വഞ്ചിനിര്‍ത്തി; മുകളിലെ പാറകളില്‍ തലയിടിക്കാതെ നോക്കണമെന്ന് ഓര്‍മ്മപ്പെടുത്തി; പുതിയ കാഴ്ചകളോരോന്നിലേക്കും ശ്രദ്ധ ക്ഷണിച്ചു. ഈ ഉത്സാഹവും സൂക്ഷ്മതയും തന്റെ വഞ്ചിയിലെ യാത്രികരില്‍നിന്നും അവര്‍ ഒരു 'ടിപ്പ്' പ്രതീക്ഷിക്കുന്നതുകൊണ്ടു മാത്രമല്ല, അവരുടെ നാട്ടിലെത്തുന്ന അതിഥികളോടുള്ള കരുതലിന്റേയും സ്‌നേഹത്തിന്റേയും ബഹിര്‍സ്ഫുരണം കൂടിയാണ് ഈ പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com