നേരറിയാത്ത നാരദന്മാര്‍

ദിവസം മുഴുവന്‍ അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ലാഭക്കണ്ണുകളാല്‍ അന്ധതബാധിച്ച ന്യൂസ് ചാനലുകള്‍ റേറ്റിങ്ങില്‍ ഒന്നാമതെത്താനുള്ള ഓട്ടപ്പാച്ചിലിലാണ്
നേരറിയാത്ത നാരദന്മാര്‍

ത്യം മുഴുവന്‍ പറയാതെ കുറ്റം ചാര്‍ത്തുന്നതും വിധിക്കുന്നതുമാണ് ഇക്കാലത്തെ മാധ്യമപ്രവര്‍ത്തനം. കല്പിത കഥകളുടെ മായികലോകം തീര്‍ത്ത് പ്രേക്ഷകരുടെ/ വായനക്കാരുടെ മുന്നില്‍ മനസ്സാക്ഷിയില്ലാത്തവരായി മാറി മാധ്യമപ്രവര്‍ത്തകര്‍. ദിവസം മുഴുവന്‍ അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ലാഭക്കണ്ണുകളാല്‍ അന്ധതബാധിച്ച ന്യൂസ് ചാനലുകള്‍ റേറ്റിങ്ങില്‍ ഒന്നാമതെത്താനുള്ള ഓട്ടപ്പാച്ചിലിലാണ്. സമകാലിക ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമലോകത്തിന്റെ കാഴ്ചകള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ നിര്‍ഭയം ഉത്തരവാദിത്വത്തോടെയാണ് ആഷിഖ് അബു എന്ന സംവിധായകന്‍ 'നാരദന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു നല്‍കുന്നത്.
 
''ഈ ചെളിയില്‍നിന്നാണ് വിജയത്തിന്റെ താമര വിരിയേണ്ടതെന്ന്'' ചിത്രത്തിലെ പ്രധാന കഥാപാത്രം പറയുമ്പോള്‍ 'പ്രചാരകര്‍' എങ്ങനെയാണ് മാധ്യമലോകത്തിന്റെ സഹായത്തോടെ അധികാരസോപാനങ്ങളില്‍ ഇരിപ്പുറപ്പിച്ചതെന്ന് ഈ സിനിമ തുറന്നുകാണിക്കുന്നു. അനുദിനം ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന ഒരു അജന്‍ഡ എതിര്‍പ്പുകളില്ലാതെ വീടകങ്ങളിലേക്ക് കടത്തിവിടാന്‍ മാധ്യമലോകം കാണിക്കുന്ന വ്യഗ്രത സവര്‍ണ്ണതയുടെ കൗശലമാണെന്ന് ഈ ചിത്രം മടിയില്ലാതെ തുറന്നുകാട്ടുന്നു. ധാര്‍മ്മികത ഒട്ടുമില്ലാത്ത മാധ്യമപ്രവര്‍ത്തനവും പരസ്യവിചാരണകളും ചാനലുകള്‍ തമ്മിലുള്ള മത്സരവും അതിന്റെ ഭവിഷ്യത്തുകളാണെന്നതില്‍ തര്‍ക്കമില്ല. മാധ്യമപ്രവര്‍ത്തനത്തിലെ ശരികളും ശരികേടുകളും ഇവിടെ വിചാരണയ്ക്ക് വിധേയമാകുന്നു.

ചന്ദ്രപ്രകാശ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ജീവിതവും കരിയറും ഫോക്കസ് ചെയ്താണ് ചിത്രം കഥ പറയുന്നത്. ചന്ദ്രപ്രകാശ് 'ന്യൂസ് മലയാളം' എന്ന നമ്പര്‍ വണ്‍ ചാനലിലെ പ്രൈംടൈം അവതാരകനാണ്. ചാനലിന്റെ റേറ്റിങ് നിലനിര്‍ത്തുന്ന 'ന്യൂസ് ട്രാക്ക്' എന്ന പരിപാടിയുടെ അവതാരകനായതിനാല്‍ അയാള്‍ തന്നെയാണ് ചാനലിന്റെ മുഖവും. അതിനിടെ താരതമ്യേന റേറ്റിങ് കുറഞ്ഞ മറ്റൊരു ചാനല്‍ ഒരു പ്രധാന വാര്‍ത്ത ബ്രേക്ക് ചെയ്യുന്നതോടെയാണ് ചന്ദ്രപ്രകാശിന്റെ കരിയര്‍ പ്രതിസന്ധിയിലാകുന്നത്. മറ്റൊരു ബ്രേക്കിങ് വാര്‍ത്ത നല്‍കാന്‍ വാര്‍ത്താമേധാവി അയാള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജോലിയിലെ അനിശ്ചിതത്വവും നിരന്തരമായ അപമാനവും സഹിക്കാനാവാതെ അയാള്‍ ന്യൂസ് മലയാളത്തില്‍നിന്നു രാജിവെയ്ക്കുന്നു.

ടൊവിനോ തോമസ്, ആഷിഖ് അബു
ടൊവിനോ തോമസ്, ആഷിഖ് അബു

ഇതേസമയം തന്നെ ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പ് ആരംഭിക്കുന്ന 'നാരദ ന്യൂസ്' എന്ന പുതിയ ചാനലിന്റെ ചീഫ് എഡിറ്റര്‍ പദവിയിലേക്ക് ചന്ദ്രപ്രകാശിന് ഓഫര്‍ ലഭിക്കുന്നു. ആ പദവി ഏറ്റെടുക്കുന്ന ചന്ദ്രപ്രകാശ് അവഗണിക്കപ്പെടുന്ന, ദുര്‍ബ്ബലനായ, നിരാശനായ മാധ്യമ പ്രവര്‍ത്തകനില്‍നിന്നും നടപ്പുകാലത്തിന് ആവശ്യമായ ആത്മവിശ്വാസവും കൂര്‍മ്മബുദ്ധിയുമുള്ള വാര്‍ത്താപ്രചാരകനാകുന്നു. വാര്‍ത്തകള്‍ ആദ്യമെത്തിക്കാനും റേറ്റിങ്ങില്‍ ഒന്നാമതെത്താനുമുള്ള വാശിയില്‍ തെറ്റില്‍നിന്നു വലിയ തെറ്റുകളിലേക്ക് കുതിക്കാന്‍ ഇയാള്‍ക്ക് ഒട്ടും മടിയില്ല. തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

നിരാശനായ ചന്ദ്രപ്രകാശിനെ ഊര്‍ജ്ജ്വസ്വലനായ സി.പിയാക്കി മാറ്റുന്നത് ഭഗവദ്ഗീതയിലെ വചനങ്ങള്‍ ഉദ്ധരിക്കുന്ന പേഴ്സണല്‍ ട്രെയിനറാണെന്നതും ശ്രദ്ധേയമാണ്. നിങ്ങള്‍ക്ക് ഒരു ശത്രു ഉണ്ടാകണം. അത് ഒരു വ്യക്തിയാകാം, ഒരു രാജ്യമാകാം, ഒരു സമുദായമാകാം, ആശയമാകാം. അതിനെയാണ് തകര്‍ത്തെറിയേണ്ടതെന്നാണ് പരിശീലകന്‍ പറയുന്നത്. വലതുപക്ഷ സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന മാധ്യമലോകത്തെ, തിരക്കഥാകൃത്ത് ഉണ്ണി ആര്‍. എത്ര സൂക്ഷ്മമായാണ് വരച്ചിടുന്നത്. നാരദനായിരുന്നു ആദ്യത്തെ പ്രചാരകന്‍. ഇനി നമ്മളാണ് 'പ്രചാരകര്‍' എന്നു പറയുമ്പോള്‍ അത് ആര്‍.എസ്.എസ് പ്രചാരകരല്ലാതെ മറ്റാരാണ്. ''വാര്‍ത്തകള്‍ ഭസ്മാസുരനെപ്പോലെയാണ്. മറ്റുള്ളവരെ ഞൊടിയിടയില്‍ നിഗ്രഹിക്കാനുള്ള ശക്തിയുള്ളപ്പോഴും ചെറിയ അശ്രദ്ധയുണ്ടായാല്‍ സ്വയം നിഗ്രഹിക്കുന്ന അവസ്ഥയുണ്ടാകു''മെന്നും ചന്ദ്രപ്രകാശ് എപ്പോഴും തന്റെ സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

മാധ്യമത്തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാതെ വഴുതിമാറുകയും സൗകര്യപൂര്‍വ്വം നിശ്ശബ്ദരാവുകയും തെരഞ്ഞെടുത്ത് മാത്രം പ്രതികരിക്കുകയും പിന്നീട് ഘോരഘോരം പ്രസ്താവന ഇറക്കുകയും പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുന്നവരുമായി പത്രപ്രവര്‍ത്തക യൂണിയന്‍ മാറിയെന്നത് യാഥാര്‍ത്ഥ്യബോധത്തോടെ ഊ ചിത്രം പറഞ്ഞുവെയ്ക്കുന്നു. മാധ്യമലോകത്തെ 'സ്ത്രീ വിരുദ്ധ'മായ സ്ത്രീപക്ഷവും ചിത്രം തുറന്നുകാണിക്കുന്നു. സ്ത്രീകള്‍ക്ക് ഒട്ടും ഇടമില്ലാത്ത മേഖലയായി മാധ്യമലോകം പരിവര്‍ത്തനപ്പെട്ടപ്പോള്‍ അവര്‍ വെറും ഉപകരണങ്ങളായി മാറുന്നതിന്റെ വ്യക്തമായ പരിപ്രേക്ഷ്യവും ഈ ചിത്രത്തിലുണ്ട്. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ദളിത് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ തനിക്ക് 'കൈകൂപ്പാനാവി'ല്ലെന്ന സവര്‍ണ്ണനായ അഭിഭാഷകന്റെ ഒറ്റ ഡയലോഗ് മാത്രം മതി മലയാളിയുടെ കപട പുരോഗമന മേലാപ്പുകള്‍ അഴിഞ്ഞുവീഴാന്‍.

ഇന്ദ്രൻസ്
ഇന്ദ്രൻസ്

വാര്‍ത്തയെ ഒട്ടും ഗൗരവമില്ലാതെ വെറും എന്റര്‍ടെയ്ന്‍മെന്റ് ഷോ ആക്കുകയാണ് പുതിയകാല മാധ്യമങ്ങള്‍ ചെയ്യുന്നത്. സ്വകാര്യതകളിലേക്ക് ക്യാമറകള്‍ തിരിക്കുകയും സദാചാരവിലാപങ്ങള്‍ ചേര്‍ത്തു വാര്‍ത്തകള്‍ ഉല്പാദിപ്പിക്കുന്നതുമാണ് ഇവര്‍ക്ക് താല്പര്യം. വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു നല്‍കുമ്പോള്‍ വമ്പന്‍ സ്വീകാര്യത ലഭിക്കുമെന്നത് അവരുടെ അനുഭവസാക്ഷ്യമാണ്. ലാഭത്തിനൊപ്പം, പ്രേക്ഷകരെ ഒപ്പം നിര്‍ത്താനുള്ള ആര്‍ത്തിയും മറ്റുള്ള ചാനലുകളേയും ഇതേ മാര്‍ഗ്ഗം പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു. ചാനല്‍ റേറ്റിങ്ങിനായി എന്തും ചെയ്യുക എന്നതാണ് ഇവരുടെ ഇപ്പോഴത്തെ മാധ്യമ ധര്‍മ്മം.

ഭരണഘടനയ്ക്ക് മീതെയാണ് ഭൂരിപക്ഷാഭിപ്രായമെന്നു തെളിയിക്കാന്‍ 'ഇന്ദ്രപ്രസ്ഥ ഉത്തരവുകള്‍' പുറപ്പെടുവിക്കുമ്പോള്‍, തുടര്‍ ചര്‍ച്ചകളിലേക്കും ബൗദ്ധികമായ വ്യവഹാരങ്ങളിലേക്കും നയിക്കുന്ന വ്യക്തമായ രാഷ്ട്രീയമാണ് നാരദന്‍ പറഞ്ഞുവയ്ക്കുന്നത്. ഒരു പൗരനു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് ഇന്ത്യന്‍ ഭരണഘടന മാധ്യമപ്രവര്‍ത്തകനു നല്‍കുന്നതെന്ന വലിയ സത്യവും ഈ ചിത്രം മാധ്യമപ്രവര്‍ത്തകരേയും പ്രേക്ഷകരേയും ഒരുപോലെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം മാധ്യമങ്ങളുടെ അകക്കാഴ്ചകള്‍ അതിന്റെ സ്വാഭാവികത ഒട്ടും ചോരാതെ, വാര്‍പ്പുമാതൃകകളെ പിന്തുടരാതെ അവതരിപ്പിക്കാനും കഴിഞ്ഞതിലാണ് ആഷിഖ് അബുവിന്റെ സംവിധാന പ്രസക്തി.

അന്ന ബെൻ, ടൊവിനോ, ഉണ്ണി ആർ, ആഷിഖ് അബു, ജാഫർ ഇടുക്കി
അന്ന ബെൻ, ടൊവിനോ, ഉണ്ണി ആർ, ആഷിഖ് അബു, ജാഫർ ഇടുക്കി

ഉണ്ണി ആര്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സന്തോഷ് ടി. കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. ടൊവിനോയും ഷറഫുദ്ദീനും തങ്ങളുടെ വേഷങ്ങള്‍ ശ്രദ്ധേയമാക്കി. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ജഡ്ജിയുടെ കഥാപാത്രവും അന്ന ബെന്നിന്റെ വക്കീല്‍ കഥാപാത്രവും മികച്ചുനില്‍ക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക മേഖലകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. ഛായാഗ്രഹണവും സൗണ്ട് ട്രാക്കും എടുത്തു പറയേണ്ടതാണ്. ചിത്രത്തിന്റെ സംഭവവികാസങ്ങള്‍ ചടുലമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ പശ്ചാത്തല സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com