ഭാവലളിതം ഈ നാട്യജീവിതം

അഞ്ഞൂറിലധികം ചിത്രങ്ങളിലഭിനയിച്ച, മലയാളത്തിന്റെ മഹാനടി എന്നു മരണാനന്തരം വിശേഷിപ്പിക്കപ്പെട്ട കെ.പി.എ. സി ലളിതയ്ക്ക് ഒരു സ്വഭാവനടി എന്ന സ്ഥാനം മലയാള സിനിമ ഒരിക്കലും നല്‍കിയിരുന്നില്ല
ഭാവലളിതം ഈ നാട്യജീവിതം

1963 ന്റെ തുടക്കത്തിലാണ് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഏറ്റവും പിന്‍നിരയിലിരുന്നു ഞാന്‍ ആ നാടകം കണ്ടത്. 'കാക്കപ്പൊന്ന്.' ശങ്കരാടിയുടെ നേതൃത്വത്തിലുള്ള പ്രതിഭാ ആര്‍ട്ട്‌സ് ക്ലബ്ബ് അവതരിപ്പിച്ച എസ്.എല്‍. പുരം നാടകം. മൂലധനവും മറ്റും അവതരിപ്പിച്ച് ഖ്യാതി നേടിയിരുന്ന പ്രതിഭയുടെ പുതിയ നാടകം പക്ഷേ, തുടക്കം മുതലേ കാഴ്ചക്കാരെ നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. 'മാനത്തെ മഴവില്ലിനേഴു നിറം...' എന്നു തുടങ്ങുന്ന യുഗ്മഗാനം മാത്രമായിരുന്നു ആകെയുണ്ടായ ഒരു ആകര്‍ഷണം. പക്ഷേ, നാടകം ഒരു ഘട്ടം എത്തിയപ്പോള്‍ ഒരദ്ഭുതം സംഭവിച്ചു. നാടകത്തിലെ നായികയുടെ അനിയത്തിയായ നര്‍ത്തകിയായി അഭിനയിക്കുന്നത് ഒരു 16കാരിയാണ്. പേര് ചങ്ങനാശ്ശേരി ലളിത. നര്‍ത്തകിക്ക് ഇടയ്ക്ക് അന്ധത ബാധിക്കുന്നുണ്ട്. കഥയുടെ പരിണാമഘട്ടത്തില്‍ യുവതി അന്ധത മറന്നു നൃത്തം ചെയ്തുപോകുന്നു. അണിയാത്ത ചിലങ്കകളുടെ ശബ്ദം പശ്ചാത്തലത്തില്‍. അന്യാദൃശമായ അഭിനയപാടവമാണ് ആ രംഗത്ത് ആ പെണ്‍കുട്ടി പ്രകടിപ്പിച്ചത്. തലസ്ഥാനത്തെ പത്രമാസികകള്‍ കെ. ബാലകൃഷ്ണന്റെ കൗമുദി ഉള്‍പ്പെടെ  പ്രശംസയില്‍ പിശുക്കു കാട്ടിയില്ല. ആറു പതിറ്റാണ്ടിനു ശേഷവും ആ രംഗം എന്റെ മനസ്സിലുണ്ട് രസാവിഷ്‌കാരത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമായി.

ചങ്ങനാശ്ശേരി ലളിത എന്ന പേര് പിന്നീട് കേട്ടിട്ടില്ല. അറുപത്തിയേഴിലാണ് ഞാന്‍ കെ. പി.എ.സിയുടെ കൂട്ടുകുടുംബം എന്ന നാടകം കണ്ടത്. കെ.പി.എ.സി ലീലയും ഡി. ഫിലിപ്പും നായികാനായകന്മാരായ ആ നാടകത്തില്‍ ഒരു ലളിതയുണ്ടായിരുന്നു നായികയുടെ ചേച്ചിയായി. തകര്‍ന്നുകൊണ്ടിരിക്കുന്ന തറവാട്ടിലെ കാരണവരുടെ മൂത്തമകള്‍, മൂന്നു നാലു കുട്ടികളുടെ 'അമ്മ, തറവാട്ടു മഹിമയില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത ദാരിദ്ര്യം, ജീവിക്കാന്‍ വേണ്ടി കള്ളവാറ്റിനുപോലും തയ്യാറാവുന്ന ഭര്‍ത്താവ്  തീരെ ഗ്ലാമറില്ലാത്ത വേഷമായിരുന്നു, അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമുള്ളതും. പക്ഷേ, ലളിത അത് അവിസ്മരണീയമാക്കി. പിന്നീട് എഴുപതില്‍ കൂട്ടുകുടുംബം സിനിമയായപ്പോള്‍ അതിലും ലളിത തന്നെയാണ് ആ വേഷം ചെയ്തത്. അവരുടെ ആദ്യത്തെ സിനിമ. നാടകത്തിന്റെ സ്വാധീനം ഒന്നുമില്ലാതെ ലളിത നന്നായി അഭിനയിച്ചു. ടൈറ്റില്‍ കാര്‍ഡില്‍ അവര്‍ കെ.പി.എ.സി ലളിതയായി മാറുകയും ചെയ്തു.

തുടര്‍ന്ന് 'വാഴ്‌വേമായ'വും 'അനുഭവങ്ങള്‍ പാളിച്ചക'ളും. 'വാഴ്‌വേമായ'ത്തില്‍ ഒരു പ്രധാന വേഷമായിരുന്നു അവര്‍ക്ക്; കഥാഗതിയെ മുന്നോട്ട് നയിക്കുന്നതിന് ഉപയുക്തമാവുന്ന പാത്രമെന്ന അര്‍ത്ഥത്തില്‍. മദ്ധ്യവര്‍ഗ്ഗക്കാരായ സത്യന്‍ഷീല ദമ്പതികളുടെ പ്രണയത്തിനും പ്രണയകലഹത്തിനും സമാന്തരമായി ഒരു തൊഴിലാളിവര്‍ഗ്ഗ ദാമ്പത്യം; കലം തല്ലലും അടികലശലും ഒടുവില്‍ എല്ലാം മറന്ന് ഒരുമിച്ചുറക്കവും. ഒടുവില്‍ ലൈന്‍മാന്‍ ആയ അയാള്‍ വീണു പരിക്കുപറ്റി നിത്യരോഗിയായി കിടപ്പാവുമ്പോള്‍ അവള്‍ തൂപ്പുജോലിയും വീട്ടുപണിയും ചെയ്ത് അയാളെ പോറ്റി. അയാള്‍ക്കൊഴിവാക്കാന്‍ കഴിയാത്ത കള്ള് നിത്യം വാങ്ങിക്കൊടുക്കാന്‍ മറന്നതുമില്ല. ഗൗരിയെ ലളിത അനായാസമായി, പ്രാഗത്ഭ്യത്തോടെ വെള്ളത്തിരയില്‍ അവതരിപ്പിച്ചു.

ചെറുതെങ്കിലും ശ്രദ്ധേയമായിരുന്നു 'അനുഭവങ്ങള്‍ പാളിച്ചകളി'ലെ പാര്‍വ്വതിയുടെ റോള്‍. നമ്മുടെ വിപ്ലവേതിഹാസങ്ങളിലെ ത്യാഗിനിയായ നിശബ്ദ പ്രണയിനി, ഗായിക. വേര്‍പാടിന്റെ അനിവാര്യതയെക്കുറിച്ചുള്ള അറിവ്, അതു മനസ്സിലാക്കിക്കൊണ്ടുതന്നെ താന്‍ സ്‌നേഹിക്കുന്ന പുരുഷന് എന്തും നല്‍കാനുള്ള സന്നദ്ധത ഇവയൊക്കെ അവയുടെ സൂക്ഷ്മഭാവത്തില്‍ അവതരിപ്പിച്ച ചെറുപ്പക്കാരി സത്യനൊപ്പം നിന്നു ഈ ചിത്രത്തില്‍.

പിന്നീട് പല ചിത്രങ്ങളിലും അവര്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അഭിനയപാടവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, 'സ്വയംവരം' വരെ കാത്തിരിക്കേണ്ടിവന്നു ശ്രദ്ധേയമായ ഒരു വേഷത്തിന്. കല്യാണി സ്വയംവരത്തിലെ നായികയുടെ അയല്‍ക്കാരി മാത്രമല്ല, അവരുടെ അനിശ്ചിത ഭാവിയിലേക്കുള്ള ചൂണ്ടുപലകകളില്‍ ഒന്നുകൂടിയാണ്. അഭിനയ ചാതുരിക്കൊപ്പം അടൂര്‍ സിനിമകളുടെ ഭാഷ, മദ്ധ്യ തിരുവിതാംകൂര്‍ മലയാളം അനായാസമായും സ്വാഭാവികമായും സംസാരിക്കാനുള്ള കഴിവും ലളിതയെ ഈ ചിത്രത്തില്‍ സഹായിച്ചിട്ടുണ്ട്. അടൂര്‍ സിനിമകളില്‍ മിക്കതിലും അഭിനയിക്കാന്‍ ലളിത ക്ഷണിക്കപ്പെട്ടത് ഈ ഭാഷാപ്രാവീണ്യം കൊണ്ടുകൂടിയാകണം.

തുടര്‍ന്ന് അവര്‍ മലയാള സിനിമയിലെ ഏതാണ്ടൊരു സ്ഥിരം സാന്നിദ്ധ്യമായി. ഒരു വര്‍ഷം എട്ടു പത്ത് സിനിമകള്‍. എല്ലാറ്റിലും പക്ഷേ, ചെറിയ വേഷങ്ങള്‍. ഒടുവില്‍ അവരെത്തേടി ഒരു നായികാവേഷം എത്തി. ചിത്രം അടൂരിന്റെ 'കൊടിയേറ്റം.' ഗോപിക്ക് ഭരത് അവാര്‍ഡും ചിരപ്രതിഷ്ഠയും നേടിക്കൊടുത്ത ആ സിനിമയുടെ വിജയത്തിന് ലളിതയുടെ സംഭാവന ഒട്ടും ചെറുതായിരുന്നില്ല. അഭിനയത്തില്‍ അവര്‍ ഗോപിക്കൊപ്പം നിന്നു, വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാത്ത നാട്ടിന്‍പുറത്തുകാരിയുടെ ദൈന്യവും നിസ്സഹായതയുമൊക്കെ അവര്‍ അതീവ ഹൃദ്യമാക്കി. ഉത്സവഭ്രാന്തനായ അയാള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്, പിരിഞ്ഞുപോക്ക്, 'അയാള്‍ വിളിക്കാന്‍ വരുമ്പോള്‍ കൂടെ പോകാന്‍ കഴിയാത്ത നിസ്സഹായത, ഉത്സവമൊക്കെ മതിയാക്കി ജീവിക്കാനൊരുങ്ങി അയാള്‍ മടങ്ങിയെത്തുമ്പോള്‍ കണ്ണീരിലൂടെയുള്ള പുഞ്ചിരി, പശ്ചാത്തലത്തിലെ ഉത്സവമേളത്തിനൊപ്പം അവരുടെ ആഹ്ലാദം ഒരു കരച്ചിലായി പുറത്തുവരുന്നത് പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാള സിനിമാ പ്രേക്ഷകര്‍ അഭിമാനത്തോടെ ഓര്‍ത്തിരിക്കുന്നു...'

കെ.പി.എ. സി ലളിത
കെ.പി.എ. സി ലളിത

പക്ഷേ, ഇത്രയും മികച്ച അഭിനയ പ്രകടനം കൊണ്ടെന്തു കാര്യം. ലളിതയ്ക്ക് വീണ്ടും അയല്‍ക്കാരിയിലേയ്ക്ക് മടങ്ങിപ്പോകേണ്ടിവന്നു. അയല്‍ക്കാരിയല്ലെങ്കില്‍ ചെറിയമ്മ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകതകളുള്ള ജോലിക്കാരി. ഉദാഹരണം കുറത്തിക്കല്യാണി, 'കാട്ടുകുതിരയി'ലെ ചുണ്ണാമ്പ് വില്‍പ്പനക്കാരി. ഠിം എന്ന് കൊച്ചുവാവ പറയുമ്പോള്‍ ഠിം ഠിം എന്നു മറുപടി പറയുന്ന കുറത്തി കല്യാണിയെ ഓര്‍മ്മയില്ലേ? ഒരു കാര്യം ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു: കൊച്ചുവാവയുടെ വേഷം അന്നത്തെ മറ്റൊരു നടന്‍, നാടകത്തില്‍ ആ വേഷം ചെയ്ത രാജന്‍ പി. ദേവ്, അല്ലെങ്കില്‍ മുരളി, അതുമല്ലെങ്കില്‍ നെടുമുടി ഭംഗിയായി ചെയ്യുമായിരുന്നിരിക്കാം. പക്ഷേ, കുറത്തിക്കല്യാണിയായി മറ്റൊരു നടിയെ സങ്കല്പിക്കാന്‍ കഴിയുകയില്ല.

കുറത്തിക്കല്യാണിയായി അഭിനയിച്ച നടി തന്നെയാണ് 'കാറ്റത്തെ കിളിക്കൂടി'ലെ അഭിജാതയായ ഇന്ദിരാ തമ്പിയായി വെള്ളിത്തിരയില്‍ എത്തിയതെന്നോര്‍ക്കണം. ഗ്ലാമര്‍ കുറഞ്ഞ വേഷങ്ങളേ ലളിതക്കിണങ്ങൂ എന്നത് സൗകര്യപൂര്‍വ്വം സൃഷ്ടിച്ച ഒരു നുണയാണ്. അതിരിക്കട്ടെ, ഈ അയല്‍ക്കാരി വേഷം ശ്രദ്ധേയമാക്കിയ ഒരു സിനിമയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. 'മനസ്സിനക്കരെ' 'ഞാന്‍ പോവുമ്പം ആ വഴിക്കൊന്നും വന്നു നിന്നേക്കരുത്' എന്ന് കുഞ്ഞുമറിയ കൊച്ചുത്രേസ്യയോട് പറയുന്ന രംഗം ഒന്നോര്‍ത്തു നോക്കൂ. കെ.പി.എ.സി ലളിത പഴയ ആ ചങ്ങനാശ്ശേരി ലളിതയുടെ വളര്‍ച്ചയെത്തിയ രൂപമാണെന്ന് എനിക്കു ബോദ്ധ്യമായി.

അഞ്ഞൂറ്റമ്പതിലധികം ചിത്രങ്ങളിലഭിനയിച്ച ഈ മഹാനടിക്ക് അവയില്‍ ബഹുഭൂരിപക്ഷത്തിലും നല്‍കപ്പെട്ട റോള്‍ എന്തായിരുന്നു? ഈ ചോദ്യത്തിനുത്തരം കണ്ടെത്തുന്നതിനു സിനിമയിലെ റോള്‍ വിഭജനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. നായകന്മാരല്ലാത്ത പ്രധാന വേഷക്കാരെ സൂചിപ്പിക്കാന്‍ സിനിമാ ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കാണ് Character Actor സ്വഭാവനടന്‍/നടി എന്നത് മലയാള സിനിമയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമാണ്. പ്രാധാന്യവും പ്രത്യേകതയുമുള്ള നായകേതര വേഷം കൈകാര്യം ചെയ്യുന്ന അഭിനേതാവ് ആണ് നിര്‍വ്വചന പ്രകാരം സ്വഭാവ നടന്‍/നടി. അപ്പോള്‍ സംഭാഷണമൊന്നുമില്ലാത്ത, തിരശ്ശീലയില്‍ മിന്നിമറഞ്ഞുപോകുന്ന നിസ്സാര റോളുകള്‍ ഒഴിച്ചുള്ളവയെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താമോ? പാടില്ല എന്നാണ് പൊതുധാരണ. പ്രാധാന്യമുള്ള എന്നു പറഞ്ഞാല്‍ കഥയുടെ വികാസപരിണാമങ്ങളെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന, തിരശ്ശീലയില്‍ കാര്യമായി സാന്നിദ്ധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെ സ്വഭാവനടന്മാര്‍/നടികള്‍ എന്നും താരതമ്യേന പ്രാധാന്യവും തിരശ്ശീലയിലെ സാന്നിദ്ധ്യവും കുറഞ്ഞ, പക്ഷേ, ഒഴിവാക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ സഹനടന്മാര്‍/നടികള്‍ എന്നുമാണ് വിവക്ഷിക്കപ്പെടുന്നത്.

ആറന്മുള പൊന്നമ്മയും കവിയൂര്‍ പൊന്നമ്മയും മീനയും പങ്കജവല്ലിയും സുകുമാരിയുമൊക്കെ സ്വഭാവ നടിമാരാണ് ഈ നിര്‍വ്വചനപ്രകാരം. നായികാവേഷം അഴിച്ചുവെച്ച ഷീലയും ശാരദയും മലയാളത്തില്‍ കാരക്ടര്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, നായകനു തുല്യമായ വേഷങ്ങളില്‍. ആറന്മുള പൊന്നമ്മ 'അമ്മ, മുത്തശ്ശി മുതലായ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സിനിമകളില്‍ കുടുംബത്തിന്റെ പരമാധികാരിയായ അമ്മയായും. അറുപതുകളിലേയും എഴുപതുകളിലേയും ഏതു മലയാളസിനിമയെടുത്താലും ഒരു പ്രധാന കാരക്ടര്‍ റോളില്‍ അവര്‍ ഉണ്ടായിരിക്കുമല്ലോ. കവിയൂര്‍ പൊന്നമ്മ തുടക്കക്കാലത്ത് തന്നെ 'കുടുംബിനി', 'ഭര്‍ത്താവ്' എന്നീ സിനിമകളില്‍ മുഖ്യ കഥാപാത്രമായി അഭിനയിച്ചു. ചെറുപ്പക്കാരിയായ അവര്‍ക്കൊപ്പം ഉപകഥാപാത്രങ്ങളായാണ് നസീറും തിക്കുറിശ്ശിയും മുത്തയ്യയും ഷീലയുമൊക്കെ അഭിനയിച്ചത്. പിന്നീട് അവരഭിനയിച്ച വേഷങ്ങളൊക്കെ കഥയില്‍ സുപ്രധാന പങ്കുള്ള അമ്മമാരോ സഹോദരിമാരോ ആയാണ്. ഓടയില്‍നിന്നു മുതല്‍ക്കിങ്ങോട്ട് എത്രയെത്ര ചിത്രങ്ങള്‍. 'തിങ്കളാഴ്ച നല്ല ദിവസം', 'അരയന്നങ്ങളുടെ വീട്' തുടങ്ങിയ സിനിമകളില്‍ അവരായിരുന്നില്ലേ പ്രധാന കഥാപാത്രം?

ലളിതയുടെ കാര്യമോ? ഏതെങ്കിലും ഒരു സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ക്കവസരം കിട്ടിയോ? സുകുമാരി, മീന തുടങ്ങിയവരെപ്പോലെ മുഴുനീള കാരക്ടര്‍ വേഷങ്ങളഭിനയിക്കാന്‍ ലളിതയ്ക്ക് എത്ര അവസരങ്ങള്‍ കിട്ടി? അഞ്ഞൂറിലധികം അയല്‍ക്കാരികള്‍ക്കിടയില്‍ അവര്‍ക്കു കിട്ടിയ കാരക്ടര്‍ വേഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വിരളം.  അമരം, വെങ്കലം, വെള്ളിമൂങ്ങ, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മാടമ്പി ... അര ഡസന്‍, ഏറിയാല്‍ നുള്ളിപ്പെറുക്കിയാല്‍ ഒരു ഡസന്‍. അവയില്‍ത്തന്നെ മാടമ്പിയിലെ പിള്ളയുടെ അമ്മ മാത്രമാണ് ഏതാണ്ട് നായകനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രം. മറ്റുള്ളവയിലൊക്കെ അമ്മമാര്‍ താരതമ്യേന നിഷ്പ്രഭരാണ്. സഹനടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയ അമരത്തില്‍പോലും കാരക്ടര്‍ റോളുകളില്‍ ചിത്ര അഭിനയിച്ച ചന്ദ്രിക്കാണ് പ്രാധാന്യം. ചുരുക്കിപ്പറഞ്ഞാല്‍ ലളിതയുടെ അഭിനയപാടവം കൊണ്ടാണ് അവരഭിനയിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.

അപ്പോള്‍ അടിവരയിട്ട് പറയാനുദ്ദേശിക്കുന്നത് ഇതാണ്: അഞ്ഞൂറിലധികം ചിത്രങ്ങളിലഭിനയിച്ച, മലയാളത്തിന്റെ മഹാനടി എന്നു മരണാനന്തരം വിശേഷിപ്പിക്കപ്പെട്ട കെ.പി.എ. സി ലളിതയ്ക്ക് ഒരു സ്വഭാവനടി എന്ന സ്ഥാനം മലയാള സിനിമ ഒരിക്കലും നല്‍കിയിരുന്നില്ല, അവര്‍ അത് അര്‍ഹിച്ചിരുന്നുവെങ്കിലും. അവര്‍ എല്ലായ്‌പോഴും ഒരു സഹനടി മാത്രമായിരുന്നു. അതുകൊണ്ട് നഷ്ടമുണ്ടായത് മലയാള സിനിമയ്ക്കം പ്രേക്ഷകര്‍ക്കുമാണ്.

റോളുകള്‍ പ്രാധാന്യം നോക്കാതെ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ ഒന്നും ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല. പക്ഷേ, ചലച്ചിത്രരംഗത്തെ ഈ പ്രവണത ഗൗരവമുള്ള ചര്‍ച്ചയ്ക്ക് വിധേയമാവുക തന്നെ വേണം. കാരണം ഈ പ്രവണത ഇക്കാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ലളിതയ്ക്ക് രണ്ടു പ്രാവശ്യവും ലഭിച്ചത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമാണ്. ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് തന്നെ കിട്ടിയ നടിയും അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഇന്നുണ്ട്. അതു മാറേണ്ടതല്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com