'എനിക്ക് എപ്പോഴും എല്ലാം കിട്ടിക്കൊണ്ടേ ഇരിക്കണം, അല്ലെങ്കില്‍ ഞാന്‍ സെമിനാറുകളില്‍ പോയി കസര്‍ത്തും'- റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

സന്തോഷത്തോടെ കെമിസ്ട്രി പഠിപ്പിച്ചു നടന്ന സാറാണ്. അപ്പോഴാണ് ദാഹം ഒരു സുഖക്കേടുപോലെ പടര്‍ന്ന് എല്ലാം കീഴ്പ്പെടുത്തിയത്
'എനിക്ക് എപ്പോഴും എല്ലാം കിട്ടിക്കൊണ്ടേ ഇരിക്കണം, അല്ലെങ്കില്‍ ഞാന്‍ സെമിനാറുകളില്‍ പോയി കസര്‍ത്തും'- റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

ത്ര കിട്ടിയാലും പോരാ എന്ന തോന്നല്‍ ഒരു ഭയങ്കര പ്രശ്‌നമാണ്. മൂട്ടകടി പോലുള്ള പ്രശ്‌നങ്ങള്‍ക്കു പ്രതിവിധികളുണ്ട്. പക്ഷേ, പോരാ എന്ന ദാഹം എത്ര വെള്ളം കുടിച്ചാലും ശമിക്കുകയില്ല. തീരാത്ത രോഗം വന്നാല്‍ എന്തുചെയ്യും? അതാണ് നമ്മുടെ തോമസ് മാഷിനു പറ്റിയിരിക്കുന്ന പറ്റ്. 

സന്തോഷത്തോടെ കെമിസ്ട്രി പഠിപ്പിച്ചു നടന്ന സാറാണ്. അപ്പോഴാണ് ദാഹം ഒരു സുഖക്കേടുപോലെ പടര്‍ന്ന് എല്ലാം കീഴ്പ്പെടുത്തിയത്. അക്കാലത്ത് എല്ലാം കോണ്‍ഗ്രസ്സായിരുന്നല്ലോ. രാഷ്ട്രീയം എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്. അങ്ങനെയാണ് കോണ്‍ഗ്രസ്സുകാരനായത്. തത്ത്വചിന്തകള്‍ക്കോ നയപരിപാടികളെക്കുറിച്ചുള്ള നിലപാടുകള്‍ക്കോ ഒരു പ്രസക്തിയുമില്ലായിരുന്നു എന്നര്‍ത്ഥം. 

ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്ന ജീവിതരഹസ്യം മനസ്സിലാക്കുകയും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായി അതിനെ രൂപപ്പെടുത്തുകയും ചെയ്ത മാഷ് സന്തോഷവാനായി. അപ്പോഴാണ് ഒരു വലിയ നമ്പ്യാര്‍തമാശയുടെ ഗുട്ടന്‍സ് മാഷിനു മനസ്സിലായി തുടങ്ങിയത്. എനിക്കും കിട്ടണം പണം എന്നു പ്രഖ്യാപിച്ച നമ്പ്യാര്‍ എത്ര പണം എന്നു പറഞ്ഞില്ല. അതോടെ മാഷിനു വൈക്ലബ്യം തുടങ്ങി. പണമല്ലേ? അതിന് ഒരു കണക്കൊക്കെ വേണ്ടേ? കണക്കില്ലാത്ത പണത്തിന്റെ അന്തമില്ലായ്മ അറിഞ്ഞ മാഷിന് നമ്പ്യാരുടെ ഉദാസീനത ഇഷ്ടപ്പെട്ടില്ല. 

കണക്കില്ലാത്ത അധികാരങ്ങള്‍ സ്വന്തമാക്കണമെന്ന മാഷിന്റെ തീരുമാനത്തിനു പുറകില്‍ സ്വാര്‍ത്ഥത എന്നൊരു സാധനം ഇല്ലായിരുന്നു എന്നു നാം മനസ്സിലാക്കണം. എം. എല്‍.എ ആയി, ദീര്‍ഘ വര്‍ഷങ്ങള്‍ കേരളത്തില്‍ മന്ത്രിയായി, വേറെയും ദീര്‍ഘ വര്‍ഷങ്ങള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ മന്ത്രിയായി. എല്ലാം നാടിനും നാട്ടുകാര്‍ക്കും വേണ്ടി അടിയറവച്ച് മന്ത്രിമാഷ് നിസ്വാര്‍ത്ഥം സേവനമനുഷ്ഠിച്ചു എന്ന വാസ്തവം നാം മറക്കരുത്.

സ്വാര്‍ത്ഥത എന്തെന്നറിയാതെ എല്ലാം പൊതുജന നന്മയ്ക്കായി സമര്‍പ്പിച്ച മന്ത്രിമാഷിന് ഒരു പ്രശ്‌നം ബാക്കിവന്നു: പൊതുജനം തന്റെ നിസ്വാര്‍ത്ഥതയെ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്ന വസ്തുത. പ്രശ്‌നം മനസ്സിലായതോടെ പ്രശ്‌നപരിഹാരവും മാഷിനു പിടികിട്ടി. കൂടുതല്‍ കൂടുതല്‍ അധികാരങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ വച്ചാല്‍, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പൊതുജനം നിര്‍ബ്ബന്ധിതരാകും എന്ന് മാഷ് അറിഞ്ഞു. കൂടുതല്‍ കാര്യക്ഷമതയോടെ ജനങ്ങളെ സേവിക്കാന്‍ മാഷ് കണ്ടുപിടിച്ച രീതിയാണ്, എന്തെല്ലാം കിട്ടിയാലും പോരാ, പോര എന്നു പറഞ്ഞ് തേരാപ്പാരായുള്ള നടപ്പ്. 

എന്തുചെയ്യാം, ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സിനുവേണ്ടി സമര്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് അതു വേണ്ടതുപോലെ മനസ്സിലാക്കാതെ പോയി. കോണ്‍ഗ്രസ്സാണ് കുറ്റവാളി, തോമസ് മാഷല്ല. ഒരു കുറ്റവാളിപ്പാര്‍ട്ടിയില്‍ നില്‍ക്കാന്‍ രാജ്യസ്‌നേഹികള്‍ ആരെങ്കിലും ആഗ്രഹിക്കുമോ? അതാണ് സി.പി.എം സെമിനാറില്‍ പോയി ഘോരഘോരം മാഷ് പ്രസംഗിച്ചത്. 

ആ സെമിനാര്‍ പോക്കില്‍ ഒരു സന്ദേശമുണ്ടായിരുന്നു. കോണ്‍ഗ്രസ്സിനുള്ള സന്ദേശം: ''എനിക്കു വേണ്ടതെല്ലാം കിട്ടി എന്നു നിങ്ങള്‍ കരുതരുത്. എനിക്കു കിട്ടിയതൊന്നും പോരാ. എനിക്ക് എപ്പോഴും എല്ലാം കിട്ടിക്കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ ഞാന്‍ സെമിനാറുകളില്‍ പോയി കസര്‍ത്തും.'' ആ സന്ദേശത്തിനു പുറകില്‍ ഒരു വെല്ലുവിളിയുണ്ട്. എന്നുവേണമെങ്കിലും സെമിനാറുകള്‍ ചാടിക്കടന്ന് മറ്റു പാര്‍ട്ടികളിലേക്ക് തള്ളിക്കയറിയേക്കും എന്നൊരു ഭീഷണി. അതു കേട്ടില്ലെന്നു നടിക്കാനുള്ള ശക്തി കോണ്‍ഗ്രസ്സിനുണ്ടോ?

കോണ്‍ഗ്രസ് നായകനായ കെ. സുധാകരന്‍ കര്‍ക്കശമായ ഭാഷയിലാണ് തോമസിന്റെ താന്തോന്നിനയത്തെ വിമര്‍ശിക്കുന്നത്. തോമസിനു കുലുക്കമില്ല. ഹൈക്കമാന്‍ഡിനു മാത്രമേ എന്തെങ്കിലും നടപടി നിര്‍ദ്ദേശിക്കാനാകൂ എന്നാണ് പുള്ളിയുടെ വാദം. പഴയ തിരുതക്കറിയുടെ രുചി ഹൈക്കമാന്‍ഡു മറക്കുമോ? ചുരുക്കിപ്പറഞ്ഞാല്‍, നാലു വാചകമടിക്കാന്‍ കഴിവുള്ളവര്‍ക്കെല്ലാം സ്വന്തം പരിപാടി നടപ്പിലാക്കാന്‍ സാധിക്കുന്ന ദേശീയകക്ഷിയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്. അതു കോണ്‍ഗ്രസ്സിനു നല്ലതല്ലേ? കോണ്‍ഗ്രസ്സിനു നല്ലതായ കാര്യങ്ങള്‍ രാജ്യത്തിനു നല്ലതല്ലേ? എല്ലാം എല്ലാവര്‍ക്കും നല്ലത്. ചാടിക്കളിയെടാ കുഞ്ഞിരാമാ...

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com