'കോണ്‍ഗ്രസ്സിനെ കൂട്ടുമോ എന്നു ചോദിക്കുന്നവര്‍ അവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ കൂടി പരിശോധിക്കണം'

ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ കടമ എന്നു മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കി പ്രസിദ്ധീകരിച്ചു ചര്‍ച്ച തുടങ്ങിയ കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു
'കോണ്‍ഗ്രസ്സിനെ കൂട്ടുമോ എന്നു ചോദിക്കുന്നവര്‍ അവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ കൂടി പരിശോധിക്കണം'

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പു തന്നെയായിരുന്നു സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ദിശ. ''ഞങ്ങള്‍ ചിന്തിക്കുന്നത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാണ്, ബി.ജെ.പിയെ അടുത്ത തെരഞ്ഞെടുപ്പില്‍ താഴെയിറക്കാനുള്ള വഴിയാണ്'' എന്ന് കെ.വി. തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടിയില്‍ അതു കൃത്യമായുമുണ്ട്. ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് മുഖ്യ കടമ എന്നു മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കി പ്രസിദ്ധീകരിച്ചു ചര്‍ച്ച തുടങ്ങിയ കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വ വര്‍ഗ്ഗീയവാദത്തിനെതിരെ എല്ലാ മതനിരപേക്ഷ ശക്തികളേയും വിശാലമായി അണിനിരത്താന്‍ ശ്രമിക്കണം എന്നും വിശദീകരിച്ചു. എന്നാല്‍, ബി.ജെ.പിക്കു ബദലാകാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല എന്നു വിവിധ ദേശീയ നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു തുടങ്ങിയതു മുതലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയം കൂടുതല്‍ ചര്‍ച്ചയായത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എന്ന നിലയില്‍ എസ്. രാമചന്ദ്രന്‍ പിള്ളയും സമ്മേളനം തുടങ്ങുന്നതിനു മുന്‍പേ അതു വ്യക്തമാക്കി. ആ സമീപനം അതേവിധം, അന്തസ്സത്ത ചോരാതെ അംഗീകരിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തിയോ വിശ്വാസത്തിലെടുത്തോ ബി.ജെ.പി വിരുദ്ധ മുന്നണിയോ ധാരണയോ ഉണ്ടാക്കുന്നതിനോട് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള വിയോജിപ്പിന്റെ ആകെത്തുകയാണ് ഈ നയം; നേരെ തിരിച്ചും പറയാം: ഈ നയത്തിലാണ് കോണ്‍ഗ്രസ് വിരുദ്ധ, ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ ഊന്നല്‍. കേന്ദ്ര കമ്മിറ്റിയില്‍ പുതുതായി ആരൊക്കെ, പൊളിറ്റ്ബ്യൂറോയില്‍ ആരൊക്കെ, കേരളത്തില്‍നിന്ന് ആര്, വനിതകളുടെ എണ്ണം കൂടുമോ, ദളിത് പ്രാതിനിധ്യം ഉണ്ടാകുമോ തുടങ്ങി മാസങ്ങള്‍ക്കു മുന്‍പേ തുടങ്ങി പുതിയ കമ്മിറ്റികളുടെ പ്രഖ്യാപനം വരെ നീണ്ട അഭ്യൂഹങ്ങളും ചര്‍ച്ചകളുമൊക്കെ സ്വാഭാവികം. പി.ബിയും കേന്ദ്ര കമ്മിറ്റിയും പ്രഖ്യാപിച്ചതോടെ ഊഹങ്ങള്‍ അടങ്ങിയതും പുതിയ ചര്‍ച്ചകളിലേക്കു വഴിമാറിയതും സാധാരണം. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍നിന്നു പുതുതായി ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ് എന്നത് സി.പി.എമ്മിന് അഭിമാനത്തോടെ പറയാവുന്നതുതന്നെ. കെ.എന്‍. ബാലഗോപാലും പി. രാജീവും സി.സിയില്‍ എത്തുമെന്ന് പൊതുവെ ഉറപ്പായിരുന്നു. പി. സതീദേവിയുടെ കാര്യത്തിലുമുണ്ടായിരുന്നു ശക്തമായ സൂചനകള്‍. എന്നാല്‍, സി.എസ്. സുജാതയുടെ ഉയര്‍ച്ച അര്‍ഹതയ്ക്കുള്ള അപ്രതീക്ഷിത അംഗീകാരം തന്നെയായി. സീതാറാം യെച്ചൂരി മൂന്നാമതും ജനറല്‍ സെക്രട്ടറിയാകും എന്നതും കേരളത്തില്‍നിന്ന് എ. വിജയരാഘവന്‍ പി.ബി അംഗമാകുമെന്നതും സംശയമില്ലാത്ത കാര്യങ്ങളായിരുന്നു. പക്ഷേ, സംഘടനാപരമായ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ കാര്യങ്ങളേക്കാള്‍ പ്രധാനം രാഷ്ട്രീയനയം എന്ത് എന്നതിനാണ്. കോണ്‍ഗ്രസ്സല്ല രാജ്യത്തിന്റെ പ്രതീക്ഷ എന്നു സംശയരഹിതമായി പറഞ്ഞു, ഈ സമ്മേളനം. കോണ്‍ഗ്രസ്സിനെ പ്രതീക്ഷിക്കുകയേ വേണ്ട എന്നു പറഞ്ഞുമില്ല. അതേസമയം, കോണ്‍ഗ്രസ്സിനോട് വെട്ടൊന്ന് മുറി രണ്ട് എന്ന നിലപാടെടുത്ത സമ്മേളനത്തിന്റെ ഭാഗമാകുന്നതില്‍നിന്നല്ല, കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറില്‍നിന്നാണ് കെ.വി. തോമസിനേയും ശശി തരൂരിനേയും കോണ്‍ഗ്രസ് നേതൃത്വം വിലക്കിയത്. മുന്‍പ് നിരവധി തവണ സി.പി.എം വേദികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്. അവരുടെ രാഷ്ട്രീയം പറയേണ്ടവിധം പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കുന്നത് സി.പി.എമ്മിനോട് രാഷ്ട്രീയത്തിനുമപ്പുറം വിദ്വേഷം വച്ചുപുലര്‍ത്തുന്നു എന്ന് ആരോപിക്കപ്പെടുന്നവരാണ്. 'തന്റെ കോണ്‍ഗ്രസ്സില്‍' നിന്നൊരു നേതാവ് സി.പി.എം വേദിയില്‍ വരില്ല എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാശിക്കൊപ്പമാണ് ഹൈക്കമാന്റ് നിന്നത്. അതുകൊണ്ടാണ് കെ.വി. തോമസിന് അതു ലംഘിക്കേണ്ടി വന്നത്. കെ.വി. തോമസിലേക്കും വിലക്ക് ലംഘനത്തിലേക്കും വാര്‍ത്തകളുടെ ഫോക്കസ് നീണ്ടെങ്കിലും കറങ്ങിത്തിരിഞ്ഞു വന്നു നിന്നത് കൃത്യമായി ദേശീയ രാഷ്ട്രീയത്തിന്റെ ദിശ എങ്ങോട്ട് എന്ന അതിപ്രധാന ചോദ്യത്തില്‍ത്തന്നെ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യവും ഇടതുപക്ഷത്തോടും സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടുമുള്ള പ്രതിബദ്ധത അദ്ദേഹം പ്രഖ്യാപിച്ചതും ദേശീയശ്രദ്ധയാണ് നേടിയത്. അതാണ് കാര്യം. കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ കേരള ഘടകത്തിന്റെ നിലപാടും ബംഗാള്‍ ഘടകത്തിന്റെ നിലപാടും പരസ്പര വിരുദ്ധമാണ് എന്ന് തുടക്കം മുതല്‍ പ്രചരിച്ചതിനു കര്‍ക്കശമായാണ് പിണറായി വിജയനും കോടിയേരിയും സമാപന സമ്മേളനത്തില്‍ മറുപടി പറഞ്ഞത്: ''പാര്‍ട്ടിയാണ് ഞങ്ങള്‍ക്കെല്ലാം, പാര്‍ട്ടിയുടെ കേന്ദ്ര നിലപാടാണ് എല്ലാവരുടേതും.''

കെഎൻ ബാല​ഗോപാൽ
കെഎൻ ബാല​ഗോപാൽ

ബംഗാളില്‍ 11 വര്‍ഷം മുന്‍പ് അധികാരം നഷ്ടപ്പെടുകയും പാര്‍ട്ടി തകരുകയും ചെയ്തതിന്റെ ആഘാതം മറികടക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവിടുത്തെ ഘടകം കേരളത്തിലെപ്പോലെ കോണ്‍ഗ്രസ്സിനോട് വിരോധം കാണിക്കുന്നില്ല എന്നതൊരു വസ്തുതയാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി അതല്ല എന്ന് ബംഗാള്‍ സി.പി.എമ്മിനു നന്നായി അറിയുകയും ചെയ്യാം. എന്നിട്ടും തര്‍ക്കവും വ്യത്യസ്ത ചേരികളും ഉണ്ടെന്നു ചില മാധ്യമങ്ങള്‍ എഴുതിയതാണ് പ്രകോപനം. ബംഗാളിലെ സ്ഥിതിയല്ല ത്രിപുരയില്‍. അവിടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും സംസാരിച്ചപ്പോള്‍ തെളിഞ്ഞത് രണ്ടു സംസ്ഥാനങ്ങളിലെ ചിത്രങ്ങളാണ്. സമ്മേളന വേദിയില്‍ മാത്രമല്ല മാധ്യമങ്ങളോടും അവര്‍ സംസാരിച്ചു. ബംഗാളില്‍ 60 വയസ്സ് കടക്കാത്തവരെ മാത്രം പുതുതായി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയും സംഘടന അഴിച്ചു പണിതും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുമൊക്കെ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. സാഹചര്യം ബുദ്ധിമുട്ടേറിയതാണ് എന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞത് അധികം പ്രത്യാശയോടെ അല്ല. '11 വര്‍ഷത്തെ തൃണമൂല്‍ ഭരണവും എട്ടു വര്‍ഷത്തെ മോദി ഭരണവും അസ്വസ്ഥരാക്കിയ ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നു. ആദ്യ വെല്ലുവിളി ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുക എന്നതാണ്'' -മുഹമ്മദ് സലീമിന്റെ വാക്കുകള്‍. ഇടതുപക്ഷത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നുകൂടി പറയുന്നു അദ്ദേഹം. അടുത്തെങ്ങും തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ ആ വാക്കുകളില്‍ ഇല്ല. ത്രിപുരയില്‍ സംഘപരിവാര്‍ സി.പി.എം ഓഫീസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു തകര്‍ക്കുന്നു, പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയാകുന്നു. പൊലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞിട്ടും കാര്യമില്ലാത്ത സ്ഥിതി. എന്നാല്‍, ഇതു മടുത്ത ജനങ്ങള്‍ ചെറുത്തുനില്‍പ്പും പ്രതിഷേധവുമായി ഇറങ്ങിത്തുടങ്ങിയതിലാണ് സി.പി.എം പ്രതീക്ഷ വയ്ക്കുന്നത്. ഗ്രാമങ്ങള്‍ തോറും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ് അവിടെ സി.പി.എം.
 
 

പ സതീദേവി
പ സതീദേവി

എന്തുകൊണ്ട് ബി.ജെ.പി 

സി.പി.എമ്മിന് ഇപ്പോള്‍ പണവും പ്രവര്‍ത്തകരുടെ വലിയ നിരയും ഭരണം നല്‍കുന്ന വിപുല സാധ്യതകളുമുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. ആ നിലയ്ക്കുകൂടിയാണ് നിര്‍ണ്ണായക ദേശീയ സമ്മേളനം ഇവിടെവച്ചു നടത്തിയത്. ഭരണത്തിന്റെ സാധ്യതകള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഭരണം നല്‍കുന്ന രാഷ്ട്രീയ സാധ്യതകളെയാണ്; ഉദാഹരണത്തിന്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിന് എത്തിയത് സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തു നടക്കുന്ന സമ്മേളനം എന്ന നിലയിലും കൂടിയാണ്. ഇവിടെ സി.പി.എം പ്രതിപക്ഷത്തായിരിക്കുമ്പോഴോ അല്ലെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷം എന്ന നിലയില്‍പ്പോലും പാര്‍ട്ടി ശക്തമല്ലാത്ത മറ്റേതെങ്കിലും സംസ്ഥാനത്തോ ആണ് ഇതേ സമ്മേളനവും ഇതേ സെമിനാറുമെങ്കില്‍ സ്റ്റാലിന്‍ സമയമുണ്ടാക്കി എത്തണമെന്നില്ല. അധികാരത്തിന്റെ മധുരം നന്നായി അറിഞ്ഞ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവ് കെ.വി. തോമസ് പാര്‍ട്ടിയെ ധിക്കരിച്ച് സെമിനാറില്‍ പങ്കെടുത്തതും അണികളും അധികാരവുമുള്ള പാര്‍ട്ടി ആയതുകൊണ്ടാണ്. എന്നാല്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത് തടയാനുള്ള ആശയാടിത്തറയും പ്രായോഗികരൂപവും ഉണ്ടാക്കുക എന്ന അതിപ്രധാന ദൗത്യം സ്വന്തം ഉത്തരവാദിത്വമായി ഒരു പാര്‍ട്ടി തിരിച്ചറിഞ്ഞ് ഏറ്റെടുക്കുന്നു എന്നതാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സവിശേഷത. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സും ഈ ദൗത്യത്തിലേക്ക് അടുത്തുതന്നെയാണ് നിന്നത്. പക്ഷേ, ഒരു പ്രധാന വ്യത്യാസമുണ്ട്; ഇത്തവണയെങ്കിലും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ ജനാധിപത്യത്തിനു ഭാവിയുണ്ടാകില്ല എന്ന ബോധ്യമാണ് അത്. ജനാധിപത്യം അപകടത്തിലാണ്, ആകും എന്നൊക്കെയുള്ള ആശങ്കകളില്‍നിന്ന്, ജനാധിപത്യം കുഴിവക്കിലാണ്, ഒരു തട്ടുകൂടിയേ വേണ്ടിവരൂ മൂടാന്‍ എന്ന പേടിയിലേക്ക് എത്തിയിരിക്കുന്നു. ഈ പേടി വ്യക്തിപരമോ സംഘടനാപരമോ അല്ല എന്നും രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് എന്നും കഴിയുന്നത്ര ശക്തി ഉപയോഗിച്ച് അറിയിക്കുകയാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചെയ്തത്. അതുതന്നെയാണ് അതിന്റെ രാഷ്ട്രീയ ആഹ്വാനവും. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയെ നിലനിര്‍ത്താനുള്ള രാഷ്ട്രീയ സഖ്യത്തിന്റെ പങ്കാളിയും മുഖ്യ സംഘാടകരിലൊരാളുമാകാന്‍ പോകുന്ന സ്റ്റാലിന്‍ വന്നതിന് ആ അര്‍ത്ഥത്തിലാണ് പ്രാധാന്യം. ഇതില്‍ പങ്കെടുക്കേണ്ടത് തന്റെ കടമയാണ് എന്ന് സ്റ്റാലിന്‍ പറഞ്ഞല്ലോ. അതില്‍ എല്ലാമുണ്ട്. കെ.വി. തോമസിന്റെ വരവും കോലാഹലവും മുഖസ്തുതികളുമൊക്കെ ഇതിനിടയില്‍ എരിവു പകര്‍ന്നുവെന്നു മാത്രം. കെ.വി. തോമസിനെ സി.പി.എമ്മിനു നന്നായി അറിയാം; അത് തോമസിനും അറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തേക്കു പോകുന്നു എന്നു വരുത്തി കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയ തോമസ് അതുപയോഗിച്ചു പാര്‍ട്ടിപ്പദവി വാങ്ങിയെടുത്തതിലെ ജാള്യത സി.പി.എമ്മിനു മാറിയിട്ടുമില്ല. കെ. സുധാകരന്‍ ബ്രാന്‍ഡ് കോണ്‍ഗ്രസ്സിന് ഒരു അടി കൊടുക്കാനുള്ള താല്‍ക്കാലിക വടി: അത്രയേ ഉള്ളൂ കെ.വി. തോമസ്. ഷാഹിദ കമാല്‍, ശോഭനാ ജോര്‍ജ്ജ്, കെ.സി. റോസക്കുട്ടി എന്നീ വനിതാ നേതാക്കള്‍ കോണ്‍ഗ്രസ്സില്‍നിന്നു വന്നപ്പോള്‍ പരിഗണിച്ചതുപോലെ തെളിഞ്ഞ മനസ്സല്ല തോമസിന്റെ കാര്യത്തില്‍. ഇവരേക്കാളൊക്കെ പ്രമുഖ നേതാവായതുകൊണ്ട് കോണ്‍ഗ്രസ്സിനത് കൂടുതല്‍ ഷോക്കാകുന്നെങ്കില്‍ ആകട്ടെ എന്നേയുള്ളൂ. പുറത്തുപറയാത്ത താല്‍ക്കാലിക അടവ്. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് താല്‍ക്കാലിക ലക്ഷ്യങ്ങളിലല്ല ശ്രദ്ധ ഊന്നിയത്. അതു കൃത്യമായി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലുണ്ട്. 

കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺ​ഗ്രസിനോട് അനുബന്ധിച്ച് നടത്തിയ സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺ​ഗ്രസിനോട് അനുബന്ധിച്ച് നടത്തിയ സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

എട്ടു വര്‍ഷമായി ഭരണം തുടരുന്ന ബി.ജെ.പിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്ത് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് രാഷ്ട്രീയ പ്രമേയം. ബി.ജെ.പിയെ തോല്‍പ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് പ്രധാന ദൗത്യം. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ പരമാവധി വോട്ട് സമാഹരിക്കാനുള്ള അടവുപരമായ നിലപാടുകള്‍ സ്വീകരിക്കും. ''രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ ആവേശം പകരുന്ന സുവ്യക്തവും ദൃഢവുമായ നിലപാട്'' എന്ന ദേശാഭിമാനി മുഖപ്രസംഗത്തിലെ വിലയിരുത്തലില്‍ പ്രമേയത്തിന്മേലുള്ള സി.പി.എമ്മിന്റെ പ്രതീക്ഷയത്രയുമുണ്ട്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ മുഴുവന്‍ പിന്തുണ ഈ നിലപാടിലേക്ക് കൊണ്ടുവരിക ചെറിയ കാര്യവുമല്ല. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യ കാര്യപരിപാടിയാണ് രാഷ്ട്രീയ പ്രമേയം. 2018-ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന 22-ാം കോണ്‍ഗ്രസ്സിനുശേഷമുള്ള സാഹചര്യങ്ങള്‍ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ളതാണ് പുതിയ രാഷ്ട്രീയ പ്രമേയം എന്നു പാര്‍ട്ടി അവകാശപ്പെടുന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രവര്‍ത്തിക്കുന്നത് ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനിടെ രാജ്യത്തു നടക്കാനിരിക്കുന്ന ഏറ്റവും പ്രധാന സംഭവമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞൈടുപ്പിനു മുന്‍പ് ദേശീയ തലത്തില്‍ രാഷ്ട്രീയ സഖ്യം വേണ്ട എന്നതാണ് സി.പി.എം നിലപാട്. പ്രാദേശിക സഖ്യങ്ങളാകാം. ഹൈദരാബാദ് കോണ്‍ഗ്രസ് സ്വീകരിച്ച നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇത്. 

എ വിജയരാഘവൻ
എ വിജയരാഘവൻ

2014-ലേക്കാള്‍ കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ വിജയിച്ച് 2019-ല്‍ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ്സിന്റെ ഫാസിസ്റ്റ് അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ് എന്ന് സി.പി.എം വിലയിരുത്തി. നവ ഉദാര സാമ്പത്തിക നയം തീവ്രമാക്കി; അതിനുവേണ്ടി വര്‍ഗ്ഗീയ, കോര്‍പ്പറേറ്റ് സഖ്യം ശക്തമാക്കി. ദേശീയ ആസ്തികള്‍ മുഴുവന്‍ വിറ്റഴിക്കുന്നു, ഭരണഘടന അട്ടിമറിക്കുന്നു, വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ ദുഷ്ടലാക്കോടെ ശ്രദ്ധ വയ്ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണ് ഇതെല്ലാം. ''മറ്റു മതങ്ങള്‍ക്കെതിരായ വിദ്വേഷത്തേയും അസഹിഷ്ണുതയേയും തീവ്രദേശീയ സങ്കുചിത വാദത്തേയുമാണ് ബി.ജെ.പി പ്രതിനിധീകരിക്കുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസ് മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ബി.ജെ.പി ഒരു സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടി അല്ല. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ ആര്‍.എസ്.എസ്സിന് ഭരണകൂടാധികാരത്തിന്റേയും ഭരണയന്ത്രത്തിന്റേയും ഉപകരണങ്ങളിലേക്കെല്ലാം വഴി തുറന്നു കിട്ടുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ സമ്മിശ്രമായ സംസ്‌കാരത്തെ തിരസ്‌കരിക്കുന്നു.'' ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള ചിട്ടയായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹികനീതി, സാമ്പത്തിക പരമാധികാരം എന്നിവ ആക്രമിക്കപ്പെടുകയാണ് എന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു. മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള വെറുപ്പിന്റെ വിഷലിപ്ത പ്രചാരണങ്ങള്‍ പ്രമേയം മറച്ചുവയ്ക്കുന്നില്ല. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗ്ഗീയ ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു എന്നു തുറന്നു പറയുന്നു. പശുക്കളേയും മറ്റു കന്നുകാലികളേയും കൊല്ലുന്നതിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന നിരോധനം ന്യൂനപക്ഷ സമുദായത്തിലെ നിരപരാധികളായ ആളുകളെ ലക്ഷ്യമിട്ടാണ് സാധാരണയായി പ്രയോഗിച്ചു വരുന്നത്. ''വിദ്യാഭ്യാസം, രാഷ്ട്രീയം, ധനപരം, സാമൂഹികം, സാംസ്‌കാരികം തുടങ്ങിയ എല്ലാ മേഖലകളിലും ഫെഡറലിസത്തിന്മേലുള്ള ആക്രമണങ്ങളാണ് കാണുന്നത്.'' ദളിതരുടെ സ്ഥിതിയും കൂടുതല്‍ മോശമായി. അവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉപജീവന സാധ്യതകളും നിഷേധിക്കപ്പെടുന്നു. എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള തുകയില്‍ സ്വന്തം വഹിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വയം പിന്‍വാങ്ങിയിരിക്കുന്നു. ദളിതര്‍ക്കെതിരായ ആക്രമണം പല ഇരട്ടിയായി. അതിന്റെ ഏറ്റവും ഭയാനക ഉദാഹരണമാണ് ഹത്റാസ് സംഭവം. ഇങ്ങനെ രാജ്യത്തെ ബി.ജെ.പി ഭരണം എങ്ങനെ നാനാവിധമാക്കി എന്ന് എണ്ണിപ്പറഞ്ഞാണ് രാഷ്ട്രീയ പ്രമേയം 2024-ലെ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ രാജ്യം എന്തു ചെയ്യണം എന്നു പറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ആ സംസ്ഥാനത്തെ വിഭജിച്ചത്, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്, ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നതും അതിനു തറക്കല്ലിടുന്ന പൂജയില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടു പങ്കെടുക്കുന്നതുമെല്ലാം ഒന്നൊന്നായി ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയെ ഇനി വാഴിക്കരുത് എന്നു വാദിക്കുന്നത്. അതുകൊണ്ടുതന്നെ അതു രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ ശക്തികളും രാഷ്ട്രീയ നിരീക്ഷകരും അതു തള്ളാനായാലും കൊള്ളാനായാലും സസൂക്ഷ്മം വിശകലനം ചെയ്യേണ്ടി വരും. സി.പി.എമ്മിന്റേയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും കരുത്തു വര്‍ദ്ധിപ്പിക്കാന്‍ അവര്‍ വേണ്ടതു ചെയ്യട്ടെ; പക്ഷേ, യോജിച്ച പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണം എന്ന ആഹ്വാനത്തെ എങ്ങനെ മറ്റുള്ളവര്‍ കണ്ടില്ലെന്നു വയ്ക്കും എന്നതാണ് ചോദ്യം. യോജിച്ച സമരങ്ങള്‍ക്കു യോജിക്കാവുന്ന പൊതു പരിപാടിയും വേണ്ടിവരുന്നത് സ്വാഭാവികം. ബി.ജെ.പിയെ താഴെ ഇറക്കുക എന്നതിലേക്കു ശ്രദ്ധയും ബുദ്ധിയും ശക്തിയും കേന്ദ്രീകരിക്കുന്ന പരിപാടി. തെരഞ്ഞെടുപ്പു കഴിഞ്ഞു ഭരിക്കാനായാലും ശക്തമായ പ്രതിപക്ഷമാകാനായാലും ഇതു വേണ്ടിവരും. ദുര്‍ബ്ബലമായ പ്രതിപക്ഷം എന്നതില്‍നിന്ന് സര്‍ക്കാരുമായി മുഖാമുഖം നില്‍ക്കാന്‍ എണ്ണത്തില്‍ ശേഷിയുള്ള പ്രതിപക്ഷമെങ്കിലുമായേ പറ്റൂ. അതിന് കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തി ശ്രമിക്കുന്നത് അബദ്ധമാകും എന്നതാണ് രാഷ്ട്രീയ പ്രമേയം ഉറപ്പിച്ചു പറയുന്നത്. വര്‍ഗ്ഗീയ അജന്‍ണ്ടകള്‍ക്കെതിരെ പാര്‍ലമെന്റിനു പുറത്ത് വിശാലവേദി, യോജിപ്പുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ മതനിരപേക്ഷ പാര്‍ട്ടികളുമായി യോജിപ്പ്. ഇനിയുള്ള രണ്ടു വര്‍ഷം ഈ സമീപനം കൂടുതല്‍ ശക്തമാക്കും. ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനുള്ള അടിസ്ഥാനപരമായ 'മുന്നുപാധി' എന്നാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചുള്ള വിശേഷണം. അതിലേക്ക് പ്രവര്‍ത്തകരെ നയിക്കാന്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ: വര്‍ഗ്ഗീയ ശക്തികളെ തുറന്നുകാട്ടാന്‍ ലളിതമായ രചനകള്‍ നടത്തണം, പൊതു ഇടങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ ജാഗ്രത വേണം, വിജ്ഞാനവിരുദ്ധതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സാംസ്‌കാരിക, ജനകീയ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ നടത്തണം, ലിംഗപരമായവ ഉള്‍പ്പെടെ സാമൂഹിക അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം, ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മിശ്ര സംസ്‌കാരത്തില്‍ ഊന്നുന്ന സാംസ്‌കാരിക മേളകള്‍ സംഘടിപ്പിക്കണം, കൊവിഡ് മഹാമാരിയുടെ കാലത്തു നടന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തുടരണം, വിദ്യാഭ്യാസ രംഗത്ത് മതനിരപേക്ഷ, ജനാധിപത്യ ഉള്ളടക്കത്തിനു മുന്‍കൈ എടുക്കണം. ഇവയിലൂടെയൊന്നു പോകുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; സത്യസന്ധമായും ആലോചിച്ചുറച്ചുമാണ് ഈ പാര്‍ട്ടി ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സംസാരിക്കുന്നത് എന്ന അവകാശവാദത്തില്‍ കഴമ്പുണ്ട്. 

കേന്ദ്ര കമ്മിറ്റിയം​ഗം കെകെ ശൈലജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
കേന്ദ്ര കമ്മിറ്റിയം​ഗം കെകെ ശൈലജ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

കാലം സാക്ഷി

മുന്‍പും തെരഞ്ഞെടുപ്പിനു മുന്‍പ് ദേശീയതലത്തില്‍ സഖ്യമുണ്ടായിട്ടില്ല എന്നതാണ് ചരിത്രമെന്ന് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയായിരിക്കും എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. വി.പി. സിംഗ് സര്‍ക്കാരും ദേവെഗൗഡ സര്‍ക്കാര്‍ രൂപീകരിച്ചതും തെരഞ്ഞൈടുപ്പിനു ശേഷം രൂപീകരിച്ച മുന്നണിയിലൂടെയാണ്. 1998-ല്‍ വാജ്പേയ് സര്‍ക്കാര്‍ വന്നതും തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയ ദേശീയ ജനാധിപത്യ സഖ്യത്തിലൂടെ(എന്‍.ഡി.എ)യാണ്. അതു പിന്നീട് നിലനിന്നു. 2004-ല്‍ ഐക്യ പുരോഗമന സഖ്യം (യു.പി.എ) ഉണ്ടായത് തെരഞ്ഞെടുപ്പിനു ശേഷമാണ്. 2024-ലും അങ്ങനെയാണുണ്ടാവുക; പ്രാദേശിക സാഹചര്യം ആവശ്യപ്പെടുന്നതും അതാണ്, യെച്ചൂരി പറയുന്നു. തമിഴ്നാട്ടില്‍ ഡി.എം.കെ, മഹാരാഷ്ട്രയില്‍ എന്‍.സി.പി-ശിവസേന, ഒഡീഷയില്‍ ബിജു ജനതാദള്‍, ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടി.ആര്‍.എസ്, ഡല്‍ഹിയിലും ഇപ്പോള്‍ പഞ്ചാബിലും എ.എ.പി എന്നിങ്ങനെ ഓരോ സംസ്ഥാനത്തും പ്രാദേശിക കക്ഷികള്‍ക്കാണ് മുന്‍തൂക്കം. തെരഞ്ഞെടുപ്പില്‍ ഇത്തരം കക്ഷികളെ ഫാസിസ്റ്റു വിരുദ്ധമായി ഏകോപിപ്പിക്കുകയാണ് പ്രധാനം. ''ഇതില്‍ കോണ്‍ഗ്രസ്സിനെ കൂട്ടുമോ എന്നു ചോദിക്കുന്നവര്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങള്‍ കൂടി പരിശോധിക്കണം. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറില്‍പ്പോലും അവര്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്? ഈ സെമിനാറുകളില്‍ ഉയര്‍ന്നു വരുന്നത് ബി.ജെ.പി സര്‍ക്കാരിനെതിരായ നിലപാടുകളല്ലേ. എന്നിട്ടും കോണ്‍ഗ്രസ് എന്തുകൊണ്ടാണ് മാറി നിന്നത്?'' -യെച്ചൂരി ചോദിക്കുന്നു.

ജനങ്ങളുടെ ദൈനംദന ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ടുകൂടിയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്. എന്നാല്‍, പുറത്ത് അതു കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബി.ജെ.പി സര്‍ക്കാരിനെ താഴെിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രമല്ല. അങ്ങനെ ഒരിടത്തും പറയുന്നുമില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള ബഹുമുഖ പ്രക്ഷോഭ- പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പത്ത് കടമകള്‍ സി.പി.എം അംഗീകരിച്ചു. അതാകും വഴികാട്ടുക. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ സംരക്ഷിക്കുകയും പ്രവര്‍ത്തകര്‍ക്കു നേരെ രാജ്യമാകെയും പ്രത്യേകിച്ച് ബംഗാളിലും ത്രിപുരയിലും നടക്കുന്ന ഫാസിസ്റ്റ് ശൈലിയിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും വേണം എന്നത് കടമകളില്‍ പത്താമത്തേതാണ്. എന്നാല്‍, ഹിന്ദുത്വ ശക്തികളുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ വ്യക്തികളും സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും അടങ്ങുന്ന മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാല ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരണം എന്ന, കടമകളില്‍ മൂന്നാമത്തേതാണ് രാഷ്ട്രീയമായി ഏറ്റവും പ്രധാനം. അതു മറ്റൊരു രൂപത്തില്‍ ആറാമത്തേതായി ആവര്‍ത്തിച്ചിട്ടുമുണ്ട്: ''ഹിന്ദുത്വ ശക്തികളുടെ ഭീഷണമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കണം.'' 

ബൃന്ദ കാരാട്ട്
ബൃന്ദ കാരാട്ട്

ഇത്ര വ്യക്തമായും കൃത്യമായും സംഘ്പരിവാറിനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനു ശേഷവും സംഘപരിവാറിന്റെ കേന്ദ്രസര്‍ക്കാരിനെ പുറത്താക്കാനാണ് പാര്‍ട്ടി ശ്വസിക്കുന്നതുതന്നെ എന്നു സംശയരഹിതമായി അടിവരയിട്ടതിനു ശേഷവും 'ആര്‍.എസ്.എസ്സിനോടു മൃദുസമീപനം', 'മൃദുഹിന്ദുത്വം' തുടങ്ങിയ പഴികള്‍ കേള്‍ക്കേണ്ടി വരുന്ന പാര്‍ട്ടികൂടിയാണ് ഇപ്പോള്‍ സി.പി.എം. കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ പാതയുടെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണ നേടാനായത് പിണറായി വിജയന്‍ സര്‍ക്കാരിന് ആശ്വാസമായി. ആശ്വാസം എത്രത്തോളം എന്നതിന്റെ സൂചനയാണ് സമാപന സമ്മേളനത്തില്‍ ആ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രകടമായ ആവേശവും ആധികാരികതയും. സില്‍വര്‍ ലൈനില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നിലപാടുകളില്‍ വൈരുദ്ധ്യമില്ല എന്ന് യെച്ചൂരി ഏപ്രില്‍ എട്ടിനു തന്നെ മാധ്യമങ്ങളോടു വിശദീകരിക്കുകയും ചെയ്തിരുന്നു. ''സാമൂഹികാഘാത പഠനം നടക്കുകയാണ്. അതു വരട്ടെ എന്നാണ് സര്‍ക്കാരും പാര്‍ട്ടിയും പറയുന്നത്. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റില്ല. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയല്ലേ'' എന്നാണ് യെച്ചൂരി പറഞ്ഞത്. വികസന പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്നോട്ടു പോകാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും കുറച്ചാളുകള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണ നീക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇറങ്ങി വിശദീകരിക്കണം എന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാപന സമ്മേളനത്തില്‍ പറഞ്ഞത്. മഹാഭൂരിപക്ഷം ആളുകള്‍ സില്‍വര്‍ ലൈനിന് അനുകൂലമാണ് എന്നും അദ്ദേഹം പറഞ്ഞു. 

പി രാജീവ്
പി രാജീവ്

കേന്ദ്ര കമ്മിറ്റി അംഗീകരിച്ച് മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളിലും ചര്‍ച്ച ചെയ്താണ് രാഷ്ട്രീയ പ്രമേയത്തിനു പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ അംഗീകാരം നല്‍കിയത്. ''ആരോഗ്യകരമായ സംവാദത്തിന്റേയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റേയും ഏറ്റവും ഉന്നതമായ, മഹത്തായ മാതൃകയിലൂടെയാണ് രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എത്തുന്നതും അംഗീകരിക്കുന്നതും'' എന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഒന്‍പതിനായിരത്തോളം ഭേദഗതികളും നിരവധി നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളിലുണ്ടായി. ഈ ഭേദഗതികള്‍ കൂടി ചര്‍ച്ച ചെയ്ത് ഉള്‍പ്പെടുത്തേണ്ടവ ഉള്‍പ്പെടുത്തി എന്നു പാര്‍ട്ടി പറയുന്നു. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിലെ ജനാധിപത്യപരമായ ഉള്ളടക്കത്തിനു മറ്റൊരു പാര്‍ട്ടിയിലും താരതമ്യമില്ല എന്നു നേതൃത്വവും പ്രവര്‍ത്തകരും വാദിക്കുകയും ചെയ്യുന്നു. എന്നാല്‍, പ്രധാന ഭേദഗതികളൊന്നും അംഗീകരിച്ചില്ല എന്ന വിമര്‍ശനം മാധ്യമങ്ങളില്‍ വന്നു. ''സി.പി.എം സ്വീകരിക്കുന്ന ശരിയായ ജനാധിപത്യ മാതൃക കണ്ടില്ലെന്നു നടിക്കാനോ തെറ്റായി വ്യാഖ്യാനിക്കാനോ ആണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ആരോഗ്യകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ഈ ജനാധിപത്യ പ്രക്രിയയേയും ബലപരീക്ഷണമായും ഭിന്നതയായും ചിത്രീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നു'' എന്നാണ് ഇതിനു സി.പി.എമ്മിന്റെ മറുപടി. ''വിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയ്ക്കുശേഷമാണ് പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയത്തിന് അന്തിമ രൂപം നല്‍കുന്നത്. ഇങ്ങനെ ജനാധിപത്യപരമായ പ്രക്രിയ ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇല്ല എന്നത് ഏറ്റവും പ്രധാന കാര്യമാണ്; സി.പി.എമ്മിനു മാത്രം അവകാശപ്പെടാവുന്നതാണ് ഇത്'' -കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. 26 സംസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുത്തവരും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 812 പേരാണ് പ്രതിനിധികളായി പങ്കെടുത്തത്. 

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന സമ്മേളന വേദിയിലേക്ക് തുറന്ന ജീപ്പിലെത്തുന്നു/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന സമ്മേളന വേദിയിലേക്ക് തുറന്ന ജീപ്പിലെത്തുന്നു/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ സി.പി.എമ്മിനെയാകെ ഉണര്‍ത്തുകയും ആവേശഭരിതമാക്കുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ പാര്‍ട്ടിക്കു കരുത്താകാവുന്ന ആവേശം. അതില്‍ത്തന്നെ കേരളത്തിലെ പാര്‍ട്ടിയെ 2024-ലേക്ക് മുന്‍കൂട്ടി സജ്ജമാക്കുക കൂടി ചെയ്തിരിക്കുന്നു 23-ാം ദേശീയ സമ്മേളനം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com