'സ്ത്രീ സമൂഹം കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടണമെന്ന് ജോസഫൈന്‍ ആഗ്രഹിച്ചു'

By പി.എസ്. ശ്രീകല  |   Published: 26th April 2022 01:37 PM  |  

Last Updated: 26th April 2022 01:37 PM  |   A+A-   |  

mcj

 

1980 കളിലാണ്...

തിരുവനന്തപുരത്തു നടന്ന പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ആലപിക്കുന്ന സ്വാഗതഗാനത്തിന്റെ പരിശീലനം എ.കെ.ജി. സെന്ററില്‍ നടക്കുന്നു. എ.കെ.ജി. സെന്ററിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല. സ്‌കൂളിലെ ക്ലാസ്സ് കഴിഞ്ഞ് നേരെ എത്തുന്നത് അവിടേയ്ക്കായിരുന്നു. കോണ്‍ക്രീറ്റ്  ചെയ്ത് പൂര്‍ത്തിയാക്കാത്ത നിലത്തിരുന്ന് പാട്ടുകള്‍ പരിശീലിക്കുന്നതിനിടയില്‍ മുതിര്‍ന്ന നേതാക്കളിലാരോ ആണ് എം.സി. ജോസഫൈന്‍ എന്ന പേര് പരാമര്‍ശിച്ചത്. 

ആദ്യമായി ആ പേര് കേള്‍ക്കുന്നത് അപ്പോഴാണ്. അന്നാ പേര് തന്നെ ഒരു പുതുമയായി തോന്നി.

ഒപ്പം കേട്ട വിശേഷണം, സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നതായിരുന്നു. (അത് ശരിയായിരുന്നോ എന്ന് അറിയില്ല). അതുവരെയും ഞാന്‍ അത്തരം പദവികളില്‍ പുരുഷന്മാരുടെ പേര് മാത്രമേ കേട്ടിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അത്ഭുതം തോന്നി.

ജോസഫൈന്‍ എന്ന പേര് പിന്നെയും പലതവണ കേട്ടു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗമായും കേന്ദ്രകമ്മിറ്റി അംഗമായും അവര്‍ മാറുന്നതെല്ലാം അറിയുമ്പോള്‍ അവര്‍ക്ക് അപരിചിതയായ ഞാന്‍ അഭിമാനം കൊണ്ടു.
ആദ്യമായി കേട്ട ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നേരില്‍ കാണുന്നത്. പരിചയപ്പെടുന്നതും അടുക്കുന്നതും പിന്നീടാണ്. അതിനോടകം പലരും പറഞ്ഞുകേട്ടു: കര്‍ക്കശ്യക്കാരിയാണ്,  മയമില്ലാത്ത പെരുമാറ്റമാണ്, സ്ത്രീ സഹജമായ പെരുമാറ്റമൊന്നുമല്ല എന്നിങ്ങനെ പലതും.

അടുക്കുമ്പോള്‍ മനസ്സിലായി ഇത്തരം അഭിപ്രായങ്ങളുടെ കാരണം. പൊതുവെ സ്ത്രീകളില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അത് കുടുംബം, പൊതുരംഗം തുടങ്ങി എവിടെയായാലും ആ പ്രതീക്ഷയുണ്ട്. ഓരോ ഇടത്തിലും അതിന്റേതായ രീതിയില്‍ രൂപപ്പെടുത്തിയിട്ടുള്ള സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന മാതൃകകള്‍ ഉണ്ടാവുമെന്ന് മാത്രം. എവിടെയായിരിക്കുമ്പോഴും സ്ത്രീയില്‍നിന്ന് സ്ത്രൈണത (feminintiy) പ്രതീക്ഷിക്കപ്പെടും. അതിനനുസൃതമല്ലാത്ത പെരുമാറ്റം ഉള്‍ക്കൊള്ളാന്‍ അതത് രംഗത്തെ വ്യവസ്ഥയ്ക്കു തന്നെയും ബുദ്ധിമുട്ടായിരിക്കും. രാഷ്ട്രീയ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കും ഇത് ബാധകമാവാതെ വരില്ലല്ലോ.

എം.സി. ജോസഫൈന്റേത് സമൂഹത്തിന്റെ അലിഖിതമായ ആ രേഖാവലയത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വം ആയിരുന്നില്ല. അവര്‍ സ്ത്രൈണമായി പെരുമാറിയില്ല. അപ്പോള്‍ അത് സ്ത്രീയുടെ 'പൗരുഷ'മായി മാറി.  കാര്‍ക്കശ്യം സ്ത്രീയില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ! അതുകൊണ്ട് അവര്‍ പൊതുബോധം പേറുന്നവര്‍ക്ക് അലോസരമുണ്ടാക്കി.

തോട്ടം മേഖലയിലേയും തീരദേശത്തേയും തൊഴിലാളികള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി, സംഘടനയെ ശക്തിപ്പെടുത്തി, നേതാവായി അവര്‍ ഉയര്‍ന്നുവന്നത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. തൊഴിലാളികള്‍ക്കിടയില്‍ അവര്‍ അംഗീകരിക്കപ്പെട്ടു. സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍  വരെ അംഗമായി. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ നിരവധി പദവികളില്‍ പ്രവര്‍ത്തിച്ചു. ഇതൊക്കെയും അവരുടെ ശേഷിയെ വ്യക്തമാക്കുന്നു.

കുറേക്കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. ശാരീരിക അവശതകളും വേദനകളും അനുഭവിക്കുമ്പോള്‍ത്തന്നെ തന്റെ ഉത്തരവാദിത്തങ്ങളിലും കടമകളിലും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയേണ്ടിവന്ന സാഹചര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഒരു ദൃശ്യമാധ്യമം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിക്കിടയില്‍ പരാതി അറിയിക്കാന്‍ വിളിച്ച സ്ത്രീയോട് രോഷത്തോടെ പ്രതികരിച്ച ജോസഫൈനെ നമ്മള്‍ കണ്ടു. നിയമത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് വിവേകമില്ലായ്മയാണെന്ന് നമുക്കറിയാം. പ്രശ്നപരിഹാരങ്ങള്‍ക്ക് നിയമപരമായി വഴി തേടാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് കാലങ്ങളായി ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീപക്ഷപ്രവര്‍ത്തകയാണ് ജോസഫൈന്‍. ഒരു സ്ത്രീ, വിശേഷിച്ച്, ഒരു ചെറുപ്പക്കാരി, താന്‍ അനുഭവിക്കുന്നതായി അറിയിച്ച കൊടും പീഡനങ്ങളില്‍നിന്ന് മോചനം നേടാന്‍ നിയമത്തെ സമീപിച്ചില്ല എന്നത് ജോസഫൈനില്‍ രോഷമുള്ള പ്രതികരണം സൃഷ്ടിച്ചത് സ്വഭാവികമാണ്. മാതൃത്വത്തെ കണ്ണീരും പുന്നാരവും മാത്രമായി കാണുന്ന പൊതുസമൂഹത്തിനു മുന്നില്‍ ആ ദൃശ്യമാധ്യമം വിമര്‍ശനത്തിനും വെറുപ്പിനും ആഘോഷമൊരുക്കി. ജോസഫൈന്റെ പശ്ചാത്തലമോ പ്രവര്‍ത്തനചരിത്രമോ ശീതീകരണമുറികളിലിരുന്ന് സെന്‍സേഷണല്‍ വാര്‍ത്തയ്ക്കു കോപ്പ് കൂട്ടുന്നവര്‍ക്ക് സാരമുള്ളതായി തോന്നിയില്ല. ആ സാഹചര്യത്തില്‍ പൊതു സമൂഹത്തെ അക്കാര്യം ബോധ്യപ്പെടുത്താന്‍ ജോസഫൈന്‍ ഉള്‍പ്പെട്ടിരുന്ന പ്രസ്ഥാനത്തിന് ആവുമായിരുന്നില്ല. അത്രമാത്രം നീചമായിരുന്നു പ്രചാരണം.

സ്ത്രീ സമൂഹം കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടണമെന്നും സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടണമെന്നും അവര്‍ ആഗ്രഹിച്ചു. അതായിരുന്നു അവരുടെ നിലപാട്. അതിനായി സൗമ്യമായും കര്‍ശനമായും സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ അവര്‍ ശ്രമിച്ചു. ഇരകളെ അതിജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഒപ്പം നിന്നതിന്റെ പേരില്‍ പലപ്പോഴും ഭീഷണികള്‍ നേരിട്ടു. ഒന്നും അവരെ തളര്‍ത്തിയില്ല. ഉറച്ച പ്രത്യയശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ നിലപാട് അവര്‍ക്കുണ്ടായിരുന്നു. ഒരിക്കലും അതില്‍ കലര്‍പ്പുണ്ടാവാന്‍ അവര്‍ അനുവദിച്ചില്ല.

ക്രൈസ്തവസമുദായത്തില്‍നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ക്ക് വിലക്കുകളുണ്ടായിരുന്ന കാലത്താണ് ജോസഫൈന്‍ രാഷ്ട്രീയ പ്രവര്‍ത്തകയാവുന്നത് എന്നതും ഓര്‍ക്കണം. മതത്തിനുള്ളിലും തുടര്‍ന്ന് പുറത്തും യാഥാസ്ഥിതീകത്വത്തോട് പൊരുതിയാണ് അവര്‍ മുന്നോട്ടുവന്നത്. ഒടുവില്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പഠനത്തിനായി നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു.

സ്ത്രീപ്രശ്നങ്ങളുടെ രാഷ്ട്രീയ മാനത്തിനാണ് ജോസഫൈന്‍ പ്രാധാന്യം നല്‍കിയത്. സ്ത്രീപ്രശ്നമെന്നാല്‍ സ്ത്രീപീഡനം മാത്രമല്ലെന്നും സ്ത്രീയുടെ സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യമുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അതിലുണ്ടെന്നും അവര്‍ കണ്ടു. അത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. 

ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അവസാനനാള്‍ വരെയും ജോസഫൈന്‍ ഇടപെട്ടു. അനാരോഗ്യത്തോടെയാണ് അവര്‍ അവസാന പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് എത്തിയത്. അവിടെ വച്ചുണ്ടായ അസ്വാസ്ഥ്യം അവരുടെ സ്ഥായിയായ വേര്‍പാടിന് കാരണമായിതീര്‍ന്നു. 

വയ്യായ്മയും സഹജമായ സ്വഭാവവും പലപ്പോഴും അവരുടെ മുഖത്ത് കൃത്രിമച്ചിരി പടര്‍ത്തിയില്ല. ചിരിക്കുമ്പോള്‍ അവര്‍ ആത്മാര്‍ത്ഥമായി ചിരിച്ചു. ശാസിക്കുമ്പോഴും അതേ ആത്മാര്‍ത്ഥതയോടെ ശാസിച്ചു. ദേഷ്യപ്പെട്ടപ്പോഴും അങ്ങനെ തന്നെ. കാരണം, അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. ഇതാണ് ഞാന്‍ അറിയുന്ന ജോസഫൈന്‍.

ഈ റിപ്പോർട്ട് വായിക്കാം

സുരക്ഷിതയും നിര്‍ഭയയുമായി പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു കഴിയും; നിയമത്തിനു പല്ലും നഖവും ഉണ്ടെങ്കില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ