സുരക്ഷിതയും നിര്‍ഭയയുമായി പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു കഴിയും; നിയമത്തിനു പല്ലും നഖവും ഉണ്ടെങ്കില്‍

ഇനി, ഒരാഴ്ച മാത്രം പഴക്കമുള്ള രണ്ടു പ്രധാന സംഗതികളിലേക്ക് സ്ത്രീസുരക്ഷയില്‍ ജാഗ്രതയുള്ള കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്
സുരക്ഷിതയും നിര്‍ഭയയുമായി പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു കഴിയും; നിയമത്തിനു പല്ലും നഖവും ഉണ്ടെങ്കില്‍

ന്‍വാരി ദേവി കേരളത്തിനു സുപരിചിതയാണ്. രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടേയും പിന്നീട് പാര്‍ലമെന്റിന്റേയും ഇടപെടലിനു കാരണക്കാരിയായ രാജസ്ഥാനിലെ അങ്കണവാടി അദ്ധ്യാപിക. 2015 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്ര വനിതാദിനത്തിലാണ് അവര്‍ കേരളത്തിന്റെ അതിഥിയായി എത്തിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 ഏപ്രിലില്‍ പാര്‍ലമെന്റ് നിര്‍മ്മിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. 'പോഷ്' (പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്മെന്റ് ആക്റ്റ്) എന്നു ചുരുക്കപ്പേരുള്ള ഈ നിയമമനുസരിച്ചു രാജ്യമാകെ മുഴുവന്‍ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതിപരിഹാര സമിതി (ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി- ഐ.സി.സി) എന്ന സ്ത്രീപക്ഷ സമിതി നിര്‍ബ്ബന്ധം. കേരളത്തില്‍ ഐ.സി.സികള്‍ ഒരു സമ്പൂര്‍ണ്ണ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആ വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹികനീതി വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കി തുനിഞ്ഞിറങ്ങി. കുറഞ്ഞത് പത്തു പേരെങ്കിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഐ.സി.സി രൂപീകരിച്ച് അറിയിക്കാന്‍ ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താഴേയ്ക്കു നിര്‍ദ്ദേശങ്ങള്‍ പോയി. ആഴ്ചകളോളം കേരളത്തില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണ തരംഗമായിരുന്നു. ചരിത്രപരമായ ആ നിയമനിര്‍മ്മാണത്തിന് ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പത്തു വര്‍ഷം തികയും. 

ഇനി, ഒരാഴ്ച മാത്രം പഴക്കമുള്ള രണ്ടു പ്രധാന സംഗതികളിലേക്ക് സ്ത്രീസുരക്ഷയില്‍ ജാഗ്രതയുള്ള കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്: വനിതാ അഭിഭാഷകരുടെ തൊഴില്‍പരമായ പീഡന പരാതികള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം രൂപവല്‍ക്കരിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ യോഗം മാര്‍ച്ച് 25-നു പ്രമേയം പാസ്സാക്കിയതാണ് ആദ്യത്തെ കാര്യം. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പങ്കുവെച്ച ഒരു ചെറുകുറിപ്പ് ഇങ്ങനെ: ''തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെച്ചൊല്ലി ഏറ്റവും കൂടുതല്‍ വാചാലരാകുന്നവരാണ് നാം അഭിഭാഷകര്‍. എന്നാല്‍, അവരുടെ തൊഴില്‍ സുരക്ഷയെക്കുറിച്ച് ഇന്നു മാത്രമാണ് ഹൈക്കോടതി അഭിഭാഷകര്‍ ചിന്തിച്ചത്. ചരിത്രപരമായ ഒരു പ്രമേയത്തിനും അസോസിയേഷന്‍ ഹാള്‍ സാക്ഷ്യം വഹിച്ചു.'' 

എല്ലാ സിനിമാ നിര്‍മ്മാണ ഇടങ്ങളിലും ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന് സിനിമാ സംഘടനകള്‍ നല്‍കിയ ഉറപ്പാണ് രണ്ടാമത്തെ സംഭവം; മാര്‍ച്ച് 26-ന്. ''എല്ലാ പ്രൊഡക്ഷന്‍ യൂണിറ്റുകളിലും രജിസ്‌ട്രേഷന്‍ നടപടികള്‍ കൈക്കൊള്ളുന്ന അവസരത്തില്‍ത്തന്നെ ആഭ്യന്തര പരാതി സമിതി രൂപീകരിച്ചു എന്നു ഉറപ്പുവരുത്തി മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കൂവെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചത്'' -കമ്മിഷന്‍ വ്യക്തമാക്കുന്നു. 

1997-ല്‍ ആണ് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ്, 2000-ല്‍ ആഭ്യന്തര പരാതിപരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റേയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013-ല്‍ പാര്‍ലമെന്റ് നിയമം നിര്‍മ്മിച്ചത്. ഇതൊക്കെ ഔപചാരിക, സംഘടിത മേഖലയിലെ മാത്രം കാര്യങ്ങളായിരുന്നതുകൊണ്ട് അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതിപരിഹാര സമിതികള്‍ കൂടി (എല്‍.സി.സി) രൂപീകരിച്ച നിയമത്തില്‍ ഭേദഗതി വന്നു. ഐ.സി.സി രണ്ടു വര്‍ഷം മുന്‍പ് ഐ.സി ആയി ഭേദഗതി ചെയ്തു. എല്‍.സി.സി എല്‍.സി ആയും ചുരുക്കി. പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ സങ്കല്പവും യാഥാര്‍ത്ഥ്യവും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാന്‍ രാജ്യത്ത് ഇപ്പോള്‍ ഐ.സിയും എല്‍.സിയുമുണ്ട്. കേരളത്തില്‍ ഇതു രണ്ടും ഉറപ്പായുമുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍ മറ്റേതു സംസ്ഥാനത്തെക്കാള്‍ കേരളം സ്ത്രീപക്ഷമാണ്; പ്രബുദ്ധമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അന്നുതൊട്ട് ഇന്നുവരെ ഒരിക്കല്‍പ്പോലും കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ അസംഘടിത മേഖലയിലോ പരാതി പരിഹാര സംവിധാനങ്ങള്‍ പൂര്‍ണ്ണതോതില്‍ ഉണ്ടായിട്ടില്ല. ഉള്ളവയില്‍ ബഹുഭൂരിപക്ഷവും വേണ്ടത്ര ശക്തമോ ഫലപ്രദമോ അല്ല; പരാതിക്കാരിക്കു നീതിയും നിര്‍ഭയത്വവും നല്‍കുന്നുമില്ല. ഇത് വെറുതേ പറഞ്ഞുപോകുന്നതല്ല എന്നതിന് ജീവനക്കാരുടെ സംഘടനകളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും അന്വേഷണങ്ങളും വിവിധ തൊഴിലിടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളും സാക്ഷി. കഴിഞ്ഞ ദിവസം ചേര്‍ന്ന മഹാത്മഗാന്ധി സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ ചോദ്യത്തിനു മറുപടിയായി വൈസ് ചാന്‍സലര്‍ നല്‍കിയ കണക്ക് അമ്പരപ്പിക്കുന്നതാണ്; സര്‍വ്വകലാശാലയ്ക്കു കീഴിലെ എയ്ഡഡ്, ഗവണ്‍മെന്റ്, അണ്‍ എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പെടെ എണ്‍പതില്‍ താഴെ കോളേജുകളില്‍ മാത്രമേ ഐസി ഉള്ളു; ഇരുന്നൂറോളം കോളേജുകളില്‍ ഇല്ല. ഉടനെ അവിടങ്ങളില്‍ രൂപീകരിക്കും എന്നാണ് വി.സി. പറഞ്ഞത്. 

ആയുധം അറിയാത്തവര്‍ 

പണവും പ്രശസ്തിയും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവുംകൊണ്ട് ഉയര്‍ന്ന സാമൂഹിക ഇടമുള്ള സ്ത്രീകള്‍ ഭൂരിപക്ഷമുള്ള തൊഴിലിടങ്ങളാണ് കോടതിയും സിനിമാ മേഖലയും. ആദ്യത്തേത് നീതിപീഠത്തിനു മുന്നില്‍ മറ്റുള്ളവരുടെ നീതിക്കുവേണ്ടി ഇടപെടുന്ന തൊഴില്‍ ചെയ്യുന്നവരുമാണ്. ''വിശാഖ കേസിലെ വിധിയും അതിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള നിയമവുമൊക്കെ പ്രാബല്യത്തില്‍ വന്നിട്ടും ആയിരക്കണക്കിന് വനിതാ അഭിഭാഷകര്‍ തൊഴില്‍ നോക്കുന്ന ഹൈക്കോടതി അഭിഭാഷക അസ്സോസിയേഷനില്‍ ഈ സംവിധാനം ഒരുക്കാന്‍ പ്രമേയം കൊണ്ടുവരേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണ്'' എന്നാണ് മേല്‍പ്പറഞ്ഞ സമൂഹമാധ്യമക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്. സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങളിലേയും സ്ത്രീകള്‍ മിക്കപ്പോഴും അനുകരിക്കുന്നവരും ചിലപ്പൊഴെങ്കിലും ആരാധിക്കുന്നവരും എപ്പോഴും ഇഷ്ടപ്പെടുന്നവരുമാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി ഉണ്ടായത്. അതിന്റെ തുടര്‍ച്ചയായി മാക്ട, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, എ.എം.എം.എ, ഫെഫ്ക എന്നീ സംഘടനാ പ്രതിനിധികളുടെ വാദം കേള്‍ക്കാനായി നടത്തിയ സിറ്റിങ്ങിലാണ് വനിതാ കമ്മിഷന് സംഘടനകള്‍ ഉറപ്പ് നല്‍കിയത്. ഈ രണ്ടിടങ്ങളിലും ഇത്രയും വര്‍ഷങ്ങളായിട്ടും നിയമപരമായ ആഭ്യന്തര പരാതിപരിഹാര സംവിധാനം ഉണ്ടായിരുന്നില്ല. മറ്റുള്ളിടങ്ങളിലെ സ്ഥിതി ഇതിനേക്കാള്‍ മോശമാണ്. 1997-നു ശേഷം ആറു സര്‍ക്കാരുകളും 2013-നു ശേഷം മൂന്നു സര്‍ക്കാരുകളും കേരളം ഭരിച്ചു. പക്ഷേ, സ്ഥിതിക്കു മാറ്റമില്ല. നിയമനിര്‍മ്മാണം നടത്തിയ യു.പി.എ സര്‍ക്കാരിന്റെ ഭാഗമായ യു.ഡി.എഫ് ഭരിച്ചിട്ടും സ്ത്രീപക്ഷ നയങ്ങളിലും നടപടികളിലും കൂടുതല്‍ പ്രതിബദ്ധത അവകാശപ്പെടുന്ന എല്‍.ഡി.എഫ് ഭരിച്ചിട്ടും അങ്ങനെ തന്നെ. ഭന്‍വാരി ദേവിയോടും മുഴുവന്‍ സ്ത്രീകളോടും നീതിപുലര്‍ത്താന്‍ കേരളം മാതൃക കാട്ടിയില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്, ഇതില്‍. സ്വന്തം തൊഴിലിടത്ത് നാട്ടുപ്രമാണിമാരും അവരുടെ ഗുണ്ടകളും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സ്ത്രീയാണ് ഭന്‍വാരി ദേവി, അവരും അവര്‍ക്കു പിന്തുണ നല്‍കിയ വിശാഖ എന്ന പെണ്‍കൂട്ടായ്മയും അഡ്വക്കേറ്റ് കവിതാ ശ്രീവാസ്തവ മുഖേന നടത്തിയ നിരന്തര പോരാട്ടമാണ് 'വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം' എന്ന പേരില്‍ കീര്‍ത്തി കേട്ടത്. പ്രതികളെ രാജസ്ഥാന്‍ ഹൈക്കോടതി ആദ്യം വെറുതെ വിട്ടു. അതിനെതിരെ ഭന്‍വാരി ദേവിയും വിശാഖയും സുപ്രീംകോടതിയില്‍ പോയി വിജയിച്ചു. പ്രതികളെല്ലാം ജയിലിലാവുക മാത്രമല്ല, രാജ്യചരിത്രത്തില്‍ സ്ത്രീസുരക്ഷാ ഇടപെടലുകളുടെ പുതിയ അധ്യായങ്ങള്‍ തുറക്കുകയും ചെയ്തു. ഭന്‍വാരി ദേവിയേയും കവിതാ ശ്രീവാസ്തവയേയും വിശാഖയേയും അറിയാത്ത സ്ത്രീകള്‍ നിരവധിയുണ്ടാകാം. പക്ഷേ, ഇപ്പോഴും സ്വന്തം തൊഴിലിടത്ത് തങ്ങളെ സുരക്ഷിതരാക്കുന്ന, നിയമപരമായി നിര്‍ബ്ബന്ധമുള്ള സംവിധാനമുണ്ടെന്ന് അറിയാത്തവരും നിരവധി. അവരെ അത് അറിയിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവരുമുണ്ട് അതേ തൊഴിലിടങ്ങളില്‍.

സംസ്ഥാന പുരാവസ്തു വകുപ്പിലെ ജീവനക്കാരിക്ക് ഉണ്ടായത് ഇങ്ങനെയൊരു ദുരനുഭവത്തിനു പുറത്തു ദുരനുഭവമാണ്. ജോലിയില്‍ ചേര്‍ന്നു ദിവസങ്ങള്‍ക്കുള്ളില്‍, ജോലിയിലെ പരിചയക്കുറവിന്റെ പേരില്‍ മേലുദ്യോഗസ്ഥനില്‍നിന്നുണ്ടായ മോശം പെരുമാറ്റമായിരുന്നു പരാതിക്ക് ഇടയാക്കിയത്. മോശം വാക്കുകള്‍ ഉപയോഗിക്കുകയും അഭിമാനത്തിനു മുറിവേല്‍പ്പിക്കുന്നവിധം സംസാരിക്കുകയും ചെയ്തതിനു സാക്ഷികളുമുണ്ടായിരുന്നു. പരാതി വിശദമായി പരിശോധിച്ച് ആരോപപണവിധേയന് ഐ.സി നോട്ടീസ് അയച്ചെങ്കിലും ഐ.സിയെത്തന്നെ ചോദ്യം ചെയ്തായിരുന്നു മറുപടി. പരാതിക്കിടയാക്കിയ സംഭവം നടന്ന കിഴക്കേക്കോട്ടയിലെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടറാകട്ടെ, പരാതി ഡയറക്ടറേറ്റിലേക്ക് അയച്ചു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ മാത്രമാണ് ഐ.സിക്ക് അധികാരമുള്ളത് എന്ന വിചിത്ര നിലപാടാണ് ഡയറക്ടറേറ്റില്‍നിന്ന് ഉണ്ടായത്. ഇതിനെതിരെ പരാതിക്കാരി വനിതാ ശിശുക്ഷേമ ഡയറക്ടറേറ്റിനെ (ഡബ്ല്യു.സി.ഡി) സമീപിച്ചു. ആഭ്യന്തര സമിതി അന്വേഷിക്കണമെന്നും സമിതിക്കു കിട്ടിയ പരാതി മേല്‍ ഓഫീസിലേക്ക് അയച്ച് പരാതിക്കാരിയുടെ സ്വകാര്യത നഷ്ടപ്പെടുത്തിയത് ശരിയല്ല എന്നുമാണ് ഈ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നോഡല്‍ ഏജന്‍സിയായ വനിതാ ശിശുക്ഷേമ ഡയറക്ടറേറ്റ് സ്വീകരിച്ച നിലപാട്. ഇത് അസിസ്റ്റന്റ് ഡയറക്ടറെ എഴുതി അറിയിക്കുകയും ചെയ്തു. ഡബ്ല്യു.സി.ഡി ശക്തമായ നിലപാടെടുത്താല്‍ കേരളത്തില്‍ ഐ.സിയുടെ പ്രവര്‍ത്തനങ്ങളും നീതി നടപ്പാക്കലും സമ്പൂര്‍ണ്ണമാക്കാന്‍ കഴിയും എന്നതിന് ഈ നിലപാട് തെളിവാണ്. പക്ഷേ, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഉറപ്പാക്കുകയും നിരന്തരം ഇടപെടുകയും ചെയ്യുന്നതില്‍ ഡബ്ല്യു.സി.ഡിക്ക് വീഴ്ച സംഭവിക്കുന്നു എന്നാണ് അനുഭവം. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

ഇടപെടലുകള്‍ 

2016 മെയ് 26-നു സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നമ്പര്‍ 1556/ബി3/2016) പ്രകാരം പത്തും അതില്‍ക്കൂടുതലും ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. മെയ് 23-നു സാമൂഹികനീതി വകുപ്പ് ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായിരുന്നു ആ സര്‍ക്കുലര്‍. 2017 ഒക്ടോബര്‍ 13-ന് ഈ സര്‍ക്കുലര്‍ വീണ്ടും എല്ലാ വകുപ്പു മേധാവികള്‍ക്കും അയച്ചു. ''പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലെ 23-ാം വകുപ്പില്‍ നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനു തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം - 2013 നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് സാമൂഹികനീതി ഡയറക്ടറേറ്റിനെയാണ്'' -സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സമിതി രൂപീകരിച്ചതിന്റെ വിശദാംശങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ തയ്യാറാക്കി സാമൂഹികനീതി ഡയറക്ടര്‍ക്കു നല്‍കണമെന്നും സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. 

ഐ.സി.സി രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് 2013 ഡിസംബറില്‍ത്തന്നെ സംസ്ഥാന പൊലീസ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, പൊലീസ് ആസ്ഥാനം ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ മാത്രമാണ് രൂപീകരിച്ചത്. മാത്രമല്ല, പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്ന കാര്യത്തിലും കാര്യമായ ശ്രദ്ധ ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് 2015 ജൂലൈയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സംസ്ഥാന പൊലീസ് മേധാവി ശക്തമായ ഇടപെടല്‍ നടത്തിയത്. നിയമത്തിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. നിയമത്തിലെ നാലാം വകുപ്പില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍പ്രകാരം എല്ലാ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളിലേയും പരാതിപരിഹാര സമിതികള്‍ പുനസ്സംഘടിപ്പിക്കണം. മാത്രമല്ല, ചെറിയ യൂണിറ്റുകളില്‍പ്പോലും ഐ.സി.സി ഉണ്ടായിരിക്കുകയും വേണം. പക്ഷേ, ഇപ്പോഴും മിക്ക പൊലീസ് സ്റ്റേഷനുകളിലും സമിതി ഇല്ല. ''പത്തില്‍ കുറവു പൊലീസുകാര്‍ ഉള്ളതും ഒരു ഡി.വൈ.എസ്.പിയുടെ പരിധിയില്‍ വരുന്നതുമായ പല സ്റ്റേഷനുകളെ ചേര്‍ത്ത് ഒറ്റ യൂണിറ്റായി പരിഗണിച്ച് ഐ.സി രൂപീകരിക്കാവുന്നതാണ്. കമ്മിഷന്‍ അതൊരു നിര്‍ദ്ദേശമായി പൊലീസ് മേധാവിക്കു മുന്നില്‍ വയ്ക്കും'' -വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറയുന്നു.

''തൊഴിലിടങ്ങളില്‍ സ്ത്രീപീഡനം നടക്കുന്നു എന്ന് അംഗീകരിച്ചുകൊണ്ട് സമിതി നിര്‍ബ്ബന്ധമാക്കിയത് നല്ല ആശയമാണ്. തൊഴിലിടത്ത് ഒരു പ്രശ്‌നമുണ്ടായാല്‍ വളരെക്കുറച്ച് ആളുകള്‍ മാത്രം അറിഞ്ഞു പരിഹാരമുണ്ടാക്കുക, അതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പക്ഷേ, അതു പ്രാവര്‍ത്തികമാക്കാന്‍ ഇനിയും കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധികൊണ്ട് സിനിമാ മേഖലയില്‍ മാറ്റത്തിനു തുടക്കമാകുന്നു എന്നതു ശരിതന്നെ. പക്ഷേ, നിരവധി മേഖലകള്‍ ഇപ്പോഴും വിട്ടുപോയിരിക്കുന്നു'' -ആഭ്യന്തര സമിതികളുടേയും പ്രാദേശിക സമിതികളുടേയും ഭാഗമായി പ്രവര്‍ത്തിച്ച ദീര്‍ഘകാല അനുഭവമുള്ള തലസ്ഥാനത്തെ പ്രമുഖ അഭിഭാഷക ജെ. സന്ധ്യ പറയുന്നു. തൊഴിലിടത്ത് സഹപ്രവര്‍ത്തകയോടു മോശമായി പെരുമാറിയതിനു ശിക്ഷിക്കപ്പെടുന്നതു കുറവാണെന്ന് മഹിളാ സമഖ്യ സൊസൈറ്റി മുന്‍ ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ പി.ഇ. ഉഷ: ''ഐ.സി രൂപീകരിക്കാന്‍ സ്ഥാപനത്തിനു പുറത്തുനിന്നുള്ള സാമൂഹിക പ്രവര്‍ത്തകയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു വിളിക്കുന്നവര്‍ പറയുന്നത്, നമ്മളോടൊക്കെ ഒത്തുപോകുന്നവര്‍ മതി എന്നാണ്. ആരോപണവിധേയനും കൂടിച്ചേര്‍ന്നാണ് മിക്കയിടത്തും സമിതിയിലെ അംഗങ്ങളെ തീരുമാനിക്കുന്നത്. ആരോപണ വിധേയന്‍ തന്നെ ഐ.സിയില്‍ വന്ന അനുഭവവുമുണ്ട്.'' 

തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ വരുന്നത് നളിനി നെറ്റോ ഐ.എ.എസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. പി.ഇ. ഉഷയെ ബസ് യാത്രക്കിടയില്‍ അപമാനിച്ച സംഭവമാണ് ആദ്യം കോടതിയില്‍ എത്തിയത്. 2000-ല്‍ ആയിരുന്നു സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യം ഒരു സിന്‍ഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചു. പിന്നീട് പ്രതി ഉള്‍പ്പെട്ട വകുപ്പില്‍ ഒരു സമിതി, വീണ്ടും സിന്‍ഡിക്കേറ്റ് ഉപസമിതി. ഇതിനെയെല്ലാം പി.ഇ. ഉഷ നിയമപരമായി ചോദ്യം ചെയ്തു. വിശാഖാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. അതു പ്രകാരമുള്ള സമിതി വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നളിനി നെറ്റോയുടേയും പി.ഇ. ഉഷയുടേയും കേസുകളില്‍ കോടതി വളരെ ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ വിലയിരുത്തിയിരുന്നു. 

ഇപ്പോഴത്തെ സ്ഥിതി, പൊലീസിനു കൈമാറേണ്ട കേസുകള്‍ പലതും ഐ.സികള്‍ കൈമാറാതെ ഇല്ലാതാക്കുന്നു എന്നതാണ്. അതേസമയം, സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ വളരെ ഫലപ്രദമായും നീതിക്കൊപ്പം നിന്നും പ്രവര്‍ത്തിച്ച, പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അനുഭവം സാമൂഹിക പ്രവര്‍ത്തകര്‍ക്കു പറയാനുണ്ട്. തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അടുത്തയിടെ ഉണ്ടായ പരാതിയില്‍ ഏകപക്ഷീയമായ തീരുമാനമോ നടപടിയോ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടായി. പക്ഷേ, സ്ത്രീപക്ഷത്തു തന്നെയാണ് സമിതി നിലകൊണ്ടതും. 

പല്ലും നഖവും വേണം നിയമത്തിന് 

പരാതി കൊടുക്കുന്ന സ്ത്രീ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പരാതി പരിഹാരത്തേക്കാള്‍ അവരെ വ്യക്തിപരമായും തൊഴില്‍പരമായും സാമൂഹിക ജീവിതത്തിലും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍. 2013-ലെ നിയമനിര്‍മ്മാണത്തിനു മുന്‍പ് അപൂര്‍വ്വമായാണെങ്കിലും തൊഴിലിടങ്ങളിലെ സ്ത്രീപീഡനം പൊലീസ് കേസും വിവാദവുമായിട്ടുണ്ട്. കേസാവുകയും ഒതുക്കപ്പെടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്; താക്കീതോ സ്ഥലംമാറ്റമോ ഒക്കെ ആയി പരാതിക്കു പരിഹാരമായ സംഭവങ്ങളുമുണ്ട്. ഏതായാലും തൊഴിലിടങ്ങളില്‍നിന്നുള്ള പൊലീസ് കേസുകള്‍ കുറവായിരുന്നു. എന്നാല്‍, ആഭ്യന്തര സമിതികള്‍ വന്നതോടെ പരാതി കൊടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു. അങ്ങനെ പരാതിപ്പെട്ട സ്ത്രീകളില്‍ ബഹുഭൂരിപക്ഷത്തിനും പിന്നീട് അതേ സ്ഥാപനത്തില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസിനു കൈമാറേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതെ നിസ്സാരമാക്കുക, പരാതിക്കാരിക്കെതിരെ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളുടെ തുടക്കമാണ് ഓരോ പരാതിയും. വിരോധമുള്ള ആരെയും നശിപ്പിക്കാനുതകുന്ന ഏറ്റവും മാരകശേഷിയുള്ള ആയുധമായ അപവാദപ്രചരണവും പുറത്തെടുക്കുന്നു. സമിതി രൂപീകരിക്കുമ്പോഴാകട്ടെ, ആരോപണവിധേയന്‍ സ്ഥാപന മേധാവിയോ തുല്യപദവിയിലുള്ള ആളോ ആണെങ്കില്‍ അവരുടെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കും അതില്‍ ഉണ്ടാവുക. അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നിരവധി അനുഭവങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പറയാനുണ്ട്. പുറത്തുനിന്നുള്ള സാമൂഹിക പ്രവര്‍ത്തകസമിതിയില്‍ ഉണ്ടാകണമെന്ന് നിര്‍ബ്ബന്ധമാണ്. അവരേയും ഇവരുടെ സ്വാധീനത്തിലാക്കാന്‍ തുടക്കത്തിലേ ശ്രമമുണ്ടാകും. ഈയിടെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തില്‍ ഉണ്ടായ അത്തരം ഇടപെടല്‍ വിചിത്രമാണ്. ഇത്തരം പരാതികള്‍ മിക്കതും കെട്ടിച്ചമച്ചതാണ് മാഡം എന്നു പറഞ്ഞുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകയോടു സ്ഥാപനമേധാവി സംസാരിച്ചു തുടങ്ങിയത്. അതു പരാതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടു തീരുമാനിക്കാം എന്നു പ്രതികരിച്ചതുകൊണ്ട് പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി.

അതേസമയം, ശരിയായ അന്വേഷണം നടക്കുകയും ആരോപണവിധേയര്‍ക്കു ശിക്ഷയും പരാതിക്കാരിക്ക് നീതിയും ലഭിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. തലസ്ഥാനത്തെ ഒരു സ്പോര്‍ട്ട്സ് സ്ഥാപനത്തിലെ പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി സമീപകാല ഉദാഹരണമാണ്. സ്ഥലംമാറ്റം, സസ്പെന്‍ഷന്‍, ഇന്‍ക്രിമെന്റ് റദ്ദാക്കല്‍ തുടങ്ങി സമിതി ശുപാര്‍ശ ചെയ്ത ശിക്ഷാനടപടികളെല്ലാം നടപ്പായി. പെണ്‍കുട്ടികള്‍ ഏറെ ചൂഷണത്തിനു വിധേയരായിരുന്ന ആ സ്ഥാപനത്തില്‍നിന്നു കൂടുതല്‍ പേര്‍ പരാതി നല്‍കാന്‍ തയ്യാറായി എന്നതാണ് പിന്നീടുണ്ടായത്. നീതി കിട്ടുമെന്ന് ഉറപ്പായാല്‍, പരാതിപരിഹാര സംവിധാനം പക്ഷം പിടിക്കില്ല എന്നു വിശ്വാസം വന്നാല്‍ മാത്രം പരാതിപ്പെടാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ നിരവധി സ്ഥാപനങ്ങളിലുണ്ട് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ അനുഭവം.

പരാതിക്കാരിക്കു നീതി ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശക്തമായി കൂടെ നിന്നിടങ്ങളില്‍ നീതി കിട്ടിയിട്ടുമുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറെ പിരിച്ചുവിട്ട സംഭവം ഇതുപോലൊന്നാണ്. ഐ.സി അംഗങ്ങള്‍ നീതിബോധത്തോടെ അന്വേഷിക്കാനും നിലപാടെടുക്കാനും തയ്യാറായതാണ് കാരണം. വിദ്യാര്‍ത്ഥിനിയോട് ഫോണിലും വാട്സാപ്പിലും മോശമായി ഇടപെട്ടു എന്നാണ് അദ്ധ്യാപകനെതിരെ ഉയര്‍ന്ന പരാതി. തൃപ്പൂണിത്തുറ ഫൈന്‍ ആര്‍ട്ട്സ് കോളേജ് അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി അന്വേഷിച്ച് അദ്ധ്യാപകനെ ഡിസ്മിസ് ചെയ്തത് അടുത്തയിടെയാണ്. സഹപ്രവര്‍ത്തകരില്‍നിന്നോ മേലധികാരിയില്‍നിന്നോ മോശം അനുഭവം ഉണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കാതെ നീതി ഉറപ്പാക്കണമെന്ന് തിരുവനന്തപുരത്തെ അഭിഭാഷക തുഷാര രാജേഷ് പറയുന്നു: ''പരാതിക്കാരിക്കു നീതി കിട്ടാന്‍ ആഭ്യന്തര സമിതികള്‍ കൂടുതല്‍ ശക്തമാകണം, എല്ലായിടത്തും സമിതികള്‍ ഉണ്ടാകണം. ഉള്ളതുതന്നെ എത്രത്തോളം ഫലപ്രദമാണ് എന്നതും പ്രധാനമാണ്. അഭിഭാഷകരുള്‍പ്പെടെ എല്ലാ മേഖലയിലേയും സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.'' ഭൂരിപക്ഷം പുരുഷ സഹപ്രവര്‍ത്തകരും നല്ലവരാണെന്നും മോശം സ്വഭാവം കുറച്ചുപേരുടെ വ്യക്തിപരമായ കുഴപ്പമാണെന്നും കൂടി അഡ്വ. തുഷാര കൂട്ടിച്ചേര്‍ക്കുന്നു. 

മുന്‍പത്തേക്കാള്‍ ഐ.സികളും എല്‍.സികളും ശക്തമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി അഭിപ്രായപ്പെടുന്നു: ''നേരത്തേ ദുര്‍ബ്ബലമായിരുന്ന സ്ഥിതിയില്‍നിന്നു വ്യത്യസ്തമായി പരാതികള്‍ പറയാന്‍ കഴിയുന്ന നിലയിലേയ്ക്ക് വന്നിട്ടുണ്ട്. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ സമിതികളെക്കുറിച്ചു കൂടുതല്‍ അറിയുകയും ചെയ്യാം. അവര്‍ ആ ഗൗരവ്വത്തോടെ കാര്യങ്ങളെ കാണുന്നുമുണ്ട്.'' ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍.ജി.ഒ യൂണിയന്‍ വനിതാ സബ് കമ്മിറ്റി എല്ലാ ജില്ലകളിലേയും സര്‍ക്കാരാഫീസുകളിലെ ആഭ്യന്തര സമിതികളുടെ സ്ഥിതിയെക്കുറിച്ച് ഒരു പരിശോധന നടത്തിയിരുന്നു. പോരായ്മകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ കൂടി അടിസ്ഥാനത്തില്‍ സമഗ്ര റിപ്പോര്‍ട്ടു തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചു. അന്നു കണ്ടെത്തിയ പരിമിതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഇടപെടല്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട് എന്നും സൂസന്‍ കോടി ചൂണ്ടിക്കാട്ടുന്നു.

എല്ലാ കോളേജുകളിലും ആഭ്യന്തര പരാതിപരിഹാര സമിതികള്‍ ഉണ്ടാകണമെന്ന് യു.ജി.സി നിര്‍ദ്ദേശമുണ്ട്. എന്നിട്ടും കോളേജുകളില്‍ എന്താണ് സ്ഥിതി എന്നതിനു തെളിവാണ് എം.ജി സെനറ്റില്‍ നല്‍കിയ വി.സി നല്‍കിയ മറുപടി. സമിതികള്‍ ഉള്ളിടങ്ങളില്‍ പരാതികള്‍ വരുന്നുണ്ട്, പരിഹരിക്കുന്നുമുണ്ട്. സമിതി രൂപീകരിക്കാത്ത കോളേജുകളില്‍ എത്രയും വേഗം രൂപീകരിക്കാനാണ് യു.ജി.സിയുടെ കര്‍ശന നിര്‍ദ്ദേശം. കോളേജ് അദ്ധ്യാപകരുടെ സംഘടനകളായ എ.കെ.ജി.സി.ടി (അസ്സോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്സ്), എ.കെ.പി.സി.ടി.എ (ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷന്‍) തുടങ്ങിയവ വനിതാ പ്രാതിനിധ്യത്തോടെ നിരവധി ക്യാംപെയ്നുകളും ശില്പശാലകളും മറ്റും ഇതുമായി ബന്ധപ്പെട്ടു നടത്തുന്നുണ്ട്. 

ഐ.സി രൂപീകരണത്തിലും പരാതികളിലെ തുടര്‍ നടപടികളിലും വീഴ്ച വരുത്തരുത് എന്ന ശക്തമായ നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഉണ്ടെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോജി അലക്‌സ് പറയുന്നു: ''പരാതികള്‍ വരുമ്പോള്‍ ചെറിയ കേസുകളാണെങ്കില്‍ താക്കീതു കൊടുത്തും മറ്റും തീര്‍ക്കുന്നുണ്ട്. പൊലീസ് കേസുകളിലേക്കും കോടതിയിലേക്കും പോകേണ്ട കേസുകള്‍ അങ്ങനേയും ചെയ്യുന്നുണ്ട്. എല്ലാ കോളേജുകളിലും ഐ.സി നിര്‍ബ്ബന്ധമായി രൂപീകരിക്കാനും ഇല്ലാത്തിടങ്ങള്‍ ഉണ്ടെങ്കില്‍ വി.സിക്ക് പരാതി കൊടുക്കാനുമാണ് എ.കെ.പി.സി.ടി.എ തീരുമാനിച്ചിരിക്കുന്നത്.'' 

ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ തന്നെ വനിതാ സഹപ്രവര്‍ത്തകയുടെ പരാതി ഉണ്ടായ സംഭവവുമുണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്പെഷ്യല്‍ ഓഫീസറായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു എന്നായിരുന്നു പരാതി. അതുള്‍പ്പെടെ ഇതുവരെ ലഭിച്ച അഞ്ചു കേസുകളിലും പ്രത്യേകിച്ചു നടപടിയൊന്നും ഉണ്ടായില്ല. ആഭ്യന്തര പരാതിപരിഹാര സമിതിക്കു മുന്നില്‍ ഹാജരാകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിസമ്മതിക്കുകയാണുണ്ടായത്. അതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയും സമിതിക്കു ബോധ്യപ്പെട്ട വിവരങ്ങളും ഉള്‍പ്പെടുത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. വേറൊരു സമിതിയെക്കൊണ്ടുകൂടി അന്വേഷിപ്പിക്കാം എന്നാണ് പിന്നീടു കിട്ടിയ അറിയിപ്പ്. ഒരു സ്ഥാപനത്തിലെ പരാതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുണ്ടായിരിക്കെ വേറൊരു കമ്മിറ്റിയെ വച്ച് അന്വേഷിപ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല എന്നിരിക്കെയായിരുന്നു ഇത്. ഏതായാലും പിന്നീട് അന്വേഷണമൊന്നും ഉണ്ടായില്ല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നപ്പോള്‍ സ്പെഷ്യല്‍ ഓഫീസറെ മാറ്റുകയും ചെയ്തു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന് തുറന്നു പറഞ്ഞ് 2019-ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന ആവശ്യം സജീവമായിരിക്കുമ്പോള്‍ കൂടിയാണ് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ സജീവ ചര്‍ച്ച ആയിരിക്കുന്നത്. വ്യക്തികളുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ല എന്ന വാദത്തില്‍ കഴമ്പുണ്ടാകാം. പക്ഷേ, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പു നടപ്പായി കാണുന്നില്ല. കാല്‍ നൂറ്റാണ്ടു പിന്നിട്ട സംസ്ഥാന വനിതാ കമ്മിഷന്‍ നിയമത്തില്‍ കാലാനുസൃതമായി ഭേദഗതികള്‍ വരുത്താനുള്ള പോസിറ്റീവായ ആലോചനയാണ് മറ്റൊന്ന്. അതൊക്കെ ഒരു വശത്തു നടക്കുകതന്നെ വേണം. സ്ത്രീശാക്തീകരണത്തിലെ ഏറ്റവും പ്രധാന ഘട്ടമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വം. അതിലേക്കുള്ള വാതിലാണ് അവരുടെ തൊഴില്‍. തൊഴിലിടത്ത് സുരക്ഷിതയും നിര്‍ഭയയുമായി പ്രവര്‍ത്തിക്കാന്‍ സ്ത്രീക്കു കഴിയും; നിയമത്തിനു പല്ലും നഖവും ഉണ്ടെങ്കില്‍.

ഐസിയും എല്‍സിയും

ഓരോ തൊഴിലുടമയും രേഖാമൂലമുള്ള ഉത്തരവിലൂടെ സ്ഥാപനത്തില്‍ ആഭ്യന്തര സമിതി രൂപീകരിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആയിരിക്കണം അദ്ധ്യക്ഷ. അവരെ ലഭ്യമല്ലെങ്കില്‍ അതേ തൊഴിലുടമയുടെ മറ്റ് ഓഫീസിലോ യൂണിറ്റിലോ വകുപ്പിലോ ജോലിസ്ഥലത്തോ നിന്ന് അദ്ധ്യക്ഷയെ നാമനിര്‍ദ്ദേശം ചെയ്യണം. സമിതിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. അവരിലൊരാള്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്ന ജീവനക്കാര്‍ക്കിടയില്‍നിന്നുള്ള ആളാകാം, അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിലോ നിയമപരമായോ അറിവും പരിചയവുമുള്ള ആള്‍ ആകാം; രണ്ടാമത്തെ അംഗം ഏതെങ്കിലും സാമൂഹിക സംഘടനയിലോ സര്‍ക്കാരിതര സന്നദ്ധ സംഘടനയിലോ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍, അല്ലെങ്കില്‍ ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തുനിന്ന് ഇടപെട്ട് പരിചയമുള്ള ആള്‍.

ലൈംഗിക പീഡനത്തില്‍നിന്ന് അസംഘടിത മേഖലയിലേയും ചെറിയ സ്ഥാപനങ്ങളിലേയും സ്ത്രീജീവനക്കാരെ രക്ഷിക്കാന്‍ ഓരോ ജില്ലയിലും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍.സി രൂപീകരിക്കണം. പരാതികള്‍ സ്വീകരിക്കാവുന്നത്: പത്ത് തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍നിന്ന്; പരാതി തൊഴിലുടമയ്ക്ക് എതിരെ തന്നെ ആയിരിക്കുമ്പോള്‍; വീട്ടുജോലിക്കാരില്‍നിന്ന്.

സാമൂഹിക പ്രവര്‍ത്തന പരിചയവും സ്ത്രീകളുടെ കാര്യത്തില്‍ പ്രതിബദ്ധതയുമുള്ള അദ്ധ്യക്ഷയ്ക്കു പുറമേ രണ്ട് അംഗങ്ങളും ഒരു എക്‌സ് ഒഫീഷ്യോ അംഗവും ഉണ്ടാകാം. അംഗങ്ങള്‍: ജില്ലയിലെ പ്രാദേശിക ജനപ്രതിനിധി അല്ലെങ്കില്‍ സാമൂഹിക സംഘടനയില്‍നിന്നോ സര്‍ക്കാരിതര സന്നദ്ധ സംഘടനയില്‍നിന്നോ നാമനിര്‍ദ്ദേശം ചെയ്യുന്ന സ്ത്രീപക്ഷ പ്രവര്‍ത്തന പശ്ചാത്തലമുള്ള ആള്‍; നിയമപരിജ്ഞാനം ഉള്ളയാള്‍; അല്ലെങ്കില്‍ ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു പ്രവര്‍ത്തിച്ചു പരിചയമുള്ള ആള്‍. ഇവരില്‍ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണം. ജില്ലയിലെ സാമൂഹികനീതി, അല്ലെങ്കില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കണം എക്‌സ് ഒഫീഷ്യോ അംഗം.

നീതി നടപ്പാകാന്‍ കടമ്പകള്‍ നിരവധി

അഡ്വ. ജെ. സന്ധ്യ 

ഞങ്ങളുടെ തൊഴിലിടമാണ് കോടതി. പക്ഷേ, അവിടെ എന്തെങ്കിലുമൊരു ബുദ്ധിമുട്ട് വന്നാല്‍ പരാതിപ്പെടാന്‍ ആഭ്യന്തര സംവിധാനമില്ല. കോടതികളിലെ ജീവനക്കാര്‍ക്ക് ഐ.സിയുണ്ട്. നല്ലതുതന്നെ; പക്ഷേ, അഭിഭാഷകര്‍ക്കില്ല. മെഡിക്കല്‍ കോളേജുകള്‍ മറ്റൊരു ഉദാഹരണമാണ്. അവിടെ വിദ്യാര്‍ത്ഥിനികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ഐ.സിയുടെ പരിധിയില്‍ വരുന്നില്ല. യു.ജി.സിയില്‍ അഫിലിയേറ്റു ചെയ്ത കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുള്ള ഐ.സി വേണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. പക്ഷേ, മെഡിക്കല്‍ കോളേജുകളിലെ കുട്ടികള്‍ യു.ജി.സി മാനദണ്ഡത്തിനുള്ളില്‍ വരുന്നില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ കാര്യത്തില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുമില്ല. അവിടെയും ജീവനക്കാര്‍ക്കു മാത്രമേ ഐ.സി ഉള്ളൂ. ജീവനക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും സാഹചര്യങ്ങളും അവരോടു സ്വീകരിക്കേണ്ട സമീപനവും വെവ്വേറെയാണ്. ജീവനക്കാരുടെ ഭാഗത്ത് ഗുരുതര പിഴവുകള്‍ വന്നാല്‍ പിരിച്ചുവിടാം. പക്ഷേ, വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്ന രീതി വ്യത്യസ്തമാണ്. അത് യു.ജി.സി മാനദണ്ഡങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. പൊലീസിന്റെ വിവിധ ആസ്ഥാനങ്ങളിലുണ്ട്. പക്ഷേ, എല്ലാ സ്റ്റേഷനുകളിലും ഐ.സി വേണ്ടതാണ്. അവിടെ വനിതാ ഉദ്യോഗസ്ഥരും ഉള്ളതാണല്ലോ. പക്ഷേ, അവിടെ ഇല്ല. നിരവധി വനിതാ നഴ്സുമാര്‍ ജോലി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമൊന്നും ഐ.സി ഇല്ല. 

അതിനിടെയാണ് നിലവില്‍ ഐ.സി ഉള്ള സ്ഥലങ്ങളില്‍ അവ വേണ്ടവിധം പ്രവര്‍ത്തിക്കാത്ത വിഷയം. എല്ലാ ജില്ലകളിലും ഇപ്പോള്‍ എല്‍.സി ഉണ്ട്. ഒരു ഘട്ടത്തില്‍ അതിന്റെ അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ച ആളാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട ഒരു സംവിധാനവും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുകൊണ്ട് വലിയ ശ്വാസംമുട്ടല്‍ അനുഭവിക്കേണ്ടിവന്നു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ മീന്‍വില്‍ക്കുന്ന സ്ഥലത്ത് അവര്‍ക്കൊരു പ്രശ്‌നമുണ്ടാകുന്നു. അവിടെപ്പോയി അത് അന്വേഷിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അങ്ങനെ നല്‍കുന്ന റിപ്പോര്‍ട്ട് പല സെക്ഷനുകളും കറങ്ങിക്കറങ്ങി ഒടുവില്‍ ചെയര്‍പേഴ്സന്റെ വീട്ടിലേക്കാണ് അയയ്ക്കുന്നത്. എത്രമാത്രം രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ കഴിയും? ഒടുവില്‍ മടുത്ത് രാജിവയ്‌ക്കേണ്ടിവന്നു. അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണ്, സിവില്‍ കോടതിയുടെ അധികാരമുണ്ട് എന്നൊക്കെയാണ് നിയമത്തില്‍ പറയുന്നത്. പക്ഷേ, പ്രയോഗത്തില്‍ അത് ഫലപ്രദമാക്കാന്‍ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല. എല്‍.സി അംഗങ്ങള്‍ക്ക് ഒരു സിറ്റിംഗിനു കൊടുക്കുന്നത് വെറും 250 രൂപയാണ്. ഒരു പരാതിയുടെ പിറകെ നാലും അഞ്ചും ദിവസമൊക്കെ അവര്‍ ഈ 250 രൂപ പ്രതിദിന ഫീസ് വാങ്ങി ഇരിക്കേണ്ടിവരും. പ്രതിബദ്ധതയുടെ പേരിലാണ് മിക്കവരും അതു ചെയ്യുന്നത്. പക്ഷേ, സ്ത്രീസുരക്ഷാ സംവിധാനത്തോട് ഉത്തരവാദിത്തപ്പെട്ടവര്‍ക്കുള്ള നിസ്സാര സമീപനമാണ് അതിലൂടെ വെളിവാകുന്നത്. 
ഐ.സി അംഗങ്ങള്‍ക്ക് നിയമത്തേയും അവരുടെ ഉത്തരവാദിത്വത്തേയും കുറിച്ച് ഫലപ്രദമായ അവബോധം നല്‍കണം.

നീതിയുടെ പേരില്‍ അനീതി വ്യാപകം

പി.ഇ. ഉഷ 

പരാതി കൊടുത്ത എല്ലാവരും നശിച്ചുപോകുന്ന ദുരനുഭവ പരമ്പരയാണ് ഉണ്ടാവുക. പിന്നീട് ആ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി. ഇതില്‍ ഏറ്റവും മോശമായി പ്രതികരിക്കുന്നത് ജീവനക്കാരുടെ സംഘടനകളാണ്. തുടക്കം മുതല്‍ത്തന്നെ ആഭ്യന്തര പരാതി പരിഹാര സമിതിയെ സര്‍വ്വീസ് സംഘടനകള്‍ എതിര്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അത് സ്ത്രീവിരുദ്ധ പക്ഷത്തു നിന്നുകൊണ്ട് മാനിപ്പുലേറ്റ് ചെയ്യുന്നു. സര്‍വ്വീസ് സംഘടനകള്‍ ശക്തമായ നിലപാടെടുത്താല്‍ ഈ സമിതികള്‍ സ്ത്രീകളോടു നീതി ചെയ്യുന്ന സംവിധാനമാക്കി മാറ്റാന്‍ കഴിയും. പക്ഷേ, ആരോപണവിധേയന്‍ തങ്ങളുടെ സംഘടനയിലെ ആളാണെങ്കില്‍ പുരുഷ, സ്ത്രീ സഹപ്രവര്‍ത്തകര്‍ അയാള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയാണ്. പരാതിക്കാരി ഒറ്റപ്പെടുകയും ചെയ്യുന്നു. പരാതിക്കാരിയുടെ പക്ഷത്താണ് ശരി എന്നു ബോധ്യപ്പെട്ടാലും അതിനൊപ്പം നില്‍ക്കാനും തെളിവു കൊടുക്കാനും വിസമ്മതിക്കുന്നു. പരാതിക്കാരിയേയും തെളിവു കൊടുക്കുന്നവരേയും ബുദ്ധിമുട്ടിക്കാന്‍ സംഘടനകള്‍ക്കു നിരവധി അവസരങ്ങള്‍ കിട്ടും. 

ആണുങ്ങളേയും പെണ്ണുങ്ങളേയും തമ്മില്‍ അടിപ്പിക്കാനുള്ള നിയമമായി മാറാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും സംഘടനകള്‍ക്കു കഴിയും. പരസ്പരം പറഞ്ഞുതീര്‍ക്കാനും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വരുത്താനും സാധ്യതയുണ്ടായിട്ടും പുരുഷനെ ജോലി സ്ഥലത്തും കുടുംബ, വ്യക്തിജീവിതത്തിലും തകര്‍ക്കാനുള്ള ആയുധമാക്കി മാറ്റുന്ന അനുഭവങ്ങളുമുണ്ട്. അസംഘടിത മേഖലയില്‍ ചൂഷണം വ്യാപകമാണ്. പക്ഷേ, എല്‍.സികള്‍ ദുര്‍ബ്ബലം. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമ സംവിധാനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്ന രീതി നിലനില്‍ക്കുന്നു. ഗാര്‍ഹിക പീഡന വിരുദ്ധ നിയമവും സ്ത്രീധനനിരോധന നിയമവുമൊക്കെ ചെന്നുപെട്ട അവസ്ഥ അതാണ്. ആ നിയമങ്ങള്‍ അലമാരയില്‍ വച്ച പാവക്കുട്ടി പോലെയായി. കുട്ടികള്‍ കളിക്കാനുപയോഗിക്കാത്ത ഒരു പാവക്കുട്ടിക്കും പ്രസക്തിയില്ലല്ലോ. സ്ത്രീകള്‍ ഇപ്പോഴും വീടിനുള്ളില്‍ കൊല്ലപ്പെടുന്നു, ആത്മഹത്യയിലേക്കു നയിക്കപ്പെടുന്നു. 

ഇടപെട്ടുകൊണ്ടേയിരിക്കുന്നു, മാറാനുണ്ട് ഏറെ

ഡോ. ഷാഹിദ കമാല്‍

(വനിതാ കമ്മിഷന്‍ അംഗം)

തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷനു നിരവധി പരാതികള്‍ കിട്ടുന്നുണ്ട്. ഐ.സിയില്‍ പരാതി കൊടുത്തോ എന്നാണ് ആദ്യം അവരോട് അന്വേഷിക്കുന്നത്. ഉണ്ടെങ്കില്‍ അതില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് വരുത്തും. അങ്ങനെയൊരു സമിതിയെക്കുറിച്ച് അറിയില്ലെന്നും തങ്ങള്‍ ജോലി ചെയ്യുന്നിടത്ത് അങ്ങനെയൊരു സമിതി ഇല്ല എന്നുമാണ് മറുപടിയെങ്കില്‍ സ്ഥാപന മേധാവിയെ വിളിച്ചു വരുത്തും. ഉടന്‍ സമിതി രൂപീകരിച്ച് അംഗങ്ങളുടേയും അദ്ധ്യക്ഷയുടേയും വിശദാംശങ്ങളുള്‍പ്പെടെ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിക്കും. നോട്ടീസ് ചെല്ലുമ്പോള്‍ മാത്രം ഐ.സികള്‍ തട്ടിക്കൂട്ടുന്ന അനുഭവങ്ങളേറെ. 

വിവിധ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ സൗകര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. അടുത്തയിടെ തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ടെക്സ്‌റ്റൈല്‍ സ്ഥാപനത്തില്‍ പോയപ്പോള്‍ ഒരു അനുഭവമുണ്ടായി. അഞ്ചുനിലയുള്ള സ്ഥാപനത്തില്‍ പെണ്‍ ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ അഞ്ചാം നിലയില്‍ പോകണം, അവര്‍ ജോലി ചെയ്യുന്നത് ഒന്നും രണ്ടും നിലകളില്‍ മാത്രമാണു താനും. ലിഫ്റ്റില്‍ ജീവനക്കാര്‍ സഞ്ചരിക്കാന്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് മാനേജരോടു നേരിട്ടു നിര്‍ദ്ദേശിച്ചു. അവര്‍ രണ്ടാം നിലയില്‍ത്തന്നെ സൗകര്യമൊരുക്കുകയും അത് കമ്മിഷനെ അറിയിക്കുകയും ചെയ്തു. ഇത്തരം അനുഭവങ്ങള്‍ പലതുണ്ട്. 

ജില്ലാതല മോണിട്ടറിംഗ് ഓഫീസര്‍ കളക്ടറാണ്. ഉണ്ടാകുന്ന പരാതികളില്‍ കൃത്യമായി നടപടിയെടുത്ത് മോണിട്ടറിംഗ് കമ്മിറ്റിക്കു റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അവിടെ നിന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യും. കമ്മിറ്റിയോഗം ചേരുമ്പോള്‍ വനിതാ കമ്മിഷനെ അറിയിച്ച് കമ്മിഷന്‍ പ്രതിനിധിയെക്കൂടി പങ്കെടുപ്പിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനിതാ ജീവനക്കാരുടെ പരാതികള്‍ മേലുദ്യോഗസ്ഥനോടു പറയാന്‍ മടിക്കാം; പക്ഷേ, കമ്മിഷന്റെ സാന്നിധ്യം അവര്‍ക്കു ധൈര്യം നല്‍കും.

കേരളത്തിന് അഭിമാനിക്കാവുന്ന അവസ്ഥ ഇല്ല

വി.പി. സിന്ധു 

(ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാന ജെന്റര്‍ കണ്‍വീനര്‍)

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും മറ്റ് അതിക്രമങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. സ്ത്രീകളും തുല്യ അളവിലോ കൂടുതലോ ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യരും ഇതിന് ഇരകളാവുന്നു. പക്ഷേ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും ഇവ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യ മേഖലയിലെ കാര്യം പറയാനുമില്ല. പരാതി നല്‍കാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ ജോലി നഷ്ടപ്പെടുകയോ തൊഴിലിടങ്ങളില്‍ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഇപ്പോഴുമുണ്ട്. കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ പരാതി നല്‍കാന്‍പോലും സ്ത്രീകള്‍ തയ്യാറാവില്ല. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചു പരാതി നല്‍കി മുന്നോട്ടു പോയാല്‍പ്പോലും പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെട്ടു പോവുന്നതും കാണാം. കേരളത്തെപ്പോലെയുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും അഭിമാനിക്കാവുന്ന അവസ്ഥയല്ല ഇത്.

ഈ റിപ്പോർട്ട് വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com