'അഴിമതി സാധ്യത തടയാനുള്ള ജാഗ്രത മന്ത്രിക്കും സര്‍ക്കാരിനും ഉണ്ടാകണം'

'അഴിമതി സാധ്യത തടയാനുള്ള ജാഗ്രത മന്ത്രിക്കും സര്‍ക്കാരിനും ഉണ്ടാകണം'

തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ഒരൊറ്റ വകുപ്പാക്കി മാറ്റാനുള്ള ശ്രമം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നു എന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് പത്തു വര്‍ഷം

ദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ഒരൊറ്റ വകുപ്പാക്കി മാറ്റാനുള്ള ശ്രമം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നു എന്നു പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത് പത്തു വര്‍ഷം മുന്‍പാണ്; 2012 ജൂണില്‍. ആലപ്പുഴയില്‍ കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമ്മേളനമായിരുന്നു വേദി. അദ്ദേഹം മുഖ്യമന്ത്രിയും പാലോളി മുഹമ്മദുകുട്ടി തദ്ദേശ സ്വയംഭരണ മന്ത്രിയുമായിരുന്ന തൊട്ടുമുന്‍പത്തെ സര്‍ക്കാര്‍ 2008-ല്‍ തുടങ്ങിവെച്ച വകുപ്പ് ഏകീകരണ ശ്രമങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൊളിച്ചടുക്കി എന്ന വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പക്ഷേ, സര്‍ക്കാര്‍ പക്ഷത്തുനിന്നു കാര്യമായ പ്രതികരണമുണ്ടായില്ല.

ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമവികസനത്തിനും നഗരസഭകള്‍ക്കും മറ്റും വകുപ്പുകള്‍ വെവ്വേറെയായിത്തന്നെ തുടര്‍ന്നു; ഓരോ മന്ത്രിമാര്‍ക്കു കീഴില്‍ ഓരോ വകുപ്പും വെവ്വേറെ സാമ്രാജ്യങ്ങളാണ് എന്ന വിമര്‍ശനം കണ്ടതായും കൊണ്ടതായും ഭാവിച്ചുമില്ല. അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും എല്ലാ തട്ടുകളിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒറ്റവകുപ്പിനു കീഴില്‍ കൊണ്ടുവരും എന്നത് 2016-ല്‍ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. 

അധികാരത്തിലെത്തി രണ്ടാംവര്‍ഷം തുടങ്ങിവെച്ച ആ ഏകീകരണമാണ് ഇപ്പോള്‍ നടപ്പായത്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനീയറിംഗ് വിഭാഗം, നഗര ഗ്രാമാസൂത്രണം എന്നീ അഞ്ചു വകുപ്പുകളായിരുന്നു. വകുപ്പുകള്‍ പലതായിരുന്നെങ്കിലും ആ സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഒന്നേ ഉണ്ടായിരുന്നുള്ളു. തുടക്കത്തില്‍ കെ.ടി. ജലീല്‍, പിന്നീട് എ.സി. മൊയ്തീന്‍. തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരേയൊരു വകുപ്പേയുള്ളൂ. മാത്രമല്ല, അഞ്ചു വകുപ്പുകളിലുമുള്ള മുപ്പത്തിരണ്ടായിരത്തോ ളം ജീവനക്കാരെ ഏകീകരിച്ച് തദ്ദേശ സ്വയംഭരണ സര്‍വ്വീസുമാക്കി. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

വലിയ ബഹളങ്ങളില്ലാതെ നാലു വര്‍ഷമായി നടന്നുവന്ന ഏകീകരണപ്രക്രിയ സങ്കീര്‍ണമായിരുന്നു. മൂന്നു വര്‍ഷംകൊണ്ട് തീര്‍ന്നതുമില്ല. സ്വാഭാവികമായും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരുന്നു. പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയ മറ്റു നിരവധി വിഷയങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ലെന്നു മാത്രം. പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് പറഞ്ഞത് വകുപ്പുകളുടെ ഏകോപനം മാത്രമല്ല ജീവനക്കാരുടെ ഏകീകൃത കേഡര്‍ സൃഷ്ടിക്കുമെന്നാണ്. എന്നാല്‍, യു.ഡി.എഫ് പക്ഷേ, ഇക്കാര്യത്തില്‍ മൗനമാണ് പുലര്‍ത്തിയത്. തദ്ദേശ സ്വയംഭരണവും പഞ്ചായത്തീരാജും എന്ന തലക്കെട്ടിനു താഴെ പറഞ്ഞ നാലു കാര്യങ്ങളിലും വകുപ്പ് ഏകീകരണം പരാമര്‍ശിച്ചില്ല. 2011-ലും ഈ വിഷയത്തില്‍ നേരിട്ടു പരാമര്‍ശങ്ങള്‍ ഇല്ലാതെയായിരുന്നു അവരുടെ പ്രകടനപത്രിക. 

ഗുണങ്ങള്‍ പ്രതീക്ഷകള്‍
 
വിമര്‍ശനങ്ങളില്ലാതെ അംഗീകരിക്കേണ്ട നടപടിയാണ്. എന്നാല്‍, അഴിമതി സാധ്യത തടയാനുള്ള ജാഗ്രത മന്ത്രിക്കും സര്‍ക്കാരിനും ഉണ്ടാകണം-കാല്‍ നൂറ്റാണ്ട് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോയി കൈതാരത്തിന്റെ വാക്കുകള്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അഴിമതിയോടുള്ള സമീപനത്തില്‍ തുറന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ''ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇപ്പോഴും അവസാനിച്ചിട്ടില്ല. പക്ഷേ, അതൊരു ചെറു ന്യൂനപക്ഷമാണ്. ഭൂരിപക്ഷം ഇപ്പോഴും സേവനപരമായിത്തന്നെയാണ് നീങ്ങുന്നത് -മന്ത്രി വിശദീകരിക്കുന്നു.

വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ണ്ണായക സ്ഥാനം കൈവന്നത് 73, 74 ഭരണഘടനാ ഭേദഗതിയോടെയാണ്. അങ്ങനെ വന്‍തോതില്‍ അധികാരങ്ങള്‍ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു താഴെത്തട്ടില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ വകുപ്പുകളുടെ ഏകീകരണം സഹായിക്കും. ആ വിധമാണ് നടപടികള്‍. ഇതുവരെ നടന്ന വകുപ്പ് ഏകീകരണ പ്രവര്‍ത്തനങ്ങളെല്ലാം മുകള്‍ത്തട്ടിലെ പരിഷ്‌കരണത്തിലാണ് ശ്രദ്ധിച്ചത്. യോജിച്ചു പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതിരിക്കുന്ന സ്ഥിതി. അതിനാണ് മാറ്റമുണ്ടായിരിക്കുന്നത്. ദുരന്തനിവാരണം, മാലിന്യസംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും സഹകരിക്കേണ്ടവര്‍ പലയിടത്തായി നിന്നതു നിസ്സാരമായിരുന്നില്ല. ജീവനക്കാര്‍ ഒരൊറ്റ വകുപ്പിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമിടയില്‍ ഉണ്ടാകേണ്ട സ്വാഭാവിക സഹകരണം ഉണ്ടാകും എന്നു പ്രാദേശിക ജനപ്രതിനിധികളും പറയുന്നു. 

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച വിവിധ ഉന്നതതല സമിതികളും ഒന്നാം ഭരണപരിഷ്‌കാര കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. കേരള പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ച, അധികാര വികേന്ദ്രീകരണം സംബന്ധിച്ച സെന്‍ (സത്യബ്രത സെന്‍) കമ്മിറ്റി, പഞ്ചായത്തുകള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിച്ച മുന്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി മണിശങ്കര്‍ അയ്യര്‍ അദ്ധ്യക്ഷനായ സമിതി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഉദാഹരണം. 2014-ല്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നടത്തിയ പഠനവും ഇതുതന്നെയാണ് പറഞ്ഞത്. സംസ്ഥാനത്തിനു പൊതുവായോ ഓരോ ജില്ലയ്ക്കും വെവ്വേറെയോ പൊതുസര്‍വ്വീസ് രൂപീകരിക്കാം എന്ന് കേരള പഞ്ചായത്തീരാജ് നിയമത്തിലുമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ പുതിയ പഠനം ആവശ്യമില്ലെങ്കിലും സ്റ്റേറ്റ്, സബോര്‍ഡിനേറ്റ് സര്‍വ്വീസ് ചട്ടങ്ങളിലെ മാറ്റത്തിന്റെ ഭാഗമായി വിശദപഠനങ്ങള്‍ നടത്തുകതന്നെ ചെയ്തു. അതിനുശേഷം നടപ്പാക്കുന്നതുകൊണ്ടാണ് വിവിധ വിഭാഗം ജീവനക്കാരില്‍നിന്നും വിവിധ സംഘടനകളില്‍നിന്നും കാര്യമായ എതിര്‍പ്പുണ്ടാകാതിരുന്നതും.

പാലോളി മുഹമ്മ​ദ്കുട്ടി
പാലോളി മുഹമ്മ​ദ്കുട്ടി

ഡോ. സി.പി. വിനോദ് അദ്ധ്യക്ഷനായി കഴിഞ്ഞ സര്‍ക്കാര്‍ 2016 ജൂലൈയില്‍ രൂപീകരിച്ച ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷനാണ് വകുപ്പുകളുടെ ഏകീകരണത്തിനു പ്രത്യേക ചട്ടങ്ങളുടെ കരടു തയ്യാറാക്കിയത്. ഈ കരടു ചട്ടങ്ങള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. അങ്ങനെ ലഭിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി കണക്കിലെടുത്ത് പരിഷ്‌കരിച്ച റിപ്പോര്‍ട്ടുവെച്ച് ജീവനക്കാരുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തി. ജീവനക്കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ അദ്ധ്യക്ഷന്‍ കൂടി ഉള്‍പ്പെട്ട ആ സമിതി വകുപ്പ് ഏകീകരണത്തിന് മാനുവല്‍ തയ്യാറാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി. വകുപ്പ് ഏകീകരണം ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഗുണഫലം നല്‍കുന്നതെന്നും ഉടനെ ഫലപ്രാപ്തി ഉണ്ടാകുന്ന ഒന്നല്ല എന്നും സര്‍ക്കാര്‍ തുറന്നു പറയുന്നു എന്നതാണ് പ്രത്യേകത. ''ഏകീകരണം വ്യക്തിഗത ആനുകൂല്യം നല്‍കുന്ന സ്‌കീമോ ഉടനടിയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതിയോ അല്ല.''

അധികാരം താഴെത്തട്ടിലേക്കു വികേന്ദ്രീകരിച്ചു നല്‍കിയ ശേഷവും നേരത്തേയുള്ള വകുപ്പുകള്‍ പഴയതുപോലെതന്നെ നിലനിന്നത് പഞ്ചായത്തീരാജ് സംവിധാനം മുന്നോട്ടുവെച്ച ഏകീകൃത സ്വഭാവത്തിന് എതിരായിരുന്നു. അങ്ങനെയാണ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ വകുപ്പ് ഏകീകരണ ശ്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍, ഏകീകരണംകൊണ്ട് ജനങ്ങള്‍ക്ക് എന്താണ് പ്രയോജനം എന്ന, കേള്‍ക്കുമ്പോള്‍ ലളിതവും ന്യായവുമെന്നു തോന്നുന്ന ഒരൊറ്റ ചോദ്യം കൊണ്ടാണ് 'ഏകീകരണവിരുദ്ധര്‍' നയം വ്യക്തമാക്കിയത്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കെന്തു പ്രയോജനം എന്ന ചോദ്യത്തിന്റെ നേരിട്ടല്ലാത്ത രൂപമായിരുന്നു അത്. ഓരോ വകുപ്പിലും സ്വസ്ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഏകീകരണം എന്ന വാദവും ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാത്തരം തര്‍ക്കങ്ങളും സംശയങ്ങളും ആശങ്കകളും പരിഗണിക്കേണ്ടതുണ്ടായിരുന്നു. ജീവനക്കാരുടെ സംഘടനകളുമായി പലവട്ടം ചര്‍ച്ച നടത്തി. 2020 ജൂലൈ 17-ലെ മന്ത്രിസഭാ തീരുമാനവും അതിനേത്തുടര്‍ന്ന് ഇറക്കിയ ഉത്തരവും വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട നാഴികക്കല്ലാണ്. അന്നാണ് എല്ലാ ജീവനക്കാരുടേയും സര്‍വ്വീസ് കാലാവധി കഴിയുന്നതുവരെയുള്ള ആനുകൂല്യങ്ങളും സ്ഥാനക്കയറ്റങ്ങളും സംരക്ഷിക്കാന്‍ തീരുമാനിച്ചത്. അഞ്ച് വകുപ്പുകളിലേയും ജീവനക്കാരുടെ സേവന വേതന ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ല എന്നുറപ്പാക്കി. അതോടെ ജീവനക്കാര്‍ തന്നെ പിന്നീടുള്ള ഏകീകരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരകരായി മാറി. അവര്‍ സുരക്ഷിതരായതോടെ കാര്യങ്ങള്‍ക്കു വേഗത കൂടി. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ നിര്‍വ്വഹിച്ചുവന്ന ചുമതലകളിലേയും നിയമന യോഗ്യതയുടേയും ശമ്പള സ്‌കെയിലിന്റേയും സമാനത പൂര്‍ണ്ണമായും പരിഗണിച്ചായിരുന്നു ഉത്തരവ്. അതായത്, വകുപ്പുകള്‍ ഒന്നായാലും എല്ലാ വകുപ്പുകളിലേയും മുഴുവന്‍ ജീവനക്കാരുടേയും സ്ഥാനക്കയറ്റങ്ങള്‍ നിയമപരമായി സംരക്ഷിക്കും. ആരുടെയെങ്കിലുമൊക്കെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനു പരാതിപരിഹാര സമിതി ഉണ്ടാകുമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, നഗരസഭകളിലെ ശുചീകരണത്തൊഴിലാളികളെ ഏകീകൃത സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയില്ല എന്ന വിമര്‍ശനമുണ്ട്. അതു പരിഹരിക്കാന്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കും എന്ന പ്രതീക്ഷയാണ് ആ വിഭാഗം തൊഴിലാളികള്‍ക്ക്.

ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ തമ്മിലും നഗരസഭകളും പഞ്ചായത്തുകളും തമ്മിലും ഉണ്ടാകേണ്ട യോജിച്ച പ്രവര്‍ത്തനം സാധ്യമാകുന്നു എന്നതാണ് വകുപ്പ് ഏകീകരണത്തിന്റെ അതിപ്രധാന ഗുണഫലം. മറ്റെല്ലാം ഇതിനു പിന്നാലെ വരികതന്നെ ചെയ്യും. പ്രാദേശിക ആസൂത്രണത്തിനു കൂടുതല്‍ ഏകോപനവും വേഗവുമാണു പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്കു ലഭിക്കേണ്ട വിവിധ സേവനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളും ശരിയായ വിധം നിര്‍വ്വഹിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താന്‍ പൊതുസര്‍വ്വീസ് പ്രയോജനപ്പെടും എന്ന വാദത്തിനും ശക്തിയുണ്ട്. പ്രാദേശിക പദ്ധതികളും കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുമായി മികച്ച ഏകോപനമുണ്ടാവുകയും ചെയ്യും.

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറും ജില്ലാതലത്തില്‍ ഒരു മേധാവിയുമാണ് ഇനി ഉണ്ടാവുക. ജില്ലാ ആസൂത്രണ സമിതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജില്ലാ, സംസ്ഥാന പദ്ധതികള്‍ തമ്മിലുള്ള ശരിയായ ഏകോപനത്തിനും ഇത് കൂടുതല്‍ പ്രയോജനപ്പെട്ടേക്കും. തദ്ദേശ വകുപ്പിന്റെ ഭാഗമായ പൊതുജനാരോഗ്യം, നഗര-ഗ്രാമാസൂത്രണം, സാങ്കേതിക വിഭാഗമായ എന്‍ജിനീയറിംഗ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥ സേവനം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട വിധത്തില്‍ ലഭ്യമാകും.

താഴെത്തട്ട് ശക്തിപ്പെടണം 

കേന്ദ്ര സര്‍ക്കാരില്‍ നഗരവികസനം, പഞ്ചായത്തീരാജ്, ഗ്രാമവികസനം എന്നീ മൂന്നു മന്ത്രാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി കേരളത്തില്‍ പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിനു നേരെ തുടക്കത്തില്‍ത്തന്നെ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മൂന്നു മന്ത്രാലയങ്ങള്‍ വെവ്വേറെ നിലനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തിനുണ്ട് എന്നാണ് കേരളത്തിന്റെ വാദം. ഗ്രാമപഞ്ചായത്ത്, ഗ്രാമവികസന മന്ത്രാലയങ്ങള്‍ ഒരു മന്ത്രിയുടെ ചുമതലയിലാക്കാന്‍ കേന്ദ്രം ഇടക്കാലത്തു നടത്തിയ നീക്കം ഇതിന്റെ ഭാഗമായിരുന്നു. അന്നു നടന്നില്ലെങ്കിലും ഭാവിയില്‍ അതൊരു യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. 

സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും പൊതു ചുമതലകള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളില്ല. ആസൂത്രണ ചുമതലകളും ഉത്തരവാദിത്വങ്ങളും നടപടിക്രമങ്ങളും മിക്കവാറും സമാനമാണുതാനും. വികസന പ്രവര്‍ത്തനങ്ങളുടെ വലിപ്പച്ചെറുപ്പത്തില്‍ മാത്രമാണു വ്യത്യാസം. വികസനക്കുതിപ്പില്‍ അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ പലതും ക്രമേണ നഗരസഭകളാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇതും തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസിനു പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഘടകമായി. വകുപ്പ് ഏകീകരണം മൂലം അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. കഴിവതും അങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്നേ പറയുന്നുള്ളു. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നതല്ല, നിലവിലെ ജീവനക്കാരെ ഏകീകൃത സര്‍വ്വീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവതും വിന്യസിക്കുക എന്നതാണ് സമീപനം. പഞ്ചായത്തുകള്‍ക്കു പകരം പുതിയ നഗരസഭകള്‍ വരുമ്പോള്‍ ഉണ്ടാകുന്ന അധികബാധ്യത ഏകീകൃത വകുപ്പാകുന്നതോടെ ഇല്ലാതാകുന്നുമുണ്ട്. അതുകൊണ്ട് മൊത്തത്തില്‍ അധിക സാമ്പത്തിക ബാധ്യത കാര്യമായി വരില്ല എന്നാണ് വാദം. ഇതു മുന്നോട്ടു പോകുമ്പോള്‍ കണ്ടറിയേണ്ട കാര്യമാണ്.

ശാരദ മുരളീധരൻ
ശാരദ മുരളീധരൻ

ഗവണ്മെന്റ് സെക്രട്ടറിയേറ്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് (എല്‍.എസ്.ജി.ഡി) എന്ന ഒറ്റ വകുപ്പാക്കല്‍, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് രൂപീകരണം, ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടറുടെ ഓഫീസ് സംവിധാനം എന്നിവ നടപ്പായി. അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. താഴെത്തട്ടില്‍ ജനങ്ങള്‍ നേരിട്ടു ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഏകീകരണത്തിന്റെ നേട്ടം ലഭ്യമാകണം. വിവിധ ഫണ്ടുകള്‍ വെച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും ഫലം അനുഭവിക്കേണ്ടതും താഴെത്തട്ടിലാണ്. മേല്‍ത്തട്ട് ശക്തിപ്പെട്ടാല്‍ മാത്രം താഴെ കാര്യക്ഷമത വര്‍ദ്ധിക്കണമെന്നില്ല. ഇപ്പോഴും അവിടെ രൂക്ഷമായി തുടരുന്ന ആള്‍ശേഷിക്കുറവു പരിഹരിക്കണം. അതിലാണ് ഇനി ശ്രദ്ധയെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പറയുന്നത്. താഴെത്തട്ടില്‍ പ്രൊഫഷണലായ ഒരു രൂപഘടനയും അതിനനുസരിച്ച് പൊളിച്ചെഴുത്തും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിടുകയും ചെയ്തിരിക്കുന്നു.

''തദ്ദേശ വകുപ്പ് ഏകീകരണവും നഗരസഭാ, ഗ്രാമപഞ്ചായത്ത് പരിധികളിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും തമ്മില്‍ ബന്ധമില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനമല്ല, വകുപ്പുകളുടെ ഏകോപനമാണ്'' പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ നീക്കുന്ന വിശദീകരണമാണിത്. മറ്റൊന്ന്, നഗരസഭകളിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ ജോലി കൂടുതല്‍ ഫലപ്രദമായി മാറുന്നതാണ്. നിലവില്‍ ഇവര്‍ ചെയ്യുന്നത് ഓഫീസ് ജോലികളാണെന്ന് സമ്മതിച്ചുകൊണ്ടാണ് ഇടപെടല്‍. ''ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരുടെ സാങ്കേതിക വൈദഗ്ദ്ധ്യവും സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുജനാരോഗ്യ, പരിസരശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. അതുകൊണ്ടുതന്നെ ഇവരേയും പൊതുസര്‍വ്വീസില്‍പ്പെടുത്തിട്ടുണ്ട്. ഇവരുടെ സേവനം പൂര്‍ണ്ണമായും പൊതുജനാരോഗ്യ, പരിസരശുചിത്വ പ്രവര്‍ത്തനങ്ങളില്‍ നഗരസഭകള്‍ പ്രയോജനപ്പെടുത്തണം'' -ഇതാണ് നിര്‍ദ്ദേശം. പൊതുസര്‍വ്വീസ് വന്ന ശേഷവും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോട് ചേര്‍ന്നും അനുസരിച്ചും പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. അഴിമതി ഒഴിവാക്കാന്‍ വിജിലന്‍സ് സംവിധാനവും ഏകീകരിക്കും.

രാഷ്ട്രീയ അഴിമതി അവസാനിച്ചു; അഴിമതി ഉദ്യോഗസ്ഥരില്‍ മാത്രം

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍  (തദ്ദേശ സ്വയംഭരണ മന്ത്രി)

പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ കറങ്ങിനടക്കേണ്ടിവരുന്നത് ഒഴിവാകും. തദ്ദേശ സ്വയംഭരണ വകുപ്പിന് ഒരൊറ്റ ഓഫീസും ഡയറക്ടറുമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍, ഫയല്‍ കുറയ്ക്കുക എന്നതു മാത്രമായല്ല. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം ലഭിക്കാന്‍ കാലതാമസം ഉണ്ടാകില്ല. സേവനം അവരുടെ മൗലികാവകാശമാണ്. അതു സമയത്തിന് എത്തിക്കുക എന്നതും അത്യാവശ്യമാണ്. ആ സേവനം നല്‍കാനുള്ള സേവകരായിട്ടാണ് ജീവനക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കേണ്ടത്. ഭരിക്കുക എന്നതിനു പകരം ജനങ്ങളെ സേവിക്കുക എന്നതാകണം. സേവനത്തിന്റെ നിര്‍വ്വചനം തന്നെ മാറ്റണം; അല്ലെങ്കില്‍ ഭരണത്തിന്റെ നിര്‍വ്വചനം സേവനമാക്കി രൂപപ്പെടുത്തണം. 

സെക്രട്ടേറിയറ്റിലെ ഫയലിംഗ് സംവിധാനം ഓണ്‍ലൈനിലായ ശേഷവും ഓരോ ഫയലും പത്തുപന്ത്രണ്ട് ആളുകള്‍ കാണേണ്ട സ്ഥിതിയുണ്ട്. ഒരു ഫയലില്‍ ഒരു 'ക്വൊറി' വന്നാല്‍ അവിടെനിന്ന് അതു മേലേയ്ക്കു നിരവധി തട്ടുകള്‍ പോകണം. അതുപോലെ തിരിച്ചു താഴേയ്ക്കും വരണം, ഇതാണ് സ്ഥിതി. അങ്ങനെ വരുമ്പോള്‍ ആ ഫയല്‍ നീങ്ങി കാര്യം നടക്കാന്‍ ഒരുപാടു സമയമെടുക്കും. അതു മാറ്റിയിട്ട്, ഇ - ഫയല്‍ മൂന്ന് ആളുകള്‍ കണ്ടാല്‍ മതി എന്ന നിലയിലേക്കു മാറ്റുകയാണ് ഞങ്ങള്‍. സ്വീകരിക്കുന്ന ആള്‍, നടപ്പാക്കുന്ന ആള്‍, നടപടി ഉറപ്പാക്കുന്ന ആള്‍. മൂന്നു പേര്‍ കണ്ടാല്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ആകും. അതുകൊണ്ട് ഫയലുകള്‍ 'ക്വൊറി' ഇട്ട് മുകളിലേക്കും താഴേയ്ക്കും അയയ്ക്കാന്‍ പാടില്ല എന്നു തീരുമാനിച്ചു. ആവശ്യമെങ്കില്‍ താഴെവരെ പോയി അന്വേഷിച്ച് സേവനം കൊടുക്കണം. വിളിച്ചു വരുത്തുക മാത്രമല്ല. സേവനത്തിനുവേണ്ടി ആളുകള്‍ ഇങ്ങോട്ടു വരേണ്ടിവരിക, കയറിയിറങ്ങുക എന്നതാണ് ഇപ്പോഴത്തെ സ്ഥിതി, അതിനു മാറ്റംവരണം. പെട്ടെന്നു സംഭവിക്കുന്ന ഒന്നല്ല മാറ്റം. പക്ഷേ, വന്നേ പറ്റൂ. 

നമ്മള്‍ നിപയും ഓഖിയും രണ്ട് പ്രളയങ്ങളും കൊവിഡുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്നവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും ഈ സാഹചര്യങ്ങളില്‍ വലിയ കഠിനാധ്വാനമാണ് ചെയ്യേണ്ടിവന്നത്. അവരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കുകയും ചെയ്തു. ഇന്ന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്ലാതെ ഒരു കാര്യവും മുന്നോട്ടു പോകാത്തവിധം അത്രയും ജനങ്ങളോട് ഒപ്പം ചേര്‍ന്നുനില്‍ക്കുന്ന, ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടു പോകുന്ന നിലയിലേയ്ക്കുതന്നെ അവ മാറി. ഏതു കാര്യവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നവരായി അവര്‍ മാറിയിരിക്കുന്നു; ഗവണ്‍മെന്റ് അവരെ ഏല്പിക്കുകയും ചെയ്യുന്നു. ഈ മാറ്റം കുറേക്കൂടി ദ്രുതഗതിയില്‍ മുന്നോട്ടു പോകാന്‍ വകുപ്പ് ഏകീകരണം ഇടയാക്കും. 

അതുപോലെ, അഴിമതിയുടെ പ്രശ്‌നങ്ങളൊക്കെ ഇപ്പോഴും അവസാനിച്ചു എന്നു പറയാന്‍ സാധിക്കില്ല. രാഷ്ട്രീയ അഴിമതിയൊക്കെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. മന്ത്രിമാര്‍ കൈക്കൂലി വാങ്ങും എന്നൊന്നും ഇന്നത്തെ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ച് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇപ്പോഴും അവസാനിച്ചിട്ടില്ല. വകുപ്പുകള്‍ വിഭജിച്ചു നില്‍ക്കുന്നതാണ് നല്ലത് എന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ സമീപനം. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ അഴിമതി അവര്‍ക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് അടിസ്ഥാനപരമായ കാരണം. പക്ഷേ, വിഭജിച്ചല്ല കൂട്ടിച്ചേര്‍ത്തുതന്നെ പോകണം എന്നതാണ് ഞങ്ങളുടെ സമീപനം. അഴിമതി സാധ്യതകള്‍ പരമാവധി അടച്ചു മുന്നോട്ടു പോകാന്‍ തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട് എന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നത് എല്ലാ തട്ടിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടിയാണ്. ആറും ഏഴും വര്‍ഷമായ ഫയലുകള്‍ ഒട്ടുമിക്ക വകുപ്പുകളിലും കെട്ടിക്കിടക്കുന്നുണ്ട്. പല കാരണങ്ങള്‍കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. 

അങ്ങനെ കെട്ടിക്കിടക്കുമ്പോഴാണ് അതില്‍ അഴിമതി സാധ്യതയും ഉണ്ടാകുന്നത്. ഏതായാലും സെക്രട്ടേറിയറ്റില്‍ത്തന്നെ അദാലത്ത് നടത്തി അതെല്ലാം തീര്‍പ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അന്‍പതിനായിരത്തോളം ഫയലുകള്‍ ഇതിനകം തീര്‍പ്പാക്കിക്കഴിഞ്ഞു. ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ല. മന്ത്രിയല്ല അതു ചെയ്യേണ്ടത്; ഉദ്യോഗസ്ഥരാണ്. അവര്‍ അത് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം. 

ഫയലുകള്‍ എവിടെ, ഏത് സ്ഥിതിയിലാണ് എന്ന് ഒരു ക്ലിക്കില്‍ അറിയാന്‍ ഉപകരിക്കുന്ന ഇ- ഫയലിങ്ങ് സംവിധാനം ഈ ശ്രമങ്ങള്‍ക്ക് സഹായകരമാണ്. ഓരോ ആളുകളുടേയും ഉത്തരവാദിത്വം നിര്‍ണ്ണയിക്കപ്പെടുന്നതോടെ കുറച്ചുകൂടി കൃത്യമായി ചോദിക്കാനും പറയാനും കഴിയും. പിന്നെ ചെയ്യാതിരുന്നാല്‍ പ്രശ്‌നമാകും, വകുപ്പ് ഏകീകരണത്തില്‍ കാര്യമായ എതിര്‍പ്പുണ്ടായിട്ടില്ല. രണ്ടു വട്ടം ജീവനക്കാരുടെ യോഗം വിളിച്ചു. ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാത്തവിധം, അവരുടെ സര്‍വ്വീസും മറ്റും കൃത്യമായി പരിപാലിച്ചു തന്നെയാണ് ഏകീകരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വലിയൊരു ശതമാനം യു.ഡി.എഫിന്റേതാണ്; ബി.ജെ.പിക്കും കുറച്ചുണ്ട്. അവരുടെയെല്ലാം ജനപ്രതിനിധികള്‍ക്ക് വകുപ്പ് ഏകീകരണത്തോട് അനുകൂല മനോഭാവമാണ്. കാരണം, ഏകീകരണത്തിന്റെ ഗുണഫലം എല്ലാവര്‍ക്കുമാണ് ലഭിക്കുന്നത്.

വേണ്ടത് വികസനത്തിലെ സുതാര്യതയും ജനാധിപത്യവും

ജോയി കൈതാരത്ത് 
(സാമൂഹിക പ്രവര്‍ത്തകന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

പ്രധാനപ്പെട്ട അധികാര കേന്ദ്രങ്ങളായി മാറിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന പണവും അതു വിനിയോഗിക്കുന്ന ഉദ്യോഗസ്ഥ സംവിധാനങ്ങളും ശരിയായവിധം ഉപയോഗപ്പെടുത്തണമെങ്കില്‍ ജനപ്രതിനിധികള്‍ക്ക് അറിവും കഴിവും സന്നദ്ധതയും ഉണ്ടാകണം. 

അതിന് അവരെ പ്രാപ്തരാക്കണം. അല്ലെങ്കില്‍ അഴിമതി താല്പര്യമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതു ദുരുപയോഗം ചെയ്യും. ചെയ്യുന്നുണ്ട്. ചെലവു ചെയ്യുക എന്നതു മാത്രമാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം (സ്പില്‍ ഓവറാകാതെ എക്‌സ്പെന്‍ഡിച്ചറാക്കുക മാത്രം). 

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കത്തേയും തുടര്‍ച്ചയേയും കുറിച്ച് ഓര്‍ക്കാവുന്നതാണ്. അതൊരു വികസന വിദ്യാഭ്യാസമായിരുന്നു; സന്നദ്ധപ്രവര്‍ത്തനമായിരുന്നില്ല. പല വകുപ്പുകളുടേയും അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിക്കൊണ്ട് നിശ്ചിത ശതമാനം പ്ലാന്‍ഫണ്ട് നല്‍കി. അധികാര വികേന്ദ്രീകരണം നമ്മുടെ ജനപ്രതിനിധികളെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്ന ഒന്നായി മാറി. ശീലമില്ലാത്ത, സ്വപ്നംപോലും കാണാത്ത ഒന്നായിരുന്നു അത്. 1978-ല്‍ ഞാന്‍ ആദ്യം പഞ്ചായത്ത് അംഗമാകുമ്പോള്‍ പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് 72,500 രൂപയാണ്. ആ പണംകൊണ്ടാണ് വികസനപ്രവര്‍ത്തനം. അംഗങ്ങള്‍ വലിയ പ്രതീക്ഷകളുമായാണ് ചെല്ലുന്നതെങ്കിലും വികസനത്തിനു കാര്യമായ പണം ലഭിച്ചിരുന്നില്ല. പഞ്ചായത്ത് മെമ്പര്‍ക്ക് ഓണറേറിയം പന്ത്രണ്ടര രൂപയും പ്രസിഡന്റിന് ഇരുപത്തിയഞ്ച് രൂപയുമായിരുന്ന കാലം. അന്ന് മിനിമം ബസ് കൂലി 60 പൈസയാണ്. അതുവച്ചു കണക്കാക്കിയാല്‍പ്പോലും കിട്ടുന്ന പണം യാത്രക്കൂലിക്കു തികയില്ല. അങ്ങനെ വികസനത്തിന്റെ ദാരിദ്ര്യം നിലനിന്ന സാഹചര്യത്തിലേക്കാണ് ജനകീയാസൂത്രണ പദ്ധതി അവതരിപ്പിച്ചത്. ആദ്യമായി പ്ലാന്‍ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയത് കേരളത്തിലാണ്. 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം മാത്രമേ കൊടുത്തുള്ളൂ, പണം കൊടുത്തിരുന്നില്ല. കേരളം പണം കൊടുത്തു, അധികാരം വിനിയോഗിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.

വികസനത്തില്‍ ആള്‍ശേഷി പ്രധാന ഘടകമാണ്. അവരുടെ സന്നദ്ധത വന്‍തോതില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. വികസനത്തിനു പണം ഒരു പ്രേരണ മാത്രമായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം അതുവരെ രാജ്യത്തു നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ നാലിരട്ടിയും നാല്‍പ്പത് ഇരട്ടിയും വരെ നടത്തിയ പഞ്ചായത്തുകളുണ്ട്. ജനകീയാസൂത്രണ കാലത്തെ ജാഗ്രത തുടര്‍ന്നുണ്ടായില്ല. അതു തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍ വികസനത്തിലെ സുതാര്യത നഷ്ടപ്പെടുകയും പങ്കാളിത്ത വികസനത്തിലെ യഥാര്‍ത്ഥ ജനാധിപത്യ ഘടകം ഇല്ലാതാവുകയും ചെയ്യും.

'പുറത്താണെങ്കിലും ശുചീകരണത്തൊഴിലാളികള്‍ അകത്താണ്'

പി സുരേഷ്
(കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)

നഗരസഭകളിലെ ശുചീകരണത്തൊഴിലാളികളെ ഏകീകൃത സര്‍വ്വീസില്‍ ഉള്‍പ്പെടുത്തിയില്ല എന്ന വിമര്‍ശനമുണ്ടെങ്കിലും ഭാവിയില്‍ അവര്‍ക്കുവേണ്ടി പ്രത്യേക ചട്ടങ്ങള്‍ (സ്പെഷല്‍ റൂള്‍സ്) ഉണ്ടാക്കാനുള്ള നീക്കം ഇപ്പോള്‍ത്തന്നെ തുടങ്ങിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടു പ്രതിഷേധമൊന്നും നിലനില്‍ക്കുന്നില്ല. ''പുറത്താണെങ്കിലും അവര്‍ അകത്താണ്.'' അവര്‍ക്കു സ്ഥലംമാറ്റത്തിന് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരല്ല, പൊതുസര്‍വ്വീസിന്റെ ഭാഗവുമല്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാരാകാനുള്ള അവസരം നഷ്ടപ്പെടുന്നില്ല. പി.എസ്.സി വഴി നിയമിതരായ, സബോര്‍ഡിനേറ്റ് റൂള്‍സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല എന്നതാണ് വകുപ്പ് ഏകീകരണത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നം. പൊതുസര്‍വ്വീസ് തന്നെ വളരെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ കടന്നിട്ടാണ് വരുന്നത്. വളരെയധികം സമയമെടുത്തു മാത്രമേ പരിഹരിക്കാന്‍ പറ്റുകയുള്ളു. എങ്കിലും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട് പോവുക എന്ന സമീപനമാണ് സര്‍ക്കാരിന്റേത് എന്നാണ് മനസ്സിലാകുന്നത്.

നഗരസഭാ ജീവനക്കാര്‍ നേരത്തേ സര്‍ക്കാര്‍ ജീവനക്കാരായിരുന്നില്ല. നിയമഭേദഗതിയിലൂടെയും ചട്ടഭേദഗതിയിലൂടെയുമാണ് ഞങ്ങളെ സര്‍ക്കാര്‍ ജീവനക്കാരാക്കിയത്. അതില്‍നിന്നും പൂര്‍ണ്ണമായി വ്യത്യസ്തമാണ് ശുചീകരണത്തൊഴിലാളികളുടെ കാര്യം. അവരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാണ്, നിയമിക്കുന്നത് നഗരസഭയാണ്, പി.എസ്.സി നിയമനത്തിന്റെ സ്വഭാവമല്ല, എംപ്ലോയ്മെന്റ് ലിസ്റ്റില്‍നിന്നാണ് നിയമനം. അതിനനുസരിച്ച് നിയമനവ്യവസ്ഥയ്ക്കും സേവനവ്യവസ്ഥയ്ക്കും കുറേക്കൂടി കൃത്യത വരുത്തിയിട്ട് പൊതുസര്‍വ്വീസിലേക്കു കൊണ്ടുപോകാനായിരിക്കും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

വായിക്കാം ഈ റിപ്പോർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com